LWGB Malayalam Podcast
LWGB Malayalam Podcast
Sep-01-53M-നമ്മുടെ ആശങ്കകൾ അനുസരണക്കേടിനുള്ള ന്യായീകരണമോ?
Loading
/

52M_നമ്മുടെ ആശങ്കകൾ അനുസരണക്കേടിനുള്ള ന്യായീകരണമോ?

പുറപ്പാട് 3.11-16 മോശെ ദൈവത്തോടു: ഫറവോന്‍റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
12 അതിന്നു അവൻ: ഞാൻ നിന്നോടുകൂടെ ഇരിക്കും; നീ ജനത്തെ മിസ്രയീമിൽനിന്നു കൂട്ടിക്കൊണ്ടു വരുമ്പോൾ നിങ്ങൾ ഈ പർവ്വതത്തിങ്കൽ ദൈവത്തെ ആരാധിക്കുമെന്നുള്ളതു ഞാൻ നിന്നെ അയച്ചതിന്നു അടയാളം ആകും എന്നു അരുളിച്ചെയ്തു.
13 മോശെ ദൈവത്തോടു: ഞാൻ യിസ്രായേൽമക്കളുടെ അടുക്കൽ ചെന്നു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവം എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു പറയുമ്പോൾ: അവന്‍റെ നാമം എന്തെന്നു അവർ എന്നോടു ചോദിച്ചാൽ ഞാൻ അവരോടു എന്തു പറയേണം എന്നു ചോദിച്ചു.
14 അതിന്നു ദൈവം മോശെയോടു: ഞാൻ ആകുന്നവൻ ഞാൻ ആകുന്നു; ഞാൻ ആകുന്നു എന്നുള്ളവൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നിങ്ങനെ നീ യിസ്രായേൽമക്കളോടു പറയേണം എന്നു കല്പിച്ചു.
15 ദൈവം പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തന്നാൽ: നീ യിസ്രായേൽമക്കളോടു ഇപ്രകാരം പറയേണം: അബ്രാഹാമിന്‍റെ ദൈവവും യിസ്ഹാക്കിന്‍റെ ദൈവവും യാക്കോബിന്‍റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇതു എന്നേക്കും എന്‍റെ നാമവും തലമുറ തലമുറയായി എന്‍റെ ജ്ഞാപകവും ആകുന്നു.
16 നീ ചെന്നു യിസ്രായേൽമൂപ്പന്മാരെ കൂട്ടി അവരോടു: അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായി, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എനിക്കു പ്രത്യക്ഷനായി കല്പിച്ചതു: ഞാൻ നിങ്ങളെയും മിസ്രയീമിൽ അവർ നിങ്ങളോടു ചെയ്യുന്നതിനെയും സന്ദർശിക്കുന്നു.

പുറപ്പാട് 4.10-17 മോശെ യഹോവയോടു: കർത്താവേ, മുമ്പേ തന്നെയും നീ അടിയനോടു സംസാരിച്ചശേഷവും ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു എന്നു പറഞ്ഞു.
11 അതിന്നു യഹോവ അവനോടു: മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ? ആകയാൽ നീ ചെല്ലുക;
12 ഞാൻ നിന്‍റെ വായോടുകൂടെ ഇരുന്നു നീ സംസാരിക്കേണ്ടതു നിനക്കു ഉപദേശിച്ചുതരും എന്നു അരുളിച്ചെയ്തു.
13 എന്നാൽ അവൻ: കർത്താവേ, നിനക്കു ബോധിച്ച മറ്റാരെയെങ്കിലും അയക്കേണമേ എന്നു പറഞ്ഞു..
14 അപ്പോൾ യഹോവയുടെ കോപം മോശെയുടെ നേരെ ജ്വലിച്ചു, അവൻ അരുളിച്ചെയ്തു: ലേവ്യനായ അഹരോൻ നിന്‍റെ സഹോദരനല്ലയോ? അവന്നു നല്ലവണ്ണം സംസാരിക്കാമെന്നു ഞാൻ അറിയുന്നു. അവൻ നിന്നെ എതിരേല്പാൻ പുറപ്പെട്ടുവരുന്നു; നിന്നെ കാണുമ്പോൾ അവൻ ഹൃദയത്തിൽ ആനന്ദിക്കും.
15 നീ അവനോടു സംസാരിച്ചു അവന്നു വാക്കു പറഞ്ഞു കൊടുക്കേണം. ഞാൻ നിന്‍റെ വായോടും അവന്‍റെ വായോടും കൂടെ ഇരിക്കും; നിങ്ങൾ ചെയ്യേണ്ടുന്നതു ഉപദേശിച്ചുതരും.
16 നിനക്കു പകരം അവൻ ജനത്തോടു സംസാരിക്കും; അവൻ നിനക്കു വായായിരിക്കും, നീ അവന്നു ദൈവവും ആയിരിക്കും.
17 അടയാളങ്ങൾ പ്രവർത്തിക്കേണ്ടതിന്നു ഈ വടിയും നിന്‍റെ കയ്യിൽ എടുത്തുകൊൾക.

ലൂക്കാസ് അദ്ധായം 14-ല്‍ കര്‍ത്താവു ഒരു ഉപമ പറയുന്നുണ്ട്. അതിൽ ഒരു രാജാവു നടത്തുന്ന വിവാഹവിരുന്നിന് പങ്കെടുക്കാൻ സാധിക്കാത്ത ക്ഷണിതാക്കള്‍ പറയുന്ന കാരണങ്ങളാണ് “വിവാഹം കഴിഞ്ഞതേയുള്ളൂ, അടുത്തയിടെ വാങ്ങിയ ഒരു വസ്തുവുണ്ട്, പുതിയ ഒരു ജോടി കാളയുണ്ട് എന്നിങ്ങനെ. ഇവർ പറയുന്ന മറുപടിയുടെ പൊതുസ്വഭാവം എന്താണ്? അവ ഓരോന്നും അവർ കല്യാണ വിരുന്ന് ഒഴിവാക്കുവാന്‍ പറയുന്ന ഒഴികഴിവുകൾ മാത്രമാണ്. ഇപ്രകാരമുള്ള ഒഴികഴിവുകൾ എല്ലാംതന്നെ അസ്ഥാനത്തായ മുന്‍ഗണനകളേയോ, അല്ലെങ്കില്‍ യഥാര്‍ത്ഥത്തില്‍ പ്രാധാന്യമുള്ള കാര്യങ്ങളെ സ്വീകരിക്കുവാനുള്ള വൈമനസ്യത്തെയോ ആകുന്നു വെളിപ്പെടുത്തുന്നത്..

ഒഴികഴിവുകളെ പ്രധാന പ്രമേയമാക്കുന്ന ഒരു സംഭവകഥയാണ് പുറപ്പാട് അദ്ധ്യായം 3 -ൽ നിന്നും നാം ഇന്ന് വായിച്ചുകേട്ടത്. ഈ അദ്ധ്യായത്തിൽ ദൈവം മോശയ്ക്ക് അഭിമുഖമായി ഒരു എരിയുന്ന മുൾപടർപ്പിൽ തന്നെത്തന്നെ വെളിപ്പെടുത്തികൊടുക്കുന്ന രംഗം നാം കാണുന്നു. ഇവിടെ ദൈവം തന്നെ മോശയ്ക്ക് പരിചയപ്പെടുത്തുന്നത് അവൻ അബ്രഹാമിന്‍റെയും, യിസഹാക്കിന്‍റെയും, യാക്കോബിന്‍റയും ദൈവമായി അനന്യനായ ദൈവം എന്ന നിലയിൽ ആണ്. ദൈവത്തിന്‍റെ ജനത്തെ മിസ്രയീമിലെ അടിമത്തത്തിൽ നിന്നും പുറപ്പെടുവിച്ചു കൊണ്ടുവരുവാനുള്ള നിയോഗം കൊടുത്തുകൊണ്ട് ദൈവം മോശയെ വിളിക്കുന്നു. എന്നാൽ മോശ തന്‍റെ വിമുഖതയും, ഭയവും മറയ്ക്കുവാന്‍ പല ഒഴികഴിവുകളാണ് ദൈവസന്നിധിയിൽ നിരത്തിവെക്കുന്നത്.

ദൈവം കൊടുത്ത ഈ ദൗത്യം മോശെയുടെ ജീവിതത്തിൽ പലവിധ ആശങ്കകൾ ഉയർത്തി. ആ വിളി ഏറ്റെടുക്കുവാന്‍ അവന്‍ അങ്ങേയറ്റം മടിച്ചു. തന്‍റെ അരക്ഷിതാബോധവും, സംശയങ്ങളും, വൈമനസ്യവും താന്‍ ദൈവത്തോട് ഉയര്‍ത്തിയ എതിർപ്പുകളില്‍ പ്രതിഫലിച്ചു. എന്നാൽ മോശയുടെ ഓരോ എതിർപ്പിനും ദൈവം നൽകിയ ഒരേഒരു മറുപടി ഇതായിരുന്നു: “ഞാൻ നിന്നോടുകൂടെ ഉണ്ടു.” മോശെ തന്‍റെ സ്വന്തം ദൗർബല്യത്തിലേക്കു ദൃഷ്ടി പതിപ്പിക്കാതെ, ദൈവത്തിന്‍റെ അപാരമായ പര്യാപ്തതയിൽ നിലകൊള്ളണം എന്നതായിരുന്നു അവനെക്കുറിച്ചുള്ള ദൈവഹിതം.

മോശെ ആദ്യമായി തന്‍റെ അയോഗ്യതയും, നിസ്സാരതയുമാണ് ഒഴിവ്കഴിവായി പറഞ്ഞത്. “ഫറവോന്‍റെ അടുക്കൽ ചെന്നു യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ ആർ?” എന്ന ചോദ്യം അവനുയര്‍ത്തി. നാല്പതു വർഷങ്ങൾക്കു മുമ്പ്, തന്‍റെ ജനത്തിൽപ്പെട്ട ഒരു എബ്രായ അടിമയെ സംരക്ഷിക്കുന്ന ദൗത്യനിടയിൽ അവന്‍ ഒരു മിസ്രയീമ്യനെ കൊലപ്പെടുത്തിയിരുന്നു. ആരും അറിയുകയില്ല എന്നു വിചാരിച്ച് അയാളെ മണലിൽ മറവുചെയ്യുകയും ചെയ്തു. എന്നാൽ പിറ്റേദിവസം, രണ്ടു എബ്രായർ തമ്മിലുണ്ടായ കലഹം പരിഹരിക്കുവാനുള്ള മോശയുടെ ശ്രമത്തെ ആ എബ്രായർ പരസ്യമായി നിരസിച്ചു. “നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ” എന്ന ചോദ്യത്തിനു മുന്നില്‍ അവനു ഉത്തരമില്ലായിരുന്നു.

മിസ്രയീമ്യന്‍റെ കൊലപാതകം പരസ്യമായെന്നു മോശ മനസ്സിലാക്കിയപ്പോൾ, അവൻ ഫറവോന്‍റെ ക്രോധം ഭയന്ന് മിസ്രയിമിൽ നിന്നും നാടുവിട്ടു. പിന്നീടുള്ള നാല്പതു വർഷം അവന്‍ മിദ്യാൻ മരുഭൂമിയിൽ ഒരാട്ടിടയനായി ജീവിക്കേണ്ടി വന്നു. ഈ സമയത്ത് അവൻ മിസ്രയീമിലെ രാജകൊട്ടാരത്തിൽനിന്നും, തന്‍റെ ജനത്തിന്‍റെ കഷ്ടതകളുടെ നേർക്കാഴ്ചകളിൽ നിന്നും ഒരുപോലെ അകലെയായിരുന്നു. തന്‍റെ സ്വന്തം കാഴ്ചയിൽ അവൻ നിസ്സാരനായിരുന്നു, എന്തെങ്കിലും അധികാരമോ, പദവിയോ അവന് ഉണ്ടായിരുന്നില്ല.

എന്നാല്‍ മോശയുമായി ദൈവം ഇടപെടുമ്പോൾ ദൈവം മോശെയുടെ ആത്മവിശ്വാസവും, ആത്മാഭിമാനവും ഉയര്‍ത്തുവാനല്ല ശ്രമിച്ചത്. മറിച്ച് “ഞാൻ നിന്നോടുകൂടെ ഉണ്ടു.”എന്നുള്ള വാഗ്ദത്തം മാത്രമായിരുന്നു ദൈവം അവനു നൽകുന്ന പ്രചോദനം. മോശയുടെ യോഗ്യതകളോ, കഴിവുകളോ, മുൻകാല വിജയങ്ങളോ അടിസ്ഥാനമാക്കി അല്ല ദൈവം അവനെ വിളിച്ചത്. മോശെയുടെ അധികാരതലം അവൻ ആരായിരുന്നു എന്നതിൽ നിന്നല്ല, പ്രത്യുത ദൈവം ആരാകുന്നു എന്നതിന്‍റെ അടിസ്ഥാനത്തില്‍ ആയിരുന്നു. അവന്‍റെ അധികാരം ദൈവത്തിന്‍റെ പ്രാപ്തിയില്‍ ഊന്നിയ ദൈവവിളിയിൽനിന്നും ഉടലെടുത്തതായിരുന്നു. ദൈവവിളിയോട് വേണ്ടുംവണ്ണം പ്രതികരിക്കുവാന്‍ കഴിയാതെ നാം നിസ്സാരരോ, അപര്യാപ്തരോ ആണെന്നുള്ള നിഗമനം എടുക്കുമ്പോൾ നമ്മുടെ വീക്ഷണം ശരിയായ ദിശയിലല്ല. നമ്മെ വിളിച്ചവനും നമ്മോടുകൂടെ ഇരിക്കുന്നവനുമായ ദൈവമാണ് നമ്മുടെ പ്രാപ്തി എന്നുള്ള ഉറപ്പാണ് നമ്മുടെ ബലം. ഫില 4.13ല്‍ എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു എന്ന് പൌലോസ് സാക്ഷ്യപ്പെടുത്തുന്നു.

മോശെ നേരിട്ട അടുത്ത വെല്ലുവിളി, തനിക്ക് പ്രത്യക്ഷപ്പെട്ട ദൈവത്തെ തന്‍റെ ജനത്തിനു എങ്ങനെ പരിചയപ്പെടുത്തും എന്നതായിരുന്നു. യിസ്രയേല്‍ മക്കള്‍ ദൈവത്തിന്‍റെ നാമം എന്തെന്നു ചോദിച്ചാൽ താൻ അവരോടു എന്തു പറയേണം എന്നു അവന്‍ ദൈവത്തോട് ചോദിച്ചു. അതിന്ന് ദൈവത്തിന്‍റെ മറുപടി ലളിതമെങ്കിലും അത്യന്തം ഗഹനമുള്ളതായിരുന്നു. “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു” എന്നായിരുന്നു ദൈവത്തിന്‍റെ മറുപടി. ഇരുന്നവനും, ഇരിക്കുന്നവനും, വരുന്നവനുമായ ദൈവം – നിത്യമായി വര്‍ത്തമാനകാലത്തില്‍ ഇരിക്കുന്നവന്‍ തന്നെ. ദൈവത്തിന്‍റെ നാമത്തെ സംബന്ധിച്ച ഈ പ്രയോഗം ദൈവത്തിന്‍റെ നിത്യവും, മാറ്റമില്ലാത്തതുമായ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്. അബ്രാഹാമിന്നു ദൈവം എങ്ങനെയുള്ളവനായിരുന്നുവോ, അങ്ങനെ തന്നേ അവൻ മോശെക്കും ആയിരിക്കും എന്നുള്ള നിലയിയിലായിരുന്നു ദൈവം തന്നെതന്നെ മോശെക്ക് പരിചയപ്പെടുത്തിയത്.

കർത്താവിന്‍റെ കരതലത്തെയും, പ്രകൃതത്തെയും വെളിപ്പെടുത്തുന്ന അവന്‍റെ നാമങ്ങൾ വിളിച്ചപേക്ഷിച്ച് ദൈവജനം എല്ലാകാലത്തും തങ്ങളുടെ വിശ്വാസം പ്രകടമാക്കിയിട്ടുണ്ട്. ദൈവം എന്‍റെ പരിപാലകന്‍ എന്നര്‍ത്ഥമുള്ള യഹോവ യിരെ, ദൈവം എന്‍റെ സമാധാനം എന്നര്‍ത്ഥമുള്ള യഹോവ ശാലോം എന്നിങ്ങനെ ദൈവത്തിന്‍റെ ഓരോ നാമവും അവൻ തന്‍റെ ജനത്തിനു ആരാകുന്നു എന്ന സത്യം വെളിപ്പെടുത്തുന്നു. ഏത് കാലഘട്ടത്തിലും, ഏത് സാഹചര്യത്തിലും, ഏത് ആവശ്യത്തിന്നും ദൈവം മതിയായവനാണെന്ന് അവന്‍റെ നാമം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ദൈവത്തെ മറ്റുള്ളവർക്ക് എങ്ങനെ പരിചയപ്പെടുത്തും എന്ന് നാം മോശെയെപ്പോലെ ആശങ്കപെടുന്നുവെങ്കില്‍, “ഞാൻ ആകുന്നവൻ” ആയ കാലാതീതനായ ദൈവമെന്നുള്ള നിലയില്‍ തന്നെയാണ് നാമും ദൈവത്തെ പരിചയപ്പെടുത്തേണ്ടത്.

വ്യക്തമായ മറുപടി ലഭിച്ചിട്ടും, ദൈവവിളിക്ക് തന്നെതന്നെ വിട്ടുകൊടുക്കുവാന്‍ മോശെയുടെ സംശയവിചാരങ്ങൾ അവനെ അനുവദിക്കുന്നതായി കാണുന്നില്ല. അവന്‍ പിന്നെയും, യിസ്രയേല്‍ മക്കള്‍ തന്നെ വിശ്വസിക്കാതെയും, തന്‍റെ വാക്കു കേൾക്കാതെയും ഇരുന്നാലോ എന്നു അവന്‍ ദൈവത്തോട് ചോദിച്ചു. അതിന്ന് ദൈവം: അവർ നിന്‍റെ വാക്കു കേൾക്കും എന്നു അവനോട് ഇടപെട്ട സമയത്തുതന്നെ നൽകിയ ഉറപ്പിനെ ഓർപ്പിച്ചുണർത്തി.

കൂടാതെ മോശയെ ഉറപ്പിക്കുവാൻ ദൈവം ഇത്തരുണത്തില്‍ അവനു മൂന്നു അത്ഭുത അടയാളങ്ങൾകൂടി നൽകി. അവന്‍റെ വടി സര്‍പ്പമായി തീര്‍ന്നു, പിന്നെ അത് തിരികെ വടിയായി മാറി. അവന്‍റെ കൈ കുഷ്ഠമുള്ളതായി തുടര്‍ന്നു സുഖപ്പെടുന്നു. നൈല്‍ നദിയിലെ ജലം രക്തമായി മാറുന്നു. പ്രകൃതിയുടെ മീതെയും, സകല ചരാചരങ്ങളിലും ദൈവത്തിന്‍റെ അത്ഭുതശക്തിയെ വെളിപ്പെടുത്തുന്നതായിരുന്നു ഈ അടയാളങ്ങൾ. യിസ്രായേൽമക്കള്‍ക്ക് ദൈവത്തെക്കുറിച്ച് ഒരു ബോധ്യം ഉണ്ടാകുവാൻ മാത്രമായിരുന്നില്ല ഈ അടയാളങ്ങൾ, മറിച്ച് ദൈവത്തിന്‍റെ പരമാധികാരത്തെക്കുറിച്ചുള്ള മോശെയുടെ വിശ്വാസം അരക്കിട്ട് ഉറപ്പിക്കുക എന്നതും ഇതിന്‍റെ ലക്ഷ്യമായിരുന്നു.

കർത്താവായ യേശുക്രിസ്തു തന്‍റെ പുനരുത്ഥാനശേഷം ശിഷ്യന്മാരെ വേലയ്ക്കായി പറഞ്ഞയച്ചപ്പോൾ, തന്‍റെ നാമത്തിൽ പാപമോചനം പ്രസംഗിക്കുവാനും, അടയാളങ്ങൾ പ്രവർത്തിക്കുവാനുമുള്ള അധികാരം അവർക്കു നൽകിയിരുന്നു. ഉയിർത്തെഴുന്നേറ്റ കർത്താവിൽനിന്നാണ് തങ്ങള്‍ ദൗത്യം പ്രാപിച്ചിരിക്കുന്നതെന്ന് ഈ അടയാളങ്ങൾ സാക്ഷ്യപ്പെടുത്തി. യേശുക്രിസ്തു ദൈവപുത്രനായി പുനരുത്ഥാനം ചെയ്തു എന്ന അവരുടെ സാക്ഷ്യത്തിനു അവര്‍ ചെയ്ത ഈ അടയാളങ്ങള്‍ വിശ്വാസ്യത പകർന്നു. ദൈവത്തിന്‍റെ വിളിയോടുകൂടെ എപ്പോഴും അതിനാവശ്യമായ ദൈവിക കരുതലുകളും ഉണ്ടാകും.

എന്നാൽ മോശെ ദൈവവിളി അനുസരിക്കുവാന്‍ അപ്പോഴും മടിച്ചുനിന്നു. “ ഞാൻ വാക്സാമർത്ഥ്യമുള്ളവനല്ല; ഞാൻ വിക്കനും തടിച്ചനാവുള്ളവനും ആകുന്നു” എന്നു അവന്‍ ഒഴിവ്കഴിവ് പറഞ്ഞു. തന്‍റെ ഈ കുറവ് തന്നെ ഏല്പിക്കുന്ന ദൗത്യം നിർവഹിക്കുന്നതിനു തടസ്സമാകുമോ എന്നു മോശെ ഭയപ്പെട്ടു. അതിനു മറുപടിയായി, മനുഷ്യന്നു വായും, വാക്കും കൊടുത്തത് താനാണെന്നു ദൈവം മോശെയെ ഓർമ്മിപ്പിച്ചു. ദൈവിക സന്ദേശം കൈമാറുന്നതിന്നുള്ള ഉചിതമായ വാക്കുകള്‍ മോശെക്ക് നല്‍കുവാന്‍ നിശ്ചയമായും ദൈവം മതിയാകുന്നവനായിരുന്നു.

ദൈവിക പദ്ധതികൾ നിർവ്വഹിക്കുവാൻ ദൈവം വിളിക്കുന്നവരെ അവൻ ഒരുക്കുകയും, അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നതായി നാം തിരുവെഴുത്തുകളിൽ ഉടനീളം കാണുന്നു. നോഹയോട് പെട്ടകം നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, അതിന്‍റെ രൂപകൽപ്പനയും, സാമഗ്രികളും മാത്രമല്ല അത് നിർമ്മിക്കാനുള്ള വൈദഗ്ധ്യവും ദൈവം അവനും അവന്‍റെ പുത്രന്മാർക്കും നൽകിയല്ലോ. അതുപോലെ തന്നെ, ദേവാലയത്തെക്കുറിച്ചുള്ള തന്‍റെ പദ്ധതി എപ്രകാരം എന്ന് ദൈവം ദാവീദിനു വെളിപ്പെടുത്തിക്കൊടുത്തു. പെന്തെക്കൊസ്ത് നാളിൽ ജനത്തോട് പ്രസംഗിക്കേണ്ടതിന്നു പത്രൊസിന് ദൈവം ധൈര്യവും, ജ്ഞാനവും നല്‍കി അവനെ പ്രാപ്തനാക്കി.

ഒടുവിലായി മോശെ തന്നെയേല്‍പിച്ച ദൌത്യത്തില്‍നിന്ന് ഒഴിയുവാന്‍ ഒരവസാന വട്ട ശ്രമംകൂടെ നടത്തി. “മറ്റാരെയെങ്കിലും അയക്കേണമേ” എന്നതായിരുന്നു ദൈവത്തോടുള്ള അവന്‍റെ അപേക്ഷ. അപ്പോള്‍ ദൈവത്തിന്‍റെ കോപം അവന്‍റെ നേരെ ജ്വലിച്ചു. ആ അപേക്ഷ തന്‍റെ ബലഹീനതയെക്കുറിച്ചുള്ള വിനയ ഭാവത്തില്‍നിന്നും ഉടലെടുത്തതായിരുന്നില്ല; പ്രത്യുത ദൈവവിളിയോടുള്ള തുറന്ന മറുതലിപ്പില്‍നിന്നായിരുന്നു. എങ്കിലും, അതിന്നും ദൈവം പരിഹാരം വരുത്തി. ഫറവോന്‍റെ മുമ്പാകെ മോശെയുടെ വക്താവായി ദൈവം അഹരോനെ നിയമിച്ചു. എന്നാല്‍ പിന്നീട് തിരുവെഴുത്തിലെ വിവരണം പരിശോധിക്കുമ്പോൾ, ഫറവോനോടു നേരിട്ടു സംസാരിച്ചതും, ജനത്തെ നയിച്ചതും മോശെ തന്നെയാണെന്നു കാണുവാൻ കഴിയും. ആത്യന്തികമായി, അവന്‍ തന്നെ ആ ദൗത്യം നിർവ്വഹിക്കുന്നതിനു സജ്ജനായി.

തിരുവെഴുത്തുകളില്‍ നാം കാണുന്ന അനേക ദൈവദാസന്മാരും തങ്ങളുടെ വിളിയുടെ ആരംഭത്തില്‍ ഇതുപോലെയുള്ള വിമുഖത പ്രകടിപ്പിച്ചവരാണ് . ഗിദെയോൻ, ബാരാക്ക്, യിരെമ്യാവു എന്നിവർ അതിന് ഉദാഹരണങ്ങളാകുന്നു. എന്നാൽ ഇപ്രകാരമുള്ള ഓരോ സന്ദർഭത്തിലും ദൈവത്തിന്‍റെ പ്രതികരണം ഞാൻ നിന്നോടുകൂടെ ഇരിക്കും എന്നുതന്നെയായിരുന്നു.

വിശ്വാസം എന്നതു ദൈവം ഉണ്ടെന്നു ഏറ്റുപറയുന്നതിൽ തീരുന്ന കാര്യമല്ല. ദൈവം തന്‍റെ വാഗ്ദത്തങ്ങൾ നിവർത്തിക്കുവാൻ ശക്തനാണെന്നു വിശ്വസിച്ചു അവന്‍റെ കരങ്ങളില്‍ നമ്മെത്തന്നേ ഭരമേല്പിക്കുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. ദൈവവിളി നമ്മുടെ പ്രാപ്തിയെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നും നേരെമറിച്ച് അത് ദൈവത്തിന്‍റെ കഴിവിലും, പ്രാപ്തിയിലും അടിസ്ഥാനമാക്കിയുള്ളതാണെന്നു തിരിച്ചറിയുന്നതാണ് വിശ്വാസത്തിന്‍റെ മൂല്യം. അപ്പൊസ്തലനായ പൗലൊസ് എഴുതിയിരിക്കുന്നതുപോലെ: “ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്‍റെ ദാനമത്രേ.” (2 കൊരി. 3:5)

മോശെയോടു ദൈവം കാണിച്ച ദീർഘക്ഷമയും, വിട്ടുവീഴ്ചയില്ലാത്ത സമീപനവും തന്നെയായിരിക്കും നമ്മുടെ സംശയങ്ങളോടും, ബലഹീനതകളോടും ദൈവം ഇടപെടുന്ന രീതി. നമ്മുടെ വിമുഖതയും, തടസ്സവാദങ്ങളും എത്ര തന്നെയായാലും നാം ദൈവവിളിക്കു കീഴടങ്ങുവാൻ ബാധ്യസ്ഥരാണെന്ന് മോശെയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. നമ്മെ ഉപയോഗിക്കുവാനുള്ള ദൈവത്തിന്‍റെ പദ്ധതിയെ സംശയിക്കുന്നതല്ല വിനയം. നാം നമ്മുടെ പോരായ്മകള്‍ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍, അത് ദൈവം നമ്മെ ഏല്‍പ്പിച്ച ശുശ്രൂഷയില്‍ നിന്നുള്ള നമ്മുടെ ഒളിച്ചോട്ടത്തിനുള്ള ഒരു മറയാണ്. എന്നാല്‍ ദൈവത്തിന്‍റെ മഹത്വം യെശയ്യാവു ദര്‍ശിച്ചപ്പോള്‍, തന്‍റെ കുറവിനെക്കുറിച്ചുള്ള ബോധ്യം തനിക്കു വന്നെങ്കിലും, അവന്‍ ദൈവവിളിയോട്, “ അടിയനിതാ, അടിയനെ അയക്കേണമേ” എന്നായിരുന്നു പ്രതികരിച്ചത്.

ദൈവം തന്‍റെ ശുശ്രൂഷയ്ക്ക് യോഗ്യരായവരെ വിളിക്കുകയല്ല പ്രത്യുത വിളിക്കുന്നവരെ അവന്‍ യോഗ്യരാക്കുകയാണ് ചെയ്യുന്നത്. ദൈവിക ഉദ്ദേശത്തിന്നായി കര്‍ത്താവ് നിങ്ങളെ വിളിക്കുന്നുവെങ്കില്‍, യാതോരു വിധ ഭയമോ, സംശയമോ നിങ്ങളെ പിന്തിരിപ്പിക്കരുത്. ഒരുവിധ ഒഴിവ്കഴിവുകളും അവന്‍റെ വിളിയെ നിരസിക്കുന്നതിന്ന് തടസ്സമാകരുത്. ദൈവത്തിന്‍റെ നാമം “ഞാൻ ആകുന്നവൻ” എന്നാകുന്നു; അവന്‍റെ സാന്നിദ്ധ്യം നമുക്കു സകലത്തിനും മതിയായതു ആകുന്നു. ആകയാൽ നമ്മുടെ ആശങ്കകൾ അനുസരണക്കേടിനുള്ള ന്യായീകരണമാക്കാതെ വിശ്വാസത്തോടും സന്തോഷത്തോടും കൂടെ, “അടിയൻ ഇതാ” എന്നു പറഞ്ഞു ദൈവവിളിയോട് പ്രതികരിക്കുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ.

ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ.