+91 9892580744
gospelbroadcast@yahoo.com

Mar-12-30M-ദൈവത്തിങ്കലേക്ക് മടങ്ങി വരാം

Mar-12-30M-ദൈവത്തിങ്കലേക്ക് മടങ്ങി വരാം

LWGB Malayalam Podcast
LWGB Malayalam Podcast
Mar-12-30M-ദൈവത്തിങ്കലേക്ക് മടങ്ങി വരാം
Loading
/

30M_ദൈവത്തിങ്കലേക്ക് മടങ്ങി വരാം

ഉല്‍പത്തി 35.1-4 അനന്തരം ദൈവം യാക്കോബിനോട്: നീ പുറപ്പെട്ടു ബേഥേലിൽ ചെന്നു പാർക്ക; നിന്‍റെ സഹോദരനായ ഏശാവിന്‍റെ മുമ്പിൽനിന്ന് നീ ഓടിപ്പോകുമ്പോൾ നിനക്കു പ്രത്യക്ഷനായ ദൈവത്തിന് അവിടെ ഒരു യാഗപീഠം ഉണ്ടാക്കുക എന്നു കല്പിച്ചു.
2 അപ്പോൾ യാക്കോബ് തന്‍റെ കുടുംബത്തോടും കൂടെയുള്ള എല്ലാവരോടും: നിങ്ങളുടെ ഇടയിലുള്ള അന്യദേവന്മാരെ നീക്കിക്കളഞ്ഞു നിങ്ങളെ ശുദ്ധീകരിച്ചു വസ്ത്രം മാറുവിൻ.
3 നാം പുറപ്പെട്ടു ബേഥേലിലേക്കു പോക; എന്‍റെ കഷ്ടകാലത്ത് എന്‍റെ പ്രാർഥന കേൾക്കയും ഞാൻ പോയ വഴിയിൽ എന്നോടുകൂടെയിരിക്കയും ചെയ്ത ദൈവത്തിന് ഞാൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കും എന്നു പറഞ്ഞു.
4 അങ്ങനെ അവർ തങ്ങളുടെ പക്കലുള്ള അന്യദേവന്മാരെയൊക്കെയും കാതുകളിലെ കുണുക്കുകളെയും യാക്കോബിന്‍റെ പക്കൽ കൊടുത്തു; യാക്കോബ് അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിൻകീഴിൽ കുഴിച്ചിട്ടു.

സ്വിറ്റ്സര്‍ലാണ്ടിലുള്ള ഒരു ഉള്‍ഗ്രാമത്തില്‍ സ്ഥിതി ചെയ്തിരുന്ന പള്ളിയിൽ ഒരു പ്രത്യേക പൈപ്പ് ഓര്‍ഗന്‍ ഉണ്ടായിരുന്നു. ഈ ഓര്‍ഗനില്‍ നിന്ന് പുറപ്പെടുന്ന ശ്രുതിമധുരമായ ഈണങ്ങൾ കേൾക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്ന് ആളുകൾ എത്തുമായിരുന്നു. കാലപ്പഴക്കം കൊണ്ട് ഈ പൈപ്പ് ഓർഗന്‍ ശരിയായി പ്രവൃത്തിക്കാതെയായി. അത് പൊരുത്തക്കേടിൻ്റെ തെറ്റായ സ്വരങ്ങളും ശബ്ദങ്ങളും പുറപ്പെടുവിക്കുന്നു. ലോകത്തില്‍ അറിയപ്പെടുന്ന അനേക സംഗീതജ്ഞരും വിദഗ്ധരും ഇത് നന്നാക്കാൻ ശ്രമിച്ചിരുന്നു. ആർക്കും അതിന്‍റെ പ്രശ്നം കണ്ടെത്താനായില്ല. ഇത് നിസ്തുല്യമായി നിര്‍മ്മിക്കപ്പെട്ടതായതിനാല്‍ അത് എങ്ങനെ നന്നാക്കാമെന്ന് ആർക്കും അറിയില്ലായിരുന്നു. അതിന്‍റെ പഴയ അവസ്ഥയിലേക്ക് പുനഃസ്ഥാപിക്കുവാന്‍ സാധ്യമല്ലയെന്ന് അവര്‍ വിധിയെഴുതി.
കുറച്ച് കാലത്തിന് ശേഷം ഒരു വൃദ്ധൻ ആ പള്ളി സന്ദർശിച്ചു. “എന്തുകൊണ്ടാണ് പൈപ്പ് ഓര്‍ഗ്ഗന്‍ ഉപയോഗിക്കാത്തത്?” എന്നദ്ദേഹം ചോദിച്ചു.

“ഇത് ശരിയായി പ്രവൃത്തിക്കുന്നില്ല,” എന്ന് അവിടെുള്ളവര്‍ പറഞ്ഞു. ഞാൻ ഒന്ന് ശ്രമിച്ചു നോക്കട്ടെ എന്ന് ആ വയോധികന്‍ പറഞ്ഞു. 2 ദിവസം മിണ്ടാതെ പണിയെടുത്തിന്നു ശേണം താന്‍ ആ ഓര്‍ന്‍ വായിച്ചു തുടങ്ങി. മുമ്പ് കേള്‍ക്കാമായിരുന്ന മനോഹരമായ ഈണങ്ങൾ അതില്‍ നിന്ന് ഒഴുകാൻ തുടങ്ങി. അതെങ്ങനെ ശരിയാക്കിയെന്ന് അവർ ചോദിച്ചു. വൃദ്ധൻ പറഞ്ഞു, “അമ്പത് വർഷം മുമ്പ് ഞാനാണ് ഈ ഓര്‍ഗ്ഗന്‍ ഉണ്ടാക്കിയത് ഇപ്പോൾ ഞാൻ അത് പുനഃസ്ഥാപിച്ചു. ദൈവം സൃഷ്ടിച്ചതിനെ ദൈവത്തിനു മാത്രമേ പൂര്‍ണ്ണരൂപത്തില്‍ പുനസ്ഥാപിക്കുവാന്‍ സാധിക്കയുള്ളൂ.

യാക്കോബിന്‍റെ ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങൾ വിശകലനം ചെയ്യുമ്പോൾ യാക്കോബ് ശെഖേമിനടുത്ത് വളരെ വർഷങ്ങൾ താമസിച്ചു എന്ന് കാണുവാൻ സാധിക്കും. തന്‍റെ ഏക മകളായ ദീനയ്ക്കു വന്നുചേർന്ന ദാരുണമായ സംഭാവത്തോടെയാണ് ഈ കാലഘട്ടം അവസാനിക്കുന്നത്. തന്‍റെ മകളെ ഉടനെ തിരിച്ച് വീട്ടിൽ കൊണ്ടുവരുവാനോ, അവൾക്ക് നീതി നേടിക്കൊടുക്കുവാനോ യാക്കോബ് തുനിഞ്ഞതായി കാണുന്നില്ല. പക്ഷെ ശെഖേമിലെ ആണിനെയൊക്കെയും കൊന്നൊടുക്കിയും സ്ത്രീകളെയും കുഞ്ഞുങ്ങളെയും അടിമകളാക്കിയും കൊണ്ട് യാക്കോബിന്‍റെ മൂത്ത രണ്ടു പുത്രന്മാർ തങ്ങളുടെ സഹോദരിക്കായി പ്രതികാരം ചെയ്തു.

ഇപ്പോള്‍ ആ പട്ടത്തിനടുത്തുള്ള കനാന്യർ, ശേഖേമിനെ ഒന്നടങ്കം സംഹരിച്ചതിന്ന് തന്നോട് പകരം വീട്ടുമോ എന്ന് യാക്കോബ് ഭയപ്പെട്ടു തുടങ്ങി. ഇത്തരുണത്തിലാണ് ദൈവം അവനോടു സംസാരിക്കുന്നത്. ഇത്രയും വർഷങ്ങൾ ദൈവഹിതത്തിൽ നിന്നകന്നു ജീവിക്കയും, വഞ്ചനയുടെയും അനുസരണക്കേടിന്‍റെയും അനന്തരഫലങ്ങൾ അനുഭവിച്ചതിന്ന് ശേഷവും ദൈവം യാക്കോബിനെ വീണ്ടും സന്ദർശിക്കുന്നു. ദൈവ കൃപയുടെ വ്യക്തമായ പ്രദര്ശനമാണിത്.

പദ്ദൻ-ആരാമിലേക്കുള്ള യാത്രക്കിടയിൽ അവനോടു ചെയ്ത നേര്‍ച്ച ദൈവം യാക്കോബിനെ വീണ്ടും ഓർപ്പിക്കുന്നു. അവൻ അന്ന് ഒരു സ്വപ്നത്തിൽ ദൈവത്തെ കാണുകയും ലാബാന്‍റെ വീട്ടിലേക്ക് അവനെ കൊണ്ടുപോകുകയും അവിടെനിന്നു തിരിച്ചു കൊണ്ടുവരികയും ചെയ്യും എന്നുമുള്ള ദൈവ വാഗ്ദത്തം ദൈവത്തില്‍ നിന്ന് അവനു ലഭിക്കുകയും ചെയ്തിരുന്നു. ഇത് സംഭവിച്ചു കഴിയുമ്പോൾ താൻ സ്വപ്നം കണ്ട അതേ സ്ഥലത്തു ദൈവത്തെ ആരാധിക്കുമെന്നു യാക്കോബ് ദൈവത്തോട് നേര്ച്ച നേർന്നിരുന്നു.

ദൈവം തന്‍റെ വാഗ്ദത്തങ്ങളെ ഒരിക്കലും ലഘുവായി കാണുന്നില്ല. അവൻ തന്‍റെ പ്രതിജ്ഞകൾ നിറവേറ്റുന്നവനാണ് . ദൈവസ്വരൂപത്തിൽ നിർമിക്കപ്പെട്ട നാമും നമ്മുടെ വാക്കുകളും പ്രതിജ്ഞകളും അത്പോലെ തന്നെ ഗൗരവമായി എടുക്കുന്നവരാകണം എന്ന് ദൈവം ആഗ്രഹിക്കുന്നു. എങ്കിലും നമ്മുടെ പൊള്ളയായതും, ബാഹ്യമായ മതാചാരങ്ങളിലും, പിതൃപാരമ്പര്യങ്ങളിലും മാത്രം ഒതുങ്ങുന്ന വാക്കുകളില്‍ ദൈവം സംതൃപ്തനാവില്ല. യാക്കോബ് തന്‍റെ നേര്‍ച്ച നിറവേറ്റണം എന്നത് അനിവാര്യമാണ് എന്നാല്‍ അത് അർത്ഥമില്ലാതെ ചില മതാചാരങ്ങൾ മാത്രമായി ചുരുക്കുവാന്‍ ദൈവം ആഗ്രഹിച്ചിരുന്നില്ല. നമ്മുടെ അന്തരംഗത്തിലെ സത്യമാണ് ദൈവം ഇച്ഛിക്കുന്നത് എന്നാണിത് വ്യക്തമാക്കുന്നത്.

ദൈവവുമായുള്ള തന്‍റെ അറ്റുപോയ ബന്ധം പുനഃസ്ഥാപിക്കണം എന്നതാണ് ദൈവത്തിന്‍റെ താത്പര്യം എന്ന് യാക്കോബ് മനസിലാക്കി. താൻ വീണ്ടും ഒന്നിൽ നിന്ന് ആരംഭിക്കേണമായിരുന്നു. നവീകരിക്കപ്പെട്ട അനുസരണത്തിനായുള്ള യാക്കോബിന്‍റെ നിശ്ചയം വ്യക്തമാക്കുന്നതാണ് താൻ തന്‍റെ കുടുംബാങ്ങങ്ങൾക്കു നൽകിയ നിർദേശങ്ങൾ. സ്വയത്തിൽനിന്നും തന്‍റെ ആരാധനാപാത്രങ്ങളിൽ നിന്നും മുക്തി നേടുവാൻ യാക്കോബ് ആഗ്രഹിച്ചു. ദൈവമല്ലാതെ മറ്റൊന്നിലും ആശ്രയിക്കാൻ അവൻ താത്പര്യപ്പെട്ടില്ല. ബാഹ്യമായും ആന്തരികമായുമുള്ള ഒരു ശുദ്ധീകരണത്തിന്‍റെയും ഹൃദയപരിവർത്തനത്തിന്‍റെയും ഒരു ദിവസമായിരുന്നു അത് എന്നാണ് താനെടുത്ത തീരുമാനങ്ങളില്‍ തെളിഞ്ഞു നില്‍ക്കുന്നത്.

പുറമെയുള്ള പ്രകടനങ്ങളും ക്രിയകളും അകമേയുള്ള യാഥാർഥ്യങ്ങളുടെ പ്രതിബിംബമാണെങ്കിലും അവ മനപരിവർത്തനത്തിനു പകരമാകുന്നില്ല. ക്രിസ്തീയ സ്നാനവും, ദൈവമുമ്പാകെ കുമ്പിടുന്നതും, മുട്ടുമടക്കുന്നതും വിശുദ്ധകരങ്ങളെ ഉയർത്തുന്നതും, മൂപ്പന്മാരുടെ കൈവെപ്പും ഒക്കെ ഈ അര്‍ത്ഥത്തിലാണ് പ്രാധാന്യമുള്ളതാകുന്നത്. വിശ്വാസനിര്ഭരമായതും, അനുസരണബദ്ധമായതുമായ ഒരു ഹൃദയത്തിന്‍റെ പ്രതികരണമാണ് ഇവയെങ്കിൽ ഈ പ്രവൃത്തികൾ അര്ഥമുള്ളവയാണ്. വിശ്വാസികൾ ഇവയെ അവഗണിച്ചുകൂടാ. മറിച്ചു വിശ്വാസമില്ലാത്ത ഹൃദയത്തിൽനിന്നുള്ള പ്രവർത്തികൾ അര്ഥശൂന്യവും, ശക്തിയില്ലാത്തതുമാണ് .

ദൈവീക വെളിപ്പാടിനോടുള്ള അനുസരണത്തിലാണ് യാക്കോബ് ബെഥേലിലേക്ക് പോയത്. ദൈവീക വെളിപ്പാടുകളുടെ ഏക അടിസ്ഥാനത്തിലാകണം നമ്മുടെ ചിന്തകളും പ്രവൃത്തികളും മുൻപോട്ടു നീങ്ങേണ്ടത്. ദാവീദ് ദൈവത്തിന്‍റെ പെട്ടകം യെരൂശലേമിലേക്കു കൊണ്ടുവന്നത് ഓർക്കുക. തനിക്ക് തീക്ഷ്ണതയുണ്ടായിരുന്നു എങ്കിലും ദൈവത്തിന്‍റെ നിർദേശങ്ങളെ മറന്നുകളഞ്ഞതായി നാം കാണുന്നു. ഇത് ഉസയുടെ മരണത്തിൽ കലാശിച്ചു.
തന്‍റെ ജനത്തിന്‍റെ മദ്ധ്യേ വസിച്ച ദൈവത്തിന്‍റെ നീതിയുടെയും, വിശുദ്ധിയുടെയും പ്രതീകമായിരുന്നു ആ പെട്ടകം. നമ്മുടെ കർത്താവ് തന്‍റെ മരണപുനരുദ്ധാനങ്ങൾ മുഖാന്തിരം നമ്മുടെ പാപങ്ങൾക്ക് തന്‍റെ ജഡത്തിൽ ന്യായം വിധിക്കുകയും നമുക്ക് നീതീകരണത്തിലൂടെ പുതുജീവൻ നൽകുകയും ചെയ്തതിൽലൂടെ മനുഷ്യരോടൊപ്പമുള്ള ദൈവത്തിന്‍റെ വാസം അവന്‍ സാധ്യമാക്കി. പഴയനിയമകാലത്ത് മഹാപുരോഹിതൻ ആണ്ടിലൊരിക്കൽ യാഗരക്തവുമായി അതിപരിശുദ്ധസ്ഥലത്തേക്ക് പ്രവേശിക്കുന്നത് ഇതിന്‍റെ നിഴലായിരുന്നു. ദൈവസാന്നിധ്യത്തെ അവഗണിക്കാനോ ചെറുതായി കാണാനോ ആർക്കും കഴിയുകയില്ല. അവൻ നമ്മുടെ രക്ഷിതാവും വീണ്ടെടുപ്പുകാരനും ആയിരിക്കെത്തന്നെ ഏല്ലാ അശുദ്ധിയേയും ദഹിപ്പിക്കുന്ന അഗ്നിയുമാണ്. ദൈവഹിതത്തെക്കുറിച്ചുള്ള വ്യക്തമായ അറിവില്ലാത്ത ആവേശവും തീക്ഷ്ണതയും ദൈവത്തിനു സ്വീകാര്യമല്ല എന്ന് ദാവീദിന് പിന്നീടുള്ള ആത്മപരിശോധനയിൽ മനസ്സിലായി.

ദൈവിക ദര്‍ശനത്തോട് യാക്കോബ് അനുസരണക്കേടു കാട്ടിയില്ല. തീരുമാനശേഷി ഇല്ലാത്തവനായോ അശക്തനായൊ അല്ല നാം ഈ അധ്യായത്തിൽ യാക്കോബിനെ കാണുന്നത്. ലക്ഷ്യബോധത്തോടെയും ഉറപ്പോടെയും നീങ്ങുന്ന ഒരു വ്യക്തിയെയാണ് നമുക്കിവിടെ കാണാൻ കഴിയുന്നത്. ഇതാണ് നമ്മുടെ പിഴവുകൾ നീക്കി ദൈവത്തോട് അടുക്കാൻ നാം തീരുമാനിക്കുമ്പോൾ സംഭവിക്കുന്നത്. അനിവാര്യമായ കാര്യങ്ങൾ ചെയ്യാനും നമ്മുടെ സ്വാധീനവലയത്തിലുള്ളവരെ അഭ്യസിപ്പിക്കാനും ഉള്ള ധൈര്യവും അധികാരവും നമുക്ക് ഇതിനാല്‍ ലഭിക്കുന്നു. തന്‍റെ ഭവനത്തിൽ അന്യദേവന്മാരുടെ വിഗ്രഹങ്ങൾ ഉണ്ടെന്നു യാക്കോബിന്‌ അറിയാമായിരുന്നു. കഷ്ടതയും അപമാനവും അവനെ വീണ്ടും സുബോധത്തിലേക്കു നയിച്ചപ്പോൾ ദൈവവചനപ്രകാരം അവൻ തന്‍റെ കുടുംബത്തിനു നിർദേശങ്ങൾ നൽകുകയും അവർ അത് അനുസരിക്കുകയും ചെയ്തു. തങ്ങളുടെ അധികാരപരിധിയിലുള്ളവരോട് നിർദേശങ്ങൾ നൽകാനുള്ള അധികാരത്തിന്‍റെ ആധാരം ദൈവഹിതം മാത്രമാണ്. സ്വന്ത ഇഷ്ടപ്രകാരം ആരെയും അനുസരിപ്പിക്കാനുള്ള അധികാരം ആർക്കും ദൈവം നൽകിയിട്ടില്ല.

സ്വയാശ്രയത്തിലും ചതിയിലും സ്വാഭാവികമായി ജീവിച്ചിരുന്ന കാലത് യാക്കോബിന്‍റെ കുടുംബം അവനെ വകവെച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ദൈവത്തെ പൂർണമായി അനുസരിക്കാൻ യാക്കോബ് തീരുമാനിച്ചപ്പോൾ അവന്‍റെ കുടുംബം അവനെ പിന്‍പറ്റുവാൻ ആരംഭിച്ചു. തങ്ങളുടെ വിഗ്രഹങ്ങളെ അവർ യാക്കോബിന്‌ കൊടുത്തു. അവൻ അവയെ ശെഖേമിനരികെയുള്ള കരുവേലകത്തിനു കീഴെ കുഴിച്ചിട്ടു. പുതിയ ആരംഭങ്ങൾക്ക് മുന്നോടിയായി ചില കടുത്ത തീരുമാനങ്ങൾ വേണ്ടി വന്നേക്കാം. “പിന്നെ അവർ യാത്ര പുറപ്പെട്ടു” എന്ന വാക്കുകൾ ഈ പശ്ചാത്തലത്തിൽ വളരെ പ്രധാനമാണ്. ദൈവവീക്ഷണത്തിൽ കാര്യങ്ങളെ കാണുവാൻ ഒടുവിൽ യാക്കോബിന് സാധിച്ചു. ബെഥേലിലേക്കുള്ള യാത്രക്ക് മുമ്പേ പാപം നീക്കപ്പെടുകയും ദൈവവുമായുള്ള ബന്ധം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്തു. ദൈവത്തെപ്പറ്റിയുള്ള ഭീതി കനാന്യരുടെമേൽ വീണു. അതിനാൽ അവർ യാക്കോബിനെ പിന്തുടർന്നില്ല .

ഈ അധ്യായത്തിൽ യാക്കോബ് തനിക്ക് പ്രിയപ്പെട്ട മൂന്നു പേരെ അടക്കം ചെയ്തതായി നാം കാണുന്നു.ഇതിൽ ഒന്നാമത്തേത് തന്‍റെ അമ്മ റിബേക്കായുടെ ധാത്രിയായിരുന്ന ദെബോര ആയിരുന്നു. ഈ പ്രിയപ്പെട്ടവൾ ആ സമയത്ത് വളരെ വാര്‍ദ്ധ്യക്യത്തിലായിരുന്നിരിക്കാം. യാക്കോബിനെ ചെറുപ്പത്തിൽ അവർ ശുശ്രൂഷിച്ചിരുന്നിരിക്കാം. ഇപ്പോൾ ദെബോര യാക്കോബിന്‍റെ സംരക്ഷണയിൽ ആയിരുന്നു. നമ്മുടെ കുടുംബങ്ങളിലെ മുതിർന്നവരെയും സഹായം ആവശ്യമുള്ളവരെയും നമുക്ക് സദയം പരിചരിക്കാം.

റാഹേലും ഈ യാത്രയിലാണ് മരിക്കുന്നത്. യാക്കോബ് അവളെയാണ് ആദ്യം സ്നേഹിച്ചത്. എന്നിട്ടും അവൾക്ക് ഒരുപാട് ദുഃഖങ്ങളിലൂടെ കടന്നു പോകേണ്ടതായി വന്നു. യാക്കോബിന്‌ അവളെ ഏതാണ്ട് നഷ്ടമായതായിരുന്നു. തന്‍റെ സഹോദരിയാൽ അവൾ വെറുക്കപ്പെട്ടിരുന്നു. ദീർഘ വർഷങ്ങൾ തനിക്ക് മക്കൾ ഇല്ലായിരുന്നു. തന്‍റെ പിതാവിന്‍റെ ഗൃഹബിംബങ്ങളെ അവൾ താലോലിച്ചിരുന്നു. അവയെ അവൾ മോഷ്ടിക്കുകയും അതിനെപ്പറ്റി കളവു പറയുകയും ചെയ്തു. പക്ഷെ ഒടുവിൽ അവൾ അവയെ കുഴിച്ചിടുവാനായി തന്‍റെ ഭര്‍ത്താവിന് ഏല്പിച്ചുകൊടുത്തു. യിസ്രായേലിന്‍റെ ഈ മാതാവിനെ അവളുടെ അനുതാപത്തിലും മരണത്തിൽ അവൾ വരിച്ച വിജയത്തിലും നമുക്ക് മാതൃകയാക്കാം. അവൾ വളരെ വേദനയിൽ ഒരു മകനെ പ്രസവിച്ചപ്പോഴും ആ വേദന ലോകത്തിനു ഒരു അനുഗ്രഹമായി തീർന്നു. ഈ ബെന്യാമീന്‍റെ ഗോത്രത്തിലാണ് പിന്നീട് അപ്പോസ്തോലനായ പൗലോസ് ജനിക്കുന്നത്. നമ്മുടെ ഭൗതീകമായ ആശകളുടേയും സന്തോഷങ്ങളുടെയും മരണത്തിൽനിന്നു ദൈവം കൊണ്ടുവരുന്ന ശാശ്വതമായ ലാഭം നമുക്ക് വിശ്വാസ കണ്ണുകളാൽ കാണാം.

യിസഹാക്കാണ് യാക്കോബ് അടക്കിയ മൂന്നാമത്തെ വ്യക്തി. തന്‍റെ പിതാവ് മരിച്ചപ്പോൾ യാക്കോബിന്‌ 115 വയസ്സും തന്‍റെ മകനായ യോസേഫിനു 24 വയസ്സും ആയിരുന്നു. ഈ സമയത്തിന് മുമ്പേ തന്നെ യോസേഫ് മിസ്രയീമിലേക്ക് അടിമയായി വില്‍ക്കപ്പെട്ടിരുന്നു. യാക്കോബിന്‍റെ മൂത്തപുത്രന്മാർ 30 നും 37 നും മദ്ധ്യേ പ്രായമുള്ളവർ ആയിരുന്നിരിക്കണം. യിസഹാക്ക് തന്‍റെ കൊച്ചുമക്കളെയും കണ്ടിട്ടുണ്ടാവണം. യോസേഫിനെ നഷ്ടപ്പെട്ടപ്പോൾ യാക്കോബിനുണ്ടായ സങ്കടവും യിസഹാക്ക് കണ്ടിട്ടുണ്ടാവും. എങ്കിലും യിസഹാക്ക് പ്രത്യാശയോടെ മരിച്ചു തന്‍റെ പിതാക്കന്മാരോടു ചേർന്നു .

ഒരുപക്ഷെ യോസേഫ് മിസ്രയീമിലേക്ക് വില്‍ക്കപ്പെടുന്നതിനു മുമ്പേ തന്നെ തന്‍റെ പിതാവിന്‍റെയും പിതാമഹന്‍റെയും ദൈവത്തെ അറിയുന്നത് ഈ കാലയളവിൽ ആയിരിക്കും. തനിക്ക് നേരിട്ട എല്ലാ പരിശോധനകളിലും യോസേഫ് കാണിച്ച ദൈവത്തിന്‍റെ പരമാധികാരത്തിലും നന്മയിലുമുള്ള വിശ്വാസത്തിന്‍റെ ആധാരം ഇതായിരിക്കാം. നാളെ എന്താണ് സംഭവിക്കാനുള്ളത് എന്ന് നമുക്ക് അറിയാത്തതുകൊണ്ട് ഇന്ന് ലഭിക്കുന്ന അവസരങ്ങൾ കൊണ്ട് ദൈവത്തെ അറിയുവാൻ നമുക്ക് ശ്രമിക്കാം. ഭാവിയിലെ കഷ്ടങ്ങൾ കൊണ്ട് നാം തളർന്നുപോകാതിരിക്കാനായിരിക്കാം ഈ അവസരങ്ങൾ നമുക്ക് ദൈവം നൽകുന്നത്. അങ്ങനെ ദൈവത്തിന്‍റെ നല്ല ദാസീ ദാസന്മാരായി ഈ ലോകത്തില്‍ ജീവിക്കുവാന്‍ നമുക്ക് തീരുമാനമെടുക്കാം. ദൈവത്തിന്ന് സ്തോത്രം.

Post a comment