ദൈവഹിതത്തില്‍ നമ്മെ ഏല്‍പ്പിച്ച ശുഷ്രൂഷ നയിക്കുക
പുറപ്പാട് 4:18-20 പിന്നെ മോശെ തന്‍റെ അമ്മായപ്പനായ യിത്രോവിന്‍റെ അടുക്കൽ ചെന്നു അവനോടു: ഞാൻ പുറപ്പെട്ടു, മിസ്രയീമിലെ എന്‍റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു, അവർ ജീവനോടിരിക്കുന്നുവോ എന്നു നോക്കട്ടെ എന്നു പറഞ്ഞു. യിത്രോ മോശെയോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. 19 യഹോവ മിദ്യാനിൽവെച്ചു മോശെയോടു: മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി എന്നു അരുളിച്ചെയ്തു. 20 അങ്ങനെ മോശെ തന്‍റെ ഭാര്യയെയും പുത്രന്മാരെയും കൂട്ടി കഴുതപ്പുറത്തുകയറ്റി മിസ്രയിംദേശത്തേക്കു മടങ്ങി; ദൈവത്തിന്‍റെ വടിയും മോശെ കയ്യിൽ എടുത്തു.
ഒരിക്കൽ ഒരു വ്യക്തി ഇപ്രകാരം പറയുകയുണ്ടായി, “ദൈവം വാതിൽ അടയ്ക്കുമ്പോൾ, ജനാലയിലൂടെ അകത്തു കടക്കുവാൻ ശ്രമിക്കരുത്. ദൈവകൃപയ്ക്ക് സൂക്ഷിക്കുവാൻ കഴിയാത്ത ഇടത്തേക്ക് ദൈവഹിതം ഒരിക്കലും നിങ്ങളെ നയിക്കില്ല.” നാം വെക്കുന്ന ഓരോ കാൽചുവടും ദൈവിക നടത്തിപ്പിലും കൃപയിലും ആശ്രയിച്ചായിരിക്കണം എന്ന ദൈവീകസത്യം ഈ വാക്കുകളിൽ അടങ്ങിയിട്ടുണ്ട്. വിശ്വാസ യാത്രയുടെ സവിശേഷമായ ഈ സത്യം തിരുവെഴുത്തുകളിൽ ആവർത്തിച്ചും, ഊന്നിയും പറയപ്പെടുന്നു. ദൈവഹിതത്തിലും, ദൈവകൃപയിലും ആശ്രയിച്ചു പോകുന്ന ഈ യാത്ര എളുപ്പമുള്ളതല്ല, എങ്കിലും ലക്ഷ്യം ലാക്കാക്കിയുള്ളതും അതിൻ്റെ ആത്യന്തിക ലക്ഷ്യസ്ഥാനം ദൈവിക പദ്ധതിയുടെ സഫലീകരണവുമാണ്.
ദൈവീകമായ ഈ തത്വത്തിന് ഒരു ഉത്തമ ദൃഷ്ടാന്തമാണ് പുറപ്പാടു 4:18-20 വരെയുള്ള വാക്യങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന മോശെയുടെ യാത്ര. തൻ്റെ യാത്രയുടെ തുടക്കത്തിൽ മോശെ ദൈവത്തിൻ്റെ ആഹ്വാനത്തിനു വിമുഖതയും, എതിർപ്പും പ്രകടിപ്പിച്ചു എങ്കിലും ഒടുവിൽ താന്‍ വഴങ്ങി വിശ്വസത്തോടും വിനയത്തോടും കൂടെ തന്നെ ഏൽപ്പിച്ച ദൗത്യയാത്ര തുടങ്ങി. തന്നെ ഒരിക്കൽ ഏൽപ്പിച്ചുകൊടുത്തോ, പിന്നെ ഒരു തിരിഞ്ഞുനോട്ടം അവൻ്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. യഥാർത്ഥമായ വിശ്വാസം പ്രകടമാകേണ്ടത് വാക്കുകളിൽ അല്ല; മറിച്ച് പ്രവൃത്തിയിലും അനുസരണത്തിലും ആണ്.
മോശെ ദൈവഹിതപ്രകാരമായ തൻ്റെ ഈ ദൗത്യയാത്ര ആരംഭിക്കുന്നത് എപ്രകാരമാണെന്ന് നമുക്ക് നോക്കാം. താൻ മിസ്രയീമിലേക്കു മടങ്ങിപ്പോകുവാൻ ആഗ്രഹിക്കുന്നു എന്ന് തൻ്റെ അമ്മായപ്പനായ യിത്രോവിനെ അറിയിച്ചുകൊണ്ടായിരുന്നു മോശെ തൻ്റെ ആദ്യ ചുവടുവെച്ചത്. ഇവിടെ ശ്രദ്ധേയമായ ഒരു കാര്യം, തൻ്റെ ദൈവിക ദൗത്യത്തെക്കുറിച്ചു മോശെ വിശദമായി യിത്രോവിനോട് ഒന്നും പറഞ്ഞില്ല എന്നതാണ്. മോശയ്ക്ക് യഹോവയുമായി ഉണ്ടായിരുന്ന ആത്മീക അടുപ്പം ഒരു മിദ്യാന്യ പുരോഹിതനായ യിത്രോക്കില്ലായിരുന്നല്ലോ. ദൈവിക പദ്ധതികൾ പൂർണ്ണമായി മനസ്സിലാക്കാത്തവരോടും, അംഗീകരിക്കാത്തവരോടും അവയെ പങ്കുവെക്കണോ എന്ന കാര്യത്തിൽ നാം വിശേഷാൽ പരിജ്ഞാനം ഉള്ളവരായിരിക്കണം എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. നമ്മുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയരുതെന്ന നമ്മുടെ കര്‍ത്താവിൻ്റെ മുന്നറിയിപ്പ് (മത്തായി 7:6) നമ്മുടെ വിശ്വാസചുവടുകളും അവയുടെ ലക്ഷ്യങ്ങളും മറ്റുള്ളവരോട് സംസാരിക്കുന്നതിൽ നമ്മൾ വളരെ സൂക്ഷിക്കണം എന്ന സത്യത്തെ കാലഭേദമെന്യേ വിളിച്ചറിക്കുന്നു.
ദൈവമക്കൾ തീരുമാനമെടുക്കുമ്പോൾ “നീ എന്ത് കണ്ടിട്ടാ ഈ പുറപ്പാട്?” എന്ന് സർവ്വസാധാരണമായി കേൾക്കുന്ന ഒരു ചോദ്യമാണ്. മോശെയുടെ യാത്രയ്ക്കായി അവന്‍ ദൈവത്തെ അനുസരിച്ചത് ഭാവികാര്യങ്ങളെപ്പറ്റിയുള്ള പൂർണ്ണ വ്യക്തത ലഭിച്ചശേഷമായിരുന്നല്ല. “മിസ്രയീമിലേക്കു മടങ്ങിപ്പോക; നിനക്കു ജീവഹാനി വരുത്തുവാൻ നോക്കിയവർ എല്ലാവരും മരിച്ചുപോയി” (പുറ. 4:19) എന്ന് ദൈവം അവന് ഉറപ്പ് നൽകി. എന്നാൽ ഈ ഉറപ്പ് മോശെയുടെ യാത്രയ്ക്കു മുമ്പല്ല, ആരംഭിച്ചതിനുശേഷമായിരിക്കാം ലഭിച്ചത് എന്നത് ശ്രദ്ദേയമാണ്. നമുക്ക് മുമ്പിലുള്ള സകല പ്രതിബന്ധങ്ങളും, തടസ്സങ്ങളും നീക്കുന്നതിനു മുൻപ് തന്നേ, വിശ്വാസത്തിൽ ഒരു ചുവട് വെക്കുവാൻ ദൈവം പലപ്പോഴും നമ്മോട് ആവശ്യപ്പെട്ടേക്കാം. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ദൈവത്തിൻ്റെ പരമാധികാരത്തെ ചോദ്യംചെയ്യാതെ അവനിൽ നമുക്ക് ആശ്രയിക്കാവുന്നതാണ്. ഈ മാതൃക തിരുവെഴുത്തിലുടനീളം നമുക്ക് കാണുവാൻ സാധിക്കും. എവിടേക്കാണ് പോകുന്നത് എന്നറിയാതെ അബ്രഹാം തൻ്റെ സ്വദേശമായ ഊർ വിട്ടുവല്ലോ. വെള്ളത്തിൻ മീതെ നടക്കുവാൻ പത്രൊസ് തൻ്റെ തോണി വിട്ട് ഇറങ്ങുന്നുവല്ലോ. ഈ അനുസരണത്തിൻ്റെതായ യാത്രകൾ ഭാവികാലത്തിൻ്റെ വിശദമായ ഒരു രൂപരേഖ കയ്യിൽ വെച്ചുകൊണ്ടായിരുന്നില്ല അവർ തുടങ്ങിയത്, പ്രത്യുത വിശ്വാസത്തിൻ്റെ ഒരു ചുവടുവെപ്പിൽ നിന്നായിരുന്നു.
ദൈവയിഷ്ടം ചെയ്യാൻ ഇറങ്ങുമ്പോൾ “നിൻ്റെ കയ്യിൽ എന്ത് ഉണ്ട്? എന്ന ചോദ്യവും സർവ്വസാധാരണമാണ്. മോശെ മിസ്രയീമിലേക്ക് പുറപ്പെടുമ്പോൾ, അവൻ്റെ കയ്യിൽ എന്താണ് ഉണ്ടായിരുന്നത്? “ദൈവത്തിൻ്റെ വടി” എന്ന നിലയിൽ പിൽക്കാലത്ത് അറിയപ്പെട്ട ഒരു വടി മാത്രം എടുത്തായിരുന്നു താൻ പോയത് എന്നത് ഈ വിവരണത്തിൽ കുറികൊള്ളേണ്ട പ്രധാന വിശദാംശമാണ്. ഒരുകാലത്തു ആടുകളെ മേയ്ക്കുവാൻ ഉപയോഗിച്ച ഒരു സാധാരണ വടി, എന്നാൽ ദൈവത്തിൻ്റെ സർവ്വാധികാരത്തിൽ അത് ദിവ്യശക്തി പ്രവഹിക്കുന്ന ഒരു ചാലകമായി മാറി. നമ്മുടെ കഴിവും, പ്രാപ്തിയും ആത്മീയതലത്തിൽ ആയുധമാക്കുവാൻ നമുക്ക് സാധിക്കയില്ല. എന്നാൽ നമുക്കുഉള്ളതിനെ ദൈവം ഉപയോഗിക്കുവാൻ തിരഞ്ഞെടുത്താൽ അതിൻ്റെ ആത്യന്തിക ഫലം അസാധാരണമായിരിക്കും. ആടുകളെ മേയ്ക്കുവാൻ ഉപയോഗിച്ചിരുന്ന മോശെയുടെ വടി, ചെങ്കടലിനെ വിഭജിക്കുന്നതിന്നായും, പാറയിൽ നിന്ന് വെള്ളം പുറപ്പെടുവിക്കുന്നതിന്നായും, ഒരു ജനതയെ വിടുവിക്കുന്നതിനായും ദൈവം ഉപയോഗിച്ചു. നമ്മുടെ താലന്തുകൾ, താൽപ്പര്യങ്ങൾ, ആസ്തികൾ, കഴിവുകൾ, അല്ലെങ്കിൽ കരുണയുടെ ഒരു എളിയ പ്രവൃത്തി — എന്നിങ്ങനെ നമുക്കുള്ള സകലവും ദൈവഹിതത്തിന് സമർപ്പിക്കേണ്ടതാകുന്നു. തൻ്റെ ഹിതപ്രകാരം അവ തൻ്റെ മഹത്വത്തിനായി എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്നുള്ളത് ദൈവത്തിൻ്റെ വിശേഷാധികാരത്തിൽ പെട്ട കാര്യമാണ്.
മോശെയുടെ ഈ യാത്രയില്‍ അവന് നേരിടാനിരിക്കുന്ന പരുപരുത്ത യാഥാർഥ്യം ദൈവം മുൻകൂട്ടി കൃപയാല്‍ അവനെ ബോധ്യപ്പെടുന്നതായി ഈ വാക്യങ്ങളിൽ നാം കാണുന്നു. മോശെ ചെയ്യുന്ന അത്ഭുതങ്ങൾ കണ്ട് ഫറവോൻ അതിനോട് അനുകൂലമായി പ്രതികരിക്കുകയില്ലെന്ന് ദൈവം അവന്ന് മുന്നറിയിപ്പ് നൽകി. ജനത്തെ വിട്ടയക്കാതിരിപ്പാൻ ഫറവോൻ തൻ്റെ ഹൃദയത്തെ കഠിനമാക്കും എന്ന് ദൈവം അവനോട് മുമ്പ് കൂട്ടി അരുളിച്ചെയ്തു. യെശയ്യാവ്, യിരെമ്യാവ്, യേഹെസ്ക്കേൽ തുടങ്ങിയ പ്രവാചകന്മാർക്കുള്ള ദൈവിക നിയോഗത്തിലും ഇതേ കാര്യങ്ങള്‍ തന്നെ നമുക്ക് കാണുവാൻ കഴിയും. തങ്ങളുടെ സന്ദേശം പലപ്പോഴും അവഗണിക്കപ്പെടുമെന്ന് അവർക്ക് മുൻകൂട്ടി അറിവുകിട്ടി. എന്നിട്ടും ദൈവിക സത്യങ്ങള്‍ വിശ്വസ്തയോടെ സാക്ഷീകരിച്ച്, ദൈവ വിളിക്ക് അവർ അനുസരണമുള്ളവരായി ഉറച്ചുനിന്നു. ഇന്നു ക്രിസ്തുവിൻ്റെ സന്ദേശം പലരും നിരസിക്കുന്നുണ്ടെങ്കിലും, “ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാൻ അവൻ ഇച്ഛിക്കുന്നു” (2 പത്രൊ. 3:9) എന്ന ദൈവീക ആഗ്രഹത്തില്‍ ജീവിക്കുവാനും, ആ ദൈവിക സത്യം പ്രഘോഷിക്കുവാനും തൻ്റെ ജനത്തെ ഇന്നും ദൈവം വിളിക്കുന്നു.
മോശെയുടെ പുറപ്പാടിന് ഒരു ആത്മീകമായ തയ്യാറെടുപ്പ് ആവശ്യമായിരുന്നു. ദൈവം മോശെക്ക് നല്‍കിയ നിർദ്ദേശങ്ങള്‍ അവനില്‍ ദീർഘക്ഷമ, സ്ഥിരചിത്തത, ദൈവ ശക്തിയിലുള്ള ആശ്രയം എന്നിങ്ങനെയുള്ള ഗുണങ്ങള്‍ പഠിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടെ ആയിരുന്നു. ദൈവം മോശെയെ ഏല്‍പ്പിച്ച ദൗത്യം തന്‍റെ കഴിവിനെ ആസ്പതമാക്കി ചെയ്യേണ്ട ഒരു കാര്യമായിരുന്നില്ല; പ്രത്യുത ദൈവം നല്‍കുന്ന അധികാരത്തില്‍ ആശ്രയിച്ചുള്ളതായിരുന്നു. ദൈവജനമായ നാം നമ്മുടെ വിജയത്തിന്‍റെ മാനദണ്ഡം അളക്കേണ്ടത് മാനുഷീകമായ കാര്യപ്രാപ്തിയെ ആശ്രയിച്ചല്ല, ദൈവ വിളിയോടുള്ള നമ്മുടെ വിശ്വസ്തതകൊണ്ടായിരിക്കണം.
എന്നാൽ മോശെയുടെ മിസ്രയീമിലേക്കുള്ള യാത്രാമദ്ധ്യേ താനൊരു കടുത്ത ആത്മീക പ്രതിസന്ധിയിലൂടെ കടന്നുപോകേണ്ടിവന്നു. തൻ്റെ മകനെ പരിഛേദന ചെയ്യുന്നതിൽ താന്‍ വരുത്തിയ വീഴ്ച മൂലം ദൈവം മോശെയെ കര്‍ശനമായി എതിരിടുന്ന ഒരു സംഭവം നാം വായിക്കുന്നു. അബ്രാഹാമിനോടു ദൈവം സ്ഥാപിച്ച ഉടമ്പടിയുടെയും, യിസ്രായേല്‍മക്കളോടുള്ള ദൈവീക ബന്ധത്തിൻ്റെ അടയാളവുമാണല്ലോ പരിഛേദന. തൻ്റെ ജനമായ യിസ്രായോല്‍മക്കളെ നടത്തുവാൻ തിരഞ്ഞെടുക്കപ്പെട്ട മോശെ എന്ന ഈ നേതാവ്, സ്വഭവനത്തിൽ തൻ്റെ മകനോടുള്ള ബന്ധത്തില്‍ ദൈവം നല്‍കിയ ഈ കല്‍പന അനുസരിക്കുന്നതിൽ ഉദാസീനത കാണിച്ചു. ഇത് ദൈവ സന്നിധിയില്‍ ഗൌരവമുള്ള വിഷയമായിരുന്നു. ഒരുപക്ഷേ അത് തന്‍റെ ജനമായ യിസ്രയേല്‍മക്കളില്‍ നിന്നകന്നുള്ള പ്രവാസം മൂലമോ, മിദ്യാന്യയായ ഭാര്യ സിപ്പോറയുടെ സ്വാധീനം മൂലമോ ആകാം സംഭവിച്ചത്. ഏതു കാരണമായിരുന്നാലും ശരി, തന്‍റെ പിതാക്കന്മാരുടെ ദൈവത്തെ കണ്ടുമുട്ടിയ ശേഷവും, ദൈവവും തന്‍റെ ജനവുമായുള്ള ഉടമ്പടി ഇന്നും പ്രാബല്യത്തിലുണ്ടെന്ന് തിരിച്ചറിഞ്ഞ ശേഷവും, മോശെയുടെ ഈ വീഴ്ച താൻ എത്രയും വേഗം പരിഹരിക്കേണ്ടിയിരുന്നു. ഈ ഉദാസീനത മുലം തന്‍റെ ജീവൻ പോലും മോശെ അപകടത്തിലാക്കി.
യിസ്രായേലിനെ നയിക്കുവാന്‍ തിരഞ്ഞെടുക്കപ്പെട്ടവനല്ലേ, എന്ന വിചാരിച്ച് മോശെയുടെ അനുസരണക്കേടിന് നേരെ ദൈവം കണ്ണടച്ചില്ല. ദൈവം കരുണാസമ്പന്നനാണെങ്കിലും, നമ്മുടെ ബോധപൂർവ്വകമായ അനുസരണക്കേടിന് അതിൻ്റേതായ ഭവിഷ്യത്തുണ്ടാകും. ദൈവം മോശെയെ കൊല്ലുവാൻ എതിരിട്ടതിൻ്റെ കാരണം തൻ്റെ ഭാര്യയായ സിപ്പോറ എങ്ങനെയോ മനസ്സിലാക്കി. തന്‍റെ ഭർത്താവിന്‍റെ ജീവൻ രക്ഷിക്കുവാനായി അവൾ ഉടൻ തന്നെ അവരുടെ മകനെ പരിച്ഛേദന ചെയ്തത് സാഹചര്യത്തിന്‍റെ സമ്മർദ്ദവും, ഗൗരവവും എത്രമാത്രം വലിയതാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. മോശെ മുന്നമേ ഈ ദൈവീക കല്‍പ്പന അനുസരിച്ചിരുന്നെങ്കിൽ നിശ്ചയമായും ഈ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു.
ദൈവ കൽപ്പനകൾ നം കരുതികൂട്ടി ലംഘിക്കുകയാണെങ്കില്‍, ദൈവം അതിനെ ലഘുവായി കാണും എന്ന് നാം കരുതരുത്. തുടർമാനമായി ദൈവത്തെ അനുസരിച്ച് നാം നടക്കുന്നതില്‍ നിന്നാണ് നമ്മുടെ ജീവിത സാക്ഷ്യത്തിന് പ്രാഗല്ഭ്യം ഉണ്ടാകുന്നത്. മോശെയെപ്പോലെ നാമും, ദൈവം നല്‍കുന്ന ശിക്ഷണങ്ങളില്‍ കൂടി കടന്നു പോകേണ്ടി വന്നേക്കാം. അതിൻ്റെ ഉദ്ദേശം ദൈവവും നാമും തമ്മിലുള്ള ബന്ധത്തിൻ്റെ പ്രാധാന്യം നാം ഗൌരവത്തോടെ മനസ്സിലാക്കി നമ്മുടെ മുൻഗണനകൾ ദൈവ ഹിതത്തോടു ഒത്തിണക്കി ജീവിക്കേണം എന്നുള്ളതാണ്.
തന്‍റെ യാത്രയില്‍ അനുസരണക്കേട് നിമിത്തം ഈ പ്രതിസന്ധി കടന്നു വന്നു എങ്കിലും, ഏതു സാഹചര്യത്തെയും അതിജീവിക്കുന്ന ദൈവ കൃപ തന്നെ നിലനിര്‍ത്തി. മോശെ തൻ്റെ ദൗത്യവുമായി മുന്നോട്ട് പോയി. ദൈവത്തിന്‍റെ പർവ്വതമായ ഹോരേബില്‍ വെച്ച് അഹരോനെ കണ്ടുമുട്ടിയത് മോശെക്ക് അത്യന്തം ആശ്വാസവും, പ്രോത്സാഹനവും നല്‍കുന്ന ദൈവകൃപയുടെ അനുഗ്രഹമായിരുന്നു. ഐകമത്യപ്പെട്ട് കൊണ്ട് ആ സഹോദരൻമാർ ദൈവം തങ്ങളെ ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുവാൻ പുറപ്പെട്ടു. അവരുടെ അനുസരണം യിസ്രായേല്‍ ജനത്തിന്‍റെ പ്രത്യാശെക്കും, ഉണർവ്വിന്നും കാരണമായി തീർന്നു. ദൈവം യിസ്രയേല്‍ ജനതയുടെ കഷ്ടത കണ്ടു എന്നും, അവരുടെ കഷ്ടതകളെക്കുറിച്ച് ആഴത്തില്‍ അറിയുന്നു എന്നും കേട്ടപ്പോള്‍ യിസ്രായേൽ ജനം നന്ദിയോടെ സാഷ്ടാംഗം വീണ് ദൈവത്തെ നമസ്കരിച്ചു. ദൈവീക പദ്ധതികൾ നമുക്ക് വേണ്ടി മാത്രമായുള്ളതല്ല. വിശ്വസ്തനായ ദൈവത്തില്‍ തങ്ങളുടെ ആശ്രയം വെക്കുവാന്‍ അനേകരെ സജ്ജരാക്കുവാനും,പ്രോത്സാഹിപ്പിക്കുവാനും ദൈവത്തോടുള്ള നമ്മുടെ അനുസരണത്തിന്ന് കഴിയും.
യിസ്രായേല്‍മക്കള്‍ ദൈവത്തിന്‍റെ സന്ദേശത്തോട് പ്രതികരിച്ചത് വിശ്വാസമുള്ളവരായിട്ടായിരുന്നു. അവര്‍ ദൈവത്തെ ആരാധിച്ചു. ഈ പ്രതികരണം ആശ്വാസവും ഉറപ്പും നല്‍കുവാനുള്ള ദൈവസന്ദേശത്തിന്‍റെ ശക്തിയെ എടുത്തുകാണിക്കുന്നു. വർഷങ്ങളായി, അടിച്ചമർത്തലിന്‍റെ ഭാരത്തിൽ തളർന്ന് അവരുടെ നിലവിളികൾ ആരും കേള്‍ക്കുന്നില്ല എന്ന ചിന്തയില്‍ ജീവിച്ചവരായിരുന്നു യിസ്രായേൽ ജനം. എന്നാല്‍ ഈ പ്രത്യേക നിമിഷത്തില്‍ ദൈവം തങ്ങളെ മറന്നിട്ടില്ലെന്ന് അവര്‍ വാസ്തവമായി തിരിച്ചറിഞ്ഞു. ദൈവം മൌനത പാലിക്കുന്നുവെന്നോ, എന്നോട് അകന്നിരിക്കുന്നുവെന്നോ തോന്നിയാലും, അവന്‍ എപ്പോഴും നമുക്കായി പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് സത്യം. അവൻ നമ്മുടെ രക്ഷയ്ക്കായി വഴി ഒരുക്കും. നമ്മുടെ അർഹത കൊണ്ടല്ല; മറിച്ച് അവന്‍ തൻ്റെ നാമം നിമിത്തമാണ് അപ്രകാരം ചെയ്യുന്നത്.
തൻ്റെ ജനത്തെ നടത്തുവാൻ ദൈവം നമ്മെ ഏല്‍പിക്കുന്ന ഏതു ശുശ്രൂഷയും ഏറ്റെടുക്കുന്നതില്‍ നാം കൊടുക്കേണ്ടുന്ന വിലയും, അതിന്ന് ദൈവം നല്കുന്ന പ്രതിഫലവും മോശെയുടെ ഈ ശുശ്രൂഷാനുഭവത്തില്‍ നിന്നും നമുക്ക് വ്യക്തമായി മനസ്സിലാക്കാം. അനേകമായ അപകടങ്ങളും, ക്ലേശങ്ങളും മോശെയുടെ ജീവിത്തില്‍ നേരിട്ടു. എന്നിരുന്നാലും ദൈവ ജനത്തിനു വേണ്ടിയുള്ള ദൈവ പദ്ധതി നിറവേറ്റുവാൻ ദൈവകരങ്ങളിൽ അവനൊരു ഉപകരണമായി തീര്‍ന്നു. ദൈവ വാഗ്ദത്തങ്ങളിലുള്ള തനിക്കുള്ള വിശ്വാസം നിമിത്തം അവന്‍ കഷ്ടതകൾ സഹിച്ചു. ദൈവ പദ്ധതികൾ നിത്യവും, ശ്രേഷ്ഠവും ആകുന്നതിനാൽ, അതില്‍ ഭാഗഭാക്കാകുവാന്‍ എന്തു വില കൊടുക്കേണ്ടിവന്നാലും അത് അധികമാകില്ലെന്ന് മോശെയുടെ ജീവചരിത്രം നമ്മെ പഠിപ്പിക്കുന്നു.
മോശെയുടെ ദൌത്യ യാത്രയില്‍ ഒന്നാമതായി നാം കാണുന്ന കാര്യം, അനുസരണത്തിൻ്റെ അനിവാര്യത നാം മനസ്സിലാക്കണം എന്നതാണ്. ദൈവ പദ്ധതികൾ പലപ്പോഴും നമുക്ക് പ്രായോഗികമായി തേന്നണമെന്നില്ല. ഒരു ചുവടിന്നപ്പുറം എന്താണെന്ന് ഒരുപക്ഷേ നമുക്ക് കാണുവാൻ കഴിഞ്ഞെന്നു വരില്ല. നാം പോകുന്ന പാത ദുഷ്കരമാണെന്ന് തോന്നിയേക്കാം. എന്നാൽ നമുക്ക് വ്യക്തമായ വെളിച്ചത്തില്‍ നിന്ന് കൊണ്ട് വിശ്വാസത്തിൽ ഒരു ചുവട് വെപ്പാൻ നാം തയ്യാറാകുകയാണെങ്കിൽ, അവൻ്റെ ശക്തി എന്തെന്ന് നമുക്ക് നേരിട്ടനുഭവിക്കുവാന്‍ സാധിക്കും.
രണ്ടാമതായി മോശെയുടെ ദൌത്യ യാത്രയില്‍ നിന്ന് നാം മനസ്സിലാക്കുന്ന കാര്യം, ദൈവിക ബന്ധത്തിന്ന് ഉതകുന്ന നിലയില്‍ നിന്നു കൊണ്ട് വേണം നമ്മുടെ ജീവിത തീരുമാനങ്ങൾ എടുക്കുവാന്‍. ദൈവിക കല്‍പ്പനകളെ അവഗണിക്കുകയോ, ഒഴിവാക്കുകയോ ചെയ്യുക നിമിത്തം നമ്മുടെ ജീവനായിരുക്കുന്ന കര്‍ത്താവുമായുള്ള ബന്ധം തന്നെ അപകടത്തിലായേക്കാം.
മൂന്നാമതായി, മോശെയുടെ അനുസരണം നിരാശരായിരുന്ന യിസ്രായേല്യരിൽ പ്രത്യാശയെ ഉണര്‍ത്തിയതുപോലെ, ദൈവ വിളിയോടുള്ള നമ്മുടെ വിശ്വസ്തതമായ പ്രതികരണം മറ്റുള്ളവർക്ക് ഒരു പ്രോത്സാഹനവും, പ്രചോദനമായും തീരും.
ദൈവം തൻ്റെ ദൌത്യത്തിന്നായി വിളിക്കുന്നവരെ അവന്‍ അതിന്നായി സജ്ജരാക്കുന്നു. ദൈവത്തെ അനുസരിച്ചു കൊണ്ട് മോശെ തൻ്റെ വടി ഉപയോഗിച്ചത് കൊണ്ട്, തൻ്റെ കൈയിലെ ആ സാധാരണ വടി ദൈവിക അധികാരത്തിൻ്റെ ഒരു മാധ്യമമായി തീര്‍ന്നു. നമ്മുടെ കൈയില്‍ ദൈവം നല്‍കിയിരിക്കുന്നതെന്തും തൻ്റെ ഉദ്ദേശ്യ നിർവ്വഹണത്തിന് ഒരുപാധിയായി തീരേണ്ടതിന് അതിനെ നമുക്ക് അവനായി സമർപ്പിക്കാം.
ദൈവ വാഗ്ദത്തങ്ങൾ മാറാത്തതും, ദൈവത്തിൻ്റെ കൃപ വിശ്വാസത്തിന്‍റെ ഓരോ പുതിയ ചുവട് വെയ്ക്കുവാന്‍ നമുക്ക് മതിയാകുന്നതുമാണ്. അനിശ്ചിതത്വത്തിൻ്റെ സമയങ്ങളിലും നാം ഒരിക്കലും ഏകരായിതീരുന്നില്ല. മോശെയുടെ മിസ്രയീമിലേക്കുള്ള യാത്ര വെല്ലുവിളികൾ നിറഞ്ഞതായിരുന്നു എങ്കിലും ആ യാത്രയിൽ ദൈവത്തിൻ്റെ വിശ്വസ്ത സാന്നിദ്ധ്യം നിറഞ്ഞ് നിന്നിരുന്നു. മോശെയെ നടത്തിയ ആ ദൈവത്തിന്‍റെ കരങ്ങളില്‍ തന്നെ നമ്മുടെ ജീവിതവും ഭരമേൽപ്പിക്കാം.
ആകയാൽ, ധൈര്യത്തോടും അനുസരണത്തോടും കൂടെ ദൈവീക വഴിയില്‍ നമുക്ക് നടക്കാം. അവൻ്റെ കൃപയുടെ പാത്രങ്ങളായി, അവൻ്റെ വീണ്ടെടുപ്പ് പദ്ധതിയുടെ ഉപകരണങ്ങളായി, ആവശ്യത്തിൽ ഇരിക്കുന്നവർക്ക് പ്രത്യാശ പകർന്നുകൊണ്ട്, ദൈവനാമത്തെ നമുക്ക് മഹത്വപ്പെടുത്താം. ദൈവം അതിന്നായി നമ്മെ സഹായിക്കട്ടെ.


