50M_നമ്മുടെ തിരഞ്ഞെടുപ്പുകളെ ശ്രദ്ധിക്കുക
എബ്രാ 11.24-26 വിശ്വാസത്താൽ മോശെ താൻ വളർന്നപ്പോൾ പാപത്തിന്റെ തൽക്കാലഭോഗത്തെക്കാളും ദൈവജനത്തോടു കൂടെ കഷ്ടമനുഭവിക്കുന്നതു തിരഞ്ഞെടുത്തു.
25 പ്രതിഫലം നോക്കിയതുകൊണ്ടു ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടുന്നതു നിരസിക്കയും
26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.
27 വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളായിരുന്ന സി. ടി. സ്റ്റഡ്, ആഫ്രിക്കയിൽ ഒരു മിഷനറിയാകുന്നതിനായി തന്റെ കായികരംഗത്തെ പ്രശസ്തിയും സുഖഭോഗജീവിതവും ഉപേക്ഷിച്ചപ്പോൾ അതു തന്റെ ജീവിതത്തെ മാറ്റിമറിച്ച തീരുമാനമായിരുന്നു. ഈ ലോകത്തിലെ വിജയത്തിനായി ജീവിക്കുന്നതിനേക്കാൾ ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നത് വളരെ വിലപ്പെട്ടതാണെന്ന ആഴത്തിലുള്ള ബോധ്യമാണ് അദ്ദേഹത്തിനെ ആ തീരുമാനത്തിലേക്ക് നയിച്ചത്. “ഒരേയൊരു ജീവിതം, അത് താമസിയാതെ കടന്നുപോകും, ക്രിസ്തുവിനു വേണ്ടി ചെയ്തത് മാത്രമേ നിലനിൽക്കുകയുള്ളൂ”, ഈ പ്രശസ്തമായ തന്റെ തന്നെ വാക്കുകളിൽ നിന്ന് സ്റ്റഡ് ചെയ്ത ത്യാഗത്തിന്റെ സാരാംശം നമുക്ക് ഗ്രഹിക്കാവുന്നതാണ്. ആരോഗ്യം മോശമായിരുന്നിട്ടും അദ്ദേഹം അവിശ്രാന്തമായി കർത്താവിനെ സേവിച്ചു, അനേകരെ വിശ്വാസത്തിലേക്ക് കൊണ്ടുവന്നു. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പിന്റെ യഥാർത്ഥ സ്വാധീനവും, ഫലങ്ങളും നിത്യതയിൽ മാത്രമേ നമുക്ക് പൂർണ്ണമായി അറിയുവാൻ സാധിക്കയുള്ളൂ.
അതുപോലെ, മോശെയും തന്റെ യെവ്വന പ്രായത്തില്‍ തന്റെയും, യിസ്രയേല്‍ മക്കളുടെയും ഭാവിയെ നിർവചിക്കുന്ന ഒരു നിർണായക തിരഞ്ഞെടുപ്പു നടത്തുകയുണ്ടായി.
നാമെടുക്കുന്ന തീരുമാനങ്ങളാണ് പലപ്പോഴും നമ്മുടെ ജീവിതഗതിയെ രൂപപ്പെടുത്തുന്നത്. താത്കാലികമായ ലാഭത്തേക്കാള്‍ വിശ്വാസത്താല്‍ ജീവിതത്തെ മാറ്റിമറക്കുന്ന തീരുമാനങ്ങളെടുത്ത ഒരു വ്യക്തിയായി മോശയെ തിരുവെഴുത്തുകള്‍ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നു. പ്രത്യേകിച്ച് പ്രയാസങ്ങളുടെയും, പ്രലോഭനങ്ങളുടെയും മദ്ധ്യത്തില്‍ നാമെടുക്കുന്ന തീരുമാനങ്ങള്‍ ഒരു പക്ഷേ നിത്യതയുടെ വെളിച്ചത്തില്‍ വളരെ പ്രാധാന്യമുള്ളതായിരിക്കാം.
വളരെയധികം പ്രതിബന്ധങ്ങള്‍ നിറഞ്ഞ ഒരു സാഹചര്യത്തിലേക്കാണ് താന്‍ പിറന്ന് വീണത്. ഒരു എബ്രായ പൈതലെന്ന നിലയിൽ, എല്ലാ എബ്രായ ആൺ കുഞ്ഞുങ്ങളെയും നദിയില്‍ ഇട്ടുകളയണമെന്ന ഫറവോന്റെ കൽപ്പന മൂലം ജനിച്ചയുടനെ തന്നെ അവന്റെ ജീവൻ അപകടത്തിലായിരുന്നു. എന്നിരുന്നാലും കരയുവാനല്ലാതെ മറ്റൊന്നും അറിയാത്ത നിസ്സഹായനായ ഒരു പൈതലെന്ന നിലയിൽപ്പോലും ദൈവത്തിൻ്റെ സംരക്ഷണത്തിൻ്റെ കൈ അവൻ്റെ മേൽ ഉണ്ടായിരുന്നു. തന്റെ പിതാവിന്റെ ക്രൂരമായ ഉത്തരവ് എളുപ്പത്തിൽ പിന്തുടരാൻ കഴിയുമായിരുന്നു എങ്കിലും ഫറവോന്റെ മകൾ കുഞ്ഞിനോട് അലിവ് തോന്നി അവനെ രക്ഷപ്പെടുത്തി, അവനെ തന്റെ സ്വന്തമകനായി വളർത്തി. അവന് തന്റെ ബന്ധുക്കളെപ്പോലെ ഒരു എബ്രായ അടിമയായിട്ടല്ല, മറിച്ച് മിസ്രയീം കൊട്ടാരത്തിലെ ഒരു പ്രഭുവായി, മിസ്രായീമിന്റെ എല്ലാ ജ്ഞാനത്തിലും അഭ്യാസം നേടുകയും വാക്കിലും പ്രവർത്തിയിലും ശക്തനായി തീരുകയും ചെയ്തു.
തന്റെ വ്യക്തിത്വം തിരഞ്ഞെടുക്കേണ്ടിവന്ന നിർണ്ണായകമായ ഒരു നിമിഷത്തെ മോശെ അഭിമുഖീകരിക്കേണ്ടതായി വന്നു. ആ പദവിയോടൊപ്പം ലഭിച്ച എല്ലാ ആദരവുകളും അധികാരവും സമ്പത്തും ഉള്ള ഫറവോന്പുത്രിയുടെ മകനായി അറിയപ്പെടണമോ? അതോ അടിമത്തത്തിലും അടിച്ചമർത്തലിലും കഷ്ടപ്പെടുന്ന ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും എന്നാൽ ഇപ്പോള്‍ അടിമകളായ യിസ്രായേൽ മക്കളില്‍ ഒരുവനായി എണ്ണപ്പെടണമോ?
ലൌകിക വീക്ഷണകോണിൽ, ഫറവോന്റെ കുടുംബത്തിൽ തുടരുന്നത് യുക്തിസഹമായ തിരഞ്ഞെടുപ്പായി തോന്നിയേക്കാം. എല്ലാത്തിനുമുപരി, അവന്റെ വളർത്തമ്മ അവനെ നദിയില്‍ നിന്ന് രക്ഷിക്കുകയും അവനെ പരിപാലിക്കുകയും ചെയ്തവളായിരുന്നു. അവളെ നിരസിക്കുന്നത് നന്ദിയില്ലായ്മയുടെ ആത്യന്തിക പ്രവൃത്തിയായി ലോകം കണ്ടേക്കാം. മാത്രമല്ല, പ്രത്യാശയുടെ ദൃശ്യവും, ഉറപ്പുള്ളതുമായ അടയാളങ്ങളൊന്നും തന്നെ ഇല്ലാതിരുന്ന എബ്രായരുമായി ചേരുന്നത് വിഡ്ഢിത്തമായി വിലയിരുത്തപെട്ടേക്കാം. അബ്രഹാമിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട പുരാതന വാഗ്ദാനങ്ങൾ മാത്രം കൈമുതലായുള്ളവരായിരുന്നു യിസ്രായേല്‍ മക്കള്‍. ഭൂമിയോ, സ്വാതന്ത്ര്യമോ അവരുടെ അവസ്ഥയിൽ മുൻകൂട്ടി കാണാവുന്ന മാറ്റങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നിട്ടും വിശ്വാസത്തിലൂടെ മോശെ വർത്തമാനകാലത്തിനപ്പുറത്തേക്ക് നോക്കുകയും തന്റെ ജനവുമായി താദാത്മ്യം പുലർത്തുവാൻ തീരുമാനിക്കുകയും ചെയ്തു.
യുക്തിരഹിതമായി തോന്നിയേക്കാവുന്ന അത്തരമൊരു തിരഞ്ഞെടുപ്പ് മോശെ നടത്തിയത് എന്തുകൊണ്ടായിരിക്കാം? മിസ്രായീമിന്റെ ദൃശ്യമായ ആഡംബരത്തിനും യിസ്രായേലിന്റെ പ്രത്യക്ഷമായ നിരാശയ്ക്കും അപ്പുറം അദ്ദേഹത്തിന് വിശ്വാസകണ്ണുകളാല്‍ കാണുവാൻ കഴിഞ്ഞു എന്നതായിരുന്നു കാരണം. ഈ ലോകത്തിലെ ക്ഷണികമായ ആനന്ദങ്ങളിലും നിധികളിലും ആശ്രയിക്കുന്നതിനുപകരം ദൈവത്തിന്റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കുവാൻ അവന്റെ വിശ്വാസം അവനെ സഹായിച്ചു.
ദൈവം അബ്രഹാമിന്റെ സന്തതികളെ ഒരു വലിയ ജാതിയാക്കുകയും, പാലും തേനും ഒഴുകുന്ന ഒരു ദേശത്തേക്ക് അവരെ കൊണ്ടുപോകയും ചെയ്യുമെന്ന തന്റെ പിതാക്കന്മാർക്ക് നൽകിയ വാഗ്ദത്തങ്ങൾ മോശയ്ക്ക് അറിയാമായിരുന്നു. യിസ്രായേല്യർ മിസ്രായീമിൽ ആ സമയത്ത് ദുരിതമനുഭവിക്കുകയാണെങ്കിലും ദൈവത്തിന്റെ അദൃശ്യപദ്ധതിയുടെ യാഥാർത്ഥ്യത്തിൽ മോശെ വിശ്വസിച്ചു. എബ്രായർ 11:1 വിശ്വാസം എന്നാൽ ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവുമാണ്. ഈ വിശ്വാസം തന്നെയായിരുന്നു മോശയുടെ ജീവിതം വേറിട്ടു നിറുത്തിയത്. അവന് മിസ്രായീമിൽ അധികാരവും സമ്പത്തും ഉണ്ടായിരിക്കാമായിരുന്നു, എന്നാൽ പകരം തന്റെ ജനത്തോടൊപ്പം കഷ്ടപ്പാടുകൾ അനുഭവിക്കുന്നതാണെങ്കിലും, ദൈവം വാഗ്ദത്തം ചെയ്ത നിത്യ പ്രതിഫലം അവന് തിരഞ്ഞെടുത്തു
പാപത്തിന്റെ താൽക്കാലിക സുഖങ്ങൾ ആസ്വദിക്കുന്നതിനേക്കാൾ ദൈവജനത്തോടുള്ള കഷ്ടം മോശ ബോധപൂർവം സ്വീകരിച്ചു. മിസ്രായീലെ ആനന്ദങ്ങളും, നിധികളും ക്ഷണികമാണെന്ന് അവന് മനസ്സിലാക്കി. സുഖസൌകര്യങ്ങളില്‍ ജീവിക്കുവാൻ കഴിയുമായിരുന്നെങ്കിലും, ദൈവത്തോടുള്ള വിശ്വസ്തതയ്ക്കുള്ള പ്രതിഫലം, മിസ്രായീമിന്റെ ശക്തിയോടും സമ്പത്തോടും ചേർന്നുനിൽക്കുന്നതിന്റെ ക്ഷണികമായ നേട്ടങ്ങളെക്കാൾ വളരെ കൂടുതലാണെന്ന് അറിഞ്ഞുകൊണ്ട് അവന് പകരം കഷ്ടപ്പാടുകളുടെ പാത തിരഞ്ഞെടുത്തു.
എബ്രായർ 11:26 മിസ്രയീമിലെ നിക്ഷേപങ്ങളെക്കാൾ ക്രിസ്തുവിന്റെ നിന്ദ വലിയ ധനം എന്നു എണ്ണുകയും ചെയ്തു.. തന്റെ മുമ്പിലൂള്ള തിരഞ്ഞെടുപ്പുകളുടെ ഗുണദോഷങ്ങളെക്കുറിച്ച് ശ്രദ്ധാപൂർവ്വം അവന് ഒരു വിലയിരുത്തൽ നടത്തി. അവന് ഇടുത്തുചാടി പ്രവർത്തിക്കുകയോ, വൈകാരികമായി തന്റെ പാരമ്പര്യം പിന്തുടരുകയോ അല്ല ചെയ്തത്. ദൈവത്തിന്റെ വാഗ്ദാനത്തിന്റെ ശാശ്വതമായ പ്രതിഫലത്തിനെതിരെ അദ്ദേഹം മിസ്രായീമിന്റെ താൽക്കാലിക സമ്പത്തിനെയും, പ്രശസ്തിയെയും തൂക്കിനോക്കി. അവനെ സംബന്ധിച്ചിടത്തോളം തന്റെ തിരഞ്ഞെടുപ്പ് വ്യക്തമായിരുന്നു.
27-ാം വാക്യത്തിൽ, മോശെ “വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.” എന്ന് വായിക്കുന്നു. എതിർപ്പുകൾക്കിടയിലും ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കുവാൻ അവന്റെ വിശ്വാസം അവന് ധൈര്യം നൽകി. ഫറവോന്റെ പ്രത്യക്ഷമായ ഭീഷണികളേക്കാൾ സര്‍വ്വശക്തനും, സര്വ്വാധികാരിയുമായ അദൃശ്യ ദൈവത്തെ അവന് ദര്‍ശിക്കുവാന്‍ സാധിച്ചു. ദൈവത്തിന്റെ സാന്നിധ്യത്തിലും മാർഗനിർദേശത്തിലും വിശ്വസിച്ചുകൊണ്ട് സ്ഥിരതയോടെ തുടരാൻ ഈ വിശ്വാസം മോശെയെ ബലപ്പെടുത്തി.
ദൈവത്തെ അനുഗമിക്കുവാനുള്ള തീരുമാനം പലപ്പോഴും ക്ലേശകരമായ പാത തിരഞ്ഞെടുക്കാൻ നമ്മോട് ആവശ്യപ്പെടുന്നു, എന്നാൽ കര്‍ത്താവിലുള്ള വിശ്വാസം നമ്മുടെ നിലവിലെ സാഹചര്യങ്ങൾക്കപ്പുറം യാഥാർത്ഥ്യത്തെ കാണുവാൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രത്യക്ഷത്തില്‍ ലഭിക്കുന്ന ആശ്വാസമോ സുരക്ഷിതത്വമോ തേടിപ്പോയാൽ മാത്രം പോരാ എന്ന് മോശെയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പകരം, ദൈവം നൽകുന്ന ശാശ്വതമായ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് നാം തീരുമാനങ്ങൾ എടുക്കേണ്ടത്.
മോശയുടെ തിരഞ്ഞെടുപ്പുകൾ നമ്മുടെ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു. നാമും നമ്മുടെ വിശ്വാസത്തെയും മൂല്യങ്ങളെയും പരീക്ഷിക്കുന്ന തീരുമാനങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നേക്കാം. നാം ഈ ലോകത്തിന്റെ താൽക്കാലിക സുഖങ്ങളും സുരക്ഷിതത്വങ്ങളും തിരഞ്ഞെടുക്കുമോ അതോ ദൈവത്തിന്റെ ശാശ്വത വാഗ്ദത്തങ്ങളിൽ ആശ്രയിക്കുമോ എന്നതാണ് സുപ്രധാനമായ ചോദ്യം?
ശാശ്വതമായ കാഴ്ചപ്പാടിന് മങ്ങലേല്പിക്കുന്ന നിരവധി ആകർഷകവസ്തുക്കള്‍ നമ്മുടെ മുമ്പില്‍ വന്നുവെന്നിരിക്കാം. ഇഹലോകത്തിന്റെ ചിന്തകള്‍, ധനത്തിന്റെ വഞ്ചന, മറ്റ് വിഷയ മോഹങ്ങള്‍ എന്നിവ ശരിയായി തീരുമനങ്ങള്‍ എടുക്കുവാനുള്ള നമ്മുടെ കഴിവിന് മങ്ങലേല്പിച്ചുവെന്നു വന്നേക്കാം. മോശെയെപ്പോലെ, ദൃശ്യമായ സാഹചര്യങ്ങൾ നിരുത്സാഹപ്പെടുത്തുന്നതായി തോന്നിയാലും ദൈവത്തിൽ പൂർണമായി വിശ്വസിക്കുവാൻ നാം പഠിക്കണം.
ഈ ലോകത്തിന്റെ ഉത്കണ്ഠകൾ ദൈവത്തിന്റെ കരുതലിനെ സംശയിക്കാൻ നമ്മെ പ്രേരിപ്പിക്കും. നിര്‍ണ്ണായക ഘട്ടങ്ങളിൽ, ഇഹലോകത്തിന്റെ വിചാരങ്ങളാല്‍ നിമഗ്നമാകുവാന് എളുപ്പമാണ്, എന്നാൽ പ്രാർത്ഥനയിലൂടെ നമ്മുടെ ആകുലങ്ങൾ ദൈവത്തിൽ ഇടുകയും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുവാൻ അവനിൽ വിശ്വസിക്കുവാനും നമ്മുടെ കര്‍ത്താവ് നമ്മെ ഓർമ്മിപ്പിക്കുന്നു.
സമ്പത്ത് മറ്റൊരു ശക്തമായ സ്വാധീനമാണ്. പണത്തിന് നൽകാൻ കഴിയുന്ന സുഖസൌകര്യങ്ങളും, ആനന്ദങ്ങളും പ്രലോഭനീയമാണെങ്കിലും ദൈവത്തിലുള്ള നമ്മുടെ യഥാർത്ഥ ആശ്രിതത്വത്തിന്ന് നമ്മെ അന്ധരാക്കുവാന്‍ അതിന്ന് കഴിയും. നാം ശ്രദ്ധിച്ചില്ലെങ്കിൽ, ധനത്തെ പിന്തുടരുന്നത് നമ്മെ ദൈവത്തിൽ നിന്ന് അകറ്റുകയും നമ്മുടെ ആത്മീയ ക്ഷേമത്തേക്കാൾ ഭൌതിക കാര്യങ്ങൾക്ക് മുൻഗണന നൽകുകയും നാം ചെയ്യും. സമ്പത്ത് ക്ഷണികവും വിശ്വാസയോഗ്യമല്ലാത്തതുമാണെന്ന് മോശെയുടെ ജീവിതം നമുക്കു കാണിച്ചുതരുന്നു, അതേസമയം ദൈവത്തിന്റെ പ്രതിഫലങ്ങൾ യഥാര്‍ത്ഥവും, നിത്യമാണ്.
അവസാനമായി, “മറ്റ് വിഷയങ്ങൾക്കായുള്ള” മോഹങ്ങള്‍ക്ക് ദൈവത്തോടുള്ള നമ്മുടെ ആഗ്രഹത്തിന്റെ സ്ഥാനം എളുപ്പത്തിൽ കവര്‍ന്നെടുക്കാൻ കഴിയും. അത് വ്യക്തിപരമായ അഭിലാഷമോ, വ്യക്തി ബന്ധങ്ങളോ, നമുക്ക് കൈവശമായുള്ള എന്തും ആകട്ടെ, ഇവയെ നമ്മുടെ സന്തോഷത്തിന്റെ അടിസ്ഥാനമാക്കുമ്പോൾ, നാം അവയെ ദൈവത്തേക്കാള്‍ വിലമതിക്കുന്നു. എന്നാൽ മോശെയുടെ വിശ്വാസം ഈ ലോകത്തിലെ കാര്യങ്ങള്‍ അയഞ്ഞു പിടിക്കുവാനും ദൈവത്തിൽ ഉറച്ചുനിൽക്കാനും നമ്മെ ഓർമ്മിപ്പിക്കുന്നു.
മോശെയുടെ വിശ്വാസം ദൈവത്തോടൊപ്പമുള്ള നിത്യത എന്ന ജീവിത്തില്‍ ഏറ്റവും പ്രാധാന്യമുള്ളതിനെക്കുറിച്ചുള്ള വ്യക്തമായ ദർശനം അവന്ന് നൽകി. ഈ ശാശ്വത വീക്ഷണം ലോകത്തിന് വിഡ്ഢിത്തമായി തോന്നിയാലും ശരിയായ തിരഞ്ഞെടുപ്പ് നടത്തുവാൻ അവനെ സഹായിച്ചു. ദൈവത്തിന്റെ സാന്നിധ്യത്തിൽ തന്നെ കാത്തിരുന്ന മഹത്വമേറിയ പ്രതിഫലത്തിൽ വിശ്വസിച്ചതിനാൽ മിസ്രായീമിലെ താൽക്കാലിക സമ്പത്ത് ഉപേക്ഷിക്കാൻ അവന് ഭയപ്പെട്ടില്ല.
മോശെയെപ്പോലെ, ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ബുദ്ധിമുട്ടുള്ള തീരുമാനങ്ങളോ, പ്രലോഭനങ്ങളോ, ക്ലേശങ്ങളോ നമുക്ക് നേരിടേണ്ടതായി വന്നേക്കാം, എന്നാൽ മോശെയെപ്പോലെ, അദൃശ്യനായ ദൈവത്തിലും അവന്റെ നിത്യ പ്രതിഫലത്തിലും നമ്മുടെ കണ്ണുകൾ വെക്കുകയാണെങ്കിൽ, വിവേകപൂർവ്വം തിരഞ്ഞെടുക്കാനുള്ള ശക്തി നാം കണ്ടെത്തും.
മോശെക്കുവേണ്ടി ചെയ്തതുപോലെ കർത്താവ് നമ്മുടെ ആത്മീയ കണ്ണുകൾ തുറക്കട്ടെ, അങ്ങനെ നമുക്ക് അവനെ ബഹുമാനിക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാനും അവനിൽ ആശ്രയിക്കുന്നവർക്ക് അവൻ വാഗ്ദത്തം ചെയ്യുന്ന ശാശ്വതമായ പ്രതിഫലം ഉറപ്പാക്കാനും സാധിക്കും.



Post a comment