07M_പെട്ടകം-ക്രസ്തുവിന് റെ മാതൃക
ഉല്പത്തി 6.11 എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
12 ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകല ജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.
13 ദൈവം നോഹയോടു കല്പിച്ചതെന്തെന്നാൽ: സകല ജഡത്തിന്റെയും അവസാനം എന്റെ മുമ്പിൽ വന്നിരിക്കുന്നു; ഭൂമി അവരാൽ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
14 നീ ഗോഫർമരംകൊണ്ട് ഒരു പെട്ടകം ഉണ്ടാക്കുക; പെട്ടകത്തിന് അറകൾ ഉണ്ടാക്കി, അകത്തും പുറത്തും കീൽ തേക്കേണം.
22 ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെതന്നെ അവൻ ചെയ്തു.
എബ്രാ 11.7 വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.
നോഹയുടെ പെട്ടകം മനുഷ്യന്റെ ആശയം ആയിരുന്നില്ല എന്നതിന്ന് വചനത്തില്‍ നിന്ന് തന്നെ അനേകം തെളിവുകള്‍ നമുക്ക് കാണാം. മനുഷ്യചരിത്രത്തില്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത ആഗോള പ്രളയത്തിന് വേണ്ടിയായിരുന്നു അത് നിര്‍മ്മിക്കാന്‍ അവശ്യപ്പെട്ടത്. മാനുഷ ദൃഷ്ടിയില് അസംഭവ്യമാണെങ്കിലും ദൈവം മുന്‍കൂട്ടി പറഞ്ഞതുപോലെയതു സംഭവിച്ചു.
കടലില്‍ നിന്ന് വളരെ അകലെയായിരുന്നു പെട്ടകം ഒരിക്കിയതെങ്കിലും, അതുദ്ദേശിച്ച കാര്യം സാധിച്ചു.
കൃത്യമായ അളവുകള്‍ ഉണ്ടായിരുന്ന പെട്ടകത്തിലേക്ക് കയറുവാന്‍ ലോകത്തിലുള്ള എല്ലാവരെയും ക്ഷണിച്ചിരുന്നു. എന്നിരുന്നാലും രക്ഷപ്പെടുവാന്‍ താല്പര്യമുണ്ടായിരുന്ന എല്ലാവര്ക്കും കയറുവാന്‍ സാധിച്ചു. നിശ്ചിതമായ യാത്രക്ക് വേണ്ടി കപ്പലിനെ നിയന്ദ്രിക്കുവാനുള്ള ഉപകരണങ്ങളോ, യന്ത്രങ്ങളോ ഒന്നും തന്നെ പെട്ടകത്തിലില്ലായിരുന്നു. എന്നിരുന്നാലും ഒരപകടവും സംഭവിക്കാതെ ഉദ്ദേശിച്ച ലക്ഷ്യസ്ഥാനത്ത് അത് എത്തിച്ചേരുവാന്‍ ഇടയായി.
Gen 5 ലെ വംശാവലി അനുസരിച്ച് കണക്ക്കൂട്ടുകയാണെങ്കിൽ, ആദാമിന്റെ വീഴ്ചെക്ക് 1656 വർഷങ്ങൾക്ക് ശേഷമാണ് വെള്ളപ്പൊക്കം സംഭവിച്ചതെന്ന് വ്യക്തമാണ്. ഈ കാലഘട്ടത്തില്‍ ഭൂമി അക്രമവും ദുഷ്ടതയും കൊണ്ട് നിറഞ്ഞിരുന്നു. മനുഷ്യരുടെ മാനസാന്തരത്തിന്നായി ദൈവം ദീര്‍ഘക്ഷയോടെ കാത്തിരുന്നെങ്കിലും മനുഷ്യര്‍ അവരുടെ തെറ്റായ മാര്‍ഗ്ഗങ്ങളില്‍ നിന്നും പിന്തിരിയാതെ ജീവിച്ചു. ദൈവം ഭൂമിയെ നശിപ്പിക്കുവാൻ തീരുമാനിച്ചു. ദൈവം മനുഷ്യരുടെമേൽ തന്റെ നീതിനിഷ്ഠമായ വിധി നടപ്പാക്കുമ്പോഴെല്ലാം, അവര്‍ക്ക് അവരുടെ പാപങ്ങളെയോര്‍ത്ത് അനുതപിക്കുവാനും, രക്ഷിക്കപ്പെടാനുമുള്ള അവസരം അവൻ എപ്പോഴും അവർക്ക് നൽകിയിരുന്നു. സോദോമിന്റെയും ഗൊമോറയുടെയും നാശത്തിനുമുമ്പ്, ലോത്തിനെയും കുടുംബത്തെയും രക്ഷിക്കുവാനുള്ള ഉദ്ദേശത്തില്‍ അവരുടെ അടുക്കലേക്ക് തന്റെ ദൂതന്മാരെ അയക്കുകയും, ആ രാത്രിയില്‍ പട്ടണക്കാരെ ഒന്നടങ്കം അന്ധരാക്കി ദൈവത്തിന്റെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. നിനവേയുടെ കാര്യത്തിൽ ദൈവം തന്റെ പ്രവാചകനായ യോനായെ മുന്‍കൂട്ടി അയച്ചു വരുവാനുള്ള ന്യായവിധിയെപ്പറ്റി മുന്നറിയിപ്പ് നല്കി.
രക്ഷപ്പെടാനുള്ള മാർഗമായി ഒരു പെട്ടകം നിർമ്മിക്കാൻ നോഹയോട് ആവശ്യപ്പെട്ടതിലെ ദൈവത്തിന്റെ കാരുണ്യം ഇവിടെയും നാം കാണുന്നു. അതിനാൽ, ഹബ് 3:1 ൽ പ്രവാചകൻ “ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ” എന്ന് പ്രാര്‍ത്ഥിക്കുന്നു.
ആ ദുഷ്ടയുഗത്തിൽ, ഒരു മനുഷ്യൻ ദൈവത്തിന്റെ സന്നിധിയിൽ കൃപ കണ്ടെത്തി. നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു. നോഹ ദൈവത്തോടൊപ്പം നടന്നു. നോഹ ദൈവത്തിൽ വിശ്വസിച്ചു. പെട്ടകം പണിയുവാനും കുടുംബത്തോടും മൃഗങ്ങളോടുമൊപ്പം അതിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടപ്പോൾ അവന്റെ വിശ്വാസം അവന്റെ അനുസരണത്തിൽ പ്രകടമായിരുന്നു, അത് അവന് നീതിയായി കണക്കാക്കപ്പെട്ടു.
നോഹയുടെ പെട്ടകത്തില്‍ കാണുന്ന ചില സത്യങ്ങൾ യേശുക്രിസ്തുവിലൂടെയുള്ള നമ്മുടെ വിലയേറിയ രക്ഷയിലേക്ക് വിരല്‍ചൂണ്ടുന്നു. അവ നമുക്ക് ഓരോന്നായി നോക്കാം.
പെട്ടകം ദൈവത്തിന്റെ പദ്ധതിയായിരുന്നു, നോഹയുടെയോ മറ്റാരുടെയോ അല്ല. ലോകത്തിലെ ഭയാനകമായ തിന്മ കണ്ട് അതിനെ നശിപ്പിക്കാൻ തീരുമാനിച്ച ദൈവം തന്നെയാണ് തന്നെ വിശ്വസിക്കുന്ന ഏതൊരാൾക്കും രക്ഷിക്കപ്പെടാൻ പെട്ടകം ആസൂത്രണം ചെയ്തത്. യോനാ 2ൽ നാം വായിക്കുന്നത് “രക്ഷ കർത്താവിൽ നിന്ന് വരുന്നു” എന്നാണ്.
പെട്ടകത്തില്‍ കടക്കുവാന്‍ വ്യവസ്ഥകളൊന്നും തന്നെ ഉണ്ടായിരുന്നില്ല; ആർക്കും അകത്തു വന്ന് രക്ഷ പ്രാപിക്കാമായിരുന്നു.
വെള്ളം കയറാതിരിക്കാൻ അകത്തും പുറത്തും കീല് തേച്ചതായി നാം വായിക്കുന്നു. കീല് എന്നതിന്റെ എബ്രായ പദത്തിന് വേദപുസ്തകത്തില്‍ പ്രായശ്ചിത്തത്തിന് ഉപയോഗിച്ചിരിക്കുന്ന പദത്തോട് സാമ്യമുണ്ട്. പെട്ടകത്തിനുള്ളിൽ, അവർക്ക് ചുറ്റും കാണാൻ കഴിയുന്നത് കീല് മാത്രമായിരുന്നു, ആ ആവരണം ന്യായവിധിയുടെ വെള്ളത്തെ അകത്തു കടക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തി. ക്രിസ്തു മാത്രമാണ് നമ്മുടെ രക്ഷയുടെ അടിസ്ഥാനം, നമ്മുടെ രക്ഷയുടെ എല്ലാ ഭദ്രതയ്ക്കും അവൻ ഉത്തരവാദിയാണ്, മറ്റൊരുവനിലും രക്ഷയില്ല. “നമ്മുടെ വിശ്വാസത്തിന്റെ നായകനും പൂർത്തീകരിക്കുന്നവനുമായ യേശുവിലേക്ക് നോക്കുക..” എബ്രായലേഖനകര്‍ത്താവ് നമ്മെ ഉദ്ബോദിപ്പിക്കുന്നു. ഇപ്പോള്‍ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല റോമർ 8:1
ഒരു ഉദ്ദേശം മാത്രമുള്ള ഒരു കൂറ്റൻ പെട്ടി ആയിരുന്നു നോഹയുടെ പെട്ടകം – ന്യായവിധിയുടെ വെള്ളത്തിലൂടെ അവരെ രക്ഷിക്കുക എന്നതായിരുന്നു അതിന്റെ ഏക ലക്ഷ്യം.സുഖസൗകര്യങ്ങൾക്കല്ല, പ്രത്യുത അതിജീവനത്തിനും, ഉപയോഗത്തിനും വേണ്ടിയുള്ളതായിരുന്നു അതിന്റെ താമസസൗകര്യങ്ങൾ. നമ്മുടെ കർത്താവായ യേശു ലോകത്തിലേക്ക് വന്നത് പാപികളെ അവരുടെ പാപത്തിൽ നിന്ന് രക്ഷിക്കാനും അവരെ നീതിയുടെ പാതയിൽ നയിക്കാനുമാണ്. അവന്റെ ഇഷ്ടം നമ്മുടെ ജഡത്തെ പ്രസാദിപ്പിക്കുകയല്ല, അവനുമായുള്ള നമ്മുടെ ഐക്യത്തിലൂടെ നമ്മെ സുരക്ഷിതത്വത്തിലേക്ക് കൊണ്ടുവരിക എന്നതാണ്. അവനെ സ്നേഹിക്കുന്നവര്‍ക്ക് റോമൻ 8:28 “സകലും നന്മക്കായി കൂടിവ്യാപരിക്കുന്നു…” നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, കര്‍ത്താവില്‍ വിശ്വസിക്കുകയും അവനെ അനുസരിക്കയും ചെയ്യേണ്ടത് ആവശ്യമാണ്.
പെട്ടകത്തിന് സ്റ്റിയറിംഗോ എഞ്ചിനോ ഇല്ലാത്തതിനാൽ, പെട്ടകത്തിന്റെ ഗതിയിൽ നോഹയ്ക്ക് യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥാനമായ ദൈവത്തിൽ അവനു പൂർണമായി ആശ്രയിക്കേണ്ടിവന്നു. നാം ക്രിസ്തുവിൽ ആയിരിക്കുമ്പോൾ, നമ്മുടെ ജീവിതഗതിയെ നയിക്കുകയും തീരുമാനിക്കുകയും ചെയ്യുന്നത് ക്രിസ്തുവാണ്. അവന്റെ കര്ത്ത്വത്തിന് കീഴില്‍ നമുക്ക് താണിരിക്കാം.
പെട്ടകത്തിൽ പ്രവേശിച്ചവർ മാത്രമാണ് രക്ഷപ്പെട്ടത്, അതിനെ അഭിനന്ദിച്ചവരോ അപമാനിച്ചവരോ അല്ല. ഇന്നും അനേകര്‍ ക്രിസ്തുവിനെ വിമര്‍ശിക്കുകയും, അതു പോലെതന്നെ പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അവരാരും വരുവാനുള്ള ന്യായവിധിയില്‍ നിന്ന് വിടുതല്‍ പ്രാപിക്കുന്നില്ല. വിശ്വാസത്തോടുകൂടി അകത്ത് പ്രവേശിക്കുന്നവര്‍ മാത്രമാണ് രക്ഷപ്രാപിക്കുക.
കർത്താവ് വാതിൽ അടച്ചു എന്ന് നാം വായിക്കുന്നു. അവന് അടച്ചാൽ പിന്നെ ആർക്കും അത് തുറക്കാനാവില്ല. ലോകരക്ഷകനായി യേശു ആദ്യമായി ഈ ഭൂമിയില്‍ വന്നു, എന്നാൽ യുഗാവസാനത്തിൽ അവൻ വീണ്ടും രാജാധിരാജാവായി വരും. ആ സമയത്ത് ശിക്ഷാവിധിയിൽ നിന്ന് രക്ഷപ്പെടുവാൻ രണ്ടാമതൊരു അവസരം ഉണ്ടാകയില്ല. ഇന്ന് അവനിൽ വിശ്വസിക്കുവാനും അവനെ അനുഗമിക്കാനും സ്വീകാര്യമായ സമയമാണ്.
നമുക്ക് ലഭിച്ചിട്ടുള്ള സമയം, ദൈവത്തിൽ വിശ്വസിക്കാനുള്ള അവസരം, ആത്മാവിനെ അനുസരിച്ച് ജീവിക്കുവാനുള്ള അവസരം എന്നിങ്ങനെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിധി നിശ്ചയിക്കുന്ന കാര്യങ്ങളിൽ എല്ലാവർക്കും ദൈവം തുല്യമായി അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. ദൈവം ആരോടും പക്ഷപാദം കാണിക്കുന്നില്ല.
പെട്ടകം അവരെ സുരക്ഷിതത്വത്തിലേക്കും ഒരു പുതിയ ലോകത്തിലേക്കും നയിച്ചു. അവർക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലാത്തതിനാൽ, അവർ ദൈവത്തിന്റെ രക്ഷയിൽ വിശ്രമിച്ചു. നാം ക്രിസ്തുവിൽ ആണെങ്കിൽ, നമ്മുടെ വിധി സുരക്ഷിതമാണ്. ഈ അനിശ്ചിത ലോകത്തിൽ, അവൻ നമ്മുടെ പ്രത്യാശയും നമ്മുടെ രക്ഷയുമാണ്.
ദൈവം നോഹയെ നീതിമാനായി പ്രഖ്യാപിക്കുകയും 2 പത്രോസ് 2:5-ൽ അവനെ നീതിപ്രസംഗകൻ എന്ന് വിളിക്കുകയും ചെയ്തു. വിശ്വാസത്താൽ നീതിമാനായ ഒരു വ്യക്തിക്ക് മാത്രമേ മറ്റുള്ളവരോട് നീതി പ്രസംഗിക്കാൻ കഴിയൂ. നോഹ ദൈവത്തിൽ വിശ്വസിക്കുകയും മറ്റുള്ളവരുടെ സഹായമില്ലാതെ ഒരു പെട്ടകം പണിയുക പ്രയാസമാണെങ്കിലും ദൈവം പറഞ്ഞത് അനുസരിച്ചു.
നോഹയുടെ നാളുകളിൽ അവർ തിന്നുകയും കുടിക്കുകയും, വിവാഹം കഴിക്കുകയും വിവാഹത്തിന്ന് കൊടുക്കുകയും ചെയ്തതു പോലെ അവസാന നാളുകൾ ആയിരിക്കും എന്ന് കർത്താവ് പറഞ്ഞു. പതിവുപോലെയുള്ള ജീവിതമായിരുന്നു ആ കാലഘട്ടത്തില്‍ അവര്‍ നയിച്ചത്. വെള്ളപ്പൊക്കം വന്ന് അവരെയെല്ലാം ഒഴുക്കിക്കളഞ്ഞു. ദൈവത്തെ അന്വേഷിക്കുന്നതിനോ, അവനെ വിശ്വസിക്കുന്നതിനോ, അവനെ അനുസരിക്കുന്നതിനോ മെനക്കെടാതെ ആളുകൾ പതിവുപോലെ തങ്ങളുടെ ദൈനം ദിന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടമ്പോൾ, ന്യായവിധി തങ്ങള്‍ നിനച്ചിരിക്കാത്ത നാഴികയില്‍ വരികയും അവരെ സംഹരിച്ചു കളകയും ചെയ്തു. ഭാവിയിലും ഇങ്ങനെ തന്നെ സംഭവിക്കും എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ.
എബ്രാ 11.7 വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റം വിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.
ദൈവം പ്രഖ്യാപിച്ച വെള്ളപ്പൊക്കം തീർച്ചയായും വരുമെന്ന അദ്ദേഹത്തിന്റെ വിശ്വാസം പങ്കിടാൻ ഭാര്യയും, പുത്രന്മാരും, അവരുടെ ഭാര്യമാരും തീരുമാനിച്ചു, എല്ലാവരും പെട്ടകത്തിൽ പ്രവേശിച്ചു. മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ശ്രദ്ധിക്കാതെ അവർ ദൈവത്തിനായി ജീവിച്ചു. തങ്ങളുടെ ജീവൻ സംരക്ഷിക്കപ്പെടുന്നിടത്തോളം, എല്ലാ വസ്തുക്കളും നഷ്ടപ്പെടുന്നത് അവർ കാര്യമാക്കിയില്ല. കാണുന്നതിനെ അവഗണിച്ചുകൊണ്ട് അവർ കാണാത്തതിന്നായി ജീവിച്ചു. വിനീതമായ വിശ്വാസത്തിലും അനുസരണത്തിലും നോഹ ദൈവത്തോടൊപ്പം നടന്നതിനാലും അവന്റെ വിശ്വാസത്താൽ അവൻ നീതിമാനായി കണക്കാക്കപ്പെട്ടതിനാലും ഇത് സാധ്യമായി.
വിശ്വാസത്തിലും, അനുസരണത്തിലും താന്‍ വെച്ച വ്യത്യസ്ത മാതൃകയിലൂടെ , ശേഷമുള്ളവരുടെ മത്സരത്തെയും, അവിശ്വാസത്തെയും ന്യായം വിധിക്കുകയും വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീരുകയും ചെയ്തു. ദൈവത്തോടുള്ള നമ്മുടെ ഭയഭക്തിയും അവൻ നമ്മോട് ആവശ്യപ്പെടുന്നത് ചെയ്യുവാനുള്ള നമ്മുടെ ഏകാഗ്രമായ ആഗ്രഹവും നമ്മുടെ ജീവിതത്തിൽ നാം പ്രകടിപ്പിക്കുന്നുണ്ടോ? മനുഷ്യരുടെ ചിന്തകളെ അവഗണിച്ചുകൊണ്ട് ദൈവഭയത്തിലാണോ നമ്മുടെ തീരുമാനങ്ങൾ എടുക്കുന്നത്? യുഗാന്ത്യത്തിൽ അവന്റെ പ്രതിഫലത്തിനും പ്രശംസക്കും വേണ്ടി മാത്രം നോക്കി പാര്‍ത്തും, വിശ്വാസത്തോടെ അവന്റെ ദാസന്മാരായി ജീവിക്കുവാൻ വലിയവനായ ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment