LWGB Malayalam Podcast
LWGB Malayalam Podcast
Feb-27-21M-ക്രിസ്തുവിലുള്ള അവകാശങ്ങള് നാം അലക്ഷ്യമാക്കരുത്
Loading
/

21M_ക്രിസ്തുവിലുള്ള അവകാശങ്ങള് നാം അലക്ഷ്യമാക്കരുത്

ഉല്‍പത്തി 25.27 കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു.
28 ഏശാവിന്‍റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു.
29 ഒരിക്കൽ യാക്കോബ് ഒരു പായസംവച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.
30 ഏശാവ് യാക്കോബിനോട്: ആ ചുവന്ന പായസം കുറെ എനിക്ക് തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ട് അവന് എദോം (ചുവന്നവൻ) എന്നു പേരായി.
31 നിന്‍റെ ജ്യേഷ്ഠാവകാശം ഇന്ന് എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു.
32 അതിന് ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്ക് എന്തിന് എന്നു പറഞ്ഞു.
33 ഇന്ന് എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്‍റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു.
34 യാക്കോബ് ഏശാവിന് അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു. അവൻ ഭക്ഷിച്ചു പാനം ചെയ്ത്, എഴുന്നേറ്റു പോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.

എബ്രാ 12.14 എല്ലാവരോടും സമാധാനം ആചരിച്ചു ശുദ്ധീകരണം പ്രാപിപ്പാൻ ഉത്സാഹിപ്പിൻ. ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല.
15 ജാഗ്രതയായിരിപ്പീൻ; ആരും ദൈവകൃപ വിട്ടു പിൻമാറുവാനും, വല്ല കയ്പുമുള്ള വേരും മുളച്ചു പൊങ്ങി കലക്കമുണ്ടാക്കി അനേകർ അതിനാൽ മലിനപ്പെടുവാനും ഇടയാകുമല്ലോ,
16 ആരും ദുർന്നടപ്പുകാരനോ, ഒരു ഊണിന് ജ്യേഷ്ഠാവകാശം വിറ്റുകളഞ്ഞ ഏശാവിനേപ്പോലെ അഭക്തനോ ആയിത്തീരുകയും ചെയ്യാതിരിപ്പാൻ കരുതിക്കൊൾവിൻ
17 അവൻ പിന്നത്തേതിൽ അനുഗ്രഹം ലഭിപ്പാൻ ആഗ്രഹിച്ചു കണ്ണുനീരോടുകൂടെ അപേക്ഷിച്ചിട്ടും തള്ളപ്പെട്ടു മാനസാന്തരത്തിന്നു ഇട കണ്ടില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.

ഒരു മനുഷ്യന്‍ താന്‍ മദ്യത്തിന് അടുമപ്പെടുകയും തന്‍റെ പണമെല്ലാം മദ്യപിച്ച് നാനാവിധമാക്കുകയും ചെയ്തു. തന്‍റെ വീട്ടിലുള്ള വസ്തുവകകളുമെല്ലാം വില്‍ക്കേണ്ട അവസ്ഥയിലേക്ക് താന്‍ കൂപ്പൂകുത്തി. ഒരിക്കല്‍ തനിക്ക് വില്‍ക്കുവാനായി വിലമതിപ്പുള്ള ഒന്നും തന്നെ തന്‍റെ കയ്യിലില്ലാത്ത അവസ്ഥ വന്നപ്പോഴാണ് തട്ടിന്‍മുകളില്‍ തന്‍റെ പിതാവു ഉപയോഗിച്ചിരുന്ന ഒരു പഴയ വയലിന്‍ ഇരിക്കുന്നതായി തനിക്ക് ഓര്‍മ്മ വന്നത്. താനതെടുത്ത് വില്‍ക്കുവാനായി അങ്ങാടിയിലേക്ക് പോയി. പൊടിപിടിച്ച്, കമ്പികള്‍ ഇളകിയ നിലയില്‍ ഇരുന്നിരുന്ന ആ വയലിന്‍ ആരും തന്നെ ശ്രദ്ധിച്ചില്ല. കിട്ടിയ വിലക്ക് വില്‍ക്കുവാനായി താന്‍ ആഗ്രഹിച്ചെങ്കിലും ആരും തന്നെ അത് വാങ്ങുവാന്‍ തയ്യാറായില്ല. അപ്പോഴാണ് ആ വഴി വന്ന ഒരു വ്യക്തി ആ വയലിന്‍ കണ്ടത്. അല്‍പനേരം ആ വയലിന്‍ നോക്കിയ ശേഷം ആ അപരിചിതന്‍ അതിലുള്ള പൊടിയെല്ലാം തുടച്ച്, കമ്പികള്‍ ഈണത്തിലാക്കി അത് വായിക്കുവാന്‍ തുടങ്ങി. മനോഹരമായ ഈണം കേട്ട് ആളുകള്‍ ഓടിക്കൂടി. അന്ന് അതൊരു വലിയ വിലയ്ക്ക് വില്‍ക്കുവാന്‍ സാധിച്ചു. വലിയ വിലയുള്ള ഒരു നിധി തുച്ഛമായ കാര്യത്തിന്ന് വേണ്ടി അലക്ഷ്യമാക്കികളഞ്ഞ ഏശാവിനെക്കുറിച്ചാണ് നാം ഇന്ന് ചിന്തിക്കുന്നത്.

തന്‍റെ 175-ാം വയസ്സിൽ അബ്രഹാം മരിച്ചു തന്‍റെ ജനത്തോട് ചേര്‍ക്കപ്പെട്ടു. അബ്രഹാമിന്ന് 100 വയസ്സുള്ളപ്പോഴാണ് യിസഹാക്ക് ജനിച്ചത്. 40-ാം വയസ്സിൽ യിസഹാക്ക് വിവാഹിതനായെങ്കിലും തനിക്ക് കുട്ടികൾ ജനിക്കുന്നതിനായി 20 വർഷം കാത്തിരിക്കേണ്ടി വന്നു. യിസഹാക്ക് റബേക്കയ്ക്കുവേണ്ടി ദൈവത്തോട് പ്രാർത്ഥിച്ചു, കർത്താവ് അവൻ്റെ പ്രാർത്ഥന കേട്ടു. ദൈവിക വാഗ്ദത്തത്തിൻ്റെ നിവൃത്തിക്കായി തൻ്റെ അമ്മ സാറ അത്ഭുതകരമായി ശക്തി പ്രാപിച്ചതെങ്ങനെയെന്ന് അവനറിയാമായിരുന്നു. സ്വാഭാവികമായും കുട്ടികളുണ്ടാകാൻ അസാധ്യമായ പ്രായത്തിലും, ദൈവിക വാഗ്ദത്തില്‍ അടിയുറച്ചു വിശ്വസിച്ചത് കൊണ്ട് സാറ പുത്രോല്പാദനത്തിന്നു ശക്തി പ്രാപിച്ചു. തൻ്റെ ഭാര്യക്കും അതേ കൃപ ലഭിക്കുമെന്ന് അവനറിയാമായിരുന്നു. നിങ്ങളുടെ ഭാര്യമാർക്ക് വേണ്ടി വിശ്വസ്തതയോടെ പ്രാർത്ഥിക്കാൻ ഭർത്താക്കന്മാർ ഓർക്കുക. യിസഹാക്കിന് 60 വയസ്സുള്ളപ്പോൾ, അദ്ദേഹത്തിന് ഇരട്ട കുട്ടികള്‍ ജനിച്ചു. അബ്രഹാമിന് 160 വയസ്സുള്ളപ്പോഴാണ് ഈ കുട്ടികൾ ജനിച്ചത്. അങ്ങനെ 15 വർഷക്കാലം ഈ കുട്ടികൾക്ക് തങ്ങളുടെ പിതാമഹൻ്റെ കൂടെ ആയിരിക്കാനുള്ള പദവി ലഭിച്ചു. ദൈവത്തിൻ്റെ ദൃഷ്ടിയിൽ വിശ്വാസത്തിൻ്റെ അടിസ്ഥാനപരവും പകരം വെക്കാനില്ലാത്തതുമായ മൂല്യത്തെക്കുറിച്ച് അവരുടെ പിതാമഹനിൽ നിന്ന് നേരിട്ട് കേൾക്കാനുള്ള മികച്ച അവസരമായിരുന്നു അത്. തന്നെ അന്വേഷിക്കുന്നവർക്ക് കർത്താവ് എങ്ങനെ പ്രതിഫലം നൽകുന്നുവെന്ന് അവർ കേൾക്കേണ്ടതിന്, നമുക്ക് നമ്മുടെ കുട്ടികളെ മുൻ തലമുറയിലെ ദൈവത്തിൻ്റെ മഹത്തായ ദാസീദാസന്മാരിലേക്ക് കൊണ്ടുപോകാം.

ഈ രണ്ടു കുട്ടികളിൽ ഏശാവ് ഒരു വെളിമ്പ്രദേശക്കാരനായിരുന്നു. 27 കുട്ടികൾ വളർന്നു; ഏശാവ് വേട്ടയിൽ സമർഥനും വനസഞ്ചാരിയും യാക്കോബ് സാധുശീലനും കൂടാരവാസിയും ആയിരുന്നു. എബ്രാ 11.9 വിശ്വാസത്താൽ അവൻ വാഗ്ദത്തദേശത്തു ഒരു അന്യദേശത്തു എന്നപോലെ ചെന്നു വാഗ്ദത്തത്തിന്നു കൂട്ടവകാശികളായ യിസ്ഹാക്കിനോടും യാക്കോബിനോടുംകൂടെ കൂടാരങ്ങളിൽ പാർത്തു. ഈ ഭാഗത്ത് യിസഹാക്കിന്‍റെ ആദ്യജാതനായ ഏശാവിനെ നാം കാണുന്നില്ല.

ഏശാവ് യിസഹാക്കിന്‍റെയും, റിബേക്കയുടെയും ആദ്യജാതനായിരുന്നു, പിതാവിനുള്ളതെല്ലാം അവകാശമാക്കാനുള്ള ആദ്യ അവകാശം അവനുണ്ടായിരുന്നു. അവന്ന് അത് എങ്ങനെ നഷ്ടപ്പെട്ടു എന്ന് നമുക്ക് നോക്കാം?

വേട്ടയിറച്ചിക്കായി രാപകല്‍ അദ്ധ്യാനിച്ച ഏശാവ് തന്‍റെ പിതാവിനെ ഭൌതികമായി സന്താഷിപ്പിച്ചു എങ്കിലും തന്‍റെ പിതാവുമായും, പിതാമഹനുമായും ദീര്‍ഘസമയം ചെലവഴിക്കുവാന്‍ തനിക്ക് സാധിച്ചിരുന്നില്ല. ദൈവം അബ്രഹാമിന്ന് നല്‍കിയതും, വാഗ്ദത്ത സന്തതി എന്ന നിലക്ക് തന്‍റെ പിതാവായ യിസഹാക്കിന് ലഭിച്ചതും, യിസഹാകിന്‍റെ മൂത്തമകന്‍ എന്ന നിലയില്‍ തനിക്ക് ലഭിക്കുമായിരുന്നതുമായ മഹത്തായ വാഗ്ദത്തങ്ങളുടെ വില താന്‍ അറിയാതെ പോയി. എപ്പോഴും അലഞ്ഞുഴലുന്നവര്‍ക്ക് ദൈവത്തെ അറിയുക എന്നത് പ്രയാസകരമായിരിക്കും. ദൈവം വാഗ്ദത്തം ചെയ്തതും, നമുക്ക് നല്‍കുവാന്‍ ആഗ്രഹിക്കുന്നതുമായ ആത്മീക അനുഗ്രങ്ങള്‍ നാം പ്രാപിക്കണമെങ്കില്‍ ദൈവസന്നിധിയില്‍ പ്രാര്‍ത്ഥനയോടെ സമയം ചെലവഴിക്കുകയും, തന്‍റെ ശിക്ഷണത്തിന്‍ കീഴില്‍ വരേണ്ടതും ആവശ്യമാണ്. യാക്കോബ് തന്‍റെ പിതാക്കന്മാരോടു കൂടെ കൂടാരങ്ങളില്‍ കഴിഞ്ഞ നാളുകളില്‍ അവരുടെ ജീവിതത്തില്‍ അതിപ്രധാനമായ കാര്യം ദൈവിക വാഗ്ദത്തമാണെന്ന് മനസ്സിലാക്കുവാനും, തന്മൂലം തനിക്കും ആ കാര്യങ്ങള്‍ക്കു തന്നെ പ്രാധാന്യം നല്‍കുവാനും ഇടയായി.

ദൈവജ്ഞാനം എന്ന യഥാർത്ഥ സമ്പത്തിനായുള്ള വിശപ്പും, ദാഹവും വളർത്തിയെടുക്കുന്നതിനേക്കാൾ വേട്ടയിറച്ചിയോടുള്ള പിതാവിൻ്റെ ആഗ്രഹം തൃപ്തിപ്പെടുത്തുന്നതിലായിരുന്നു ഏശാവിന് കൂടുതൽ താൽപ്പര്യം ഉണ്ടായിരുന്നത്. ദൈവത്താല്‍ ത്യജിക്കപ്പെട്ടവനായി തീരുകവഴി അതിന്ന് അവന്‍ വലിയൊരു വില നല്‍കേണ്ടതായി വന്നു. 2 കൊരി 4.18 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താൽക്കാലികം, കാണാത്തതോ നിത്യം.

യാക്കോബ് ഉണ്ടാക്കിയ പായസത്തിൻ്റെ സംഭവത്തിൽ ഏശാവിൻ്റെ ജീവതത്തിലുള്ള മുൻഗണനകൾ നാം കാണുന്നു. ദൈവത്തിൻ്റെ ശാശ്വത വാഗ്ദത്തത്തിൻ്റെ അവകാശിയെന്ന നിലയിൽ അവൻ തൻ്റെ ജേഷ്ടാവകാശത്തെ വിലമതിച്ചില്ല, അതിനാൽ ഒരു പാത്രം പായസത്തിന് അത് വിൽക്കുന്നതിൽ തനിക്ക് യാതൊരു പ്രയാസവുമില്ലായിരുന്നു. ഏശാവ് തൻ്റെ ജഡമോഹങ്ങളുടെ തൽക്ഷണ സംതൃപ്‌തിക്കായി ജീവിച്ച മനുഷ്യനായിരുന്നു.

എബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ ഏശാവിനെ ഒരഭക്തനായാണ് ചിത്രീകരിച്ചിരിക്കുന്നത്. വിശ്വാസത്തിലും, അനുസരണത്തിലും ദൈവിക ശിക്ഷണത്തില്‍ രൂപപ്പെടുത്തി എടുക്കേണ്ട ഒന്നാണ് ദൈവഭക്തി. ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക എന്ന് തിമോത്യോസിന്‍റെ ലേഖനത്തില്‍ നാം വായിക്കുന്നു.

തന്‍റെ പിതാമഹനായ അബ്രഹാം സ്വന്തദേശവും, ചാര്‍ച്ചക്കാരെയും വിട്ട് ഒരന്യദേശത്തില്‍ പരദേശിയായി കൂടാരങ്ങളില്‍ ജീവച്ചതും, ആ ദേശത്തുതന്നെ വെച്ച് മരിച്ച് അടക്കം ചെയ്യപ്പെട്ടതുമെല്ലാം എന്തിന്നായിരുന്നു എന്ന് മനസ്സിലാക്കുവാന്‍ സമയവും, ശ്രമവും മാറ്റിവെക്കാതിരുന്നത് കൊണ്ട് ഭൌതികമായ കൊതി തൃപ്തിപ്പെടുത്തുവാന്‍ വേണ്ടി ഏശാവിന് തന്‍റെ വിലയേറിയ ജേഷ്ടാവകാശം വില്‍ക്കുവാനിടയായി. ഒരു പാത്രം പായസമായിരുന്നോ ജേഷ്ടാവകാശത്തിലൂടെ തനിക്ക് ലഭിക്കേണ്ടിയിരുന്ന വാഗ്ദത്തങ്ങളുടെ വില എന്ന് മനസ്സിലാക്കുവാന്‍ തനിക്ക് സാധിക്കാതെ പോയി. 1 കൊരി 2.14 എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്‍റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല.

നമ്മുടെ കുടുംബങ്ങളില്‍ കുട്ടികളോട് കാണിക്കുന്ന പക്ഷപാതപരമായ ഇടപെടലുകള്‍ക്കെതിരായ ശക്തമായ താക്കീതാണ് ഏശാവിന്‍റയും, യാക്കോബിന്‍റേയും ജീവിതകഥ. യിസഹാക്കിന്‍റെയും, റിബേക്കയുടെയും കുടുംബജീവിതം എത്ര മനോഹരമായാണ് ആരംഭിച്ചത്. എന്നാല്‍ ഈ സമയമായപ്പോഴേക്കും ഇരുവര്‍ക്കും ഇഷ്ടപുത്രന്മാരുണ്ടാകത്തക്കവണ്ണം അവര്‍ തമ്മിലകന്നതായി നാം കാണുന്നു. വിശ്വാസത്താല്‍ ജീവിച്ച അബ്രഹാമിന്‍റെ വാഗ്ദത്ത സന്തതിയായി ജനിച്ചു എങ്കിലും, ഒരു കുടുംബസ്തനായി തീര്‍ന്ന് മദ്ധ്യവയസ്കനായപ്പോഴേക്കും താനൊരു ഭക്ഷണകൊതിയനായി മാറി. തന്‍റെ മൂത്തമകന്‍റെ വേട്ടയിറച്ചിയില്‍ പ്രിയം വെച്ചിരുന്നത് കൊണ്ട് അവനെ ആത്മീകമായി ശിക്ഷിച്ചു വളര്‍ത്തുന്നതില്‍ താന്‍ പരാജയപ്പെട്ടു. അതുകൊണ്ടു തന്നെ അടുത്ത അദ്ധ്യായത്തില്‍ നാം വായിക്കുന്നത് പോലെ ദൈവഹിതം എന്താണെന്ന് മനസ്സിലാക്കാതെ യാക്കോബിനേക്കാളുപരി, ജേഷ്ടാവകാശത്തെയും, ദൈവിക വാഗ്ദത്തങ്ങളെയും അലക്ഷ്യമാക്കിക്കളഞ്ഞ ഏശാവിനെ അനുഗ്രഹിക്കുവാനായി താന്‍ ആഗ്രഹിച്ചു. ശാരീരികമായും, ആത്മീയമായും അന്ധതയിലായിരുന്നു താന്‍ ജീവിച്ചത്.
ഇത് യിസഹാക്കിൻ്റെ ജീവിതത്തിലെ ഒരു വലിയ പരാജയമായിരുന്നു. രണ്ടു കുട്ടികളോടും ദൈവിക വീക്ഷണത്തിൽ ഇടപെടുന്നതിനുപകരം, താനും റബേക്കയും അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് പക്ഷം ചേർന്നതായി നാം കാണുന്നു. 28 ഏശാവിന്‍റെ വേട്ടയിറച്ചിയിൽ രുചി പിടിച്ചിരുന്നതുകൊണ്ട് യിസ്ഹാക് അവനെ സ്നേഹിച്ചു; റിബെക്കായോ യാക്കോബിനെ സ്നേഹിച്ചു.

ഒടുവില്‍ ദൈവത്തിന്‍റെ വീക്ഷണകോണില്‍ നിന്ന് കാര്യങ്ങള്‍ കാണാനും അതനുസരിച്ച് യാക്കോബിന്ന് ദൈവിക അനുഗ്രഹം നല്‍കുവാനും സാധിച്ചു എങ്കിലും തനിക്കും, തന്‍റെ ഭാര്യക്കും വലിയ സമയനഷ്ടവും, ഹൃദയവേദനയും അനുഭവിക്കേണ്ടതായി വന്നു.

മറുവശത്ത്, യാക്കോബ് ദൈവത്തിൻ്റെ വാഗ്ദത്തങ്ങളെ വിലമതിക്കുകയും അത് ഏതുവിധേനയും നേടിയെടുക്കാൻ തീരുമാനിക്കുകയുമായിരുന്നു. ദൈവം വാഗ്‌ദത്തം ചെയ്‌ത അനുഗ്രഹം നേടുന്നതിനായി ലൗകികമായ വഞ്ചനയുടെ വഴികളിലേക്ക് നാം നീങ്ങുമ്പോൾ, നാം അതിനായി കഷ്ടപ്പെടേണ്ടിവരുമെന്ന് യാക്കോബിൻ്റെ ജീവിതകഥ വ്യക്തമായി നമ്മെ പഠിപ്പിക്കുന്നു. നാം തന്ത്രങ്ങളിൽ ഏർപ്പെടാതെ വിശ്വാസത്തോടെ ദൈവിക സമയത്തിന്നായി കാത്തിരുന്നാല്‍, ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് നമുക്ക് കാണുവാന്‍ സാധിക്കും. നമ്മെ അനുഗ്രഹിക്കാനുള്ള അവൻ്റെ പദ്ധതി നടപ്പിലാക്കാൻ നാം ദൈവത്തെ സഹായിക്കേണ്ടതില്ല. യെശ 30.15 യിസ്രായേലിന്‍റെ പരിശുദ്ധനായി യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: മനന്തിരിഞ്ഞു അടങ്ങിയിരുന്നാൽ നിങ്ങൾ രക്ഷിക്കപ്പെടും. വിശ്രമിക്കുന്നതിലും ആശ്രയിക്കുന്നതിലും നിങ്ങളുടെ ബലം;
ദൈവിക വാഗ്ദത്തങ്ങളുടെ വില മനസ്സിലാക്കി വിശ്വാസത്തിലും, അനുസരണത്തിലും ജീവിച്ച് അവന്നായി നമുക്ക് കാത്തിരിക്കാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.