51M_നമ്മുടെ ബലഹീനതിയില് ദൈവത്തെ അറിയാം
പുറപ്പാട് 3.1-11 മോശെ മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായപ്പനുമായ യിത്രോവിന്റെ ആടുകളെ മോയിച്ചുകൊണ്ടിരുന്നു; അവൻ ആടുകളെ മരുഭൂമിക്കു അപ്പുറത്തു ദൈവത്തിന്റെ പർവ്വതമായ ഹോരേബ് വരെ കൊണ്ടു ചെന്നു.
2 അവിടെ യഹോവയുടെ ദൂതൻ ഒരു മുൾപടർപ്പിന്റെ നടുവിൽനിന്നു അഗ്നിജ്വാലയിൽ അവന്നു പ്രത്യക്ഷനായി. അവൻ നോക്കിയാറെ മുൾപടർപ്പു തീ പിടിച്ചു കത്തുന്നതും മുൾപടർപ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു.
3 മുൾപടർപ്പു വെന്തുപോകാതിരിക്കുന്ന ഈ വലിയ കാഴ്ച എന്തെന്നു ഞാൻ ചെന്നു നോക്കട്ടെ എന്നു മോശെ പറഞ്ഞു.
4 നോക്കേണ്ടതിന്നു അവൻ വരുന്നതു യഹോവ കണ്ടപ്പോൾ ദൈവം മുൾപടർപ്പിന്റെ നടുവിൽ നിന്നു അവനെ മോശേ, മോശെ എന്നു വിളിച്ചു. അതിന്നു അവൻ: ഇതാ, ഞാൻ എന്നു പറഞ്ഞു.
5 അപ്പോൾ അവൻ: ഇങ്ങോട്ടു അടുക്കരുതു; നീ നില്ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക എന്നു കല്പിച്ചു.
6 ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി, നിന്റെ പിതാവിന്റെ ദൈവം ആകുന്നു എന്നും അവൻ അരുളിച്ചെയ്തു. മോശെ ദൈവത്തെ നോക്കുവാൻ ഭയപ്പെട്ടു മുഖം മൂടി.
7 യഹോവ അരുളിച്ചെയ്തതു: മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.
8 അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
9 യിസ്രായേൽമക്കളുടെ നിലവിളി എന്റെ അടുക്കൽ എത്തിയിരിക്കുന്നു; മിസ്രയീമ്യർ അവരെ ഞെരുക്കുന്ന ഞെരുക്കവും ഞാൻ കണ്ടിരിക്കുന്നു.
10 ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.
11 മോശെ ദൈവത്തോടു: ഫറവോന്റെ അടുക്കൽ പോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളു എന്നു പറഞ്ഞു.
1986 മാര്‍ച്ച് മാസം 8ാം തിയ്യതി കേരളത്തിന്റെ വടക്കുള്ള കണ്ണൂര്‍ ജില്ലയില്‍ കര്‍ണ്ണാടക അതിര്‍ത്ഥിയോട് അടുത്തു കിടക്കുന്ന വള്ളിത്തോട് എന്ന ഒരു ഗ്രാമത്തില്‍ മോഹനന് നായര്‍ എന്ന കഠിനാദ്ധ്യാനിയായ യുവാവ് ഉത്സാഹത്തോടെ മരം മുറിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. താന്‍ മുറിച്ച മരകുറ്റി ദിശമാറി തന്റെ കയ്യിലേക്കു വീഴുകയും ആ മരക്കുറ്റിയോടൊപ്പം താനും താഴേക്ക് വീണ് ശരീരം അരയ്ക്ക് താഴെ തളര്‍ന്നുപോവുകയും ചെയ്തു. പത്തുമക്കളുള്ള കുടുംബത്തിന്റെ അത്താണിയായിരുന്ന ആ യുവാവ് നിരാശുടെ പടുകുഴിലേക്ക് എടുത്തെറിയപ്പെട്ടു. ഏകാന്തതയുടെയും, ഹൃദയവേദനയുടെയും ആ ദിവസങ്ങളില്‍ ജീവിതം അവസാനിപ്പുക്കാവാന് തന്നെ ആ യുവാവ് തീരുമാനിച്ചു. അങ്ങനെയിരിക്കെ ആ ദിവസങ്ങളില്‍ തന്റെയൊരു അയല്‍വാസിയിലൂടെ കര്‍ത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള ഒരു ലഘുലേഖ തനിക്ക് വായിക്കുവാനിടയായി. യേശുക്രിസ്തുവിലൂടെ പാപമോചനവും, ആത്മരക്ഷയും ലഭിക്കും എന്ന സുവിശേഷം താന്‍ കേള്‍ക്കുവാനിടയായി. ആ യേശുവില്‍ വിശ്വസിക്കയും ആത്മരക്ഷപ്രാപിക്കയും ചെയ്തതിന്റെ ഫലമായി ദൈവകരങ്ങളില്‍ അരെക്കുതാഴെ തളര്‍ന്നുപോയ തന്റെ ശരീരവും, തന്നെതന്നെയും സമര്‍പ്പിച്ചു. തന്നെക്കുറിച്ചുള്ള ദൈവീക പദ്ധതിക്കായി പ്രാര്‍ത്ഥിച്ചപ്പോള്‍ തന്നെപ്പോലെ തളര്‍ന്നുപോയ ജീവിതങ്ങള്‍ക്ക് തണലായി ഒരു സ്ഥാപനം ആരംഭിക്കുവാന്‍ ദൈവം പ്രേരണ നല്കി. ഇന്ന് വണ്ടിയോടിച്ച് കേരളത്തിന്റെ അങ്ങോളമിങ്ങോളം തന്നെപ്പോലെ ബലഹീനരായവരെ തേടിപ്പിടിച്ച് ആശ്വസിപ്പിക്കയും, ആശ്രയമറ്റവരെ തന്റെ വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ച കാരുണ്യാ ഭവന് എന്ന സ്ഥാപനത്തില്‍ കൊണ്ടുവരികയും അവരെ ഭൌമികമായും, ആത്മീകമായും ശുശ്രൂഷിക്കയും ചെയ്തുവരുന്നു. ശാശ്വത ഭുജങ്ങളില്‍ എന്ന തന്റെ ആത്മകഥ ഞാന്‍ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്നു. https://www.karunyabhavan.org/ എന്ന വെബ്സൈറ്റിലൂടെ മോഹനന്‍നായര്‍ സഹോദരനുമായി ബന്ധപ്പെടുാവുന്നതാണ്. മോഹനന് നായരുടെ ജീവിതം പോലെതന്നെ തന്റെ ജനത്തില്നിന്നകന്ന് ബലഹീനനായും, ഏകാന്തനായും ജീവിച്ച മോശെ ദൈവത്തിന്ന് തന്നെത്താന്‍ സമര്‍പ്പിച്ചപ്പോള്‍ ദൈവീകരങ്ങളിലെ ഇണങ്ങിയ ആയുധമായത് എങ്ങനെയെന്നാണ് ഇന്ന് നാം പഠിക്കുന്നത്.
മൂന്ന് വ്യത്യസ്ത ഘട്ടങ്ങളായി തിരിച്ചിരിക്കുന്നതും, അപ്രതീക്ഷിതമായ വഴിത്തിരിവുകളുടെയും, തീവ്രവും, വ്യക്തിപരമായതുമായ പരിവർത്തനത്തിന്റെ കഥയാണ് മോശെയുടെ ജീവിതം. ആദ്യത്തെ നാൽപത് വർഷം അവന് മിസ്രയീമിന്റെ സമ്പത്തിലും വിദ്യാഭ്യാസത്തിലും അധികാരത്തിലും മുഴുകിയ ഒരു രാജകുമാരനായി ജീവിച്ചു. എന്നാൽ മിസ്രായീമില്‍ പ്രത്യേക പദവികള്‍ ഉണ്ടായിരുന്നിട്ടും അടിച്ചമർത്തപ്പെട്ട തന്റെ ജനമായ യിസ്രായേല്യർക്കുവേണ്ടി പ്രവർത്തിക്കാൻ വേണ്ടി മോശെ തീരുമാനിച്ചു. അവന്റെ തീക്ഷ്ണത ഒരു മിസ്രായീമ്യ മേൽവിചാരകനെ കൊല്ലുവാൻ അവനെ പ്രേരിപ്പിച്ചു, ഫറവോന് ഈ കാര്യം അറിഞ്ഞപ്പോള്‍ അവനെ കൊല്ലുവാന്‍ അന്വേഷിച്ചു. തന്റെ ജീവൻ രക്ഷിക്കുവാൻ പലായനം ചെയ്യാൻ നിർബന്ധിതനായ മോശ അടുത്ത നാൽപത് വർഷം മിദ്യാനിൽ ഒരു ഇടയനായി ചെലവഴിച്ചു. അവിടെ മരുഭൂമിയുടെ ശാന്തതയിൽ, ഏകാന്തതയുടെയും, തയ്യാറെടുപ്പിന്റെയും ഒരു സമയത്തിലൂടെ അവന് കടന്നു പോയി. അവന് ഇപ്പോള്‍ ഒരു രാജകുമാരനായിരുന്നില്ല, മറിച്ച് ഏകനും അവഗണിക്കപ്പെട്ടവനുമായ ഒരു എളിയ ആട്ടിടയനായിരുന്നു. എന്നിരുന്നാലും താന്‍ ആ സ്ഥലത്ത് സുരക്ഷിതനായിരുന്നു.
മോശെയുടെ ജീവിതത്തില്‍ ഈ നാൽപത് വർഷങ്ങൾ വൃഥാവായിപ്പോയ സമയങ്ങളായിരുന്നില്ല; വരാനിരുന്ന മഹത്തായ ദൈവീക ശ്ശ്രൂഷക്കുള്ള സ്വഭാവ രൂപീകരണത്തിന്റയും ഒരുക്കത്തിന്റെയും വർഷങ്ങളായിരുന്നു അവ. ദൈവം പലപ്പോഴും താന്‍ തിരഞ്ഞെടുത്തവരെ മുൻനിരയിലേക്ക് വിളിക്കുന്നതിന് മുമ്പ് അവരുടെ വ്യക്തിജീവിതങ്ങള്‍ രൂപപ്പെടുത്തുന്നതിന്നായി ഏകാന്തതയില്‍ മറഞ്ഞിരിക്കുന്ന വഴികളിലൂടെയാണ് അവരെ നയിക്കുന്നത്. മോശെയെ സംബന്ധിച്ചിടത്തോളം, ഈ പരിശീനക്കളരി ദൈവവുമായുള്ള ഒരു അഭിമുഖത്തിലാണ് പര്യവസാനിച്ചത്, അത് അവന്റെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവമായിരുന്നു.
ഹോരേബ് മരുഭൂമിയിൽ, കത്തുന്ന മുൾപടർപ്പിന്റെ ആകർഷകമായ സാധനപാഠത്തിലൂടെ ദൈവം മോശയ്ക്ക് സ്വയം വെളിപ്പെടുത്തി. കത്തിയെരിയുന്നതും എന്നാല്‍ അത്ഭുതകരമായി വെന്തുപോകാത്തതുമായ ഒരു മുൾപടർപ്പ് മോശെ കണ്ടു. ഈ അത്ഭുതത്തിൽ ആകൃഷ്ടനായി അവന് അടുത്തുവന്നപ്പോള്‍ താൻ വിശുദ്ധ ഭൂമിയിലാണ് നിൽക്കുന്നതെന്നും ആദരവിന്റെയും അംഗീകാരത്തിന്റെയും അടയാളമായി തന്റെ ചെരിപ്പുകൾ നീക്കം ചെയ്യാൻ തന്നോട് നിർദ്ദേശിക്കുന്ന ദൈവീക ശബ്ദം അവന് കേട്ടു.
ഒരു കൌതുകകരമായ അത്ഭുതത്തെക്കാളുപരി ഭൌമികമായ ഒന്നിനെ നശിപ്പിക്കാതെ ദൈവിക സാന്നിധ്യം വെളിപ്പെട്ടുവരുന്നതിന്റെ പ്രതീകമായിരുന്നു എരിയുന്ന മുൾപടർപ്പ്. അതുപോലെ, മോശെ എന്ന വ്യക്തിയെ ദഹിപ്പിച്ചുകളയാതെ തന്റെ മഹത്വം അവനിലൂടെ വെളിപ്പെടുത്താൻ ദൈവം ഉദ്ദേശിച്ചു. ദൈവിക സാന്നിധ്യത്തിലുള്ള ആദരവും താഴ്മയും, വിശുദ്ധമായ ഭക്തിയുടെയും അനുസരണത്തിന്റെയും മനോഭാവമായിരുന്നു ആ അവസ്ഥ.
“എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു” (2 കൊരിന്ത്യർ 12:9). തന്റെ ശക്തി പ്രകടിപ്പിക്കാൻ ദൈവം താഴ്മയുള്ളവരെയും ബലഹീനരെയും തിരഞ്ഞെടുക്കുന്നു, അതിനാൽ അവർ അവനിൽ മാത്രം പ്രശംസിക്കട്ടെ. ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുവാൻ ഒരു വ്യക്തിയെ യോഗ്യനാക്കുവാൻ അവന്റെ ഭൌമികമായ ഒരു യോഗ്യതയും സാധ്യമാകാത്തതുപോലെ, ഒരു ബലഹീനതയ്ക്കും അവരെ അയോഗ്യരാക്കുവാനും സാധിക്കയില്ല. കൃപയിലൂടെ, ദൈവം നമ്മെ ഓരോരുത്തരെയും തന്റെ പ്രവർത്തനത്തിനായി വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു.
അഹങ്കാരമോ, മുന്‍വിധിയോ കൂടാതെ ദൈവിക വിളി സ്വീകരിക്കുവാൻ മോശെയുടെ താഴ്മ അവനെ പ്രാപ്തനാക്കി. താഴ്മയുള്ളവർ ഏതെങ്കിലും കാരണം പറഞ്ഞ് ദൈവഹിതത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കാതെ, കുഞ്ഞുങ്ങളെപ്പോലെ അതിനെ സ്വീകരിക്കുന്നു. 1 പത്രോസ് 5:5 ൽ, “ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;” എന്നതിനാൽ എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ എന്ന് വിശ്വാസികളെ ഉപദേശിക്കുന്നു. യെശയ്യാവു 66:2, “എങ്കിലും അരിഷ്ടനും മനസ്സു തകർന്നവനും എന്റെ വചനത്തിങ്കൽ വിറെക്കുന്നവനുമായ മനുഷ്യനെ ഞാൻ കടാക്ഷിക്കും. തന്റെ മാർഗനിർദേശത്തിന് കീഴ്പെടുവാൻ സന്നദ്ധരായ താഴ്മയുള്ള ഹൃദയങ്ങളെ ദൈവം ഇന്നും അന്വേഷിക്കുന്നു.
അബ്രാഹാമിൻ്റെയും, യിസ്ഹാക്കിൻ്റെയും, യാക്കോബിൻ്റെയും ദൈവമായി യഹോവ മോശയ്ക്ക് സ്വയം പരിചയപ്പെടുത്തി-അത് അവന്റെ വിശ്വസ്തതയുടെ തെളിവാണ്. ഗോത്രപിതാക്കന്മാരുടെ കാലശേഷം ഏകദേശം 400 വർഷത്തെ മൌനം ഉണ്ടായിരുന്നിട്ടും ദൈവം തന്റെ വാഗ്ദത്തങ്ങൾ മറന്നിരുന്നില്ല. പുറപ്പാട് 2:24-25 24 ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമവും ഓർത്തു. 25 ദൈവം യിസ്രായേൽമക്കളെ കടാക്ഷിച്ചു; ദൈവം അറിഞ്ഞു.
എന്ന് നാം വായിക്കുന്നു.
വരാനിരിക്കുന്ന തങ്ങളുടെ വീണ്ടെടുപ്പ് തിരിച്ചറിയുവാൻ കഴിയാതെ ഇസ്രായേൽ മക്കള്‍ തളർന്നുപോയെങ്കിലും ദൈവത്തിന്റെ ഘടികാരം ക്രത്യതയുള്ളതായിരുന്നു. തന്റെ ജനത്തെ മോചിപ്പിക്കുവാനും അവരെ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് നയിക്കുവാനും താൻ ഒരുക്കമാണെന്ന് ദൈവം മോശെയ്ക്ക് വെളിപ്പെടുത്തി. ഇതിൽ, അവരുടെ ഇപ്പോഴുള്ള സാഹചര്യം നിരാശാജനകമാണെന്ന് തോന്നിയാലും യിസ്രായേലുമായുള്ള തന്റെ ഉടമ്പടി താൻ മറക്കുകയോ ഉപേക്ഷിക്കുകയോ ചെയ്തിട്ടില്ലെന്ന് ദൈവം മോശെക്ക് കാണിച്ചു കൊടുത്തു.
മോശ ഒരിക്കൽ തന്റെ സ്വന്തം ഹിതത്തിലും, ശക്തിയിലും തന്റെ ജനത്തെ രക്ഷിക്കുവാൻ ശ്രമിച്ചിരുന്നു, എന്നാല്‍ അത് വിനാശകരമായ പരാജയത്തിലാണ് കലാശിച്ചത്. ആ പരാജയം അദ്ദേഹത്തെ മിസ്രായീമിൽ നിന്ന് താന്‍ നാൽപ്പത് വർഷം ചെലവഴിച്ച മിദ്യാനിലേക്ക് കൊണ്ട്പോയി. ഒരു പക്ഷേ തന്റെ പ്രാരംഭ തീക്ഷ്ണതയാണ് തന്നെ വഴിതെറ്റിച്ചെതെന്ന് പറഞ്ഞ് അവന് സ്വയം ആശ്വസിപ്പിച്ചിരിക്കാം. എന്നാൽ ഇപ്പോൾ, ദൈവത്തിന്റെ സമയത്ത്, ഒരിക്കൽ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ട അതേ ദൌത്യം ഏറ്റെടുക്കാൻ ദൈവം മോശെയെ വിളിക്കുന്നു. ദൈവത്തിന്റെ സമയം തികഞ്ഞിരിക്കുരുന്നു, ആകയാല്‍ ദൈവകല്പനയില് പ്രവൃത്തിക്കുന്ന മോശയ്ക്ക് ദൌത്യത്തിന് ആവശ്യമായതെല്ലാം ഉണ്ടായിരിക്കും എന്ന ദൈവികസന്ദേശം വളരെ വ്യക്തമായിരുന്നു.
മോശയുമായുള്ള ദൈവത്തിന്റെ കൂടിക്കാഴ്ചയിൽ നിന്ന് മൂന്ന് പ്രധാന പാഠങ്ങൾ നമുക്ക് പഠിക്കാവുന്നതാണ്
ഒന്നാമതായി നാം നമ്മുടെ ദൈവത്തെ ശരിയായി അറിയേണ്ടത് ആവശ്യമാണ്. “നീ ആരാണ്” എന്ന ചോദ്യത്തോടെയാണ് മോശെയുടെ കൂടിക്കാഴ്ച ആരംഭിക്കുന്നത്. ദൈവത്തെ അറിയുക എന്നതാണ് നമ്മുടെ വിശ്വാസത്തിൻ്റെയും മാനസാന്തരത്തിൻ്റെയും അടിസ്ഥാനം. അബ്രഹാം, യിസഹാക്ക്, യാക്കോബ് എന്നിവരുടെ ഉടമ്പടി പാലിക്കുന്നവനും, തന്റെ വാഗ്ദത്തങ്ങളില്‍ വിശ്വസ്തനായ ദൈവവമമായും താന്‍ തന്നെതന്നെ പരിചയപ്പെടുത്തി.. നൂറ്റാണ്ടുകൾക്കുശേഷം, ദമ്മേശ്കിലേക്കുള്ള വഴിയിൽ തർസൊസിലെ ശൌൽ ഇതേ ചോദ്യം ചോദിച്ചിരുന്നു. യേശുക്രിസ്തുവിലൂടെ ദൈവത്തെ അറിയുക എന്നതാണ് നിത്യജീവന്റെ അന്തസത്ത.
രണ്ടാമതായി ദൈവത്തിന്റെ പദ്ധതി നാം മനസ്സിലാക്കേണ്ടതാണ്. യിസ്രായേലിന്റെ വിമോചനത്തിന്റെ സമയം അടുത്തുവരികയാണെന്ന് ദൈവം മോശെക്ക് വെളിപ്പെടുത്തി. തന്റെ ജനത്തോടും,ലോകത്തോടും തന്റെ ഹൃദയം പങ്കുവെച്ചുകൊണ്ട് ദൈവം പലപ്പോഴും തന്റെ തിരഞ്ഞെടുത്ത ദാസന്മാർക്ക് തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്നു. ദൈവത്തിന്റെ പദ്ധതി മനസ്സിലാക്കുന്നത് നമുടെ ജീവിതങ്ങള്‍ക്ക് മാർഗനിർദേശവും ഉദ്ദേശശുദ്ധിയും, അര്‍ത്ഥവും പ്രദാനം ചെയ്യുന്നു.
മൂന്നാമതായി ദൈവികപദ്ധതിയിൽ നമ്മുടെ പങ്ക് നാം തിരിച്ചറിയേണ്ടതാണ്. തന്റെ പദ്ധതി വെളിപ്പെടുത്തിയ ശേഷം, “ഞാൻ നിന്നെ ഫറവോന്റെ അടുത്തേക്ക് അയയ്ക്കും” എന്ന് ദൈവം മോശയോട് പറഞ്ഞു. ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ അറിയുന്നത് ജീവിതസമവാക്യത്തിന്റെ പകുതി മാത്രമാണ്; എന്നാല്‍ ആ പദ്ധതിയിൽ നമ്മുടെ പങ്ക് മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുമ്പോഴാണ് നാം യഥാര്‍ത്ഥമായി ദൈവഹിതത്തിലേക്ക് നയിക്കപ്പെടുന്നത്. മോശെയെപ്പോലെ, നാം അവന്റെ വഴികളില്‍ അറിവുള്ളവർ മാത്രമല്ല, അവയുടെ പൂര്‍ത്തീകരണത്തിനായി നിയോഗിക്കപ്പെട്ടവരുമാണ്. ദൈവവിളി തുടക്കത്തിൽ നമുക്ക് അപര്യാപ്തമെന്ന് തോന്നിയേക്കാവുന്ന മേഖലകളിലേക്ക് നമ്മെ നയിച്ചെന്ന് വന്നേക്കാം എന്നാല്‍ നമ്മുടെ യാത്രയില്‍ നമുക്ക് വഴികാട്ടുവാനും, നമ്മെ ശക്തീകരിക്കുവാനും അവനെപ്പോഴും നമ്മോടു കൂടെയുണ്ടായിരിക്കും.
അപ്പോസ്തലനായ പൌലോസും ദമസ്കോസിന്റെ പടിവാതില്ക്കല് സമാനമായ ഒരു അനുഭവത്തിലൂടെ കടന്നുപോയി . ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിനെ കണ്ടുമുട്ടിയപ്പോൾ, അദ്ദേഹത്തിന്റെ ആദ്യത്തെ ചോദ്യം, “കർത്താവേ, നീ ആരാണ്?” എന്നായിരുന്നു. തുടർന്ന്, “കർത്താവേ, ഞാൻ എന്തുചെയ്യണം?” എന്ന് താന്‍ ചോദിക്കയുണ്ടായി. ദൈവജനത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കാനുള്ള മോശയുടെ ആഹ്വാനത്തെ പ്രതിധ്വനിപ്പിച്ചുകൊണ്ട് പൌലോസിന്റെ ജീവിതം മുഴുവനും ദൈവിക ഉദ്ദേശ്യം നിറവേറ്റുന്നതിനായി സമർപ്പിക്കപ്പെട്ടതായി നമുക്ക് കാണാം. തന്നെയും സഭയെയും കുറിച്ചുള്ള ദൈവത്തിന്റെ മഹത്തായ ദർശനം നിറവേറ്റിക്കൊണ്ട് പൌലോസ് അനുസരണത്തിൽ തന്നെത്തന്നെ സമര്‍പ്പിച്ചു.
ദൈവിക തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയുമായ ക്രിസ്തുവേശുവിലൂടെ സത്യദൈവത്തെ നമുക്ക് കണ്ടെത്തുവാന്‍ സാധിക്കും. ക്രിസ്തുവിലൂടെ ദൈവം തന്റെ ഉദ്ദേശ്യവും പദ്ധതിയും നമുക്ക് വെളിപ്പെടുത്തുകയും, അവന്റെ വചനത്തിലൂടെ ജീവിതത്തിനും ദൈവഭക്തിക്കും മതിയായ വാഗ്ദത്തങ്ങൾ നാം കണ്ടെത്തുകയും ചെയ്യുന്നു. ദൈവവചനത്തിൽ വിശ്വസിക്കുവാനും അനുസരിക്കാനും, അതില്‍ വിറയ്ക്കാനും തയ്യാറുള്ള താഴ്മയുള്ള ഹൃദയമുള്ളവര്‍ക്കാണ് അവന്റെ കൃപ സ്വീകരിച്ച് തന്റെ വഴികളിൽ നടക്കുവാന്‍ സാധിക്കുന്നത്.
മോശെയെപ്പോലെ നമുക്കെല്ലാവർക്കും ദൈവത്തിന്റെ വലിയ വീണ്ടെടുപ്പ് പദ്ധതിക്കുള്ളിൽ സവിശേഷമായ കൃപാവരങ്ങളും ശുഷ്രൂഷകളും നൽകപ്പെട്ടിട്ടുണ്ട്. കത്തുന്ന മുൾപടർപ്പ് മോശെയുടെ വ്യക്തിപരമായ പ്രചോദനത്തിന് മാത്രമായിരുന്നില്ല; അത് ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾക്ക് പൂർണ്ണമായും കീഴടങ്ങിയ ഒരു ജീവിത ശൈലിയിലേക്കുള്ള ക്ഷണമായിരുന്നു. നമുക്ക് താഴ്മയുള്ള ഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കാം, അവന്റെ മഹത്വമേറിയ പദ്ധതിയിൽ നമ്മുടെ പങ്ക് വെളിപ്പെടുത്തുവാൻ അവനോട് അഭ്യർത്ഥിക്കാം. നമ്മുടെ ഉദ്ദേശ്യം കണ്ടെത്തുമ്പോൾ, നമുക്ക് അതിൽ പൂർണ്ണഹൃദയത്തോടെ പ്രതിജ്ഞാബദ്ധരാകാം, നമ്മുടെ കൃപാവരങ്ങളെ ജ്വലിപ്പിക്കുകയും, ആത്മാവിന്റെ എരിവോടെ ദൈവത്തെ സേവിക്കുകയും ചെയ്യാം.
നമ്മുടെ ദൈനംദിന ജീവിതത്തിൽ, നമുക്ക് ചുറ്റുമുള്ള വെല്ലുവിളികൾക്ക് അടിമപ്പെടാതെ ദൈവിക സാന്നിധ്യവും ഉദ്ദേശ്യവും പ്രതിഫലിപ്പിക്കുന്ന “എരിയുന്ന മുള്പ്പടര്പ്പുകളായി” നമുക്ക് ജീവിക്കാം. മോശെയെ തന്റെ ദൌത്യത്തിലുടനീളം നയിച്ച അതേ ദൈവകൃപ നമുക്കും ഇന്ന് ലഭ്യമാണ്. നാം ദൈവത്തിന് മുന്നിൽ നമ്മെത്തന്നെ താഴ്ത്തുമ്പോൾ, അവൻ നമ്മെ വിളിക്കുന്ന എല്ലാ സൽപ്രവൃത്തികൾക്കും അവൻ നമ്മെ സജ്ജരാക്കുകയും, നിലനിർത്തുകയും ചെയ്യുമെന്ന് അറിഞ്ഞുകൊണ്ട് നമുക്ക് ഓരോ ദിവസവും ദൈവത്തെ എതിരേല്പ്പാന് ഒരുങ്ങാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment