16M_വലഞ്ഞുപോയ നീതിമാന്
2 പത്രോസ് 2. 4 പാപം ചെയ്ത ദൂതന്മാരെ ദൈവം ആദരിക്കാതെ അന്ധതമസ്സിന്‍റെ ചങ്ങലയിട്ടു നരകത്തിലാക്കി ന്യായവിധിക്കായി കാപ്പാൻ ഏല്പിക്കയും
5 പുരാതനലോകത്തെയും ആദരിക്കാതെ ഭക്തികെട്ടവരുടെ ലോകത്തിൽ ജലപ്രളയം വരുത്തിയപ്പോൾ നീതിപ്രസംഗിയായ നോഹയെ ഏഴു പേരോടുകൂടെ പാലിക്കയും
6 സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരിച്ചു ഉന്മൂലനാശത്താൽ ന്യായം വിധിച്ചു മേലാൽ ഭക്തികെട്ടു നടക്കുന്നവർക്കു
7 ദൃഷ്ടാന്തമാക്കിവെക്കയും അധർമ്മികളുടെ ഇടയിൽ വസിച്ചിരിക്കുമ്പോൾ നാൾതോറും അധർമ്മപ്രവൃത്തി കണ്ടും കേട്ടും
8 തന്‍റെ നീതിയുള്ള മനസ്സിൽ നൊന്തു അവരുടെ ദുഷ്കാമപ്രവൃത്തിയാൽ വലഞ്ഞുപോയ നീതിമാനായ ലോത്തിനെ വിടുവിക്കയും ചെയ്തു.
വടക്കേ ആഫ്രിക്കയിലെ ആദിവാസികളുടെ ഇടയില്‍ കുരങ്ങുകളെ പിടിക്കുവാന്‍ ഒരെളുപ്പവഴിയുണ്ട്. കുരങ്ങിന്‍റെ കൈപത്തി മാത്രം കയറുവാന്‍ കഴിയുന്ന ഒരു പാത്രത്തിനുള്ളില്‍ അതിനിഷ്ടമുള്ള കപ്പലണ്ടി വെക്കുകയും, ആ പാത്രം മരത്തിനോട് ചേര്‍ത്ത് ബന്ധിക്കയും ചെയ്യുന്നു. രാത്രിയില്‍ ഭക്ഷണം തേടി വരുന്ന കുരങ്ങ് ആ പാത്രത്തില്‍ കൈയിടുകയും, ആ കൈനിറയെ തനിക്കിഷ്ടമുള്ള കപ്പലണ്ടി കൈക്കലാക്കുകയും ചെയ്യും. കൈനിറയെ കപ്പലണ്ടി നിക്കുമ്പോള്‍ അതിന് കൈ പുറത്തേക്ക് എടുക്കുവാന്‍ സാധിക്കാതെ വരുന്നു. രാവിലെ വരെയും കൈ പുറത്തെടുക്കുവാന്‍ പ്രയാസപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ അതിനെ അനായാസം പിടിക്കയും ചെയ്യുന്നു. വിലയില്ലാത്ത അല്‍പം കപ്പലണ്ടിക്കായി തന്‍റെ ജീവിതം നശിപ്പിച്ച കുരങ്ങിനെ നാം പരിഹസിച്ചേക്കാം. എന്നാല്‍ ഇന്ന് നാം വായിച്ച വേദഭാഗത്തില്‍ താല്‍ക്കാലിക ലാഭത്തിനായി ഇങ്ങനെ ജീവതത്തില്‍ വിലയേറിയ പലതും നഷ്ടപ്പെടുത്തിയ ഒരു വ്യക്തിയെ നമുക്ക് കാണാം.
അബ്രഹാം കല്‍ദയരുടെ ഊരില്‍നിന്ന് പുറപ്പെട്ടുവന്നപ്പോള്‍ തന്നോടൊപ്പം വന്ന തന്‍റെ സഹോദരപുത്രനായിരുന്നു ലോത്ത്. അവർ ഒന്നിച്ചു പാർപ്പാൻ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല. എന്നാല്‍ അവരുടെ ഇടയന്മാര്‍ തമ്മില്‍ പിണക്കമുണ്ടായപ്പോള്‍ തനിക്കിഷ്ടമുള്ള സ്ഥലം തെരഞ്ഞെടുക്കുവാനുള്ള അബ്രഹാമിന്‍റെ നിര്‍ദേശം ലോത്ത് അംഗീകരിക്കയുണ്ടായി. ദുഷ്ടതനിറഞ്ഞ പട്ടണമായ സോദേമിനോട് ചേര്‍ന്നുള്ള പചപ്പു നിറഞ്ഞ താഴ്വര താന്‍ തിരഞ്ഞെടുത്തു. അല്പകാലത്തിനുള്ളില്‍ ലോത്ത് സോദോം പട്ടണത്തിലേക്ക് താമസം മാറ്റിയതായി നാം വായിക്കുന്നു. എന്നിരുന്നാലും ലോത്തിനെ ഒരു നീതിമാനായാണ് നാം വായിച്ച ഭാഗത്ത് ചിത്രീകരിച്ചിരിക്കുന്നത്. ദുഷ്ടത നിറഞ്ഞ പട്ടണത്തില്‍ പോയി താമസിക്കുവാന്‍ സ്വയം തിരഞ്ഞെടുത്തവനും, ആ പട്ടണത്തെ നശിപ്പിക്കുവാന്‍ വന്ന ദൂതന്മാരുടെ വാക്കുകേള്‍ക്കുവാന്‍ വിമുഖത കാട്ടുകകൊണ്ട് അവരാല്‍ നിര്‍ബന്ധിക്കപ്പെട്ടവനും, അവസാനം തന്‍റെ ഭാര്യയെപ്പോലും ഹൃദയംകൊണ്ട് ആ പട്ടണം വിട്ട് പോരുവാന്‍ സ്വാധീനിക്കാന്‍ കഴിയാത്തവനുമായ ഒരാളെ എങ്ങനെ നീതിമാനായി കണക്കാക്കും. തന്‍റെ രണ്ടു പുത്രിമാരും അപ്പനാല്‍ ഗര്‍ഭംധരിക്കപ്പെടതക്കവണ്ണം അവനെ വീഞ്ഞുകുടിപ്പിച്ച് അവനോടു കൂടെ ശയിച്ച മ്ലേച്ഛതയും നാം ആ ഭാഗത്ത് വായിക്കുന്നു. വിശ്വാസത്തിന്‍റെ തെറ്റായ മാതൃകയായി പലരും കാണുന്ന മറ്റൊരു വ്യക്തിയാണ് ശിംശോന്‍. എന്നാല്‍ അദ്ദേഹത്തെ എബ്രായലേഖനം 11ല്‍ ദൈവത്താല്‍ നല്ല സാക്ഷ്യം ലഭിച്ചവരുടെ പട്ടികയില്‍ നാം കാണുന്നു.
എന്നാല്‍ ഈ രണ്ടുപേരേയും അബ്രഹാമിനെപ്പോലെത്തന്നെ നീതിമാന്മാരായി ദൈവം എണ്ണി എന്ന് മനസ്സിലാക്കാം. ദൈവം മനുഷ്യരെ നീതിമാന്മാരായി കണക്കാക്കിയത് അവരുടെ നന്മ കൊണ്ടല്ല മറിച്ച് അഭക്തനെ നീതിമാനായി എണ്ണുവാന്‍ കഴിയുന്ന ദൈവത്തിലുള്ള അവരുടെ വിശ്വാസം മൂലമാണ്. മലിനത നിറഞ്ഞ ജനത്തിന്‍റെ ഇടയില്‍ ജീവിച്ചപ്പോഴും തന്‍റെ ദൈവിക മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുവാന്‍ ലോത്ത് ശ്രമിച്ചതായി നാം കാണുന്നു. തന്‍റെ രണ്ടു പെണ്‍മക്കളും പുരുഷന്‍ തൊടാത്തവരാണ് എന്ന തന്‍റെ പ്രസ്താവനയില്‍നിന്ന് അവരെ ദൈവിക വഴികളില്‍ നടത്തുവാന്‍ താന്‍ ശ്രമിച്ചു എന്ന് മനസ്സിലാക്കാം. പട്ടണവാതില്‍ക്കല്‍ ആ പട്ടണത്തിലെ ഒരു പ്രധാനിയായി ഇരിക്കയായിരുന്ന ലോത്ത് അപരിചിതരെ കണ്ടപ്പോള്‍ അവരെ തന്‍റെ വീട്ടിലേക്ക് സ്വാഗതം ചെയ്തു. ആ പട്ടണത്തിന്‍റെ ദുഷ്ടതയും, ആ വഴിപോക്കര്‍ വീഥിയില്‍ രാപാര്‍ക്കുന്നതിന്‍റെ അപകടവും താന്‍ മനസ്സിലാക്കി. സോദോം പട്ടണത്തിന്‍റെ അഭക്തിയും, ദുഷ്ടതയും അറിഞ്ഞു എന്നു മാത്രമല്ല തന്‍റെ പട്ടണത്തില്‍ വന്ന അപരിചിതരെ അവരുടെ ദുഷ്ടതയില്‍ നിന്ന് സംരംക്ഷിക്കുവാന്‍ താന്‍ ധീരമായി മുന്‍കൈയെടുത്തു. ആ അതിഥികളെ തന്‍റെ വീട്ടില്‍ കൈകൊണ്ടു എന്ന് മാത്രമല്ല, അവരെ ഉപദ്രവിക്കുവാന്‍ വന്ന ജനങ്ങളില്‍ നിന്ന് അവരെ കാത്തുകൊള്ളുകയും ചെയ്തു. ദൂതന്മാര്‍ പറഞ്ഞ കാര്യങ്ങള്‍ താന്‍ വിശ്വസിക്കുകയും, തന്‍റെ പുത്രമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു ആ പട്ടണത്തിന്‍റെ നാശത്തെക്കുറിച്ച് സംസാരിക്കയും ചെയ്തു. അവസാനമായി ഭാര്യ ഉപ്പുതൂണായി മാറിയപ്പോഴും പുറകോട്ടു തിരിഞ്ഞുനോക്കരുത് എന്ന ദൂതന്മാരുടെ കല്‍പന താന്‍ പൂര്‍ണ്ണമായി അനുസരിച്ചതായും നാം കാണുന്നു.
തന്‍റെ വിശ്വാസം നിമിത്തം തീയില്‍കൂടി എന്നപോലെ ലോത്ത് രക്ഷപ്പെട്ടു. ലോത്തിന്‍റെ ജീവതം ഒന്ന് തിരിഞ്ഞുനോക്കി, താന്‍ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായി എന്തല്ലാം ചെയ്യാമായിരുന്നു എന്ന് നമുക്ക് നോക്കാം. അഭിവൃദ്ധി പ്രാപിക്കണം എന്ന വ്യക്തിപരമായ തന്‍റെ ആഗ്രഹം മാറ്റിവെച്ച് അബ്രഹാമിന് ആദ്യം തിരഞ്ഞെടുക്കുവാനുള്ള അവസരം തനിക്ക് നല്‍കാമായിരുന്നു. തനിക്ക് തെരഞ്ഞെടുക്കുവാന്‍ അവസരം തന്നപ്പോള്‍ തന്നെ ആട്ടിന്‍കൂട്ടത്തിന് തക്കതായ മേച്ചില്‍പ്പുറങ്ങള്‍ മാത്രമായിരിക്കരുതായിരുന്നു തന്‍റെ തെരഞ്ഞെടെപ്പിന്‍റെ അടിസ്ഥാനം.
ഭൗതിക സമൃദ്ധിയും ഉയർന്ന ജീവിത നിലവാരവും മാത്രമായിരിക്കരുത് താമസസ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള നമ്മുടെ മാനദണ്ഡം. ആ നഗരത്തിലെ ആളുകൾ ദുഷ്ടന്മാരും ദൈവമുമ്പാകെ പാപികളുമാണെന്ന് അവന് അറിയാമായിരുന്നു. തൻ്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനായി ദൈവം നമ്മെ അത്തരമൊരു സ്ഥലത്തേക്ക് നയിച്ചേക്കാം എന്നത് ശരിയാണ്. ജീവനുള്ള ദൈവത്തിൽ വിശ്വസിക്കാത്ത ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നിട്ടും കനാനിൽ പോയി ജീവിക്കുവാൻ ദൈവം അബ്രഹാമിനോട് ആവശ്യപ്പെട്ടു. എന്നാൽ ലോത്തിൻ്റെ തിരഞ്ഞെടുപ്പ് അവന്‍റെ സ്വന്തഇഷ്ടപ്രകാരമുള്ളതായിരുന്നു..
നമ്മുടെ തിരഞ്ഞെടുപ്പുകളുടെ അനന്തരഫമാണ് നമ്മുടെ ജീവിതത്തിന്‍റെ അന്തസത്ത.
ദൈവകൽപ്പനകളോടുള്ള നമ്മുടെ പ്രതികരണം
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ നമ്മുടെ മാനതണ്ഡങ്ങള്‍,
നമ്മുടെ സുഹൃത്തുക്കളുടെ തിരഞ്ഞെടുക്കുന്ന രീതി,
ഞങ്ങളുടെ താമസ സ്ഥലം തിരഞ്ഞെടുക്കുന്ന വ്യവസ്ഥകള്‍,
ക്രിസ്തുവിൻ്റെ ശരീരത്തിലുള്ളവരോടുള്ള നമ്മുടെ മനോഭാവം,
ആവശ്യത്തിലിരിക്കുന്നവരോടുള്ള നമ്മുടെ ഭാവം
കൊടുക്കാനുള്ള നമ്മുടെ മനോഭാവം,
കുട്ടികളെ വളർത്തുന്നതിനോടുള്ള നമ്മുടെ മനഃസ്ഥിതി
പണത്തോടുള്ള നമ്മുടെ മനോഭാവം
ജോലി തിരഞ്ഞെടുക്കുന്ന മാസതണ്ഡങ്ങള്‍
പാപത്തിൽ ജീവിക്കുന്ന ഒരു സഹോദരനോടുള്ള നമ്മുടെ മനോഭാവം,
നമ്മുടെ ശത്രുക്കളോടുള്ള നമ്മുടെ മനോഭാവം.
എന്നിങ്ങനെ നമ്മുടെ ജീവതത്തിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും നമ്മുടെ ജീവതഗതിയെ മാറ്റിമറിക്കുന്നതായിരിക്കും.
ലോത്ത് തൻ്റെ വിശ്വാസം നിമിത്തം സ്വന്തം നീതി കാത്തുസൂക്ഷിച്ചെങ്കിലും, തന്‍റെ ഭാര്യയോ മക്കളെയോ വിശ്വാസത്തല്‍ നിലനിര്‍ത്തുവാന്‍ തനിക്ക് സാധിച്ചില്ല. ദൈവത്തിൻ്റെ ന്യായവിധിക്ക് കീഴിലുള്ള പാപപങ്കിലമായ ആ നഗരത്തോടുള്ള അവളുടെ ഹൃദയത്തിൻ്റെ ആഗ്രഹം കാരണം ലോത്തിന്‍റെ ഭാര്യ പുറകോട്ട് തിരിഞ്ഞു നോക്കിയതായി നാം വായിക്കുന്നു. വെളിപ്പാടുപുസ്തകത്തില്‍ നാം വായിക്കുന്ന ദർശനത്തിൽ ബാബിലോണിനെക്കുറിച്ചു വിലപിച്ച രാജാക്കന്മാരെപ്പോലെ, അവളുടെ മനോഭാവം ദൈവികമാണോ അല്ലയോ എന്ന് ശ്രദ്ധിക്കാതെ അവൾ അപ്പോഴും ദുഷ്ടതയേറിയ നഗരത്തെ സ്നേഹിക്കുകയും ആഗ്രഹിക്കുകയും ചെയ്തു. അജ്ഞാതമായ ഒരു തെറ്റിനല്ല അവൾ ശിക്ഷിക്കപ്പെട്ടതെന്ന് ഇതിനാല്‍ നമുക്ക് മനസ്സിലാക്കാം. അവിശ്വാസത്തിൽ നിന്ന് ഉടലെടുത്ത മനഃപൂർവമായ അനുസരണക്കേട് കാരണമായിരുന്നു താന്‍ ശിക്ഷിക്കപ്പെട്ടത്. അന്ത്യനാളുകളെക്കുറിച്ച് പ്രസ്താവിക്കുന്ന സമയത്ത് കര്‍ത്താവ് ഇങ്ങനെ പറയുകയുണ്ടായി ലൂക്കോസ് 17. 31 അന്നു വീട്ടിന്മേൽ ഇരിക്കുന്നവൻ വീട്ടിന്നകത്തുള്ള സാധനം എടുപ്പാൻ ഇറങ്ങിപ്പോകരുതു; അവ്വണം വയലിൽ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
32 ലോത്തിന്‍റെ ഭാര്യയെ ഓർത്തുകൊൾവിൻ.
നാം അമൂല്യമായി കരുതുന്നതെന്തോ അത് നമ്മുടെ ഹൃദയത്തെ പിടിച്ചുനിർത്തും. അതുകൊണ്ട് ഭൂമിയിലുള്ളത് നിക്ഷേപമായി കാണാതെ സ്വർഗത്തിൽ നിക്ഷേപിക്കുവാൻ കർത്താവ് നമുക്ക് മുന്നറിയിപ്പ് നൽകുന്നു.
ലോത്തിൽ നിന്ന് വ്യത്യസ്തമായി, സോദോം നഗരത്തിൻ്റെ ദുഷ്ടതയുടെ വ്യക്തമായ ഒരു ദൃഷ്ടാന്തം നാം ഈ അദ്ധ്യായത്തില്‍ കാണുന്നു. ദൂതന്മാർ ലോത്തിനൊപ്പം താമസിച്ച രാത്രി, ആ പട്ടണവാസികള്‍ ബലമായി തന്‍റെ വീട്ടിനകത്തേക്ക് കടക്കുവാൻ ശ്രമിച്ചു, പക്ഷേ ദൈവം വാതിൽക്കൽ ഉണ്ടായിരുന്ന പുരുഷന്മാർക്ക് ആബാലവൃദ്ധം അന്ധത പിടിപ്പിച്ചു. അവർക്കുപോലും മനസ്സിലാക്കുവാൻ കഴിയുന്ന, ദൈവത്തിൻ്റെ അപ്രീതിയുടെ അടയാളമായ, വ്യക്തമായ ഒരു അത്ഭുതമായിരുന്നു ഇത്. എന്നിട്ടും അവർ ദൈവഭയത്തിൽ തങ്ങളുടെ ദുഷിച്ച ചിന്തകളെക്കുറിച്ച് അനുതപിക്കുന്നതിനുപകരം രാത്രി മുഴുവൻ വാതിലിനു വേണ്ടി തപ്പിനടന്നതായി നാം വായിക്കുന്നു. അതുപോലെ, ഇതെല്ലാം കൺമുന്നിൽ സംഭവിക്കുന്നത് കണ്ടിട്ടും അവൻ്റെ പെൺമക്കൾ അവിശ്വാസികളായി തുടർന്നു. സ്വന്തം പിതാവിനാൽ ജനിച്ച അവരുടെ ജാരസന്തതികളായ മോവാബും, അമ്മോനും പിന്നീട് ദുഷ്ട നിറഞ്ഞ രാജ്യങ്ങളായിത്തീര്‍ന്നത് ചരിത്രത്തില്‍ നമുക്ക് കാണാം.
സദൃ 29.1 കൂടക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.
നമ്മുടെ സ്വന്തം ബുദ്ധിയേക്കാളുപരി ദൈവത്തിന്‍റെ കല്‍പനകളിലും, നിര്‍ദ്ദേശങ്ങളിലും ആശ്രയിച്ച് ദൈവഭയത്തില്‍ ജീവത തീരുമാനങ്ങള്‍ നാം എടുക്കേണ്ടതാണ്. ഇങ്ങനെമാത്രമെ നമുക്ക് വിശ്വാസജീവിതം നയിക്കുവാനും, ദൈവത്തില്‍ നിന്നുള്ള നല്ല സാക്ഷ്യം പ്രാപിക്കുവാനും സാധിക്കയുള്ളൂ. നശിച്ചുപോകുന്ന ഈ ലോകത്തിലല്ല മറിച്ച് ദൈവസന്നിധിയില്‍ എന്നേക്കും നിലനില്‍ക്കുന്ന നിക്ഷേപം സ്വരൂപിക്കുവാന്‍ വിശ്വാസത്താല്‍ മാത്രമേ നമുക്ക് സാധ്യമാവൂ. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment