37M_മാനത്തിന്ന് മുമ്പേ വിനയം
ഉല്‍പത്തി 43.8 പിന്നെ യെഹൂദാ തന്‍റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത്: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം.
9 ഞാൻ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്‍റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്‍റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
ഉല്‍പത്തി 44.32 അടിയൻ അപ്പനോട്: അവനെ നിന്‍റെ അടുക്കൽ കൊണ്ടുവരാതിരുന്നാൽ ഞാൻ എന്നും അപ്പനു കുറ്റക്കാരനായിക്കൊള്ളാമെന്നു പറഞ്ഞു, അപ്പനോടു ബാലനുവേണ്ടി ഉത്തരവാദിയായിരിക്കുന്നു.
33 ആകയാൽ ബാലനു പകരം അടിയൻ യജമാനന് അടിമയായിരിപ്പാനും ബാലൻ സഹോദരന്മാരോടുകൂടെ പൊയ്ക്കൊൾവാനും അനുവദിക്കേണമേ.
34 ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്‍റെ അടുക്കൽ പോകും? അപ്പനു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.
17-ഉം 18-ഉം നൂറ്റാണ്ടുകളിൽ യൂറോപ്പിലെ ഏറ്റവും വലിയ സുവിശേഷ പ്രസ്ഥാനങ്ങളിലൊന്നായിരുന്നു മൊറാവിയൻ പ്രസ്ഥാനം. ഇടമുറിയാത്ത പ്രാർത്ഥനയ്‌ക്കായി ഒത്തുചേരുന്നത് അവരുടെ ഒരു പതിവായിരുന്നു. ഈ കാലങ്ങളില്‍ നശിച്ചുപോകുന്നവരെക്കുറിച്ചുള്ള ആഴത്തിലുള്ള ഭാരം അവരുടെ ഹൃദയങ്ങളില്‍ വരികയും തൊഴിലുടമകൾ അവരുടെ കരിമ്പ് പാടങ്ങളിൽ ജോലിചെയ്യാൻ വെസ്റ്റ് ഇൻഡീസിലേക്ക് കൊണ്ടുപോയ അടിമകളെക്കുറിച്ച് അവര്‍ കേൾക്കുകയും ചെയ്തു. അടിമകളല്ലാതെ ആരെയും തന്നെ ആ ദ്വീപുകലിലേക്ക് അവര്‍ കയറ്റിയില്ല. ഈ അടിമകളോട് സുവിശേഷം അറിയിക്കുവാന്‍ ആ ഒറ്റപ്പെട്ട ദ്വീപുകളിൽ ചെന്നെത്തുവാന്‍ യാതൊരു മാർഗ്ഗവും അവര്‍ കണ്ടില്ല. എന്നാല്‍ അവരിൽ രണ്ടുപേരായ ജോൺ ലിയോനാർഡ് ഡോപ്പറും, ഡേവിഡ് നിത്‌ഷ്‌മാനും തങ്ങളുടെ കർത്താവിനായി വെസ്റ്റ് ഇൻഡീസിലെ ആ ദ്വീപുകളിലേക്ക് എത്തിച്ചേരാൻ തങ്ങളെത്തന്നെ അടിമകളായി വില്‍ക്കുവാന്‍ തീരുമാനിച്ചു. അവരുടെ കപ്പൽ കോപ്പൻഹേഗനിൽ നിന്ന് പുറപ്പെടുമ്പോൾ, “കൊല്ലപ്പെട്ട കുഞ്ഞാടിന് അവൻ്റെ കഷ്ടപ്പാടിൻ്റെ പ്രതിഫലം ലഭിക്കട്ടെ” എന്ന് അവരെ കണ്ണുനീരോടെ യാത്ര അയക്കുവാന്‍ വന്ന അവരുടെ സഹോദരങ്ങളോടും, ബന്ധുമിത്രാതികളോടുമായി അവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഈ വാചകങ്ങള്‍ പില്‍കാലത്ത് മൊറേവിയന്‍ പ്രസ്ഥാനത്തിന്‍റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്നായി തീര്‍ന്നു. പിതാവിനോടുള്ള സ്നേഹത്താൽ പ്രേരിതനായി പിതാവിൻ്റെ പ്രിയപ്പെട്ട മകനെ രക്ഷിക്കാനായി തന്നെതന്നെ അടിമയാക്കുവാന്‍ സന്നദ്ധനായ ഒരു മനുഷ്യനെക്കുറിച്ചാണ് നാം ഇന്ന് ചിന്തിക്കാൻ പോകുന്നത്.
ഇസ്രായേൽ പ്രതിസന്ധിയിലാണ്. അവൻ്റെ കുടുംബം ഇപ്പോള്‍ പട്ടിണിയെ അഭിമുഖീകരിക്കുന്നു. എന്നിട്ടും ഭക്ഷണം ലഭിക്കാനുള്ള ഏക മാർഗം ഇളയ മകൻ ബെന്യാമീനെ അപകടത്തിലാക്കുക എന്നതാണ്. തന്‍റെ പ്രിയപ്പെട്ട ഭാര്യയായ റാഹേലിൽ മരിച്ചുപോയെങ്കിലും അവളില്‍ നിന്ന് യാക്കോബിന് ശേഷിപ്പിച്ചിരുന്നത് അവന്‍ മാത്രമാണ്. യാക്കോബിൻ്റെ പ്രിയങ്കരനായിരുന്ന ബെന്യാമീൻ്റെ ജ്യേഷ്ഠനായ യോസേഫിനെ അനേക വര്‍ഷമായി താന്‍ കണ്ടിട്ടില്ല. മറ്റൊരു ഭാര്യയായ ലേയയിൽ ജനിച്ച അദ്ദേഹത്തിൻ്റെ രണ്ടാമത്തെ മകൻ ശിമയോൻ, ഭക്ഷണം വാങ്ങുവാൻ മിസ്രായീമിലേക്കുള്ള തൻ്റെ പുത്രന്മാരുടെ ആദ്യ യാത്രയിൽ തടവിലാക്കപ്പെട്ടു. ശിമയോന്‍ ഇല്ല എന്ന് പറഞ്ഞതല്ലാതെ യാക്കോബ് അവനെ മോചിപ്പിക്കാൻ ഒരു ശ്രമവും നടത്തിയതായി രേഖപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. നിഷ്പക്ഷമായി മക്കളെ സ്നേഹിക്കുന്നതിൻ്റെ പാഠം യാക്കോബ് അതുവരെ പഠിച്ചിട്ടില്ല എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അവൻ്റെ എല്ലാ ചിന്തയും, പരിചരണവും ബെന്യാമീനിൽ കേന്ദ്രീകരിച്ചിരിന്നു.
എന്തു ചെയ്യണമെന്നു തീരുമാനിക്കാനാവാതെ യാക്കോബ് ആശയക്കുഴപ്പിത്തിലായപ്പോള്‍, യഹൂദ കാര്യങ്ങള്‍ക്ക് മുന്‍കൈയെടുക്കുന്നതായി നാം കാണുന്നു. അവൻ്റെ മൂന്ന് മൂത്ത സഹോദരന്മാർ ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താലോ നേതൃസ്ഥാനത്തുനിന്ന് അയോഗ്യരാക്കപ്പെട്ടവരായിരുന്നു. അങ്ങനെ ഇപ്പോൾ യഥാർത്ഥ മൂത്ത മകന്‍റെ സ്ഥാനം യെഹൂദയില്‍ നിക്ഷിപ്തമായിരിക്കയാണ്.
യഹൂദയുടെ ജീവിതത്തിന്‍റെ ആദ്യ കാലങ്ങളും പാപപങ്കിലമായിരുന്നു. അസൂയ നിമിത്തം തൻ്റെ അനുജനായ ജോസഫിനെ ഇല്ലാതാക്കാൻ അവൻ തൻ്റെ സഹോദരന്മാരുമായി ഗൂഢാലോചന നടത്തി. ജോസഫിൻ്റെ ഭാവി മഹത്വം പ്രവചിക്കുന്ന സ്വപ്നങ്ങളായിരുന്നു ഇതിന് കാരണം. യഹൂദ തൻ്റെ സഹോദരന്മാരെ നിയന്ത്രിക്കുവാൻ നേതൃത്വം നൽകിയില്ല, എന്നുമാത്രമല്ല അവനെ അന്യര്‍ക്ക് വിൽക്കാൻ നിർദ്ദേശിക്കുകയും, അങ്ങനെ അവനിൽ നിന്ന് ലാഭം ഉണ്ടാക്കിയതായും നാം കാണുന്നു. തൻ്റെ ഇളയ മകൻ ശേലയെ വിവാഹം കഴിക്കാനുള്ള നിയമപരമായ അവകാശത്തിൽ നിന്ന് തൻ്റെ മരുമകൾ താമാറിനെ വഞ്ചിക്കാൻ അദ്ദേഹം ശ്രമിച്ചു. താമറിന് തൻ്റെ കുടുംബത്തോട് കടുത്ത വിശ്വസ്തത ഉണ്ടായിരുന്നിട്ടും യെഹൂദാ അവളെ അവഗണിച്ചു. അവളുമായി ബന്ധത്തിലേർപ്പെടാൻ കാമവികാരങ്ങളെ അച്ചടക്കമില്ലായ്മയിലൂടെ അവൾ അവനെ കുടുക്കിയപ്പോൾ അവളിലൂടെ തനിക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുവാനിടയായി.
യാക്കോബിനെപ്പോലെ, അവൻ്റെ എല്ലാ സഹോദരന്മാരെയും പോലെ, യഹൂദയ്ക്കും ഒരു ഗുണവിശേഷം ഉണ്ടായിരുന്നു, അത് അവൻ്റെ ആത്യന്തികമായി വീണ്ടെടുപ്പിലേക്ക് നയിച്ചതായി നമുക്ക് കാണാം. ദൈവം തിരഞ്ഞെടുത്ത യാക്കോബിൻ്റെ കുടുംബത്തെയും, അവനിലൂടെയുള്ള ദൈവീക വാഗ്ദത്തങ്ങളും അവൻ ഉപേക്ഷിച്ചില്ല എന്നതാണ്. നമ്മുടെ ജഡീക ബലഹീനതയും, അറിവാല്ലായ്മയും മൂലം നാം പലപ്പോഴും വീണുപോയി എന്നു വന്നേക്കാം. പക്ഷേ, നാം അവനെ ഉപേക്ഷിച്ചു മത്സരത്തില്‍ തുടരാത്തിടത്തോളം കാലം നമ്മില്‍ ദൈവത്തിന്ന് പ്രതീക്ഷയുണ്ട്. നമ്മുടെ പാപങ്ങള്‍ നമുക്ക് അംഗീകരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യാം. നമുക്ക് ദൈവത്തിന്‍റെ പാഠശാലയില്‍ തുടര്‍ന്നും അവനില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കാം.
നാം പാപം ചെയ്തുവെന്ന് മനസ്സിലാക്കി അത് ഏറ്റുപറഞ്ഞതിനുശേഷം ബോധപൂർവമായ അനുസരണക്കേടിൽ ജീവിക്കുന്നത് ധിക്കാരപരമായ പാപമാണ്, അത് ദൈവത്തിൻ്റെ ന്യായവിധിയെ ക്ഷണിവരുത്തുന്നു. മാനസാന്തരത്തിൻ്റെ പ്രവൃത്തികളിൽ പ്രതിഫലിക്കുന്ന ഹൃദയത്തിൻ്റെ സമഗ്രതയിൽ നാം നടക്കേണ്ടതാണ്.
അവരുടെ യാത്രയിൽ ബെന്യാമീനെ പരിപാലിച്ചു, സുരക്ഷിതമായി തിരിച്ച് കൊണ്ടുവരുവാന്‍ യാക്കോബിന്‍റെ മൂത്തമകനായ രൂബേന്‍ തയ്യാറായിരുന്നു. ബെന്യാമീനെ തിരികെ കൊണ്ടുവന്നില്ലെങ്കില്‍ തന്‍റെ രണ്ട് ആൺമക്കളെ പകരമായി കൊന്നു കളയുവാന്‍ യാക്കോബിനോടായി താന്‍ പറഞ്ഞു. എന്നാല്‍ യാക്കോബ് ഈ വാഗ്ദാനം സ്വീകരിച്ചില്ല. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായകമായ ഉത്തരവാതിത്തം എറ്റെടുക്കുവാന്‍ യഹൂദ തയ്യാറായി. യാക്കോബ് ദുഃഖവും ഭയവും മൂലം ബലഹീനനാണെന്ന് അവനറിയാമായിരുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും നല്ല തീരുമാനമെടുക്കുവാൻ തനിക്ക് കഴിയില്ലെന്ന് യെഹൂദാ മനസ്സിലാക്കി. യഹൂദ അവന്‍റെ മേല്‍ ആധിപത്യം സ്ഥാപിക്കാനോ, അവനെ അവഗണിക്കാനോ ശ്രമിച്ചില്ല മറിച്ച് ബെന്യാമിനെ സ്വന്തം ജീവൻ കൊണ്ട് കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്തുകൊണ്ട് അവൻ തന്‍റെ അപ്പനെ ധൈര്യപ്പെടുത്തി.
യഹൂദയ്‌ക്ക് തൻ്റെ ആദ്യത്തെ രണ്ട് ആൺമക്കളെ അവരുടെ സ്വന്തം ദുഷ്ടതയാൽ നേരത്തെ നഷ്ടമായിരുന്നു. അതിനുമുമ്പ് അവന്ന് തന്‍റെ ഭാര്യയെയും നഷ്ടപ്പെട്ടിരുന്നു. വേര്‍പാടിന്‍റെ വേദന അവന്‍ അനുഭവിച്ചത് കൊണ്ട് തന്‍റെ വേദനയും ഭയവും സങ്കടവും യഹൂദയ്ക്ക് നന്നായി അറിയാമെന്ന് യാക്കോബ് മനസ്സിലാക്കിയിരിക്കാം. യോസേഫിനെപ്പോലെ, ബെന്യാമിനെയും നഷ്ടപ്പെടുമോ എന്ന യാക്കോബിന്‍റെ ഭയത്തില്‍ ന്യായമായും യഹൂദയ്ക്ക് സഹാനുഭൂതി ഉണ്ടായി. നാം കടന്നുപോയ വേദനയും, ദുഃഖവും മറ്റുള്ളവരെ മനസ്സിലാക്കുവാനും, അവരെ പരിചരിക്കുവാനും സഹായകരമായ ഉപകരണങ്ങളാക്കുവാന്‍ ദൈവത്തിന് സാധിക്കും. അതുമൂലം അവരുടെ ക്ഷേമത്തിനായി ദയയോടെയും, ഉത്തരവാദിത്തബോധത്തോടെയും ഇടപെടുവാന്‍ നമുക്ക് സാധിക്കും.
യോസേഫ് തന്‍റെ സഹോദരന്മാർക്ക് തന്നെത്തന്നെ വെളിപ്പെടുത്തുന്നതിന് വളരെയധികം കാലതാമസം വരുത്തിയതായി നാം കാണുന്നു. അതുവരെ അവൻ അവരിൽ ആത്മാർത്ഥമായ മാനസാന്തരം കണ്ടില്ല എന്നതാണ് കാരണം. അവര്‍ ചെയ്തതിനെക്കുറിച്ച് അവര്‍ക്ക് ഖേദം ഉണ്ടായി എന്നത് ശരിയാണ്. പക്ഷേ അത് മാനസാന്തരമല്ല. ഖേദത്തെക്കാൾ ആഴത്തിലുള്ളണ് മാനസാന്തരം. യഥാർത്ഥ മാനസാന്തരം നാം ചെയ്തുപോയ പാപത്തിന്‍റെ ഉത്തരവാദിത്തവും അപരാധവും സ്വീകരിക്കുന്നതാണ്. അത് ദൈവത്തോടും മറ്റുള്ളവരോടും ഉള്ള നമ്മുടെ മനോഭാവത്തെ പൂർണ്ണമായും മാറ്റിമറിക്കുന്നതാണ്. അവൻ്റെ സഹോദരന്മാർ രണ്ടാം പ്രാവശ്യം ഭക്ഷണം വാങ്ങാൻ മിസ്രയീമിലേക്ക് മടങ്ങിയപ്പോൾ, അവർ ശിമയോനെക്കുറിച്ച് ചോദിച്ച് തങ്ങളുടെ സുരക്ഷയെ അപകടപ്പെടുത്തി. തൻ്റെ ചാക്കിൽ യോസേഫിൻ്റെ വെള്ളിപ്പാത്രവുമായി ബെന്യാമീൻ കൈയോടെ പിടിക്കപ്പെട്ടപ്പോൾ, അവന്ന് പകരമായ താന്‍ യോസേഫിന്ന് അടിമയായിക്കോള്ളാമെന്ന് യഹൂദ അവൻ്റെ ഹൃദയത്തിൽ നിന്ന് അപേക്ഷിച്ചു. പിതാവിനോടുള്ള ആർദ്രതയില്‍ നിന്നുള്ള ആ യാചന ജോസഫിന്‍റെ ഹൃദയത്തില്‍ സ്പര്‍ശിക്കയും, തന്നെതന്നെ അവരുടെ മുമ്പില്‍ വെളിപ്പെടുത്താൻ അവനെ നിര്‍ബന്ധിക്കയും ചെയ്തു. അവരുടെ ദുഃഖം ഭയമായി മാറിയെങ്കിലും, അത് താമസിയാതെ സന്തോഷമായിത്തീര്‍ന്നു.
യോസേഫിനെപ്പോലെതന്നെ ബെന്യാമീനോട് അവരുടെ പിതാവിന്ന് പക്ഷപാതം ഉണ്ടായിരുന്നിട്ടും അവര്‍ അവനെ തള്ളിക്കളയുവാന്‍ ഗൂഢാലോചന നടത്തിയില്ല. വർഷങ്ങൾക്കുമുമ്പ് ജോസഫിൻ്റെ അവസ്ഥയ്ക്ക് സമാനമായിരുന്നു ഈ സാഹചര്യം. ബെന്യാമിനെ ഒഴിവാക്കാൻ അവർക്ക് ഈ സാഹചര്യം പ്രയോജനപ്പെടുത്താമായിരുന്നു. പകരം, അവൻ്റെ നിമിത്തം അവർ തങ്ങളെത്തന്നെ പൊടിയോളം താഴ്ത്തി. അവന്ന് പകരമായി അവരുടെ ജീവൻ നല്‍കുവാന്‍ അവര്‍ തയ്യാറായി. ഇതാണ് യഥാര്‍ത്ഥമായ മാനസാന്തരം.
യോസേഫിന്‍റെ മുമ്പില്‍ യഹൂദ ചെയ്ത അപേക്ഷയിൽ അവൻ ബെന്യാമിനെ കുറ്റപ്പെടുത്തിയില്ല എന്ന് മാത്രമല്ല, ഈ സംഭവത്തിലൂടെ ദൈവം അവരുടെ കുറ്റം വെളിപ്പെടുത്തിയെന്ന് അവൻ സമ്മതിക്കുന്നു. ഈ തുറന്ന കുറ്റസമ്മതം ബൈബിളിലെ ഏറ്റവും ഹൃദയസ്പർശിയായ ഒരു രംഗത്തിന് സാക്ഷിയായി എന്നത് ശ്രദ്ധേയമാണ്. പൗലോസ് ഒനേസിമോസിനായി ഉത്തരവാതിയായതു പോലെ, യഹൂദ ബെന്യാമിനെ രക്ഷിക്കുന്നതിന്ന് തന്നെതന്നെ അടിമയാക്കപ്പെടുവാന്‍ സമ്മതിക്കുന്നു. അത് വെറും വൈകാരികമായൊരു അപേക്ഷമാത്രമായിരുന്നില്ല, യഹൂദയുടെ ഹൃദയത്തിലുണ്ടായ മാനസാന്തരത്തിന്‍റെയും, തന്‍റെ അപ്പനോടുള്ള സ്നേഹത്തിൻ്റെയും പ്രതിഫലനമായാണ് ജോസഫിന് അത് ബോധ്യപ്പെട്ടത്. സ്വയം ലാഭത്തിനായി തന്‍റെ സഹോദരനെ വിറ്റ അതേ മനുഷ്യൻ തന്നെ ഇപ്പോൾ ഇതാ മറ്റൊരു സഹോദരനുവേണ്ടി തന്‍റെ ജീവനെ നൽകുവാൻ തയ്യാറായിരിക്കയാണ്.
സ്നേഹിതന്മാർക്ക് വേണ്ടി തൻ്റെ ജീവനെ കൊടുക്കുന്നതിലും വലിയ സ്നേഹം ആര്‍ക്കുമില്ല എന്ന് കര്‍ത്താവ് ഒരിക്കല്‍ പറയുകയുണ്ടായി. മാനസാന്തരത്തിന്നായി, ആവശ്യമെങ്കിൽ നമ്മളുടെ പക്കലുള്ളതെല്ലാം തന്നെ ഉപേക്ഷിക്കാൻ നാം തയ്യാറാകുമ്പോഴാണ് ദൈവം നമുക്ക് തന്നെതന്നെ വെളിപ്പെടുത്തുന്നത്. ഏതവസ്ഥയിലും തൻ്റെ ജനത്തോടൊപ്പം നിൽക്കുവാൻ അതേ സ്നേഹം മോശയെ പ്രേരിപ്പിച്ചു. തന്‍റെ ചാര്‍ച്ചക്കാരായ യെഹൂദന്മാര്‍ രക്ഷിക്കപ്പെടുമെങ്കിൽ താൻ ശാപഗ്രസ്ഥനായിപോകുവാന്‍ ഈ സന്ഹം മൂലം അപ്പോസ്തലനായ പൗലോസ് തയ്യാറായി.
യഹൂദ തൻ്റെ പിതാവിനെ സ്നേഹിക്കാൻ പഠിച്ചു. തൻ്റെ ഇളയമകൻ്റെ ജീവനുമായ ബന്ധിച്ചിരുന്ന പിതാവിന്‍റെ നരയെ ദുഃഖത്തോടെ പാതാളത്തിലേക്ക് ഇറങ്ങുമാറാക്കുന്നതിനുപകരം, സ്വാതന്ത്ര്യവും കുടുംബവും ജീവിതവും പോലും നഷ്ടപ്പെടുത്തുവാൻ അവൻ തയ്യാറായി. ദൈവത്തോട് ഐക്യപ്പെടുന്ന ഹൃദയങ്ങളാണ് ഈ കാലഘട്ടത്തിന്‍റെ ആവശ്യം. അപ്പോൾ അവൻ്റെ സങ്കടങ്ങൾ നമ്മുടേതായിരിക്കും, നാം അവനെ ദുഃഖിപ്പിക്കുമോ എന്നതായിരിക്കും നമ്മുടെ ഏറ്റവും വലിയ ഭയം. അത്തരം സ്നേഹമാണ് എല്ലാ യഥാർത്ഥ ജ്ഞാനത്തിൻ്റെയും അടിസ്ഥാനം, കാരണം അത് പരസ്പരം അറിയുവാനും സേവിക്കാനും നമ്മെ പഠിപ്പിക്കുന്നു.
നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടുന്നതിന് മാനസാന്തരം അനിവാര്യമാണ്. നമ്മുടെ കർത്താവ് ഇങ്ങനെ പ്രഖ്യാപിച്ചു, “46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
47 അവന്‍റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.” (ലൂക്കാ 24:46-47). നാം മാനസാന്തരപ്പെടുമ്പോൾ, സ്നേഹമായ ദൈവവുമായി നാം നമ്മെത്തന്നെ പൊരുത്തപ്പെടുത്തുകയും അവനുമായി ഏകീഭവിക്കയും ചെയ്യുന്നു. നമ്മുടെ മാനസാന്തരത്തിൻ്റെ ഫലം സ്നേഹത്താൽ പ്രവർത്തിക്കുന്ന വിശ്വാസമാണ്. നാം മാനസാന്തരപ്പെടുമ്പോള്‍ ദൈവസ്നേഹത്തിൽ നിന്ന് നാം അകന്നുപോയിയെന്ന് സമ്മതിക്കുകയും, മുഴുവനായി തിരിഞ്ഞ് ഇനി മുതൽ സ്നേഹത്തിൽ നടക്കുവാന്‍ തീരുമാനിക്കയും ചെയ്യുന്നു. സ്നേഹത്തിൽ ജീവിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു.
അവസാനമായി, യഹൂദാ ഗോത്രത്തിലെ സിംഹമായി വിശേഷിപ്പിക്കപ്പെട്ടവന്‍ എഴുന്നേറ്റു വരുന്ന കുലമായി യഹൂദയെ യാക്കോബ് തിരിച്ചറിയുന്നത് നാമിവിടെ കാണുന്നു. മാനത്തിന് മുമ്പ് വിനയം എന്ന് തിരുവെഴുത്തില്‍ നാം കാണുന്നു. സഹോദരനുവേണ്ടി ജീവൻ ത്യജിക്കാൻ തയ്യാറായവൻ അവരെയെല്ലാം നയിക്കുന്നവനായി തീര്‍ന്നു. യെഹൂദാഗോത്രത്തിലെ സിംഹമാണ് കൊല്ലപ്പെട്ട കുഞ്ഞാട്. അവനെ സ്നേഹിക്കുന്നവര്‍ക്കും, സേവിക്കുന്നവര്‍ക്കാണ് അവന്‍ അധികാരം നൽകുന്നത്. അവൻ എല്ലാവരുടെയും ദാസനായിത്തീർന്നതു കൊണ്ട് പിതാവ് ദൈവപുത്രനായ കർത്താവിന് എല്ലാ അധികാരവും നൽകി. സ്വയം പ്രസാദിപ്പിക്കുന്നതിനായി മറ്റുള്ളവരെ ഭരിക്കാനുള്ള അവകാശമാണ് പലപ്പോഴും മാനുഷിക അധികാരം നമുക്ക് നൽകുന്നത്. എന്നാല്‍ ദൈവിക അധികാരം നമ്മുടെ ചുമതലയിലുള്ളവരെ സംരക്ഷിക്കുവാനും, സേവിക്കുവാനും, സ്വന്തം ജീവൻ നല്‍കുവാനും തയ്യാറാകുന്നു.
നാം ദൈവത്തിൻ്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണ്. ആ പ്രതിച്ഛായ വീണ്ടെടുക്കാൻ അവൻ നമ്മെ വീണ്ടെടുത്തു. ദൈവത്തിൻ്റെ പ്രതിരൂപമായ ക്രിസ്തുവിനെപ്പോലെ നമുക്കും നമ്മുടെ സഹോദരങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാം. നമുക്ക് അന്യോന്യം കപടമില്ലാതെയും തീക്ഷ്ണതയോടെയും സ്നേഹിക്കാം. “ഞാൻ എൻ്റെ സഹോദരൻ്റെ കാവൽക്കാരനാണോ?” എന്ന് ധിക്കാരപരമായി ദൈവത്തോട് ചോദിച്ച കയീനെപ്പോലെ അല്ല നാം പെരുമാറേണ്ടത്. തീർച്ചയായും നാം നമ്മുടെ സഹോദരങ്ങളുടെ കാവൽക്കാരാണ്. അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും, അവരെ സംരക്ഷിക്കുകയും, എന്തുവിലകൊടുത്തും അവരെ സുരക്ഷിതമായും സന്തോഷത്തോടെയും നമ്മുടെ പിതാവിൻ്റെ ഭവനത്തിൽ എത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. നമ്മുടെ നന്മ മാത്രമല്ല, നമ്മുടെ പിതാവായ ദൈവത്തിന് പ്രിയപ്പെട്ടവരുടെ നന്മയും അന്വേഷിക്കാനുള്ള നമ്മുടെ വിളിയാണിത്. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.


