28M_ജഡികനായ വിശ്വാസി
ഉല്‍പത്തി 33. 1- 4 അനന്തരം യാക്കോബ് തല പൊക്കി നോക്കി, ഏശാവും അവനോടുകൂടെ നാനൂറ് ആളും വരുന്നതു കണ്ടു; തന്‍റെ മക്കളെ ലേയായുടെ അടുക്കലും റാഹേലിന്‍റെ അടുക്കലും രണ്ടു ദാസിമാരുടെ അടുക്കലും വിഭാഗിച്ചു നിർത്തി.
2 അവൻ ദാസിമാരെയും അവരുടെ മക്കളെയും മുമ്പായും ലേയായെയും അവളുടെ മക്കളെയും പിന്നാലെയും റാഹേലിനെയും യോസേഫിനെയും ഒടുക്കമായും നിർത്തി.
3 അവൻ അവർക്കു മുമ്പായി കടന്ന് ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ട് തന്‍റെ സഹോദരനോട് അടുത്തുചെന്നു.
4 ഏശാവ് ഓടിവന്ന് അവനെ എതിരേറ്റ്, ആലിംഗനം ചെയ്തു; അവന്‍റെ കഴുത്തിൽ വീണ് അവനെ ചുംബിച്ചു, രണ്ടുപേരും കരഞ്ഞു.
ഒരു പൂന്തോട്ട നനയ്ക്കുനുപയോകിക്കുന്ന ഹോസ് കെട്ടുപിണഞ്ഞു വെയിലത്ത് കിടക്കുന്നതായി സങ്കൽപ്പിക്കുക. വെള്ളം കൊണ്ടുപോകുന്നതിനും സസ്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായി ഇത് രൂപകൽപ്പന ചെയ്‌തതായിരുന്നു, എന്നിട്ടും അത് ഇപ്പോള്‍ ഉപയോഗശൂന്യമായി കുടുങ്ങിക്കിടക്കുകയാണ്. ചെടികള്‍ക്ക് ജീവനും, ചൈതന്യവും നൽകുവാനുള്ള കഴിവതിനുണ്ടെങ്കിലും, അത് വരണ്ടതും ഫലപ്രദമല്ലാത്തതുമായി കിടക്കുന്നു. എന്നാലതിന്‍റെ കെട്ടുകളഴിച്ച്, നേരെയാക്കിയാല്‍ തടസ്സങ്ങളില്ലാതെ വെള്ളം അതിലൂടെ കടന്നു പോവുകയും അതു വളരെ ഫലപ്രദമായി ഉപയോഗിക്കാവുന്നതാണ്. അതുപോലെ, ജഡത്തെ അനുസരിച്ച് ജീവിക്കുന്ന വിശ്വാസിക്ക്, ആത്മീയ വളർച്ചയ്ക്കും ഫലഭൂയിഷ്ഠതയ്ക്കും ഉള്ള കഴിവ് ഉണ്ടായിരിക്കാം, എന്നാൽ അവഗണനയോ ലൗകിക കാര്യങ്ങളിൽ കുടുങ്ങിപ്പോയതോ കാരണം, തന്‍റെ ജീവിതത്തേ കുറിച്ചുള്ള ദൈവിക ഉദ്ദേശ്യം നിറവേറ്റുന്നതിൽ പരാജയപ്പെടുന്നു.
അത്യുന്നതനായ ദൈവത്തിന്‍റെ ദൂതനെ കാണുകയും അവനോട് മല്ലുപിടിക്കുകയും ദൈവശക്തിക്കു മുമ്പിൽ കീഴടങ്ങിയതിലൂടെ വിജയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു യാക്കോബ്. ബലഹീനന്‍ ആയിരുന്നപ്പോഴും ദൈവമുമ്പാകെ നല്ല മനഃസാക്ഷിയോടെ ദൈവിക അനുഗ്രഹം ലഭിക്കുന്നതുവരെ അവൻ ദൂതനെ വിടാതെ മുറുകെപ്പിടിച്ചു. ദൈവകൃപ അല്ലാതെ മറ്റൊരു അടിസ്ഥാനം നമുക്കില്ല. ദൈവം നമ്മെ തിരഞ്ഞെടുക്കുകയും, അനുഗ്രഹിക്കുകയും, പാലിക്കുകയും വിടുവിക്കുകയും നമ്മളുടെ ജീവിതങ്ങളിൽ തന്‍റെ ഹിതവും പദ്ധതികളും തുടർച്ചയായി നിറവേറ്റുകയും ചെയ്യുന്നു എന്ന് നാം അടിസ്ഥാനപരമായി അറിയുന്നത് ഈ കൃപയിലൂടെയാണ്. ആ ദൈവകൃപയെ സ്വായത്തമാക്കുവാന്‍ തന്നെത്താന്‍ താഴ്ത്തുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല. നമ്മെ അപ്രാപ്തരാക്കിയ ആ കണ്ണുനീരിന്‍റെ അനുഭവത്തിലൂടെ നാം കടക്കുമ്പോഴും നമുക്കാവശ്യമുള്ള എല്ലാറ്റിന്‍റെയും ഉറവിടം ദൈവമാണെന്നു നമുക്ക് ഉറച്ചു വിശ്വസിക്കാം. ദൈവം അവനെ മുടന്തനാക്കിയതിനാൽ, ഏശാവ് തന്നെ ആക്രമിച്ചാൽ തനിക്ക് ഓടി രക്ഷപ്പെടുവാന്‍ കഴികയില്ലെന്ന് അവൻ മനസ്സിലാക്കി. ഇപ്പോള്‍ അവന്‍ ദൈവിക സംരക്ഷണത്തിൽ പൂർണമായി ആശ്രയിച്ചേ മതിയാകൂ. നാം അവനിലേക്ക് മാത്രം ചായുവാനായിരിക്കാം പലപ്പോഴും ദൈവം നമ്മെ ബലഹീനരാക്കുന്നത്.
വളർച്ചക്ക് സമയം ഒഴിച്ചുകൂടാനാവാത്തതാണ്. പെനിയേലിലെ സംഭവത്തിന് ശേഷവും ഏശാവിനെ ഉള്ളിൽ ഭയന്നിരുന്ന യാക്കോബ് സ്വയരക്ഷക്കായി മാനുഷികമായ ഇതരമാര്ഗങ്ങളിലേക്കു തിരിഞ്ഞതായി നാം കാണുന്നു. ദൈവം ലേയയെ അനുഗ്രഹിച്ചു എന്ന് സ്പഷ്ടമായി അറിഞ്ഞിട്ടും, യാക്കോബ് റാഹേലിനെ അധികം സ്നേഹിച്ചു. വളരെ വിരളമായേ നമ്മുടെ ജീവിതങ്ങളില്‍ പൊടുന്നനേയുള്ള മാറ്റങ്ങൾ സംഭവിക്കാറുള്ളൂ. ഇതൊക്കെയായിട്ടും യാക്കോബിന്‍റെ അവിശ്വാസത്തിൽ നീരസപ്പെടാതെ ദൈവം അവനോടു ദീർഘക്ഷമ കാണിച്ചു. ഒരുവശത്ത് ദൈവത്തിൽ നിന്നുള്ള ഒരു സന്ദർശനമോ ദൈവസാന്നിദ്ധ്യത്തിന്‍റെ പ്രത്യക്ഷപ്രകടനമോ വലിയ അനുഗ്രഹം ആയിരിക്കുമ്പോൾ തന്നെ അവയുടെ വെളിച്ചത്തിൽ ജീവിക്കുക എന്നത് വളരെ പ്രാധാന്യമുള്ള വസ്തുതയാണ് എന്ന് A W Pink എന്ന ദൈവഭക്തന്‍ എഴുതിയിട്ടുണ്ട് .
യാക്കോബിന്‍റെ ജീവിത്തില്‍ കാണുന്ന ഈ ബലഹീനത നമ്മുടെയും, നമ്മുടെ സഹവിശ്വാസികളുടെയും ജീവിത്തില്‍ കണ്ടെന്നു വരാം. നമ്മുടെ സഹോദരങ്ങളോട് അവരുടെ ദുർബല അവസ്ഥകളിൽ ക്ഷമയോടും സഹതാപത്തോടും ഇടപെടുവാൻ ദൈവം സഹായിക്കട്ടെ. ചുറ്റുമുള്ളവർ ദൈവത്തെ പഴിച്ചപ്പോഴും ക്രിസ്തു അതെല്ലാം സഹിക്കുകയും, തന്നെയും ആളുകൾ നിന്ദിക്കും എന്നറിഞ്ഞിട്ടും ദൈവേഷ്ടം അനുസരിച്ചു വർത്തിക്കുവാൻ സ്വമേധയാ തീരുമാനിക്കുകയും ചെയ്തു. റോമർ 15 :3 3 “നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേൽ വീണു” എന്നു എഴുതിയിരിക്കുന്നുതു പോലെ ക്രിസ്തുവും തന്നിൽ തന്നേ പ്രസാദിച്ചില്ല.. ദൈവ മാതൃക പിൻപറ്റുന്ന നമുക്കെങ്ങനെ അപ്പോൾ സ്വയതാല്പര്യങ്ങളിൽ മുഴുകുവാൻ കഴിയും? അശക്തരായ സഹോദരങ്ങളുടെ നന്മക്കും ഗുണീകരണത്തിനുമായി അവരുടെ ബലഹീനതകൾ ചുമക്കുക എന്നത് നമ്മുടെ കടമയും പ്രത്യേക അവകാശവുമാണ്. യാക്കോബിന്‍റെ പരാജയങ്ങൾക്കുപരിയായി അവന്‍റെ ജീവിതകാലം മുഴുവൻ ദൈവം അവനെ സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. മറ്റുള്ളവരോടുള്ള നിരുപാധികമായ സ്നേഹത്തിൽ നാമും വളർന്നുവരേണ്ടതാണ്. ഏശാവിനോട് രമ്യതപ്പെട്ടെങ്കിലും അവനോടുള്ള യാക്കോബിന്‍റെ ഇടപാടുകളിൽ തന്‍റെ വിശ്വാസത്തിനു വിരുദ്ധമായ ചില കാര്യങ്ങൾ നാം കാണുന്നുണ്ട്.
യാക്കോബ് രക്ഷക്കായി തന്‍റെ പഴയ പദ്ധതി തുടരുന്നതായി നാം കാണുന്നു. ഏശാവ് ആക്രമിച്ചാൽ രണ്ടിൽ ഒരു കൂട്ടർക്ക് രക്ഷപെടാം എന്ന് കണക്ക് കൂട്ടി തന്‍റെ കുടുംബത്തെ രണ്ടായി തിരിച്ചു. ദൈവം അവനോടു കൂടെ ഇരിക്കും എന്ന് ദൈവം കൊടുത്ത ഉറപ്പ് യാക്കോബിന് അറിയാം. ലാബാനോടുള്ള ബന്ധത്തിൽ ആ വാഗ്ദത്തം നിറവേറ്റപ്പെടുന്നത് അവൻ സാക്ഷ്യം വഹിച്ചതുമാണ്. ദൈവം തന്നെ അവനുവേണ്ടി ഇടപ്പെട്ടിരുന്നു. മഹാനയീമിൽ വെച്ച് ദൈവദൂതന്മാർ അവനെ എതിരേറ്റു എന്നും നാം കാണുന്നു. എന്നിരുന്നാലും ലൗകീക കാര്യങ്ങളിലും, സ്വന്ത കൗശലത്തിലും, പദ്ധതികളിലും ആയിരുന്നു അവന്‍റെ വിശ്വാസം. ഇന്നലെകളിൽ നമ്മുടെ ജീവിതത്തിൽ ഉണ്ടായ ദൈവീക ഇടപെടലുകൾ പലതും നാം നമ്മുടെ ദൈനംദിന ജീവതത്തില്‍ മറന്നു പോകുന്നു. ജീവിതത്തിന്‍റെ നിർണായക നിമിഷങ്ങളിൽ ദൈവം ചെയ്ത ഉൽകൃഷ്ടമായ വാഗ്ദത്തങ്ങളിൽ വിശ്വസിക്കാൻ നമുക്ക് കഴിയാതെ പോകുന്നു.
അനാവശ്യമായി യാക്കോബ് ഭീതിയിലേക്ക് കൂപ്പുകുത്തി. ഏശാവ് വന്നത് സമാധാനത്തിലും സഹായിക്കാനുള്ള താത്പര്യത്തോടെയുമാണെന്നുള്ളത് വ്യക്തമാണ്. നമ്മുടെ മുമ്പിൽ രണ്ടു വഴികളാണുള്ളത്: ഒന്നുകിൽ ദൈവത്തിൽ വിശ്വസിച്ച് അവനിൽ വിശ്രമിക്കുന്നത്തിലൂടെ വാഗ്ദത്തനിവർത്തി പ്രാപിക്കുക, അല്ലെങ്കിൽ ഭയത്തോടെ വിശ്വസിച്ചു വാഗ്ദത്ത നിവർത്തി കാണുക. ഏതു വഴി നാം തിരഞ്ഞെടുത്താലും നമ്മളുടെ വിശ്വാസത്തിന്‍റെ ആധാരത്തിൽ ദൈവം തന്‍റെ വാഗ്ദത്തം നിറവേറ്റും. പക്ഷെ നമ്മളുടെ തീരുമാനം അനുസരിച്ച് നാം കടന്നു പോകുന്ന ജീവിതാനുഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കും. ഭയവും, ആകുലതയും നമ്മുടെ സന്തോഷവും, സമാധാനവും മോഷ്ടിച്ചെന്ന് വന്നേക്കാം.
ദൈവത്തിന്‍റെ പ്രഭു ആയിരുന്നിട്ടും ഏശാവിന്‍റെ മുമ്പാകെ 7 തവണ കുമ്പിടുന്നതിലൂടെ യാക്കോബ് ദൈവത്തെ പൂർണമായി വിശ്വസിക്കുന്നില്ല എന്ന് സ്പഷ്ടമാകുന്നു. ദൈവത്തിന്‍റെ വചങ്ങൾക്കു മുമ്പിൽ വിറക്കുന്ന ഒരുവന്‍ ബഹുമാന സൂചകമായി മറ്റുള്ളവരുടെ മുമ്പില്‍ കുമ്പിട്ടെന്നു വരാം, എന്നാല്‍ ഭയത്തിലും, ഭീതിയിലും ആരുടെ മുമ്പിലും അവന്‍ തല കുനിക്കേണ്ടതില്ല.
ഏശാവിനോട് പണ്ട് കൗശലത്തിലൂടെയും വഞ്ചനയിലൂടെയും പെരുമാറിയത് ഏറ്റുപറയുന്നതിനുപകരം അവനെ യജമാനനെ എന്ന് വിളിച്ച് അവന്‍റെ ദാസനായി തന്നെത്താൻ കാണിച്ച് അവന്‍റെ മതിപ്പ് പിടിച്ചുപറ്റാനും സമ്മാനങ്ങൾ നൽകി അവന്‍റെ പ്രീതി വിലക്കുവാങ്ങാനും യാക്കോബ് ശ്രമിക്കുന്നതായി നമുക്കീ ഭാഗത്തു കാണാം. ഒരു ജഡീകൻ തന്‍റെ തെറ്റുകൾ ശരിയാക്കുന്നതിനു പകരം വിവിധ ഉപായങ്ങളാൽ മറ്റുള്ളവരെ സ്വാധീനിക്കുവാൻ ശ്രമിക്കും. കപടമായ വിനയം , ശക്തിസ്വാധീനങ്ങൾ , പണം മുതലായ ജഡീക ആയുധങ്ങളാൽ മറ്റുള്ളവരോട് സമാധാനമുണ്ടാക്കുകയല്ല, മറിച്ച് നാം നമ്മുടെ പാപങ്ങളെ നേരിടുവാനും, അവ ഏറ്റുപറഞ്ഞു അതില്‍ നിന്ന് മോചനം നേടുവാനുമാണ് ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്.
നിന്‍റെ മുഖം ഞാൻ ദൈവമുഖം പോലെ കാണുന്നു എന്ന് യാക്കോബ് പറയുമ്പോൾ അവനിലെ കാപട്യവും മുഖസ്ഥിതിയുടെ സ്വഭാവവും വെളിപ്പെട്ടുവരുന്നു. വാസ്തവത്തിൽ അവൻ ഏശാവിന്‍റെ മുഖം ദൈവമുഖം പോലെ കണ്ടിരുന്നെങ്കിൽ അവൻ എന്തിനാണ് ഭയപ്പെട്ടത് എന്തിനാണ് ഏശാവിൽ നിന്ന് ഓടി ഒളിക്കാൻ ശ്രമിച്ചത്. തന്‍റെ സഹോദരനെ ഇണക്കിയെടുക്കാനുള്ള പൊള്ളയായ വാക്കുകളായിരുന്നു അവ. നമ്മുടെ ചിന്തകൾക്ക് മറയാവേണ്ടവയല്ല നമ്മുടെ വാക്കുകൾ, മറിച്ച് അവ നമ്മുടെ ഹൃദയത്തിന്‍റെ പ്രകടനങ്ങളാകണം. നമ്മുടെ വാക്കുകളാൽ നാം നീതീകരിക്കപ്പെടുകയും നമ്മുടെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും എന്നുള്ള കർത്താവിന്‍റെ വാക്കുകൾ നാം ഓർക്കുക.
ഏശാവിൽ നിന്ന് രക്ഷാപെടുവാൻ അവൻ കള്ളം പറയുന്നു. തന്‍റെ പിതാവിന്‍റെ ഭവനത്തിൽ പോകുവാനുള്ള ദൈവകല്‍പനയെ ഏശാവിനോട് പങ്കുവെക്കുന്നതിൽ നിന്ന് അവന്‍റെ ജീവിത്തില്‍ ഏറ്റുപറയാത്ത പാപങ്ങൾ അവനെ തടുക്കുന്നു. ദൈവവുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് സംസാരിക്കുവാൻ അവനു ഒരുപക്ഷെ ലജ്ജ തോന്നിയിരുന്നിരിക്കാം. നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും നമ്മുടെ ദൈവത്തെ വെളിപ്പെടുത്തുന്നതിനു തടസ്സമാണ് നമ്മിലെ പാപം. ദൈവത്തിൽ വിശ്വസിച്ച് സത്യം പറയുന്നതിന് പകരം തന്‍റെ ലോകജ്ഞാനപ്രകാരം യാക്കോബ് കള്ളം പറയുന്നതായി നാം കാണുന്നു.
കനാനിലേക്ക് പോവുക എന്ന ദൈവേഷ്ടത്തിന്ന് വിരുദ്ധമായി അവൻ ശെഖേമിൽ വെച്ച് തന്‍റെ യാത്ര അവസാനിപ്പിക്കുന്നു. അപൂര്‍ണ്ണവും ഉദാസീനവുമായ സ്നേഹത്തിന്‍റെ ലക്ഷണങ്ങളാണ് മന്ദഗതിയിലുള്ളതും ഭാഗീയകവുമായ അനുസരണം.
യാക്കോബ് ശേഖേമില്‍ തനിക്കായി ഒരു ഭൂമി വിലയ്ക്കു വാങ്ങുന്നതായി നാം കാണുന്നു. ദേശം മുഴുവനും തനിക്ക് അവകാശമായി ലഭിച്ചിരുന്നിട്ടും തന്‍റെ പിതാവായ അബ്രഹാം മക്പേലയിലെ ശ്മശാനഭൂമി ഒഴിച്ചു മറ്റൊരു സ്ഥലവും വാങ്ങിയതായി നാം വായിക്കുന്നില്ല. വളരെ സമ്പന്നനായ അബ്രഹാമിന്ന് അത് സാധിക്കുമായിരുന്നു. ദൈവം പറഞ്ഞിട്ടായിരുന്നോ യാക്കോബ് ആ സ്ഥലം വാങ്ങിയത്? “ഞാൻ നിന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും, യിസ്ഹാക്കിന്‍റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്‍റെ സന്തതിക്കും തരും” എന്ന് സ്പഷ്ടമായി ബെഥേലിലെ ദർശനത്തിൽ ദൈവം അവനോടു പറഞ്ഞിരുന്നല്ലോ. നമ്മുടെ ജീവിതത്തില്‍ ഏതു തീരുമാനം എടുക്കുമ്പോഴും അത് ദൈവഹിതമാണോ എന്ന് നാം ഉറപ്പു വരുത്തേണ്ടതാണ്.
അവൻ അവിടെ ഒരു യാഗപീഠം പണിതു. എങ്കിലും തന്‍റെ പിതാവിന്‍റെ ഭവനത്തിലേക്ക് പോകുവാനുള്ള ദൈവഹിതത്തിൽ നിന്ന് ഒഴിയാൻ ഇതൊരു കാരണമല്ല. “അനുസരണം യാഗത്തെക്കാൾ നല്ലത്” എന്നാണ് നാം കാണുന്നത്. വിശ്വാസത്തിൽ നിന്ന് ജനിക്കുന്ന അനുസരണം നമ്മുടെ ജീവിതത്തില്‍ കാണാത്തപക്ഷം ദൈവം നമ്മുടെ യാഗാർപ്പണങ്ങളിൽ തൃപ്തനല്ല. ദൈവാശ്രയത്തിൽ നിന്നുകൊണ്ട് ദൈവം നൽകുന്ന നിർദേശങ്ങളെ നമ്മൾ പാലിക്കുന്നില്ലെങ്കിൽ നമ്മുടെ ഭക്തി അര്‍ത്ഥശൂന്യമാണ്.
അവൻ ആ യാഗപീഠത്തിനു ഇസ്രായേലിന്‍റെ ദൈവമായ ദൈവം എന്നർത്ഥം വരുന്ന ഏൽ-എലോഹേ എന്ന് പേരിട്ടു. നമ്മുടെ പദ്ധതികൾക്ക് മനോഹരമായ പേരുകൾ നല്കുന്നതുകൊണ്ട് ദൈവപ്രസാദം ഉണ്ടാകണമെന്നില്ല. ദൈവത്തിന്‍റെ സത്യങ്ങളെക്കുറിച്ചുള്ള അറിവ് ഉണ്ടെന്നുള്ളതുകൊണ്ടു നാം ശരിയായ പാതയിലാണ് എന്നും കരുതേണ്ടതില്ല. യാക്കോബിന് യിസ്രായേൽ എന്ന പേര് ലഭിച്ചവനും ദൈവം തന്‍റെ പിതാക്കന്മാരുടെ മാത്രമല്ല തന്‍റെയും ദൈവം ആണ് എന്ന് അറിഞ്ഞവനും ആണ്. ബെഥേലിലെ ദർശനം കണ്ടതു മുതൽ അന്നുവരെ ആ ദൈവത്തെ അറിയുന്നതിൽ അവൻ വളരുകയും ചെയ്തിരുന്നു. എന്നാൽ ഇവിടെ അവൻ യിസ്രയേലിന്‍റെ ദൈവത്തിന്‍റെ കല്പനകളെ അനുസരിച്ചാണോ പ്രവര്‍ത്തിച്ചത്? ഈയൊരു സാഹചര്യത്തില്‍ അവനെ വാസ്തവമായി ദൈവത്തിന്‍റെ പ്രഭുവായി കാണുവാന്‍ സാധിക്കുന്നുണ്ടോ? നമുക്ക് നമ്മുടെ ജീവിതത്തെക്കുറിച്ചൊരു ആത്മപരിശോധന നടത്താം.
സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ടു വിശ്വാസത്തിന്‍റെ ഓട്ടം സ്ഥിരതയോടെ ഓടുവാൻ ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment