24M_ദൈവജ്ഞാനത്തിന്-റെ ആദ്യ പടികള്
ഉല്‍പത്തി 28.10 എന്നാൽ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
11 അവൻ ഒരു സ്ഥലത്ത് എത്തിയപ്പോൾ സൂര്യൻ അസ്തമിക്കകൊണ്ട് അവിടെ രാപാർത്തു; അവൻ ആ സ്ഥലത്തെ കല്ലുകളിൽ ഒന്നെടുത്ത് തലയണയായിവച്ച് അവിടെ കിടന്നുറങ്ങി.
12 അവൻ ഒരു സ്വപ്നം കണ്ടു: ഇതാ, ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി; അതിന്‍റെ തല സ്വർഗത്തോളം എത്തിയിരുന്നു; ദൈവത്തിന്‍റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
13 അതിന്മീതെ യഹോവ നിന്ന് അരുളിച്ചെയ്തത്: ഞാൻ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും, യിസ്ഹാക്കിന്‍റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്‍റെ സന്തതിക്കും തരും.
14 നിന്‍റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്‍റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും.
15 ഇതാ, ഞാൻ നിന്നോടുകൂടെയുണ്ട്; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്ത് ഈ രാജ്യത്തേക്കു നിന്നെ മടക്കി വരുത്തും; ഞാൻ നിന്നെ കൈവിടാതെ നിന്നോട് അരുളിച്ചെയ്തതു നിവർത്തിക്കും.
16 അപ്പോൾ യാക്കോബ് ഉറക്കമുണർന്നു: യഹോവ ഈ സ്ഥലത്തുണ്ട് സത്യം; ഞാനോ അത് അറിഞ്ഞില്ല എന്നു പറഞ്ഞു.
17 അവൻ ഭയപ്പെട്ടു: ഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്‍റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വർഗത്തിന്‍റെ വാതിൽ തന്നെ എന്നു പറഞ്ഞു.
തന്‍റെ തോട്ടത്തിലുള്ള ഓരോ പൂച്ചെടിയെയും അടുത്തറിയുന്നവനും, അവയെ ഓരോന്നിനെയും ദിനമ്പ്രതി പരിപോഷിപ്പിക്കുന്നവനുമായ ഒരു തോട്ടക്കാരനെ സങ്കല്‍പ്പിക്കുക. മറുവശത്ത്, ഒരിക്കൽ ഈ പൂന്തോട്ടം സന്ദർശിക്കാനെത്തിയ ഒരു വിനോദസഞ്ചാരിയെയും നമ്മുടെ മനസ്സില്‍ ചിത്രീകരിക്കുക. ഈ സഞ്ചാരി ആ തോട്ടത്തിന്‍റെ ഭംഗി ആസ്വദിച്ചും, അതിലുള്ള പൂക്കളുടെ ചിത്രങ്ങള്‍ എടുത്തും കടന്നു പോകുന്നു. എങ്കിലും ഒരിക്കലും ആ പൂച്ചെടികളുടെ സങ്കീർണതകളും, ഈ ഭംഗിയുള്ള അവസ്ഥയിലെങ്ങനെ ആയി എന്നും, അതിന്‍റെ പിമ്പിലുള്ള ശ്രമവും, പരിപാലനവും ശരിക്കും അവന്‍ മനസ്സിലാക്കുന്നില്ല. പൂന്തോട്ടക്കാരൻ അടുപ്പത്തെ പ്രതിനിധീകരിക്കുന്നു, ഈ വിനോദസഞ്ചാരി വെറും പരിചയത്തെ പ്രതീകപ്പെടുത്തുന്നു. അതുപോലെ, ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിൽ, ഉപരിതലത്തിലുള്ള പരിചയം എന്നതിനേക്കാളുപരി നാം അവനുമായി ആഴത്തിലുള്ളതും നിലനിൽക്കുന്നതുമായ ഒരു ആത്മബന്ധമാണ് ദൈവം ആഗ്രഹിക്കുന്നത്.
പരിചയം എന്നത് അടുപ്പമല്ല. ദൈവത്തെക്കുറിച്ച് പലതും നമുക്ക് അറിയുവാൻ സാധിക്കും. ഇതെല്ലാം നമ്മുടെ മനസ്സിനെ ആകർഷിക്കുന്ന വസ്തുതകൾ മാത്രമാണ്. എന്നാൽ ദൈവത്തെ അറിയുന്നതും, അനുഭവിക്കുന്നതും അതില്‍ നിന്നും വളരെ വ്യത്യസ്തമാണ്. കൽദായരുടെ ഊരിൽവെച്ച് തൻ്റെ പിതാമഹന് പ്രത്യക്ഷപ്പെട്ട ദൈവത്തെക്കുറിച്ച് യാക്കോബ് കേട്ടിരിക്കാം. എന്നാൽ നാം വായിച്ച ഭാഗത്തില്‍ അവന്‍ കണ്ട സ്വപ്നം ദൈവവുമായുള്ള അവൻ്റെ ബന്ധത്തിലെ ആദ്യ ചവറ്റുപടിയായി കണക്കാക്കാം. ദൈവത്തെക്കുറിച്ചുള്ള അറിവിൽ നിന്ന് വ്യത്യസ്തമായി, യഥാര്‍ത്ഥമായ ദൈവജ്ഞാനം എന്നുള്ളത് ദൈവത്തെ അറിയുന്നതാണ്. നമ്മുടെ ജീവിതത്തില്‍ നമ്മുടെ നന്മക്കായി ഇടപെടുവാന്‍ ദൈവം ഉത്സുകനാണ്. യാക്കോബിൻ്റെ അനുഭവത്തിൽ നിന്ന്, അത്തരം ഇടപെടലിൻ്റെ ചില ആത്മീയ സത്യങ്ങൾ നമുക്ക് നോക്കാം.
ആവശ്യബോധം
വളരെ സമ്പന്നമായ ഒരു കുടുംബത്തിലാണ് യാക്കോബ് ജനിച്ചത്, വർഷങ്ങളോളം പിതാവിൻ്റെ തണലിൽ ജീവിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാത്രം പായസം നല്‍കി അവൻ തൻ്റെ സഹോദരൻ്റെ ജേഷ്ടാവകാശം തട്ടിയെടുത്തു, പിന്നീട് തൻ്റെ പിതാവില്‍ നിന്ന് അനുഗ്രഹം പിടിച്ചുപറ്റുവാനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ തന്‍റെ അമ്മയെ അനുവദിച്ചു. ദൈവം യാക്കോബ് സങ്കൽപ്പിക്കുന്നത് പോലെയുള്ള തന്ത്രശാലിയായ, എളുപ്പത്തിൽ കൈകാര്യം സാധിക്കാവുന്ന ഒരു വ്യക്തിയായിരുന്നെങ്കിൽ എല്ലാം ശരിയാകുമായിരുന്നു. എന്നാൽ പകരം, ഇതാ യാക്കോബ്, തൻ്റെ സഹോദരൻ്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടാൻ ദൂര സ്ഥലത്തേക്ക് വീട് വിട്ടു പോകുന്നു. അവൻ ആദ്യമായി ജീവിതത്തില്‍ തനിച്ചായിരിക്കുന്നു, കുറ്റബോധമുള്ളതും, ആശയക്കുഴപ്പമുണ്ടാക്കുന്നതുമായ ഭൂതകാലവുമായി താന്‍ മല്ല് പിടിക്കുന്നു, ഉത്കണ്ഠാകുലവും അനിശ്ചിത്വം നിറഞ്ഞതുമായ ഭാവിയെ താന്‍ അഭിമുഖീകരിക്കുന്നു. യാക്കോബിൻ്റെ ജീവിതത്തിലെ ഈ നിര്‍ണ്ണായക ഘട്ടത്തിലാണ് ദൈവം അവനോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങുന്നത് എന്നത് ശ്രദ്ധേയമാണ്. യാക്കോബ് തൻ്റെ വലിയ ആവശ്യം കണ്ടറിഞ്ഞപ്പോള്‍ കർത്താവ് അവനുമായി സംസാരിക്കുവാന്‍ ആരംഭിക്കയാണ്. നാം സങ്കല്‍പ്പിച്ചതില്‍ നിന്നും വ്യത്യസ്തമായി ദൈവം ആയിരിക്കുന്നതുപോലെ അവനെ കാണണമെങ്കില്‍ പലപ്പോഴും നമ്മുടെ ഭൌതിക ഭദ്രതകള്‍ തകര്‍ക്കപ്പെടേണ്ടത് ആവശ്യമാണ്.
സങ്കീ 34.18 ഹൃദയം നുറുങ്ങിയവർക്കു യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു.
ദൈവിക വാഗ്ദത്തത്തെ വിലമതിക്കുന്ന വിശ്വാസം അവനുക്കുണ്ടായിരുന്നു
തൻ്റെ തെറ്റുകൾ എന്തുതന്നെയായാലും, യാക്കോബിന് ഒരു കാര്യം അറിയാമായിരുന്നു: തൻ്റെ പിതാവായ യിസഹാക്കിന് വാഗ്ദത്തമായി ലഭിച്ച അബ്രഹാമിൻ്റെ അനുഗ്രഹം ശാശ്വത മൂല്യമുള്ളതും, നിധിയായി സൂക്ഷിക്കേണ്ടതുമാണ് എന്ന് തനിക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. യേശാവിനെപ്പോലെ കനാനിലെ അവരുടെ ചുറ്റും ജീവിച്ചിരുന്ന ജാതികളിൽ നിന്ന് അവൻ വിവാഹം കഴിച്ചില്ല. Gen 26:34 34 ഏശാവിനു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്‍റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
35 ഇവർ യിസ്ഹാക്കിനും റിബെക്കായ്ക്കും മനോവ്യസനകാരണമായിരുന്നു.
തൻ്റെ പിതാമഹനായ അബ്രഹാമിന്ന് പ്രത്യക്ഷപ്പെട്ട മഹത്വത്തിൻ്റെ ദൈവത്തെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതാണ് സന്തതികളുടെ വാഗ്ദത്തം എന്ന് യാക്കോബിന് അറിയാമായിരുന്നു. അവൻ്റെ മാതാപിതാക്കളുടെ വിവാഹം എങ്ങനെ സംഭവിച്ചു എന്ന് അവൻ കേട്ടിരിക്കണം. കനാനിലെ കന്യകമാരിൽ നിന്ന് ഭാര്യയെ സ്വീകരിക്കരുതെന്ന് അബ്രഹാം തൻ്റെ ദാസനോട് കര്‍ശനമായി നിർദ്ദേശിച്ചിരുന്ന്, മറിച്ച് ബഹുദൂരം യാത്ര ചെയ്ത് ഹാരാനിലേക്ക് പോയി ദൈവത്തിൽ വിശ്വസിക്കുന്ന അബ്രഹാമിൻ്റെ സ്വന്തം വംശത്തിൽ നിന്നും തന്‍റെ മകനായ യിസഹാക്കിന് ഭാര്യയെ അന്വേഷിക്കാൻ അവനോട് പറകയുണ്ടായി. ശ്രദ്ധേയമായി, യാക്കോബ് വീടുവിട്ടിറങ്ങിയപ്പോൾ, അവൻ്റെ പിതാവ് Gen 28: 1-ൽ അതേ നിർദ്ദേശം തന്നെയാണ് അവന് നൽകിയത് , അനന്തരം യിസ്ഹാക് യാക്കോബിനെ വിളിച്ച്, അവനെ അനുഗ്രഹിച്ച്, അവനോട് ആജ്ഞാപിച്ചു പറഞ്ഞത്: നീ കനാന്യസ്ത്രീകളിൽനിന്നു ഭാര്യയെ എടുക്കരുത്.
അങ്ങനെ, യാക്കോബ് തനിക്കറിയാവുന്നതിൻ്റെ വെളിച്ചത്തിൽ ജീവിച്ചു. അവൻ്റെ തെറ്റുകളിലൂടെ പോലും നാം അവൻ്റെ വിശ്വാസം കാണുന്നു.
ദൈവത്തിൻ്റെ വെളിപാട് അവൻ മനസ്സോടെ സ്വീകരിച്ചു.
ദൈവം സ്വപ്നങ്ങൾ ഉൾപ്പെടെ പല രീതിയിലൂടെ നമ്മോട് സംസാരിക്കുന്നു.
ഇയ്യോബ് 33.15 ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ ശയ്യമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നേ,
16 അവൻ മനുഷ്യരുടെ ചെവി തുറക്കുന്നു; അവരോടുള്ള പ്രബോധനെക്കു മുദ്രയിടുന്നു.
യാക്കോബ് ആകാശത്തോളം നീണ്ടുകിടക്കുന്ന ഒരു ഗോവണി സ്വപ്നം കണ്ടു. ഈ സ്വപ്നം യോഹന്നാൻ 1:45-51 ൽ കർത്താവ് പരാമർശിക്കുന്നു. 47 നഥനയേൽ തന്‍റെ സുഹൃത്തായ ഫിലിപ്പോസിന്‍റെ ക്ഷണപ്രകാരം തന്‍റെ അടുക്കൽ വരുന്നതു യേശു കണ്ടു: “ഇതാ, സാക്ഷാൽ യിസ്രായേല്യൻ; ഇവനിൽ കപടം ഇല്ല ” എന്നു അവനെക്കുറിച്ചു പറഞ്ഞു. കൂടാതെ, ഫിലിപ്പോസ് അവനെ വിളിക്കുന്നതിനുമുമ്പ് നഥാനിയേലിനെ അത്തിമരത്തിൻ്റെ ചുവട്ടിൽ കണ്ടിരുന്നുവെന്ന് യേശു വെളിപ്പെടുത്തി. യേശു ദൈവപുത്രനാണെന്നും ഇസ്രായേലിൻ്റെ രാജാവാണെന്നും നഥാനിയേലിനെ ബോധ്യപ്പെടുത്താൻ ഇത് മതിയായിരുന്നു.
51 “ആമേൻ ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്‍റെ അടുക്കൽ ദൈവദൂതന്മാർ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങൾ കാണും” എന്നും യേശു അവനോടു പറഞ്ഞു.
സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള ബന്ധമായും ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ള മദ്ധ്യസ്ഥനായും യേശു അങ്ങനെ സ്വയം വെളിപ്പെടുത്തി. സ്വർഗത്തിൽ ദൈവത്തിലേക്കുള്ള പ്രവേശനം ലഭിക്കുന്നതിനുള്ള പുതിയതും ജീവനുള്ളതുമായ മാർഗമാണ് കര്‍ത്താവായ യേശു ക്രിസ്തു. അവൻ പിന്നീട് പറയുന്നതുപോലെ, “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു; എന്നിലൂടെയല്ലാതെ ആരും പിതാവിൻ്റെ അടുക്കൽ വരുന്നില്ല” (യോഹന്നാൻ 14:6).ദൈവപുത്രനും, മനുഷ്യപുത്രനും കൂടിയായ യേശുക്രിസ്തു നമ്മുടെ രക്ഷയൊരുക്കിയത് കൊണ്ടാണ്, രക്ഷപ്രാപിപ്പാനുള്ളവരെ ശുശ്രൂഷിക്കുന്ന ദൈവദൂതന്മാർക്ക് ആ സേവ ചെയ്യാൻ കഴിയുന്നത് .
യാക്കോബിന് അന്ന് ഈ കാര്യം പൂര്‍ണ്ണമായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടാകയില്ല, പക്ഷേ യേശു അബ്രഹാമിൻ്റെ സന്തതിയും ദൈവത്തിനും മനുഷ്യനും ഇടയിലുള്ള മധ്യസ്ഥനുമായിരുന്നു എന്ന് വചനത്തില്‍ നമുക്ക് ഗ്രഹിക്കാം.
തന്നോടൊപ്പം ഉണ്ടായിരിക്കുമെന്നും അവനെ കനാനിലേക്ക് തിരികെ കൊണ്ടുവരുമെന്നും നൽകിയ നിരുപാധികമായ വാഗ്ദത്തത്തിലൂടെ ദൈവം കൃപയുള്ളവനാണെന്ന് യാക്കോബ് മനസ്സിലാക്കി. ദൈവം അവനെ അബ്രഹാമിൻ്റെ അവകാശിയായി അംഗീകരിച്ചു. മറുപടിയായി, താൻ സുരക്ഷിതമായി നാട്ടിലേക്ക് മടങ്ങിയെത്തിയാൽ ബെഥേലിലെ ദൈവത്തെ ആരാധിക്കുമെന്ന് അദ്ദേഹം സ്വമേധയാ പ്രതിജ്ഞയെടുത്തു. തൻ്റെ വിശ്വസ്‌തതയുടെ അടയാളമായി, ഒരിക്കൽ മടങ്ങിവന്നാൽ തനിക്കുണ്ടായിരുന്നതിൻ്റെ പത്തിലൊന്ന് ദൈവത്തിന് നൽകുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ദൈവം തന്നെ അബ്രഹാമിൻ്റെ അനുഗ്രഹത്തിന്ന് അനന്തരാവകാശിയായി കണ്ടിരിക്കുന്നു എന്ന് പൂര്‍ണ്ണമായി വിശ്വസിച്ചിരുന്നെങ്കില്‍, യാക്കോബിന് വഞ്ചന കാണിക്കുകയോ കള്ളം പറയുകയോ ചെയ്യേണ്ടതില്ലായിരുന്നു. അവൻ്റെ വഞ്ചനയുടെ കയ്പേറിയഫലം അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും അവൻ ദൈവത്തിന്‍റെ കൃപയുടെ വലിപ്പം കണ്ടറിഞ്ഞു. അവൻ ഒന്നും ചെയ്യാതെ തന്നെ, ദൈവം അവനു പ്രത്യക്ഷപ്പെട്ട് അവൻ്റെ അനുഗ്രഹം ഉറപ്പിച്ചു. അങ്ങനെ, വിശ്വാസത്താൽ പ്രതികരിച്ചുകൊണ്ട് കൃപയാൽ മാത്രം ദൈവത്തെ അറിയാനുള്ള തൻ്റെ വിശ്വാസ യാത്രയുടെ ആദ്യ ചുവടുകൾ അവന്‍ വെക്കുവാന്‍ ഇടയായി.
ഇത് നമ്മുടെ വിശ്വാസ യാത്രയുടെയും ഒരു പ്രതിഫലനമാണ്. നമ്മളാരും ദൈവത്തെ അറിയാൻ അർഹരല്ല. എന്നാൽ നാം അവനെ അറിയാൻ തക്കവണ്ണവും, നമ്മെ അവനിലേക്ക് അടുപ്പിക്കുവാനുമായി കര്‍ത്താവ് മനസ്സുവെച്ചു . നാം ആയിരിക്കുന്നതു പോലെ അവന്‍റെ അടുക്കല്‍ വന്ന് മാനസാന്തരപ്പെട്ട് അവനില്‍ വിശ്വാസിച്ചാല്‍ അവനോടൊപ്പമുള്ള നിത്യജീവന്‍ അവൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. യാക്കോബിനെപ്പോലെ നാം നന്ദിയുള്ളവരും ആരാധനാ മനോഭാവം ഉള്ളവരായിരിക്കേണ്ടതല്ലേ? നാം അവന്‍റെ കര്‍ത്തൃത്വത്തിന്ന് പൂർണമായും വിധേയപ്പെടേണ്ടതല്ലേ? അവൻ നിശ്ചയമായും തൻ്റെ വാഗ്ദത്തം നിറവേറ്റും. നമ്മുടെ ജീവിതത്തിലെ ഓരോ ദിവസവും അവൻ്റെ മഹത്തായ കൃപയിൽ നമുക്ക് സന്തോഷിക്കുകയും ആനന്ദിക്കുകയും ചെയ്യാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.


