20M_വിശ്വസ്ത ദാസന്
ഉല്പത്തി 24.1 അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.
2 തന്റെ വീട്ടിൽ മൂപ്പനും തനിക്കുള്ളതിനൊക്കെയും വിചാരകനുമായ ദാസനോട് അബ്രാഹാം പറഞ്ഞത്: നിന്റെ കൈ എന്റെ തുടയിൻകീഴിൽ വയ്ക്കുക;
3 ചുറ്റും പാർക്കുന്ന കനാന്യരുടെ കന്യകമാരിൽനിന്ന് നീ എന്റെ മകനു ഭാര്യയെ എടുക്കാതെ,
4 എന്റെ ദേശത്തും എന്റെ ചാർച്ചക്കാരുടെ അടുക്കലും ചെന്ന് എന്റെ മകനായ യിസ്ഹാക്കിനു ഭാര്യയെ എടുക്കുമെന്ന് സ്വർഗത്തിനും ഭൂമിക്കും ദൈവമായ യഹോവയുടെ നാമത്തിൽ ഞാൻ നിന്നെക്കൊണ്ടു സത്യം ചെയ്യിക്കും.
5 ദാസൻ അവനോട്: പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു.
6 അബ്രാഹാം അവനോട് പറഞ്ഞത്: എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.
7 എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗത്തിന്റെ ദൈവമായ യഹോവ എന്റെ മകനു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്ക്കും.
8 എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകുക മാത്രം അരുത്.
9 അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈ വച്ച് അങ്ങനെ അവനോടു സത്യം ചെയ്തു.
തെക്കേ അമേരിക്കയിലെ ഈക്യഡോര് കാടുകളിലുള്ള അക്യാ ഇന്ത്യക്കാരുടെ ഇടയില്‍ സുവിശേഷം അറിയുക്കുവാന്‍ പോയി രക്തസാക്ഷിയായ വ്യക്തിയായിരുന്നു ജിം എല്ല്യട്ട്. ഇതു സംഭവിക്കുമ്പോള്‍ തന്റെ ഭാര്യ, എലിസബത്ത് എല്യട്ട് 10 മാസം മാത്രം പ്രായമുള്ള കൈകുഞ്ഞുമായി ഭര്‍ത്താവിന്റെ വരവിനായി കാത്തിരിക്കയായിരുന്നു. ഭര്‍ത്താവിന്റെ ദാരുണാന്ത്യം തന്നെ അതീവ ദുഃഖത്തിലാഴ്ത്തിയെങ്കിലും താന്‍ വിശ്വാസത്തില്‍ തകര്‍ന്നില്ല. ചില വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ ഭര്‍ത്താവിന്റെ ഘാതകന്മാര് ജീവിക്കുന്ന അതേ കാടുകളിലേക്ക് കര്‍ത്താവിന്റെ സത്യ സുവിശേഷവുമായി ആ ധീര വനിത കടന്നു പോയി. അവിടെയുള്ള അനേകര്‍ കര്‍ത്താവിങ്കലേക്ക് തിരിഞ്ഞു ഇന്നവര്‍ കര്‍ത്താവിന്നായി ജീവിക്കുന്നു. വിശ്വസ്തതയ്ക്ക് ദൈവം നല്കിയ പ്രതിഫലം.
നാം വായിച്ചു കേട്ട ഭാഗത്തില്‍ വിശ്വസ്തനായ ഒരു ദാസനെ നാം കാണുന്നു. സാറ 127-ആം വയസ്സിൽ മരിച്ചു. ഏകദേശം 100 വർഷമായി തന്നോടൊടൊപ്പം ജീവിച്ചു ജീവതത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒരുമിച്ചനുഭവിച്ച പ്രിയതമയെ ഒരു ദിവസം പിരിയുക എന്നത് അബ്രഹാമിന്ന് അതീവ ദുഃഖകരമായിരുന്നു. അബ്രഹാം അവളെക്കുറിച്ച് ആർദ്രമായി വിലപിച്ചു, എന്നാൽ ഒരു യഥാർത്ഥ ദൈവമനുഷ്യൻ എന്ന നിലയിൽ, അവന് എഴുന്നേറ്റു, തൻ്റെ ജീവിതകാലം മുഴുവൻ ദൈവേഷ്ടം ചെയ്യാൻ സ്വയം സമർപ്പിച്ചു. അവൻ താമസിച്ചിരുന്ന മുഴുവൻ ഭൂമിയും ദൈവം തനിക്ക് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും, മരിച്ചവളെ സംസ്കരിക്കുവാൻ ആ നിമിഷം അവൻ്റെ പക്കൽ ഒരു തുണ്ടം ഭൂമി പോലും ഇല്ലായിരുന്നു. ഹിത്യരോട് ഒരു ശ്മശാന സ്ഥലം വിലക്കു തരുവാന്‍ തനിക്ക് ആവശ്യപ്പെടേണ്ടിവന്നു. എന്നാൽ അബ്രഹാമിന്ന് അവരുടെ ഇടയിലുണ്ടായിരുന്ന നല്ല സാക്ഷ്യം നിമിത്തം, ഹിത്യർ തങ്ങളുടെ ഏറ്റവും നല്ല ഭൂമി അവനു നൽകാൻ സര്‍വ്വ സന്നദ്ധരായിരുന്നു. അവർ അവനെ ഒരു മഹാനായ മനുഷ്യനായി, ദൈവത്തിൻ്റെ പ്രഭുവായി, ജീവനുള്ള ദൈവത്തിൻ്റെ പ്രതിനിധിയായി തന്നെ കണക്കാക്കി. അവരിൽ നിന്ന് വാങ്ങിയ മക്പേലയിലെ ഗുഹയിൽ അദ്ദേഹം തന്റെ ഭാര്യയായ സാറയെ അടക്കം ചെയ്തു.
ഇപ്പോൾ അബ്രഹാം തൻ്റെ മകന് ഒരു ഭാര്യയെ കണ്ടെത്തുന്നതിലേക്ക് ശ്രദ്ധ തിരിക്കുന്നു. യിസഹാക്കിന് തന്റെ അമ്മയെ നഷ്ടപ്പെട്ട സാഹചര്യം. ദൈവം വാഗ്ദത്തം ചെയ്ത തലമുറകളെ കാണണമെങ്കില്‍ യിസഹാക്ക് വിവാഹം കഴിക്കണം. ഇവിടെയും ഈ ദൈവപുരുഷൻ്റെ വിശ്വാസത്തെയാണ് നാം കാണുന്നത്. കല്ദയരുടെ ഊരില്‍ നിന്ന് തൻ്റെ കൂടെ വന്ന ബന്ധുക്കൾ താമസിക്കുന്ന സ്ഥലത്തേക്ക് യാത്ര ചെയ്തു തന്റെ മകന് യോജിച്ച ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കുവാന്‍ തന്റെ ഭവനത്തിലുള്ള ദാസനെ ചുമതലപ്പെടുത്തുവാൻ അബ്രഹാം മടിച്ചില്ല. ഏത് സാഹചര്യത്തിലും തൻ്റെ യജമാനൻ്റെ ഉദ്ദേശ്യം നിറവേറ്റുവാനും തൻ്റെ യജമാനനെപ്പോലെ ചിന്തിക്കുവാനും, പ്രവർത്തിക്കുവാനുമുള്ള ഈ ദാസൻ്റെ കഴിവിലും സന്നദ്ധതയിലും അബ്രഹാമിന് ഉണ്ടായിരുന്ന പൂർണ്ണ വിശ്വാസത്തെ ഇത് കാണിക്കുന്നു. ഈ ദാസനിൽ കാണുന്ന അനുഗ്രഹിക്കപ്പെട്ട ചില ഗുണവിശേഷങ്ങളില്‍ ഒരു നിമിഷം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഞാൻ ആഗ്രഹിക്കയാണ്.
അബ്രഹാമിന് തൻ്റെ ദാസനിൽ പൂർണ വിശ്വാസമുണ്ടായിരുന്നു. തന്റെ പേരകുട്ടികള്‍ ദൈവിക വഴികളില്‍ വളര്ത്തപ്പെടേണ്ടതിന്ന് തന്റെ മകനൊരു ആത്മീക കാഴ്ചപ്പാടുള്ള ഭാര്യയെ കണ്ടെത്തുക എന്നത് തന്റെ യജമാനനായ അബ്രഹാമിന്ന് എടുക്കേണ്ട അതി പ്രധാന തീരുമാനമാണെന്ന് അവനറിയാമായിരുന്നു. തൻ്റെ മകന് കനാന്യകന്യകമാരിൽ നിന്ന് ഒരു ഭാര്യയെ എടുക്കരുതെന്ന് അവൻ വളരെ വ്യക്തമായി പറഞ്ഞു. ദൈവവുമായുള്ള തന്റെ സഹവര്‍ത്വത്തില്‍ നിന്ന് അവിശ്വാസികളുമായി ഇണയില്ലാപിണ കൂടരുത് എന്ന ദൈവിക പ്രമാണം താന്‍ മനസ്സിലാക്കിയിരുന്നു. ഈ കാര്യങ്ങള്‍ മനസ്സിലാക്കിയ തന്റെ ദാസന് യജമാനനായ അബ്രഹാമിനോട് അങ്ങേയറ്റം വിശ്വസ്തനായിരുന്നു. 1കൊരി 4:1,2 ഞങ്ങളെ ക്രിസ്തുവിന്റെ ശുശ്രൂഷക്കാരും ദൈവമർമ്മങ്ങളുടെ ഗൃഹവിചാരകന്മാരും എന്നിങ്ങനെ ഓരോരുത്തൻ എണ്ണിക്കൊള്ളട്ടെ. 2 ഗൃഹവിചാരകന്മാരിൽ അന്വേഷിക്കുന്നതോ അവർ വിശ്വസ്തരായിരിക്കേണം എന്നത്രേ. ദൈവത്തിൻ്റെ ഭവനത്തിൻ്റെ ദാസൻമാരായി, മോശയെപ്പോലെ, അവൻ്റെ സകല ഭവനത്തിലും നാം വിശ്വസ്തരായിരിക്കാൻ ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.
അബ്രഹാം തൻ്റെ ദാസനുമായി ഒരു ഉടമ്പടിയിൽ ഏർപ്പെട്ടു. തന്റെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണമായി ബോധ്യപ്പെട്ടതിന്ന് ശേഷമാണ് ആ ദാസന് ഉടമ്പടിയിലേക്ക് കടന്നത്. നമ്മുടെ കർത്താവുമായുള്ള നമ്മുടെ ബന്ധം, ദൈവവുമായുള്ള ഒരു ശാശ്വത ബന്ധത്തിലേക്ക് നമ്മെ കൊണ്ടുവരുന്ന ഒരു രക്ത ഉടമ്പടിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഈ പുതിയ ഉടമ്പടിയുടെ നാം എബ്രായലേഖനത്തില്‍ ഇങ്ങനെയാണ് വായിക്കുന്നത്, ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും. എന്നുള്ളതാണ്.
തക്കസമയത്ത് ആവശ്യമായ സഹായത്തിനായി എവിടെ പോകണമെന്ന് ആ ദാസന് അറിയാമായിരുന്നു. ദൗത്യത്തിന് ആവശ്യമായതെല്ലാം തന്റെ യജമാനൻ നൽകിയിരുന്നു. എന്നാല്‍ താന്‍ യാത്രചെയ്ത് എത്തിയ നഗരത്തില്‍ കൂടി ആലോചിക്കുവാന്‍ ആരുമില്ലാതിരുന്ന സ്ഥലത്ത് , അവൻ തൻ്റെ ഹൃദയം ദൈവത്തിലേക്ക് ഉയർത്തുകയും യിസഹാക്കിനായി ദൈവം ഒരുക്കിയ സ്ത്രീയെ തിരിച്ചറിയുവാനായി പ്രാര്‍ത്ഥിച്ചു. അവൻ പറഞ്ഞു: “2 എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവേ, എന്റെ യജമാനനായ അബ്രാഹാമിനോട് കൃപ ചെയ്ത് ഇന്നുതന്നെ കാര്യം സാധിപ്പിച്ചു തരേണമേ. എന്ന് പ്രാര്‍ത്ഥിച്ചു. യജമാനന് ദൈവത്തിലുണ്ടായിരുന്ന അതേ വിശ്വാസവും, ഉറപ്പും ഈ ദാസനുമുണ്ടായിരുന്നു.
ദൈവഹിതം തിരിച്ചറിയേണ്ടതിന്ന് താന്‍ ക്ഷമയോടെ കാത്തിരുന്നതായി നാം കാണുന്നു. വാക്യം 21. 21 ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിനു മിണ്ടാതിരുന്നു.
ദൈവം തന്നെ നടത്തിയ വിധങ്ങളോര്‍ത്ത് ദൈവത്തിന് സ്തോത്രം ചെയ്തതായി നാം വായിക്കുന്നു. 26 അപ്പോൾ ആ പുരുഷൻ കുനിഞ്ഞു യഹോവയെ നമസ്കരിച്ചു: 27 എന്റെ യജമാനനായ അബ്രാഹാമിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; അവൻ എന്റെ യജമാനനോടുള്ള ദയയും വിശ്വസ്തതയും ഉപേക്ഷിച്ചിട്ടില്ല. ഈ യാത്രയിൽ യഹോവ എന്നെ എന്റെ യജമാനന്റെ സഹോദരന്മാരുടെ വീട്ടിലേക്കു നടത്തിക്കൊണ്ടുവന്നുവല്ലോ എന്നു പറഞ്ഞു. ദൈവത്തോട് എപ്പോഴും നന്ദിയുള്ള ഹൃദയം നമുക്കുണ്ടാകേണ്ടതാണ്.
തന്റെ സ്വന്ത വ്യക്തിത്വത്തേക്കാളുപരി തന്റെ യജമാനനായ അബ്രഹാമിന്റെ ദാസനായാണ് താന്‍ അറിയപ്പെടുവാന്‍ ആഗ്രഹിച്ചത്. റിബേക്കയുടെ വീട്ടുകാരുടെ മുമ്പില്‍ താന്‍ പറഞ്ഞത് ഞാന്‍ അബ്രഹാമിന്റെ ദാസന് എന്നായിരുന്നു.
തൻ്റെ യജമാനനെക്കുറിച്ച് സത്യമായും ഉന്നതമായും സംസാരിക്കുന്ന ഒരു ദാസനെയാണ് നാമിവിടെ കാണുന്നത്. വാക്യം 35. 35 യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു; അവൻ മഹാനായിത്തീർന്നു; അവൻ അവന് ആട്, മാട്, പൊന്ന്, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ, കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു. ദൈവത്തിനു സകല മഹത്വവും കൊടുക്കുക എന്നതായിരിക്കണം നമ്മുടെ ജീവിത ദൌത്യം.
അവൻ്റെ ദൗത്യത്തെക്കുറിച്ചും അതിൻ്റെ പൂർത്തീകരണത്തെക്കുറിച്ചും വ്യക്തമായ ധാരണയുണ്ടായിരുന്നു. അവൻ റെബേക്കയുടെ വീട്ടിൽ വന്നപ്പോൾ, തൻ്റെ ദൗത്യത്തെക്കുറിച്ചും ദൈവം അവൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകിയതെങ്ങനെയെന്നും അവരോട് വിശദമായി വിവരിച്ചു, റബേക്കയുടെ കുടുംബത്തിന് ഇതിലെല്ലാം ദൈവത്തിൻ്റെ കരം കാണാൻ സാധിച്ചു. 50 അപ്പോൾ ലാബാനും ബെഥൂവേലും: ഈ കാര്യം യഹോവയാൽ വരുന്നു; നിന്നോടു ഗുണമെങ്കിലും ദോഷമെങ്കിലും പറവാൻ ഞങ്ങൾക്കു കഴികയില്ല.
51 ഇതാ, റിബെക്കാ നിന്റെ മുമ്പാകെ ഉണ്ടല്ലോ; അവളെ കൂട്ടിക്കൊണ്ടു പോക; യഹോവ കല്പിച്ചതുപോലെ അവൾ നിന്റെ യജമാനന്റെ മകനു ഭാര്യയാകട്ടെ എന്നുത്തരം പറഞ്ഞു.
ആ ദാസനുണ്ടായിരുന്ന മറ്റൊരു സ്വഭാവ ഗുണമായിരുന്നു ഏകാഗ്രത – വിശ്രമത്തിനും പ്രയാസകരമായ യാത്രാക്ഷീണം തീര്‍ക്കുവാനായി അവിടെ കുറച്ച് ദിവസം തങ്ങുവാന്‍ താന്‍ ആഗ്രഹിച്ചില്ല. അവൾ 10 ദിവസമെങ്കിലും അവരുടെ കൂടെ താമസിക്കണമെന്ന് റെബേക്കയുടെ കുടുംബം ആഗ്രഹിച്ചപ്പോൾ, യഹോവ എന്റെ യാത്ര സഫലമാക്കിയിതുകൊണ്ട് യജമാനന്റെ അടുക്കൽ പോകുവാൻ എന്നെ പറഞ്ഞയയ്ക്കേണം എന്നു പറഞ്ഞു.. അവൻ തൻ്റെ യജമാനന് നല്കിയ വേല ഭംഗിയായും, പൂർണ്ണമായും തികക്കുവാന്‍ ഏകാഗ്രചിത്തനായിരുന്നു, തനിക്കുവേണ്ടി താന്‍ ഒന്നും തന്നെ ആഗ്രഹിച്ചില്ല.
അവൻ്റെ ദൗത്യം പൂർത്തിയാക്കിയതിന്നു ശേഷം ആ ദാസനെപ്പറ്റി നാം പിന്നെ വായിക്കുന്നില്ല. റബേക്കയുടെ വീട്ടിൽ വെച്ച് അവൻ യിസഹാക്കിനെ എൻ്റെ യജമാനൻ്റെ മകൻ എന്നാണ് വിശേഷിപ്പിച്ചത്, എന്നാൽ അവരുടെ താമസസ്ഥലത്തോട് അടുത്തപ്പോൾ റബേക്ക ദാസനോടായി ഇങ്ങനെ ചോദിച്ചു, വെളിമ്പ്രദേശത്തു നമ്മെ എതിരേറ്റു വരുന്ന പുരുഷൻ ആരെന്നു ചോദിച്ചതിന് എന്റെ യജമാനൻതന്നെ എന്നു ദാസൻ പറഞ്ഞു. അടുത്ത അദ്ധ്യായത്തില്‍ അബ്രഹാം മരിക്കുന്നതായി നാം വായിക്കുന്നു. എന്നാല്‍ തന്റെ യജമാനനോടുള്ള സ്നേഹവും, ബഹുമാനവും നിമിത്തം തന്റെ മകനെയും യജമാനനായി കാണുവാനും, സേവിക്കുവാനും താന്‍ പ്രതിജ്ഞാബദ്ധനായിരുന്നു.
എന്‍ മനസ്സില്‍ വന്നുവാഴും
നന്മഹത്വ പ്രത്യാശയെ
നീ വളര്‍ന്നും ഞാന്‍ കുറഞ്ഞും
നിന്നില്മറഞ്ഞു ഞാന്‍ മായണം. എന്ന് ചെറിയാന്സാറെഴുതിയ പാട്ടിന്റെ ഈരടികള്‍ ഓര്‍ത്തുപോവുകയാണ്.
ദൈവത്തിൻ്റെ ദാസന്മാർ എന്ന നിലയിൽ ദൈവം ആഗ്രഹിക്കുന്ന ഒരു ഉയർന്ന സ്വഭാവഗുണമാണ് വിശ്വസ്തത. മോശയും, അബ്രഹാമിൻ്റെ ഈ അജ്ഞാത ദാസനും, താലന്തുകളെക്കുറിച്ചുള്ള കർത്താവിൻ്റെ ഉപമയിലെ ദാസനെയുമെല്ലാം വിശ്വസ്തദാസന്‍ എന്നാണ് വിളിക്കുന്നത്. കർത്താവ് തൻ്റെ ഭവനത്തിന്മേൽ വിശ്വസ്തനായ പുത്രൻ എന്നു വിളിക്കപ്പെട്ടിരിക്കുന്നു.
വിശ്വസ്തനായിരിക്കുക എന്നാൽ യജമാനനുമായി ഏകമനസ്സോടെ ഇരിക്കുകയും, അവനിൽ നിന്ന് വേറിട്ടു ചിന്തിക്കാതിരക്കയും ചെയ്ക എന്നാണ്. ഒരു വിശ്വസ്ത ദാസൻ തൻ്റെ യജമാനനുമായി വളരെ അടുത്ത ബന്ധം പുലർത്തുന്നു, അവൻ തൻ്റെ യജമാനൻ്റെ താൽപ്പര്യങ്ങളെയും പദ്ധതികളെയും തൻ്റേതായി കണക്കാക്കുന്നു. അവൻ്റെ യജമാനൻ്റെ ആളുകൾ അവൻ്റെ സ്വന്തം കുടുംബമാണ്. തൻ്റെ യജമാനന്റെ നന്മയും, പ്രീതിയും ആണ് തൻ്റെ ഏക ലക്ഷ്യം എന്നതിനാൽ അവൻ തൻ്റെ യജമാനനെ പൂര്‍ണ്ണഹൃദയത്തോടെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നു.
ക്രിസ്തു എന്ന തലയോളം ജ്ഞാനത്തിലും, സ്നേഹത്തിലും വളരേണം എന്നതാണ് ദൈവം നമ്മേക്കുറിച്ച് ആഗ്രഹിക്കുന്നത്. 1 പത്രോസ് 2.9 നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
ദൈവത്തിന്റെ ദാസന്മാരാണെന്നുള്ള തിരിച്ചറിവില്‍ നിന്ന് ദൈവത്തിന്റെ താല്‍പ്പര്യങ്ങളോട് നിരന്തരം വിശ്വസ്തത പുലര്‍ത്തുന്ന വ്യക്തികളെയാണ് ദൈവം ഇന്നും അന്വഷിക്കുന്നത്. ദൈവം തന്റെ സ്നേഹത്തില്‍ നമുക്ക് നൽകുന്ന ഈ ഉയർന്ന ബഹുമതി മനസ്സിലാക്കിയാൽ, അവൻ്റെ പദ്ധതികൾ നാം സന്തോഷത്തോടെ ഏറ്റെടുക്കുകയും അവൻ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവനുമായി പൂര്‍ണ്ണമായി സഹകരിക്കുകയും ചെയ്യും. നാം മനുഷ്യന്റെ അംഗീകാരത്തിനായി കൊതിക്കുകയോ നമ്മുടെ സ്വന്തം ലക്ഷ്യങ്ങൾ കൈവരിക്കാൻ ശ്രമിക്കുകയോ ചെയ്കയില്ല, മറിച്ച് അവൻ ആഗ്രഹിക്കുന്നതെന്തും കൃത്യമായി ചെയ്യാൻ ഉത്സുകരായി പൂര്‍ണ്ണ ഹൃദയത്തോടെ അവനെ പുന്തുടരും. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment