056M- ഏതു ശബ്ദത്തിന് നിങ്ങൾ ചെവി കൊടുക്കും?
പുറപ്പാട് 5:2: അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു.
പുറപ്പാട് 5:22,23: അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കർത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു? 23 ഞാൻ നിന്‍റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്‍റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു; നിന്‍റെ ജനത്തെ നീ വിടുവിച്ചതുമില്ല എന്നു പറഞ്ഞു.
പുറപ്പാട് 6:6-8: അതുകൊണ്ടു നീ യിസ്രായേൽ മക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ യഹോവ ആകുന്നു; ഞാൻ നിങ്ങളെ മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു ഉദ്ധരിച്ചു അവരുടെ അടിമനുകത്തിൽ നിന്നു നിങ്ങളെ വിടുവിക്കും; നീട്ടിയിരിക്കുന്ന ഭുജംകൊണ്ടും മഹാശിക്ഷാവിധികൾകൊണ്ടും നിങ്ങളെ വീണ്ടെടുക്കും. 7 ഞാൻ നിങ്ങളെ എനിക്കു ജനമാക്കിക്കൊൾകയും ഞാൻ നിങ്ങൾക്കു ദൈവമായിരിക്കയും ചെയ്യും. മിസ്രയീമ്യരുടെ ഊഴിയവേലയിൽനിന്നു നിങ്ങളെ ഉദ്ധരിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു എന്നു നിങ്ങൾ അറിയും. 8 ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും നല്‍കുമെന്നു സത്യംചെയ്ത ദേശത്തേക്കു നിങ്ങളെ കൊണ്ടുപോയി അതു നിങ്ങൾക്കു അവകാശമായി തരും.’
മദർ തെരേസ ഒരിക്കൽ ഇപ്രകാരം പറയുകയുണ്ടായി. “നിശബ്ദതയിൽ ചെവിയോര്‍ക്കുക. നിങ്ങളുടെ ഹൃദയം വിവിധ കാര്യങ്ങളാൽ ശബ്ദമുഖരിതമാകുമ്പോൾ, നിങ്ങള്‍ക്ക് ദൈവത്തിന്‍റെ ശബ്ദം കേൾക്കുവാന്‍ സാധിക്കുകയില്ല.” ഇത് കാലാതീതമായ ഒരു സത്യമാണ്. നാം ഏത് ശബ്ദത്തിന് ചെവി കൊടുക്കുന്നുവോ ആ ശബ്ദം നമ്മുടെ വിശ്വാസത്തെ രൂപപ്പെടുത്തുന്നു, നമ്മുടെ തീരുമാനങ്ങളെ നിർണ്ണയിക്കുന്നു. ആത്യന്തികമായി, നമ്മുടെ ജീവിതത്തിന്‍റെ ഗതിയെ തന്നെ നിയന്ത്രിക്കുന്നു.
ഈ ആത്മപാഠത്തിനുള്ള ഒരു ഉത്തമ ഉദാഹരണമാണ് ഇന്ന് നാം വായിച്ച വേദഭാഗം. പലവിധ ശബ്ദങ്ങളുടെ സ്വാധീനവലയിൽ അകപ്പെട്ടവനെപ്പോലെ നിൽക്കുന്ന ഒരു മോശെയെയാണ് നാം ഇവിടെ കാണുന്നത്. “മിസ്രയിമീലെ ഊഴിയവേലയിൽ നിന്നും ഞാൻ നിങ്ങളെ വിടുവിക്കും” എന്ന ദൈവത്തിൻ്റെ വാഗ്ദത്തിൻ്റെ ശബ്ദം മോശയുടെ ഒരു ചെവിയിൽ മുഴങ്ങുമ്പോൾ “ഞാൻ യിസ്രായേലിനെ വിട്ടയക്കില്ല” എന്നുള്ള ഫറവോന്‍റെ ധിക്കാരത്തിന്‍റെ ശബ്ദം അവൻ്റെ മറുചെവിയിൽ മുഴങ്ങുന്നു. ഇതിൻ്റെ നടുവിൽ മോശെയുടെ ഉള്ളില്‍ നിന്നും പൊങ്ങിവരുന്ന നിരാശയുടെ ശബ്ദമാണ്: “ദൈവമേ, നീ എന്നെ അയച്ചതു എന്തിന്നു; ഞാൻ ഫറവോന്‍റെ അടുക്കൽ ചെന്ന് നിന്‍റെ നാമത്തിൽ സംസാരിച്ചതു മുതൽ, ഈ ജനത്തിന്‍റെ അവസ്ഥ കൂടുതൽ വഷളായല്ലോ.”
ഈ വിധ മൂന്നു ശബ്ദങ്ങളും നമ്മുടെയും ജീവിതാനുഭവങ്ങളുടെ നേർസത്യങ്ങളാണ്. ലോകം മുന്നോട്ടുവെക്കുന്ന എതിർപ്പിൻ്റെ ശബ്ദം ഒരു വശത്തും, ദൈവം നൽകുന്ന ഉറപ്പിൻ്റെ ശബ്ദം മറുവശത്തും, അതിനിടയിൽ നമ്മുടെ തന്നെ ഉള്ളിൽ നിന്നും ഉയർന്നുവരുന്ന സംശയത്തിന്‍റെയും ആശങ്കയുടെയും ശബ്ദം നാം കേൾക്കുന്നു. ഇവയില്‍ ഏത് ശബ്ദത്തിന് നാം ചെവി കൊടുക്കും എന്നുള്ളത് സങ്കീർണ്ണമായ ഒരു പ്രശ്നമാണ്.
ആദ്യമായി ഫറവോനിൽ നിന്നും പുറപ്പെടുന്ന ശബ്ദം എപ്രകാരമുള്ളത് എന്ന് നമുക്ക് ഒന്ന് പരിശോധിക്കാം. “ഞാൻ നിങ്ങളെ വിടില്ല” എന്ന ഫറവോന്‍റെ ശബ്ദം മത്സരത്തിന്‍റെയും എതിര്‍പ്പിന്‍റെയും ശബ്ദമാണ്. അത് ദൈവഹിതത്തിനും ദൈവീക പദ്ധതിക്കും ഘടകവിരുദ്ധമാണ്. നമ്മുടെ ജീവിതത്തില്‍ ഈ ശബ്ദം ചിലപ്പോൾ നമ്മുടെ സുഹൃത്തുക്കളിൽ നിന്നു വന്നേക്കാം; ചിലപ്പോൾ ശത്രുക്കളിൽ നിന്നാവാം; ചിലപ്പോൾ അധികാരത്തിലിരിക്കുന്നവരിൽ നിന്നുമാകാം. ഏതായാലും അതിന്‍റെ ലക്ഷ്യം ഒന്നേ ഉള്ളൂ — നമ്മെ വിരട്ടി, ഭയം കുത്തിവെച്ച്, ദൈവഹിതം ചെയ്യുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുക. എന്നാല്‍ ഇത്തരം ശബ്ദത്തെ നാം കാലേകൂട്ടി പ്രതീക്ഷിച്ചാൽ നിരാശപ്പെട്ടുപോകേണ്ടിവരില്ല. “ലോകത്തിൽ നിങ്ങൾക്ക് കഷ്ടമുണ്ടാകും.” എന്നു കർത്താവ് തന്നെ നമ്മോട് മുൻകൂട്ടി പറഞ്ഞിട്ടുണ്ടല്ലോ. ദൈവത്തോട് മറുതലിക്കുന്ന ഈ ലോകം, ദൈവഹിതം ചെയ്യാൻ നമ്മെ പ്രോത്സാഹിപ്പിക്കുമെന്ന് നാം പ്രതീക്ഷിക്കരുത്.
അടുത്തതായി നാം കേള്‍ക്കുന്നത് നമ്മുടെ തന്നെ ശബ്ദമാണ്. അത് ആത്മസംശയത്തിന്‍റെ ശബ്ദമാണ്. നമ്മുടെ പ്രയത്നങ്ങൾ മൂലം കാര്യങ്ങള്‍ വഷളായിത്തീരുമ്പോള്‍ മോശെയെപ്പോലെ നാമും വളരെ പെട്ടെന്നു നിരാശപ്പെട്ടുപോകും. മോശെ സ്വയം പരിതപിക്കുന്നത് ശ്രദ്ധിക്കുക: “നീ എന്നെ അയച്ചതു എന്തിന്നു? ഞാൻ നിന്‍റെ നാമത്തിൽ സംസാരിപ്പാൻ ഫറവോന്‍റെ അടുക്കൽ ചെന്നതുമുതൽ അവൻ ഈ ജനത്തോടു ദോഷം ചെയ്തിരിക്കുന്നു.” നമ്മുടെ പരിമിതികളിലും, പ്രയത്നങ്ങളുടെ നിഷ്ഫലതയിലും ശ്രദ്ധയൂന്നുമ്പോൾ നാം നിരാശപ്പെട്ട് ദൈവീക വാഗ്ദത്തങ്ങളെ ചോദ്യം ചെയ്യുവാൻ പ്രേരിതരാകും. “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളതു.” എന്ന് യിരെമ്യാവ് 17:9 നമ്മെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ ജഡമനസ്സിൽ നിന്നുയരുന്ന സംശയത്തിൻ്റെ ശബ്ദം നമ്മെ നിരാശയിലേയ്ക്കു നയിക്കുകയും നമ്മുടെ വിശ്വാസത്തെ തളര്‍ത്തിക്കളയുകയും ചെയ്യും.
എന്നാൽ മോശെ ഫറവോന്‍റെ എതിര്‍പ്പിന്‍റെയും തന്‍റെ നിരാശയുടെയും ശബ്ദത്തിന് ചെവികൊടുത്തില്ല. അവന്‍ ദൈവത്തിന്‍റെ മാറ്റമില്ലാത്ത ശബ്ദം കേട്ടനുസരിക്കുന്നത് തിരഞ്ഞെടുത്തു. പ്രതിസന്ധിഘട്ടത്തില്‍ കുലുങ്ങാതെ നിൽക്കുന്ന ദൈവ ശബ്ദത്തിന് അവന്‍ ചെവി കൊടുത്തു. ദൈവത്തിന്‍റെ വാക്കുകൾ പ്രത്യാശയുടെയും ഉറപ്പിന്‍റെയും ദീപസ്തംഭമാണ്. “ഞാൻ യഹോവയാകുന്നു” എന്നു പറഞ്ഞുകൊണ്ട് ദൈവം താന്‍ ആരെന്ന് മോശെയെ ഓർമ്മിപ്പിക്കുന്നത് നാം ഇവിടെ കാണുന്നു. “ആകുന്നവൻ” എന്നർത്ഥമുള്ള ദൈവത്തിന്‍റെ ഈ നാമം, ദൈവം നിത്യനും അനന്യനുമായി, ഇരുന്നവനും, ഇരിക്കുന്നവനും, എന്നെന്നേയ്ക്കും ഇരിക്കാന്‍ പോകുന്നവനുമായ “ഞാൻ ആകുന്നു” എന്ന നിത്യസത്യം ഉറക്കെ പ്രഖ്യാപിക്കുന്നു.
ദൈവം മോശെയ്ക്ക് നൽകുന്ന സന്ദേശത്തിൽ താൻ വിളിച്ചുപറയുന്ന ചില സത്യങ്ങളുണ്ട്: അതിൽ ഒന്നാമത്തെ കാര്യം: അവന്‍ ഭൂതകാലത്തിന്‍റെ ദൈവം എന്നുള്ളതാണ്. “കനാൻ ദേശം അവർക്കു നൽകുമെന്ന് ഞാൻ അവരോട് ഉടമ്പടി ചെയ്തു” എന്ന് അവന്‍ പ്രഖ്യാപിക്കുന്നുണ്ടല്ലോ. ഈ പ്രസ്താവന യിസ്രായേല്‍ മക്കളുടെ പിതാക്കന്മാരായ അബ്രാഹാമിനും, യിസഹാക്കിനും, യാക്കോബിനും ദൈവം കാലങ്ങള്‍ക്ക് മുന്‍പ് നൽകിയ വാഗ്ദത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ക്ഷാമ കാലത്ത് തന്‍റെ ജനമായ യിസ്രയേല്‍മക്കളെ പരിപാലിച്ചതും, ശത്രുക്കളിൽ നിന്ന് അവരെ വിടുവിച്ചതും, അപ്രകാരം തൻ്റെ ഉടമ്പടി വിശ്വസ്തതയോടെ പാലിച്ചു വന്നതിനെ കുറിച്ച് ദൈവം മോശെയെ ഓർമ്മിപ്പിക്കുന്നു. ദൈവത്തിന്‍റെ വിശ്വസ്തതയെ പിന്നോട്ടു തിരിഞ്ഞുനോക്കുകയാണെങ്കിൽ മുന്നോട്ടും അവനിൽ ആശ്രയിക്കുവാനുള്ള ഉറപ്പും പ്രചോദനവും നമുക്ക് ലഭിക്കും.
ഈ സന്ദേശത്തിൽ രണ്ടാമതായി നാം കാണുന്നത്: അവന്‍ വർത്തമാനകാലത്തിന്‍റെ ദൈവം എന്നതാണ്. “മിസ്രയീമ്യർ അടിമകളാക്കിയിരിക്കുന്ന യിസ്രായേൽമക്കളുടെ ഞരക്കം ഞാൻ കേട്ടു എന്‍റെ നിയമം ഓർത്തുമിരിക്കുന്നു” എന്ന് അവന്‍ പറയുന്നു. തന്‍റെ ജനം അനുഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് അവന്‍ പൂർണ്ണമായും ബോധവാനാണ്. അല്ലാതെ, ദൈവം ദൂരസ്ഥനോ ഒന്നും അറിയാത്ത ഒരു കാഴ്ച്ചക്കാരനോ അല്ല. പുറപ്പാടു 3:7 -ല്‍ അവന്‍ മോശെയോട് പറയുന്നു, “മിസ്രയീമിലുള്ള എന്‍റെ ജനത്തിന്‍റെ കഷ്ടത ഞാൻ കണ്ടു കണ്ടു… ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.” യെശയ്യാവ് 63:9ൽ “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു” എന്നു പറഞ്ഞുകൊണ്ട് ഈ അനുഭവത്തെ ആവർത്തിച്ചു വ്യക്തമാക്കിയിരിക്കുന്നു, തൻ്റെ ജനം വേദനിക്കുന്ന ഈ വർത്തമാന കാലത്തിൽ ദൈവം അവർക്ക് ആശ്വാസവും ഉറപ്പും നല്‍കിക്കൊണ്ട് അവരോടൊപ്പമുണ്ട്.
അവസാനമായി ഈ സന്ദേശത്തിലൂടെ ദൈവം മോശയോട് പറയുന്നത്, അവന്‍ ഭാവികാലത്തിന്‍റെ ദൈവം എന്നാണ്: പുറപ്പാട് 6:6-8-ൽ ദൈവം ചെയ്യും എന്നു പറയുന്ന ഏഴ് വാഗ്ദത്തങ്ങൾ ദൈവം നൽകുന്നു:
· “ഞാൻ നിങ്ങളെ പുറപ്പെടുവിക്കും.” ദൈവത്തെ വിശ്വസ്തയോടെ സേവിക്കുന്നതിൽ നമ്മെ തടയുന്ന ശക്തികളിൽ നിന്നും, തിന്മയുടെ എല്ലാ ബാഹ്യശക്തികളിൽ നിന്നും ദൈവം നമുക്ക് വിടുതൽ വാഗ്ദത്തം ചെയ്യുന്നു.
· “ഞാൻ നിങ്ങളെ അവരുടെ ബന്ധനത്തിൽനിന്നു വിടുവിക്കും.” ബാഹ്യശക്തികളുടെ അടിമത്തത്തിൽ നിന്ന് അവർ സ്വതന്ത്രരാകുമെന്ന് അവൻ അവർക്ക് ഉറപ്പുനൽകുന്നു.
· “ഞാൻ നിങ്ങളെ വീണ്ടെടുക്കും.” തനിക്ക് സ്വന്തമായി അവകാശപ്പെട്ട തൻ്റെ ജനം എന്ന നിലയിൽ അവൻ തന്‍റെ ജനത്തെ വീണ്ടെടുക്കുമെന്ന് ഈ വാഗ്ദത്തത്തിലൂടെ ദൈവം അവകാശവാദം നടത്തുന്നു.
· “ഞാൻ നിങ്ങളെ എന്‍റെ ജനമായി സ്വീകരിക്കും.” അവരുടെ ദൈവം എന്ന നിലയിൽ തന്നെതന്നെ ബന്ധിപ്പിച്ചുകൊണ്ട് ദൈവം അവരുമായുള്ള തന്‍റെ ഉടമ്പടി ബന്ധം വീണ്ടും ഉറപ്പിക്കുന്നു.
· “ഞാൻ നിങ്ങളുടെ ദൈവമായിരിക്കും.” അവൻ തന്‍റെ സാന്നിധ്യം, കരുതൽ, സംരക്ഷണം, മാർഗ്ഗനിർദ്ദേശം എന്നിവ വാഗ്ദാനം ചെയ്യുന്നു.
· “ഞാൻ നിങ്ങളെ ദേശത്തേക്ക് കൊണ്ടുവരും.” ദൈവം അവർക്കായി ഒരുക്കിയ അവകാശ നാട്ടിലേയ്ക്ക് അവൻ അവരെ നയിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു.
· “ഞാൻ അത് നിങ്ങൾക്ക് അവകാശമായി നൽകും.” കനാൻ ദേശം ദൈവം അവര്‍ക്ക് നല്‍കുന്ന ദാനമാണ്. അതവര്‍ സ്വന്തശക്തികൊണ്ട് നേടുന്നതല്ല, മറിച്ച് ദൈവത്തില്‍ നിന്നു സ്വീകരിക്കുന്ന ദാനമാണ്.
മേല്‍പ്പറഞ്ഞ വാഗ്ദത്തങ്ങൾ ഭൂത, വർത്തമാന, ഭാവി കാലങ്ങളിലേയ്ക്കുള്ള ദൈവീക പദ്ധതിയുടെ പൂർണ്ണതയെ വെളിപ്പെടുത്തുന്നു. താന്‍ വാക്കുമാറാത്ത ദൈവമാകയാല്‍ യിസ്രായേല്‍ മക്കള്‍ തന്‍റെ നിര്‍ദേശങ്ങള്‍ അനുസരിച്ച്, തന്‍റെ കരുതലില്‍ വിശ്വസിച്ച്, തന്‍റെ കല്‍പ്പനപ്രകാരം പ്രവർത്തിച്ചുകൊണ്ട് തങ്ങളുടെ ജീവിതത്തിലെ ഏത് പ്രതികൂല സാഹചര്യങ്ങളിലും തന്നിൽ തന്നെ ആശ്രയിക്കണം എന്നു ദൈവം ആഗ്രഹിച്ചു.
ഇത് നമ്മുടെ കാര്യത്തിലും അന്വർത്ഥമാണ്. നമ്മൾ ആരാകുന്നു എന്നും നമ്മുടെ ജീവിതയാത്രയുടെ ലക്ഷ്യസ്ഥാനം ഏതാകുന്നു എന്നും നിർണ്ണയിക്കുന്നത് ദൈവത്തിന്‍റെ വാഗ്ദത്തളാണ്. ആകയാൽ നാം മറ്റുള്ളവരുടെ ശബ്ദങ്ങളല്ല, മോശെയെപ്പോലെ ദൈവശബ്ദം കേട്ടനുസരിക്കുന്നത് തിരഞ്ഞെടുക്കണം. ലൂക്കോസ് 8:15 -ല്‍ കർത്താവ് പഠിപ്പിച്ച വിതക്കുന്നവന്‍റെ ഉപമയിലെ നല്ല മണ്ണുപോലെ നമുക്ക് വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തിൽ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവരാകാം. ദൈവവചനം വേരൂന്നുന്ന നിലയിൽ ഈ നല്ലമണ്ണിൽ കൃഷിക്കായി നമ്മുടെ ഹൃദയങ്ങളെ വെടിപ്പാക്കാം, നമ്മെ അലസോരപ്പെടുത്തുന്ന ഭയം, സംശയം, ആകുല ചിന്തകൾ എന്നിവ എല്ലാം നാം നീക്കം ചെയ്യണം.
ദൈവത്തിന്‍റെ വാഗ്ദത്തങ്ങൾ യിസ്രായേല്‍ മക്കളെ അറിയിക്കുവാൻ മോശെ പ്രയാസപ്പെടുന്നതിനെ കുറിച്ച് പുറപ്പാട് 6:9 –ല്‍ നാം വായിക്കുന്നുണ്ട്: “മോശെ ഇങ്ങനെ തന്നേ യിസ്രായേൽമക്കളോടു പറഞ്ഞു: എന്നാൽ അവർ മനോവ്യസനംകൊണ്ടും കഠിനമായ അടിമവേലകൊണ്ടും മോശെയുടെ വാക്കു കേട്ടില്ല.” നാം പാപത്തിനും ഭയത്തിനും സംശയത്തിനും കീഴ്പ്പെടുമ്പോള്‍ ദൈവശബ്ദം വിശ്വസിക്കാന്‍ പ്രയാസപ്പെടും. നമ്മുടെ സാഹചര്യത്തിനുപരി ദൈവീക വാഗ്ദത്തങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് നാം സ്വാതന്ത്ര്യം അനുഭവിക്കുന്നത്.
നമ്മെ സ്വാധീനിക്കുവാൻ നാം അനുവദിക്കുന്ന ശബ്ദങ്ങളേതെന്ന് നാം പരിശോധിക്കണം. ദൈവീക സത്യത്തെ എതിർക്കുന്ന ലോകത്തിന്‍റെ ശബ്ദത്തിനാണോ നമ്മൾ ചെവി കൊടുക്കുന്നത്? അതല്ലെങ്കിൽ നമ്മെ വഴിതെറ്റിക്കാൻ പര്യാപ്തമായ സ്വന്ത വിവേകത്തിലോ നാം ആശ്രയിക്കുന്നത്? അതിനുപകരം പ്രത്യാശയും മാര്‍ഗ്ഗനിര്‍ദേശവും ബലവും നൽകുന്ന ദൈവത്തിന്‍റെ ശബ്ദത്തിലാണ് നമ്മൾ ഹൃദയം ചായ്ക്കേണ്ടത്.
തന്‍റെ വാഗ്ദത്തങ്ങളിൽ വിശ്രമിക്കുവാനും തന്‍റെ വിശ്വസ്തതയിൽ ആശ്രയിക്കുവാനും ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. യിസ്രായേല്‍ മക്കളെപ്പോലെ, പാത അനിശ്ചിതമായിരിക്കുമ്പോൾ പോലും നാം അനുസരണയോടെ മുന്നോട്ട് ചുവടുകള്‍ വയ്ക്കണം. അവൻ ശക്തിയും വിജയവും നൽകുമെന്ന് വിശ്വസിച്ചുകൊണ്ട് നാം അവന്‍റെ കൽപ്പനകളും നിർദ്ദേശങ്ങളും അനുസരിക്കണം. നമ്മിൽ ഒരു നല്ല പ്രവൃത്തി ആരംഭിച്ചവൻ അത് പൂർത്തീകരിക്കുമെന്ന ധൈര്യത്തോടെ അവൻ നമുക്കായി ഒരുക്കിയിരിക്കുന്ന അവകാശത്തിൽ നമ്മുടെ ദൃഷ്ടികൾ ഉറപ്പിക്കണം (ഫിലിപ്പിയർ 1:6).
ആകയാൽ, ഇന്ന് നിങ്ങൾ ഏത് ശബ്ദത്തിന് ചെവി കൊടുക്കും? “ഞാൻ വിടില്ല” എന്നു ആക്രോശിക്കുന്ന ലോകത്തിന്‍റെ എതിര്‍പ്പിന്‍റെ ശബ്ദത്തിനോ, “ഞാന്‍ കഴിവില്ലാത്തവനാണ്” എന്ന നിങ്ങളുടെതന്നെ സംശയങ്ങളുടെ ശബ്ദത്തിനോ, അതോ “ഞാൻ അത് ചെയ്യും” എന്ന ദൈവത്തിന്‍റെ മാറ്റമില്ലാത്ത വാഗ്ദത്തങ്ങളുടെ ശബ്ദത്തിനോ? ദൈവത്തോട് മറുതലിക്കുന്ന ശബ്ദത്തെയും, ആത്മസംശയത്തിന്‍റെ ശബ്ദത്തെയും നമുക്ക് നിശ്ശബ്ദമാക്കാം. മഹത്വവാനായ ‘ഞാന്‍ ആകുന്നവന്‍റെ’ ശബ്ദത്തിനായി നമ്മുടെ ഹൃദയങ്ങളെയും കാതുകളെയും ചായ്ക്കാം. കാരണം അവന്‍റെ വചനം മാത്രമാണ് നമ്മുടെ കാലുകൾക്ക് ദീപവും പാതയ്ക്ക് പ്രകാശവും ആയിരിക്കുന്നത്.
ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


