+91 9892580744
gospelbroadcast@yahoo.com

Feb-11-09M-വിശ്വാസയാത്രയിലെ വഴിത്തിരിവുകള്

Feb-11-09M-വിശ്വാസയാത്രയിലെ വഴിത്തിരിവുകള്

LWGB Malayalam Podcast
LWGB Malayalam Podcast
Feb-11-09M-വിശ്വാസയാത്രയിലെ വഴിത്തിരിവുകള്
Loading
/

09M_വിശ്വാസയാത്രയിലെ വഴിത്തിരിവുകള്

ഉല്‍പത്തി 11.3 അവൻ തന്‍റെ യാത്രയിൽ തെക്കുനിന്നു ബേഥേൽവരെയും ബേഥേലിനും ഹായിക്കും മധ്യേ തനിക്ക് ആദിയിൽ കൂടാരം ഉണ്ടായിരുന്നതും താൻ ആദിയിൽ ഉണ്ടാക്കിയ യാഗപീഠമിരുന്നതുമായ സ്ഥലംവരെയും ചെന്നു.
4 അവിടെ അബ്രാം യഹോവയുടെ നാമത്തിൽ ആരാധിച്ചു.
5 അബ്രാമിനോടുകൂടെ വന്ന ലോത്തിനും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
6 അവർ ഒന്നിച്ചു പാർപ്പാൻ തക്കവണ്ണം ദേശത്തിന് അവരെ വഹിച്ചുകൂടാഞ്ഞു; സമ്പത്ത് വളരെ ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ഒന്നിച്ചു പാർപ്പാൻ കഴിഞ്ഞില്ല.
7 അബ്രാമിന്‍റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിന്‍റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്നു ദേശത്തു പാർത്തിരുന്നു.
8 അതുകൊണ്ട് അബ്രാം ലോത്തിനോട്: എനിക്കും നിനക്കും എന്‍റെ ഇടയന്മാർക്കും നിന്‍റെ ഇടയന്മാർക്കും തമ്മിൽ പിണക്കം ഉണ്ടാകരുതേ; നാം സഹോദരന്മാരല്ലോ.
9 ദേശമെല്ലാം നിന്‍റെ മുമ്പാകെ ഇല്ലയോ? എന്നെ വിട്ടുപിരിഞ്ഞാലും. നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം; നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ടു പൊയ്ക്കൊള്ളാം എന്നു പറഞ്ഞു.
10 അപ്പോൾ ലോത്ത് നോക്കി യോർദ്ദാനരികെയുള്ള പ്രദേശമൊക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതിനുമുമ്പേ അതു യഹോവയുടെ തോട്ടംപോലെയും സോവാർവരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
11 ലോത്ത് യോർദ്ദാനരികെയുള്ള പ്രദേശമൊക്കെയും തിരഞ്ഞെടുത്തു; ഇങ്ങനെ ലോത്ത് കിഴക്കോട്ടു യാത്രയായി; അവർ തമ്മിൽ പിരിഞ്ഞു.

1956ല്‍ തേക്കേ അമേരിക്കയിലെ ഇഖ്യഡോര്‍ കാടുകളിലുള്ള ഔകാ ഇന്ത്യക്കാരുടെ ഇടയില്‍ സുവിശേഷം അറിയിക്കുവാന്‍ പോയി രക്തസാക്ഷിയായ അമേരിക്കന്‍ മിഷനറി ജിം എല്യട്ട് പ്രസിദ്ധമായി ഇങ്ങനെ പറഞ്ഞിട്ടുണ്ട്. നഷ്ടപ്പെടാനാവാത്തത് നേടുവാനായി കാത്ത് സൂക്ഷിച്ചുവെക്കുവാന്‍ കഴിയാത്തത് വിട്ട് കൊടുക്കുന്നവന്‍ വെറുമൊരു മൂഢനല്ല.

രണ്ടു പേര്‍ തമ്മില്‍ കലഹം ഉണ്ടാകുമ്പോൾ ആരാണ് വിട്ടുകൊടുക്കേണ്ടത്, നാം എങ്ങനെയാണ് അതിന്ന് പരിഹാരം കണ്ടെത്തുക? ഒരു സമൂഹത്തിൽ ജീവിക്കുമ്പോൾ മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിൽ ഒന്നാണിത്. ഉല്പത്തി 13-ൽ അബ്രഹാമിന്‍റെ ഇടയന്മാരും ലോത്തിന്‍റെ ഇടയന്മാരും തമ്മില്‍ പിണക്കമുണ്ടായതായി നാം കാണുന്നു. ഇരുവർക്കും വലിയ ആട്ടിൻകൂട്ടങ്ങളുണ്ടായിരുന്നു. ഇരുവർക്കും തങ്ങളുടെ ആടുകളുടെ ഭക്ഷണവും, ആരോഗ്യവും നിലനിർത്താൻ പുൽമേടുകൾ ആവശ്യമായിരുന്നു. ലോത്തിനെ സംബന്ധിച്ചെടുത്തോളം അബ്രഹാം ഒരു പിതാവിന്‍റെ സ്ഥാനത്തായിരുന്നു. ദൈവം അബ്രഹാമിനെ കൽദയരുടെ ഊരിൽ നിന്ന് വിളിച്ചപ്പോള്‍, ലോത്തും അവനോടൊപ്പം പോയി. ലോത്തിനല്ല, മറിച്ച് അബ്രഹാമിനാണ് ദൈവം വാഗ്ദാനങ്ങൾ നല്‍കിയത് . വ്യവസ്ഥകൾ നിർദേശിക്കാനുള്ള എല്ലാ അവകാശവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നിട്ടും തിരഞ്ഞെടുക്കാനുള്ള അവകാശം സഹോദരനെ ഏൽപ്പിക്കുന്നത് നാം കാണുന്നു. അബ്രഹാം ഈ സാഹചര്യം കൈകാര്യം ചെയ്തതിൽ നിന്ന് വളരെ പ്രധാനപ്പെട്ട ചില പാഠങ്ങൾ നമുക്ക് പഠിക്കുവാന്‍ സാധിക്കും.

1. അവർ തമ്മില്‍ സഹോദരന്മാരാണെന്നും പരസ്പരം പോരടിക്കുകയും, പിണങ്ങുകയും ചെയ്യരുതെന്നും അവൻ തിരിച്ചറിഞ്ഞു
അവർ ഒരേ കുടുംബത്തിലെ സഹോദരങ്ങളാണെന്ന പ്രധാന സത്യത്തെക്കുറിച്ച് അബ്രഹാം ലോത്തിനെ ഓർമ്മിപ്പിച്ചു. ദൈവം കുടുംബത്തിനുള്ളിൽ സ്നേഹഭാവത്തില്‍ നിന്നും, നിര്‍മ്മല ഹൃദയത്തിൽ നിന്നുമുള്ള സമാധാനം ഉദ്ദേശിക്കുകയും അത് ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് താന്‍ മനസ്സിലാക്കി.

2. ക്രിസ്തുവിൽ ആര്‍ക്കും തകർക്കാനാവാത്ത ഉടമ്പടിയാല്‍ നാം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുത താന്‍ തിരിച്ചറിഞ്ഞു.
അബ്രഹാമിനോട് ചേർന്നുകൊണ്ട് ലോത്തും ആ ഉടമ്പടിയുടെ അനുഗ്രഹങ്ങൾ പങ്കുവെച്ചു. അവർ തമ്മിലുള്ള സമാധാനമായിരുന്നു അവർ ഉടമ്പടി പങ്കിടുന്നതിന്‍റെ തെളിവ്. യേശു പറഞ്ഞു “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്. മറ്റൊരിടത്ത് അവന്‍ ഇങ്ങനെയും കൂടെ പറഞ്ഞു ഉപ്പു നല്ലതു തന്നേ; ഉപ്പു കാരമില്ലാതെ പോയാലോ എന്തൊന്നിനാൽ അതിന്നു രസം വരുത്തും? നിങ്ങളിൽ തന്നേ ഉപ്പുള്ളവരും അന്യോന്യം സമാധാനമുള്ളവരും ആയിരിപ്പിൻ.. ഉപ്പ് ലംഘിക്കാനാവാത്ത ഒരു ഉടമ്പടിയെ പ്രതിനിധീകരിക്കുന്നു. ദൈവം ക്രിസ്തുവിന്‍റെ രക്തത്തിനാല്‍ ഉണ്ടാക്കിയ സമാധാന ഉടമ്പടിയിലൂടെ നമ്മെ പരസ്പരം ചേർത്തിണക്കിയിരിക്കുന്നു. തിരുവെഴുത്ത് എഫെ 4:3 പറയുന്നു, “ആത്മാവിന്‍റെ ഐക്യത സമാധാനബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ്‍വിൻ..”

3. പലപ്പോഴും സമാധാനം നിലനിർത്തുന്നതിന് വേണ്ടി നാമൊരു വലിയ വില നൽകേണ്ടതായി വരും. താൽക്കാലികമായി നമുക്ക് ചില അസൌകര്യങ്ങളൊക്കെ സഹിക്കേണ്ടതായി വരും. ഈ കാര്യത്തില്‍ നമ്മുടെ കര്‍ത്താവ് നമുക്ക് നല്ലൊരു മാതൃക വെച്ചിട്ടുണ്ട്. ദൈവവും, മനുഷ്യനും തമ്മില്‍ സമാധാനം ഉണ്ടാക്കുവാന്‍ സമാധാന പ്രഭുവായ തന്‍റെ പുത്രനെ കുരിശിൽ ഏൽപ്പിച്ചു. തനിക്ക് പ്രിയപ്പെട്ടതെല്ലാം മറുവിലയായി കൊടുത്ത് ശത്രുക്കളുമായി നമ്മെ വീണ്ടടെത്തുതലൂടെ ദൈവം നമ്മോടുള്ള സ്നേഹം പ്രകടമാക്കി.

4. തന്‍റെ അവകാശങ്ങൾ പുനഃസ്ഥാപിക്കപ്പെടുവാനും, നീതീകരിക്കപ്പെടുവാനും അബ്രഹാം ദൈവത്തിൽ വിശ്വസിച്ചു.
നമ്മുടേതായത് നാം മനസ്സോടെ ദൈവമുമ്പാകെ സമർപ്പിക്കുമ്പോൾ, നമുക്ക് പ്രതിഫലം നൽകുവാനും നമ്മെ നീതീകരിക്കാനും കഴിവുള്ള ദൈവത്തിലുള്ള വിശ്വാസത്തെയാണ് നാം വെളിവാക്കുന്നത്. “നീതിയായി വിധിക്കുന്നവന്‍റെ കയ്യില്‍ അവൻ തന്നെത്താൻ ഏല്പിച്ചു” എന്ന് കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ച് നാം വായിക്കുന്നു.
നമ്മുടെ അവകാശങ്ങൾ അപകടത്തിലാകുമ്പോൾ നമ്മൾ എന്തിനാണ് ശണ്ഠയിടുന്നത്? നമ്മുടെ പിതാവ് തന്‍റെ സമയത്ത് നമുക്ക് നീതി നൽകുമെന്ന് വിശ്വസിക്കാത്തത് കൊണ്ടല്ലേ? അല്ലെങ്കിൽ, നമുക്ക് അവന്‍റെ സമയത്തിന്നായി ക്ഷമയോടെ കാത്തിരിക്കുവാന്‍ മനസ്സില്ല. ആയതിനാൽ ഇപ്പോൾ തന്നെ നീതി ലഭിക്കുവാന്‍ നാം വെമ്പല്‍ കൊള്ളുന്നു.

റോമർ 4:21-ൽ അബ്രഹാമിന്‍റെ വിശ്വാസത്തെക്കുറിച്ച് നാം വായിക്കുന്നു. “ദൈവം വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു.” ഈ വാക്യത്തില്‍ നിന്ന് ലോത്തിനോട്‌ ആദ്യം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട്, ഏറ്റവും മേന്മയേറിയ ഭൂപ്രദേശിന്മേലുള്ള അവകാശം അബ്രഹാം ഉപേക്ഷിച്ചതിന്‍റെ കാരണം നമുക്ക് മനസ്സിലാക്കാം. അങ്ങനെ അവന്‍ വിശ്വാസത്താല്‍ വാഗ്ദത്തിന്‍റെ അവകാശിയായിത്തീര്‍ന്നു. ദൈവം വാഗ്‌ദത്തം ചെയ്‌തത് പ്രാപിക്കുന്നതില്‍ നിന്ന് തന്നെ തടയുവാന്‍ ലോത്തിനോ, മറ്റാരുശക്തിക്കും സാധ്യമല്ല എന്നതായിരുന്നു ആ വിശ്വാസത്തിന്‍റ അടിസ്ഥാനം.

5. ശണ്ഠയും കലഹവും ഉണ്ടാകുന്നത് നമ്മുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നാണ്.
യാക്കോബ് 4:1-4
“നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?
2 നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല.
3 നിങ്ങൾ യാചിക്കുന്നു എങ്കിലും നിങ്ങളുടെ ഭോഗങ്ങളിൽ ചെലവിടേണ്ടതിന്നു വല്ലാതെ യാചിക്കകൊണ്ടു ഒന്നും ലഭിക്കുന്നില്ല.
4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്‍റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്‍റെ ശത്രുവായിത്തീരുന്നു.” അബ്രഹാമിന്‍റെ ദൃഷ്ടി ലോകത്തിലല്ല മറിച്ച് പിതാവായ ദൈവത്തില്‍ ആയിരുന്നു. 1 യോഹ 2″16 ജഡമോഹം, കണ്മോഹം, ജീവനത്തിന്‍റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവിൽനിന്നല്ല, ലോകത്തിൽനിന്നത്രേ ആകുന്നു..”

6. ദൈവം നീതിമാനായ ന്യായാധിപനാണെന്ന് നാം ഓര്‍ത്തിരിക്കേണ്ടതാണ്.
ലോത്ത് തന്നെ വിട്ടു പിരിഞ്ഞശേഷം ദൈവം അബ്രഹാമിന് പ്രത്യക്ഷനായി, തീർച്ചയായും ആ ദേശത്തിന്‍റെ അവകാശിയാണെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇടത്തു ഭാഗത്തോ, വലത്തു ഭാഗത്തോ, മുന്നിലോ, പുറകിലോ ആയി അവൻ കണ്ട ദേശമെല്ലാം അവന് ദൈവം അവകാശമായി നല്‍കി. അവകാശങ്ങള്‍ നേടിയെടുക്കുവാനുള്ള നമ്മുടെ കഴിവുകൊണ്ടല്ല മറിച്ച് വാഗ്ദത്തം നല്കിയ ദൈവത്തിന്‍റ ശക്തിയിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയാണ് നമുക്ക് ദൈവിക വാഗ്ദത്തങ്ങള്‍ സ്വന്തമാകുന്നത്.

കൗശലത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ആര്‍ക്കും തന്നെ ദൈവം നമുക്കായി ഒരുക്കിയിരിക്കുന്നത് തട്ടിയെടുക്കാൻ സാധിക്കയില്ല. അത്തരമൊരു സാഹചര്യം നേരിടുമ്പോൾ, അബ്രഹാം പറഞ്ഞതു പോലെ കനാന്യരും പെരീസ്യരും ദേശത്തു പാര്‍ക്കുന്നു എന്ന് ഓർക്കുക. അവർ നമ്മുടെ ജഢത്തെ പ്രതിനിധീകരിക്കുന്നു. നമുക്ക് സ്വയം ശക്തിയാല്‍ അതിനെ കീഴടക്കുവാന്‍ സാധിക്കയില്ല. അതുകൊണ്ട് യുദ്ധം ചെയ്യുന്നതിനുപകരം, താഴ്മയോടെ ദൈവത്തിന് കീഴടങ്ങിക്കൊണ്ട് നമ്മുടെ അവകാശങ്ങൾ ദൈവകരങ്ങളില്‍ ഏൽപ്പിക്കുക.
നീതി നടപ്പാക്കാനും, തനിക്ക് ഉചിതമായി തോന്നുന്നു എങ്കില്‍ പ്രതികാരം ചെയ്യുവാനുള്ള അവകാശം കര്‍ത്തൃകരങ്ങളില്‍ നമുക്ക് ഭരമേല്‍പിക്കാം.അവൻ നീതിയുള്ള ന്യായാധിപതിയാണ്.

ഹാമോരിന്‍റെ മകനായ ശേഖേം തങ്ങളുടെ സഹോദരിയായ ദീനയെ അപമാനിച്ചപ്പോൾ യാക്കോബിന്‍റെ പുത്രന്മാർക്കും സമാനമായ ഒരു വെല്ലുവിളി നേരിടേണ്ടി വന്നു. പ്രതികാരമായി അവർ ആ പട്ടണത്തിലൂള്ള എല്ലാ പുരുഷന്മാരെയും കൊന്നു. ജഡികമായ ഈ പ്രതികാരം എന്തെങ്കിലും പ്രശ്നം പരിഹരിക്കുന്നതിനുപകരം മുഴുവൻ കുടുംബത്തെയും അപകടത്തിലാക്കിയതായി ജേക്കബ് അവരോട് പറയുന്നതായി നാം വായിക്കുന്നു. തന്‍റെ പിതാവായ യിസഹാക്കിനൊപ്പം ജീവിക്കുന്നതിനുപകരം, തന്‍റെ കുടുമ്പത്തെ ഒരു കനാന്യ നഗരത്തിന് സമീപം താമസിപ്പിച്ച തീരുമാനത്തിൽ മാനസാന്തരപ്പെട്ട് താഴ്മയിലും നുറുക്കത്തിലും ദൈവത്തെ അന്വേഷിക്കുക എന്നതായിരുന്നു ആ സാഹചര്യത്തില്‍ ശരിയായ പ്രതികരണം. വാഗ്ദത്തത്തിന്‍റെ അവകാശിയുമായി ജീവിക്കുന്നതിനുപകരം, ഐശ്വര്യത്തിന്‍റെ ലൗകിക സ്രോതസ്സുകൾക്ക് സമീപം ആയിരിക്കാനുള്ള ആഗ്രഹം പലപ്പോഴും നമ്മെ അപകടത്തിലേക്ക് നയിക്കും. ലോത്തും, യാക്കോബും, ഏശാവും വാഗ്ദത്തത്തിന്‍റെ അവകാശിയോടൊപ്പം ആയിരിക്കുന്നതിന്‍റെ മൂല്യം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു, എന്നാൽ യാക്കോബ് തന്‍റെ തെറ്റ് മനസ്സിലാക്കി, യിസ്ഹാക്കിനൊപ്പം താമസിക്കാൻ മടങ്ങിപ്പോയി. തന്‍റെ സഹോദരനായ ഏശാവ് പിതാവില്‍ നിന്നകന്ന് ഏദോമിൽ താമസിക്കാൻ പോയി. തന്‍റെ ജനത്തിന് മിസ്രയേമില്‍ 400 വർഷം അടിമകളായി കഴിയേണ്ടി വന്നിട്ടും യാക്കോബിന് ഒടുവിൽ ദൈവം വാഗ്ദത്തം ചെയ്ത കനാന്‍ ദേശം അവകാശമാക്കി.

ഓർക്കുക, നമ്മള്‍ക്കായുള്ള തന്‍റെ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിന്‍റെ ഉത്തരവാദിത്തം ദൈവത്തിനാണ്. അവനെ വിശ്വസിച്ച് അവനില്‍ വിശ്രമിക്കുക. ദുഷ്ടന്മാരോടുകൂടെ വസിക്കുന്നതിനുപകരം അവനോടുകൂടെ നമുക്ക് വസിക്കുാം. ദുഷ്ടന്മാർ അഭിവൃദ്ധി പ്രാപിക്കുമ്പോൾ അവരോട് അസൂയപ്പെടരുത്, കാരണം അവരുടെ സന്തോഷവും, സുരക്ഷിതത്വവും ഹ്രസ്വകാലത്തേക്ക് മാത്രമാണുള്ളത്. കർത്താവിൽ വിശ്വസിച്ച് നന്മ ചെയ്യുക. അങ്ങനെ നാം ദേശത്തു വസിക്കയും, ദൈവേഷ്ടം ചെയ്യുന്നു എന്ന അറിവായ ആ ജീവന്‍റെ അപ്പത്താൽ പോഷിക്കപ്പെടുകയും ചെയ്യും. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.

Post a comment