34M_ദീർഘക്ഷമ – ആത്മാവിന് റെ ഫലം
ഉല്‍പത്തി 39.20 – 40.4 യോസേഫിന്റെ യജമാനൻ അവനെ പിടിച്ച് രാജാവിന്റെ ബദ്ധന്മാർ കിടക്കുന്ന കാരാഗൃഹത്തിൽ ആക്കി; അങ്ങനെ അവൻ കാരാഗൃഹത്തിൽ കിടന്നു.
21 എന്നാൽ യഹോവ യോസേഫിനോടുകൂടെ ഇരുന്നു, കാരാഗൃഹപ്രമാണിക്ക് അവനോടു ദയ തോന്നത്തക്കവണ്ണം അവനു കൃപ നല്കി.
22 കാരാഗൃഹത്തിലെ സകല ബദ്ധന്മാരെയും കാരാഗൃഹപ്രമാണി യോസേഫിന്റെ കൈയിൽ ഏല്പിച്ചു; അവരുടെ പ്രവൃത്തിക്കൊക്കെയും അവൻ വിചാരകനായിരുന്നു.
23 യഹോവ അവനോടുകൂടെ ഇരുന്ന് അവൻ ചെയ്തതൊക്കെയും സഫലമാക്കുകകൊണ്ട് അവന്റെ കൈക്കീഴുള്ള യാതൊന്നും കാരാഗൃഹപ്രമാണി നോക്കിയില്ല.
40.1 അനന്തരം മിസ്രയീംരാജാവിന്റെ പാനപാത്രവാഹകനും അപ്പക്കാരനും മിസ്രയീംരാജാവായ തങ്ങളുടെ യജമാനനോടു കുറ്റം ചെയ്തു.
2 ഫറവോൻ പാനപാത്രവാഹകന്മാരുടെ പ്രമാണിയും അപ്പക്കാരുടെ പ്രമാണിയുമായ തന്റെ രണ്ട് ഉദ്യോഗസ്ഥന്മാരോടു കോപിച്ചു.
3 അവരെ അകമ്പടിനായകന്റെ വീട്ടിൽ യോസേഫ് ബദ്ധനായിക്കിടന്ന കാരാഗൃഹത്തിൽ ആക്കി.
4 അകമ്പടിനായകൻ അവരെ യോസേഫിന്റെ പക്കൽ ഏല്പിച്ചു; അവൻ അവർക്കു ശുശ്രൂഷ ചെയ്തു; അവർ കുറെക്കാലം തടവിൽ കിടന്നു.
1950 കളിലും 60കളിലും ചൈനയിലുള്ള ക്രിസ്തു വിശ്വാസികള്‍ക്ക് അവരുടെ ഗവര്‍ണ്‍ന്‍റില്‍ നിന്ന് അതിതീവൃമായ കഷ്ടത സഹിക്കേണ്ടി വന്നിരുന്നു. തൻ്റെ പീഡകരുടെ കൈകളിൽ നിന്ന് മനുഷ്യത്വരഹിതമായ പെരുമാറ്റം സഹിക്കയും, ദൈവത്തിൻ്റെ കരത്താൽ സംരക്ഷിക്കപ്പെടുകയും ചെയ്ത ഒരു ചൈനീസ് ഭക്തനായിരുന്നു പില്‍കാലത്ത് ജോർജ്ജ് ചെൻ എന്നറിയപ്പെട്ട ചെൻ മിനിയിംഗ്. തന്‍റെ വിശ്വാസത്തെ തകര്‍ക്കുവാനുദ്ദേശിച്ച് ജയിലധികാരികള്‍ മറ്റാരും ചെയ്യുവാനറെക്കുന്ന ഒരു ജോലി തന്നെ ഏല്‍പിച്ചു. ദിവസേന ജയിലില്‍ നിന്ന് വരുന്ന മനുഷ്യ വിസർജ്ജനം വളമായി ഉപയോഗിക്കുന്നതിന് അത് കോരിയെടുത്ത് കംപോസ്റ്റാക്കുക എന്നതായിരുന്നു ആ ജോലി. ആ ദിവസങ്ങളെക്കുറിച്ച് ഓര്‍ത്ത് പിന്നീട് താനിങ്ങനെ പറയുകയുണ്ടായി. “മനുഷ്യവിസർജ്യത്തിൽ ആഴത്തിൽ ഞാൻ എൻ്റെ ദിവസങ്ങൾ ചെലവഴിച്ചു, കമ്പോസ്റ്റ് ഉണ്ടാക്കാൻ ഒരു കോരിക ഉപയോഗിച്ച് അത് ദിനന്തോറും ഇളക്കി മറിച്ചു. ഞാൻ ദയനീയനാകുമെന്ന് അവർ കരുതി, പക്ഷേ യഥാർത്ഥത്തിൽ ഞാൻ സന്തോഷവാനായിരുന്നു. ആരും എൻ്റെ അടുത്തേക്ക് വരാത്ത വിധം ദുർഗന്ധം വമിക്കുന്നതിനാൽ ദിവസം മുഴുവൻ പ്രാർത്ഥിക്കുവാനും ഉറക്കെ പാടുവാനും എനിക്കാ ദിവസങ്ങളില്‍ സാധിച്ചു. കാരാഗ്രഹവാസത്തിലെ കയ്പേറിയ അനുഭവങ്ങള്‍ മനോഹരമാക്കിയ മറ്റൊരു വ്യക്തിയെപ്പറ്റിയാണ് നാമിന്ന് ചിന്തിക്കുന്നത്.
തന്‍റെ യജമാനന്‍റെ മുമ്പില്‍ കൃതാര്‍ത്ഥനായി ജീവിച്ചതിനാല്‍, യോസേഫ് ഒരു സാധാരണ അടിമയില്‍ നിന്ന് പോത്തിഫറന്‍റെ സകല ഗ്രഹത്തിന്നും വിചാരകനായി ഉന്നതി പ്രാപിച്ചു. എന്നാല്‍ യജമാനന്‍റെ ഭാര്യ തന്‍റെമേല്‍ ദൃഷ്ടിവെക്കുകയും, താനവളെ അനുസരിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍ വ്യാജമായ ആരോപണം തനിക്കെതിരെ ഉന്നയിക്കുകയും അതു മൂലം താന്‍ കാരാഗ്രഹത്തില്‍ ആക്കപ്പെടുകയും ചെയ്തു. യോസേഫിനേക്കാള്‍ വളരെ പ്രായം ചെന്ന തന്‍റെ സഹോദരനായ യെഹൂദാ ഈ കാലയളവില്‍ താന്‍ കടന്നുപോയതിലും എത്രയോ ലഘുവായ സാഹചര്യത്തില്‍ തന്‍റെ ജഡമോഹത്തിന്ന് വശംവദനാവുകയും, പാപത്തില്‍ അകപ്പെട്ട് പോവുകയും ചെയ്തതായി നാം കഴിഞ്ഞ അദ്ധ്യായത്തില്‍ കണ്ടിരുന്നു. എന്നാല്‍ ദൈവിക ഭയം നിമിത്തം യോസേഫ് താന്‍ നേരിട്ട അഗ്നിപരീക്ഷയില്‍ വിജയം വരിച്ചു. അടിമകളുടെ വാക്കിന് യാതൊരു വിലയും കല്‍പിക്കാത്ത ആ കാലത്ത് ഇങ്ങനെയുള്ള കുറ്റങ്ങള്‍ക്ക് സാധാരണയായി മരണശിക്ഷയാണ് നല്‍കിയിരുന്നത്. എന്നാല്‍ ദൈവം അവനെ സംരംക്ഷിക്കുകയും തന്‍റെ ശിക്ഷ കാരാഗ്രഹവാസമായി ഇളവു ചെയ്യുകയും ചെയ്യ്തു. ദൈവത്തെ ഭയപ്പെടുന്നവൻ മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. ശക്തമായ കോട്ടയാണ് നമ്മുടെ ദൈവം.
ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. ഈ വാക്കുകൾ 39-ാം അധ്യായത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും ആവർത്തിക്കുന്നതായി കാണാം. ദൈവം കൂടെയുണ്ടെങ്കിൽ ജോസഫിനെ സംബന്ധിച്ചിടത്തോളം എല്ലാ സ്ഥലങ്ങളും ഒന്നുതന്നെയായിരുന്നു.
തൻ്റെ വാഗ്ദത്തങ്ങൾ നിറവേറ്റുന്നതിനായി കർത്താവിൽ വിശ്വസിക്കാനുള്ള അവസരമായി യോസേഫ് ഓരോ സാഹചര്യത്തെയും കണ്ടു. ലൗകികമായ സൌകരങ്ങള്‍ക്കോ, ലാഭത്തിനോ വേണ്ടിയായിരുന്നില്ല അവൻ ദൈവത്തെ സേവിച്ചത്. സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും ഉടയവനായ ദൈവത്തെ, വിശ്വസ്തനും നല്ലവനുമായ ഒരു ഭരണാധികാരിയായി അവന്‍ അംഗീകരിക്കുകയും, ആരാധിക്കയും ചെയ്തു. അതുകൊണ്ട് മറ്റു തടവുകാർ ചിലപ്പോൾ ദുഃഖിതരായി കാണപ്പെട്ടുവെങ്കിലും അവൻ്റെ മുഖം എപ്പോഴും പ്രസന്നമായിരുന്നു.
യോസേഫ് തൻ്റെ കർത്തവ്യങ്ങളിൽ കഴിവുള്ളവനും ശുഷ്കാന്തിയുള്ളവനുമായിരുന്നു. കഠിനാധ്വാനം ചെയ്യുന്നവർക്ക് എല്ലായിപ്പോഴും ഉന്നത സ്ഥാനങ്ങളിൽ എത്താൻ കഴിയില്ലെങ്കിലും അവര്‍ക്ക് അധികാരികളുടെ പ്രീതി ലഭിക്കയും അവരുടെ നല്ല പ്രവൃത്തിയുടെ അടിസ്ഥാനത്തിൽ അവർ സുരക്ഷിതരായി നിലകൊള്ളുകയും ചെയ്യുന്നു.
സദൃ 22.29 പ്രവൃത്തിയിൽ സാമർത്ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവൻ രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവൻ നിൽക്കയില്ല.
യോസേഫിനെ തടവിലാക്കപ്പെടുകയും ഒരു അടിമയെപ്പോലെ തന്‍റെ കാലുകളെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചിരുന്നതായി സങ്കീ 105.19ല്‍ നാം വായിക്കുന്നു. എന്നാല്‍ ഒരു തടവുകാരനായി ബന്ധനത്തില്‍ അധികനാള്‍ അവന്ന് കഴിയേണ്ടിവന്നില്ല. പോത്തിഫറിന്‍റെ വീട്ടിലെന്നപോലെ, കാരാഗ്രഹത്തിലും അവന്‍റെ വിശ്വസ്ഥത മൂലം അധികം താമസിയാതെ കാരാഗ്രഹപ്രമാണി അവിടെയുള്ള സകലവും അവന്‍റെ കൈയ്യില്‍ ഏല്‍പിച്ചു. നമുക്ക് സഹിക്കാകുന്നതിന്ന് അപ്പുറം ഒരിക്കലും ദൈവം നമുക്ക് പരീക്ഷകള്‍ നല്‍കില്ല എന്നത് എപ്പോഴും ആശ്വാസകരമായ ചിന്തയാണ്. കര്‍ത്താവ് ഈ ലോകത്തില്‍ ആയിരുന്നപ്പോള്‍ താന്‍ കടന്നുപോയ കഷ്ടങ്ങളിലൂടെ പിന്തുടരുവാന്‍ നല്ല മാതൃക നമുക്ക് മുന്നില്‍ വെച്ചിട്ടുണ്ട്. കർത്താവിൻ്റെ രക്തരൂക്ഷിതമായ കാൽപ്പാടുകൾ പിന്തുടർന്ന് നാം അവനെ ക്രൂശിലേക്ക് അനുഗമിക്കണം. കഷ്ടതയിലേക്കും മരണത്തിലേക്കും കർത്താവ് നമുക്കുമുമ്പേ പോയി.
തൻ്റെ യജമാനൻ തന്നെ ഏല്‍പിച്ച എല്ലാ കാര്യങ്ങളും യോസേഫിന് ഭംഗിയായി നിവൃത്തിക്കുവാന്‍ സാധിച്ചു. കാരണം, തൻ്റെ ഭാവിയെക്കുറിച്ച് അവന്ന് ഭയമില്ലായിരുന്നു. തൻ്റെ വിധി ദൈവത്തിൻ്റെ കരങ്ങളിൽ സുരക്ഷിതമാണെന്ന് അവനറിയാമായിരുന്നു. തന്നെ നയിച്ചത് മനുഷ്യനല്ല, ദൈവമാണെന്ന് അവന്ന് ഉറപ്പുണ്ടായിരുന്നു. ആയതിനാൽ, അവൻ്റെ ഹൃദയം ആത്മനിഷ്ഠയിൽ നിന്നും നിരാശയിൽ നിന്നും മുക്തമായിരുന്നു. മറ്റുള്ളവരുടെ സങ്കടങ്ങളും പ്രശ്‌നങ്ങളും മനസ്സിലാക്കാനും പ്രതികരിക്കാനും ഇത് അവനെ സഹായിച്ചു.
നമ്മുടെ നിമിത്തം കർത്താവ് ഒരു ദാസനായി തീര്‍ന്നു. ആകയാല്‍ നാമും പരസ്പരം സേവിക്കുക എന്നത് കര്‍ത്താവിന്ന് പ്രസാധകരമായ കാര്യമാണ്. നമ്മുടെ ഇടയിൽ ദാസനായിരിക്കുന്നവനാണ് ഏറ്റവും വലിയവൻ എന്ന് കര്‍ത്താവ് പറഞ്ഞതോര്‍ക്കുക.
യോസേഫ് തൻ്റെ ദൈവത്തെ അറികയും അവനെ സർവശക്തനായി കാണുകയും ചെയ്തു. അപ്പക്കാരനോടു, പാനപാത്രവാഹകനോടും നിശ്ചയത്തോടും, ധൈര്യത്തോടും ഉത്തരം നൽകുന്നതില്‍ നിന്ന് ഈ കാര്യം പ്രകടമാണ്. വിശ്വാസികൾ അവരുടെ ദൈവത്തെ അറിഞ്ഞാല്‍ മാത്രമേ അവർക്ക് ധീരത കാണിക്കുവാന്‍ സാധിക്കയുള്ളൂ.
സ്വപ്നങ്ങൾ വ്യാഖ്യാനിക്കാനുള്ള വരം ദൈവം അവനു നൽകിയിരുന്നു. തൻ്റെ വ്യാഖ്യാനങ്ങൾ ദൈവത്തിൽ നിന്നാണ് വന്നതെന്ന് അവൻ എല്ലാവരോടും പറഞ്ഞു. ഈ എളിമ അദ്ദേഹത്തിൻ്റെ വ്യാഖ്യാനങ്ങൾക്ക് അർഹമായ ഗാംഭീര്യം നൽകുകയും ഉദ്ദേശിച്ച ഫലങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. അവൻ്റെ മഹത്വത്തിനായി ഉപയോഗിക്കുമ്പോൾ മാത്രമേ ദൈവം നമുക്ക് നല്‍കിയ ആത്മീയ വരങ്ങള്‍ ഫലവത്താകൂ. കേൾവിക്കാരിൽ ഒരാളായ അപ്പക്കാരന്‍ മൂന്ന് ദിവസത്തിനുള്ളിൽ തൂക്കിലേറ്റപ്പെടും എന്നതായിരുന്നു അവന്‍ കണ്ട സ്വപ്നത്തിന്‍റെ അര്‍ത്ഥം. യോസഫിൻ്റെ സ്വപ്ന വ്യാഖ്യാനം അവൻ്റെ അന്ത്യം അടുത്തിരിക്കുന്നു എന്ന് അവനെ കാണിച്ചു. തന്‍റെ സൃഷ്ടാവായ ദൈവത്തെ കണ്ടുമുട്ടാൻ അയാൾക്ക് ഒരുങ്ങാനൊരു അവസരം ദൈവം അവന്ന് നല്‍കി. ഇല്ലെങ്കിൽ, അയാള്‍ തൻ്റെ പാപത്തിൽ ഒരു മുന്നറിയിപ്പില്ലാതെ മരിക്കുവാനിടയുണ്ട്.
ദൈവനാമത്തിൽ സംസാരിക്കുമ്പോൾ മാത്രമേ നമുക്ക് വിശ്വാസ്യതയുള്ളൂ എന്ന് നാം മനസ്സിലാക്കണം. സത്യവചനത്തെ നാം ശരിയായി വിഭജിക്കണ്ടത് ആവശ്യമാണ്. അതായത് കേൾവിക്കാരിലേക്ക് ശരിയായ ബോധം നാം എത്തിക്കണം. നാം അവൻ്റെ കൽപ്പനകൾ അനുസരിച്ച് പ്രവർത്തിക്കയും, വിശ്വാസത്തിൽ നടക്കയും ചെയ്യേണ്ടതാണ്.
പാനപാത്രവാഹകന്‍റെ സ്വപ്നത്തിൻ്റെ വ്യാഖ്യാനം സന്തോഷകരമായതായിരുന്നു എങ്കിലും, അപ്പക്കാരൻ്റേത് തികച്ചും അസുഖകരമായിരുന്നു. പക്ഷേ രണ്ടുപേർക്കും അത് കേൾക്കേണ്ടിയിരുന്നു. വരുവാന്‍ പോകുന്ന ഈ സംഭവങ്ങൾക്കായി സ്വയം തയ്യാറെടുക്കാൻ ഇത് രണ്ടുപേരെയും അനുവദിച്ചു. നാം സത്യം സംസാരിക്കുകയും പരസ്പരം സ്നേഹിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട ക്രമീകരികരണങ്ങള്‍ വരുത്തുവാന്‍ അത് മുഖാന്തരമായേക്കാം.
സ്നേഹത്തിൽ സത്യം സംസാരിക്കുന്നത് ശരീരത്തിൻ്റെ വളർച്ചയുടെ ഒരു പ്രധാന സവിശേഷതയാണ്. പരസ്പരം മുഖസ്തുതി പറയുന്നത് വിദ്വഷത്തിൻ്റെ മറ്റൊരു ലക്ഷണമാണ്.
മറ്റുള്ളവരെ പഠിപ്പിക്കുവാൻ നമ്മെ നിയമിച്ചിട്ടുണ്ടെങ്കിൽ, നാം ദൈവത്തിൻ്റെ പൂർണ്ണമായ ആലോചനയെ അവരോട് അറിയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആരെയെങ്കിലും കാവൽക്കാരനാകുവാന്‍ വിളിച്ചിട്ടുണ്ടെങ്കിലോ, ഒരു ദൈവിക വെളിപാട് ലഭിച്ചിട്ടുണ്ടെങ്കിലോ, ആസന്നമായ ന്യായവിധിയെക്കുറിച്ച് അവൻ ദുഷ്ടന്മാർക്ക് മുന്നറിയിപ്പ് നൽകണം. അല്ലെങ്കിൽ, അവരുടെ രക്തം നമ്മുടെ തലയിലായിരിക്കും എന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു.
യോസേഫിനെ മറന്നു കളഞ്ഞത് പാനപാത്രവാഹകന്‍ ചെയ്ത വലിയ തെറ്റാണ്. നമുക്ക് നന്മ ചെയ്തവരെ ആദരിക്കാൻ നാം മറക്കുന്നത് നന്ദികേടിൻ്റെ അടയാളമാണ്.
നമ്മെ സംബന്ധിച്ചിടത്തോളം, രണ്ട് വർഷത്തെ കാലതാമസം നിരാശാജനകവും പൊറുക്കാനാവാത്തതുമായി തോന്നിയേക്കാം. എന്നാൽ ദൈവത്തിന്‍റെ കാലതാമസം ദൈവ പ്രവൃത്തി പോലെ തന്നെ അവൻ്റെ പദ്ധതികളുടെ ഭാഗമാണ്. യോസേഫിനെ ഇതിനുമുമ്പ് മോചിപ്പിച്ചിരുന്നെങ്കിൽ, അവൻ ഒന്നുകിൽ ഒരു അടിമയോ അല്ലെങ്കിൽ അന്യദേശത്ത് ഒരു വിലാസവുമില്ലാത്ത സ്വതന്ത്രനോ ആകുമായിരുന്നു. ഒരുപക്ഷേ അവൻ വീണ്ടും ഒരു ആട്ടിടയനാകുവാൻ തൻ്റെ കുടുംബത്തിലേക്ക് മടങ്ങിപ്പോയിരിക്കാം.
പോത്തിഫേറിൻ്റെ ഭവനത്തിലും, കാരാഗ്രഹത്തിലും യോസേഫ് ദൈവം ഉദ്ദേശിച്ച ഉന്നത വിദ്ധ്യാഭ്യാസം കരസ്ഥമാക്കി. യൌവനക്കാരനായ ആട്ടിടയൻ ഒരു കാലത്ത് പിതാവിൻ്റെ വീട്ടിൽ പ്രിയപ്പെട്ടവനായിരുന്നു. എന്നാല്‍ ഒരു അന്യദേശത്ത് ഒരു കുലീന കുടുംബത്തെ ഭരിക്കാൻ അവന്‍ ആദ്യം അഭ്യസിച്ചു. ഇത് അവൻ്റെ ഭാവി ജോലിക്കുള്ള മികച്ച തയ്യാറെടുപ്പായിരുന്നു. മിസ്രയീം ദേശത്തേക്കുള്ള മുഴുവൻ ഭക്ഷണ വിതരണവും അവൻ ഭാവിയില്‍ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു.
പോത്തിഫറിൻ്റെ ഭവനത്തിൽ ആരംഭിച്ച പഠനം രാജാവിൻ്റെ തടവറയിൽ പൂര്‍ത്തീകരിച്ചതായി നമുക്ക് കാണാം. ഈ രണ്ട് വർഷം ജോസഫിന്ന് രാജകോടതിയുടെ രീതികളിലും, രാജ്യതന്ത്രക്ഞതയിലും പരിശീലനം ലഭിക്കുവാനിടയായി. അദ്ദേഹം രാജാവിന്‍റെ മുമ്പില്‍ പാലിക്കേണ്ട മര്യാദകളും, ആചാരക്രമങ്ങളും പഠിക്കുവാന്‍ ഈ കാലയളവില്‍ അവന്ന് സാധിച്ചു. മിസ്രയേമില്‍ അധികാരത്തിലിരിക്കുന്നവര്‍ എങ്ങനെയുള്ളവരാണ് എന്ന് അവന്‍ അറിയേണ്ടത് ആവശ്യമായിരുന്നു. അവൻ്റെ മര്യാദകൾ ഈ കാലയളവില്‍ തേച്ചു മിനുക്കപ്പെട്ടു. കാലപഴക്കത്തില്‍ അവന്‍ മിസ്രയേമിന്‍റെ ഭരണചക്രം അനായാസേന ഏറ്റെടുക്കാൻ പക്വത പ്രാപിച്ചു.
ഈ പരിശീലന പ്രക്രിയ അദ്ദേഹത്തിന്ന് ലഭിച്ച വ്യാഖ്യാന വരം പോലെതന്നെ ദൈവിക വരമായിരുന്നു. ഈ രണ്ടുകാര്യങ്ങളും ദൈവത്താല്‍ നിയമിക്കപ്പെട്ടതാണ്. ദൈവം ഗുരുവായിരിക്കുമ്പോൾ തടവറയും കൊട്ടാരം പോലെ നല്ലൊരു വിദ്യാലയമാണ്. അവനെപ്പോലെ ആരാണ് പഠിപ്പിക്കുന്നത്?
രണ്ടു വര്‍ഷത്തിന്ന് ശേഷം പാനപാത്രവാഹകൻ അവനെ ഓർത്തപ്പോൾ, യോസേഫ് പക്വതയാര്‍ജ്ജിച്ചു എന്ന് മാത്രമല്ല ഫറവോൻ അവനെ സ്വീകരിക്കുവാനും ഒരുക്കപ്പെട്ടു. തന്നെ അസ്വസ്ഥനാക്കിയ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുവാന്‍ കഴിവുള്ള ഒരാളെ ലഭിക്കേണ്ടത് അത്യാവശ്യമായിരുന്നു. കാലതാമസം ദൈവിക സമയത്തിലേക്ക് നമ്മെ നയിക്കുന്നു. നമുക്ക് എന്താണ് നല്ലത് എന്ന് നമുക്ക് അറിയില്ല. ഈ അറിവ് ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. നമുക്ക് അവൻ്റെ പരമാധികാരം അംഗീകരിക്കാം. അവൻ നമ്മുടെ വ്യവഹാരങ്ങൾ അവൻ്റെ സ്നേഹത്തിലും വിവേകത്തിലും തീർക്കട്ടെ. അവനെ സ്നേഹിക്കുന്നവരുടെ നന്മയ്ക്കായി എല്ലാം കൂടിവ്യാപരിക്കുന്നതാകയാല്‍ നമുക്ക് സംതൃപ്തരും നന്ദിയുള്ളവരുമായി നമ്മുടെ മരുഭൂപ്രയാണം ചിലവിടാം.



Post a comment