+91 9892580744
gospelbroadcast@yahoo.com

Mar-02-22M-ജഡത്തിന്നായി ചിന്തിക്കരുത്

Mar-02-22M-ജഡത്തിന്നായി ചിന്തിക്കരുത്

LWGB Malayalam Podcast
LWGB Malayalam Podcast
Mar-02-22M-ജഡത്തിന്നായി ചിന്തിക്കരുത്
Loading
/

22M_ജഡത്തിന്നായി ചിന്തിക്കരുത്

ഉല്‍പത്തി 26.1 അബ്രാഹാമിന്റെ കാലത്തുണ്ടായ മുമ്പിലത്തെ ക്ഷാമം കൂടാതെ പിന്നെയും ആ ദേശത്ത് ഒരു ക്ഷാമം ഉണ്ടായി. അപ്പോൾ യിസ്ഹാക് ഗെരാരിൽ ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്കിന്റെ അടുക്കൽ പോയി.
2 യഹോവ അവനു പ്രത്യക്ഷനായി അരുളിച്ചെയ്തതെന്തെന്നാൽ: നീ മിസ്രയീമിലേക്കു പോകരുത്; ഞാൻ നിന്നോടു കല്പിക്കുന്ന ദേശത്തു പാർക്ക.
3 ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.
4 അബ്രാഹാം എന്റെ വാക്കുകേട്ട് എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
5 ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിച്ച് നിന്റെ സന്തതിക്ക് ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.

അമേരിക്കയുടെ പ്രസിഡന്‍റായിരുന്ന അബ്രഹാം ലിങ്കണ്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് നാമിപ്പോള്‍ ആഗ്രഹിക്കുന്ന കാര്യവും, നമുക്ക് ഏറ്റവും അവശ്യമുള്ള കാര്യവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി തിരഞ്ഞെടുക്കുന്നതാണ് യഥാര്‍ത്ഥ അച്ചടക്കം. ഭക്ഷണത്തോടുള്ള തന്‍റെ പ്രിയം മൂലം ഏറ്റവും ജീവിതത്തില് ഏറ്റവും പ്രാധാന്യമേറിയ കാര്യങ്ങള്‍ മറന്നു പോയ ഒരു പിതാവിനെക്കുറിച്ചാണ് നാമിന്നു ചിന്തിക്കുന്നത്.

യിസഹാക്ക് ഒരു പ്രസിദ്ധനായ പിതാവിൻ്റെ മകനും, പ്രസിദ്ധനായ ഒരു മകൻ്റെ പിതാവുമായിരുന്നു. അദ്ദേഹം മറ്റ് ഗോത്രപിതാക്കന്മാരെക്കാള്‍ കൂടുതൽ കാലം ജീവിച്ചു എങ്കിലും അബ്രഹാമിനെയോ യാക്കോബിനെയോ അപേക്ഷിച്ച് അദ്ദേഹത്തിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ കുറച്ച് സംഭവങ്ങൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാലും, എബ്രായർ 11-ൽ പരിശുദ്ധാത്മാവ് യിസഹാക്കിനെക്കുറിച്ച് ആദരവോടെ പരാമർശിച്ചതില്‍ നിന്ന്, അവനിൽ നിന്നും പ്രധാനപ്പെട്ട ചില പാഠങ്ങള്‍ പഠിക്കാനുണ്ടെന്ന് മനസ്സിലാക്കാം.

അബ്രഹാമിന്ന് 100 വയസ്സും, സാറയ്ക്ക് 90 വയസ്സുമുള്ളപ്പോഴാണ് യിസഹാക്ക് ജനിക്കുന്നത്. വളരെ കാലത്തെ ആഗ്രഹവും, പ്രാര്‍ത്ഥനയുടെയും ഫലമായി വാഗ്ദത്തസന്തതിയായാണ് അവന്‍ ജനിച്ചത്. മാതാപിതാക്കന്മാരുടെ വിശ്വാസജീവിതം തീര്‍ച്ചയായും തന്നെ സ്വാധീനിച്ചിരിക്കണം. പിതാവായ അബ്രഹാമിനെ സ്വന്തം നാടും ബന്ധുക്കളും ഉപേക്ഷിച്ച് ദൈവത്തിൻ്റെ കൽപ്പനപ്രകാരം അജ്ഞാതമായ ഒരു ദേശത്തേക്ക് യാത്ര ചെയ്യാൻ പ്രേരിപ്പിച്ചതെന്താണെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകണം. അബ്രഹാമിന് ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ സന്തതികൾ ഉണ്ടാകുമെന്ന അത്ഭുതകരമായ വാഗ്ദാനത്തെക്കുറിച്ചും, കനാൻ ദേശം അവകാശമായി വാഗ്ദാനം ചെയ്യപ്പെട്ടതായും അവൻ കേട്ടു കാണും. അബ്രഹാം അനുഗ്രഹിക്കപ്പെടുമെന്ന് മാത്രമല്ല, അവൻ ലോകത്തിന് മുഴുവൻ ഒരനുഗ്രഹമാകുമെന്ന് വാഗ്ദത്തം താനറിഞ്ഞിരിക്കണം. അവരുടെ വിശ്വാസ ജീവിത്തിലുണ്ടായ പരാജയങ്ങളും താന്‍ അവരില്‍ നിന്ന് തീര്‍ച്ചയായും കേട്ടിട്ടുണ്ടാകും. ഇങ്ങനെ അനുഗ്രഹിക്കപ്പെട്ട ഒരു ആത്മീക അന്തരീക്ഷരീത്തിലാണ് താന്‍ വളര്‍ന്നു വന്നത്.

യിസഹാക്കിൻ്റെ സ്മരണയിൽ മായാതെ പതിഞ്ഞിരുന്ന ഒരു സുപ്രധാന സംഭവമാണ് തന്‍റെ പിതാവായ അബ്രഹാം തന്നെ ഹോമയാഗമായി അര്‍പ്പിക്കുവാന്‍ മോരിയ മലയിലേക്ക് കൊണ്ടുപോയത്. 120 വയസ്സോളും പ്രായമുള്ള തന്‍റെ പിതാവ് യൌവനക്കാരനായ തന്നെ ബന്ധിച്ച് യാഗപീഠത്തിൽ കിടത്തിയപ്പോള്‍ താന്‍ തെല്ലും എതിര്‍ത്തതായി നാം വായിക്കുന്നില്ല. ദൈവിക വാഗ്ദത്തം തന്നില്‍ കൂടിയാണ് നിറവേണ്ടതെന്ന വെളിപ്പാട് താന്‍ പൂര്‍ണ്ണമായി വിശ്വസിക്കയും, വാഗ്ദത്തം തന്ന ദൈവത്തിന് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചുവെന്ന് നമുക്ക് സുരക്ഷിതമായി അനുമാനിക്കാം. യിസഹാക്ക് ദൈവത്തെ ഭയപ്പെട്ടിരുന്നു എന്നതിൻ്റെ ശക്തമായ തെളിവാണിത്, തൻ്റെ മകനായ യാക്കോബ് ദൈവത്തെ “യിസഹാക്കിൻ്റെ ഭയം” എന്നാണ് വിളിച്ചിരുന്നത്.

അബ്രഹാമിന്‍റെ ദാസൻ റബേക്കയോടൊപ്പം മടങ്ങിവരുമ്പോൾ യിസ്ഹാക് ധ്യാനിപ്പാൻ വെളിമ്പ്രദേശത്തു പോയിരുന്നു എന്ന് നാം വായിക്കുന്നു.യിസഹാക്ക് പതിവായി ധ്യാനിക്ക പതിവായിരുന്നു. തനിക്ക് 37 വയസ്സുള്ളപ്പോൾ തന്‍റെ അമ്മയായ സാറ മരണപ്പെട്ടു. റിബേക്ക തൻ്റെ ജീവിതത്തിലേക്ക് വരുന്നതുവരെ ആ മൂന്ന് വർഷം അവൻ സാറയെ ഓർത്ത് വിലപിച്ചു. ഏകാന്തത അനുഭവിച്ച ആ സമയങ്ങളിൽ ദൈവത്തോടൊപ്പം ചിലവഴിച്ചതു വഴി, ദൈവം തനിക്കായി ഒരുക്കിയ വധുവിനെ സ്വീകരിക്കുവാനും, അവളിലൂടെ തന്റെ അമ്മയുടെ മരണദുഃഖം നീങ്ങിപ്പോകുവാനും ഇടയായി.

യിസഹാക്ക് തന്‍റെ കുടുംബജീവിതത്തിലുണ്ടായ പ്രതിസന്ധിയില്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച് ഉത്തരം ലഭിച്ചതില്‍ നിന്ന് താനൊരു പ്രാര്‍ത്ഥനാമനുഷ്യനായിരുന്നു എന്ന് മനസ്സിലാക്കാം. 20 വര്‍ഷത്തെ ദാമ്പത്യജീവതത്തിനു ശേഷം ഒരു തലമുറയെ കാണുവാന്‍ സാധിക്കാതിരുന്നപ്പോള്‍, തന്‍റെ മാതാപിതാക്കള്‍ തിരഞ്ഞെടുത്ത എളുപ്പ വഴി താന്‍ സ്വീകരിക്കാതെ വിശ്വാസത്തില്‍ ബലപ്പെട്ടു. 90 വയസ്സിൽ തന്‍റെ അമ്മയ്ക്ക് പുത്രോത്പാദനത്തിന്ന് ശക്തി നൽകിയ അതേ ദൈവത്തിന് തൻ്റെ ഭാര്യയ്ക്കും ഒരു കുഞ്ഞിനെ പ്രസവിക്കാനുള്ള കൃപ നൽകാൻ സാധിക്കുമെന്ന് വിശ്വസിച്ച് പ്രാർത്ഥിച്ചു. ദൈവം അവൻ്റെ പ്രാർത്ഥന കേട്ടു, റിബേക്ക ഇരട്ട കുട്ടികളെ പ്രസവിച്ചു.

യിസഹാക്ക് ഒരു സമാധാനപ്രിയനായിരുന്നു. ഫെലിസ്ത്യരുടെ ദേശത്ത്, തൻ്റെ പിതാവ് കുഴിച്ച കിണർ അവര്‍ നികത്തിയപ്പോൾ അവരുമായി കലഹിക്കാൻ അവൻ വിസമ്മതിച്ചു. സമാധാനപരമായ ഒരു സ്ഥലം കണ്ടെത്തുന്നതുവരെ അവർ വഴക്കിടുമ്പോഴെല്ലാം അവൻ ആ സ്ഥലം വിട്ട് പോയി. “ഇപ്പോൾ യഹോവ നമുക്കായി ഇടം ഒരുക്കിയിരിക്കുന്നു, നാം ദേശത്തു സന്താനപുഷ്ടിയുള്ളവരാകും” എന്നു പറഞ്ഞു അവൻ അതിന് റെഹോബോത്ത് എന്നു പേരിട്ടു. സങ്കീര്‍ത്തനക്കാരനോടൊരുമിച്ച് തനിക്കും ഇങ്ങനെ പറയാമായിരുന്നു യഹോവ വീടു പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാൽ കാവൽക്കാരൻ വൃഥാ ജാഗരിക്കുന്നു. തന്‍റെ എല്ലാ അവകാശങ്ങളും കര്‍ത്താവില്‍ ഭദ്രമാണെന്ന് താന്‍ പൂര്‍ണ്ണമായി വിശ്വസിക്കയും, അതിന്നായി കാത്തിരിക്കുകയും ചെയ്തു.

ഏശാവിന്‍റെ വേട്ടയിറച്ചിയില്‍ പ്രിയം വെച്ചിരുന്നത് കൊണ്ട് താനവനെ യാക്കോബിനേക്കാളേറെ സ്നേഹിച്ചു. ഭക്ഷണത്തോടുള്ള തൻ്റെ കൊതി നിയന്ത്രിക്കുവാൻ യിസഹാക്ക് പഠിച്ചില്ല എന്നത് ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യമായിരുന്നു. ദൈവജനങ്ങളിൽ പലരും പ്രത്യക്ഷത്തിൽ നിരുപദ്രവകരമെന്നു തോന്നിക്കുന്ന, എന്നാൽ മാരകമായ ഈ പാപത്തിൽ ഏർപ്പെടുന്നു. തീർച്ചയായും ദൈവം നമുക്ക് ആസ്വദിക്കാൻ എല്ലാം തന്നിട്ടുണ്ട്. എന്നിരുന്നാലും, കർത്താവിനോടുള്ള നമ്മുടെ സ്നേഹത്തിന് മുകളിൽ ഏതെങ്കിലും ഭൗമിക ആഗ്രഹം സ്ഥാപിക്കുകയാണെങ്കിൽ, അത് നമുക്കൊരു കെണിയായി തീരും എന്നത് യിസഹാക്കന്‍റെ ജീവിതത്തില്‍ നിന്ന് നാം പഠിക്കുന്ന പാഠമാണ്. അതിന്‍റെ അനന്തരഫലങ്ങള്‍ വളരെ വേദനാജനകമായിരുന്നു. തന്‍റെ രണ്ട് മക്കളും വർഷങ്ങളോളം വീട്ടില്‍ നിന്നകന്ന് മറ്റൊരിടത്ത് താമസിക്കാൻ ഇടയായി. നമുക്ക് എല്ലാം കാര്യങ്ങളെയും ദൈവത്തിൻ്റെ വീക്ഷണകോണിൽ നിന്ന് കാണാൻ സാധിക്കണം.

മകൻ്റെ വേട്ടയിറച്ചി അവൻ ഇഷ്ടപ്പെട്ടിരുന്നതിനാൽ, കൂടുതല്‍ സമയവും വേട്ടതേടി പോകുവാന്‍ അവൻ ഏസാവിനെ പ്രോത്സാഹിപ്പിച്ചിരിക്കാം. ഏശാവിനെ തന്‍റെ കൂടെ നിറുത്തി ജീവതത്തില്‍ ഏറ്റവും അനിവാര്യമായ ദൈവഭയം ഏശാവിന് പകർന്നു നൽകാൻ അവനു കഴിഞ്ഞില്ല. അവനിൽ ദൈവിക കാര്യങ്ങളോടുള്ള അനാദരവിന്‍റെയും, അലക്ഷ്യഭാവത്തിന്‍റെ കയിപ്പുള്ള വേര് ചെറുപ്പത്തിൽത്തന്നെ തിരിച്ചറിയുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു.. സ്വന്തം ഇഷ്ടങ്ങൾക്ക് വേണ്ടി ജീവിച്ച വ്യക്തിയായിരുന്നു ഏശാവ്. തൻ്റെ വിവാഹത്തിൻ്റെ സമയമായപ്പോൾ, തൻ്റെ അച്ഛനും മുത്തച്ഛനും വിശ്വസിക്കുകയും നിലകൊള്ളുകയും ചെയ്ത എല്ലാ തത്വങ്ങളെയും കാറ്റില്‍ പറത്തികൊണ്ട് അവന്‍ വിഗ്രഹാരാധികളായ രണ്ട് ഹിത്യ സ്ത്രീകളെ വിവാഹം കഴിച്ചു.

ദൈവകൃപയാൽ, ആദ്യം അറിയാതെയാണെങ്കിലും, ഒടുവിൽ യിസഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു. ഏശാവ് വേട്ടയിറച്ചിയുമായി വന്നപ്പോൾ, തൻ്റെ ജ്യേഷ്ഠസഹോദരനു പകരം യാക്കോബ് തന്നെ കബളിപ്പിച്ച് അനുഗ്രഹം വാങ്ങുകയായിരുന്നുവെന്ന് യിസഹാക്കിന് മനസ്സിലായി. യിസഹാക്കിൻ്റെ പോരായ്മകൾ എന്തുതന്നെയായാലും, ഇതിലെല്ലാം ദൈവത്തിൻ്റെ കരം അവൻ തൽക്ഷണം തിരിച്ചറിഞ്ഞു. കുട്ടികൾ ജനിക്കുന്നതിന് മുമ്പ് തന്നെ തന്‍റെ ഭാര്യക്ക് ദൈവം നൽകിയ പ്രവചനം അവൻ ഓർത്തിരിക്കണം. കരഞ്ഞ് കൊണ്ട് അനുഗ്രഹത്തിന്നായി യാചിച്ച തൻ്റെ പ്രിയപുത്രനായ ഏശാവിനോട് സംസാരിക്കുമ്പോൾപ്പോലും അവൻ യാക്കോബിന്ന് കൊടുത്ത അനുഗ്രഹം തിരിച്ചെടുത്തില്ല, പകരം അത് സ്ഥിരീകരിക്കയാണ് ചെയ്തത്. പിന്നീട്, യാക്കോബ് വീടുവിട്ടിറങ്ങിയപ്പോൾ, യിസഹാക്ക് അവനെ വീണ്ടും അനുഗ്രഹിച്ചു, ഇത്തവണ അവന്‍ പൂർണ്ണ ബോധ്യത്തോടും, ഇച്ഛയോടും കൂടിയായിരുന്നു അത് ചെയ്തത്. എബ്രായർ 11:20-ൽ വിശ്വാസത്താൽ യിസ്ഹാൿ യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചതായി നാം വായിക്കുന്നു.

തൻ്റെ മക്കളിൽ നിന്നുള്ള അനേകം വർഷത്തെ വേർപിരിയലിനുശേഷം, റിബേക്കയുടെ ജന്മസ്ഥലത്ത് നിന്ന് മടങ്ങിയെത്തിയപ്പോൾ യാക്കോബും അവൻ്റെ വലിയ കുടുംബവുമായി അവൻ വീണ്ടും ഒന്നിച്ചു. ആദ്യ വർഷങ്ങളിൽ, തൻ്റെ ബലഹീനതയിലൂടെ പോലും പിതാവിൽ ദൈവഭയം യാക്കോബ് കണ്ടു. “എൻ്റെ പിതാവിൻ്റെ ദൈവം എന്നോടുകൂടെ ഉണ്ടായിരുന്നു” എന്ന് ലാബാനോട് യാക്കോബിന് ധൈര്യത്തോടെ പറയാൻ കഴിഞ്ഞു.

ഉല്‍പത്തി പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന യിസഹാക്കിൻ്റെയും യാക്കോബിൻ്റെയും ജോസഫിൻ്റെയും ജീവിതകഥ നാം വായിക്കുമ്പോൾ, ഐസക്കിന് 151 വയസ്സുള്ളപ്പോഴാണ് റാഹേലില്‍ നിന്ന ജോസഫ് ജനിച്ചതെന്ന് മനസ്സിലാക്കാം. അങ്ങനെ, ജോസഫ് തൻ്റെ പിതാമഹനായ യിസഹാക്കിനൊപ്പം 24 വർഷം ജീവിച്ചു, ഈ അനുഭവം ജോസേഫിൻ്റെ ജീവിതത്തില്‍ പില്‍കാലത്ത് ഉടലെടുത്ത അഗാധവും അചഞ്ചലവുമായ ഭക്തിയുടെയും, വിശ്വാസത്തിൻ്റെയും അടിത്തറയായിരുന്നിരിക്കാം. അബ്രഹാമിൻറെയും യിസഹാക്കിൻറെയും എല്ലാ കഥകളും അവൻ യിസഹാക്കില്‍നിന്ന് കേട്ടിട്ടുണ്ടാകും. യോസേഫ് വാഗ്ദത്ത ദേശത്തില്‍ നിന്ന് വളരെ അകലെയായി മരിപ്പാറായ സമയത്ത് വിശ്വാസത്താല്‍ തൻ്റെ അസ്ഥികളെ വാഗ്ദത്തദേശത്തേക്ക് തിരികെ കൊണ്ടുപോകാൻ കൽപ്പന നൽകി. അനേക വര്‍ഷങ്ങള്‍ കടന്നുപോയാലും വാഗ്ദത്തം ചെയ്തവന്‍ വിശ്വസ്തനെന്ന് താനുറച്ച് വിശ്വസിച്ചു . നമുക്ക് മുമ്പേ വിശ്വാസത്തിൽ നടന്നവര്‍ യുവതലമുറയില്‍ ചെലുത്തുന്ന സ്വാധീനം വലിയതാണ്.

ജീവിതത്തില്‍ ചില പരാജയങ്ങളുണ്ടായെങ്കിലും, തന്‍റെ വിശ്വസത്തിന്ന് നല്ല സാക്ഷ്യം ലഭിച്ച് തന്‍റെ ജനത്തോട് ചേര്‍ന്ന യിസഹാക്കിന്‍റെ ജീവിതം നമുക്ക് പ്രോത്സാഹനം നല്‍കട്ടെ. ദൈവിക ഭവനത്തില്‍ വളര്‍ത്തപ്പെട്ടു എങ്കിലും യിസഹാക്കിന്‍റെ ജീവതത്തെ ക്ഷീണിപ്പിച്ച തന്‍റെ ജഡസംബന്ധമായ ബലഹീനത നമുക്കൊരു മുന്നറിയിപ്പായിരിക്കണം. എന്നിരുന്നാലും, നാം നമ്മുടെ പാപങ്ങൾ ഏറ്റുപറയുകയും അവ ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ ദൈവം നമ്മുടെ പാപങ്ങളെ ക്ഷമിച്ച്, സകല അനീതിയും നീക്കി നമ്മെ ശുദ്ധീകരിക്കുവാന്‍ തക്കവണ്ണം വിശ്വസ്തനും, തീതിമാനുമാണ്. നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കി വിശ്വാസത്തിലും അനുസരണത്തിലും മുന്നേറുമ്പോൾ അവൻ നമുക്ക് അവന്നായി ജീവിക്കുവാന്‍ രണ്ടാമതൊരു അവസരം നൽകുന്നു. അതിന്നായി നമ്മെ തന്നെ കര്‍തൃകരങ്ങളില്‍ സമര്‍പ്പിക്കാം.

Post a comment