LWGB Malayalam Podcast
LWGB Malayalam Podcast
Mar-11-29M-അനുസരണക്കേടിനായി നല് കിയ വില
Loading
/

29M_അനുസരണക്കേടിനായി നല് കിയ വില

ഉല്‍പത്തി 33.18-34.2 യാക്കോബ് പദ്ദൻ-അരാമിൽനിന്നു വന്ന ശേഷം കനാൻദേശത്തിലെ ശെഖേം പട്ടണത്തിൽ സമാധാനത്തോടെ എത്തി പട്ടണത്തിനരികെ പാളയമടിച്ചു.
19 താൻ കൂടാരം അടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിനു വാങ്ങി.
20 അവിടെ അവൻ ഒരു യാഗപീഠം പണിത്, അതിന് ഏൽ-എലോഹേ-യിസ്രായേൽ എന്നു പേർ ഇട്ടു.
ലേയാ യാക്കോബിനു പ്രസവിച്ച മകളായ ദീനാ ദേശത്തിലെ കന്യകമാരെ കാൺമാൻ പോയി.
2 എന്നാറെ ഹിവ്യനായ ഹമോരിന്റെ മകനായി ദേശത്തിന്റെ പ്രഭുവായ ശെഖേം അവളെ കണ്ടിട്ടു പിടിച്ചുകൊണ്ടുപോയി അവളോടുകൂടെ ശയിച്ച് അവൾക്കു പോരായ്ക വരുത്തി.

ആഹാബിന്‍റെ കാലത്ത് യിസ്രായേലില്‍ 3 വര്‍ഷം ക്ഷാമം വന്നപ്പോള്‍ ദൈവം ഏലിയാവിനോട് പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോർദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക എന്നു കല്‍പിച്ചു. അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു. ഏലിയാവ് ഈ വാക്കുകള്‍ അനുസരിക്കാതെ ആ തോട്ടിനരികില്‍ പോയില്ല എന്ന് കരുതുക. ദൈവം നിയോഗിച്ച കാക്ക രാവിലെ വൈകുന്നേരവും അപ്പവും, ഇറച്ചിയുമായി അവിടെ വരികയും ആരെയും കാണാതെ മടങ്ങി പ്പോവുകയും ചെയ്യും. നമ്മോട് ദൈവം പോകുവാന്‍ കല്‍പിച്ച സ്ഥലത്താണ് ദൈവം നമുക്കായി അനുഗ്രങ്ങള്‍ ഒരുക്കിവെച്ചിട്ടുള്ളത്. ഇങ്ങനെ ദൈവഹിതത്തില്‍ നിന്നകന്ന് കുഴപ്പിത്തിലായ ഒരു മനുഷ്യനെക്കുറിച്ച് നമുക്കിന്ന് ചിന്തിക്കാം.

യാക്കോബ് തൻ്റെ ഭാര്യമാരും കുട്ടികളും, അവൻ്റെ കന്നുകാലികളും ആട്ടിൻകൂട്ടങ്ങളും, അവൻ്റെ വേലക്കാരുമായി ഒടുവിൽ കനാനിലേക്ക് സുരക്ഷിതമായി മടങ്ങുകയാണ്. തൻ്റെ ഹാരാനിലേക്കുള്ള യാത്രയിൽ ദൈവമുമ്പാകെ നേർന്നിരുന്നതുപോലെ, ദൈവത്തെ ആരാധിക്കുന്നതിനായി ബെഥേലിലേക്കും തുടർന്ന് നേരെ തന്‍റെ പിതാവിൻ്റെ വാസസ്ഥലത്തേക്കും പോകുവാനായിരുന്നു അവന്‍റെ പദ്ധതി. എന്നാല്‍, ബെഥേലിലേക്ക് പോകുന്നതിനുപകരം അവൻ പാതി വഴിയിൽ തങ്ങിയതായി നാം കാണുന്നു.

അവൻ കനാനിനടുത്തുള്ള ശേഖേമിൽ താമസമാക്കി. അവൻ അവിടെ ഭൂമി വാങ്ങി, ഒരു യാഗപീഠം പണിതു. ഈ ഭൂമി വാങ്ങിയതിൻ്റെ ന്യായീകരണം ഇതായിരിക്കാം. വർഷങ്ങളോളം അവൻ്റെ പിതാക്കന്മാര്‍ കനാനിൽ പല ഇടങ്ങളിലായി താമസിച്ച് അവിടെ അനേകം യാഗപീഠങ്ങൾ പണിയുകയും ചെയ്തിരുന്നു. അവർ ദൈവത്തെ ആരാധിക്കുകയും അവനിൽ നിന്ന് കേൾക്കുകയും ചെയ്തു. നാം ചെയ്യുന്ന കാര്യങ്ങൾക്കുള്ള ഭക്തിനിർഭരമായ ന്യായീകരണങ്ങൾ അവയ്ക്ക് അടിയിലുള്ള അനുസരണക്കേടിനെയും, അവിശ്വാസത്തെയും മറയ്ക്കുവാന്‍ സാധിക്കയില്ല.

യാക്കോബിനെ അനേക പ്രശ്നങ്ങളില്‍ നിന്നും, അപകടങ്ങളിൽ നിന്ന് ദൈവം സംരക്ഷിച്ചു എന്നത് സത്യമായിരുന്നു. ലാബാനോ, ഏശാവിനോ ചുറ്റുമുള്ള ജനതകൾക്കോ അവനെ ഉപദ്രവിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നത് മൂലം പലപ്പോഴും നാം തന്നെ സാത്താന്‍റെ തന്ത്രങ്ങളില്‍ കുടുങ്ങി, അങ്ങനെ സ്വയം ദൈവകോപം നമ്മുടെ മേല്‍ വിളിച്ചു വരുത്തുന്നു. സാത്താൻ്റെ ഈ തന്ത്രം നാം അറിയാതെ പോകരുത്. ഈ സാഹചര്യത്തിൽ, അവൻ യാക്കോബിൻ്റെ മക്കളെ കോപത്തിലൂടെയും തിന്മയുടെ വെറുപ്പിലൂടെയും ദൈവത്തില്‍ നിന്നകറ്റി.

ഏതാനും തലമുറകൾക്കുശേഷം, മോവാബിലെ ബാൽ-പെയോരിൽ, യിസ്രായേലിനുമേൽ ശാപം വരുത്താനുള്ള ബിലെയാമിൻ്റെ എല്ലാ ശ്രമങ്ങളെയും ദൈവം തടഞ്ഞു. എന്നിരുന്നാലും മോവാബ്യ സ്‌ത്രീകളുടെ വശീകരണങ്ങള്‍ക്ക് വഴങ്ങി യിസ്രായേൽ തങ്ങളുടെ മേല്‍ ദൈവകോപം വിളിച്ചു വരുത്തി. ആ മോവാബ്യ സ്ത്രീകള്‍ അവരെ വിഗ്രഹാരാധനയിലേക്കും പരസംഗത്തിലേക്കും അവരെ വശീകരിച്ചു.

നമ്മെയും നമ്മുടെ കുടുംബങ്ങളെയും ഈ ലോകത്തിന്‍റെ തിന്മയിലേക്ക് വലിച്ചിഴക്കാതിരിക്കാന്‍ നാം എത്ര ശ്രദ്ധിക്കണം. “നിൻ്റെ ദൈവമായ കർത്താവിനെ ആരാധിക്കുകയും അവനെ മാത്രമേ സേവിക്കുകയും ചെയ്യാവൂ” എന്ന് എഴുതിയിരിക്കുന്നുവെന്ന് പറഞ്ഞ നമ്മുടെ കർത്താവായ യേശുവിനെ നമുക്ക് അനുഗമിക്കാം. വിഗ്രഹങ്ങളെ വിട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു ജീവനുള്ള സത്യദൈവത്തെ സേവിപ്പാനും അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർപ്പിച്ച തന്റെ പുത്രനും വരുവാനുള്ള കോപത്തിൽനിന്നു നമ്മെ വിടുവിക്കുന്നവനുമായ യേശു സ്വർഗ്ഗത്തിൽനിന്നു വരുന്നതു കാത്തിരിപ്പാനും അവന്‍ നമ്മെ സഹായിക്കട്ടെ.

ദീന ആ ദേശത്തിലെ കന്യകമാരെ കാൺമാൻ പോയതായി നാം വായിക്കുന്നു.. തന്നെ സംരക്ഷിക്കാൻ സഹോദരങ്ങളില്ലാതെ അപരിചിതമായ ഒരിടത്ത് താൻ അപകടത്തിലാണെന്ന് അവൾ അറിഞ്ഞിരിക്കണം. അവളുടെ സഹോദരന്മാര്‍ കന്നുകാലികളുമായി വയലിൽ ഇരിക്കുകയായിരുന്നു. അവളുടെ ചിന്താശൂന്യത നിർഭാഗ്യവശാൽ അവളെ വലിയ സങ്കടത്തിലേക്ക് നയിച്ചു.

ശേക്കെമിലെ പുരുഷന്മാർ അബ്രഹാമിന് നൽകിയ വാഗ്ദാനത്തിൻ്റെ അവകാശികളായിരുന്നില്ല. അവരുടെ അതിക്രമം തികയുമ്പോള്‍ അവരെ ആ നാട്ടിൽ നിന്ന് പുറത്താക്കാനായിരുന്നു ദൈവിക വിധി. എന്നാൽ ദീനയ്ക്ക്ക്ക് അവരുടെ ജീവിതശൈലിയിൽ ജിജ്ഞാസയും താൽപ്പര്യവും തോന്നി. ഇതായിരുന്നു അവളുടെ വീഴ്ച. ദൈവത്തിൻ്റെ ശത്രുക്കളായ തിന്മയുടെ ആത്മീയ ശക്തികളോടുള്ള സഹതാപവും താൽപ്പര്യവും എല്ലായ്പ്പോഴും നമ്മുടെ നാശത്തിലേക്ക് നയിക്കുന്നു. വ്യക്തമായും ദൈവത്തിന് വിരോധമായതും, അവൻ ഇതിനകം വിധി കല്‍പ്പിച്ചിട്ടുള്ളതുമായ കാര്യങ്ങളെക്കുറിച്ച് അറിയുവാൻ നമുക്ക് പലപ്പോഴും താൽപ്പര്യം തോന്നുന്നത് എന്തുകൊണ്ടാണ്? ഇത് നമ്മുടെ സ്‌നേഹവും താൽപ്പര്യവും എന്തിനോടാണെന്ന് വെളിവാക്കുന്നു. നമ്മുടെ ചിന്തകൾ ദൈവത്തോട് വിരോധമാണെന്നാണ് ഇത് കാണിക്കുന്നത്.

ഭക്തികെട്ടവരുമായി ഇഴുകിച്ചേരുകയോ ലയിക്കുകയോ ചെയ്യുന്നത് വലിയ ആത്മീയ അപകടത്തിലേക്ക് നമ്മെ എത്തിക്കുന്നു. യാക്കോബിൻ്റെ ഏക മകളായ ദീനായെക്കുറിച്ചു തിരുവെഴുത്തുകളിൽ പിന്നീടൊരിക്കലും നാം വായിക്കുന്നില്ല. ഭക്തികെട്ട കൂട്ടുകെട്ടിൽ നിന്നും ഭക്തികെട്ട താൽപ്പര്യങ്ങളിൽ നിന്നും നമ്മെത്തന്നെ സൂക്ഷിക്കാൻ നമുക്ക് ശ്രദ്ധിക്കാം. നമ്മൾ എല്ലാവരോടും സൗഹാർദ്ദപരമായിരിക്കണം, എല്ലാവരോടും സ്നേഹവും അനുകമ്പയും കാണിക്കാൻ നമുക്ക് സാധിക്കണം. എന്നാൽ നമുക്ക് എല്ലാവരുമായും ചങ്ങാത്തം കൂടുവാന്‍ കഴികയില്ല, ദൈവത്തെ സ്നേഹിക്കുന്നവരുമായി മാത്രമേ നമുക്ക് കൂട്ടുകൂടാവൂ. ദൈവം സൃഷ്ടിച്ച ഈ നല്ല ഭൂമിയിൽ നമുക്ക് തീർച്ചയായും നമ്മുടെ ജീവിതം നമുക്ക് ആസ്വദിക്കാം. എന്നാൽ നമ്മുടെ ജഡമോഹങ്ങളുടെ കരുണയിൽ ആയിരിക്കാൻ നമുക്കാവില്ല. ഈ പാഠം നാം ശ്രദ്ധാപൂർവം പരിശീലിക്കേണ്ടതുണ്ട്.

2 കൊരി 6.14 നിങ്ങൾ അവിശ്വാസികളോടു ഇണയല്ലാപ്പിണ കൂടരുതു; നീതിക്കും അധർമ്മത്തിന്നും തമ്മിൽ എന്തോരു ചേർച്ച? വെളിച്ചത്തിന്നു ഇരുളോടു എന്തോരു കൂട്ടായ്മ?
15 ക്രിസ്തുവിന്നും ബെലീയാലിന്നും തമ്മിൽ എന്തു പൊരുത്തം? അല്ല, വിശ്വാസിക്കു അവിശ്വാസിയുമായി എന്തു ഓഹരി?
16 ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരുടെ ഇടയിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ. അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു
17 നിങ്ങൾക്കു പിതാവും നിങ്ങൾ എനിക്കു പുത്രന്മാരും പുത്രിമാരും ആയിരിക്കും” എന്നു സർവ്വശക്തനായ കർത്താവു അരുളിച്ചെയ്യുന്നു.

ദീനയുടെ മാനഹംഗത്തിനുശേഷം, തൻ്റെ വെറുപ്പും, പാപത്തോടുള്ള തന്‍റെ കോപവും പ്രകടിപ്പിക്കാനോ, അവര്‍ മുമ്പോട്ട് വെച്ച നിര്‍ദ്ദേശം അപ്പോള്‍ തന്നെ നിരസിക്കുവാനോ യാക്കോബ് ധൈര്യപ്പെട്ടില്ല. അവൻ തൻ്റെ മകളെ ശെഖേമിൻ്റെ വീട്ടിൽനിന്നു രക്ഷിച്ചതായും നാം കാണുന്നില്ല. ലോത്തും സോദോമിലെ ജനങ്ങളും ബന്ദികളാക്കപ്പെട്ടപ്പോൾ പ്രതികരിച്ച അബ്രഹാമിൽ നിന്ന് എത്ര വ്യത്യസ്തമായാണ് യാക്കോബ് പെരുമാറിയത്. ശത്രുക്കളുടെ കയ്യിൽ നിന്ന് അവരെ രക്ഷിക്കാൻ അവൻ തൻ്റെ വീട്ടില്‍ ജനിച്ച അഭ്യാസികളായ ദാസന്മാരോടൊപ്പം പുറപ്പെട്ടു. പലപ്പോഴും നമ്മുടെ സ്വന്തം പാപബോധവും, നമ്മുടെ ദുര്‍മനസ്സാക്ഷിയും, മറ്റുള്ളവരുടെ പാപപ്രവൃത്തികളിൽ നിന്ന് കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നു. നമ്മുടെ മനസ്സാക്ഷി മോശമായതിനാൽ നാം മറ്റുള്ളവരെ ഭയപ്പെടുന്നു.

വാസ്‌തവത്തിൽ, യാക്കോബിൻ്റെ മൂത്ത പുത്രൻമാരായ ശിമയോനും ലേവിയും, ലേയയിലൂടെ ദീനായുടെ പൂർണ്ണസഹോദരന്മായിരുന്നു. അവര്‍ കോപത്തോടെ എഴുന്നേറ്റു, അവരുടെ സഹോദരിയെ അപമാനിച്ച വ്യക്തി താമസിച്ച പട്ടണം മുഴുവനും തുടച്ചുനീക്കി. മകളുടെ അപമാനത്തെക്കുറിച്ച് യാക്കോബ് ഒന്നും തന്നെ പറഞ്ഞതായി നാം കാണുന്നില്ല. എന്നാൽ അവളെ ഒരു വേശ്യയായി കരുതാൻ അവൻ്റെ മക്കൾ വിസമ്മതിച്ചു. സഹോദരിയുടെ മാനവും, കുടുംബത്തിൻ്റെ മാനത്തിനും അവർ വില കല്പിച്ചു. ശേഖെമിൻ്റെ വീട്ടിൽ നിന്ന് അവളെ രക്ഷിക്കുന്നതിനിടയിൽ അവർ അവളുടെ അപമാനത്തിന് പ്രതികാരം ചെയ്തു.

എന്നിരുന്നാലും അവരുടെ സ്വാഭാവിക കോപവും, ദീനയോടുള്ള സഹതാപവും അമിതമായ പ്രതികാരത്തിന് ന്യായീകരണമല്ല. ഒരു മനുഷ്യൻ്റെ പാപത്തിന് അവർ ആ പട്ടണത്തിലുള്ള എല്ലാ മനുഷ്യരെയും നശിപ്പിച്ചു. സഹോദരിയുടെ മാനഹാനിക്ക് പ്രതികാരം ചെയ്യാൻ അവർ ആ പട്ടണത്തിലുള്ള എല്ലാ സ്ത്രീകളെയും വിധവമാരാക്കി. അതുകൊണ്ടാണ് ദൈവത്തിന് പ്രതികാരം “കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്” എന്ന് പരിമിതപ്പെടുത്തേണ്ടി വന്നത്. ദൈവത്തിൻ്റെ ന്യായവിധി ന്യായമാണ്. “കർത്താവ് അവൻ നടപ്പിലാക്കുന്ന ന്യായവിധിയാൽ അറിയപ്പെടുന്നു; ദുഷ്ടന്മാർ സ്വന്തം കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു എന്നും സങ്കീര്‍ത്തനങ്ങളില്‍ നാം വായിക്കുന്നു.
മനുഷ്യൻ്റെ കോപം ദൈവത്തിൻ്റെ നീതി പ്രവർത്തിക്കുന്നില്ല. പലപ്പോഴും നീതിപരമായ എരിവ് എന്ന് നാം വിളിക്കുന്നത് കേവലം പ്രതികാരപരമായ ക്രൂരത മാത്രമാണ്. ദൈവം നമ്മെ നീതിനിഷ്ഠമായ വിനയത്തിലേക്കും, അവൻ്റെ നീതിയിലും, ശക്തിയിലുമുള്ള ആശ്രയത്തിലേക്കുമാണ് നമ്മെ വിളിക്കുന്നത്.

യാക്കോബ് തൻ്റെ കാര്യസാധ്യത്തിന്നായി ആവർത്തിച്ച് കള്ളം പറഞ്ഞത് ഓര്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ തന്‍റെ മക്കളായ ശിമയോനെയും ലേവിയെയും അതേ വഴി തന്നെ പിന്തുടരുന്നത് ദുഃഖത്തോടെ കണ്ടിരിക്കേണ്ട അവസ്ഥ അവനുണ്ടായി. ശത്രുക്കളെ പരാജയപ്പെടുത്താൻ അവർ കള്ളം പറയുകയും അവരെ വഞ്ചിക്കുകയും ചെയ്തു.
നാം ദുഷിച്ച മാതൃക കാണിക്കുകയാണെങ്കില്‍ നമ്മുടെ അടുത്ത തലമുറ നാം ചെയ്തതിലും കൂടുതൽ മോശമായ പ്രവൃത്തികളിലേര്‍പ്പെടും എന്ന് നാം മറന്നു പോകരുത്.

ശേഖേമിലെ പുരുഷന്മാർക്ക് യാക്കോബിൻ്റെ കുടുംബവുമായി സമ്മിശ്രവിവാഹം കഴിക്കാൻ പരിച്ഛേദന ഏല്‍ക്കേണ്ടത് ആവശ്യമാണെന്ന് ശിമയോനും, ലേവിയും കപടപരൂപേണ നിർദ്ദേശിച്ചു. അവരുടെ പ്രതികാരം നടപ്പിലാക്കാൻ ദൈവം ഉടമ്പടിയുടെ അടയാളമായി കൊടുത്ത പവിത്ര കര്‍മ്മം ഉപയോഗിക്കാൻ അവർക്ക് മടിയില്ലായിരുന്നു. ദൈവത്തിലുള്ള അവരുടെ വിശ്വാസത്തിൻ്റെ അടയാളമായിരുന്നു പരിച്ഛേദന, അത് ചെയ്യുക വഴി ദൈവത്തിലുള്ള അവരുടെ വിശ്വാസം അവര്‍ പ്രകടമാക്കുകയും, ദൈവിക അനുഗ്രത്തിന്ന് പാത്രീഭൂതരാവുകയും ചെയ്തിരുന്നു. ഇതെല്ലാം അറിയാമായിരുന്നെങ്കിലും യാക്കോബിൻ്റെ പുത്രന്മാർ മറ്റുള്ളവരെ കബളിപ്പിച്ച് കൊല്ലുവാൻ ആ പവിത്ര കര്‍മ്മത്തെ ഉപയോഗിച്ചു.

ഈ സംഭവം തൻ്റെ മരണക്കിടക്കയിൽ വെച്ച് യാക്കോബ് പരാമർശിച്ചതായി നാം വായിക്കുന്നു. ഈ കോപത്തിൻ്റെയും ക്രൂരമായ ക്രോധത്തിൻ്റെയും പ്രകടനത്തിനുശേഷം അവരെ തൻ്റെ മൂത്തമക്കളായി അദ്ദേഹം പരിഗണിച്ചില്ല. അവർ ഇനി ഐക്യത്തോടെ ജീവിക്കില്ലെന്നും, ഇസ്രായേലിൽ ചിതറിക്കിടക്കുമെന്നും അവൻ പ്രവചിച്ചു. വർഷങ്ങൾക്കുശേഷം, ലേവി ഗോത്രം വീണ്ടും വാളുമായി എഴുന്നേറ്റു. എന്നാൽ ഇപ്രാവശ്യം ഈ കാര്യം ചെയ്കകൊണ്ട് അവര്‍ക്ക് അനുഗ്രഹമാണ് ലഭിച്ചത്. അതിന്നു കാരണം, ലേവ്യർ തങ്ങളുടെ സ്വന്തം മാനത്തിനല്ല, കർത്താവിൻ്റെ മാനത്തിനായാണ് പ്രതികാരം ചെയ്തത്, മോശയുടെ കൽപ്പന അനുസരിച്ചാണ് അവർ അങ്ങനെ ചെയ്തത്, അവരുടെ സ്വന്തം ആഗ്രഹമായിരുന്നില്ല അത്.

മോശെ അവരെ അനുഗ്രിഹിച്ചു പറഞ്ഞതിങ്ങനെയാണ്

ആവര്‍ 33.8 ലേവിയെക്കുറിച്ചു അവൻ പറഞ്ഞതു: നിന്റെ തുമ്മീമും ഊറീമും നിൻഭക്തന്റെ പക്കൽ ഇരിക്കുന്നു; നീ മസ്സയിൽവെച്ചു പരീക്ഷിക്കയും കലഹജലത്തിങ്കൽ നീ പൊരുകയും ചെയ്തവന്റെ പക്കൽ തന്നേ.
9 അവൻ അപ്പനെയും അമ്മയെയും കുറിച്ചു: ഞാൻ അവരെ കണ്ടില്ല. എന്നു പറഞ്ഞു; സഹോദരന്മാരെ അവൻ ആദരിച്ചില്ല; സ്വന്തമക്കളെന്നോർത്തതുമില്ല. നിന്റെ വചനം അവർ പ്രമാണിച്ചു, നിന്റെ നിമയം കാത്തുകൊൾകയും ചെയ്തു.
10 അവർ യാക്കോബിന്നു നിന്റെ വിധികളും യിസ്രായേലിന്നു ന്യായപ്രമാണവും ഉപദേശിക്കും; അവർ നിന്റെ സന്നിധിയിൽ സുഗന്ധ ധൂപവും യാഗപീഠത്തിന്മേൽ സർവ്വാംഗഹോമവും അർപ്പിക്കും.

നമുക്ക് ദൈവത്തെ സ്നേഹിക്കുകയും പാപത്തില്‍ നിന്ന് അകന്നു പൂര്‍ണ്ണജാഗ്രതയോടെ നമ്മുടെ ഹൃദയങ്ങളെ കാത്തുകൊള്ളുകയും ചെയ്യാം. നമുക്ക് നിസ്സഹായരായവരെ സംരക്ഷിക്കാം, പക്ഷേ പ്രതികാരം ദൈവത്തിന് വിടാം. നാം പാപം ചെയ്‌താൽ, അവന്‍റ കരുണയ്ക്കായി യാചിച്ച് അവങ്കലേക്ക് നമുക്ക് മടങ്ങാം. അവൻ പുനര്‍ അവസരങ്ങളുടെ ദൈവമാണ്. നമുക്ക് ദൈവം വീണ്ടും, വീണ്ടും നല്‍കുന്ന അവസരങ്ങള്‍ പാഴാക്കാതെ അനുസരണത്തിന്‍റെ പാതയില്‍ മുന്നോട്ട് പോകാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.