+91 9892580744
gospelbroadcast@yahoo.com

Feb-06-06M-ദൈവത്തോട് കൂടെ നടക്കുക

Feb-06-06M-ദൈവത്തോട് കൂടെ നടക്കുക

LWGB Malayalam Podcast
LWGB Malayalam Podcast
Feb-06-06M-ദൈവത്തോട് കൂടെ നടക്കുക
Loading
/

06M_ദൈവത്തോട് കൂടെ നടക്കുക

ഉല്‍പത്തി 5.21 ഹാനോക്കിന് അറുപത്തഞ്ചു വയസ്സായപ്പോൾ അവൻ മെഥൂശലഹിനെ ജനിപ്പിച്ചു.
22 മെഥൂശലഹിനെ ജനിപ്പിച്ചശേഷം ഹാനോക് മുന്നൂറു സംവത്സരം ദൈവത്തോടുകൂടെ നടക്കയും പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിക്കയും ചെയ്തു.
23 ഹാനോക്കിന്‍റെ ആയുഷ്കാലം ആകെ മുന്നൂറ്ററുപത്തഞ്ചു സംവത്സരമായിരുന്നു.
24 ഹാനോക് ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.

എബ്രാ 11.5 വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
6 എന്നാൽ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കൽ വരുന്നവൻ ദൈവം ഉണ്ടു എന്നും തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ.

മണലില്‍ പതിഞ്ഞ കാല്‍പ്പാടുകള്‍ എന്ന പ്രിസിദ്ധമായ ചെറുകവിതയില്‍ കവി താന്‍ കണ്ട ഒരു സ്വപ്നം വിവരിക്കുന്നുണ്ട്. ദൈവത്തോടുകൂടെയുള്ള തന്‍റെ യാത്ര കടല്‍പ്പുത്തെ മണലില്‍ പതിഞ്ഞ 2 ജോഢി കാല്‍പാദങ്ങളായി തനിക്ക് കാണാമായിരുന്നു. എന്നാല്‍ ആ കാല്‍പാദങ്ങളെ സൂക്ഷിച്ചു നോക്കിയപ്പോള്‍ ചില ഇടങ്ങളില്‍ ഒരു ജോഢി പാദമുദ്രയെ തനിക്ക് കാണുവാന്‍ സാധിച്ചുള്ളൂ.ഓര്‍മ്മിച്ചെടുത്തപ്പോള്‍ ഒരു ജോഢി പാദമുദ്ര കണ്ട കാലഘട്ടം തന്‍റെ ജീവിതത്തിലെ ഏറ്റവും വൈഷമ്യം നിറഞ്ഞ സമയങ്ങളായിരുന്നു എന്ന് തനിക്ക് മനസ്സിലായി. ദൈവത്തോടായി താന്‍ ഇങ്ങനെ പറഞ്ഞു കര്‍ത്താവേ ഞാന്‍ നിന്നെ എന്‍റെ ജീവത്തിലേക്ക് സ്വീകരിച്ചപ്പോള്‍ നീ എന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല എന്ന് വാഗ്ദത്തം നല്കിയല്ലോ. എന്നാല്‍ ജീവിതത്തിന്‍റെ വിവമസന്ധികളില്‍ നീ എന്നെ തനിച്ചാക്കി പോയതെന്തുകൊണ്ടാണ്? കര്‍ത്താവ് ഇങ്ങനെ ഉത്തരം പറഞ്ഞു മകനേ നിന്‍റെ ജീവിതത്തിലെ പ്രധിസന്ധിഘട്ടങ്ങളില്‍ നീ കണ്ട ഒരു ജോഢി കാല്‍പാദം നിന്‍റെതല്ലായിരുന്നു, അത് എന്‍റെ കാല്‍പാദങ്ങളായിരുന്നു. ആ സമയങ്ങളില്‍ ഞാന്‍ നിന്നെ എന്‍റെ ചുമലില്‍ വഹിക്കയായിരുന്നു.

ഈ അദ്ധ്യായത്തില്‍ ആദാമിന്‍റെ തലമുറയിലുള്ളവരുടെ ഒരു വംശാവലി നമുക്ക് കാണാവുന്നതാണ്. ഈ വാക്യങ്ങളില്‍ അവരുടെ പേര്, അവർ പിതാവായത്തീര്‍ന്ന പ്രായം, അവരുടെ ആദ്യ മകന്‍റെ പേര്, അവർക്ക് മറ്റ് ആൺമക്കളും പെൺമക്കളും ഉണ്ടായിരുന്നു എന്ന വസ്തുത, അവർ മരിച്ച വയസ്സ് എന്നിവയെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ആ ക്രമത്തില്‍ നിന്ന് വ്യത്യസ്തമായ ഒരു വിവരണമാണ് ഹാനോക്കിനോക്കുറിച്ച് പറഞ്ഞിട്ടുള്ളത്. പേരിന്ന് “അർപ്പണബോധമുള്ള, പരിശീലനം നേടിയ അല്ലെങ്കിൽ അച്ചടക്കമുള്ള” എന്നർത്ഥമുള്ള എനോക്ക് എന്ന ഒരു മനുഷ്യൻ ഇതാ രംഗപ്രവേശനം ചെയ്യുന്നു. പിതാവായ ശേഷം അദ്ദേഹം 300 വർഷം ദൈവത്തോടൊപ്പം നടന്നുവെന്ന് നാം വായിക്കുന്നു.

ഉല്‍പത്തി 5ാം അദ്ധ്യായത്തില്‍ ആദാം മുതൽ നോഹ വരെയുള്ള 9 പേരെ പരാമർശിച്ചിട്ടുണ്ട്, അവരുടെ ദീഘമായ ജീവിതകാലങ്ങളവുകള്‍ ശ്രദ്ധിച്ചാല്‍ പലതും അവരുടെ പൂര്‍വ്വ പിതാക്കന്മാരുടെയും, പിന്‍തലമുറക്കാരുടെയും ജീതകാലങ്ങളുമായി ഇടകലര്‍ന്ന് കിടക്കുന്നതായി കാണാം. സമയദൈര്‍ഘ്യം കണക്കുകൂട്ടുകയാണെങ്കില്‍ ഏകദേശം 2000 വർഷത്തെ ചരിത്രത്തെ ഉൾക്കൊള്ളുന്നതാണ് ഈ അദ്ധ്യായത്തിലെ വംശാവലി. ഈ കാലയളവിൽ ആയിരക്കണക്കിന് ആളുകൾ ജനിച്ചിരുന്നിരിക്കാം. എന്നാൽ അവരിൽ രണ്ടുപേർ മാത്രമാണ് കർത്താവിനോടൊപ്പം നടന്നു എന്ന് പ്രത്യേകമായി പരാമർശിച്ചിരിക്കുന്നത്. ഒരാൾ ഹാനോക്ക്, മറ്റേയാൾ നോഹയും. എല്ലാവരും ഒരു സാധാരണ, ഇടത്തരം ജീവിതം നയിക്കുന്നതുകൊണ്ട് നാമും അങ്ങനെ ആകേണം എന്നില്ല.ഭൂരിഭാഗം വിശ്വാസികളും ശീതോഷ്ണവാന്മാരായി ജീവിക്കുന്ന ഒരു തലമുറയിൽ, തന്നോടൊപ്പം നടക്കുവാൻ തയ്യാറുള്ള വ്യക്തികളെ ദൈവം അന്വേഷിക്കുന്നു.

ഈ അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന ബാക്കിയുള്ള 8 പേരുടെ ശരാശരി ആയുസ്സ് 929 വര്‍ഷങ്ങളാണ്. അതുമായി താരതമ്യം ചെയ്യുമ്പോൾ ഹാനോക്ക് 365 വർഷമേ ജീവിച്ചിരുന്നുള്ളൂ. എന്നാലും ആ ജീവിതം ഈ ലോകത്തില്‍ മായാത്ത മുഖമുദ്ര പതിപ്പുകയും, ദൈവമുമ്പാകെ പ്രസാധകരമായിത്തീരുകയും ചെയ്തു. ഒരു വ്യക്തി ഈ ലോകത്തില്‍ എത്ര കാലം ജീവിച്ചു എന്നതല്ല, പ്രത്യുത താന്‍ ദൈവത്തെ പ്രസാദിപ്പിച്ചായിരുന്നോ ജീവിച്ചത് എന്നതാണ് പ്രധാനം.

ഹാനോക്ക് ദൈവത്തോടൊപ്പം നടന്നു എന്ന് പറയുമ്പോൾ എന്താണ് അർത്ഥമാക്കുന്നത്? അവൻ ദൈവവുമായി അടുത്ത കൂട്ടായ്മയിൽ നടന്നു എന്നാണ് അതിനർത്ഥം . അതുകൊണ്ട് ഹാനോക്കും ദൈവവുമായി നിരപ്പു പ്രാപിച്ചു എന്ന് നമുക്ക് മനസ്സിലാക്കാം. വിശ്വാസത്താലുള്ള നീതീകരണം ഇല്ലാതെ ആർക്കും ദൈവവുമായുള്ള സഹവാസം സാധ്യമല്ല. ആമോസ് 3:3 പറയുന്നു, “3 രണ്ടുപേർ തമ്മിൽ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?” ദൈവവും ഹാനോക്കും തമ്മിൽ ജീവിതദര്‍ശനത്തില്‍ ഐക്യം ഉണ്ടായിരിന്നതിന്നാല്‍ അവര്‍ക്ക് ഒരുമിച്ച് നടക്കുവാന്‍ സാധിച്ചു. അതിനർത്ഥം ഹാനോക്ക് ദൈവം പറഞ്ഞതിനോട് യോജിക്കുകയും അവന്‍റെ വചനങ്ങളില്‍ പൂർണ്ണമായും ആശ്രയിക്കുകയും ചെയ്തു എന്നാണ്. ദൈവത്തോട് അനുസരണയുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ദൈവത്തഹിതത്തിന് പൂര്‍ണ്ണമായി കീഴ്പ്പെട്ട ഒരു മനുഷ്യനായിരുന്നു അദ്ദേഹം.

മെഥൂശലേഹിനെ ജനിപ്പിച്ച ശേഷം അവൻ ദൈവത്തോടൊപ്പം നടന്നുവെന്നും ആ കാലഘട്ടത്തിൽ അദ്ദേഹത്തിന് മറ്റ് പുത്രന്മാരും പുത്രിമാരും ഉണ്ടായിരുന്നതായും നാം വായിക്കുന്നു. ദാമ്പത്യ ജീവതവും, കുട്ടികളെ വളർത്തുന്നതും ഒന്നും ദൈവത്തോടൊപ്പം നടക്കുന്നതിന്ന് തനിക്ക് ഒരു തടസ്സമായിരുന്നില്ല. ദൈവത്തോടൊപ്പം നടക്കുവാൻ നാം ആശ്രമത്തിലോ, മലയിലോ, മറ്റേതെങ്കിലും തീത്ഥാടന കേന്ദ്രത്തിലോ പോയി തനിച്ച് ജീവക്കേണ്ടതില്ല. നാം കുടുംബസ്ഥരായിരിക്കുമ്പോള്‍ തന്നെ ദൈവവുമായി അടുത്ത കൂട്ടായ്മയിൽ നടക്കുവാനും, ദൈവം നമുക്ക് നൽകിയ വേലയും, ശുശ്രൂഷയും നിവൃത്തിക്കുവാനും സാധിക്കും.

എബ്രായർ 11:3 പറയുന്നത് വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി എന്നാണ്. ദൈവത്തോടൊപ്പം വിശ്വാസത്തിൽ നടക്കുന്നത് തനിക്ക് ശുദ്ധവായു ശ്വസിക്കുന്നതിന്ന് സമമായിരുന്നു . ആദ്യ വാക്യം പറയുന്നത് “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” എന്നാണ്. അവൻ എപ്പോഴും കർത്താവിനോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിച്ചു, എന്നാൽ അതിനപ്പുറം ഉള്ളത് അവൻ കണ്ടില്ല. എന്നിട്ടും അവൻ അത് പ്രതീക്ഷിക്കുകയും വിശ്വാസത്തോടെ അത് അന്വേഷിക്കുകയും ചെയ്തു. അവന്‍റെ സന്നിധിയിലേക്ക് ഹാനോക്കിനെ എടുത്തതിന്നാല്‍ ദൈവം അവന്‍റെ ആഗ്രഹത്തിന് പ്രതിഫലം നൽകി. അവൻ ആഗ്രഹിച്ച പ്രതിഫലം ഈ ഭൂമിയിലെ ദീർഘകാല ജീവിതമോ, ഭൗതിക സമ്പത്തോ, ലൗകികമായ മറ്റെന്തെങ്കിലുമോ ആയിരുന്നില്ല. അവന്‍റെ സന്നിധിയിൽ എന്നേക്കും ഇരിക്കാനുള്ളതായിരുന്നു തന്‍റെ ആഗ്രഹവും, വാഞ്ജയും. അതവന്‍ അന്വേഷിക്കയും അത് പ്രാപിക്കുകയും ചെയ്തു. അതാണോ നാം കൊതിക്കുന്ന പ്രതിഫലം?

അതേ വാക്യത്തിൽ, അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്ന് എഴുതിയിരിക്കുന്നു. നമുക്ക് എങ്ങനെ ദൈവത്തെ പ്രസാദിപ്പിക്കാനാകും? ഈ ലോകക്കാര്‍ അവരുടെ ദേവീദേവന്മാരെ പ്രീതിപ്പെടുത്താൻ പലതും ചെയ്യുന്നതായി നാം കാണുന്നു. എന്നാൽ വിശ്വാസമില്ലാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കാനാവില്ലെന്ന് ബൈബിൾ വ്യക്തമായി പറയുന്നു. അനുദിനം ദൈവത്തെ അന്വേഷിക്കാൻ വിശ്വാസം നമ്മെ പ്രേരിപ്പിക്കുകയും അവനുമായുള്ള യോജിപ്പിലും, വിശ്വാസത്തില്‍ നിന്ന് ഉടലെടുക്കുന്ന അനുസരണത്തിലും ദൈവവുമായുള്ള അടുത്ത കൂട്ടായ്മബന്ധം നമുക്ക് സാധ്യമാണ്.

യൂദാ 14, 15-ൽ ഹാനോക്ക് നടത്തിയ ശ്രദ്ധേയമായ ഒരു പ്രവചനമുണ്ട്. അത് ഇങ്ങനെ വായിക്കുന്നു: “14 ആദാംമുതൽ ഏഴാമനായ ഹനോക്കും ഇവരെക്കുറിച്ചു:
15 “ഇതാ കർത്താവു എല്ലാവരെയും വിധിപ്പാനും അവർ അഭക്തിയോടെ ചെയ്ത ഭക്തിവിരുദ്ധമായ സകല പ്രവൃത്തികളുംനിമിത്തം ഭക്തികെട്ട പാപികൾ തന്റെ നേരെ പറഞ്ഞ സകലനിഷ്ഠൂരങ്ങളും നിമിത്തവും ഭക്തികെട്ടവരെ ഒക്കെയും ബോധംവരുത്തുവാനും ആയിരമായിരം വിശുദ്ധന്മാരോടു കൂടെ വന്നിരിക്കുന്നു” എന്നു പ്രവചിച്ചു..”

ഒന്നാമതായി, തന്‍റെ നാളിലെ തെറ്റായ പഠിപ്പിക്കലിനെയും ഭക്തികെട്ട ജീവിതത്തെയും ശക്തമായി അപലപിക്കാൻ ഹാനോക്കിന്‍റെ വിശ്വാസം അവനെ പ്രേരിപ്പിച്ചു. കൂടാതെ, ക്രിസ്തു രാജാധിരാജാവായും കർത്താധികർത്താവായും ഭക്തികെട്ടവരെ വിധിക്കാൻ വരുന്ന ന്യായവിധിയുടെ അവസാന നാളുകളെ കുറിച്ച് അദ്ദേഹത്തിന് പ്രാവചനിക ഉൾക്കാഴ്ചയുണ്ടായിരുന്നു. അവൻ കർത്താവിനോടൊപ്പം നടക്കുമ്പോൾ വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ച് മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തു. അതുകൊണ്ട് കർത്താവിനോടൊപ്പം നടക്കുക എന്നതിനർത്ഥം നിങ്ങൾക്ക് കർത്താവിൽ നിന്ന് ലഭിച്ചതിനെ കുറിച്ച് മറ്റുള്ളവരോട് പങ്കുവെക്കുകയും മറ്റുള്ളവര്‍ക്ക് വരാനിരിക്കുന്ന ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുകയും ചെയ്യുക എന്നതാണ്.

യാഗങ്ങളിലൂടെയും, നിഴലുകളിലൂടെയും ദൈവം രക്ഷയുടെ രൂപരേഖ അനാവരണം ചെയ്യാൻ തുടങ്ങിയ ആ സമയത്ത്, ഈ യുഗത്തിന്‍റെ അവസാന നാളുകളിൽ സംഭവിക്കുന്ന ഒരു കാര്യം അവൻ ഹാനോക്കിനെ കാണിക്കുന്നു. സങ്കീർത്തനങ്ങൾ 25:14-ൽ സങ്കീർത്തനക്കാരൻ പറയുന്നു “14 യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്റെ നിയമം അവരെ അറിയിക്കുന്നു.. Pr 3:32 32 വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു; നീതിമാന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.

അവസാനമായി, വരും തലമുറക്ക് നല്ലൊരു മാതൃക വെച്ചുകൊണ്ടായിരുന്നു താന്‍ കടന്നുപോയത്. അദ്ദേഹം എടുക്കപ്പെട്ടതിന്ന് 69 വർഷങ്ങൾക്ക് ശേഷം നോഹ എന്ന പേരുള്ള ഒരു കൊച്ചുമകൻ തന്‍റെ തലമുറയില്‍ ജനിച്ചു. നോഹ ജനിക്കുമ്പോൾ മുത്തച്ഛനായ മെത്തുസലേഹിന് 369 വയസ്സായിരുന്നു. കർത്താവിനോടൊപ്പമുള്ള ഹാനോക്കിന്‍റെ അനുഗ്രഹീതമായ ജീവചരിത്രം അദ്ദേഹം കേട്ടിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. നോഹ കർത്താവിനോടൊപ്പം നടക്കുവാൻ തീരുമാനിച്ചു. അവന്‍റെ തലമുറയിൽ ദൈവം അവനെ നീതിമാനായി കണ്ടെത്തി. കർത്താവിനൊപ്പമുള്ള നിങ്ങളുടെ നടപ്പ് നിങ്ങളുടെ വിശ്വാസം പിന്തുടരാൻ മറ്റുള്ളവരെ പ്രചോദിപ്പിച്ചേക്കാം.

ചുരുക്കി പറഞ്ഞാല്‍, ദുഷ്ടതയുടെയും അഭക്തിയുടെയും ഒരു യുഗത്തിൽ ഹാനോക്ക് വ്യത്യസ്തനായിരുന്നു. ദൈവവുമായി അടുത്ത സഹവാസത്തിൽ ജീവിച്ചുകൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാൻ ഉത്സാഹത്തോടെ ശ്രമിച്ച വിശ്വസ്തനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. കർത്താവിനോടൊപ്പം നടക്കാൻ അവന്‍റെ കുടുംബം അവന്ന് ഒരു തടസ്സമായിരുന്നില്ല. ഭാവി വിധിയുടെ രൂപരേഖ ദൈവം അവനുമായി പങ്കുവെച്ചു. ഭാവി തലമുറയ്ക്ക് അദ്ദേഹം മാതൃകയായി. അവൻ കർത്താവിനോടൊപ്പം ആയിരിക്കാൻ ആഗ്രഹിച്ചു, ദൈവം അവനെ തന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി പ്രതിഫലം നൽകുകയും ചെയ്തു.

Heb 13: 7 “7 നിങ്ങളോടു ദൈവവചനം പ്രസംഗിച്ചു നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ ജീവാവസാനം ഓർത്തു അവരുടെ വിശ്വാസം അനുകരിപ്പിൻ.” അനുദിനവും ദൈവത്തോടൊപ്പം നടക്കുവാന്‍ വാഞ്ജിക്കുന്ന വിശ്വാസവീരന്മരാകുവാൻ നല്ല കർത്താവ് നമ്മെ സഹായിക്കട്ടെ. “6 നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.” എന്ന് പറഞ്ഞുകൊണ്ട് ദാവീദ് 23ാം സങ്കീർത്തനം അവസാനിപ്പിക്കുന്നത്. അവനെ അനുസരിച്ചും, അനുകരിച്ചും കൊണ്ടും, അനുഗിമിക്കുവാന്‍ വലിയവനായ ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment