31M_പ്രവർത്തനരഹിതമായ ഒരു കുടുംബം
ഉല്‍പത്തി 37.2 യാക്കോബിന്‍റെ വംശപാരമ്പര്യം എന്തെന്നാൽ: യോസേഫിനു പതിനേഴു വയസ്സായപ്പോൾ അവൻ തന്‍റെ സഹോദരന്മാരോടുകൂടെ ആടുകളെ മേയിച്ചുകൊണ്ട് ഒരു ബാലനായി തന്‍റെ അപ്പന്‍റെ ഭാര്യമാരായ ബിൽഹായുടെയും സില്പായുടെയും പുത്രന്മാരോടുകൂടെ ഇരുന്ന് അവരെക്കുറിച്ചുള്ള ദുഃശ്രുതി യോസേഫ് അപ്പനോടു വന്നു പറഞ്ഞു.
3 യോസേഫ് വാർധക്യത്തിലെ മകനാകകൊണ്ട് യിസ്രായേൽ എല്ലാ മക്കളിലുംവച്ച് അവനെ അധികം സ്നേഹിച്ച് ഒരു നിലയങ്കി അവന് ഉണ്ടാക്കിച്ചു കൊടുത്തു.
4 അപ്പൻ തങ്ങളെ എല്ലാവരെക്കാളും അവനെ അധികം സ്നേഹിക്കുന്നു എന്ന് അവന്‍റെ സഹോദരന്മാർ കണ്ടിട്ട് അവനെ പകച്ചു; അവനോടു സമാധാനമായി സംസാരിപ്പാൻ അവർക്കു കഴിഞ്ഞില്ല.
22 അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്‍റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: രക്തം ചൊരിയിക്കരുത്; നിങ്ങൾ അവന്‍റെമേൽ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു.
23 യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു.
24 അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു.
25 അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തല പൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു.
26 അപ്പോൾ യെഹൂദാ തന്‍റെ സഹോദരന്മാരോട്: നാം നമ്മുടെ സഹോദരനെ കൊന്ന് അവന്‍റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം?
27 വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്‍റെ മേൽ കൈ വയ്ക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്‍റെ സഹോദരന്മാർ അതിനു സമ്മതിച്ചു.
28 മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.
അമേരിക്കയില്‍ നൂറ്റാണ്ടുകളായി ജീവിച്ചിരുന്ന റെഡ് ഇന്ത്യന്‍സിനോട്, അവിടെ കുടിയേറിയ വെള്ളക്കാര്‍ അവരുടെ ഭൂമി വില്‍ക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, ചീഫ് സിയാറ്റില്‍ എന്ന അവരുടെ ഒരു ഗോത്രത്തലവന്‍ പ്രസിദ്ധമായി ഇങ്ങനെ മറുപടി നല്‍കി. നിങ്ങൾക്ക് എങ്ങനെ ആകാശമോ, നിലമോ വാങ്ങുവാനോ വിൽക്കുവാനോ സാധിക്കും? ഈ ആശയം ഞങ്ങള്‍ക്ക് വിചിത്രമാണ്. വായുവിൻ്റെ ശുദ്ധതയും വെള്ളത്തിൻ്റെ തിളക്കവും ഞങ്ങൾക്ക് സ്വന്തമല്ലെങ്കിൽ, നിങ്ങൾക്ക് എങ്ങനെ അവ വാങ്ങുവാനാകും?
ദൈവത്തിന്നു തന്‍റെ സ്വരൂപത്തില്‍ സൃഷ്ടിച്ച മനുഷ്യരോടുള്ള മനോഭാവം അവര്‍ക്ക് നല്‍കുന്ന ഭൌമിക അനുഗ്രഹങ്ങളില്‍ നിന്ന് നമുക്ക് വ്യക്തമായി മനസ്സിലാക്കാം. അവന്‍ ദുഷ്ടന്മാരുടെമേലും, നീതിമാന്മാരുടെ മേലും മഴ പെയ്യിക്കുന്നു. എല്ലാവര്‍ക്കും സൌജന്യമായി അനുഭവിക്കുവാനായി മഴയും, വെയിലും, കാറ്റും, ഭൂമിയും, വായുവുമെല്ലാം അവന്‍ പ്രദാനം ചെയ്യുന്നു. എന്നാല്‍ മനുഷ്യര്‍ ഈ അനുഗ്രഹങ്ങള്‍ തങ്ങള്‍ക്കിഷ്ടമുള്ളവര്‍ക്ക് പരിമിതിപ്പെടുത്തുന്നു. അവ വാങ്ങുകയും, വില്‍ക്കുകയും ചെയ്യുന്നു. ഈ മനോഭാവം അവരുടെ വ്യക്തി ജീവിതത്തിലും, കുടുംബജീവതത്തിലും, സമൂഹത്തിലുമെല്ലാം കാണാവുന്നതാണ്. യാക്കോബിന്‍റെ ജീവിത്തില്‍ തന്‍റെ ഇഷ്ടപുത്രനോടുള്ള അമിതസ്നേഹം ദുഃഖത്തിന്‍റെ താഴ്വരയിലേക്ക് തന്നെ നയിച്ചു.
ഏശാവിന്‍റെ ആദ്യ രണ്ട് ഭാര്യമാരും കനാന്യരായിരുന്നു എന്ന് ഉല്പത്തി 36ആം അദ്ധ്യായം മുതൽ വ്യക്തമാകുന്നു. തന്നെയുമല്ല അവൻ കനാൻ വിട്ടു എദോം എന്ന് പിൽക്കാലത്തു അറിയപ്പെട്ട സേയീരിൽ വന്നു താമസമാക്കി. ഏശാവ് ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ ലാഘവത്തോടെ കണ്ടതിനാൽ അവൻ താമസിയാതെ ദൈവഹിതത്തിൽനിന്നും ദൈവത്തിന്‍റെ പദ്ധതിയിൽ നിന്നും പുറത്തായി.
മോശയുടെ കാലമായപ്പോഴേക്കും എദോമ്യർക്കു യഹോവയോടുള്ള വിദ്വേഷം വളരെ വർധിച്ചിരുന്നതിനാൽ ഇസ്രായേല്യർ ഏദോമിലൂടെ കനാനിലേക്ക് പോകുവാൻ അവർ സമ്മതിച്ചില്ല. പിന്നീട് ശൗലിനു എദോമ്യരോട് യുദ്ധം ചെയ്യേണ്ടി വന്നു. അമസ്യാവിന്‍റെ രാജവാഴ്ചയുടെ സമയത്ത് അവര്‍ അവരുടേതായ ദേവന്മാരെ ആരാധിക്കുവാന്‍ ആരംഭിച്ചു. (2 ദിന 25 :20 )
യിരെമ്യാവ് 49 :17,18.
17 എദോം ഭീതിവിഷയമായിത്തീരും; അതിനരികത്തുകൂടി കടന്നുപോകുന്ന ഏവരും ഭയപ്പെട്ട് അതിന്‍റെ സകലബാധകളും നിമിത്തം നിന്ദയോടെ പെരുമാറും. 18 സൊദോമും ഗൊമോരയും അവയുടെ അയൽപട്ടണങ്ങളും നശിച്ചുപോയശേഷം എന്നപോലെ, അവിടെയും ആരും വസിക്കുകയില്ല; ഒരു മനുഷ്യനും അവിടെ വസിക്കുകയില്ല” എന്ന് യഹോവ അരുളിച്ചെയ്യുന്നു.
യാക്കോബിൻ്റെ ഇതുവരെയുള്ള ജീവിതവും എല്ലാം മാതൃകാപരമായിരുന്നില്ല. എന്നിരുന്നാലും തന്നില്‍ ആശ്രയിക്കുന്ന വ്യക്തികളോടും അവരുടെ കുടുംബങ്ങളോടുമുള്ള ദൈവത്തിൻ്റെ അചഞ്ചലമായ കൃപയും ദീര്‍ഘക്ഷമയും നമുക്ക് ചരിത്രത്തില്‍ ഉടനീളം കാണാവുന്നതാണ്.
ഒരു പക്ഷേ നമ്മളിൽ മിക്കപേരും കുടുംബ ജീവിതത്തിന്‍റെ ശരിയും തെറ്റും ആഴത്തില്‍ ചിന്തിക്കാതെയാണ് അതിലേക്ക് കാലെടുത്ത് വെച്ചത്. സ്വന്തം മാതാപിതാക്കന്മാരുടെ വീട്ടിലും ചുറ്റുപാടിലും കണ്ട അതേ കുടുംബ മാതൃകകൾ നാം അതേ പടി നമ്മുടെ കുടുംബത്തിലേക്കും പകർത്തുന്നു. കുടുംബജീവിതത്തില്‍ നാം കണ്ടിട്ടുള്ള മുൻകാല അനുഭവങ്ങൾ ശരിയോ തെറ്റോ ആകാം. ദൈവവചനത്തിൻ്റെ അടിസ്ഥാനത്തിൽ നാം അവയെ വിശകലനം ചെയ്യുന്നില്ലെങ്കിൽ, നമുക്ക് മുമ്പുള്ള തലമുറകളിൽ സംഭവിച്ച അതേ തെറ്റുകൾ നാം തുടർന്നും ആവര്‍ത്തിച്ചേക്കാം. ഇവിടെയും, തൻ്റെ സഹോദരൻ ഏശാവിനെ തൻ്റെ പിതാവ് തന്നെക്കാൾ വളരെയധികം സ്നേഹിച്ചപ്പോൾ മക്കളോട് അമ്മയപ്പന്‍മാര്‍ കാണിക്കുന്ന പക്ഷപാതത്തിന്‍റെ വേദന യാക്കോബ് അറിഞ്ഞിട്ടുണ്ടാകും. തൻ്റെ അമ്മയുടെ പക്ഷപാതം ഭർത്താവിനോടും മൂത്തമകനോടുമുള്ള അവളുടെ അവിശ്വസ്തതയ്‌ക്ക് കാരണമായതെങ്ങനെയെന്നും അവൻ കണ്ടിരുന്നു. എന്നിട്ടും അവൻ യോസഫിനോടും ബെന്യാമീനോടും അതേ കാര്യം തന്നെ ആവർത്തിച്ചു. പുതിയ നിയമം ആറ് തവണ പറയുന്നതുപോലെ ദൈവം വ്യക്തികളെ ബഹുമാനിക്കുന്ന ആളല്ല. പക്ഷപാതം കുടുംബത്തിന്‍റെ ഐക്യത്തെ നശിപ്പിക്കുന്നതിനാൽ നാം അത് തിരിച്ചറിയുകയും സൂക്ഷിക്കുകയും വേണം.
ജീവിതത്തിൻ്റെ തുടക്കത്തിൽ തന്നെ യോസേഫിന് ദൈവത്തിൽ നിന്ന് സ്വപ്നങ്ങൾ ലഭിച്ചു. മഹത്വമുള്ളൊരു ഭാവിയിലേക്കാണ് ഈ സ്വപ്നങ്ങള്‍ വിരല്‍ ചൂണ്ടിയത്. പരീക്ഷണങ്ങളെ പ്രത്യാശയോടെ സഹിച്ചുനിൽക്കുവാൻ അവനെ ശക്തിപ്പെടുത്തുവാനായിരുന്നു ദൈവം അവ നല്‍കിയത്. ദൈവം തൻ്റെ കാരുണ്യത്തിലും വിശ്വസ്തതയിലും പരീക്ഷണങ്ങൾക്ക് മുമ്പേ തന്നെ അതിന്നായി നമ്മെ ഒരുക്കുന്നു. എന്തു സംഭവിച്ചാലും ദൈവത്തിൻ്റെ സ്‌നേഹനിർഭരമായ ഉദ്ദേശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ യോസേഫിൻ്റെ ദർശനങ്ങൾ അവനെ സഹായിച്ചു. അവൻ വീട്ടിലായിരിക്കുമ്പോൾ തന്നെത്തന്നെ ഉയർത്താൻ ശ്രമിച്ചില്ല. അവൻ പിതാവിനെ അനുസരിക്കുകയും സഹോദരങ്ങളെ സേവിക്കുകയും ചെയ്തു. അവർ ആടുകളെ മേയ്ക്കുമ്പോൾ അവൻ അവരെ വിവിധ സ്ഥലങ്ങളിൽ ഉത്സാഹത്തോടെ തിരഞ്ഞതായി നാം വായിക്കുന്നു.
നാം നമ്മുടെ സ്വപ്നങ്ങളെയല്ല ആ സ്വപ്നങ്ങള്‍ തന്ന ദൈവത്തെയാണ് പിന്തുടരേണ്ടത്. നമ്മുടെ സ്വപ്നങ്ങൾ പിന്തുടരുന്നത് നമ്മുടെ ഹൃദയത്തെ തകർത്തേക്കാം. എന്നാൽ നമ്മുടെ സ്വപ്‌നങ്ങൾ മുറുകെപിടിക്കുന്നതിനുപകരം നാം അവനെ അനുസരിച്ചാൽ ദൈവം തൻ്റെ ഉദ്ദേശ്യങ്ങൾ നമ്മിൽ നിറവേറ്റും. ദൈവത്തിൻ്റെ പാതകൾ പലപ്പോഴും മറഞ്ഞിരിക്കുന്നതാണ്, പക്ഷേ പ്രതികൂലങ്ങള്‍ക്ക് മദ്ധ്യേയും അവൻ തൻ്റെ പദ്ധതികൾ നിറവേറ്റുന്നു. വില്യം കൂപ്പർ എന്ന് ഭക്തന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. ദുര്‍ബലമായ വിവേചനത്തോടെ കർത്താവിനെ വിധിക്കാതെ, അവൻ്റെ കൃപയ്ക്കായി അവനിൽ വിശ്വസിക്കുക. നിങ്ങൾ വളരെയധികം ഭയപ്പെടുന്ന മേഘപാളികൾ ഒരു പക്ഷേ ദൈവത്തിന്‍റെ കാരുണ്യത്താൽ നിറഞ്ഞതായിരിക്കാം, നാം ക്ഷമയോടെ കാത്തിരുന്നാല്‍ അവ നമ്മുടെ മേല്‍ ആശിഷമാരിയായി ചൊരിയുകയും ചെയ്യും.
നമ്മുടെ ജഡിസ്വഭാവത്തിന്‍റെ പ്രതിഫലനങ്ങള്‍ നാം യോസേഫിൻ്റെ സഹോദരന്മാരിലും കാണുന്നുണ്ട്.. അവരുടെ സ്വഭാവം തിന്മനിറഞ്ഞതായിരുന്നു എന്നു മാത്രമല്ല അവരുടെ ജീവിത്തിലുണ്ടായ തെറ്റുകളെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നതിന്ന് പകരം അവയെ മറയ്ക്കുകയാണ് അവര്‍ ചെയ്തത്. നീതിമാൻ ശാസന സ്വീകരിക്കുകയും ജ്ഞാനിയാകുകയും ചെയ്യുന്നു. ദുഷ്ടന്മാർ അതിൽ നീരസപ്പെടുകയും തങ്ങളെ ശാസിക്കുന്നവനെ വെറുക്കുകയും ചെയ്യുന്നു.
രണ്ടാമതായി, യോസേഫ് ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിലും തങ്ങളുടെ പിതാവ് എല്ലാ മക്കളേക്കാളുപരി അവനെ സ്നേഹിക്കുന്നു എന്ന വസ്തുത ആ സഹോദരന്മാരെ അസൂയാലുക്കളാക്കി. അസൂയയാണ് പല മാരക പാപങ്ങളുടെയും മൂലകാരണം. അത് ചരിത്രത്തിലെ ആദ്യത്തെ കൊലപാതകത്തിലേക്ക് നയിച്ചു, ഹാബെലിൻ്റെ കൊലപാതകം, കൂടാതെ ചരിത്രത്തിലെ ഏറ്റവും ഹീനമായ കൊലപാതകവും അസൂയമൂലമായിരുന്നു. യേശുക്രിസ്തുവിൻ്റെ കൊലപാതകം. അസൂയയുടെ വിപരീതം സംതൃപ്തിയും വിനയവുമാണ്, അതായത്, ദൈവഹിതത്തോടുള്ള സന്തോഷകരമായ സമർപ്പണം.
“നമുക്ക് അവനെ കൊല്ലാം, അവൻ്റെ സ്വപ്നങ്ങൾ എന്താകും എന്ന് നോക്കാം.” എന്ന് യോസേഫിന്‍റെ സഹോദരന്മാർ പറഞ്ഞതായി നാം വായിക്കുന്നു, അത് ജോസഫിൻ്റെ സ്വപ്നമല്ല, മറിച്ച് ദൈവത്തിൻ്റെ ഉദ്ദേശ്യവും പദ്ധതിയുമാണെന്ന് തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു. ദൈവത്തിൻ്റെ ആദ്യന്തികമായ പദ്ധതികളെ തകർക്കുവാൻ ആർക്കും തന്നെ സാധിക്കയില്ല. അനുഗ്രഹം ലഭിക്കുന്നവനെ കാണുമ്പോൾ, അത് നൽകുന്നവനെ കാണാതിരിക്കുന്നത് എത്ര സങ്കടകരമാണ്. നമുക്ക് ചുറ്റുമുള്ളവരുടെ ജീവിതത്തിൽ ദൈവത്തിൻ്റെ കരം കാണാൻ നമുക്ക് നമ്മുടെ കണ്ണുകളെ തുറക്കാം.
യോസേഫ് പൊട്ടകെണറ്റിൽ നിന്ന് കരുണയ്ക്കുവേണ്ടി കരയുമ്പോൾ, തങ്ങളുടെ സഹോദരന്മാര്‍ക്ക് ഭക്ഷണത്തിനിരിക്കുവാൻ കഴിഞ്ഞത് അവരുടെ കഠിനഹൃദങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് . വരും വര്‍ഷങ്ങളില്‍ ഈ കുറ്റബോധം പേറി നടക്കുവാന്‍ അവര്‍ക്കിടയായി. നിരപരാധിയാണെങ്കിലും ആദ്യം ശിമയോനും പിന്നീട് ബെന്യാമീനും മിസ്രയേമിൽ തടവിലാക്കപ്പെടുമെന്ന ഭീഷണി ഉയര്‍ന്നപ്പോൾ കുറ്റകരമായ ഈ ഓർമ്മകൾ അവരുടെ വാക്കുകളിലേക്ക് പൊടുന്നനേ കയറി വന്നു.
അവർ വിലപിക്കുന്ന പിതാവിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ എന്തൊരു കാപട്യമാണ് ഇതില്‍ നാം കാണുന്നത്. അവർക്ക് ഒരിക്കലും അവരുടെ പിതാവിനോട് സത്യം വെളിപ്പെടുത്താൻ കഴിഞ്ഞില്ല. അവരുടെ സഹോദരന്‍ മരിച്ചിച്ചിട്ടില്ല എന്ന സത്യം പിതാവിനെ യഥാര്‍ത്ഥമായി ആശ്വസിപ്പിച്ചിരിക്കാം. എന്നാല്‍ അവരുടെ രഹസ്യം പുറത്തുവിടാതെ അവർക്ക് അത് ചെയ്യാൻ കഴിയുമായിരുന്നില്ല. നുണകൾ ഒരിക്കലും ദുഃഖിക്കുന്ന ആത്മാവിനെ ആശ്വസിപ്പിക്കാന്‍ ഉതകുകയില്ല.
സഹോദരൻ്റെ വസ്ത്രം ധരിപ്പിച്ച് വർഷങ്ങൾക്ക് മുമ്പ് യാക്കോബ് തൻ്റെ വയോധികനും അന്ധനുമായ പിതാവിനെ വഞ്ചിച്ചു. ഇപ്പോൾ പല നിറങ്ങളിലുള്ള അവൻ്റെ നിലയങ്കി ഉപയോഗിച്ച് ജോസഫ് മരിച്ചുപോയി എന്ന് വരുത്തിതീര്‍ക്കാന്‍ അവൻ്റെ സ്വന്തം മക്കൾ അവനെ വഞ്ചിക്കുന്നു. നാം ആരെയെങ്കിലും വഞ്ചിക്കുമ്പോൾ, അതേ അളവിൽ അത് നമ്മിലേക്ക് മടങ്ങിവരുമെന്ന് നാം ഓർമ്മിക്കുക.
ഈ പ്രതിസന്ധിഘട്ടത്തില്‍ ദൈവം സ്വപ്നങ്ങളിലൂടെ യോസഫിന് നൽകിയ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാതെ യാക്കോബ് നിരാശയുടെ അടിതട്ടിലേക്ക് കൂപ്പുകുത്തി വീണു. നമ്മുടെ ജീവിതത്തിലെ ഇരുണ്ട സമയങ്ങളിൽ, നമുക്ക് ദൈവത്തിൻ്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കാം. സദൃ 14.32 ദുഷ്ടന്നു തന്‍റെ ദുഷ്ടതയാൽ വീഴ്ച വരുന്നു; നീതിമാന്നോ മരണത്തിലും പ്രത്യാശയുണ്ടു.
എല്ലാറ്റിനുമുപരിയായി അവനെയും അവന്‍റെ വാഗ്ദത്തങ്ങളും വിലമതിക്കാൻ കർത്താവ് നമ്മെ സഹായിക്കട്ടെ. ഇതാണ് ഫലപ്രാപ്തിയുടെയും സംതൃപ്തിയുടെയും ഏക വഴി. അവൻ നമ്മോടൊപ്പമുള്ളതിനാൽ നാം ചെയ്യുന്നതെല്ലാം സമൃദ്ധമാകും. ദൈവത്തിന്ന് സ്തോത്രം.



Post a comment