43M_യഹോവേ – ഞാന് നിന് റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു
ഉല്‍പത്തി 49. 17 ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.
18 യഹോവേ, ഞാൻ നിന്‍റെ രക്ഷയ്ക്കായി കാത്തിരിക്കുന്നു.
ഹിറ്റ്‌ലറുടെ നേതൃത്വത്തിൽ രണ്ടാം ലോകമഹായുദ്ധത്തിൽ നാസികൾ പരാജയപ്പെട്ടതിനെത്തുടർന്ന് സർ കോൺറാഡ് അഡനോവർ ജർമ്മനിയുടെ ചാൻസലറായി തിരഞ്ഞെടുക്കപ്പെട്ടു. യുദ്ധാനന്തരം എല്ലാരീതിയിലും തകർന്നടിഞ്ഞ ജർമ്മനിയെ പുനർനിർമ്മിക്കാൻ ദൈവവിശ്വാസിയായ അദ്ദേഹം വളരെയധികം പരിശ്രമിച്ചു. ലോകപ്രശസ്ത സുവിശേഷകനായ ബില്ലി ഗ്രഹാം ഒരിക്കല്‍ ജർമ്മനിയിലെ കൊളോണിലുള്ള അദ്ദേഹത്തിൻ്റെ ഓഫീസിൽ വെച്ച് കോൺറാഡ് അഡനൗറുമായി കൂടിക്കാഴ്ച നടത്തി. മീറ്റിംഗിൽ, കോൺറാഡ് അഡനോവർ ബില്ലി ഗ്രഹാമിനോട് യേശുക്രിസ്തു യഥാർത്ഥത്തിൽ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന് ചോദിച്ചു. ബില്ലി ഗ്രഹാം ഇങ്ങനെ മറുപടി നല്‍കി, “മിസ്റ്റർ. ചാൻസലർ, യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേറ്റുവെന്ന് ഞാൻ ശരിക്കും വിശ്വസിച്ചിരുന്നില്ലെങ്കിൽ, എനിക്ക് പ്രസംഗിക്കാൻ ഒരു സുവിശേഷവും ഉണ്ടാകുമായിരുന്നില്ല. എല്ലാ രീതിയിലും പരാജയപ്പെട്ട് തകര്‍ന്ന ഒരു രാജ്യത്തിന്‍റെ തലവനായ കോൺറാഡ് അഡനോവർ തന്നെ നോക്കി ഇങ്ങനെ പറഞ്ഞു, “മിസ്റ്റർ. ഗ്രഹാം, യേശുക്രിസ്തുവിൻ്റെ പുനരുത്ഥാനത്തിന് പുറത്ത്, മനുഷ്യവർഗത്തിന് മറ്റൊരു പ്രതീക്ഷയും ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല. തന്‍റെ മക്കളുടെ പരാജയങ്ങളാല്‍ നിറയപ്പെട്ട ഭാവി ഒരോന്നായി വിശ്വാസകണ്ണുകളാല്‍ താന്‍ കണ്ടപ്പോള്‍ യാക്കോബിന്ന് പ്രതീക്ഷയ്ക്ക് വക നല്‍കിയ ഏക വസ്തുത ദൈവത്തിന്‍റെ രക്ഷ ഒന്നു മാത്രമായിരുന്നു.
റാഹേലിൻ്റെ ദാസിയും യാക്കോബിൻ്റെ വെപ്പാട്ടിയുമായ ബിൽഹയിലൂടെ ജനിച്ച മകനായിരുന്നു ദാന്‍. അതുവരെ മച്ചിയായിരുന്നതിനാൽ, ബിൽഹായിലൂടെ ഒരു പുത്രനുണ്ടാകാൻ തൻ്റെ ദാസിയെ ഭർത്താവിന് നൽകണമെന്നത് റാഹേലിൻ്റെ ആശയമായിരുന്നു. “ദൈവം എനിക്കു ന്യായം നടത്തി എന്‍റെ അപേക്ഷ കേട്ട് എനിക്ക് ഒരു മകനെ തന്നു” എന്ന് റാഹേൽ പറഞ്ഞു. അതുകൊണ്ട് അവൾ അവനു “അവൻ വിധിച്ചു” എന്നർഥമുള്ള ദാൻ എന്നു പേരിട്ടു. ഈ കുഞ്ഞിൻ്റെ ജനനത്തോടെ മക്കളില്ലാത്തതിന്‍റെ കളങ്കം നീങ്ങി തനിക്ക് നീതി ലഭിച്ചതായി അവൾക്ക് തോന്നി.
ചരിത്രത്തില്‍ ദാൻ ഗോത്രം അവരുടെ ബുദ്ധികൊണ്ട് ജീവിക്കുകയും, ബലപ്രയോഗത്തിലൂടെയും കൗശലത്തിലൂടെയും അവർ ആഗ്രഹിച്ചത് നേടിയെടുക്കുകയും ചെയ്തതായി നമുക്ക് കാണാം. ന്യായാധിപന്മാർ 18:1-31 ദാന്‍ ഗോത്രത്തിലുള്ളവര്‍ വിഗ്രഹാരാധനയിൽ അകപ്പെട്ടതിൻ്റെ കഥ പറയുന്നുണ്ട്. സ്വന്തം ശക്തിയിലും ജ്ഞാനത്തിലും വിശ്വസിക്കുന്നവര്‍ എപ്പോഴും വിഗ്രഹാരാധനയുടെ കെണിയിൽ വീഴുവാനുള്ള സാധ്യതയുണ്ട്.
യിസ്രായേൽ വാഗ്ദത്ത ദേശത്ത് പ്രവേശിച്ചപ്പോൾ, ദാൻ ഗോത്രത്തിന് യഹൂദയ്ക്കും, എഫ്രയീമിനും മദ്ധ്യത്തില്‍ മഹാനദി തീരത്തോട് ചേർന്നുള്ള പ്രദേശങ്ങളാണ് കനാൻ ദേശത്തിന്‍റെ അവകാശമായി ലഭിച്ചത് (യോശുവ 19:40-48). പക്ഷേ അവിടെ സോര്‍ താഴ്‌വരയുടെയും എസ്തായോലിൻ്റെയും മേൽ മാത്രമാണ് അവർക്ക് നിയന്ത്രണം ലഭിച്ചത്. ഫെലിസ്ത്യർ അവിടെ താമസമാക്കിയത് കൊണ്ട് അവര്‍ക്ക് മറ്റൊരിടത്തും കാലുറപ്പിക്കാൻ കഴിഞ്ഞില്ല,. ഒരു ചെറിയ പ്രദേശത്ത് തിങ്ങിനിറഞ്ഞു പാര്‍ത്തിരുന്ന അവർ പുതിയ പ്രദേശങ്ങള്‍ കയ്യേറുവാനായി ഒറ്റുകാരെ അയക്കുക പതിവായിരുന്നു.
ഒടുവിൽ, അവർ കനാന്‍ ദേശത്തിന്‍റെ വടക്ക് സമാധാനപരമായി കഴിഞ്ഞിരുന്ന പട്ടണമായ ലായീശിനെ ഉന്മൂലനാശം ചെയ്തു. ഗോത്രം മുഴുവനും യോർദാൻ്റെ സ്രോതസ്സുകളോട് ചേർന്ന് വടക്കോട്ട് നീങ്ങി. അവർ നഗരത്തിന് ദാൻ എന്ന് പുനർനാമകരണം ചെയ്യുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തു. ഈ കുടിയേറ്റത്തിനിടയിൽ, അവർ എഫ്രയീമ്യനായ മീഖയുടെ വിഗ്രഹങ്ങൾ മോഷ്ടിക്കുകയും അവൻ്റെ ലേവ്യനായ പുരോഹിതനായ യോനാഥനെ തങ്ങളുടെ ഗോത്രപുരോഹിതനാക്കുവാൻ വശീകരിക്കുകയും ചെയ്തു.
ദാൻ്റെ പുത്രന്മാർ അവരുടെ ദേശത്ത് കൊത്തുപണി ചെയ്ത ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു; മനശ്ശെയുടെ മകനായ ഗെർശോമിൻ്റെ മകൻ യോനാഥാനും അവൻ്റെ പുത്രന്മാരും പ്രവാസത്തിൻ്റെ നാൾവരെ ദാന്‍ ഗോത്രത്തിൽ പുരോഹിതന്മാരായിരുന്നു. ന്യായാധിപന്മാർ 18:30
“ദാൻ ബാലസിംഹം ആകുന്നു; അവൻ ബാശാനിൽനിന്നു ചാടുന്നു.” എന്നാണ് മോശെയുടെ അനുഗ്രഹത്തിൽ ദാന്‍ ഗോത്രത്തെ വിശേഷിപ്പിച്ചത് (ആവർത്തനം 33:22). ഇത് ദാന്‍ ഗോത്രത്തിൻ്റെ വടക്കൻ കുടിയേറ്റത്തെയും, അവര്‍ ലയിഷ് പിടിച്ചടക്കിയതിനെയും സൂചിപ്പിക്കുന്നതായിരിക്കാം. ദാൻ ഗോത്രം പലപ്പോഴായി വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടതായി നാം കാണുന്നു. (ന്യായാധിപന്മാർ 18:30-31; 2 രാജാക്കന്മാർ 10:29). ഈ ഭീമമായ വീഴ്ചയുടെ കാരണം രണ്ടായിരുന്നു.
ആദ്യമായി, ദൈവം തന്‍റെ ജ്ഞാനത്തിലും, പരമാധികാരത്തിലും അനുവദിച്ച വിഹിതത്തിൽ അവർ അതൃപ്തരായിരുന്നു. ദൈവത്തിൻ്റെ നന്മയിലും സര്‍വ്വാധികാരത്തിലും അവർ വിശ്വസിച്ചില്ല. ദൈവിക ന്യായപ്രമാണത്തെ ധ്യാനിച്ചും, ഹൃദയത്തിലും ജീവിതത്തിലും പ്രാവർത്തികമാക്കിക്കൊണ്ട് വിശ്വാസത്തിലും അനുസരണത്തിലും ജീവിക്കുന്നതിൽ അവർ പരാജയപ്പെട്ടു. അതിനാൽ, ശത്രുക്കളെ കീഴടക്കുവാനുള്ള ദൈവിക ശക്തി അവർ ഒരിക്കലും അനുഭവിച്ചറിഞ്ഞില്ല. സമാധാനത്തോടെ ജീവിക്കാമെന്ന് ദൈവം വാഗ്ദത്തം ചെയ്ത ദേശം അവർ ഒരിക്കലും കീഴടക്കിയതുമില്ല.
ഇതിന്ന് വിപരീതമായി, യഹൂദാ ഗോത്രത്തിലെ കാലേബിൻ്റെയും കുടുംബത്തിൻ്റെയും വിജയം നാം കാണുന്നു. കൂട്ടായ്മ എന്നർത്ഥം വരുന്ന ഹെബ്രോന്‍ പർവതത്തെ സ്വന്തമായി അവകാശമാക്കുവാന്‍ അവർ ധൈര്യത്തോടെ അവിടെയുണ്ടായിരുന്ന അനാക്യ മല്ലന്മാരെ കീഴടക്കി. ഈ നഗരം പിന്നീട് ഒരു പുരോഹിത നഗരമായി മാറുകയായിരുന്നു. അത് ലേവ്യരായ പുരോഹിതന്മാരുടേതായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടു. അതൊരു സങ്കേതനഗരം കൂടിയായിരുന്നു.
അവരുടെ യഥാര്‍ത്ഥ മാനസാന്തരമില്ലായ്മയായിരുന്നു അവരുടെ പരാജയത്തിന്‍റെ രണ്ടാമത്തെ കാരണം. പുരോഗതിയില്ലായ്മയും, നിരാശയും അനുഭവിച്ചപ്പോൾ, തങ്ങളുടെ വഴികൾ പരിശോധിച്ച് ദൈവത്തിങ്കലേക്ക് മടങ്ങുവാൻ അവർ തയ്യാറായില്ല.
നമുക്ക് ഹൃദയത്തില്‍ അവിശ്വാസമുള്ളപ്പോള്‍ ദൈവിക ശിക്ഷണത്തിന്ന് വിധേയമായി മാനസാന്തരപ്പെടുക എന്നത് പ്രയാസമുള്ളതായിരിക്കും. ദൈവത്തിൻ്റെ നന്മ അങ്ങനെയുള്ളവരെ മാനസാന്തരത്തിലേക്ക് നയിക്കുകയില്ല.
തങ്ങളുടെ ജീവിതത്തിൽ ദൈവത്തിൻ്റെ വാഗ്‌ദത്ത നിവൃത്തി അർത്ഥപൂർണമായി പിന്തുടരുന്നതിൽ ദാന്‍ ഗോത്രം പരാജയപ്പെട്ടു. പകരം, ദൈവിക അധികാരത്തെയും രക്ഷിക്കാനുള്ള ശക്തിയെയും അവഗണിച്ചുകൊണ്ട് അവരുടെ സ്വന്തം ആഗ്രഹങ്ങള്‍ നേടിയെടുക്കുവാൻ കുറുക്കുവഴികൾ സ്വീകരിച്ചു. അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരും മനുഷ്യരോട് വഞ്ചകരും ആയിരുന്നു. മീഖയോടും ലായീഷിനോടും ഉള്ള അവരുടെ പെരുമാറ്റത്തിൽ നിന്ന് ഇതു നമുക്ക് മനസ്സിലാക്കാം.
ബിസി 722-ൽ അസീറിയൻ സാമ്രാജ്യം അവരെ പ്രവാസത്തിലേക്ക് കൊണ്ട് പോകു ന്നതുവരെ അവർ വിശ്വാസത്യാഗത്തിലും വിഗ്രഹാരാധനയിലും തുടർന്നതായി ചരിത്രത്തില്‍ നമുക്ക് കാണാവുന്നതാണ്. (1 രാജാക്കന്മാർ 12:28-30; 2 രാജാക്കന്മാർ 10:29).
ദൈവത്തിൻ്റെ ജനത്തെ ന്യായം വിധിക്കുവാൻ സഹായകമാകുന്ന കൃപാവരങ്ങള്‍ യാക്കോബ് ദാനിൽ കണ്ടു. എന്നിരുന്നാലും, ശലോമോനെപ്പോലെ, അവർ തങ്ങളുടെ സ്വാർത്ഥ ലക്ഷ്യങ്ങൾക്കും, അവിശ്വാസത്തിനും വഴങ്ങി ആ വരങ്ങള്‍ അലക്ഷ്യമാക്കിക്കളഞ്ഞു. ശമുവേലിനെപ്പോലെ തങ്ങളുടെ ജനത്തെ അനീതിയിൽനിന്നും ശക്തരായ ശത്രുക്കളിൽനിന്നും വിടുവിച്ച ആദരണീയരായ ന്യായാധിപന്മാരാകുവാൻ അവർക്ക് കഴിയുമായിരുന്നു. പകരം, അവർ ജനങ്ങളെ വഴിതെറ്റിക്കുകയും, തങ്ങളെത്തന്നെ അടിമത്തത്തിലേക്കും പ്രവാസത്തിലേക്കും കൊണ്ടെത്തിക്കുകയും ചെയ്തു.
കുതിരയുടെ കുതികാൽ കടിക്കുന്ന സർപ്പത്തെപ്പോലെയാണ് ദാൻ എന്നാണ് യാക്കോബ് അവരെ വിശേഷിപ്പിക്കുന്നത്. പാമ്പ് കുതിരമേലിരിക്കുന്നവനെ പരോക്ഷമായാണ് ആക്രമിക്കുന്നത്. കുതികാൽ കടിക്കുന്നത് കുതിരയെ ഞെട്ടിക്കുകയും അത് വീഴാൻ ഇടയാക്കുകയും ചെയ്യും. ഇത് പുറത്തുകയറിയവനെ അസ്ഥിരനാക്കുകയും, താഴെ വീഴിക്കുകയും ചെയ്യുന്നു. ദാന്‍ ഗോത്രത്തിൻ്റെ വിഗ്രഹാരാധന അവനെ അജ്ഞാനിയാക്കുകയും, ഏദനിലെ സർപ്പത്തിൻ്റെ ദുഷ്ട തന്ത്രങ്ങള്‍ മാത്രം അവനില്‍ അവശേഷിപ്പുകയും ചെയ്തു. യാക്കോബിന്‍റെ ലേഖനത്തില്‍ മാനുഷിക ജ്ഞാനത്തെക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. അത് ഭൗമികവും, പ്രാകൃതവും, പൈശാചികവുമാണ്, ഇത് കലഹത്തിലേക്കും അസൂയയിലേക്കും ആശയക്കുഴപ്പത്തിലേക്കും എല്ലാ ദുഷ്പ്രവൃത്തിയിലേക്കും നമ്മെ നയിക്കുന്നതായാണ് . ഇത് ദാൻ ഗോത്രത്തിന്‍റെ ജീവചരിത്രവുമായി വളരെയധികം യോജിക്കുന്നതായി നമുക്ക് കാണാം.
യാക്കോബ് 3.17 എന്നാല്‍ ഉയരത്തിൽനിന്നുള്ള ജ്ഞാനമോ ഒന്നാമതു നിർമ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സൽഫലവും നിറഞ്ഞതും പക്ഷപാതവും കപടവും ഇല്ലാത്തതുമാകുന്നു. മൂർച്ചയുള്ള വിവാദത്തിനും സ്വയം ഇച്ഛയ്ക്കും പകരമായി സമാധാനവും ദൈവഭക്തിയുമാണ് യഥാർത്ഥ ജ്ഞാനിയുടെ അടയാളം. ജ്ഞാനിയായ മനുഷ്യൻ സൗമ്യനാണ്, മൂർച്ചയുള്ള വാക്കുകളേക്കാൾ തൻ്റെ സൌമ്യമായ പെരുമാറ്റം അവനെ സംരക്ഷിക്കുന്ന പരിചയായി അവന്‍ കാണുന്നു.
“കർത്താവേ, നിന്‍റെ രക്ഷയ്‌ക്കായി ഞാൻ കാത്തിരിക്കുന്നു” എന്ന പ്രാർത്ഥനയോടെയാണ് ദാനെക്കുറിച്ചുള്ള യാക്കോബിൻ്റെ വാക്കുകൾ അവസാനിക്കുന്നത്. ബൈബിളിൽ രക്ഷ എന്ന പദം നാം ആദ്യമായി കാണുന്നത് ഇവിടെയാണ്. യാക്കോബ് തൻ്റെ മകൻ്റെ ഭാവി തന്‍റെ വിശ്വാസകണ്ണുകള്‍ കൊണ്ട് കണ്ടെങ്കിലും, അതില്‍ പ്രതീക്ഷ നല്കുന്ന കാര്യങ്ങള്‍ തനിക്ക് ദര്‍ശിക്കുവാന്‍ സാധിച്ചില്ല. സ്വന്തം ജീവിതത്തിൽ നിന്ന് തന്ത്രങ്ങളുടെയും വഞ്ചനയുടെയും നിരർത്ഥകത അദ്ദേഹം നന്നായി മനസ്സിലാക്കിയിരിക്കണം. കൗശലത്തിനോ, മനുഷ്യശക്തിക്കോ ശാശ്വതമായ ഫലം നൽകാൻ കഴിയില്ലെന്ന് അനുഭവത്തില്‍ നിന്ന് അവനറിയാമായിരുന്നു. ഈ ഘട്ടത്തിൽ, അവൻ ഈ പ്രാർത്ഥന ഉച്ചരിക്കുകയാണ്.
സ്വയം ഇച്ഛാശക്തി, സൂക്ഷ്മമായ ആത്മീയ കെണികൾ, വിഗ്രഹാരാധന എന്നിവയിലൂടെ ദാൻ തന്നെയും തൻ്റെ ജനത്തെയും ഭാവിയില്‍ വലിയ ദുരിതത്തിലേക്ക് നയിക്കുമെങ്കിലും, യാക്കോബ് ദൈവത്തിൻ്റെ രക്ഷയ്ക്കായി വിശ്വാസത്തിൽ മുന്നോട്ട് നോക്കി. “യഹോവ രക്ഷിക്കുന്നു” എന്നർഥമുള്ള മിശിഹയായ യേശു സർപ്പത്തിൻ്റെ തല തകർക്കുമെന്ന് ഹവ്വയോടുള്ള വാഗ്ദത്തം അവൻ ഓർത്തിരിക്കണം. “അവൻ തന്‍റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേർ ഇടേണം” എന്ന ഗബ്രിയേല്‍ ദൂതന്‍റെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. തൻ്റെ ജനത്തിന്ന് അവരുടേതായ ബലഹീനതയും പാപവും ഉണ്ടെങ്കിലും ദൈവത്തിന്‍റെ രക്ഷയുടെ വാഗ്ദത്തം നിറവേറ്റപ്പെടുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചു.
ദാൻ ഗോത്രത്തിലെ ഏറ്റവും അറിയപ്പെടുന്ന ന്യായാധിപനായ ശിംശോന്‍ 20 വർഷത്തോളം ഇസ്രായേലിനെ ന്യായം വിധിക്കുകയും പ്രതിരോധിക്കുകയും ചെയ്തു. എന്നാൽ ഈ ഹ്രസ്വകാല വിജയത്തെക്കുറിച്ചല്ല യാക്കോബ് ഇവിടെ പരാമർശിക്കുത്. മറിച്ച്, എല്ലാ മാനുഷിക സദ്ഗുണങ്ങളുടെയും തകർച്ചയ്ക്കിടയിലുള്ള അവൻ്റെ പ്രത്യാശ രക്ഷിക്കുന്ന യഹോവയിലായിരുന്നു. നമുക്ക് ഒരു രക്ഷകനുണ്ട്, അവൻ കർത്താവായ ക്രിസ്തുവാണ്. നമ്മിലോ മറ്റുള്ളവരിലോ ഉള്ള മാനുഷിക അപചയം നമ്മെ ദുഃഖിപ്പിച്ചേക്കാം. പക്ഷേ നമുക്ക് പ്രതീക്ഷയുണ്ട്. എബ്രാ 7.25 “അതുകൊണ്ടു താൻ മുഖാന്തരമായി ദൈവത്തോടു അടുക്കുന്നവർക്കു വേണ്ടി പക്ഷവാദം ചെയ്‍വാൻ സാദാ ജീവിക്കുന്നവനാകയാൽ അവരെ പൂർണ്ണമായി രക്ഷിപ്പാൻ അവൻ പ്രാപ്തനാകുന്നു.” അഹരോന്യ പൗരോഹിത്യത്തെ മൽക്കീസേദെക്കിൻ്റെ പുരോഹിതന്മാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഒന്ന് മറ്റൊന്നിൻ്റെ ഒരു പ്രതിരൂപം മാത്രമായിരുന്നു, മൽക്കീസേദെക്കിൻ്റെ പുരോഹിത്യം ഒരു സ്വർഗ്ഗീയ യാഥാർത്ഥ്യമായിരുന്നു. ഒന്ന് താൽക്കാലികമായിരുന്നു, മഹാപുരോഹിതൻ്റെ മരണം വരെ മാത്രം, മറ്റൊന്ന് ശാശ്വതവും, യഥാർത്ഥവുമായിരുന്നു, മദ്ധ്യസ്ഥതയുടെ കാലഘട്ടം “എല്ലായ്പ്പോഴും” ആയതിനാൽ “പൂര്‍ണ്ണമായി രക്ഷിക്കുവാന്‍” കഴിയും എന്നത് നമുക്ക് പ്രത്യാശയും, ഉറപ്പും നല്കുന്നതാണ്. ഈ വാക്യത്തില്‍ പൂര്‍ണ്ണമായും, “എല്ലായ്പ്പോഴും” എന്നീ രണ്ട് പദങ്ങൾക്ക് നമ്മുടെ ജീവതത്തില്‍ വലിയ പ്രാധാന്യമുണ്ട്.
ദൈവത്തിൻ്റെ നീതിക്ക് നമ്മുടെ പാപങ്ങളെ കരുണാപൂർവം എങ്ങനെ കാണുവാന്‍ കഴിയുമെന്ന സംശയങ്ങള്‍ക്കിടയിൽ, ഈ വാക്കുകള്‍ നമുക്ക് പ്രത്യാശ നല്കുന്നു. ജീവിതത്തിൽ ആവർത്തിച്ചുള്ള പരാജയങ്ങളാൽ നാം നിരാശരാകുമ്പോൾ, “അവൻ എപ്പോഴും മധ്യസ്ഥതയ്ക്കായി ജീവിക്കുന്നു” എന്ന് നമ്മെതന്നെ ഓർമ്മിപ്പിക്കേണ്ടതുണ്ട്. ഇത് നമുക്ക് പാപം ചെയ്യാനുള്ള ലൈസൻസല്ല, മറിച്ച് ദൈവത്തിന് ക്ഷമിക്കാൻ സാധിക്കാത്ത കഠിനമായ പാപമൊന്നുമില്ല എന്നുള്ള ഓർമ്മപ്പെടുത്തലാണ്. ആവർത്തിച്ചുള്ള പരാജയങ്ങൾക്കിടയിലും ഒരു ജീവിതവും ദൈവത്തിന്‍റെ വീണ്ടെടുപ്പിന്ന് അതീതമല്ല.
വിശ്വാസത്തിൻ്റെ കണ്ണുകളിലൂടെ ക്രിസ്തുവിലുള്ള ദൈവിക രക്ഷയെ കാണുന്നതിലൂടെയാണ് നമുക്കും ആത്മവിശ്വാസത്തോടെ മുന്നേറുവാൻ സാധിക്കുക. ദൈവജനം വിശ്വാസത്താല്‍ ജീവിക്കുന്നവരാണ്. അവർ തങ്ങളുടെ രക്ഷിതാവിനെ വിശ്വസിക്കുകയും അവൻ കൽപിക്കുന്നത് അനുസരിക്കുകയും ചെയ്യുന്നു. അവൻ പൂര്‍ണ്ണമായി നമ്മെ രക്ഷിക്കുന്നു എന്ന ഉറപ്പിൽ, അവനെ അനുസരിക്കുവാൻ നമുക്ക് ഒരു മടിയുമുണ്ടാകേണ്ടതില്ല. അവർക്കുവേണ്ടി മധ്യസ്ഥ്യം വഹിക്കുവാൻ താൻ സദാകാലവും ജീവിക്കുന്നു എന്ന ഈ ഉറപ്പിൽ നിന്ന് ലഭിക്കുന്ന സന്തോഷത്തിലും സമാധാനത്തിലും, ക്രിസ്തീയ ജീവതം താഴ്മയിലും, അനുസരണത്തിലും മുന്നോട്ട് നയിക്കുവാന്‍ വലിയവനായ ദൈവം നമ്മെ സഹായിക്കട്ടെ.


