+91 9892580744
gospelbroadcast@yahoo.com

Feb-17-13M-നമ്മോട് നിയമം ചെയ്യുന്ന ദൈവം

Feb-17-13M-നമ്മോട് നിയമം ചെയ്യുന്ന ദൈവം

LWGB Malayalam Podcast
LWGB Malayalam Podcast
Feb-17-13M-നമ്മോട് നിയമം ചെയ്യുന്ന ദൈവം
Loading
/

13M_നമ്മോട് നിയമം ചെയ്യുന്ന ദൈവം

ഉല്‍പത്തി 17.7 ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും.
8 ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.
9 ദൈവം പിന്നെയും അബ്രാഹാമിനോട് അരുളിച്ചെയ്തത്: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.
10 എനിക്കും നിങ്ങൾക്കും നിന്റെശേഷം നിന്റെ സന്തതിക്കും മധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിത്: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.
11 നിങ്ങളുടെ അഗ്രചർമം പരിച്ഛേദന ചെയ്യേണം; അത് എനിക്കും നിങ്ങൾക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.

അബ്രഹാം കല്‍ദയരുടെ പട്ടണമായ ഊര്‍ വിട്ട് 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്നത്. ഒരു മകന്‍ ലഭിക്കും എന്ന പ്രതീക്ഷയില്‍, സാറയുടെ ഉപദേശം കേട്ട് അടിമസ്ത്രീയായ ഹാഗാറിലൂടെ ഇശ്മായേല്‍ ജനിച്ചിട്ട് 13 വര്‍ഷം കഴിഞ്ഞു. അവരുടെ പരിശ്രമത്തിലൂടെ വാഗ്ദത്തിസന്തതി ലഭിക്കയില്ല എന്ന് ഈ സമയമായപ്പോഴും അബ്രഹാമിന്നും, സാറക്കും പൂര്‍ണ്ണ ബോധ്യമായി. ഈ ഘട്ടത്തിലാണ് ദൈവം അബ്രഹാമിന്ന് പ്രത്യക്ഷനാകുന്നത്. ഇതിന് മുമ്പ് ദൈവം അബ്രഹാമിനോട് സംസാരിക്കയും, സ്വപ്നത്തിലൂടെ അവന്‍റയടുക്കല്‍ വരികയും ചെയ്തിട്ടുണ്ടായിരുന്നു. ഇവിടെ വീണ്ടും ദൈവം തന്നെതന്നെ അവന് വെളിപ്പെടുത്തുകയാണ്.
സര്‍വ്വശക്തനായ ദൈവം അഥവാ എല്‍ ശദ്ദായി ആയാണ് ദൈവം തനിക്ക് വെളിപ്പെട്ടത്. ദൈവത്തിന്‍റെ ഈ നാമം ആദ്യമായാണ് ഇവിടെ താന്‍ വെളിപ്പെടുത്തുന്നത്. തന്‍റെ അനന്തമായ ശക്തിയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ നാമം. അബ്രഹാമും, സാറയും അവര്‍ തികച്ചും അശക്തരാണ് എന്ന് മനസ്സിലാക്കിയ സമയത്ത് ദൈവം അസാധ്യങ്ങളുടെ ദൈവമായി അവരുടെ മുമ്പില്‍ വെളിപ്പെട്ടു.

ഉല്‍പത്തി 17.4,5 4 എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികൾക്കു പിതാവാകും;
5 ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം.

അതിന്‍റെ നിവര്‍ത്തീകരണത്തിന് ദൈവശക്തിയില്‍ മാത്രം അധിഷ്ഠിതമായ ഒരു നിയമം അബ്രഹാമിന്‍റെ മുമ്പില്‍ ദൈവം അനാവരണം ചെയ്തു. ഈ നിയമത്തിന്‍റെ പ്രധാനപ്പെട്ട ഘടകം എന്നുള്ളത് ഞാന്‍ ചെയ്യും എന്ന വാക്കുകളാണ്. സ്നേഹം എന്നുള്ളത് ഒരു വികാരമല്ല മറിച്ച് ഒരു തീരുമാനമാണെന്ന് ഒരു ദൈവഭക്തന്‍ പറഞ്ഞിട്ടുണ്ട്. ക്രിസ്തു നമ്മെ സ്നേഹിച്ചു എന്ന് നമുക്കറിയാം. അതിന്‍റെ ഫലം എന്നുള്ളത് തന്നെതന്നെ നമുക്ക് വേണ്ടി തന്നു എന്നുള്ളതാണ്. തന്‍റെ ജീവനെ നമുക്ക് വേണ്ടി തന്നതിന്നാല്‍ ദൈവത്തിന് നമ്മോടുള്ള സ്നേഹം പ്രകടമായി.

ദൈവം തന്‍റെ പേര്‍ അബ്രഹാം എന്ന് മാറ്റിയതായി ഇവിടെ കാണുന്നു. അബ്രാം എന്ന പേരിന്‍റെ അര്‍ത്ഥം വലിയ പിതാവ് അഥവാ മഹത്വമുള്ള പിതാവ് എന്നാണ്. കുറഞ്ഞ പക്ഷം 318 ദാസന്മാരുള്ള ഒരു വലിയ കുടുബത്തിന്‍റെ തലവനായിരുന്നു താന്‍ എന്നതിന്നാല്‍ ഒരര്‍ത്ഥത്തില്‍ ഈ പേരിന്ന് പ്രസക്തിയുണ്ട്. എന്നാല്‍ ബഹുജാതികള്‍ക്ക് പിതാവ് എന്ന പേര് ഒരുപക്ഷേ തനിക്കൊരു ലജ്ജയുളവാക്കുന്ന പേരായിരുന്നിരിക്കാം. ഈ പേരിന്‍റെ അര്‍ത്ഥം ഏതു വിധേനയാണ് തന്‍റെ ജീവതത്തില്‍ യാഥാര്‍ത്ഥ്യമാവുന്നത്. വിശ്വാസത്താലും, ദൈവകൃപയിനാലും മാത്രമേ തനിക്ക് ആ പേര് തന്‍റെ ജീവിതത്തില്‍ തീരുമായിരുന്നള്ളൂ.

ദൈവം വിശ്വസ്തനും, സത്യവാനുമെന്നു അബ്രഹാം വിശ്വസിച്ചതു മൂലം, തന്നെ ഉപാധികളില്ലാതെ സ്വീകരിച്ചു എന്നതിന്ന് ദൈവം തനിക്ക് പരിച്ഛേദന എന്ന അടയാളം നല്‍കി.

ഇവിടെ നാം മൂന്ന് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ വിചിന്തനം ചെയ്യുന്നത് യുക്തമായിരിക്കും.

ഈ നിയമത്തിന്‍റെ വാഗ്ദത്തങ്ങള്‍ എന്തെല്ലാമാണ്.

ഒന്നാമതായി തനിക്ക് സന്തതിയെ ലഭിക്കും എന്നുള്ളതാണ്. യിസഹാക്കിലൂടെ ദൈവത്തിന്‍റ
ഈ നിയമം തുടരും എന്ന് ദൈവം പറകയുണ്ടായി. ഈ വാഗ്ദത്തം ഉണ്ടായിരുന്നത് കൊണ്ടാണ് തന്‍റെ ഏകജാതനായ മകനെ യാഗം കഴിക്കുവാന്‍ കല്‍പിച്ചപ്പോള്‍, മരിച്ചവരുടെ ഇടയില്‍നിന്ന് ദൈവം തന്‍റെ മകനെ ഉയര്‍ത്തെഴുന്നേല്‍പിക്കുമെന്ന് അബ്രഹാം ഉറച്ച് വിശ്വസിച്ചത്.

രണ്ടാമതായി തനിക്കും, തന്‍റെ സന്തതിക്കും ദൈവം ആ ദേശത്തെ വാഗ്ദത്തം ചെയ്തു.

അനുഗ്രഹങ്ങള്‍ അബ്രഹാമിന്നും തന്‍റെ കുടുബത്തിന്നും മാത്രമല്ല താന്‍ അവകാശിയായിരുന്ന സര്‍വ്വഭൂമിക്കും തന്നെയുള്ളതായിരുന്നു.

ഈ നിയമത്തിന്‍റെ വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു.

അവന്‍റെ ശക്തിയിലും, വിശ്വസ്തതയിലും അബ്രഹാം വിശ്വസിക്കുന്നതായി ദൈവം കണ്ടു. അതുകൊണ്ട് അവര്‍ തമ്മിലുള്ള നിയമത്തിന്‍റെ അടയാളമായി ദൈവം പരിച്ഛേദന നല്‍കി. തന്‍റെ വിശ്വാസം മൂലം ദൈവം അബ്രഹാമിനെ നീതിമാനായി എണ്ണി. എന്നാല്‍ ഓരോ പുതിയ സാഹചര്യത്തിലും ആ വിശ്വാസം അബ്രഹാം വെളിപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നു. കഴിഞ്ഞകാലങ്ങളില്‍ നമ്മുടെ ജീവിതത്തിലുണ്ടായ അത്ഭുതങ്ങളുടെയോ, ദൈവത്തോടുള്ള വലിയ അനുസരണത്തിന്‍റെയോ ഓര്‍മ്മയല്ല വിശ്വാസം. മറിച്ച് ദൈനംദിന ജീവതത്തിലുള്ള അനുസരണമാണ് വിശ്വാസത്തിന്‍റെ തെളിവ്. അവസാനത്തോളം വിശ്വാസത്തില്‍ നിലനില്‍ക്കുന്നവരാണ് രക്ഷപ്രാപിക്കുന്നത്.

നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക എന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞു. അതിന്‍റ അര്‍ത്ഥം പാപമില്ലാത്ത ജീവിതം ദൈവം ഈ നിയത്തിന്‍റെ വ്യവസ്തയായി വയ്ക്കുന്നു എന്നതല്ല . ദൈവം അങ്ങനെയൊരു വ്യവസ്ത വെച്ചിട്ടില്ല. മറിച്ച് ഈ വാക്കുകളിലൂടെ വിശ്വാസത്തിന്‍ സത്തയെക്കുറിച്ച് ദൈവമൊരു വലിയ വെളിപ്പാട് നല്‍കുകയാണ്. ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കുന്നവര്‍ക്ക് ദൈവത്തെ അറിയുവാനും, ഭയഭക്തയോടെ തന്നെ അനുസരിക്കുവാനുമുള്ള ഹൃദയം ഉണ്ടാകും.

ദൈവമായുള്ള നിയമത്തിന്‍റെ അടയാളമായി പരിച്ഛേദന നല്‍കിയപ്പോള്‍ അബ്രഹാമിന്‍റെ കുടുബത്തിലുള്ള എല്ലാ പുരുഷപ്രജയ്ക്കും അത് ഏല്‍ക്കേണ്ടത് നിര്‍ബന്ധമായിരുന്നു. അതനുസരിക്കുന്നതില്‍ അബ്രഹാം ഒട്ടും തന്നെ കാലതാമസം വരുത്തിയില്ല. അതാണ് വിശ്വാസം. അവര്‍ ജീവിച്ചിരുന്ന ദേശത്ത് അനേകം ജാതികള്‍ പാര്‍ത്തിരുന്നു. ആ സാഹചര്യത്തില്‍ എല്ലാ പുരുഷപ്രജയും ഒരേ സമയത്ത് പരിച്ഛേദന ഏല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന താല്‍ക്കാലിക വൈകല്യം മുതലെടുത്ത് ഒരു പക്ഷേ അവര്‍ തങ്ങളെ ആക്രമിക്കുമോ എന്ന് ചിന്തിച്ച് അബ്രഹാമിന്ന് ദൈവത്തെ അനുസരിക്കാതിരിക്കുവാന്‍ ന്യായം പറയാമായിരുന്നു. എന്നാല്‍ ദൈവത്തെ പൂര്‍ണ്ണമായി അനുസരിക്കുന്നതിന്ന് താന്‍ യാതൊരു മടിയും കാണിച്ചില്ല. കാരണം ദൈവം തന്‍റെ പരിചയാണ് എന്നുള്ള ദൈവത്തന്‍റെ വാക്കുകള്‍ താന്‍ ദൃഢമായി വിശ്വസിച്ചു. ദൈവത്തോട്, ഞാന്‍ നിന്നെ വിശ്വസിക്കുന്നു എന്നാണ് വിശ്വസത്താലുള്ള അനുസരണം പറയുന്നത്.

ഈ നിയമത്തിന്‍ അവകാശികളാരാണ്

ജഡത്തില്‍ നിന്ന ജനിച്ചവരായി അബ്രഹാമിന്ന് മറ്റ് സന്തതികളും ഉണ്ടായിരുന്നു. പക്ഷേ അവര്‍ക്കൊന്നും ദൈവവാഗ്ദത്തം അവകാശമാക്കുവാന്‍ കഴിഞ്ഞില്ല. യിസഹാക്കിന്‍റെ മകനായ യേശാവിന്ന് പോലും അത് സാധിച്ചില്ല.റോമ 9. 6 ദൈവവചനം വൃഥാവായിപ്പോയി എന്നല്ല; യിസ്രായേലിൽനിന്നു ഉത്ഭവിച്ചവർ എല്ലാം യിസ്രായേല്യർ എന്നും
7 അബ്രാഹാമിന്റെ സന്തതിയാകയാൽ എല്ലാവരും മക്കൾ എന്നു വരികയില്ല; “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്നേയുള്ളു.
8 അതിന്റെ അർത്ഥമോ: ജഡപ്രകാരം ജനിച്ച മക്കൾ അല്ല ദൈവത്തിന്റെ മക്കൾ; വാഗ്ദത്തപ്രകാരം ജനിച്ച മക്കളെയത്രേ സന്തതി എന്നു എണ്ണുന്നു.

ഇങ്ങനെ ദൈവത്തെ വിശ്വസിക്കുന്നവരെല്ലാവരും അബ്രഹാമിന്‍റെ സന്തതിയും, വാഗ്ദത്തിന്‍റെ അവകാശികളും ആണ്. ഗലാ 3.26 ക്രിസ്തുയേശുവിലെ വിശ്വാസത്താൽ നിങ്ങൾ എല്ലാവരും ദൈവത്തിന്റെ മക്കൾ ആകുന്നു.
27 ക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റിരിക്കുന്ന നിങ്ങള്‍ എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
28 അതിൽ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങൾ എല്ലാവരും ക്രിസ്തുയേശുവിൽ ഒന്നത്രേ.
29 ക്രിസ്തുവിന്നുള്ളവർ എങ്കിലോ നിങ്ങൾ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

ദൈവമായുള്ള നമ്മുടെ ബന്ധം അത് വളര്‍ച്ചയറ്റ അവസ്ഥയല്ല നിലകൊള്ളുന്നത്. ചിലപ്പോള്‍ അബ്രഹാമിനെപ്പോലെ നമുക്ക് പരാജയങ്ങള്‍ സംഭവിക്കാം. ദൈവത്തിന്‍റെ ശബ്ദം ചിലപ്പോള്‍ നാം ശരിയായി കേട്ടെന്നു വരികയില്ല. എന്നാല്‍ ദൈവം നമ്മുടെ അലസത മാറ്റിമറിച്ച് വീണ്ടും അവനെ അനുസരിക്കുന്നതിലൂടെ തന്നോടുള്ള അനുതാപവും, വിശ്വാസവും പ്രകടിപ്പിക്കുവാന്‍ ഒരവസരവും കൂടെ നമുക്ക് നല്‍കും. നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ നമ്മോട് അറിയിക്കുന്നത് വഴി തന്‍റെ സ്നേഹം വീണ്ടും വെളിപ്പെടുത്തുന്നു. ഇതാണ് വിശ്വസജീവിതത്തിന്‍ ആകത്തുക. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാനവും, ലക്ഷ്യവുമായ ദൈവപുത്രന്‍റെ ദിവ്യ സ്വഭാവം നമുക്ക് നല്‍കി അനുഗ്രഹിക്കുവാനാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവനാമം നമ്മളിലൂടെ മഹത്വപ്പെടട്ടെ.

Post a comment