+91 9892580744
gospelbroadcast@yahoo.com

Sep-03-55M-രാജാവും, രാജാധിരാജാവും

Sep-03-55M-രാജാവും, രാജാധിരാജാവും

LWGB Malayalam Podcast
LWGB Malayalam Podcast
Sep-03-55M-രാജാവും, രാജാധിരാജാവും
Loading
/

55M_ രാജാവും, രാജാധിരാജാവും

പുറപ്പാട് 5:1 അതിന്‍റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടു: മരുഭൂമിയിൽ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്‍റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്‍റെ ദൈവമായ യഹോവ കല്‍പ്പിക്കുന്നു എന്നു പറഞ്ഞു.
10, 11 അങ്ങനെ ജനത്തിന്‍റെ ഊഴിയവിചാരകന്മാരും പ്രമാണികളും ചെന്നു ജനത്തോടു: നിങ്ങൾക്കു വൈക്കോൽ തരികയില്ല,11 നിങ്ങൾ തന്നേ പോയി കിട്ടുന്നേടത്തുനിന്നു വൈക്കോൽ ശേഖരിപ്പിൻ; എങ്കിലും നിങ്ങളുടെ വേലയിൽ ഒട്ടും കുറെക്കയില്ല എന്നു ഫറവോൻ കല്‍പ്പിക്കുന്നു എന്നു പറഞ്ഞു.’”

ഒരു ട്രാഫിക്ക് പോലീസ് പാഞ്ഞു വരുന്ന ഒരു കണ്ടെയ്നര്‍ ലോറി കൈ കാണിച്ചു നിര്‍ത്തുന്നത് നാമൊക്കെ കണ്ടിട്ടുണ്ടാകും. അത്രയും വലിയൊരു വണ്ടിയെ തടയുവാൻ ആ ഓഫിസര്‍ക്ക് എങ്ങനെയാണ് സാധിക്കുന്നത്. ഏതായാലും അത് ആ ഓഫീസറുടെ സ്വന്തം ശക്തി കൊണ്ടോ, അധികാരമോ കൊണ്ടല്ല എന്ന് നമുക്കറിയാം, മറിച്ച് അദ്ദേഹത്തിന്‍റെ യൂണിഫോം നൽകുന്ന അധികാരബലം കൊണ്ടാണ്. ഒരു വ്യക്തിക്കു ലഭിക്കുന്ന അധികാരശക്തി അദ്ദേഹത്തിന്‍റെ കൈബലത്തെക്കാൾ വലുതാണെന്ന് ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം. ഈ വസ്തുതയെ തെളിയിക്കുന്ന ഒരു സംഭവമാണ് പുറപ്പാട് പുസ്തകം 5:1-10 വരെയുള്ള വേദഭാഗത്ത് കാണുന്നത്. അതിൽ മിസ്രയീമിലെ രാജാവെന്ന നിലയിൽ, ഫറവോന്‍റെ ശക്തിയും, മോശെക്ക് ലഭിച്ച ദൈവീക അധികാരവും തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ നാം വായിക്കുന്നു.

ഒരിക്കൽ മിസ്രയീമിലെ രാജകുമാരനായിരുന്നു മോശെ. എന്നാൽ ഇപ്പോൾ അവന്‍ തന്‍റെ ജനത്തിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടി ദൈവത്തിന്‍റെ ശബ്ദമായാണ് ഫറവോൻ്റെ മുമ്പിൽ നിൽക്കുന്നത്. തന്‍റെ സ്വന്തജനമായ യിസ്രായേല്യരെ അടിമത്വത്തിൽ നിന്ന് വിടുവിക്കുവാൻ അവരുടെ പ്രതിനിധികളായി മോശെയും അഹരോനും ഫറവോന്‍റെ കൊട്ടാരത്തിലേക്ക് ചെല്ലുകയാണ്. അവര്‍ ഫറവോനോട്: “യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം കല്‍പ്പിക്കുന്നു: മരുഭൂമിയിൽ എനിക്ക് ഉത്സവം ആഘോഷിക്കേണ്ടതിന് എന്‍റെ ജനത്തെ വിട്ടയക്കണം” എന്നു പറഞ്ഞു. ഈ കൽപ്പന മോശെയുടെ വായിൽ നിന്ന് വന്നുവെങ്കിലും, അത് ദൈവത്തിന്‍റെ നേരിട്ടുള്ള കല്‍പനയുടെ ശബ്ദമായിരുന്നു.

എന്നാൽ ഫറവോൻ: “യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല” എന്നു അഹങ്കാരത്തോടെ പറഞ്ഞു. ഫറവോന്‍റെ പ്രതികരണത്തിൽ കാണുന്ന ബോധപൂർവ്വമായ ഈ അജ്ഞത, അവന്‍റെ ഹൃദയകാഠിന്യത്തെയും, ദൈവത്തിന്‍റെ അധികാരത്തെ കൂസാക്കാത്ത അവന്‍റെ ധിക്കാരത്തെയും എടുത്ത് കാണിക്കുന്നു. യിസ്രായേലിന്‍റെ ദൈവത്തെ താൻ അംഗീകരിക്കേണ്ടി വന്നാൽ, അവന്‍റെ കൽപന അനുസരിക്കേണ്ടി വന്നാൽ, താൻ യിസ്രയേൽ മക്കളെ അന്യായമായി അടിച്ചമർത്തി കഷ്ടപ്പെടുത്തുന്ന പാപം ഒരുപക്ഷേ സമ്മതിക്കേണ്ടി വരുമെന്ന് ഫറവോന് തോന്നിയിരിക്കാം.

ചുരുക്കത്തിൽ ദൈവം ആരാണെന്നുള്ള ഫറവോന്‍റെ ചോദ്യത്തിന് ദൈവം കൊടുക്കുന്ന മറുപടിയാണ് മിസ്രയീമിൽ താൻ വരുത്തിയ ബാധകളുടെ പിന്നിലെ പ്രധാന ഉദ്ദേശം. അതിലൂടെ താനാണ് സത്യ ദൈവം എന്ന വസ്തുത ദൈവം ഫറവോന് അറിയിച്ചു കൊടുത്തു.

ഈ സംഭവത്തിൽ നാം ആദ്യം കാണുന്നത്, വളരെ വിനയത്തോടെ തങ്ങളുടെ ന്യായങ്ങൾ ബോധിപ്പിച്ചു കൊണ്ടു മോശെയും അഹരോനും ഫറവോനോട് നടത്തുന്ന ഒരു അപേക്ഷയാണ്: “എബ്രായരുടെ ദൈവം ഞങ്ങൾക്ക് പ്രത്യക്ഷനായിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ മൂന്ന് ദിവസത്തെ വഴി ദൂരം മരുഭൂമിയിൽ പോയി ഞങ്ങളുടെ ദൈവത്തിന് യാഗം കഴിക്കട്ടെ. ഇല്ലെങ്കിൽ അവന്‍ ഞങ്ങളെ മഹാമാരി കൊണ്ടോ വാൾ കൊണ്ടോ ദണ്ഡിപ്പിക്കും.” ഈ അപേക്ഷയിൽ യിസ്രായേൽ ജനം എന്നേക്കുമായി മിസ്രയീം വിട്ട് പോകുവാനുള്ള അനുവാദമല്ല, മറിച്ച് ദൈവത്തെ ആരാധിക്കുവാനായി കുറഞ്ഞ ഒരു സമയം മാത്രമാണ് ചോദിച്ചത്. അതിനോടൊപ്പം ദൈവത്തിന്‍റെ കൽപനയെ അനുസരിക്കാതിരിക്കുവാൻ തങ്ങൾക്ക് കഴിയില്ല എന്ന വസ്തുതയും അവർ ഫറവോനോട് ബോധിപ്പിച്ചു. എന്നാല്‍ ഫറവോന് ജനത്തെ വിട്ടയ്ക്കുന്ന കാര്യത്തിൽ ഒരു കുലുക്കവും ഉണ്ടായില്ല. അവനെ സംബന്ധിച്ചിടത്തോളം, യിസ്രായേൽ മക്കൾ സമ്പത്ത് ഉണ്ടാക്കുവാന്‍ ഉതകുന്ന വെറും അടിമകൾ മാത്രമായിരുന്നു. ആയതിനാൽ അവൻ ഈ അഭ്യർത്ഥനയെ അലസതയുടെ അടയാളമായി കാണുകയും അതിനോട് അതിക്രൂരമായി പ്രതികരിക്കയും ചെയ്തു.

അവൻ യിസ്രായേൽമക്കളുടെ ജോലിഭാരം കൂട്ടി. “ഇഷ്ടിക ഉണ്ടാക്കാൻ ഇനി മുതൽ വൈക്കോൽ കൊടുക്കരുത്” എന്ന് അവൻ ഉത്തരവിട്ടു. ഇഷ്ടിക ഉണ്ടാക്കേണ്ടതിന്ന് സ്വയമായി വൈക്കോൽ കണ്ടെത്തുക എന്ന ഭാരിച്ച ഉത്തരവാദിത്വത്തിനെ അതികഠിനമാക്കുന്ന വ്യവസ്ഥയായിരുന്നു ദിനംതോറും അവർ ഉണ്ടാക്കേണ്ട ഇഷ്ടികയുടെ എണ്ണത്തിൽ കുറവ് വരുത്തുവാൻ പാടില്ല എന്നത്. ഇത് അവരെ സംബന്ധിച്ചിടത്തോളം തികച്ചും അസാധ്യമായിരുന്നു.
ഇന്നും ഈ ലോകവും, അതിൻ്റെ ആജ്ഞാനുവർത്തികളും ഇങ്ങനെ തന്നെയാണ്. നമ്മൾ ആത്മാവിൽ സ്വാതന്ത്ര്യം ആഗ്രഹിക്കുമ്പോൾ, ഈ ലോക ശക്തികൾ നമ്മുടെ മേൽ വലിയ നുകം കെട്ടിവെക്കും. നമ്മുടെ തെറ്റായ അഭിലാഷങ്ങൾ, ഭൗതിക താത്പ്പര്യം, ചിന്താശൂന്യമായ സമ്മതം മൂളൽ ഇവയിലൂടെയൊക്കെ നാം ലോകത്തിന്‍റെ നുകത്തിന് അടിമപ്പെടുമ്പോൾ, നമുക്ക് ദൈവത്തെ അനുസരിക്കുവാനും, നമ്മുടെ ജീവിതത്തിനായുള്ള അവന്‍റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുവാനും കഴിയുകയില്ല.

ഈ സംഭവത്തിൽ, രാപ്പകൽ കഠിനാദ്ധ്വാനം ചെയ്ത് ഫറവോനായി നഗരങ്ങൾ പണിതുയർത്തിയ യിസ്രായേല്യരെ “മടിയന്മാർ” എന്ന് അയാൾ വിളിച്ചത് എത്ര വലിയ വിരോധാഭാസമാണ്! മനുഷ്യന്‍റെ അന്തസ്സിന് അർഹിക്കുന്ന വില കൽപ്പിക്കാതെ, അവരെ പിഴിഞ്ഞ് കൊള്ള ലാഭം മാത്രം ലാക്കാക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ ചിന്താഗതിയാണിത്. ദൈവത്തിന്‍റെ പ്രതിച്ഛായ വഹിക്കുന്ന മനുഷ്യന് വിലകൽപിക്കാതെ അവരിലൂടെയുണ്ടാക്കാവുന്ന വാണിജ്യമൂല്യത്തിലും, പ്രത്യക്ഷ ഫലത്തിലുമാണ് ഈ ലോകം വില കാണുന്നത്. എന്നാൽ ദൈവത്തിന്‍റെ ജനമായ നമ്മൾ മറ്റുള്ളവരെ കാണേണ്ടത് ഇങ്ങനെയല്ല; നാമോരുത്തരും ദൈവത്തിന്‍റെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ടവരാണെന്നും, ആദരവിനും, അവകാശങ്ങൾക്കും അർഹരാണെന്നും നാം മസ്സിലാക്കണം.

ഫറവോന്‍റെ ഹൃദയവീക്ഷണം നന്നായി അറിയാവുന്ന ദൈവം, അവൻ യിസ്രായേൽ ജനത്തെ അത്ര പെട്ടെന്ന് വിടില്ല എന്ന് മോശെയ്ക്ക് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ അവരെ പോകുവാൻ സമ്മതിക്കയില്ല എന്നു ദൈവം പുറപ്പാട് 3:19-ൽ പറയുന്നുണ്ടല്ലോ. ഇത്തരത്തിലുളള ഒരു മുന്നറിയിപ്പ് അനിവാര്യമായിരുന്നു. കാരണം ഫറവോന്‍റെ കഠിനമായ പ്രതികരണത്തിന്‍റെ മുമ്പിൽ യിസ്രയേൽമക്കളുടെ മനസ്സിടിഞ്ഞു പോകുന്നതായി നാം കാണുന്നുവല്ലോ. അവർ തങ്ങളുടെ വിടുതലിനെ മുന്നിൽ കണ്ടുകൊണ്ട് ഒരിക്കൽ ദൈവത്തെ ആവേശത്തോടെ ആരാധിച്ചരായിരുന്നു, എന്നാൽ കഷ്ടതകൾ വർദ്ധിച്ചപ്പോൾ അവരുടെ വിശ്വാസം തകർന്നു പോയി. അവർ മോശെയ്ക്കും അഹരോനും എതിരെ തിരിഞ്ഞു. അവർ തങ്ങൾക്ക് കൂടുതൽ ദോഷം വരുത്തിവെച്ചു എന്ന് കുറ്റപ്പെടുത്തി. ജനത്തിന്‍റെ ദുരവസ്ഥ കണ്ട് ഹൃദയം തകർന്ന മോശെ ദൈവത്തോട് നിലവിളിച്ചു: “കർത്താവേ, നീ എന്തിനാണ് ഈ ജനത്തിന് ദോഷം വരുത്തിയത്? എന്നെ എന്തിനാണ് ഇങ്ങോട്ട് അയച്ചത്?”

നമ്മുടെ പ്രാര്‍ത്ഥനകള്‍ ആത്മാര്‍ത്ഥതയുള്ളതായിരിക്കണമെന്ന് മോശെയുടെ ഈ നിലവിളി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ കഷ്ടതകളുടെ നടുവിൽ മോശെയെപ്പോലെ നമ്മുടെ പരാതികളും, സങ്കടങ്ങളും നാം ദൈവത്തോട് തുറന്നു പറയണം. അല്ലെങ്കിൽ നമ്മുടെ ഹൃദയത്തിൽ കയ്പ്പു വേരൂന്നുവാന്‍ ഇടയാകും. മോശെ തുറന്ന മനസ്സോടെ തന്‍റെ സങ്കടം ദൈവത്തോട് പറഞ്ഞപ്പോള്‍ ദൈവം അവനെ ശാസിക്കുകയല്ല, പകരം താൻ യിസ്രായേലിനെ വീണ്ടെടുക്കും എന്നുള്ള തന്‍റെ വാഗ്ദത്തങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വളരെ ദീർഘക്ഷമയോടെ അവനെ ധൈര്യപ്പെടുത്തുകയാണ് ചെയ്തത്. കഷ്ടതയിലൂടെ കടന്നുപോകുന്ന അവസരങ്ങളില്‍ പലപ്പോഴും നാമും മോശെയെപ്പോലെ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെ ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടേക്കാം. എന്നാൽ, ദൈവമോ കരുണയോടെ, ആ സമയത്തിൽ തന്‍റെ വചനത്തെയും പ്രവൃത്തികളെയും ഓർപ്പിച്ചുണർത്തികൊണ്ട് നമ്മുടെ വിശ്വാസത്തെ ബലപ്പെടുത്തും.

വിടുതലിന് പകരം കഷ്ടതകൾ നേരിട്ടപ്പോൾ, മോശെയോടും അഹരോനോടുമുള്ള യിസ്രായേല്‍ മക്കളുടെ പ്രതികരണം കുറികൊളേളണ്ടതാണ്. ദൈവം അയച്ച നേതാക്കന്മാര്‍ക്കെതിരെ അവർ പിറുപിറുത്തു. അവർ ദൈവത്തെ നാളിതുവരെ വ്യക്തിപരമായി അറിഞ്ഞിട്ടില്ലാത്തവർ ആയിരുന്നു, ഇക്കാരണത്താൽ അവർ സ്വമനസ്സാലെ ദൈവത്തെയും, അവൻ്റെ മാർഗ്ഗനിർദേശത്തെയും അന്വേഷിട്ടില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍, അവരുടെ വിശ്വാസം വർദ്ധിച്ചു അവരുടെ ഹൃദങ്ങൾക്ക് ആശ്വാസം ലഭിക്കുമായിരുന്നു. എന്നാൽ യിസ്രായേല്‍ മക്കളുടെ പിറുപിറുപ്പ് അവരുടെ ദുരിതത്തിന് ആക്കം കൂട്ടി. ദൈവത്തോട് പിറുപിറുക്കുന്നത് കൊണ്ടും, കലഹിക്കുന്നത് കൊണ്ടും സമാധാനം പ്രാപിപ്പാൻ കഴികയില്ല. പ്രാർത്ഥനയും വിശ്വാസത്തിൽ ഊന്നിയുള്ള ദൈവികമായ സ്ഥിരതയുമാണ് വിഷമഘട്ടങ്ങളെ മറികടക്കുവാൻ നമ്മെ എപ്പോഴും സഹായിക്കുന്നത്.

ജനത്തെ വിടുവിക്കുന്നതിന്ന് പകരം, അവരുടെ മേൽ അമിതഭാരം വെച്ച് അവരെ കഷ്ടപ്പെടുത്തിയ ഫറവോന്‍റെ നിലപാട്, എന്താണ് വ്യക്തമാക്കുന്നത്? ഫറവോന്‍റെ അടിമകളായിരിക്കുന്നിടത്തോളം കാലം യിസ്രായേല്‍ജനത്തിന് ദൈവത്തെ സ്വാതന്ത്ര്യത്തോടെ ആരാധിക്കാൻ കഴികയില്ല. കർത്താവായ യേശു നമ്മെ പഠിപ്പിച്ചതും ഇത്തരുണത്തിൽ ഓര്‍ക്കുക: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ഒരു ഭൃത്യന്നും കഴികയില്ല; അവൻ ഒരുവനെ പകെച്ചു മറ്റവനെ സ്നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും. നിങ്ങൾക്കു ദൈവത്തെയും മമ്മോനെയും സേവിപ്പാൻ കഴികയില്ല.” (ലൂക്കോസ് 16:13). ദൈവത്തെ സേവിക്കുവാനായി മാത്രം ഒരുക്കപ്പെട്ട ഒരു ഹൃദയം നമുക്ക് വേണം. അതിനെതിരെ നിൽക്കുന്ന പാപത്തിൻ്റ നുകവും,ഭൗതികതയുടെ നുകവും, ജീവിതാഭിലാഷങ്ങളുടെ നുകവുമെല്ലാം നാം കുടഞ്ഞു എറിയണം.

യിസ്രായേല്‍ജനത്തെ ഉടനടി വിട്ടയക്കുവാൻ ഫറവോൻ തയ്യാറായില്ല. തന്‍റെ ജനത്തെ ഉടനടി വിടുവിക്കുവാൻ ദൈവവും ഒരുമ്പെട്ടില്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്? അതെന്തുകൊണ്ട് എന്ന ചോദ്യം നമ്മുടെ മുമ്പിൽ ഉയർന്നേക്കാം. ദൈവം എന്തുകൊണ്ടാണ് പത്ത് ബാധകളിലൂടെ ഇത്രയും നീണ്ട ഒരു കാത്തിരിപ്പ് അനുവദിച്ചത്? അതിനുള്ള കാരണങ്ങളിൽ:

ഒന്നാമതായി, ഫറവോനും മിസ്രയീമ്യർക്കും മാനസാന്തരപ്പെടുവാന്‍ ദൈവം ധാരാളം അവസരങ്ങൾ നല്കുന്നു. ഓരോ ബാധയും മിസ്രയേമ്യ ദൈവങ്ങളുടെ മേലുള്ള ദൈവശക്തിയുടെ പ്രദർശനവും, സത്യദൈവമായി യഹോവയായ ദൈവത്തെ അംഗീകരിക്കുവാനുള്ള ആഹ്വാനവുമായിരുന്നു. രണ്ടാമതായി, തങ്ങളുടെ ദൈവമായ യഹോവ ആരാണെന്നുള്ള വിശ്വാസം യിസ്രായേല്യരിൽ രൂപപ്പെടേണ്ടതിന്ന് അവര്‍ക്ക് ദൈവത്തിന്‍റെ മഹത്തായ പ്രവൃത്തികളുടെ സാക്ഷ്യം ആവശ്യമായിരുന്നു. യിസ്രായേൽ മക്കള്‍ മിസ്രയീമില്‍ ചെലവഴിച്ച നൂറ്റാണ്ടുകള്‍ ആത്മീയ അധഃപതനത്തിന്‍റെ കാലങ്ങളായിരുന്നവല്ലോ. അവിടെ അവർ തങ്ങളുടെ ദൈവത്തെ മറന്ന് മറ്റ് ദൈവങ്ങളെ സേവിക്കുന്ന അവസ്ഥയാണുണ്ടായിരുന്നത്.

പുറ 5.15-16 വാക്യങ്ങളിലേക്ക് വരുമ്പോൾ അതുകൊണ്ടു യിസ്രായേൽമക്കളുടെ പ്രമാണികൾ ചെന്നു ഫറവോനോടു നിലവിളിച്ചു; അടിയങ്ങളോടു ഇങ്ങനെ ചെയ്യുന്നതു എന്തു?
അടിയങ്ങൾക്കു വൈക്കോൽ തരാതെ ഇഷ്ടിക ഉണ്ടാക്കുവിൻ എന്നു അവർ പറയുന്നു; അടിയങ്ങളെ തല്ലുന്നു; അതു നിന്റെ ജനത്തിന്നു പാപമാകുന്നു എന്നു പറഞ്ഞു.

നീതിയും ന്യായവും ലഭിക്കാനായി ദൈവത്തിങ്കലേക്ക് തിരിയുന്നതിന്ന് പകരം കഠിനഹൃദയനായ ഫറവോനിലേക്ക് തിരിയുന്ന യിസ്രായേല്‍മക്കളുടെ അപരാധമാണ് ഈ വാക്യങ്ങളിൽ നാം കാണുന്നത്. അവരെ അടിച്ചമർത്തിയവൻ്റെ പക്കൽനിന്നും അവർ കാരുണ്യം പ്രതീക്ഷിച്ചു എങ്കിലും ഒരു പ്രയോജനവും ഉണ്ടായില്ല. ഈ ലോകപ്രഭുക്കന്മാരിലേക്ക് നീതിക്കായി തിരിയുന്നതിൽ ഒരു കാര്യവുമില്ല എന്നുള്ള ഗൗരവമേറിയ ഓർമ്മപ്പെടുത്തലാണ് നമുക്ക് ഇവിടെ നിന്നും ലഭിക്കുന്നത്. ഈ ലോകത്തിൻ്റെ ശക്തിക്ക് നമുടെ ജീവിത്തിൽ യഥാർത്ഥമായ ആശ്വാസവും, വിടുതലും തരുവാൻ കഴികയില്ല. ദൈവത്തിന്‍റെ ശക്തിയിലും, വാഗ്ദത്തങ്ങളിലും ആശ്രയിച്ച് നാം പൂർണ്ണമായും അവങ്കലേയ്ക്ക് തിരിയുന്നത് വഴിയാണ് നമുക്ക് യഥാർത്ഥ സ്വസ്ഥത അനുഭവിക്കുവാൻ കഴിയുന്നത്.

ഈ സംഭവങ്ങളൂടെ ഒടുവിൽ നാം കാണുന്നത്: ദൈവം മോശെയിലൂടെ നല്കിയ ദൈവകൽപ്പനയുടെ അധികാരത്തിന് മുന്നിൽ ഫറവോന്‍റെ ശക്തിക്ക് പിടിച്ചുനില്‍ക്കുവാൻ കഴിഞ്ഞില്ല എന്ന കാര്യമാണ്. ദൈവകൽപ്പനയുടെ മുമ്പിൽ ഫറവോൻ്റെ വാക്കുകൾക്ക് ശക്തിയില്ലാതായി. അവൻ കീഴടങ്ങേണ്ടിവന്നു. ക്രിസ്തുവിന്‍റെ അനുയായികളായ നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ കല്പ്പനയ്ക്കാണോ സ്ഥാനം? അതോ ഫറവോനെപ്പോലെ ഈ ലോകവ്യവസ്ഥികളുടെമേൽ അധികാരം നടത്തുന്ന വ്യക്തകളുടെ വാക്കുകൾക്കോ? ഈ ലോകവ്യവസ്ഥിതികളോ, സാഹചര്യങ്ങളോ നമ്മുടെ തന്നെ സംശയങ്ങളോ നമ്മുടെ ആത്മീയ യാത്രക്ക് തടസ്സമായി നിൽക്കുമ്പോൾ, ദൈവവചനവും ദൈവാത്മാവും നൽകുന്ന അധികാരത്തില്‍ നമുക്ക് ഉറച്ചുനിൽക്കുവാൻ കഴിയണം. നമ്മുടെ ജീവിതവിജയം നമ്മുടെ സ്വയശക്തിയെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ക്രിസ്തു മുന്നമേ അത് നമുക്കായി നേടിക്കഴിഞ്ഞിരിക്കുന്നു എന്ന സത്യം നാം മറക്കരുത്.

നമുക്ക് സ്വയം പരിശോധിക്കാം: ദൈവ കൽപ്പനയ്ക്കു കീഴ്പ്പെട്ടു അവനെ പൂർണ്ണമായി സേവിക്കുന്നതിനു നമ്മുടെ മുമ്പിലുള്ള തടസ്സങ്ങൾ എന്താണ്? ഈ ലോകത്തിൻ്റെ ഏതെങ്കിലും കാര്യങ്ങൾ നമ്മെ അടിമപ്പെടുത്തുന്നുണ്ടോ? യിസ്രായേല്‍ജനത്തിനു സംഭവിച്ചതുപ്പോലെ ലോകത്തിന്‍റെ പലവിധസമ്മർദ്ദങ്ങൾ കാരണം നമുക്ക് ദൈവത്തെ സ്നേഹിക്കുവാനും, അനുസരിക്കുവാനും കഴിയാതെ പോകുന്നുണ്ടോ? ദൈവം നമുക്ക് മുമ്പിൽ വെച്ചിരിക്കുന്ന പാത എത്ര പ്രയാസമുള്ളതാണെങ്കിലും ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുവാനും അവനെ പിന്തുടരുവാനും നമ്മൾ തയ്യാറാണോ?
നാം രാജാവിനെയാണോ, രാജാധിരാജാവിനെയാണോ ഭയപ്പെടുന്നത്. മോശയുടെ മാതാപിതാക്കളെ പറ്റി എബ്രായ ലേഖനത്തിലുള്ള പരാമർശം ശ്രദ്ധിക്കുക. വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിൻ്റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു. എബ്രാ 11.23

സ്വാതന്ത്ര്യത്തിലേയ്ക്കും വിടുതലിലേയ്ക്കും ഉള്ള യാത്ര പ്രയാസമുള്ളതായിരിക്കാം, പക്ഷേ നമ്മെ വിളിക്കുന്ന ദൈവം വിശ്വസ്തനാണ്. വിടുതലിനായി നാം അവങ്കലേയ്ക്ക് നോക്കിയാല്‍ അവൻ തക്കസമയത്ത് തന്‍റെ മഹത്വത്തിനായി നമ്മെ വിടുവിക്കും.

മോശെയെപ്പോലെ നമുക്കും ദൈവത്തിന്‍റെ അധികാരത്തിൽ ധൈര്യപ്പെടാം, വിശ്വാസത്തിൽ ഉറച്ചുനിൽക്കാം. ഏകാഗ്ര ഹൃദയത്തോടെ അവനെ സേവിക്കാം, അവനെ മാത്രം ആരാധിക്കുന്നതിലൂടെയുള്ള യഥാർത്ഥ സ്വാതന്ത്ര്യവും വിടുതലും ആശ്വാസവും അനുഭവിക്കാൻ നമുക്ക് കഴിയട്ടെ. ദൈവം അതിനായി നമ്മെ സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യട്ടെ.

Post a comment