LWGB Malayalam Podcast
LWGB Malayalam Podcast
Mar-24-38M-സകലത്തിന് റെയും പിന്നിലുള്ള ദൈവകരങ്ങളെ ദര് ശിക്കുക
Loading
/

38M_സകലത്തിന് റെയും പിന്നിലുള്ള ദൈവകരങ്ങളെ ദര് ശിക്കുക

4 യോസേഫ് സഹോദരന്മാരോട്: ഇങ്ങോട്ട് അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്: നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.
5 എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു.
6 ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ട്.
7 ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു.
8 ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവൻ എന്നെ ഫറവോനു പിതാവും അവന്റെ ഗൃഹത്തിനൊക്കെയും യജമാനനും മിസ്രയീംദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു.
9 നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു, ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം.
10 നീ ഗോശെൻദേശത്തു പാർത്ത് എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നെ.
11 നിനക്കും കുടുംബത്തിനും നിനക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.

റാവൻസ്ബ്രൂക്ക് എന്നറിയപ്പെടുന്ന ഹിറ്റലറുടെ തടങ്കൽപ്പാളയത്തിലായിരുന്നു കോറി ടെന്‍ ബൂമിനെയും അവളുടെ സഹോദരി ബെറ്റ്സിയെയും പാര്‍പ്പിച്ചിരുന്നത്. മറ്റു പീഠനങ്ങള്‍ അനുഭവിച്ചതു കൂടാതെ, അവരെ പേൻ ബാധിച്ച ബാരക്കുകളിൽ അവര്‍ താമസിക്കേണ്ടി വന്നു. അവരുടെ മുടിയിലും ശരീരത്തിലുമെല്ലാം പേന്‍ കയറി അവരെ വളരെ അസ്വസ്ഥരാക്കി..

ഒരു ദിവസം, ബെറ്റ്സി തന്‍റെ സഹോദരിയോട് ഇങ്ങനെ പറഞ്ഞു, “കോറി, പേനുകൾക്കായി നമുക്ക് ദൈവത്തിന് നന്ദി പറയണം.”

കോറി പറഞ്ഞു, “ബെറ്റ്സി, ഇത് കുറച്ച് കടന്ന കൈയ്യാണ്. പേനുകൾക്കായി ഞാൻ ദൈവത്തിന് നന്ദി പറയാൻ പോകുന്നില്ല. ”

ബെറ്റ്സി പറഞ്ഞു, “ഓ, എന്നാൽ കോറി, , ‘എല്ലാത്തിലും നന്ദി പറയുക.’ എന്ന് ബൈബിൾ നമ്മോട് പറയുന്നു

എന്നിട്ടും, പേനുകൾക്ക് ദൈവത്തിന് നന്ദി പറയാൻ കോറി തയ്യാറായില്ല. കോറിയും ബെറ്റ്‌സിയും അവിടെ കഴിഞ്ഞു കൂടിയ സമയത്ത് തങ്ങളുടെ ബാരക്കിലുള്ള മറ്റ് സ്ത്രീകളിലേക്ക് സുവിശേഷ സന്ദേശം എത്തിക്കുവാന്‍ ശ്രമിക്കുകയായിരുന്നു, അവർ ബൈബിൾ പഠനങ്ങൾ നടത്തുക പതിവായിരുന്നു. പേൻ ഉള്ളതിനാൽ കാവൽക്കാർ ആ ബാരക്കുകളിലേക്ക് പോകാറില്ലെന്നും അതിനാൽ അവർക്ക് സ്വതന്ത്രമായി ബൈബിളധ്യയനം നടത്താൻ കഴിഞ്ഞുവെന്നും കോറി പിന്നീട് കണ്ടെത്തി. തൽഫലമായി, അവരില്‍ പലരും അവരുടെ മരണത്തിന്ന് മുമ്പായി കർത്താവിലേക്ക് നയിക്കപ്പെട്ടു. തന്‍റെ ജീവിതത്തില്‍ ദൈവം അനുവദിച്ച എല്ലാം അത് പ്രത്യക്ഷത്തില്‍ അസൌകര്യം ഉണ്ടാക്കുന്നതായാല്‍ പോലും അത് നന്മക്കായിരുക്കും എന്ന് വിശ്വസിക്കാന്‍ യോസേഫിന്ന് സാധിച്ചു.

മാനസാന്തരത്തിൻ്റെയും വിനയത്തിൻ്റെയും ക്ഷമയുടെയും വിശ്വാസത്തിന്‍റെയും സ്വഭാവത്തെക്കുറിച്ച് യോസേഫിൻ്റെ കഥ നൽകുന്ന ഉൾക്കാഴ്ച അതിശയകരമാണ്. ഇപ്പോൾ തന്‍റെ സഹോദരന്മാരില്‍ മാനസാന്തരം കണ്ടപ്പോൾ, യോസേഫിൻ്റെ വായിൽ നിന്ന് കുറ്റപ്പെടുത്തലിൻ്റെ ഒരു വാക്കും വന്നില്ല എന്നത് ശ്രദ്ധേയമാണ്. അവരോടുള്ള അവൻ്റെ മനോഭാവം വിശദീകരിക്കാനും അവന്‍ അവരോട് ക്ഷമിച്ചിരിക്കുന്നു എന്ന് അവരെ ബോധ്യപ്പെടുത്താനുമാണ് താന്‍ ശ്രമിച്ചത്. , തന്‍റെ സഹോദരന്മാര്‍ തന്നെ പിതാവിന്‍റെ ഭവനത്തില്‍ നിന്ന് ഒരു അടിമയായി വിറ്റതും, സഹായിക്കാൻ ആരുമില്ലാത്ത ഒരു അന്യദേശത്ത് ഏകനായി ജീവിച്ചതും മാനുഷികമായ കാഴ്ചപ്പാടില്‍ നോക്കിയാല്‍ ശരിയാരിക്കാം. എന്നാൽ യോസേഫിൻ്റെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായിരുന്നു. അവൻ തൻ്റെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ദൈവത്തിൻ്റെ കൈയിൽ നിന്ന് തൻ്റെ നന്മയ്ക്കായി സ്വീകരിച്ചതായി കാണാവുന്നതാണ്.

തന്‍റെ സഹോദരന്മാരുമായുള്ള സംഭാഷണത്തിൽ ദൈവം എന്ന പദം എത്ര പ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു എന്നതില്‍ നിന്ന് ഈ വസ്തുത നമുക്ക് മനസ്സിലാക്കാം. നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ കരം പ്രവർത്തിക്കുന്നത് വിശ്വാസത്താൽ കാണാത്തിടത്തോളം, നമുക്ക് മറ്റുള്ളവരോട് ക്ഷമിക്കാൻ സാധിക്കയില്ല. എല്ലാ സാഹചര്യങ്ങളിലും താൻ ദൈവത്താൽ നയിക്കപ്പെടുന്നുവെന്ന് യോസേഫിന് അറിയാമായിരുന്നു, അങ്ങനെ നിരന്തരം ദൈവവുമായുള്ള കൂട്ടായ്മയിൽ താന്‍ ജീവിച്ചു. ദൈവത്തിന് അവനെക്കുറിച്ച് വലിയ പദ്ധതികളുണ്ടെന്ന് അവനു ഉറപ്പായിരുന്നു. ദൈവം തൻ്റേതായ രീതിയിൽ ആ പദ്ധതികളെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവരികയാണെന്ന് വിശ്വാസത്താൽ അവൻ ഗ്രഹിച്ചു.

താൻ അനുഭവിച്ച എല്ലാ ജീവിത സാഹചര്യങ്ങളുടെയും രചയിതാവ് ദൈവമാണെന്ന് അവനറിയാമായിരുന്നു. തന്നോടൊപ്പമുള്ള ദൈവസാന്നിധ്യം അനുനിമിഷവും അവന്‍ അനുഭവിച്ചറിഞ്ഞു. എല്ലാ ജീവിത സാഹചര്യങ്ങളിലും കൃപയാൽ അവൻ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടിരുന്നു. ഒരു അനുഗ്രഹം അവകാശമാക്കാനാണ് താൻ വിളിക്കപ്പെട്ടതെന്ന് അവനറിയാമായിരുന്നു. തൽഫലമായി, അവൻ തൻ്റെ സഹോദരന്മാരെയോ മറ്റാരെങ്കിലുമോ കുറ്റപ്പെടുത്തുന്നതിൽ നിന്നും ശപിക്കുന്നതിൽനിന്നും സ്വയം കാത്ത് സൂക്ഷിച്ചു. പകരം, മറ്റുള്ളവരെ അനുഗ്രഹിക്കാൻ അവൻ സ്വതന്ത്രനായിരുന്നു. 1 പത്രോസ് 3.8 തീർച്ചെക്കു എല്ലാവരും ഐകമത്യവും സഹതാപവും സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ.
9 ദോഷത്തിന്നു ദോഷവും ശകാരത്തിന്നു ശകാരവും പകരം ചെയ്യാതെ നിങ്ങൾ അനുഗ്രഹം അനുഭവിക്കേണ്ടതിന്നു വിളിക്കപ്പെട്ടതുകൊണ്ടു അനുഗ്രഹിക്കുന്നവരായിരിപ്പിൻ.

ക്ഷമിക്കുക എന്നാൽ വസ്തുതകൾ വളച്ചൊടിക്കുക എന്നല്ല അർത്ഥമാക്കുന്നത്. അവൻ തൻ്റെ സഹോദരന്മാരോട് സ്വയം പരിചയപ്പെടുത്തി ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മിസ്രയീമിലേക്ക് വിറ്റ യോസേഫാണ് ഞാന്‍. എന്നാൽ നിങ്ങള്‍ ദുഃഖിക്കുകയോ, നിങ്ങളോട് തന്നെ ദേഷ്യപ്പെടുകയോ അരുത്, സ്വയം കുറ്റപ്പെടുത്തുകയുമരുത്”, കാരണം ദൈവം എൻ്റെ ജീവിതത്തിലൂടെ അവൻ്റെ ഉദ്ദേശ്യം നിറവേറ്റിയിരിക്കുന്നു. യോസേഫിനെപ്പോലെ നല്ലതും ശരിയായതുമായ കാര്യങ്ങൾ ചെയ്തുകൊണ്ട് ഹൃദയത്തിൽ നിന്ന് കർത്താവിനെ അനുഗമിക്കുന്നവരെ യഥാര്‍ത്ഥമായി ഉപദ്രവിക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. 1 പത്രോസ് 3:13 നിങ്ങൾ നന്മ ചെയ്യുന്നതിൽ ശൂഷ്കാന്തിയുള്ളവർ ആകുന്നു എങ്കിൽ നിങ്ങൾക്കു ദോഷം ചെയ്യുന്നവൻ ആർ?
14 നീതിനിമിത്തം കഷ്ടം സഹിക്കേണ്ടി വന്നാലും നിങ്ങൾ ഭാഗ്യവാന്മാർ. അവരുടെ ഭീഷണത്തിങ്കൽ ഭയപ്പെടുകയും കലങ്ങുകയുമരുതു; എന്നാൽ ക്രിസ്തുവിനെ നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവായി വിശുദ്ധീകരിപ്പിൻ.

രണ്ടാമതായി, ദൈവം നല്ലവനാണെന്നും നമുക്ക് സംഭവിക്കുന്ന എല്ലാത്തിന്‍റെയും പിന്നിൽ അവനാണെന്നുമുള്ള ഉറപ്പ് നമ്മെ ദൈവാനുഗ്രഹത്തിൻ്റെ ഒരു മാദ്ധ്യമമാക്കി മാറ്റുന്നു. അതുകൊണ്ട് തന്നെ ആർക്കും നമ്മളെ ഉപദ്രവിക്കാനാവില്ല. അതുകൊണ്ടാണ് യോസേഫ് തന്നോട് തിന്മ ചെയ്യാൻ ശ്രമിച്ചവരെപ്പോലും കുറ്റപ്പെടുത്താൻ ശ്രമിക്കാതിരുന്നത്. ദൈവം ദൈവമാണ്, മറ്റുള്ളവര്‍ നമ്മെ ഉപദ്രവിക്കാനുള്ള ശ്രമങ്ങള്‍ പോലും അവൻ നമ്മിൽ തന്‍റെ ഇഷ്ടം നിറവേറ്റാൻ ഉപയോഗിക്കുന്നു. തൻ്റെ അനേകം പരീക്ഷണങ്ങൾക്ക് ഉത്തരവാദി ദൈവമാണെന്ന് യോസേഫിന് മനസ്സിൽ അറിയാമായിരുന്നു. സ്വന്തം സഹോദരന്മാരാൽ വഞ്ചിക്കപ്പെടുകയും, അടിമയായ് വില്‍ക്കപ്പെടുകയും, തടവിലാക്കപ്പെടുകയും, പെട്ടെന്ന് ഫറവോൻ്റെ മുമ്പാകെ ഉയര്‍ച്ച പ്രാപിക്കയും ചെയ്ത സമയങ്ങളിലെല്ലാം ഈ ചിന്ത തന്നെ സ്വാധീനിച്ചിരുന്നു. തരംതാഴ്ത്തലായാലും സ്ഥാനക്കയറ്റമായാലും, ഇതിനെല്ലാം പിന്നില്‍ ദൈവത്തിന്‍റെ സര്‍വ്വാധികാരം ദര്‍ശിക്കുവാന്‍ സാധിക്കുന്നത് അനുഗ്രഹകരമായ അനുഭവമാണ്.

ഇതായിരിക്കണം നമ്മുടെ ജീവിത കാഴ്ചപ്പാട്. ഈ വിധത്തില്‍ ജീവിതത്തെ നോക്കിക്കാണുന്ന ഒരു ഭക്തന് പരാതിപ്പെടാനോ പിറുപിറുക്കാനോ സാധിക്കയില്ല. പാഴായ വർഷങ്ങളെക്കുറിച്ചുള്ള നഷ്ടബോധം കാണുകയില്ല. പലപ്പോഴും നമുക്ക് ഇത് കാണാനോ വിശ്വസിക്കാനോ കഴിയുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് നമ്മുടെ മാതാപിതാക്കൾ ഉൾപ്പെടെയുള്ളവരെ അല്ലെങ്കിൽ നമ്മുടെ സാഹചര്യങ്ങളെ നാം കുറ്റപ്പെടുത്തുന്നു. നമ്മുടെ അധഃപതനത്തിലും പരാജയത്തിലും ദൈവത്തെ കാണാൻ നമുക്ക് കഴിയുന്നില്ല. Jer 29:11 നിങ്ങൾ പ്രത്യാശിക്കുന്ന ശുഭഭാവി വരുവാൻ തക്കവണ്ണം ഞാൻ നിങ്ങളെക്കുറിച്ചു നിരൂപിക്കുന്ന നിരൂപണങ്ങൾ ഇന്നവ എന്നു ഞാൻ അറിയുന്നു; അവ തിന്മെക്കല്ല നന്മെക്കത്രേയുള്ള നിരൂപണങ്ങൾ എന്നു യഹോവയുടെ അരുളപ്പാടു.

മിസ്രയീമിലെ സമ്പത്ത് യോസേഫ് തൻ്റെ സഹോദരങ്ങളുമായി സ്വതന്ത്രമായി പങ്കിടുന്നത് നാമിവിടെ കാണുന്നു. ബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ, യോസേഫിൻ്റേതായ എല്ലാറ്റിനും അവർ അവകാശികളാണ്. അവർ ഇപ്പോൾ അപരിചിതരോ അന്യനാട്ടിൽ നിന്ന് ഭക്ഷണം വാങ്ങുവാന്‍ വന്നവരെ അല്ല. മറിച്ച് മിസ്രായീമില്‍ മറ്റാര്‍ക്കും അവകാശപ്പെടുവാന്‍ സാധ്യമല്ലാത്ത “യോസേഫിൻ്റെ സഹോദരന്മാർ” – എന്ന പേരിനാല്‍ അവര്‍ അന്ന് മുതല്‍ അറിയപ്പെട്ടു.. നമ്മുടെ പാപങ്ങൾ ദൈവം ക്ഷമിച്ചു തന്നപ്പോള്‍‌ അവനുമായുള്ള നമ്മുടെ ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും നാമിപ്പോൾ അന്യരും, പരദേശികളും അകന്ന പാപികളുമല്ല, മറിച്ച് അവൻ്റെ മക്കളും നമ്മുടെ കർത്താവിനോടു കൂടെ കൂട്ടവകാശികളുമാണ്. ദൈവത്തിൻ്റെ പ്രിയപ്പെട്ടവരായി നമ്മുടെമേൽ കൃപയുടെ എല്ലാ സമ്പത്തും ചൊരിയപ്പെടുന്നു. നാം അന്ധകാരത്തിൽ നിന്ന് ദൈവത്തിൻ്റെ പ്രിയപുത്രൻ്റെ രാജ്യത്തിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. നാം ക്ഷാമദേശത്തുനിന്നു യോസേഫിൻ്റെ കലവറകളിലേക്കു ആനയിക്കപ്പെട്ടിരിക്കുന്നു. സങ്കടത്തിൽ നിന്നും വേദനയിൽ നിന്നും അവൻ്റെ സന്തോഷത്തിലേക്കുള്ള പ്രവേശനം ലഭിച്ചിരിക്കുന്നു. അരക്ഷിതാവസ്ഥയിൽ നിന്ന് “നീ എൻ്റെ സമീപത്തായിരിക്കും” എന്ന ശബ്ദം നാം ശ്രവിക്കുന്നു. ഞാൻ നിങ്ങൾക്കുവേണ്ടി കരുതും, ക്ഷാമത്തിൽ ഞാൻ നിങ്ങളെ പോഷിപ്പിക്കും എന്നവന്‍ തന്‍റെ സഹോദരന്മാരോട് വാഗ്ദാനം ചെയ്തു. ക്രിസ്തു നമ്മുടെ ഉറപ്പാണ്. നാം അവനിൽ ആയിരിക്കുമ്പോൾ, ജീവനും ദൈവഭക്തിക്കും വേണ്ടതെല്ലാം നമുക്കുണ്ട്.

അവരുടെ കുടുംബങ്ങളെ മിസ്രായീമിലേക്ക് കൊണ്ടുവരാൻ യോസേഫ് അവരെ തിരിച്ചയച്ചു. “വഴിയിൽ വഴക്കുണ്ടാക്കരുത്” എന്നതായിരുന്നു അവരോടായി അദ്ദേഹത്തിൻ്റെ ഉപദേശം. പലപ്പോഴും നമ്മൾ ദൈവത്തോട് നിരുപാധികമായ ക്ഷമ ചോദിക്കുന്നു, എന്നാൽ മറ്റുള്ളവരോട് ക്ഷമിക്കാൻ നാം തയ്യാറല്ല. (എഫെസ്യർ 4:31-32) “1 എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
32 നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി ദൈവം ക്രിസ്തുവിൽ നിങ്ങളോടു ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിപ്പിൻ.

യോസേഫ് തൻ്റെ സഹോദരന്മാരുമായുള്ള ഇടപാടുകളില്‍ നിന്ന്, ഒരു വിശ്വാസിയുടെ ജീവിതത്തിൽ വസ്തുതകളും വിശ്വാസവും വികാരങ്ങളും എങ്ങനെ സന്തുലതയോടു കൂടി പ്രവർത്തിക്കുന്നുവെന്ന് നമുക്ക് മനസ്സിലാക്കാം. നമ്മുടെ വിശ്വാസാചാരങ്ങളിൽ നിന്ന് ഈ മൂന്ന് കാര്യങ്ങളുടെ ക്രമം മാറ്റുവാനോ, അവയിലേതെങ്കിലും ഒന്ന് ഒഴിവാക്കാനോ പാടില്ല. സഹോദരന്മാർ തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ട് താന്‍ വികാരാധീനനായി, തൻ്റെ ഇളയ സഹോദരൻ ബെഞ്ചമിനെ കണ്ടപ്പോൾ വളരെയധികം മനസ്സ് കലങ്ങി. എന്നാല്‍ അവൻ അവരുടെ മുന്നിൽ സ്വയം അടക്കിനിർത്തി. വികാരങ്ങള്‍ പ്രകടിപ്പിക്കുവാന്‍ അത് ശരിയായ സമയമല്ലെന്ന് അവനറിയാമായിരുന്നു.

ആദ്യം, അവൻ അവരെ കണ്ടപ്പോൾ, പച്ചയായ വസ്തുതകളാണ് പരിഗണിച്ചത്. അവൻ്റെ സഹോദരന്മാർ അവനെ മിസ്രായീമിലേക്ക് അടിമയായി വിറ്റു. വര്‍ഷങ്ങള്‍ക്ക് ശേഷം അവിടെ വന്നിട്ടും അവർ അവനെ തിരഞ്ഞതായോ, അവനെ കണ്ടുമുട്ടുവാനുള്ള സാധ്യതയെപ്പറ്റി ചിന്തിച്ചതിന്‍റെയോ ഒരു സൂചനയും താന്‍ കണ്ടില്ല. അവരുടെ ചെയ്തികളിൽ ആത്മാർത്ഥമായ ഖേദമുണ്ട് എന്നത് ശരിയാണെങ്കിലും അവർ യഥാർത്ഥ മാനസാന്തരത്തിലേക്ക് എത്തിയിട്ടില്ലെന്ന് അവന് കാണുവാൻ കഴിഞ്ഞു. മാനസാന്തരം പ്രകടിപ്പിക്കുവാനായി ഒന്നും ചെയ്യാൻ അവർ തയ്യാറായതുമില്ല. ഈ വസ്തുതകൾ അദ്ദേഹം അവഗണിച്ചില്ല.

ഒരു വിശ്വാസിക്ക് വസ്തുതകൾ മറച്ചുവെക്കാനാവില്ല. അബ്രഹാമിനും ഇസഹാക്കിനും യാക്കോബിനും ദൈവത്തിൻ്റെ അനുഗ്രഹമായ ഒരു അനുഗ്രഹം, താനും തൻ്റെ സഹോദരന്മാരും അവകാശമാക്കാൻ വിധിക്കപ്പെട്ടവരാണെന്ന് യോസേഫിന് അറിയാമായിരുന്നു. അവർ ലോകത്തിന് ഒരു അനുഗ്രഹമാകേണ്ടവരായിരുന്നു. ദൈവത്താല്‍ അനുഗ്രഹിക്കപ്പെടണമെങ്കിൽ ആദ്യമായി ദൈവം അവരോട് ക്ഷമിക്കേണ്ടത് ആവശ്യമായിരുന്നു. മാനസാന്തരത്തോടെ മാത്രമേ പാപമോചനം തേടാനും അത് സ്വീകരിക്കാനും സാധിക്കയുള്ളൂ എന്ന് വസ്തുത യോസേഫിന്ന് വ്യക്തമായിരുന്നു .

ഇതായിരുന്നു വസ്തുതകൾ. ഇപ്പോൾ യോസേഫിൻ്റെ വിശ്വാസം പ്രാവർത്തികമാകുന്നു. ദൈവത്തിൽ ആശ്രയിച്ചുകൊണ്ട്, അവരെ യഥാർത്ഥ മാനസാന്തരത്തിലേക്ക് നയിക്കാൻ കഴിയുന്ന വിധത്തിൽ അവൻ പ്രവർത്തിച്ചു.

തിരിഞ്ഞ് നോക്കുമ്പോൾ, എല്ലാവരിലും മൂത്തവനായ രൂബേൻ യോസേഫിനെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചതായി നാം വായിക്കുന്നു. അവർ യോസേഫിനെ ഇട്ട കുഴിയിൽ തിരിച്ചെത്തിയപ്പോൾ അവൻ വളരെ വിഷമത്തോടെ തൻ്റെ വസ്ത്രം കീറി, അത് ശൂന്യമായി കണ്ടു, യോസേഫ് ഇതിനകം ഇശ്മാല്യേര്‍ക്ക് വിറ്റു കഴിഞ്ഞിരുന്നു. അതിനാൽ തന്നെ വിൽക്കാൻ ഗൂഢാലോചന നടത്തിയ സഹോദരന്മാരിൽ മൂത്തയാളായിരുന്നു ശിമയോൻ. യോസേഫിന് ഇതൊന്നും അറിയില്ലായിരുന്നു. സഹോദരന്മാർ മിസ്രയീമിൽ തങ്ങളുടെ കുറ്റകൃത്യത്തെക്കുറിച്ച് അവൻ്റെ സാന്നിധ്യത്തിൽ ചർച്ച ചെയ്തപ്പോൾ മാത്രമാണ് അവനത് മനസ്സിലായത്, തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. ഇത് അവനിൽ വലിയ വികാരം ഉണർത്തി. ഇക്കാരണത്താൽ, ശിമയോനെ അവരുടെ മുമ്പില്‍ വെച്ച് ബന്ധിക്കയും തൻ്റെ മറ്റ് സഹോദരന്മാർ ബെന്യാമിനോടൊപ്പം മടങ്ങിവരുന്നതുവരെ അവനെ തടവിലിടാൻ അവൻ തീരുമാനിച്ചുവെന്ന് നമുക്ക് അനുമാനിക്കാം.

ഈ സാഹചര്യത്തില്‍ അവൻ ശരിക്കും വിശ്വാസത്തിന്‍റെ ഒരു വലിയ സാഹസമാണ് എടുത്തത്. അവർ ശിമയോനെ ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ഒരിക്കലും മടങ്ങിവരാതിരിക്കുകയും ചെയ്തെങ്കിലോ? അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് അവർ അവനെ ഉപേക്ഷിക്കയും, ഇതു വരെ അവനെത്തേടി വരികയും ചെയ്തില്ല എന്ന വസ്തുത തന്‍റെ മുമ്പിലുണ്ട്. ഇവിടെയാണ് യോസേഫിൻ്റെ വിശ്വാസം നാം കാണുന്നത്. നാം അവൻ്റെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിച്ചാൽ ദൈവം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് നാം പൂർണമായി വിശ്വസിക്കേണ്ടതുണ്ട്.

അവരിൽ യഥാർത്ഥ മാനസാന്തരം കണ്ടതിനുശേഷം, അവന്ന് തൻ്റെ വികാരങ്ങള്‍ സുരക്ഷിതമായി അവരുടെ വെളിപ്പെടുത്താൻ കഴിഞ്ഞു. “അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.” ദൈവിക ജീവിതത്തിൽ വികാരങ്ങൾക്ക് സ്ഥാനമുണ്ട്. ലാസറിൻ്റെ ശവകുടീരത്തിൽവെച്ച്, ലാസർ മരിച്ച് 4 ദിവസമായി, അവൻ്റെ ശരീരം അഴുകിനാറി തുടങ്ങിയ വസ്തുത യേശു മനസ്സിലാക്കി. എന്നാൽ അവൻ മറിയയെ ഓർമിപ്പിച്ചു: “ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.
26 ജീവിച്ചിരുന്നു എന്നിൽ വിശ്വസിക്കുന്നവൻ ആരും ഒരു നാളും മരിക്കയില്ല; ഇതു നീ വിശ്വസിക്കുന്നുവോ എന്നു പറഞ്ഞു.?” എല്ലാം നല്ല രീതിയിൽ നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നത് മാത്രമല്ല വിശ്വാസം. അത് ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. യേശു മറിയയോട് പറഞ്ഞു, “നീ വിശ്വസിക്കുന്നുവെങ്കിൽ, നീ ദൈവത്തിൻ്റെ മഹത്വം കാണും”. ഒടുവിൽ അവർ അവനെ അടക്കിയ സ്ഥലത്ത് എത്തിയപ്പോൾ എല്ലാവരും കരയുന്നത് കണ്ട് അവനും അവരോട് കൂടെ കണ്ണുനീര്‍ വാര്‍ത്തു. അവൻ അവരോട് ആർദ്രതയും ദയയും ഉള്ളവനായിരുന്നു, എന്നാൽ അവൻ അവരോട് സത്യം സംസാരിച്ചു. ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവന്നപ്പോൾ അവൻ സന്തോഷിക്കുകയും അവരോടൊപ്പം അത്താഴം കഴിക്കുകയും ചെയ്തു.

നമുക്ക് വസ്തുതകൾ നേരെയാക്കാം – ദൈവം പരമാധികാരിയാണ്, അവൻ നമ്മെ സ്നേഹിക്കുന്നു, അവൻ നമുക്കായി ഏറ്റവും മികച്ചത് ആസൂത്രണം ചെയ്തിട്ടുണ്ട്. അപ്പോൾ നമ്മുടെ സ്വന്തം പ്രേരണകളെ അനുസരിക്കുന്നതിനുപകരം അവൻ്റെ ദൃഷ്ടിയിൽ നല്ലതു ചെയ്തുകൊണ്ട് നമ്മുടെ വിശ്വാസത്തിന് അനുസൃതമായി പ്രവർത്തിക്കാം. ഒടുവിൽ നമുക്ക് നമ്മുടെ വികാരങ്ങൾ ദൈവികവും ഉപകാരപ്രദമായ രീതിയിൽ പ്രകടിപ്പിക്കാൻ സാധിക്കും. . വസ്തുതകള്‍, വിശ്വാസം, വികാരങ്ങള്‍ എന്നുള്ള ദൈവിക ക്രമം നാം മറന്ന് പോകരുത്. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.