02M-ദൈവത്തിന് റെ സാദൃശ്യത്തില്
ഉല്‍പത്തി 1.26 അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു.
27 ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്‍ടിച്ചു, ദൈവത്തിന്‍റെ സ്വരൂപത്തിൽ അവനെ സൃഷ്‍ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്‍ടിച്ചു.
നമുക്ക് ഒരു കടലാസ് നഷ്ടപ്പെട്ടെന്ന് സങ്കൽപ്പിക്കുക. പിന്നീട് മാലിന്യക്കൂമ്പാരത്തിൽ അത് കണ്ടെത്തിയാൽ, അത് എടുക്കുവാൻ നാം താല്‍പര്യപ്പെടുകയില്ല. പക്ഷേ അത് ഒരു 500 രൂപ നോട്ടാണെങ്കില്‍ നാമത് കുനിഞ്ഞെടുക്കും. എന്തുകൊണ്ട്? രണ്ടും കടലാസുതുണ്ടുകളാണ്. എന്നാൽ ഒന്നില്‍ നമ്മുടെ സര്‍ക്കാരിന്‍റെ മുദ്രയും, സ്വരൂപവുമുണ്ട്. ,അത് മണ്ണിൽ മൂടികിടന്നാലും അതിന് വിലയുണ്ട്. അതുപോലെ, നാമോരുത്തരും, മറ്റെല്ലാ സൃഷ്ടികളിൽ നിന്നും വ്യത്യസ്തരാണ്, കാരണം നാം ദൈവത്തിന്‍റെ പ്രതിച്ഛായില്‍ സൃഷ്ടിക്കപ്പെട്ടവരാണ്.
ദൈവത്തിന്‍റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെടുക എന്നതിന്‍റെ അർത്ഥമെന്താണ് നമുക്ക് ദൈവവുമായി ഏത് മേഖലയിലാണ് രൂപസാദൃശ്യമുള്ളത്? എബ്ര 2.6 എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?
7 നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്‍റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,
8 സകലവും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു.
മറ്റെല്ലാ ജീവജാലങ്ങളിൽ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത് ദൈവത്തിന്‍റെ പ്രതിച്ഛായയാണ്. നാം ദൂതന്മാരേക്കാള്‍ അൽപ്പം കുറവുള്ളവരാണെങ്കിലും, മറ്റുള്ള സൃഷ്ടികളെയെല്ലാം ഭരിക്കവാന്‍ തക്കതായ തേജസ്സും, ബഹുമാനവും ദൈവം അവനെ അണിയിച്ചിരിക്കുന്നു. ദൈവത്തിന്‍റെ പ്രതിച്ഛായയിൽ നമ്മുടെ യുക്തിയും ധാർമ്മിക ബോധവും സർഗ്ഗാത്മകത പുലർത്താനുള്ള നമ്മുടെ കഴിവും എല്ലാറ്റിനുമുപരിയായി ദൈവവുമായും മറ്റ് വ്യക്തികളുമായും ബന്ധപ്പെടാനുള്ള നമ്മുടെ ശേഷിയും ഉൾപ്പെടുന്നു. പാപം നിമിത്തം നാം ദൈവത്തിൽ നിന്ന് അകന്നുപോയിരിക്കുന്നു, അതു മുഖാന്തരം നമ്മിലുള്ള ദൈവത്തിന്‍റെ പ്രതിച്ഛായ ദുഷിച്ചു പോയതായി കാണാം. എന്നിരുന്നാലും പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ നമ്മെ തന്നോട് നിരപ്പിക്കുകയും തന്‍റെ സ്വരൂപത്തിൽ നമ്മെ പുതുതാക്കുകയും ചെയ്തു.
കൊലോ 3.10 തന്നെ സൃഷ്ടിച്ചവന്‍റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നവല്ലോ.
എഫേ 4.22 മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു
23 നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു
24 സത്യത്തിന്‍റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ.
ഈ പുതുക്കത്തെക്കുറിച്ച് എബ്രായ ലേഖനകര്‍ത്താവ് തുടര്‍ന്ന് പറയുന്നത് ശ്രദ്ധിക്കുക എബ്രാ 2.8 സകലവും അവന്‍റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.
9 എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
മനുഷ്യൻ അവനുവേണ്ടി ദൈവം കരുതിവച്ചിരുന്ന ശ്രേഷ്ടമായ മഹത്വം നേടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെങ്കിലും, നമ്മുടെ കർത്താവായ യേശുക്രിസ്തു കുരിശിലെ തന്‍റെ മരണത്തിലൂടെ നമ്മുടെ ശുഭകരമായ ഭാവി സാക്ഷാത്കരിച്ചു. താന്‍ പിതാവിന്‍റെ വലത്തുഭാഗത്ത് ഇരിക്കുവാനുള്ള യോഗ്യത നേടിയെടുത്തത് മുഖേന ഇന്ന് തന്നില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സ്വര്‍ഗ്ഗത്തിലെ സകല ബഹുമാനങ്ങളും അനുഗ്രഹങ്ങളും സ്വന്തമാണ്.
അവന്‍റെ സ്വരൂപത്തില്‍ സൃഷ്ടിക്കപ്പെട്ടതാകകൊണ് രണ്ട് പ്രധാന സത്യങ്ങള്‍ നാം അറിയേണ്ടത് ആവശ്യമാണ്.
ദൈവത്തിന്‍റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവർക്ക് ഒരു ജീവിതലക്ഷ്യമുണ്ട്
ആത്മാവായ ദൈവത്തിന്‍റെ പ്രതിച്ഛായ ദൃശ്യ രൂപത്തിൽ പ്രദർശിപ്പിക്കുക എന്നതാണ് മനുഷ്യരെക്കുറിച്ചുള്ള ദൈവേഷ്ടം. അതിനാൽ 1 കോരി 11.7ല്‍ മനുഷ്യനെ ദൈവത്തിന്‍റെ മഹത്വം എന്ന് വിളിക്കുന്നു. സ്ത്രീകളെ പുരുഷന്‍റെ മഹത്വമെന്ന് പറയപ്പെടുന്നത് അവർ അവന്‍റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടതുകൊണ്ടും അവനിൽ നിന്ന് സൃഷ്ടിക്കപ്പെട്ടതുകൊണ്ടും മാത്രമാണ്. എന്നാൽ പുരുഷന്മാരും സ്ത്രീകളും ദൈവത്തിന്‍റെ പ്രതിച്ഛായയിലാണ് സൃഷ്ടിക്കപ്പെട്ടത്. അവന്‍റെ മഹത്വം, അഥവാ അവന്‍റെ സൗന്ദര്യം, സ്നേഹം, സമാധാനം, ദീര്‍ക്ഷെമ എന്നിങ്ങനെയുള്ള അവന്‍റെ സ്വഭാവവൈശിഷ്ട്യങ്ങള്‍ ലോകത്തിന് ചിത്രീകരിക്കുവാനാണ് ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത്.
ദൈവം നമ്മുടെ പാപങ്ങളെല്ലാം ക്ഷമിച്ച്, നമ്മെ തന്‍റെ രക്തത്താല്‍ വീണ്ടെടുത്തിരിക്കയാല്‍ നാം അവന്‍റെ ജനമായി തീര്‍ന്നിരിക്കയാണ്. ഈ തിരഞ്ഞെടുക്കപ്പെട്ട തന്‍റെ ജനത്തിലൂടെ ദൈവിക സ്വഭാവം ഈ ലോകത്തിന് പ്രദര്‍ശിപ്പിക്കുവാന്‍ ദൈവത്തിന് പ്രസാധം തോന്നി. നാം ഇങ്ങനെ വായിക്കുന്നു. 1 പത്രോ 2.9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്‍റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്‍റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
10 മുമ്പെ നിങ്ങൾ ജനമല്ലാത്തവർ; ഇപ്പോഴോ ദൈവത്തിന്‍റെ ജനം; കരുണ ലഭിക്കാത്തവർ; ഇപ്പോഴോ കരുണ ലഭിച്ചവർ തന്നേ.
ദൈവത്തിന്‍റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവർ ദൈവസന്നിധിയില്‍ വിലയേറിയവരാണ്.
ഏതു മനുഷ്യനും, എത്ര അധഃപതിച്ചാലും, താഴ്ന്നവനായാലും, ദൈവപുത്രനായ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തിലൂടെ വീണ്ടെടുപ്പിന് പ്രാപ്തനാണ്. എല്ലാ വ്യക്തികളെയും വീണ്ടെടുക്കുവാന്‍ ദൈവപുത്രന്‍ നല്‍കിയ വിലയും അമൂല്യമാണ്. അതുകൊണ്ട് നമ്മുടെ സഹജീവികളെ സ്നേഹിക്കുവാനും, ആദരിക്കുവാനും ദൈവം നമ്മെ ഉദ്ബോധിപ്പിക്കുന്നു. അതുകൊണ്ട് നാം മറ്റുള്ളവര്‍ക്ക് നന്മ ചെയ്യുമ്പോള്‍ അത് ദൈവത്തോടുള്ള അനുസരണത്തിലും വിശ്വാസത്തിലും ചെയ്യുന്നതായി ദൈവം കണക്കാക്കുന്നു. അതുപോലെതന്നെ നാം മറ്റുള്ളവരെ ദുഷിക്കുമ്പോള്‍ അത് തന്നോടുള്ള മത്സരമായും ദൈവം കണക്കാക്കുന്നു.
യാക്കോബ് 3.8 നാവിനെയോ മനുഷ്യക്കാർക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.
9 അതിനാൽ നാം കർത്താവും പിതാവുമായവനെ സ്തുതിക്കുന്നു; ദൈവത്തിന്‍റെ സാദൃശ്യത്തിൽ ഉണ്ടായ മനുഷ്യരെ അതിനാൽ ശപിക്കുന്നു.
ഉത്പത്തി 9.6 ആരെങ്കിലും മനുഷ്യന്‍റെ രക്തം ചൊരിയിച്ചാൽ അവന്‍റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്‍റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്.
നാം അനുദിനം കര്‍ത്താവിനെ അനുസരിച്ച് ജീവിക്കുമ്പോള്‍, നാം അവന്‍റെ സാദൃശ്യത്തിലേക്ക് മാറിക്കൊണ്ടിരിക്കയാണ്. നമുക്ക് സന്തോഷത്തോടെയും മനസ്സോടെയും പിതാവിന്‍റെ ശിക്ഷണത്തിന് കീഴ്പ്പെടാം, അങ്ങനെ ഓരോ ദിവസവും അവന്‍റെ മഹത്തായ സ്വരൂപം നമുക്ക് കൂടുതൽ വ്യക്തമായും, പൂർണ്ണമായും ഈ ലോകത്തിന് കാണിച്ച് കൊടുക്കാം. ദൈവനാമം നമ്മിലൂടെ മഹത്യപ്പെടുവാന്‍ ഇടയാകട്ടെ.


