08M_The two cities
ഉല്പത്തി 11.1ഭൂമിയിലൊക്കെയും ഒരേ ഭാഷയും ഒരേ വാക്കും ആയിരുന്നു.
2 എന്നാൽ അവർ കിഴക്കോട്ടു യാത്ര ചെയ്ത്, ശിനാർദേശത്ത് ഒരു സമഭൂമി കണ്ട് അവിടെ കുടിയിരുന്നു.
3 അവർ തമ്മിൽ: വരുവിൻ, നാം ഇഷ്ടക അറുത്തു ചുടുക എന്നു പറഞ്ഞു. അങ്ങനെ അവർ ഇഷ്ടക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു.
4 വരുവിൻ; നാം ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക; നമുക്ക് ഒരു പേരുമുണ്ടാക്കുക എന്ന് അവർ പറഞ്ഞു.
5 മനുഷ്യർ പണിത പട്ടണവും ഗോപുരവും കാണേണ്ടതിനു യഹോവ ഇറങ്ങിവന്നു.
6 അപ്പോൾ യഹോവ: ഇതാ, ജനം ഒന്ന്, അവർക്കെല്ലാവർക്കും ഭാഷയും ഒന്ന്; ഇതും അവർ ചെയ്തുതുടങ്ങുന്നു; അവർ ചെയ്‍വാൻ നിരൂപിക്കുന്നതൊന്നും അവർക്ക് അസാധ്യമാകയില്ല.
7 വരുവിൻ; നാം ഇറങ്ങിച്ചെന്ന്, അവർ തമ്മിൽ ഭാഷ തിരിച്ചറിയാതിരിപ്പാൻ അവരുടെ ഭാഷ കലക്കിക്കളക എന്ന് അരുളിച്ചെയ്തു.
8 അങ്ങനെ യഹോവ അവരെ അവിടെനിന്നു ഭൂതലത്തിലെങ്ങും ചിന്നിച്ചു; അവർ പട്ടണം പണിയുന്നതു വിട്ടുകളഞ്ഞു.
9 സർവഭൂമിയിലെയും ഭാഷ യഹോവ അവിടെവച്ചു കലക്കിക്കളകയാൽ അതിനു ബാബേൽ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തിൽ എങ്ങും ചിന്നിച്ചുകളഞ്ഞു.
സതാംപ്ടണിൽ നിന്ന് ന്യൂയോർക്ക് സിറ്റിയിലേക്കുള്ള കന്നി യാത്രയുടെ നാലാം ദിവസം പ്രസിദ്ധമായ ബ്രിട്ടീഷ് പാസഞ്ചർ കപ്പൽ ടൈറ്റാനിക് 1912 ഏപ്രിൽ 15 ന് അതിരാവിലെ വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ മുങ്ങി. ഈ കപ്പല്‍ മുങ്ങുന്നതിന്ന് മുമ്പ് മനുഷ്യന്‍റെ സാങ്കേതിക വിസ്മയമാണെന്ന് ലോകമെങ്ങും വിശ്വസിക്കപ്പെട്ടു. പലരും ഇത് മുങ്ങാൻ കഴിയില്ലെന്ന് കരുതി, പക്ഷേ അത് അനേകരുടെ ജീവഹാനിയോടെ സമുദ്രത്തിന്‍റെ അടിതട്ടിലേക്ക് മുങ്ങിപ്പോയി.
ഇന്നത്തെ വചനഭാഗം, പില്‍കാലത്തില്‍ ബാബേൽ എന്നറിയപ്പെടുന്ന ഒരു നഗരത്തെക്കുറിച്ചാണ് വിവരിക്കുന്നത്, ആ നഗരം നിമ്രോദ് എന്ന മനുഷ്യനാണ് നിർമ്മിച്ചത്. എബ്രായ ഭാഷയിൽ, അവന്‍റെ പേരിന്‍റെ ക്രിയാരൂപം വിമതൻ എന്നാണ്. ബൈബിൾ നിമ്രോദിനെ “അവൻ യഹോവയുടെ മുമ്പാകെ നായാട്ടുവീരനായിരുന്നു” എന്നാണ് വിശേഷിപ്പിക്കുന്നത്. നിമ്രോദ് “ശിനാർ ദേശത്ത് ബാബേൽ, എറെക്ക്, അക്കാദ്, കൽനെഹ്” എന്നിവ ഉൾപ്പെടുന്ന ഒരു വലിയ രാജ്യം സ്ഥാപിച്ചു എന്ന് (ഉല്പത്തി 10:9-10). ഭൂമിയിലെ ആദ്യകാല രാജാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. നഗരങ്ങളും രാജ്യങ്ങളും നിർമ്മിച്ച ഒരു മനുഷ്യൻ. അവൻ വളരെ ശക്തനും, കഴിവുള്ളവനും, അതിമോഹം ഉള്ളവനുമായിരുന്നു. യഹൂദ ചരിത്രകാരനായ ജോസീഫസ് തന്‍റെ യഹൂദരുടെ പൗരാണികകാലങ്ങള്‍ എന്ന പുസ്തകത്തിൽ നിമ്രോദിനെക്കുറിച്ച് ഇങ്ങനെ പരാമര്‍ശിക്കുന്നു. “ദൈവത്തിന്ന് ലോകത്തെ വീണ്ടും മുക്കിക്കൊല്ലാനുള്ള ചിന്തയുണ്ടെങ്കിൽ ഈ പ്രാവശ്യം ദൈവത്തോട് താന്‍ പ്രതികാരം ചെയ്യും; അതിനുവേണ്ടി അവൻ വെള്ളം ചെന്നെത്താന്‍ കഴിയാത്ത ഉയരത്തിൽ ഒരു ഗോപുരം പണിയും. അവരുടെ പിതാക്കന്മാരെ നശിപ്പിച്ചതിന് ഇങ്ങനെ അവൻ ദൈവത്തോട് പ്രതികാരം ചെയ്യും. ഇത് വാസ്തവത്തിലുള്ളതാണോ എന്ന് ഉറപ്പില്ല, എങ്കിലും നാം വായിച്ച വേദഭാഗം ഈ പ്രസ്താവനയ്ക്ക് സമാനമായ ഒരു പ്രവൃത്തിയെയാണ് വിവരിക്കുന്നത്.
ജനം കിഴക്കോട്ടു സഞ്ചരിച്ച് ശിനാർ ദേശത്ത് ഒരു സമതലം കണ്ടെത്തി അവിടെ താമസമാക്കി. തങ്ങള്‍ ഭൂതലത്തിലൊക്കെയും ചിതറിപ്പോകാതിരിപ്പാൻ ഒരു പട്ടണവും ആകാശത്തോളം എത്തുന്ന ഒരു ഗോപുരവും പണിക എന്ന് പറഞ്ഞു. ഇഷ്ടിക കല്ലായും പശമണ്ണ് കുമ്മായമായും ഉപയോഗിച്ചു ആ ഗോപുരത്തന്‍റെ പണി ആരംഭിച്ചു. ഇത് ഐക്യത്തിന്‍റെയും, സംഘടിത പ്രവർത്തനന്‍റെയും ഒരു വിജയമായി ലോകം കണ്ടേക്കാം. എന്നിരുന്നാലും, ഈ പ്രവൃത്തിയുടെ വിവരണത്തില്‍ ദൈവത്തെക്കുറിച്ച് യാതൊരു പരാമർശവും നാം കാണുന്നില്ല. നാം മുന്നോട്ട് യാത്രചെയ്യുമ്പോൾ, ദൈവമില്ലാത്ത ഐക്യം അപകടകരമായ ഒരു കാര്യമാണെന്ന് വ്യക്തമാകും, കാരണം അത് ദൈവത്തിന്‍റെ പദ്ധതികളല്ല, മനുഷ്യന്‍റെ പദ്ധതികൾ നിറവേറ്റനാണ് ശ്രമിക്കുന്നത്. ദൈവമില്ലാത്ത മനുഷ്യന്‍റെ ചിന്തകൾ വിഡ്ഢിത്തവും അത് കലാപത്തിലേക്കും സംഘട്ടനത്തിലേക്കും, നാശത്തിലേക്കുമാണ് നമ്മെ നയിക്കുന്നത്. ദൈവത്തോടുള്ള മനുഷ്യന്‍റെ അഹങ്കാരത്തിന്‍റെ പ്രതീകമാണ് ബാബേൽ.
ശിനാർ സമഭൂമിയില്‍, സ്വർഗം വരെ ഉയരുന്ന ഒരു ഗോപുരം പണിയുവാൻ അവർ പദ്ധതിയിട്ടു. അതിനുള്ള വൈദഗ്ധ്യവും, നിശ്ചയദാര്‍ഢ്യവും അവരുടെ പക്കലുണ്ടായിരുന്നു. തങ്ങളെത്തന്നെ പ്രശസ്തരാക്കുക, തങ്ങൾക്കൊരു നാമം ഉണ്ടാക്കുക എന്നിവയായിരുന്നു അവരുടെ ലക്ഷ്യം. എന്നിരുന്നാലും, തങ്ങള്‍ വിശാലമായ ഭൂമിയിലെങ്ങും ചിതറി ഇല്ലാതായിപ്പോകും എന്ന ഭയമായിരുന്നു അതിന്ന് പിന്നിലുണ്ടായിരുന്നത്. സ്വര്‍ത്തോളം എത്തുന്ന ഗോപുരം എന്ന മഹത്തായ നേട്ടം കൈവരിച്ചാല്‍ അതു തങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുമെന്നും, തങ്ങള്‍ക്ക് ലോകചരിത്രത്തിൽ ഒരു മഹത്തായ സ്ഥാനം ലഭിക്കുമെന്നും അവർ വിശ്വസിച്ചു.
എന്നിരുന്നാലും, മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്‍റെ ഉദ്ദേശ്യം അവര്‍ സന്താനപുഷ്ടിയുള്ളവരായി ലോകമെമ്പാടും നിറയണം എന്നതായിരുന്നു, ദൈവത്തിന് ഭൂമയെക്കുറിച്ചുണ്ടായിരുന്ന പദ്ധതി നിറവേറ്റുന്നതിനായി അവർ ഭൂമിയെ ജ്ഞാനത്തോടെ നന്നായി ഭരിക്കുകയും അതിനെ കീഴ്പ്പെടുത്തുകയും ചെയ്യേണം എന്ന് ദൈവം ആഗ്രഹിച്ചു. ഗലാ 5-ൽ സ്വാർത്ഥ അഭിലാഷത്തെ പാപം ഭരിക്കുന്ന നമ്മുടെ ജഡത്തിന്‍റെ ഒരു പ്രവൃത്തിയായി വിവരിച്ചിരിക്കുന്നു. ദൈവത്തിന്‍റെ പദ്ധതിക്ക് വിരുദ്ധമായി, ദൈവത്തോട് മത്സരിച്ചാണെങ്കിൽപ്പോലും അവർ ഒരു സ്ഥലത്ത് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു.
അവരുടെ ഭാഷയെ കലക്കികളഞ്ഞുക്കൊണ്ട് ദൈവം ആ പദ്ധതിക്ക് വിരാമമിട്ടു, അവരെ ലോകത്തിന്‍റെ വിവിധ രാജ്യങ്ങളായും, മനുഷ്യ സമൂഹങ്ങളായും ചിതറിച്ചുകളഞ്ഞു. മനുഷ്യന്‍റെ മത്സരങ്ങൾക്കിടയിലും ദൈവം തന്‍റെ പദ്ധതി നിറവേറ്റി. ഈ സാഹസത്തിലൂടെ ഏക ഭാഷ എന്ന അനുഗ്രഹം മനുഷ്യരാശിക്ക് നഷ്ടമാവുകയായിരുന്നു.
ദൈവത്തിന്‍റെ സഹായമില്ലാതെ മനുഷ്യൻ ദിവ്യശക്തിയും സുരക്ഷിതത്വവും നേടാൻ ശ്രമിക്കുന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് ബാബേൽ. ദൈവത്തില്‍ ആശ്രയിക്കുന്നതിന്ന് പകരം, അവർ സ്വന്തം പരിശ്രമത്തിൽ വിശ്വസിക്കുന്നു. സമ്പത്ത്, മതം, വിദ്യാഭ്യാസം, നല്ല ജോലി, സാങ്കേതിക വൈദഗ്ധ്യം, അല്ലെങ്കിൽ ഒരു മനുഷ്യൻ വലിയവനാകാൻ കഴിയുന്ന മറ്റേതെങ്കിലും മാർഗങ്ങളിലൂടെ സുരക്ഷിതത്വം കൈവരിക്കാൻ എല്ലായ്‌പ്പോഴും എന്നപോലെ ഇന്നും അവര്‍ ശ്രമിക്കുന്നു. ഒരു ചെറിയ സ്പർശനംകൊണ്ടോ, വാക്കുകൊണ്ടോ ദൈവവിരുദ്ധമായ മനുഷ്യ പദ്ധതികളെ പരാജയപ്പെടുത്തുവാൻ ദൈവം ശ്രേഷ്ഠനാണെന്ന ബാബേലിന്‍റ പാഠം അവർ മറന്നുകളയുന്നു. എന്നാല്‍ തിരിച്ച് ദൈവത്തിന്‍റെ പദ്ധതികളെ വിജയകരമായി അട്ടിമറിക്കുവാന്‍ മനുഷ്യന് ഒരു കാലത്തും സാധിക്കയില്ല.
ചരിത്രത്തിൽ വളരെക്കാലം കഴിഞ്ഞ്, ബാബേൽ ബാബിലോൺ എന്ന രാജ്യത്തിന്‍റെ തലസ്ഥാനമായി മാറി. അധിനിവേശത്തിന്‍റെയും അധികാരത്തിന്‍റെയും ചിഹ്നമായിട്ടാണ് അത് എപ്പോഴും നിലനിന്നത്. യഹൂദാ ജനതയെ തോൽപ്പിക്കുകയും അതിലെ ജനങ്ങളെ പ്രവാസത്തിലേക്ക് കൊണ്ടുപോവുകയും ചെയ്‌ത അതിന്‍റെ മഹാരാജാക്കന്മാരിൽ ഒരാളായ നെബൂഖദ്‌നേസർ, ബാബിലോണിനെ അത്ഭുതകരമായ സൗന്ദര്യത്തിൽ പുനർനിർമ്മിച്ചു.
എന്നിരുന്നാലും, സ്വന്തം നേട്ടങ്ങളിൽ ആഹ്ലാദിച്ചപ്പോൾ, ദൈവം അവനെ ഒരു കാളയെപ്പോലെ പുല്ല് തിന്നുമാറാക്കി. ആ കാലഘട്ടത്തിന്‍റെ അവസാനത്തിൽ, അവൻ തന്‍റെ ബോധം വീണ്ടെടുത്തു, ഭൂമിയിലെ എല്ലാ രാജാക്കന്മാരുടെമേലും ജീവനുള്ള ദൈവത്തിന്‍റെ മഹത്വവും പരമാധികാരവും അംഗീകരിക്കുകയും ചെയ്തു.
തിരുവെഴുത്തിന്‍റെ അവസാന താളുകളിൽ, പരിശുദ്ധാത്മാവിന്‍റെ പ്രവർത്തനത്തിന്‍റെ ഫലമായി ഉളവായ ക്രിസ്തുവിന്‍റെ മണവാട്ടിയെ അവളുടെ സൗന്ദര്യത്തിൽ നാം കാണുന്നു. സാത്താന്‍റെ പ്രവർത്തനത്തിന്‍റെ ഫലമായ മഹതിയാം ബാബിലോണിനെയും നാം അവിടെ കാണുന്നു. യോഹന്നാന്‍ ഇങ്ങനെ പറയുന്നു, 2 പുതിയ യെരൂശലേം എന്ന വിശുദ്ധനഗരം ഭർത്താവിന്നായി അലങ്കരിച്ചിട്ടുള്ള മണവാട്ടിയെപ്പോലെ ഒരുങ്ങി സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ഇറങ്ങുന്നതും ഞാൻ കണ്ടു. 10 യെരൂശലേമെന്ന വിശുദ്ധനഗരം സ്വർഗ്ഗത്തിൽനിന്നു, ദൈവസന്നിധിയിൽനിന്നു തന്നേ, ദൈവതേജസ്സുള്ളതായി ഇറങ്ങുന്നതു കാണിച്ചുതന്നു., 11 അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തം പോലെ ആയിരുന്നു.” (വെളി. 21:2, 10,11). ക്രിസ്തുവിന്‍റെ മണവാട്ടിയെക്കുറിച്ചുള്ള ഈ ദർശനം കാണുന്നതിന് മുമ്പ്, യോഹന്നാന്‍ അപ്പോസ്തലന് മഹതിയാം ബാബിലോണ്‍ എന്ന വേശ്യയുടെ ദർശനം ദൈവം കാണിച്ചുകൊടുത്തു. താന്‍ പറയുന്നു, “മഹതിയാം ബാബിലോൻ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേർ അവളുടെ നെറ്റിയിൽ എഴുതീട്ടുണ്ടു., 2 അവൻ ഉറക്കെ വിളിച്ചുപറഞ്ഞതു: വീണുപോയി: മഹതിയാം ബാബിലോൻ വീണുപോയി;. അവളുടെ ദഹനത്തിന്റെ പുക കാണുക. അവളുടെ പുക എന്നെന്നേക്കും ഉയർന്നുകൊണ്ടിരുന്നു” (വെളി. 17:3,5; 18:2,9; 19:3).
ബാബിലോണിനെ എല്ലായ്പ്പോഴും മഹാനഗരം എന്നാണ് വിളിക്കുന്നത്. വെളിപാടിൽ പതിനൊന്ന് തവണ അതിനെ “മഹത്തായ നഗരം” എന്ന് വിശേഷിപ്പിക്കുന്നു,. ഈ ലോകത്തിൽ വലിയവരാകാനും, പേരു സമ്പാദിക്കാനും, മനുഷ്യരുടെ അംഗീകാരവും ബഹുമാനവും നേടാനും ആഗ്രഹിക്കുന്ന എല്ലാവരും ഈ ബാബിലോൺ നഗരത്തിൽ ഉള്‍പെട്ടവരാണ്.
യെരുശലേമിനെ വിശുദ്ധ നഗരം എന്നാണ് വിളിക്കുന്നത്. വിശ്വാസത്തിന്‍റെ വിശുദ്ധിയിലും, ദൈവത്തോടുള്ള അനുസരണത്തിലും, കൃപയാൽ ദിവ്യസ്വഭാവത്തിന് കൂട്ടവകാശികളായവര്‍, ആത്മാവിലൂടെ ദൈവം വസിക്കുന്ന പുതിയ യെരൂശലേമിലേക്ക് ഒരുമിച്ച് പണിയപ്പെടുന്നു.
ഈ സ്വർഗീയ നഗരമായ യെരുശലേം പുതിയ ആകാശത്തിൽ നിന്ന് പുതിയ ഭൂമിയിലേക്ക് ഇറങ്ങുന്നു. അത് ദൈവം ശില്പിയായി നിർമ്മിച്ചതും അടിസ്ഥാനങ്ങളുള്ളതുമായ നഗരമാണ്. കുഞ്ഞാട് വെളിച്ചമായിരിക്കുന്ന ആ നഗരം ദൈവസാന്നിധ്യത്താൽ നിത്യമായി അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.
സ്വർഗീയ യെരുശലേമിന്‍റെ ഭാഗമാകുവാനുള്ള ഏക വഴി യേശുവിനെ കര്‍ത്താവായി സ്വീകരിക്കയും അവനെ അനുഗമിക്കുകയും ചെയ്യുക എന്നതാണ്, കാരണം അവനാണ് അതിന്‍റെ വെളിച്ചവും മഹത്വവും. നാം അവനെ മുഖാമുഖമായി കാണേണ്ടതിന്ന് ആ സ്വർഗ്ഗീയ യെരൂശലേം എത്രയും വേഗംപ്രത്യക്ഷമാകണമെന്നായിരിക്കണം നമ്മുടെ ആഗ്രഹം.
അതേസമയം, ക്രിസ്തുവിന്‍റെ നാമം വഹിക്കുന്ന നാം നമ്മുടെ രാജ്യവും നമ്മുടെ സ്വന്തം നീതിയും അല്ല പ്രത്യുത അവന്‍റെ രാജ്യത്തെയും അവന്‍റെ നീതിയെയും അന്വേഷിക്കണം,
തന്‍റെ രാജ്യം ഐഹികമല്ലെന്ന് കർത്താവ് പീലാത്തോസിന്‍റെ മുമ്പില്‍ പ്രസ്താവിച്ചു. ദൈവത്തിൽ നിന്ന് വേര്‍പെട്ട് നമ്മുടെ സ്വന്തം പദ്ധതികൾ ആരംഭിക്കുന്നതിനുപകരം നാം അവനെ പിന്തുടരുകയും അവന്‍റെ കൽപ്പനകളും അവന്‍റെ പദ്ധതികളും നടപ്പിലാക്കുന്നതിൽ അവനോടൊപ്പം നമുക്ക് ചേരാം.
ഈ നഗരം വിശുദ്ധവും ദിവ്യസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതുമാണ്. നമുക്ക് ദൈവത്തിന്‍റെ കൽപ്പനകൾ ശ്രദ്ധവെച്ച കേട്ട്, അതില്‍ തന്നെ നിലനില്ക്കാം. ദൈവനാമം നമ്മിലൂടെ മഹത്വപ്പെടുമാറാകട്ടെ.



Post a comment