23M_മാര്-ഗവും ലക്ഷ്യവും പ്രധാനം
ഉല്‍പത്തി 27.1-10 യിസ്ഹാക് വൃദ്ധനായി അവന്‍റെ കണ്ണു കാൺമാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്തമകനായ ഏശാവിനെ വിളിച്ച് അവനോട്: മകനേ എന്നു പറഞ്ഞു. അവൻ അവനോട്: ഞാൻ ഇതാ എന്നു പറഞ്ഞു.
2 അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്‍റെ മരണദിവസം അറിയുന്നതുമില്ല.
3 നീ ഇപ്പോൾ നിന്‍റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കു വേണ്ടി വേട്ട തേടി
4 എനിക്ക് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കും മുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു.
5.യിസ്ഹാക് തന്‍റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി.
6 റിബെക്കാ തന്‍റെ മകനായ യാക്കോബിനോടു പറഞ്ഞത്: നിന്‍റെ അപ്പൻ നിന്‍റെ സഹോദരനായ ഏശാവിനോട് സംസാരിച്ചു:
7 ഞാൻ എന്‍റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു.
8 ആകയാൽ മകനേ, നീ എന്‍റെ വാക്കു കേട്ട്, ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക.
9 ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ട് നിന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും.
10 നിന്‍റെ അപ്പൻ തിന്നു തന്‍റെ മരണത്തിനുമുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അവന്‍റെ അടുക്കൽ കൊണ്ടുചെല്ലേണം.
ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെ നടന്നു പോവുകയായിരുന്ന ഒരു വഴിയാത്രക്കാരന്‍ തന്‍റെ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്തിച്ചേരാൻ ഒരു കുറുക്കുവഴി കണ്ടെത്തി. മറ്റാരും കാണാത്ത ആ വഴി കണ്ടതില്‍ താന്‍ സന്തോഷിച്ചെങ്കിലും പാതിവഴിയിൽ, ആ വഴി അപകടകരവും തടസ്സങ്ങളാൽ നിറഞ്ഞതുമാണെന്ന് അവന്‍ മനസ്സിലാക്കി., ആത്യന്തികമായി അവന്‍റെ യാത്ര ചുരുക്കുന്നതിനുപകരം തടസ്സങ്ങള്‍ താണ്ടി പോവുകവഴി ആ യാത്ര ബുദ്ധമുട്ടും, സമയനഷ്ടവും മാത്രമാണ് തനിക്ക് നല്‍കിയത്. പെട്ടെന്നുള്ള പരിഹാരങ്ങളും കുറുക്കുവഴികളും തേടുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വലിയ വെല്ലുവിളികൾക്കും തിരിച്ചടികൾക്കും ഇടയാക്കുമെന്ന് യാക്കോബിന്‍റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
“അനുഗ്രഹം” എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന ബരാക്ക് എന്ന എബ്രായ പദം സ്തുതി, അഭിനന്ദനം, അല്ലെങ്കിൽ അഭിവാദ്യം എന്നിങ്ങനെയും ബൈബിളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
അനുഗ്രഹത്തിന്ന് ഉപയോഗിച്ചിട്ടുള്ള മറ്റൊരു എബ്രായ പദം എഷെര്‍ സന്തോഷം എന്ന ആശയമാണ് അര്‍ത്ഥമാക്കുന്നത്.
ഉദാഹരണത്തിന്ന് ഇയ്യോബ് 5.17 ദൈവം ശാസിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; സർവ്വശക്തന്‍റെ ശിക്ഷ നീ നിരസിക്കരുതു.
കർത്താവായ ദൈവത്തെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്നവർക്ക് ഇത്തരത്തിലുള്ള സന്തോഷകരമായ അനുഗ്രഹത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സങ്കീർത്തനപുസ്തകത്തിൽ ഉടനീളം കാണാം.
തന്‍റെ പിതാമഹനായ അബ്രഹാമിനും അവൻ്റെ സന്തതിക്കും വാഗ്‌ദത്തം ചെയ്‌ത ദൈവത്തിൻ്റെ അനുഗ്രഹത്തെക്കുറിച്ച് യാക്കോബ് നിശ്ചയമായി കേട്ടിട്ടുണ്ടാകും. അവൻ ഭൂമിയെ അവകാശമാക്കുമെന്നും, ആകാശത്തിലെ നക്ഷത്രങ്ങളോളം വരുന്ന സന്തതികൾ അവനുണ്ടാകുമെന്നും, അവൻ അനുഗ്രഹിക്കപ്പെട്ടവനായിരിക്കുമെന്നും, മുഴുവൻ ഭൂമിക്കും അനുഗ്രഹത്തിൻ്റെ മാധ്യമമാകുമെന്നും ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്തു.
ആ അനുഗ്രഹം വാഗ്ദത്ത പുത്രനായ തൻ്റെ പിതാവായ യിസഹാക്കിനുള്ളതാണെന്നും യാക്കോബിന് അറിയാമായിരുന്നു. അബ്രഹാമിൻ്റെ വിളിയെക്കുറിച്ചും ദൈവം അവനോട് നൽകിയ വാഗ്ദാനത്തെക്കുറിച്ച് ഏശാവും നിശ്ചയമായി അറിഞ്ഞിരിക്കണം. യിസഹാക്കിനും റബേക്കയ്ക്കും ജനിച്ച ഇരട്ട ആൺമക്കളിൽ ഇളയവനായിരുന്നു യാക്കോബ്. ഇരുവരും വാഗ്ദാനത്തിൻ്റെ അവകാശികളായിരുന്നു. എന്നാൽ മൂത്ത മകൻ്റെ ജന്മാവകാശമോ, അതുമൂലം അബ്രഹാമിന്നു ദൈവം നല്‍കിയ വാഗ്ദത്തങ്ങളോ സ്വാഭാവികമായും തനിക്കു ലഭിക്കില്ലെന്ന് യാക്കോബിന് അറിയാമായിരുന്നു.
ഏശാവ് പ്രകൃതിയാല്‍ ഊഷ്മളഹൃദയനും വൈകാരികമായി തുറന്ന മനുഷ്യനുമായിരുന്നു, ഇങ്ങനെയുള്ള വ്യക്തിത്തമുള്ള ഒരുവന് മറ്റുള്ളവരെ തങ്കലേക്ക് ആകര്‍ഷിക്കുവാന്‍ എളുപ്പമായിരിക്കും. ഉദാഹരണത്തിന്, അവൻ വനങ്ങളില്‍ വേട്ടയാടി ശീലിച്ചവനും, തന്‍റെ സമയത്തിന്‍റെ സിംഹപങ്കും ഭവനത്തിന്ന് പുറത്ത് ചെലവഴിച്ചവനായിരുന്നു. അങ്ങനെ വേട്ടയാടികൊണ്ടു വന്ന വേട്ടയിറച്ചി പാകം ചെയ്ത് തന്‍റെ പിതാവിന്‍റെ മനം കവരുവാന്‍ അവന്ന് എളുപ്പം സാധിച്ചു. ഈ ബന്ധം അതിവേഗം പിതാവിൻ്റെ വാത്സല്യങ്ങളിലേക്കും അതു മൂലം പിതാവിന്‍റെ അനുഗ്രഹം വാങ്ങുന്നതിലേക്കും വഴിമാറി. തൻ്റെ അനുഗ്രഹത്തിൽ നിന്ന് വഞ്ചിക്കപ്പെട്ടപ്പോൾ, തന്നെയും അനുഗ്രഹിക്കണമെന്ന് പിതാവിനോട് അവൻ തീക്ഷ്ണതയോടെയും കണ്ണീരോടെയും അപേക്ഷിച്ചു. ഏറെക്കാലം കഴിഞ്ഞ്, യാക്കോബ് തന്‍റെ കുടുംബവുമായി കനാനിലേക്ക് മടങ്ങുമ്പോൾ, സ്നേഹഭാവത്തോടെയുള്ള വരവേൽപ്പും കണ്ണീരോടെ അവൻ്റെ കഴുത്തിൽ വീഴുന്നതും യിസഹാക്കിൻ്റെ വാസസ്ഥലത്തേക്ക് അവനെ കൊണ്ടുപോകാൻ വാഗ്ദാനവും നൽകുന്നതുമെല്ലാം നാം വായിക്കുന്നുണ്ട്.
എന്നിരുന്നാലും, സ്വാഭാവികമായി ഊഷ്മളവും സൗഹാർദ്ദപരവും, ഉദാരമനസ്കനുമായവന്‍ ഒരു ആത്മീയനാകുമെന്ന് ഉറപ്പായി പറയുവാന്‍ സാധ്യമല്ല എന്നുള്ള വസ്തുത ഈ സഹോദരങ്ങളുടെ ജീവിതം പരിശോധിച്ചാല്‍ വ്യക്തമായി കാണാവുന്നതാണ്. ഏശാവ് ദൈവത്തിൻ്റെ അനുഗ്രഹങ്ങളെ വിലമതിച്ചില്ല. അങ്ങനെ അവൻ തൻ്റെ തല്‍ക്ഷണമുള്ള ആഗ്രഹങ്ങൾക്കായി തൻ്റെ ജന്മാവകാശം വിറ്റതായി നാം കാണുന്നു. അവൻ കനാന്യ സ്ത്രീകളെ വിവാഹം കഴിച്ചതില്‍ നിന്ന് അബ്രഹാമിൻ്റെ അനുഗ്രഹങ്ങളോടുള്ള തന്‍റെ മനോഭാവം നാം കാണുന്നു. മാത്രമല്ല, ഒരു നേരത്തെ ഭക്ഷണത്തിനായി തൻ്റെ ജന്മാവകാശം വില്‍ക്കുക വഴി ആ അവകാശം അവന്‍ അലക്ഷ്യമാക്കിക്കളഞ്ഞു. ഒരു പാത്രം പായസത്തിനായി തന്‍റെ ജേഷ്ടാവകാശം വില്‍ക്കുവാൻ അവനെ പ്രേരിപ്പിച്ച വിഡ്ഢിത്തമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് അദ്ദേഹം ഒരിക്കലും പശ്ചാത്തപിച്ചിട്ടില്ലെന്നത് ശ്രദ്ധേയമാണ്. പിതാവിൻ്റെ അനുഗ്രഹം നഷ്‌ടപ്പെട്ടതിൽ അദ്ദേഹം ഖേദിക്കുന്നുണ്ടായിരുന്നു, എന്നാൽ തൻ്റെ ജേഷ്ടാവകാശത്തെ നിന്ദിച്ച ആ നിർഭാഗ്യകരമായ ദിവസം അത് കൈമാറ്റം ചെയ്തതില്‍ തൻ്റെ സ്വന്തം ഉത്തരവാദിത്തത്തെക്കുറിച്ച് അദ്ദേഹം ഒരിക്കലും ചിന്തിച്ചില്ല. പകരം, രണ്ടിൽ നിന്നും തന്നെ വഞ്ചിച്ചതിൻ്റെ ഏക കുറ്റം സഹോദരൻ്റെ മേൽ ചുമത്തി. നമ്മുടെ ആത്മീയ വീഴ്ചകളുടെയും തകർച്ചകളുടെയും നഷ്ടങ്ങളുടെയും ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുക എന്നതാണ് ദൈവഹിതത്തിൻ്റെ പാതയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനിവാര്യമായ ആദ്യ ചുവടുവെപ്പ്. ഏശാവ് ഒരിക്കലും സ്വീകരിക്കാൻ പാടില്ലാത്ത ഒരു നടപടിയായിരുന്നു അത്. ഭൂമിയിലെ അനുഗ്രഹങ്ങളുടെ നഷ്ടമായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. അവൻ്റെ സ്വാഭാവികമായ തനിക്കുണ്ടായിരുന്ന ആഗ്രഹങ്ങളും വികാരങ്ങളും ദൈവമുമ്പാകെയുള്ള അവൻ്റെ പാപത്തെക്കുറിച്ച് അവനെ അന്ധനാക്കി.
മറുവശത്ത്, ദൈവത്തിൻ്റെ വാഗ്ദത്തത്തിൻ്റെയും പിതാവിൻ്റെ അനുഗ്രഹത്തിൻ്റെയും ശാശ്വതമായ പ്രാധാന്യം യാക്കോബ് വ്യക്തമായി മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്തു. തെറ്റായ മാർഗം പിന്തുടർന്നിട്ടും നല്ല സാക്ഷ്യം ലഭിച്ച അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെ തെളിവാണിത്. അവരുടെ വിശ്വാസയാത്രയില്‍ ഈ രണ്ടു സഹോദരന്മാര്‍ക്ക് സംഭവിച്ചതെന്തെന്ന് നമുക്ക് അല്‍പമായി നോക്കാം.
വൃദ്ധനായി, കാഴ്ചമങ്ങിയ യിസഹാക്ക്, ദൈവം തന്‍റെ ഭാര്യയിലൂടെ വെളിപ്പെടുത്തിയിരുന്ന ദൈവിക നിശ്ചയത്തിന്ന് വിപരീതമായി തന്‍റെ മൂത്ത മകനെ അനുഗ്രഹിക്കുവാന്‍ രഹസ്യമായി അവനെ വിളിക്കുന്നു. വാഗ്ദത്ത സന്തതിയുടെ കാര്യം ദൈവം അബ്രഹാമിനെ അറിയിച്ചപ്പോള്‍ തന്‍റെ മൂത്ത പുത്രനായ യിശ്മായേല്‍ നിന്‍റെ മുമ്പാകെ ജീവിച്ചാല്‍ മതിയെന്നായിരുന്നു അബ്രഹാമിന്‍റെ ചിന്ത. 19 അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. എന്നാല്‍ ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്‍റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു സാറ പറഞ്ഞ വാക്കുകള്‍ കഠിനമായിരുന്നു എങ്കിലും അബ്രഹാം അത് ദൈവഹിതമാണെന്ന് മനസ്സിലാക്കി അനുസരിച്ചു. എന്നാല്‍ തന്‍റെ മകന്‍ യിസഹാക്ക് മനഃപൂര്‍വം അത് അവഗണിക്കുകയും ദൈവഹിതം തിരഞ്ഞെടുക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുകയും തന്മൂലം ദുഃഖകരമായ അനന്തരഫലങ്ങള്‍ അനുഭവിക്കുകയും ചെയ്തു.
സാറ മക്കളെ പ്രസവിക്കാറായപ്പോള്‍ തനിക്കു ലഭിച്ച ദൈവിക വെളിപ്പാട് ഇങ്ങനെയായിരുന്നു. രണ്ടു ജാതികൾ നിന്‍റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്‍റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും, മൂത്തവൻ ഇളയവനെ സേവിക്കും. ഈ പ്രവചനം അനുസരിച്ച് തന്‍റെ ഇഷ്ടപുത്രനായ യാക്കോബിനാണ് അനുഗ്രഹം ലഭിക്കേണ്ടത് എന്ന് റിബേക്ക തീരുമാനിക്കുകയും അതിന്നായി വട്ടംകൂട്ടുകയും ചെയ്തു. ഖേദകരമെന്നു പറയട്ടെ, ഈ സുപ്രധാന കാര്യത്തെക്കുറിച്ച് ഇവിടെ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ആശയവിനിമയം നടന്നതായി നാം വായിക്കുന്നില്ല. തന്‍റെ വേട്ടയിറച്ചിയോടുള്ള കൊതിമൂലം വെളിപ്പെടുത്തിയിരുന്ന ദൈവഹിതം മറക്കുവാനും അതുമൂലം ഒരിക്കല്‍ അഗാദമായ സ്നേഹബന്ധം പുലര്‍ത്തിയിരുന്ന ഈ ദമ്പതികള്‍ തമ്മില്‍ അകലുവാനും കാരണമായി.
തൻ്റെ വൃദ്ധനായ പിതാവിനെ കബളിപ്പിക്കാൻ റിബേക്ക യാക്കോബിനെ പ്രേരിപ്പിക്കുകയും അതിന്നായി അവനെ സഹായിക്കുകയും ചെയ്തു. ഭാവിയില്‍ തന്‍റെ സ്വന്തം സഹോദരനായ ലാബാനിൽ നിന്ന് തൻ്റെ പ്രിയപ്പെട്ട മകന് എത്ര വലിയ ക്ലേശങ്ങളാണ് സഹിക്കേണ്ടി വരിക എന്ന് അവൾ ചിന്തിച്ചിട്ടുണ്ടാകയില്ല. നാം വിതയ്ക്കുന്നത് നാം കൊയ്യും. യാക്കോബ് റാഹേലുമായുള്ള വിവാഹം നിശ്ചയിച്ച സമയത്ത് ലാബാൻ റാഹേലിനെ മാറ്റി, ലേയയെ വധുവിൻ്റെ സ്ഥാനത്ത് നിർത്തി. യാക്കോബിന് ഒരിക്കലും ആഗ്രഹിക്കാത്ത ഒരു ഭാര്യക്ക് വേണ്ടി 7 വർഷം അധികമായി ജോലി ചെയ്യേണ്ടിവന്നു, കൂടാതെ തൻ്റെ രണ്ട് ഭാര്യമാർക്കിടയിൽ തൻ്റെ വീട്ടിൽ അനന്തമായ കലഹവും അസൂയയും കാണേണ്ടിവന്നു. ലേയയെ സ്‌നേഹിച്ചില്ലെങ്കിലും ലേയയെ തന്‍റെ ഭാര്യയായി അവന്‍ സ്വീകരിച്ചു, അവളിൽ ആറ് ആൺമക്കളും ഒരു മകളും ജനിച്ചു. എന്നിട്ടും ഇരുവർക്കും തമ്മില്‍ കാര്യങ്ങൾ വളരെ ക്ലേശകരമായിരുന്നു.
ദൈവത്തിൻ്റെ വാഗ്ദത്തങ്ങളുടെ പ്രാധാന്യത്തില്‍ വിശ്വസിക്കാൻ റബേക്കയ്ക്കും യാക്കോബിനും കഴിഞ്ഞു എങ്കിലും, തന്ത്രങ്ങൾ അവലംബിക്കാതെ കർത്താവ് തൻ്റെ വാക്ക് നിറവേറ്റുന്നതിനായി ക്ഷമയോടെ കാത്തിരിക്കാൻ മതിയായ വിശ്വാസം അവര്‍ക്കുണ്ടായിരുന്നില്ല. ദൈവത്തിൻ്റെ അനുഗ്രഹത്തിനും വാഗ്ദത്തത്തിനും വേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടത് തീർച്ചയായും നമ്മുടെ ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്. എബ്രാ 6.11 എന്നാൽ നിങ്ങൾ ഓരോരുത്തൻ പ്രത്യാശയുടെ പൂർണ്ണനിശ്ചയം പ്രാപിപ്പാൻ അവസാനത്തോളം ഒരുപോലെ ഉത്സാഹം കാണിക്കേണമെന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
യാക്കോബ് ശരിയായ കാര്യം എത്തിപ്പിടിക്കുവാന്‍ വേണ്ടി തെറ്റായ വഴി പിന്തുടർന്നു. നമ്മുടെ ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളിൽ ഒന്നാണിത്. സാത്താൻ മരുഭൂമിയിൽ കർത്താവിനെ ഇതേ രീതിയിലാണ് പരീക്ഷിച്ചത്. എന്തുചെയ്യണമെന്ന് പിതാവ് പറയുവാൻ കാത്തിരിക്കാതെ, അവൻ്റെ വിശപ്പടക്കുവാൻ കല്ല് അപ്പമാക്കി മാറ്റാൻ അവൻ ആദ്യം അവനെ പ്രലോഭിപ്പിച്ചു. വിശപ്പ് ഒരു നിയമാനുസൃതവും സ്വാഭാവികവുമായ മനുഷ്യൻ്റെ ആവശ്യമാണെങ്കിലും, മറ്റെല്ലാ മനുഷ്യൻ്റെ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും പോലെ അത് ദൈവഹിതത്തിന് വിധേയമാക്കേണ്ടതാണ്. ഏതൊരു ആഗ്രഹവും, അത് ന്യായമായതാണെങ്കില്‍ പോലും ദൈവഹിതത്തിന്നുള്ളിലാണോ എന്ന് നാം ഉറപ്പു വരുത്തണം.
ദൈവത്തിൻ്റെ പദ്ധതികളെ ആർക്കും തകർക്കുവാനാവില്ല. എല്ലാം നമുക്ക് എതിരാണെന്ന് തോന്നുമ്പോഴും ദൈവത്തിൻ്റെ മഹത്വത്തെയും നന്മയെയും കുറിച്ച് നാം ബോധവാന്മാരായിരിക്കണം. കര്‍ത്താവായ യേശുക്രിസ്തുവിൻ്റെ കുരിശുമരണമാണ് ഈ സത്യത്തിൻ്റെ ഏറ്റവും വലിയ ദൃഷ്ടാന്തം. ദുഷ്ടന്മാർ അവനെ ക്രൂശിച്ചപ്പോൾ, അവൻ്റെ മരണവും പുനരുത്ഥാനവും എല്ലാ മനുഷ്യർക്കും വേണ്ടിയുള്ള ദൈവത്തിൻ്റെ വീണ്ടെടുപ്പ് പദ്ധതി പൂർത്തീകരിച്ചു.
നാം യഥാര്‍ത്ഥമായി അനുതപിക്കുകയും അവൻ്റെ വഴികളിലേക്ക് തിരിയുകയും ചെയ്യുന്നുവെങ്കിൽ, വിശ്വാസത്തിലെ നമ്മുടെ വീഴ്ചകളില്‍ കൂടെയും നമ്മെ രൂപപ്പെടുത്താൻ ദൈവത്തിന് കഴിയും. ആ വഴി ഒരുപക്ഷേ കഠിനമായിരിക്കാം, എന്നാല്‍ അത് നമ്മെ വിശുദ്ധിയിലേക്ക് നയിക്കും എന്നതില്‍ സംശയമില്ല.
ദൌതിക സൂഖങ്ങള്‍ക്കും, സന്തോഷങ്ങള്‍ക്കും വേണ്ടിയുള്ള നമ്മുടെ ജഡിക ആഗ്രഹങ്ങളെ
കര്‍ത്താവിന്‍റെ കർശന നിയന്ത്രണത്തിൻകീഴിൽ നമുക്ക് കൊണ്ടുവരാം. സ്വയമായി തീരുമാനങ്ങള്‍ എടുക്കുന്നതിനുപകരം നമ്മുടെ ജീവിതത്തിൽ ദൈവം തൻ്റെ ഇഷ്ടം നിറവേറ്റുന്നതിനായി നമുക്ക് ക്ഷമയോടെ കാത്തിരിക്കാം. ചെറുതോ വലുതോ ആയ തെറ്റുകൾ സംഭവിക്കുമ്പോൾ, നമുക്ക് തൽക്ഷണം ദൈവത്തിലേക്ക് മടങ്ങിവരാം, എന്ത് വിലകൊടുത്തും തനിക്ക് ഇഷ്ടമുള്ളത് നമ്മിൽ പ്രവർത്തിക്കുവാൻ കര്‍ത്താവിനെ നാം അനുവദിക്കുക. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.


