47M_നമ്മുടെ ഓട്ടം നന്നായി പൂര് ത്തീകരിക്കുക
ഉല്‍പത്തി 50. അപ്പോൾ യോസേഫ് തന്‍റെ അപ്പന്‍റെ മുഖത്തു വീണു കരഞ്ഞ് അവനെ ചുംബിച്ചു.
2 പിന്നെ തന്‍റെ അപ്പനു സുഗന്ധവർഗം ഇടുവാൻ യോസേഫ് തന്‍റെ ദാസന്മാരായ വൈദ്യന്മാരോടു കല്പിച്ചു; വൈദ്യന്മാർ യിസ്രായേലിനു സുഗന്ധവർഗം ഇട്ടു.
3 അങ്ങനെ നാല്പതു ദിവസം കഴിഞ്ഞു; സുഗന്ധവർഗം ഇടുവാൻ അത്ര ദിവസം വേണ്ടിവരും. മിസ്രയീമ്യർ അവനെക്കുറിച്ച് എഴുപതു ദിവസം വിലാപം കഴിച്ചു.
15 അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്‍റെ സഹോദരന്മാർ കണ്ടിട്ട്: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകല ദോഷത്തിനും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.
16 അവർ യോസേഫിന്‍റെ അടുക്കൽ ആളയച്ചു: അപ്പൻ മരിക്കുംമുമ്പേ: നിന്‍റെ സഹോദരന്മാർ നിന്നോടു ദോഷം ചെയ്തു; അവർ ചെയ്ത അതിക്രമവും പാപവും നീ ക്ഷമിക്കേണം എന്നു യോസേഫിനോടു പറവിൻ എന്നു കല്പിച്ചിരിക്കുന്നു.
17 ആകയാൽ അപ്പന്‍റെ ദൈവത്തിന്‍റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
18 അവന്‍റെ സഹോദരന്മാർ ചെന്ന് അവന്‍റെ മുമ്പാകെ വീണു: ഇതാ, ഞങ്ങൾ നിനക്ക് അടിമകൾ എന്നു പറഞ്ഞു.
19 യോസേഫ് അവരോട്: നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ ദൈവത്തിന്‍റെ സ്ഥാനത്ത് ഇരിക്കുന്നുവോ?
20 നിങ്ങൾ എന്‍റെ നേരേ ദോഷം വിചാരിച്ചു; ദൈവമോ, ഇന്നുള്ളതുപോലെ ബഹുജനത്തിനു ജീവരക്ഷ വരുത്തേണ്ടതിന് അതിനെ ഗുണമാക്കിത്തീർത്തു.
21 ആകയാൽ നിങ്ങൾ ഭയപ്പെടേണ്ടാ; ഞാൻ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുകുട്ടികളെയും പോറ്റി രക്ഷിക്കും എന്നു പറഞ്ഞ് അവരെ ആശ്വസിപ്പിച്ചു ധൈര്യപ്പെടുത്തി.
22 യോസേഫും അവന്‍റെ പിതൃഭവനവും മിസ്രയീമിൽ പാർത്തു, യോസേഫ് നൂറ്റിപ്പത്തു സംവത്സരം ജീവിച്ചിരുന്നു.
23 എഫ്രയീമിന്‍റെ മൂന്നാം തലമുറയിലെ മക്കളെയും കണ്ടു; മനശ്ശെയുടെ മകനായ മാഖീരിന്‍റെ മക്കളും യോസേഫിന്‍റെ മടിയിൽ വളർന്നു.
24 അനന്തരം യോസേഫ് തന്‍റെ സഹോദരന്മാരോട്: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.
25 ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ നിങ്ങൾ എന്‍റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞ്, യോസേഫ് യിസ്രായേൽമക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.
26 യോസേഫ് നൂറ്റിപ്പത്തു വയസ്സുള്ളവനായി മരിച്ചു. അവർ അവനു സുഗന്ധവർഗം ഇട്ട് അവനെ മിസ്രയീമിൽ ഒരു ശവപ്പെട്ടിയിൽ വച്ചു.
ഞാൻ അവരോട് ക്ഷമിക്കുന്നു, കാരണം എനിക്ക് ആദ്യം യേശുക്രിസ്തുവിൽ നിന്ന് ക്ഷമ ലഭിച്ചു-എന്‍റെ ജീവിതത്തിൽ യേശുവിന്റെ സാന്നിധ്യം ഞാൻ നേരിട്ടു അനുഭവിക്കുന്നു, ഇതാണ് ഞാൻ പങ്കിടുന്ന ആദർശം. നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ, അതില്‍ കയ്പൊട്ടുമില്ല, ദൈവം നല്‍കുന്ന കൃപയോടും സമാധാനത്തോടും കൂടി നാം നമ്മുടെ ജീവിതം മുന്പോട്ട് നയിക്കുകയും നമ്മെ ഏൽപ്പിച്ച ചുമതലകള്‍ തുടരുകയും ചെയ്യുന്നു.
ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും രക്തസാക്ഷിത്വത്തിന് ശേഷം ഗ്രഹാം സ്റ്റെയിനിന്റെ വിധവയായ ഗ്ലാഡിസ് സ്റ്റെയിന്‍റെ വാക്കുകളായിരുന്നു ഇവ. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ വേദനയും ദുഃഖവും അനുഭവിക്കുമ്പോഴും അവരുടെ കൊലപാതകികളോട് ക്ഷമിക്കുവാൻ അവര്‍ക്ക് കഴിഞ്ഞു.
നാം വായിച്ച ഭാഗത്തിൽ, യോസേഫിന്‍റെ ജീവിതാവസാനത്തിലും ഇതേ ആത്മാവാണ് നാം കാണുന്നത്. ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് എന്നും പിന്തുടരാവുന്ന വിലയേറിയ പാഠങ്ങള്‍ ഈ ഭാഗത്ത് നിന്ന് നമുക്ക് ലഭിക്കുന്നു. പിതാവിനോടുള്ള അദ്ദേഹത്തിന്‍റെ ആഴമായ സ്നേഹം, നിരുപാധികമായ ക്ഷമ, ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം എന്നിവ ഇവിടെ ശ്രദ്ധേയമാണ്. വ്യക്തിപരമായ പ്രയാസങ്ങള്‍ക്കിടയിലും, മരണത്തോട് അടുക്കുമ്പോഴും ദൈവകൃപയെ പ്രതിഫലിപ്പിക്കുന്ന ഒരു ജീവിതശൈലിക്ക് ഈ സവിശേഷതകൾ അടിവരയിടുന്നു. സ്നേഹം, വിശ്വാസം, മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കുക തുടങ്ങിയ ഗുണങ്ങൾ–ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളികൾക്കിടയിലും നമ്മുടെ ഓട്ടം നന്നായി പൂർത്തീകരിക്കുവാൻ നമ്മെ സഹായിക്കുന്നു.
പിതാവായ യാക്കോബിനോടുള്ള ജോസഫിന്‍റെ അഗാധമായ സ്നേഹവും, വേര്‍പാടിന്‍റെ ദുഃഖവും അദ്ദേഹത്തെ സുദീർഘവും ആഴത്തിലുള്ളതുമായ വിലാപത്തിലേക്ക് നയിച്ചു. നമ്മുടെ പ്രിയപ്പെട്ടവര്‍ ഇഹലോകവാസം വെടിയുമ്പോള്‍ വിലപിക്കുന്നത് യോഗ്യവും, ജീവിതത്തിന്‍റെ അവിഭാജ്യ ഘടകവുമാണ്. ദൈവജനത്തെ സംബന്ധിച്ചിടത്തോളം അത് നഷ്ടത്തിന്‍റെ വേദന പ്രകടിപ്പിക്കുന്നു എന്ന് മാത്രമല്ല അത് ജീവിതത്തിന്‍റെ നശ്വരതയെയും, നമ്മുടെ സ്വന്തം മരണത്തെയും ഓർക്കുവാന്‍ നമ്മെ സഹായിക്കും. യേശുക്രിസ്തുവിൽ പുനരുത്ഥാനത്തെക്കുറിച്ചുള്ള നമ്മുടെ പ്രത്യാശയിലേക്ക് കണ്ണുയര്‍ത്തുവാൻ പ്രേരിപ്പിക്കുന്നതിലൂടെ അത് നമ്മെ ആശ്വസത്തിലേക്കും, ദൈവീക പ്രത്യാശയിലേക്കും നയിക്കുന്നു. അബ്രഹാം സാറയെക്കുറിച്ചും, നമ്മുടെ കര്‍ത്താവ് ലാസറിനെക്കുറിച്ചും വിലപിച്ചതായി നാം വിയിക്കുന്നുണ്ട്. തന്നെ വിട്ടു പോയ പിതാവിന്‍റെ മുഖത്ത് വീണു യോസേഫ് കരഞ്ഞു അവനെ ചുംബിച്ചു. ദുഃഖം പ്രകടിപ്പിക്കുന്നത് ബലഹീനതയുടെ ലക്ഷണമല്ല, മറിച്ച് സ്നേഹത്തിന്‍റെ അടയാളമാണ്. ദുഃഖത്തിൽ ലജ്ജയില്ല, പക്ഷേ അത് ദൈവത്തിന്‍റെ മാറാത്ത വാഗ്ദത്തങ്ങളിലുള്ള വിശ്വാസത്തോടൊപ്പം കൂട്ടി വെക്കേണ്ടതാണ്.
ഒരു ദൈവവിശ്വാസിയെ സംബന്ധിച്ചിടത്തോളം മരണം ലാഭമാണ്, കാരണം ഈ ലോകത്തിലുള്ള നമ്മുടെ പ്രയാസങ്ങളും, ദുഃഖങ്ങളും, വേദനകളും വിട്ട് നമ്മുടെ കർത്താവിനെ മുഖാമുഖം കാണാൻ നമുക്ക് സാധിക്കും. എന്നിരുന്നാലും ഈ ഭൂമിയില്‍ അവശേഷിക്കുന്നവർക്ക് മരണം വേര്‍പാടിന്‍റെ ദുഃഖമുണ്ടാക്കുന്നു എന്നത് വാസ്തവമാണ്. ദൈവത്തിന്‍റെ വാഗ്ദാനങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് വിശ്വസിച്ച ജോസഫിന്‍റെ കാര്യത്തിലെന്നപോലെ ഈ ദുഃഖം പ്രത്യാശയാൽ ശമിപ്പിക്കപ്പെടുന്നു. അവരുടെ ദുഃഖത്തിനിടയിലും ദൈവജനത്തിന്ന് അവരുടെ പുനരുദ്ധാനത്തിന്‍റെ പ്രത്യാശയുള്ളത്കൊണ്ട് ധൈര്യത്തോടെ ആശ്വാസം കൈകൊള്‍വാന്‍ സാധിക്കുന്നു. 1 തെസ്സലോനിക്യർ 4:13
മരിച്ചവരുമായി അവര്‍ ജീവനോടിരുന്ന സമയത്ത് നാം പങ്കിട്ട സ്നേഹവും ഓർമ്മകളും അനുസ്മരിക്കുവാനും, വിലയിരുത്താനും വിലമതിക്കാനും വിലാപകാലം നമ്മെ സഹായിക്കുന്നു. ഈ ലോകത്തിലുള്ള നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുവാനും ഇത് നമ്മെ സജ്ജരാക്കുന്നു. ദൈവത്തിന്‍റെ നിരന്തരമായ സ്നേഹത്തിലും, കരുതലിലും ആശ്വാസം കണ്ടെത്താന്‍ വിസമ്മതിക്കുന്നത് കൊണ്ട് അസുഖകരമായ വിലാപം നമ്മെ തീരാ ദുഃഖത്തിലേക്കും, നിരാശയിലേക്കും തള്ളിവിടും.
ജോസഫിന്‍റെ തുടര്‍ന്നുള്ള പ്രവൃത്തികൾ ഈ പരിവർത്തനത്തെ പ്രതിഫലിപ്പിക്കുന്നു. പിതാവിന്‍റെ വിയോഗവാര്‍ത്തയില്‍ തന്‍റെ ദുഃഖം അണപൊട്ടിഒഴുകുവാന്‍ അനുവദിച്ച ശേഷം അദ്ദേഹം തന്‍റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാൻ എഴുന്നേറ്റതായി കാണുന്നു. കാനാനിൽ സംസ്കരിക്കപ്പെടണമെന്ന തന്‍റെ പിതാവിന്‍റെ അവസാന ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം ഫറവോനെ അറിയിച്ചു. ദീർഘദൂര യാത്രയെ അതിജീവിക്കുവാൻ യാക്കോബിന്‍റെ ശരീരം സുഗന്ധവര്‍ഗ്ഗം ഇടുാവാന്‍ യോസേഫ് തന്‍റെ ദാസന്മാരായ വൈന്മാരോട് കല്‍പിച്ചു. യാത്രയ്ക്കും യാക്കോബിന്‍റെ ശവസംസ്കാരത്തിനും അവൻ സകലവും മുന്‍ ഒരുക്കങ്ങള്‍ ചെയ്തു. അതിനാൽ, നന്നായി ജീവിക്കുക എന്നതിനർത്ഥം കർത്താവിൽ നിദ്രകൊണ്ടവരെ ബഹുമാനിക്കുകയും, അവരുടെ വിശ്വാസത്തിന്‍റെ അനന്തരഫലവും, അവരുടെ ജീവിതപാഠങ്ങളും ഓർക്കുകയും, പിന്തുടരുകയും ചെയ്യുക എന്നാണ്. തുടര്‍ന്നുള്ള ജീവിതയാത്ര വിശ്വാസത്തോടും ഉത്തരവാദിത്തത്തോടും കൂടി മുമ്പോട്ട് നയിക്കേണ്ടതും ആവശ്യമാണ്.
ജോസഫിന്‍റെ വിശ്വാസം അചഞ്ചലമായിരുന്നു, അത് അദ്ദേഹത്തിന് മറ്റുള്ളവരോട് ക്ഷമിക്കുവാനുള്ള കൃപ നൽകി. തന്‍റെ സഹോദരന്മാരോടുള്ള അദ്ദേഹത്തിന്‍റെ ക്ഷമ വ്യവസ്ഥാപിതമോ, സമയബന്ധിതമോ ആയിരുന്നില്ല. അപ്പന്‍റെ വേര്‍പാടിന് ശേഷം തന്‍റെ സഹോദരന്മാർക്ക് ഭയവും കുറ്റബോധവും തോന്നി. യോസേഫ് അവരുടെ പാപങ്ങള്‍ പൂര്‍ണ്ണമായി ക്ഷമിച്ചു എന്ന യാഥാർത്ഥ്യം അവർക്ക് വിശ്വസിക്കുവാൻ സാധിച്ചില്ല. യാക്കോബിന്‍റെ മരണശേഷം അവൻ ഒടുവിൽ തങ്ങളോട് പ്രതികാരം ചെയ്യുമെന്ന് അവർ ഭയപ്പെട്ടു.
അവരോട് ക്ഷമിക്കണമെന്ന് യാക്കോബ് ജോസഫിന് നൽകിയ അവസാന നിർദ്ദേശം ഉദ്ധരിച്ച് അദ്ദേഹത്തിന്‍റെ സഹോദരന്മാർ ജോസഫിന് ഒരു വ്യാജ സന്ദേശം അയച്ചു. (Genesis 50:16-17). അവരുടെ പ്രവൃത്തികൾ അവരുടെ ആഴത്തിലുള്ള കുറ്റബോധവും, അവിശ്വാസവും വെളിപ്പെടുത്തുന്നതാണ്. ഇതെല്ലാമായിരുന്നാലും യോസേഫ് മഹത്വകരമായ ദൈവകൃപ പ്രകടമാക്കുന്നത് ഇവിടെ കാണാം.
അദ്ദേഹം അവരോട് ആശ്വാസത്തോടെ ഇങ്ങനെ മറുപടി പറഞ്ഞു, “ഭയപ്പെടേണ്ട, ഞാൻ ദൈവത്തിന്‍റെ സ്ഥാനത്ത് ഇരിക്കുന്നുവോ?” എന്നാണ് താന്‍ ചോദിച്ചത് (Genesis 50:19). ദൈവമാണ് വിധികർത്താവെന്ന് ഓരോ നിമിഷവും ജോസഫ് തന്നെതന്നെ ഓർമ്മിപ്പിച്ചു. പ്രതികാരം കർത്താവിനുള്ളതാണ്. ദൈവജനത്തെ വിധിക്കുന്നതിനേക്കാൾ ദൈവത്തെ അനുസരിക്കുക എന്നതായിരുന്നു ജോസഫിന്‍റെ ജീവിതമന്ത്രം.
ദൈവകൃപയില്‍ ജീവിക്കുക എന്നതിനർത്ഥം മറ്റുള്ളവർ ചെയ്യുന്ന ദോഷങ്ങൾ നമ്മെ ബാധിക്കാൻ അനുവദിക്കാതിരിക്കുക എന്നാണ്. എല്ലായ്പ്പോഴും കൃപ കാണിക്കുക എന്നാണ് അതിനർത്ഥം. യോസേഫ് തന്‍റെ സഹോദരന്മാരോട് നിരന്തരം ക്ഷമിച്ചു. ദൈവത്തിന്‍റെ മഹത്തായ പദ്ധതിയിലുള്ള അദ്ദേഹത്തിന്‍റെ വിശ്വാസത്താൽ രൂപപ്പെട്ട ഒരു ജീവിതശൈലിയായിരുന്നു അത്. തന്‍റെ സഹോദരന്മാരുടെ കഴിഞ്ഞ കാലങ്ങളിലെ ദുഷിച്ച പദ്ധതികളുടെ ഓര്‍കളെ അദ്ദേഹം തുടച്ചു നീക്കിയില്ല. എന്നാലും അവരെ കുറ്റപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഈ തിന്മകളിലൂടെ, ദൈവത്തിന്‍റെ സ്വന്തം പദ്ധതികൾ നടപ്പിലാക്കുവാനുള്ള അവന്‍റെ അത്യന്ത ശക്തി അവന്‍ അംഗീകരിച്ചു. നിരവധി ജീവൻ രക്ഷിക്കുവാൻ ദൈവം അത് നന്മയ്ക്കായി ഉപയോഗിച്ചിരുന്നു എന്ന സത്യം അവന്‍ ഓര്‍ത്തു. ദൈവത്തെ സ്നേഹിക്കുന്നവർക്ക് എല്ലാം നന്മയ്ക്കായി കൂടിവ്യാപരിക്കുന്നുവെന്ന് ദൈവാത്മാവ് നമ്മെ പഠിപ്പിക്കുന്നു. (Romans 8:28).
കയ്പ്പിന്‍റെ അനുഭവും തടയുകയും, നമുക്ക് പൂര്‍ണ്ണ സമാധാനം നൽകുകയും ചെയ്യുന്നതിനാൽ, ദൈവഹിതത്തില്‍ ജീവിക്കുവാൻ മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തന്‍റെ സഹോദരന്മാരുടെ പാപങ്ങൾ അവര്‍ക്കെതിരെ കണക്കിടാതിരുന്നതിനാല്‍ യോസേഫില്‍ എഴുപത് തവണ ക്ഷമിക്കണമെന്ന് പറഞ്ഞ നമ്മുടെ കര്‍ത്താവിന്‍റെ മാതൃക നമുക്ക് കാണാവുന്നതാണ്. (Matthew 18:22). ഇന്നത്തെ വിശ്വാസികൾക്ക് ഈ പാഠം വളരെ നിർണായകമാണ്. ദൈവം നമ്മോട് ക്ഷമിച്ചതുപോലെ നാമും മറ്റുള്ളവരോട് ക്ഷമിക്കേണ്ടത് , നമ്മുടെ ജീവതയാത്ര നന്നായി പൂർത്തിയാക്കുവാൻ അത്യാവശ്യമാണ്.
ദൈവത്തിന്‍റെ വാഗ്ദാനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസത്തിനും യോസേഫ് മാതൃകയാണ്. മരണത്തോട് അടുക്കുമ്പോഴും ജോസഫിന്‍റെ പ്രതീക്ഷ അദ്ദേഹത്തിന്‍റെ മിസ്രയീമിലുള്ള പദവിയിലും, പാരമ്പര്യത്തിലുമായിരുന്നെങ്കില്‍ തന്‍റെ മരണശേഷം തന്‍റെ ജനത്തിന്‍റെ ശുഭകരമായ ഭാവി ഉറപ്പാക്കുവാന്‍ താന്‍ നോക്കുമായിരുന്നു. പകരം, തന്‍റെ ജനത്തെ കാനാനിലേക്ക് തിരികെ കൊണ്ടുപോകുമെന്ന് വാഗ്ദത്തം ചെയ്ത ദൈവത്തിന്‍റെ രക്ഷയിൽ മാത്രമേ അദ്ദേഹം എപ്പോഴും പ്രതീക്ഷ അര്‍പ്പിച്ചിരുന്നുള്ളൂ. അങ്ങനെ അവർ പോകുമ്പോൾ തന്‍റെ അസ്ഥികൾ ആ വാഗ്ദത്ത നാട്ടിലേക്ക് തിരികെ കൊണ്ടുമെന്ന് അവരെകൊണ്ട് സത്യം ചെയ്യിച്ചു. (Genesis 50:24-25).
യിസ്രായേല്‍ മക്കള്‍ ഒരുനാള് മിസ്രയീം നാട് വിട്ട് വാഗ്ദത്തദേശമായ കനാനിലേക്ക് പോകും എന്നതില്‍ യോസേഫിന് തെല്ലും സംശയമില്ലായിരുന്നു. ഈ വിശ്വാസം അവരോടുള്ള തന്‍റെ സംസാരത്തിലും പ്രകടമാണ്. “ദൈവം നിങ്ങളെ സന്ദർശിക്കുമെങ്കിൽ” എന്നല്ല, മറിച്ച് “ദൈവം നിങ്ങളെ സന്ദർശിക്കുമ്പോൾ” എന്നതായിരുന്നു തന്‍റെ മുഖവര. ആ തിരികെ പോക്ക് കാണുവാൻ താന്‍ ജീവിച്ചില്ലെങ്കിലും. തന്‍റെ പൂർവ്വികരുമായുള്ള ദൈവത്തിന്‍റെ ഉടമ്പടിയുടെ പൂർത്തീകരണത്തിൽ അദ്ദേഹം വിശ്വസിച്ചു. ഈ ദീർഘകാല വീക്ഷണം ഫറവോന്‍റെ കുണ്ടറയിൽ നിന്ന് കൊട്ടാരം വരെ തന്‍റെ ജീവിതത്തിലുടനീളം ജോസഫിനെ വിശ്വസ്തനാക്കി.
അവരുടെ മിസ്രയീം പ്രയാണകാലത്ത് യോസേഫിന്‍റെ അസ്ഥികൾ വെച്ച ശവപെട്ടി യിസ്രായേല്യരുടെ പ്രത്യാശയുടെ പ്രതീകമായി മാറി. ദൈവത്തിന്‍റെ വിശ്വസ്തതയുടെ വിജയകരമായ പ്രദർശനമായ പുറപ്പാട് സമയത്ത് അവർ അദ്ദേഹത്തിന്‍റെ അസ്ഥികൾ തങ്ങളോടൊപ്പം കൊണ്ടുപോയി. (Exodus 13:19). എബ്രായർ 11:22 ൽ, ജോസഫിന്‍റെ ഈ പ്രവൃത്തി വിശ്വാസത്തിന്‍റെ പ്രവൃത്തിയായി പ്രശംസിക്കപ്പെടുന്നു. ദൈവത്തിലുള്ള തന്‍റെ വിശ്വാസമാണ് തന്‍റെ ജീവിതത്തിന്‍റെ നങ്കൂരമെന്ന് കാണിക്കുന്ന അദ്ദേഹത്തിന്‍റെ പ്രത്യാശ മരണത്തെയും മറികടന്നു മുന്നോട്ടു പോകുന്നതായി കാണാം.
നല്ല രീതിയില്‍ നമ്മുടെ ഓട്ടാം പൂർത്തിയാക്കുന്നതിന് ഭാവികാലത്ത് നിറവേറുന്ന, ദൈവത്തിന്‍റെ വാഗ്ദാനങ്ങളിൽ വേരൂന്നിയ വിശ്വാസം അനിവാര്യമാണ്. നാം ജീവിച്ചിരുക്കുന്ന കാലത്ത് ദൈവത്തിന്‍റെ പദ്ധതികളുടെ പൂർത്തീകരണം കാണാൻ കഴിയാത്തപ്പോൾ പോലും ദൈവത്തിന്‍റെ സമയത്ത് നിശ്ചയമായും അത് നിവര്‍ത്തിക്കപ്പെടും എന്ന് വിശ്വസിക്കുകയാണ് നാം ചെയ്യേണ്ടത്. വാഗ്ദത്തസമയത്ത് യിസ്രായേലിന്‍റെ പുറപ്പാടിലുള്ള ജോസഫിന്‍റെ വിശ്വാസം ദൈവത്തിന്‍റെ വാഗ്ദാനങ്ങളുടെ ആത്യന്തിക പൂർത്തീകരണത്തിലും ദൈവരാജ്യത്തിന്‍റെ വരവിലും ഉള്ള നമ്മുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. “ദൈവം തീർച്ചയായും നിങ്ങളെ സന്ദർശിക്കും” (ഉല്പത്തി 50:24) എന്ന ജോസഫിന്‍റെ അവസാന വാക്കുകൾ ഓരോ വിശ്വാസിയുടെയും പ്രത്യാശയെ പ്രതിധ്വനിപ്പിക്കുന്നു. ദൈവം തന്‍റെ ജനത്തെ അവരുടെ നിത്യ വാസസ്ഥലത്തേക്ക് കൊണ്ടുവരും.
നമ്മുടെ ജീവിതം, ദൈവത്തിന്‍റെ സ്നേഹം, കൃപ, അവങ്കലുള്ള വിശ്വാസം എന്നിവയാൽ മുദ്രയിടപ്പെട്ടതായിരിക്കട്ടെ. അങ്ങനെ ജീവിച്ചാല്‍, ഈ ലോകത്തിൽനിന്ന് പിരിഞ്ഞുപോകുവാനുള്ള സമയം വരുമ്പോൾ, ജോസഫിനെപ്പോലെ നമുക്കും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിലുള്ള അചഞ്ചലമായ വിശ്വാസത്തിന്‍റെ ഒരു പാരമ്പര്യം അവശേഷിപ്പിക്കുവാൻ സാധിക്കും. വിശ്വാസത്താല്‍ നമ്മുടെ ജീവിതയാത്ര മുമ്പോട്ട് നയിക്കുമ്പോള്‍, നാമീ ജീവിതത്തില്‍ നേടിയ നേട്ടങ്ങള്‍ മാത്രമല്ല, മറ്റുള്ളവരെ വിശ്വാസത്തിലേക്കും, അനുസരണത്തിലേക്കും നയിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്ന യഥാര്‍ത്ഥ ദൈവഭക്തിയുടെ ഒരുത്തമ മാതൃക വിട്ടേച്ച് പോകുവാന്‍ നമുക്ക് സാധിക്കും. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.


