19M_വിശ്വാസത്തിന് റെ പരിശോധന വിലയേറിയതു
ഉല്പത്തി 22.1 അതിന്റെശേഷം ദൈവം അബ്രാഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാൽ: അബ്രാഹാമേ, എന്നു വിളിച്ചതിന്: ഞാനിതാ എന്ന് അവൻ പറഞ്ഞു.
2 അപ്പോൾ അവൻ: നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെതന്നെ, കൂട്ടിക്കൊണ്ടു മോറിയാദേശത്തു ചെന്ന്, അവിടെ ഞാൻ നിന്നോട് കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക എന്ന് അരുളിച്ചെയ്തു.
3 അബ്രാഹാം അതികാലത്ത് എഴുന്നേറ്റു കഴുതയ്ക്കു കോപ്പിട്ടു കെട്ടി ബാല്യക്കാരിൽ രണ്ടു പേരെയും തന്റെ മകൻ യിസ്ഹാക്കിനെയും കൂട്ടി ഹോമയാഗത്തിനു വിറകു കീറി എടുത്തുംകൊണ്ട് പുറപ്പെട്ടു, ദൈവം തന്നോടു കല്പിച്ച സ്ഥലത്തേക്കു പോയി.
4 മൂന്നാം ദിവസം അബ്രാഹാം നോക്കി ദൂരത്തുനിന്ന് ആ സ്ഥലം കണ്ടു.
5 അബ്രാഹാം ബാല്യക്കാരോട്: നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞു.
6 അബ്രാഹാം ഹോമയാഗത്തിനുള്ള വിറക് എടുത്തു തന്റെ മകനായ യിസ്ഹാക്കിന്റെ ചുമലിൽ വച്ചു; തീയും കത്തിയും താൻ എടുത്തു; ഇരുവരും ഒന്നിച്ചു നടന്നു.
7 അപ്പോൾ യിസ്ഹാക് തന്റെ അപ്പനായ അബ്രാഹാമിനോട്: അപ്പാ, എന്നു പറഞ്ഞതിന് അവൻ: എന്താകുന്നു മകനെ എന്നു പറഞ്ഞു. തീയും വിറകും ഉണ്ട്; എന്നാൽ ഹോമയാഗത്തിന് ആട്ടിൻകുട്ടി എവിടെ എന്ന് അവൻ ചോദിച്ചു.
8 ദൈവം തനിക്കു ഹോമയാഗത്തിന് ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും, മകനെ, എന്ന് അബ്രാഹാം പറഞ്ഞു. അങ്ങനെ അവർ ഇരുവരും ഒന്നിച്ചു നടന്നു.
9 ദൈവം കല്പിച്ചിരുന്ന സ്ഥലത്ത് അവർ എത്തി; അബ്രാഹാം ഒരു യാഗപീഠം പണിതു, വിറക് അടുക്കി, തന്റെ മകൻ യിസ്ഹാക്കിനെ കെട്ടി യാഗപീഠത്തിന്മേൽ വിറകിന്മീതെ കിടത്തി.
10 പിന്നെ അബ്രാഹാം കൈ നീട്ടി തന്റെ മകനെ അറുക്കേണ്ടതിനു കത്തി എടുത്തു.
11 ഉടനെ യഹോവയുടെ ദൂതൻ ആകാശത്തുനിന്ന്: അബ്രാഹാമേ, അബ്രാഹാമേ, എന്നു വിളിച്ചു; ഞാൻ ഇതാ, എന്ന് അവൻ പറഞ്ഞു.
12 ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു.
13 അബ്രാഹാം തല പൊക്കി നോക്കിയപ്പോൾ പിമ്പുറത്ത് ഒരു ആട്ടുകൊറ്റൻ കൊമ്പ് കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്ന് ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകനു പകരം ഹോമയാഗം കഴിച്ചു.
14 അബ്രാഹാം ആ സ്ഥലത്തിനു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവതത്തിൽ അവൻ പ്രത്യക്ഷനാകും എന്ന് ഇന്നുവരെയും പറഞ്ഞുവരുന്നു.
രത്നങ്ങളിൽ ഏറ്റവും വിലയേറിയതും, കടുപ്പമുള്ളതും, മനോഹരവുമായ ഒന്നാണ് വജ്രം. ഇതെങ്ങനെയാണ് പ്രകൃതിയില്‍ രൂപപ്പെട്ടു വരുന്നത്? ഒരു കൽക്കരി കഷണത്തിൽ നിന്നാണ് ഇതിന്റെ ആരംഭം. ഈ കൽക്കരി കഷണം ഭൂമിയുടെ ആഴത്തിൽ ദീര്‍ഘകാലം, തീവ്രമായ സമ്മർദ്ദത്തിനും, സാന്ദ്രീകരണത്തിനും അടിമപ്പെടുമ്പോഴാണ് അതൊരു വജ്രമായി രൂപാന്തരപ്പെടുന്നത്. അങ്ങനെ തന്നെ നമ്മിലുള്ള വിശ്വാസം മനോഹരവും, കറയറ്റതായിതീരുവാന് ദൈവം ചില പരീക്ഷണങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും നമ്മെ കടത്തിവിട്ടേക്കാം. 1 പത്രോസ് 1.7 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
അബ്രഹാമിന്റെ ജീവതത്തിലുണ്ടായ ഒരു നിര്‍ണ്ണായക സംഭവമാണ് നാം വായിച്ചു കേട്ടത്.
അതിന്റെ ശേഷം എന്ന വിശേഷണം കൊണ്ട് അബ്രഹാമിന്റെ ജീവിതത്തില്‍ ശാന്തമായ ഒരു കാലഘട്ടത്തിലൂടെയാണ് താന്‍ കടന്നുപോയിരുന്നത് എന്ന് മനസ്സിലാക്കാം. ദൈവം അബ്രഹാമിന്നു കൊടുത്ത വാഗ്ദത്തങ്ങളില്‍ ഏറ്റവും പ്രധാനമായതൊന്ന് സാറയിലൂടെ ജനിച്ച തന്റെ മകന് യിസഹാക്കിലൂടെ തനിക്ക് ലഭിക്കുവാനിടയായി. തന്റെ സമീപവാസികളുമായി സമാധാന സന്ധിയുണ്ടാക്കുവാന്‍ തനിക്ക് സാധിച്ചു. ഹാഗാറും, യിശ്മായേലും മൂലമുണ്ടായ കുടുംബ പ്രശ്നത്തിന് അവരെ പറഞ്ഞയക്കുക വഴി പരിഹാരമുണ്ടാക്കുവാന്‍ സാധിച്ചു. ഇപ്പോള്‍ , വാര്‍ദ്ധ്യക്യത്തില്‍ ജനിച്ച തന്റെ മകന് യിസഹാക്കുമൊന്നിച്ച് ജീവിത സായാഹ്നത്തില്‍ ദൈവം തന്ന അനുഗ്രഹങ്ങള്‍ അനുഭവിച്ച് സന്തോഷിക്കുവാനും, ഈ മകന് തന്റെ സ്നേഹവും, ലാളനയും അനുഭവിച്ച് വളര്‍ന്നു വരുന്നത് കാണുവാനും അബ്രഹാം ആഗ്രഹിച്ചു കാണും. ഈ സമയത്താണ് ദൈവം അബ്രഹാമിനെ പരീക്ഷിക്കുന്നത്.
ദൈവം ആരെയും ദോഷങ്ങളാൽ പരീക്ഷിക്കുന്നില്ല. വിശ്വാസത്തിന്റെ പരിശോധനയായി ദൈവം അനുവദിക്കുന്ന പരീക്ഷകള്‍ അനുസരണത്തിലൂടെ നമ്മുടെ വിശ്വാസം പ്രകടിപ്പിക്കുവാന്‍ ദൈവം തരുന്ന അവസരങ്ങളാണ്. എന്നാല്‍ ദോഷങ്ങളാലുള്ള പരീക്ഷ നമ്മെ വിശ്വാസത്തില്‍ നിന്ന് അകറ്റുവാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇയ്യോബിന്റെ ജീവിതത്തില്‍ ഇങ്ങനെയുള്ള ഉദ്ദേശത്താലാണ് പിശാച് ദൈവത്തോട് അവനുള്ളതും, അവനെയും തൊടുവാന്‍ അനുവാദം ചോദിച്ചത്. ഇയ്യോബിന്റെ ജീവിത്തില്‍ താനതിനെ വിശ്വാസത്താല്‍ അതിജീവിക്കും എന്നറികകൊണ്ട് ആ പരീക്ഷ ദൈവം അനുവദിച്ചു. എന്നാല്‍ പത്രോസിന്റെ കാര്യത്തില്‍ കര്ത്താവത് അനുവദിച്ചതായി കാണുന്നില്ല. ലൂക്കോസ് 22.31 ശിമോനേ, ശിമോനെ, സാത്താൻ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
32 ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാൻ നിനക്കു വേണ്ടി അപേക്ഷിച്ചു;
യിസഹാക്കിനെ യാഗം കഴിക്കേണ്ടിവന്നാല്‍, തന്നിലൂടെയുള്ള ദൈവിക വാഗ്ദത്തം നിറവേറുകയില്ല എന്ന യാഥാര്‍ത്ഥ്യം അബ്രഹാം മനസ്സിലാക്കി. യിസഹാക്കിലൂടെ സകലലോകവും അനുഗ്രഹിക്കപ്പെടും എന്ന ദൈവവാഗ്ദത്തം ഓര്‍ത്ത് അത് പൂര്‍ണ്ണമായി വിശ്വസിക്കുവാന്‍ ദൈവം അബ്രഹാമിനെക്കുറിച്ച് ആഗ്രഹിച്ചു. അതുകൊണ്ട് തന്റെ മകനെ യാഗം കഴിക്കുവാന്‍ തക്കവണ്ണമുള്ള എല്ലാ തയ്യാറെടെപ്പും താന്‍ ചെയ്തു. ഈ വാഗ്ദത്തം നിറവേറണമെങ്കില്‍ ദൈവം ബാലനെ മരിച്ചവരുടെ ഇടയില്‍ നിന്ന് തിരികെ കൊണ്ടുവരേണ്ടതുണ്ട്. അതിന് ദൈവം ശക്തന് എന്ന് അബ്രഹാം വിശ്വസിച്ചു. എബ്രാ 11.17 വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു.
18 യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു;
19 മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു.
കാണുന്നതിനെയല്ല, കാണാന്‍ സാധിക്കാത്തതും, നിത്യവുമായ ദൈവിക വാഗ്ദത്തങ്ങളുടെ യാഥാര്‍ത്ഥ്യത്തെ കാണുന്നതാണ് വിശ്വാസം.
വിശ്വാസം, പ്രത്യാശ സ്നേഹം എന്നീ മൂന്നു മേഖലകളില്‍ അബ്രഹാം പരീക്ഷിക്കപ്പെട്ടു.
ഒന്നാമതായി വിശ്വാസത്തിന്റെ പരീക്ഷ തന്റെ അനുസരണത്തിലൂടെ അബ്രഹാം അതിജീവിച്ചു.
തന്റെ അനുസരണത്തിന്റെ 7 പ്രത്യേകതകള്‍ നാമിവിടെ കാണുന്നു.
അബ്രഹാമിന്റെ അനുസരണം അത് തൽക്ഷണമായിരുന്നു. അബ്രഹാം അതികാലത്ത് എഴുന്നേറ്റതായി നാം കാണുന്നു. ദൈവത്തെ അനുസരിക്കുവാനുള്ള തന്റെ വ്യഗ്രതയാണ് നാമിവിടെ കാണുന്നത്.
അബ്രഹാമിന്റെ അനുസരണം അത് വിലയേറിയതായിരുന്നു. തന്റെ മകന് പകരമായി വെള്ളിയോ, പൊന്നോ, ആടുമാടുകളോ എന്തു വേണമെങ്കിലും താന്‍ നല്‍കുമായിരുന്നു. എന്നാല്‍ താന്‍ സ്നേഹിക്കുന്ന തന്റെ ഏകജാതനായ പുത്രനെ തന്നെ യാഗമായി സമര്‍പ്പിക്കുവാനായിരുന്നു ദൈവ കല്പന. അവനതിന്ന് തയ്യാറാവുകയും ചെയ്തു.
ചോദ്യം ചെയ്യാത്ത അനുസരണമായിരുന്നു. ദൈവത്തോട് വാദിക്കുന്നതായി നാം കാണുന്നില്ല.
പ്രായോഗികമായ അനുസരണമായിരുന്നു. ഹോമയാഗത്തിന് വേണ്ട സാധനങ്ങള്‍ ഒരുക്കുന്നതിന്ന് താന്‍ ശ്രമിച്ചു.
തന്റെ അനുസരണം വിശ്വാസത്തിന്റെ സ്ഥിരതിയില് നിന്ന് ഉടലെടുത്തത് കൊണ്ട് 3 ദിവസത്തെ വഴി നടന്നിട്ടും താന്‍ വിശ്വാസത്തില്‍ ക്ഷീണിച്ചില്ല.
അബ്രഹാമിന്റെ അനുസരണം ദൈവത്തോടുള്ള തന്റെ ആരാധനയുടെ ഭാഗമായിരുന്നു. തന്റെ ബാല്യക്കാരോട്, നിങ്ങൾ കഴുതയുമായി ഇവിടെ ഇരിപ്പിൻ; ഞാനും ബാലനും അവിടത്തോളം ചെന്ന് ആരാധന കഴിച്ച് മടങ്ങിവരാം എന്നു പറഞ്ഞു.
അത് പൂര്‍ണ്ണമായിരുന്നു. ഹോമയാഗം അത് പൂര്‍ണ്ണമായി ദഹിപ്പിക്കുന്ന യാഗമായിരുന്നു.
രണ്ടാമതായി തന്റെ പ്രത്യാശയും പരീക്ഷിക്കപ്പെട്ടതായി കാണുന്നു.
ഈ ലോകത്തില്‍ തനിക്കുണ്ടായിരുന്ന എല്ലാ ആശയും, യിസഹാക്കുമായി ബന്ധപ്പെട്ടതായിരുന്നു. അബ്രഹാമിന്റെ യഥാര്‍ത്ഥ പ്രതീക്ഷകള്‍ ആരിലാണ് എന്ന വസ്തുത വെളിച്ചത്ത് കൊണ്ടുവരുവാന്‍ ദൈവം ആഗ്രഹിച്ചു. പൌലോസ് ഇങ്ങനെ പറയുന്നു 1 കൊരി 15.19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ. ഈ ലോകത്തില്‍ ഭക്തിയോടെ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന എല്ലാവര്ക്കും കഷ്ടതയുണ്ടാകും. നമ്മുടെ വിശ്വാസം മൂലം ഈ ലോകത്തില്‍ നമുക്ക് നല്ലത് മാത്രം വരും എന്നാണ് നമ്മുടെ പ്രതീക്ഷയെങ്കില്‍, നാം നിശ്ചയമായും നിരാശരാകേണ്ടി വരും. ആ പ്രത്യാശ നഷ്ടപ്പെട്ടാല്‍ ജീവിതത്തിനു തന്നെ അര്‍ത്ഥമില്ലാതെ വരും. മരിച്ചവരെ ഉയര്‍പ്പിക്കുവാന്‍ ശക്തനായ ദൈവത്തിലായിരുന്നു അവന്റെ പ്രത്യാശ.
മൂന്നാമതായി അബ്രഹാം തന്റെ വാത്സല്യ പുത്രനെ അങ്ങേയറ്റം സ്നേഹിച്ചിരുന്നു. അതില്‍ തന്നെ അതൊരു അപരാധമല്ല. എന്നാല്‍ യിസഹാക്കിനെക്കാളുപരി താന്‍ ദൈവത്തെ സ്നേഹിക്കുന്നുണ്ടോ എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. അങ്ങനെയുള്ള സ്നേഹം ദൈവഭക്തിയില്‍ നിന്നേ ഉളവാകുകയുള്ളൂ. അബ്രഹാം തന്റെ പുത്രനെ യാഗം കഴിക്കുവാന്‍ കത്തി എടുത്തപ്പോള്‍ ദൈവത്തിന്റെ ദൂതന് അവനെ തടുത്തു. അബ്രഹാമിന്റെ ദൈവഭയത്തെക്കുറിച്ച് അവന് മാനുഷഭാഷയില് ഇങ്ങനെ പറഞ്ഞു. ബാലന്റെമേൽ കൈവയ്ക്കരുത്; അവനോട് ഒന്നും ചെയ്യരുത്; നിന്റെ ഏകജാതനായ മകനെ തരുവാൻ നീ മടിക്കായ്കകൊണ്ട് നീ ദൈവത്തെ ഭയപ്പെടുന്നു എന്നു ഞാൻ ഇപ്പോൾ അറിയുന്നു എന്ന് അവൻ അരുളിച്ചെയ്തു.
കല്പനകളില് ഏറ്റവും വലുതേത് എന്നൊരു ശാസ്ത്രി കര്‍ത്താവിനോടായി ചോദിച്ചത് നാം സുവിശേഷങ്ങളില്‍ വായിക്കുന്നുണ്ട്. 27 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു താന്‍ ഉത്തരം പറഞ്ഞു. പൂര്‍ണ്ണ ഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുമ്പോള്‍, കൂട്ടുകാരനെ എങ്ങനെ സ്നേഹിക്കും. ദൈവസ്നേഹം കൊണ്ട് നമ്മുടെ ഹൃദയം നിറയുമ്പോള്‍ മറ്റുള്ളവരെ ആ സ്നേഹത്താല്‍ സ്നേഹിക്കുവാന്‍ നമുക്ക് സാധിക്കും. ദാവീദ് പറയുന്നത് പോലെ എന്റെ പാനപാത്രം നിറഞ്ഞു കവിയുന്നു എന്ന് അബ്രഹാമിന്നും പറയുവാന്‍ സാധിക്കും.
നമ്മില്‍ നിന്ന് ദൈവം പ്രതീക്ഷിക്കുന്ന ഏക കാര്യം നാം അവനെ സ്നേഹിക്കണം എന്നുള്ളതാണ്. തന്റെ വാത്സല്യ പുത്രനായ യിസഹാക്കിനെ ഒരു നരബലിയായി സ്വീകരിക്കുവാന്‍ ദൈവം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. മറിച്ച് ദൈവിക നന്മയിലുള്ള അബ്രഹാമിന്റെ അചഞ്ചലമായ പ്രതിപത്തതയും, ഏകാഗ്രമായ വിശ്വാസവും വെളിച്ചത്ത് കൊണ്ടുവരുവാന്‍ ദൈവം ആഗ്രഹിച്ചു. എന്ന് മാത്രമല്ല, അബ്രഹാമിനെപ്പോലെ നാമും പരീക്ഷികള്‍ നേരിടുമ്പോള്‍ നമ്മുടെ വിശ്വാസം കൈവിടാതിരിക്കുവാനും, മടുത്തുപോയി പിന്വാങ്ങാതിരിക്കുവാനും വേണ്ടിയും കൂടിയാണ് ഈ കാര്യങ്ങള്‍ ദൈവം അനുവദിച്ചത്. വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും, സ്നേഹത്തിന്റെയും അഗ്നി പരീക്ഷകള്‍ അബ്രഹം കര്‍ത്താവിനോടുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ വിജയിച്ചതു പോലെ നാമും ദൈവാത്മശക്തിയിലാശ്രയിച്ച് മുന്നേറുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment