LWGB Malayalam Podcast
LWGB Malayalam Podcast
Apr-07-48M-സത്യത്തിന്നായി ഉറച്ചു നില് ക്കുക
Loading
/

48M_സത്യത്തിന്നായി ഉറച്ചു നില് ക്കുക

7 യിസ്രായേൽമക്കൾ സന്താനസമ്പന്നരായി അത്യന്തം വർദ്ധിച്ചു പെരുകി ബലപ്പെട്ടു; ദേശം അവരെക്കൊണ്ടു നിറഞ്ഞു.

15 എന്നാൽ മിസ്രയീംരാജാവു ശിപ്രാ എന്നും പൂവാ എന്നും പേരുള്ള എബ്രായസൂതികർമ്മിണികളോടു:
16 എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
17 സൂതികർമ്മിണികളോ ദൈവത്തെ ഭയപ്പെട്ടു, മിസ്രയീം രാജാവു തങ്ങളോടു കല്പിച്ചതുപോലെ ചെയ്യാതെ ആൺ കുഞ്ഞുങ്ങളെ ജീവനോടെ രക്ഷിച്ചു.
18 അപ്പോൾ മിസ്രയീം രാജാവു സൂതികർമ്മിണികളെ വരുത്തി; ഇതെന്തൊരു പ്രവൃത്തി? നിങ്ങൾ ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
19 സൂതികർമ്മിണികൾ ഫറവോനോടു: എബ്രായസ്ത്രീകൾ മിസ്രയീമ്യസ്ത്രീകളെപ്പോലെ അല്ല; അവർ നല്ല തിറമുള്ളവർ; സൂതികർമ്മിണികൾ അവരുടെ അടുക്കൽ എത്തുമ്മുമ്പെ അവർ പ്രസവിച്ചു കഴിയും എന്നു പറഞ്ഞു.
20 അതുകൊണ്ടു ദൈവം സൂതികർമ്മിണികൾക്കു നന്മചെയ്തു; ജനം വർദ്ധിച്ചു ഏറ്റവം ബലപ്പെട്ടു.
21 സൂതി കർമ്മിണികൾ ദൈവത്തെ ഭയപ്പെടുകകൊണ്ടു അവൻ അവർക്കു കുടുംബവർദ്ധന നല്കി.
22 പിന്നെ ഫറവോൻ തന്‍റെ സകലജനത്തോടും: ജനിക്കുന്ന ഏതു ആൺകുട്ടിയെയും നദിയിൽ ഇട്ടുകളയേണമെന്നും ഏതു പെൺകുട്ടിയെയും ജീവനോടെ രക്ഷിക്കേണമെന്നും കല്പിച്ചു.

1960 കളുടെ അവസാനത്തിൽ ക്രിസ്തീയ വിശ്വാസികളെ പീഡിപ്പിക്കുന്നതിനായി സോവിയറ്റ് രഹസ്യ പോലീസിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സോവിയറ്റ് നാവികസേനയിലെ ഉയർന്നുവരുന്ന താരമായിരുന്നു സെർജി കോർഡാകോവ്. ക്രിസ്തീയ യോഗങ്ങൾ തകർക്കുവാനും വിശ്വാസികളെ കയ്യേറ്റം ചെയ്യാനും അദ്ദേഹത്തിന് പ്രത്യേക നിർദ്ദേശം നൽകിയിരുന്നു. ആ കൂടിവരവുകളിൽ നടാഷ ഷ്ഡാനോവ എന്ന സുന്ദരിയായ ഒരു പെൺകുട്ടി പങ്കെടുത്തിരുന്നു. മുമ്പത്തെ യോഗങ്ങളിൽ കഠിനമായി മർദ്ദനമേറ്റ ശേഷവും അവൾ സന്തോഷവതിയായി കാണപ്പെടുകയും വിശ്വാസികളുടെ മറ്റു രഹസ്യ യോഗത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതായി അദ്ദേഹം ശ്രദ്ധിച്ചു. അവളുടെ ജീവിതം സെർജിയിൽ വലിയ സ്വാധീനം ചെലുത്തി. ഒരിക്കൽ ഒരു മീറ്റിംഗിൽ അദ്ദേഹം കൈകൊണ്ട് എഴുതിയ ബൈബിൾ വലിച്ച് കീറുകയും, നശിപ്പിക്കുകയും ചെയ്തു.ആ ദിവസം അദ്ദേഹം കീറിയ പേജുകളിലൊന്നിൽ തന്‍റെ കണ്ണുകൾ പതിച്ചു. ലൂക്കോസിന്റെ പതിനൊന്നാം അധ്യായത്തിലാണ് യേശു തൻറെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ച ഭാഗമായിരുന്നു അത്. ആ താളുകള്‍ വീട്ടില്‍ കൊണ്ടുപോയി ഒരിക്കല്‍ കൂടി വായിച്ചു. “ഞങ്ങൾക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു” എന്ന യേശു പഠിപ്പിച്ച പ്രാര്‍ത്ഥനയിലെ വാക്കുകൾ കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹത്തെ അത് ആഴത്തിൽ സ്പർശിച്ചു, അദ്ദേഹം രഹസ്യ പോലീസുമായുള്ള ജോലി ഉപേക്ഷിച്ച് സോവിയറ്റ് നാവികസേനയിൽ തുടർന്നു. ഒരിക്കൽ തന്റെ കപ്പൽ അമേരിക്കൻ തീരത്തിനടുത്തായിരുന്നപ്പോൾ അദ്ദേഹം കപ്പലിൽ നിന്ന് ചാടി കനേഡിയൻ തീരങ്ങളിലേക്ക് നീന്തി അവിടെ അഭയം തേടി. അവൻ യേശുവിനു വേണ്ടി തൻറെ ജീവൻ നൽകുകയും തൻറെ കഥ എഴുതാൻ തുടങ്ങുകയും ചെയ്തു. എന്നാൽ തന്റെ കഥ പൂർത്തിയാക്കുന്നതിന് മുമ്പ് അദ്ദേഹം കൊല്ലപ്പെട്ടു. നതാഷാ, എന്നോട് ക്ഷമിക്കൂ എന്ന തന്‍റെ ജീവിതകഥ കേള്‍വിക്കാര്‍ക്ക് ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. നതാഷയെപ്പോലെ സത്യത്തിന്ന് സാക്ഷിയായി നിന്ന രണ്ട് വനിതകളെപ്പറ്റിയാണ് നാമിന്ന് ചിന്തിക്കുന്നത്.

ദൈവത്തിന്‍റെ വ്യക്തമായ കൽപ്പനപ്രകാരമാണ് യാക്കോബും കുടുംബവും മിസ്രയീമിലേക്ക് യാത്രയായത്. ഏഴ് വർഷത്തെ ക്ഷാമകാലത്തായിരുന്നു ആ പ്രയാണം. യിസ്രായേല്യർ അന്ന് വെറും 70 പേരടങ്ങുന്ന ഒരു ചെറിയ ഗണം മാത്രമായിരുന്നു. അവർ മിസ്രായീമിൽ അഭയം തേടുകയും വളരെയധികം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്തു. ഏതാനും തലമുറകൾക്കുള്ളിൽ അവർ ശക്തമായ ഒരു രാഷ്ട്രമായി വളർന്നു. അങ്ങനെ ദൈവം അബ്രാഹാമിനോടുള്ള തന്‍റെ വാഗ്ദത്തം അവരിലൂടെ നിവര്‍ത്തിച്ചു.

ജോസഫിന്‍റെ മരണശേഷം മിസ്രയീം അടിച്ചമർത്തലിന്‍റെ പ്രതീകമായി മാറി. മോശയുടെ ജനനസമയത്ത് അധികാരത്തിലുണ്ടായിരുന്ന ഫറവോന് യോസേഫിനെയും, മിസ്രായേമിനെ സമ്പന്നവും, സര്‍വ്വലോകത്തിനും ആശ്രയമായി തീര്‍ന്ന ഒരു രാഷ്ട്രമായി രൂപാന്തരപ്പെടുത്തിയതിലുള്ള തന്‍റെ പങ്കിനെകുറിച്ചൊന്നും അറിയില്ലായിരുന്നു. താൻ ഭരിച്ചിരുന്ന ജനങ്ങളെയും, അവരുടെ പാരമ്പര്യത്തെയും പരിചയപ്പെടാൻ അദ്ദേഹം താൽപ്പര്യം കാണിച്ചില്ല. അവരുടെ ചരിത്രത്തെക്കുറിച്ച് അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു. സിംഹാസനത്തിൽ ഇരിക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.

തന്‍റെ സിംഹാസനം സംരക്ഷിക്കുന്നതിൽ അദ്ദേഹം ജാഗ്രത പുലർത്തതായി നമുക്ക് കാണാം. ഫറവോൻ പറഞ്ഞു ഇതാ, ഇസ്രായേൽജനം നമ്മെക്കാൾ വളരെ ആള്‍ബലമുള്ളവരും, ശക്തരുമായി തീര്‍ന്നിരിക്കുന്നു. യുദ്ധമുണ്ടായാൽ യിസ്രായേല്യർ തങ്ങളുടെ ശത്രുക്കളോടൊപ്പം ചേർന്ന് തങ്ങള്‍ക്കെതിരെ മത്സരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. എന്നിരുന്നാലും, ഈ ഭയം അടിസ്ഥാനരഹിതമായിരുന്നു. സദൃശവാക്യങ്ങൾ 27:19 വെള്ളത്തിൽ മുഖത്തിന്നൊത്തവണ്ണം മുഖത്തെ കാണുന്നു; മനുഷ്യൻ തന്റെ ഹൃദയത്തിന്നൊത്തവണ്ണം മനുഷ്യനെ കാണുന്നു.. ഫറവോന്‍ യിസ്രായേല്യരില്‍ സ്വന്തം അരക്ഷിതാവസ്ഥയുടെ ഒരു കാല്‍പനിക പ്രതിഫലനം കണ്ടു.

അതുപോലെ, പരീശന്മാർ അവരുടെ അമിതമായ അഭിലാഷങ്ങൾ മൂലം ക്രിസ്തുവിന്‍റെ വിശുദ്ധിയും കൃപയും കാണുവാന്‍ സാധിച്ചില്ല. യോസേഫിന്‍റെ സഹോദരന്മാർ അവരുടെ സ്വന്തം അസൂയയും സ്വാർത്ഥതയും കാരണം അദ്ദേഹത്തിന്‍റെ താഴ്മയെയും ആത്മാർത്ഥതയെയും സംശയിച്ചതായി നാം കാണുന്നു. നാമും പലപ്പോഴും വികലമായ ചിന്തകളുടെയും മനോഭാവങ്ങളുടെയും അടിസ്ഥാനത്തിൽ മറ്റുള്ളവരെ തെറ്റായി വിലയിരുത്തുന്നു.

അധികാരം നഷ്ടപ്പെടുമെന്ന ഭയം യിസ്രായേൽ ജനതയെ അടിച്ചമർത്തുവാൻ ഫറവോനെ പ്രേരിപ്പിച്ചു. നീതിയിലൂടെയും, കരുണയിലൂടെയും യിസ്രായേല്യരുടെ വിശ്വസ്തത നേടുന്നതിനുപകരം അദ്ദേഹം ബലപ്രയോഗത്തിലൂടെ അവരെ അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചു. അധികാരത്തോടുള്ള സ്നേഹം ഈ മനുഷ്യനെ പിശാചിന്‍റെ പ്രതിരൂപമാക്കി മാറ്റി. തങ്ങളുടെ കീഴിലുള്ളവരെ സംരംക്ഷിക്കുകയും, പരിപാലിക്കുകയും ചെയ്യുക എന്ന ഏക ഉദ്ദേശ്യത്തിനാണ് ദൈവം ഈ പദവി അവര്‍ക്ക് നൽകിയിട്ടുള്ളതെന്ന് അധികാരത്തിലുള്ളവർ എപ്പോഴും ഓർക്കേണ്ടതാണ്.

യിസ്രായേല്യരെ ദുർബലപ്പെടുത്തുവാനും, ഉന്മൂലനം ചെയ്യുവാനും ഫറവോന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു. നിരന്തരമായ അധ്വാനം അവരെ ദുർബലപ്പെടുത്തുകയും അവരുടെ ജനസംഖ്യാ വളർച്ചയെ തടയുകയും ചെയ്യുമെന്ന പ്രതീക്ഷയിൽ അദ്ദേഹം അവരെ കഠിനവും, ക്ലേശരവുമായ അധ്വാനത്തിന് വിധേയരാക്കി. എന്നാല്‍ ഫറവോന്‍ വിചാരിച്ചതിലും നേരെ മറിച്ചാണ് സംഭവിച്ചത്. “എന്നാൽ അവർ പീഡിപ്പിക്കുന്തോറും ജനം പെരുകി വർദ്ധിച്ചു; അതുകൊണ്ടു അവർ യിസ്രായേൽ മക്കൾനിമിത്തം പേടിച്ചു.”. ഫറവോന്‍ യിസ്രായേല്‍ മക്കളോടുള്ള തന്‍റെ ക്രൂരത വർദ്ധിപ്പിക്കുകയും എല്ലാ എബ്രായ ആൺകുട്ടികളെയും ജനനസമയത്ത് തന്നെ കൊല്ലുവാൻ ഉത്തരവിടുകയും ചെയ്തു. ഈ കുറ്റകൃത്യം ചെയ്യാൻ സൂതികര്‍മ്മിണികളോട് താന്‍ കൽപ്പിച്ചു. ലോകത്തിലേക്ക് പുതിയ ജീവൻ കൊണ്ടുവരാൻ അമ്മമാരെ സഹായിക്കാൻ അവരെ ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ഇപ്പോൾ മരണത്തിന്‍റെ കാര്യകര്‍ത്താക്കളാകുവാന്‍ ഫറവോന്‍ അവരോട് കൽപ്പിച്ചു.

ശിപ്ര, പൂവാ എന്നീ രണ്ട് എബ്രായ സൂതികര്‍മ്മിണികൾ ഈ ഭയാനകമായ സാഹചര്യത്തെ അഭിമുഖീകരിക്കേണ്ടതായി വന്നു. അവർ ഭൂമിയിലെ ഏറ്റവും ശക്തനായ രാജാവിന്‍റെ കാരുണ്യത്തിലായിരുന്നു. എന്നിരുന്നാലും അവരെ സംബന്ധിച്ചിടത്തോളം, പിഞ്ചുകുഞ്ഞുങ്ങളെ കൊല്ലുവാനുള്ള ഫറവോന്‍റെ ഉത്തരവ് അനുസരിക്കുന്നത് അവരുടെ മുമ്പില്‍ ഒരു ഐച്ഛിക കാര്യമായിരുന്നില്ല. അവരുടെ അധികാര വിധേയത്വവും, ഭയഭക്തിയും ജീവന്‍റെ ഉടയവനും, എല്ലാ രാജാക്കന്മാരുടെ രാജാവുമായ ദൈവത്തോട് മാത്രമായിരുന്നു. അതിനാൽ മിസ്രായേമിലെ രാജാവ് അവരോട് കൽപിച്ചതുപോലെ അവർ ചെയ്തില്ല. ദൈവത്തോടുള്ള ഭയം ഫറവോനോടുള്ള അവരുടെ ഭയത്തെ മറികടന്നു. നമുക്ക് ഉത്തരം നൽകേണ്ട ഒരേയൊരു ചോദ്യം ഇതാണ്, “ആരെയാണ് ഞാന്‍ അനുസരിക്കാൻ ബാധ്യസ്ഥനായിരിക്കുന്നത്? ദൈവത്തെയോ അതോ ഭൌമിക ഭരണാധികാരികളെയോ? ”

ദൈവമാണ് സകലര്‍ക്കും, സകലത്തിന്നും മീതെയുള്ളവന്‍. എന്നിട്ടും നാം ദൈവത്തെക്കാൾ മനുഷ്യരെ ഭയപ്പെടുന്നുവെന്ന് നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ദൈവത്തെ അനുസരിക്കാതിരിക്കുക എന്നത് നമ്മുടെ ഏറ്റവും വലിയ കുറവാണെന്ന് നാം മനസ്സിലാക്കിയാല്‍ എതിർപ്പുകൾക്കിടയിലും ശരിയായത് ചെയ്യുവാൻ നാം ശ്രമിക്കും. ദൈവത്തിന്‍റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ട നിരപരാധികളായ കുഞ്ഞുങ്ങളെ കൊല്ലുവാൻ തങ്ങൾക്ക് അവകാശമില്ലെന്ന് സൂതികര്‍മ്മിണികൾക്ക് അറിയാമായിരുന്നു. ഭീഷണി നേരിടുമ്പോഴും അവർ ദൈവത്തെ അനുസരിക്കുവാനും ആൺകുഞ്ഞുങ്ങളെ ജീവനോടെ രക്ഷിക്കുവാനും തീരുമാനിച്ചു.

1 പത്രോസ് 3:13-14, “13 നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ? 14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ. സൂതികര്‍മ്മിണികള്‍ക്കും ഈയൊരു മനോഭാവമായിരുന്നു ഉണ്ടായിരുന്നത്. അവര്‍ ദൈവകൽപ്പന അനുസരിക്കാതിരിക്കുന്നതേക്കാള്‍ കഷ്ടമനുഭവിക്കുന്നത് തിരഞ്ഞെടുത്തു.

ഒരുപക്ഷേ, അബ്രഹാമിന്‍റെ പിൻഗാമികൾ ഒരു മഹത്തായ ജാതിയായി മാറുമെന്ന ദൈവത്തിന്‍റെ വാഗ്ദത്തം സൂതികര്‍മ്മിണികൾ ഓര്‍ത്തിരിക്കാം. യിസ്രായേല്യരെ തുടച്ചുനീക്കുക എന്നത് ദൈവത്തിന്‍റെ ഉദ്ദേശ്യമല്ലെന്ന് അവർക്കറിയാമായിരുന്നു. ഒരുപക്ഷേ ഇത് ഫറവോന്‍റെ ഉത്തരവിനോട് ചെറുത്തുനില്‍ക്കുവാന്‍ അവര്‍ക്ക് അധികമായി ധൈര്യം പകര്‍ന്നിരിക്കാം.

ഫറവോൻ അവരോട് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അവർ ബുദ്ധിപൂർവം മറുപടി നൽകിയതായി നാം വായിക്കുന്നു. അവർ അന്യജാതിക്കാരനായ രാജാവിനെ നിന്ദിക്കുകയോ, എതിര്‍ത്ത് സംസാരിക്കുകയോ ചെയ്തില്ല. എബ്രായ സ്ത്രീകൾ നല്ല തിറമുള്ളവരായതിനാല്‍ അതുമൂലമുണ്ടാകുന്ന സ്വാഭാവിക അനന്തരഫലത്തിലേക്ക് അവർ വിരൽ ചൂണ്ടുക മാത്രമാണ് ചെയ്തത്. സൂതികര്‍മ്മിണികളുടെ ഇടപെടലില്ലാതെ സ്വയം പ്രസവിക്കുവാന്‍ അവര്‍ സാധിക്കുന്നു എന്നവര്‍ ഫറവോന്‍റെ മുമ്പില്‍ പ്രസ്താവിച്ചു. ഫറവോന് ഈ വിശദീകരണം നിഷേധിക്കുവാൻ കഴിഞ്ഞില്ല, സൂതികര്‍മ്മിണികളുടെ ധൈര്യത്തിന് ദൈവം അവര്‍ക്ക് പ്രതിഫലം നല്‍കുകയും ചെയ്തു.

അവരുടെ ജീവൻ രക്ഷിച്ചു എന്ന് മാത്രമല്ല, ദൈവം അവരെ സ്വന്തമായി കുടുംബങ്ങളെ നൽകി അനുഗ്രഹിക്കുകയും ചെയ്തു. ദൈവത്തെ ഭയപ്പെടുന്നതിന്‍റെ സന്തോഷം തിരുവെഴുത്തുകൾ നിരന്തരമായി നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. അവരുടെ കുടുംബങ്ങൾ ദൈവാനുഗ്രഹത്തിന്‍റെ പ്രതിഫലനങ്ങളായിരുന്നു. ഇന്ന് പലരും മക്കളെ ഒരു ഭാരമായി കാണുമ്പോൾ, അവരെ കർത്താവിന്‍റെ പ്രതിഫലവും പൈതൃകവും എന്നാണ് തിരുവെഴുത്ത് വിളിക്കുന്നത്. ആവർത്തനപുസ്തകം 28:4 “നിന്‍റെ ഗർഭത്തിന്‍റെ ഫലം അനുഗ്രഹിക്കപ്പെടുമാറാകട്ടെ” എന്നു പറയുന്നതു അനുസരണത്തിന്‍റെ അനുഗ്രഹങ്ങളിൽ ഒന്നായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ. എന്ന് സങ്കീ 127ല്‍ നാം വായിക്കുന്നു.

ശരിയായതിന് വേണ്ടി നിലകൊള്ളുമ്പോള്‍ എല്ലായ്പ്പോഴും നമുക്ക് ഭൂമിയിൽ സംരക്ഷണമോ സമൃദ്ധിയോ ലഭിക്കണമെന്നില്ല. ഉദാഹരണത്തിന്, ഹെരോദാവ് രാജാവിന്‍റെ വഴിപിഴച്ച ജീവിതം കണ്ട സ്നാപകൻ യോഹന്നാൻ ധൈര്യപൂർവം അവനെ ശാസിക്കുകയും, അതുമൂലം താന്‍ ശിരഛേദം ചെയ്യപ്പെടുകയും ചെയ്തു. അതുപോലെ, സുവിശേഷം പ്രസംഗിച്ചതിന് അപ്പൊസ്തലന്മാർ നിരന്തരമായ പീഡനവും, രക്തസാക്ഷിത്വവും നേരിട്ടതായി നാം കാണുന്നു. കഷ്ടപ്പാടുകളിൽ നിന്ന് രക്ഷപ്പെടുകയല്ല, മറിച്ച് അനന്തരഫലങ്ങൾ എന്തുതന്നെയായാലും ദൈവത്തോട് വിശ്വസ്തത പുലർത്തുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് തിരുവെഴുത്ത് നമ്മെ ആവര്‍ത്തിച്ച് ഓർമ്മിപ്പിക്കുന്നു.

രാജഭോജനം കഴിക്കുവാൻ ഉത്തരവിട്ടപ്പോൾ ദാനിയേലിനും സുഹൃത്തുക്കൾക്കും സമാനമായ ഒരു പരീക്ഷണം നേരിടേണ്ടിവന്നു, രാജാവ് കഴിക്കുന്ന ഭോജനം, മോശെയിലൂടെ ദൈവം നല്‍കിയ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു എന്നവര്‍ക്ക് അറിയാമായിരുന്നു. ചില ദിവങ്ങള്‍ തങ്ങളെ ശാകപദാര്‍ദ്ധങ്ങള്‍ നല്‍കി പരീക്ഷിക്കുവാന്‍ അവരുടെ അധികാരിയോട് നിർദ്ദേശിക്കുവാനുള്ള ജ്ഞാനം ദൈവം അവർക്ക് നൽകുകയും തങ്ങളുടെ വിശ്വസ്തതയ്ക്ക് പ്രതിഫലം ലഭിക്കുകയും ചെയ്തു. സൂതികര്‍മ്മിണികളെപ്പോലെ, അവർ അധികാരികളോട് വിവേകത്തോടെയും സൌമ്യതയോടെയും പ്രതികരിച്ചുവെങ്കിലും എതിർപ്പിനെ അഭിമുഖീകരിച്ച് ഉറച്ചുനിന്നു.

ദൈവം എല്ലാ കാര്യങ്ങളും നന്മയ്ക്കായി എങ്ങനെ പ്രവർത്തിക്കുന്നു! അടിച്ചമർത്തലിലൂടെ യിസ്രായേല്യരെ താഴ്ത്തിക്കെട്ടാനുള്ള ഫറവോന്‍റെ പദ്ധതി വിപരീത ഫലമുണ്ടാക്കി. എബ്രായ സ്ത്രീകളെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ള കഠിനാധ്വാനം അവരെ ശക്തരാക്കുകയും പകരം അനായാസമായി കുട്ടികളെ പ്രസവിക്കുവാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു.മിസ്രായേമ്യര്‍ അത് ദോഷത്തിനുവേണ്ടിയാണ് ഉദ്ദേശിച്ചതെങ്കിലും ദൈവം അത് നന്മയ്ക്കായി കൂടിവ്യാപരിപ്പിച്ചു.

തന്‍റെ തീരുമാനങ്ങള്‍ ഫലപ്രാപ്തിയിലേക്ക് വരുന്നില്ല എന്നു കണ്ട ഫറവോന്‍ മുമ്പത്തേതിലും പൈശാചികമായ ഒരു പദ്ധതി ആവിഷ്കരിച്ചു. ഓരോ എബ്രായ ആൺകുഞ്ഞിനെയും നൈൽ നദിയിലേക്ക് എറിയണമായിരുന്നു അത്. മിസ്രായീമിലെ ജനങ്ങൾക്ക് പവിത്രമായ നദിയാണ് നൈൽ. നാം വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് കാണുമ്പോള്‍ മുമ്പുണ്ടായതിനേക്കാള്‍ കഠിനമായ പരീക്ഷണള്‍ പിശാച് ഒരു പക്ഷേ നമുക്കെതിരെ കൊണ്ടു വന്നേക്കാം . എന്നാല്‍ നാം നമ്മുടെ വിശ്വാസത്തിൽ ക്ഷീണിച്ചുപോകാതെ ജാഗരൂകരായിരിക്കുകയും പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുകയും വേണം.

“പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ ഉണർന്നിരുന്നു പ്രാർത്ഥിക്കുവാന്‍” കര്‍ത്താവ് തന്‍റെ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകി. (Matthew 26:41). വിശ്വാസത്താൽ നടക്കുവാൻ രണ്ട് കാര്യങ്ങൾ അത്യാവശ്യമാണ്. പൂര്‍ണ്ണ ജാഗ്രതയും, ആശ്രയത്വവും. നമ്മുടെ ബലഹീനതകൾ നാം വേഗത്തിൽ തിരിച്ചറിയണം. മറുവശത്ത്, വിശ്വാസത്തിന്‍റെ അനുസരണത്തിൽ നാം ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കയും വേണം. ഇവയില്ലാതിരുന്നാല്‍, നാം പാപത്തിൽ വീഴുവാൻ സാധ്യതയേറേയാണ്.

നമുക്ക് ഈ വിശ്വസ്തരായ സ്ത്രീ രത്നങ്ങളെപ്പോലെ ആകാം. താഴ്മയോടെ, നമ്മുടെ തൊഴിലോ, സ്വാധീനവലയമോ എന്തുതന്നെയായാലും ദൈവത്തെ ഭയപ്പെടുവാൻ നമുക്ക് തീരുമാനിക്കാം. അപകടവും, ബുദ്ധിമുട്ടും മുന്നിലുണ്ടെങ്കിലും നമുക്ക് അവനെ അനുസരിക്കാം. അധികാരത്തിലുള്ളവരുടെ മുമ്പിൽ നമുക്കു സൌമ്യരും ജ്ഞാനികളുമായിരിക്കാം. നമുക്ക് ദൈവത്തിന്‍റെ പരമാധികാരത്തിലും നന്മയിലും വിശ്വസിക്കാം. അന്യായമായി പ്രവര്‍ത്തിക്കുന്ന ശക്തരായ സ്വേച്ഛാധിപതികളെ അഭിമുഖീകരിക്കുമ്പോൾ ദൈവം നമുക്ക് സംരക്ഷണവും അവനെ അനുസരിക്കുവാനുള്ള കൃപയും, ബലവും നൽകും. നന്മ ചെയ്തതിന് നാം കഷ്ടമനുഭവിക്കുന്നതിലൂടെ, നമ്മുടെ രക്ഷാനായകനായ ക്രിസ്തുവിനെ മാത്രം പിന്തുടരുന്നതിനാൽ നമുക്ക് ദൈവിക ആശ്വാസവും, സമാധാനവും പ്രാപിക്കുവാന്‍ സാധിക്കും. അവന്‍റെ അളവറ്റ അനുഗ്രഹങ്ങൾ ഈ ജീവിതത്തിലും മരണത്തിലും വരാനിരിക്കുന്ന ജീവിതത്തിലും നമ്മെ അനുഗമിക്കും! ഇവിടെ നാം അഭിമുഖീകരിച്ചേക്കാവുന്ന ചെറുതും താൽക്കാലികവുമായ കഷ്ടപ്പാടുകളെക്കാൾ വളരെ വലുതാണ് അവ എന്നത് എപ്പോഴും നമുക്ക് ആശ്വാസം നല്‍കുന്നു. ആ പ്രതിഫലത്തിന്നായി നോക്കി പാര്‍ക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.