+91 9892580744
gospelbroadcast@yahoo.com

Apr-08-49M-ദൈവദൃഷ്ടിയിലുള്ള സൌന്ദര്യം

Apr-08-49M-ദൈവദൃഷ്ടിയിലുള്ള സൌന്ദര്യം

LWGB Malayalam Podcast
LWGB Malayalam Podcast
Apr-08-49M-ദൈവദൃഷ്ടിയിലുള്ള സൌന്ദര്യം
Loading
/

49M_ദൈവദൃഷ്ടിയിലുള്ള സൌന്ദര്യം

പുറപ്പാട് 2.1-10 എന്നാൽ ലേവികുടുംബത്തിലെ ഒരു പുരുഷൻ പോയി ഒരു ലേവ്യകന്യകയെ പരിഗ്രഹിച്ചു.
2 അവൾ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. അവൻ സൌന്ദര്യമുള്ളവൻ എന്നു കണ്ടിട്ടു അവനെ മൂന്നു മാസം ഒളിച്ചുവെച്ചു.
3 അവനെ പിന്നെ ഒളിച്ചുവെപ്പാൻ കഴിയാതെ ആയപ്പോൾ അവൾ ഒരു ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.
4 അവന്നു എന്തു ഭവിക്കുമെന്നു അറിവാൻ അവന്‍റെ പെങ്ങൾ ദൂരത്തു നിന്നു.
5 അപ്പോൾ ഫറവോന്‍റെ പുത്രി നദിയിൽ കുളിപ്പാൻ വന്നു; അവളുടെ ദാസിമാർ നദീതീരത്തുകൂടി നടന്നു; അവൾ ഞാങ്ങണയുടെ ഇടയിൽ പെട്ടകം കണ്ടപ്പോൾ അതിനെ എടുത്തു കൊണ്ടുവരുവാൻ ദാസിയെ അയച്ചു.
6 അവൾ അതു തുറന്നാറെ പൈതലിനെ കണ്ടു: കുട്ടി ഇതാ, കരയുന്നു. അവൾക്കു അതിനോടു അലിവുതോന്നി: ഇതു എബ്രായരുടെ പൈതങ്ങളിൽ ഒന്നു എന്നു പറഞ്ഞു.
7 അവന്‍റെ പെങ്ങൾ ഫറവോന്‍റെ പുത്രിയോടു: ഈ പൈതലിന്നു മുലകൊടുക്കേണ്ടതിന്നു ഒരു എബ്രായസ്ത്രീയെ ഞാൻ ചെന്നു വിളിച്ചു കൊണ്ടുവരേണമോ എന്നു ചോദിച്ചു.
8 ഫറവോന്‍റെ പുത്രി അവളോടു: ചെന്നു കൊണ്ടു വരിക എന്നു പറഞ്ഞു. കന്യക ചെന്നു പൈതലിന്‍റെ അമ്മയെ വിളിച്ചുകൊണ്ടുവന്നു.
9 ഫറവോന്‍റെ പുത്രി അവളോടു: നീ ഈ പൈതലിനെ കൊണ്ടുപോയി മുലകൊടുത്തു വളർത്തേണം; ഞാൻ നിനക്കു ശമ്പളം തരാം എന്നു പറഞ്ഞു. സ്ത്രി പൈതലിനെ എടുത്തു കൊണ്ടുപോയി മുലകൊടുത്തു വളർത്തി.
10 പൈതൽ വളർന്നശേഷം അവൾ അവനെ ഫറവോന്‍റെ പുത്രിയുടെ അടുക്കൽ കൊണ്ടു പോയി, അവൻ അവൾക്കു മകനായി: ഞാൻ അവനെ വെള്ളത്തിൽ നിന്നു വലിച്ചെടുത്തു എന്നു പറഞ്ഞു അവൾ അവന്നു മോശെ എന്നു പേരിട്ടു.

എബ്രാ 11.23 വിശ്വാസത്താൽ മോശെയുടെ ജനനത്തിങ്കൽ ശിശു സുന്ദരൻ എന്നു അമ്മയപ്പന്മാർ കണ്ടു: രാജാവിന്‍റെ കല്പന ഭയപ്പെടാതെ അവനെ മൂന്നു മാസം ഒളിപ്പിച്ചുവെച്ചു.

ഒരിക്കല്‍ ഒരു അമേരിക്കൻ വിനോദസഞ്ചാരി പാരിസിലെ തുച്ഛവിലയുള്ള ആഭരണങ്ങള്‍ വില്‍ക്കുന്ന ഒരു കടയിൽ നിന്ന് ഒരു സാധാരണ കുന്തുരുക്കമാല വാങ്ങുകയുണ്ടായി. തിരിച്ച് നാട്ടിലേക്ക് പോയ അയാള്‍ ന്യൂയോർക്കിലെ കസ്റ്റംസില്‍ താന്‍ വാങ്ങിയ മാലയ്ക്ക് വളരെ ഉയർന്ന ഡ്യൂട്ടി നൽകേണ്ടിവന്നപ്പോൾ ഞെട്ടിപ്പോയി. ഇത് അദ്ദേഹത്തിൻ്റെ കൌതുകം ഉണർത്തിയതിനാൽ അദ്ദേഹം ആ മാലയുടെ മൂല്യ നിർണ്ണയം നടത്തുവാന്‍ തീരുമാനിച്ചു. ഒരു ഭൂതക്കണ്ണാടിയിലൂടെ അത് നോക്കിയ ശേഷം, “ഇതിന്ന് ഞാൻ നിങ്ങൾക്ക് 25,000 ഡോളർ തരാം” എന്ന് മൂല്യനിര്‍ണ്ണയം നടത്തിയ വ്യാപാരി അദ്ദേഹത്തോടായി പറഞ്ഞു. വളരെ ആശ്ചര്യപ്പെട്ട ആ മനുഷ്യൻ അത് മറ്റൊരു വിദഗ്ധനെ കൊണ്ട് പരിശോധിക്കുവാൻ തീരുമാനിച്ചു. അങ്ങനെ ചെയ്തപ്പോൾ അയാള്‍ അതിന് മുമ്പ് പറഞ്ഞതിനേക്കാള്‍ 10,000 ഡോളർ കൂടി അധികമായി വാഗ്ദാനം ചെയ്യ്തു. “ഈ പഴയ മാലയിൽ ഇത്ര വിലയേറിയതായി നിങ്ങൾ എന്താണ് കാണുന്നത്?” എന്ന് അത്ഭുതപ്പെട്ട ആ മനുഷ്യൻ ചോദിച്ചു. “ഈ ഭൂതകണ്ണാടിയിലൂടെ ഒന്ന് നോക്കൂ”, എന്ന് ആ വ്യാപാരി അദ്ദേഹത്തോടായി പറഞ്ഞു. ആ മാലയില്‍ “നെപ്പോളിയൻ ബോണപ്പാർട്ടില്‍ നിന്ന് ജോസഫൈന്നായി” എന്ന ഒരു ലിഖിതം അദ്ദേഹത്തിന്‍റെ കാഴ്ചയില്‍ തെളിഞ്ഞു വന്നു. ഒരു പ്രശസ്ത വ്യക്തിയുമായുള്ള ബന്ധത്തില്‍ നിന്നാണ് ആ മാലയുടെ മൂല്യം നിര്‍ണ്ണയിക്കപ്പെട്ടത്. അതു പോലെ ദൈവവുമായുള്ള ബന്ധത്തില്‍ നിന്നാണ് നമ്മുടെ വില നിര്‍ണ്ണയിക്കപ്പെടുന്നത്. അമ്രാമിനും, യോഖേബെദിനും ജനിച്ച പൈതലിനെ അനാവശ്യമെന്ന് കണ്ടു നദിയിലേക്ക് എറിയണമെന്ന് ഫറവോന്‍ ഉത്തരവിട്ടെങ്കിലും, ദൈവത്തിന്‍റെ ദൃഷ്ടിയിൽ ആ പൈതല്‍ വിലപ്പെട്ടവനും, സുന്ദരനുമായിരുന്നു.

മോശയുടെ ജനനസമയത്ത്, മിസ്രായീമ്യ ഊഴിയവിചാരകന്മാരുടെ കീഴിൽ അടിച്ചമർത്തൽ സഹിച്ചുകൊണ്ട് യിസ്രായേല്യർ ഏകദേശം 320 വർഷത്തോളം മിസ്രായീമിൽ താമസിക്കുകയായിരുന്നു. മോശെയുടെ മാതാപിതാക്കളായ അമ്രാമിന്നും, യോഖേബെദിന്നും ഇതിനകം തന്നെ മിരിയാം, അഹരോൻ എന്നീ രണ്ട് മക്കളുണ്ടായിരുന്നു. നവജാതശിശുക്കളായ എല്ലാ എബ്രായ ആൺകുട്ടികളെയും കൊല്ലുവാനുള്ള ഫറവോന്‍റെ കൽപ്പന ഉണ്ടായിരുന്നിട്ടും, മോശയ്ക്ക് മൂന്ന് വർഷം മുമ്പ് ജനിച്ച അഹരോന്‍, ഒരുപക്ഷേ ദൈവത്തിന്‍റെ നിയമങ്ങളോടുള്ള സൂതികര്‍മ്മണികളുടെ ആദരവ് കാരണമായിരിക്കണം ആ പ്രതിസന്ധിയെ അതിജീവിച്ചത്. എന്നിരുന്നാലും, ആ ദമ്പതികള്‍ക്ക് മോശെയുടെ ജനനം ഒരു പുതിയ വെല്ലുവിളി ഉയർത്തി. വലിയ ഉൽക്കൺഠനിറഞ്ഞ ആ സമയത്ത്, അമ്രാമും, യോഖേബെദും തങ്ങളുടെ നവജാതശിശുവിനെ നൈൽ നദിയിലേക്ക് എറിയുക എന്ന ഫറവോന്‍റെ കഠിനമായ കൽപ്പന നേരിടേണ്ടതായി വന്നു.

എന്നാൽ ഭയപ്പെടുന്നതിനുപകരം അവർ വിശ്വാസത്തോടു കൂടി അതിനെ നേരിട്ടു. സ്തേഫാനോസ് അപ്പോസ്തല പ്രവൃത്തികൾ 7:20 ൽ വിവരിക്കുന്നതുപോലെ, തങ്ങളുടെ കുട്ടിയെ “ദിവ്യസുന്ദരനായി” അവർ കണ്ടു. അവനെ രൂപത്തിൽ മാത്രമല്ല, ആഴത്തിലുള്ള അർത്ഥത്തിൽ, “ദൈവത്തിന്‍റെ ദൃഷ്ടിയിൽ സൌന്ദര്യമുള്ളവനായായി” തന്നെ അവര്‍ കണ്ടു. ഈ അദ്ധ്യായത്തിലെ “സൌന്ദര്യമുള്ളവൻ” എന്ന എബ്രായ പദത്തെ “വിലയേറിയത്” അഥവാ “വിശേഷമായത്” എന്നും വിവർത്തനം ചെയ്യാം. 2 അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും എന്ന്് സങ്കീർത്തനം 133:2 ലൂം ഈ മുലപദം തന്നെയാണ് ഉപോഗിച്ചിരിക്കുന്നത്. മോശെ ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിശേഷമേറിയ പൈതലായിരുന്നു, ഒരു വലിയ ഉദ്ദേശ്യത്തിനായി അവന്‍ തിരഞ്ഞെടുക്കപ്പെട്ടു.

അമ്രാമും, യോഖേബെദും തങ്ങളുടെ മകനിൽ കണ്ടത് മോശയ്ക്ക് മാത്രം അവകാശപ്പെട്ടതൊന്നായിരുന്നില്ല. ഈ ലോകത്തില്‍ ജനിക്കുന്ന ഓരോ കുഞ്ഞും ദൈവത്തിൽ നിന്നുള്ള ഒരു ദാനമാണ് എന്ന് തിരുവെഴുത്ത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. “മക്കൾ, യഹോവ നല്കുന്ന അവകാശവും ഉദര ഫലം, അവൻ തരുന്ന പ്രതിഫലവും തന്നേ.” (Psalm 127:3). മോശെയുടെ മാതാപിതാക്കൾ അവനെ തങ്ങളുടെ പുത്രനായി മാത്രമല്ല, ദൈവത്തിന്‍റെ സൃഷ്ടിയായും സ്വീകരിച്ചതായി നമുക്ക് മനസ്സിലാക്കാം. ഇതിനു വിപരീതമായി, യിസ്രായേൽ, പിൽക്കാലങ്ങളിൽ, ഈ ധാരണയിൽ നിന്ന് വളരെയധികം വ്യതിചലിച്ചതായി നാം തിരുവെഴുത്തുകളില്‍ വായിക്കുന്നു. അവരുടെ മക്കളെ മോലേക്കിനെപ്പോലുള്ള അന്യ ദൈവങ്ങൾക്കായി അവര്‍ ബലിയർപ്പിച്ചു. യെഹസ്കേല്‍ പ്രവചനം 16:20-21 ദൈവം അവരെ ശാസിക്കുകയും ഇങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു. “20 നീ എനിക്കു പ്രസവിച്ച നിന്‍റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവെക്കു ഭോജനബലിയായി അർപ്പിച്ചു.
21 നിന്‍റെ പരസംഗം പോരാഞ്ഞിട്ടോ നീ എന്‍റെ മക്കളെ അറുത്തു അഗ്നിപ്രവേശം ചെയ്യിച്ചു അവെക്കു ഏല്പിച്ചുകൊടുത്തതു?”.

നമുക്ക് ദൈവം നല്കുന്ന ഓരോ പൈതലും “അത്ഭുതകരമായി സൃഷ്ടിക്കപ്പെടുന്നു” എന്നും “അത്ഭുതകരമായി വേർതിരിക്കപ്പെടുന്നു” എന്നും നാം അംഗീകരിക്കുന്നതിലൂടെയാണ് അവരുടെ വിശ്വസ്തമായ രക്ഷാകർതൃത്വം ആരംഭിക്കുന്നത്. (Psalm 139:14). ഓരോ കുഞ്ഞിനെക്കുറിച്ചും ദൈവത്തിന് ഒരു പ്രത്യേക ഉദ്ദേശ്യമുണ്ട്, ഈ ധാരണ തങ്ങളുടെ കുട്ടികളെ വിശ്വാസത്തിൽ സംരക്ഷിക്കുവാനും, പരിപോഷിപ്പിക്കുവാനും ദൈവത്തിന്‍റെ മഹത്തായ പദ്ധതിയിൽ ആശ വെക്കുവാനും മാതാപിതാക്കളെ സഹായിക്കുന്നു.

മോശെയെ മറച്ചുവെക്കുവാന്‍ തീരുമാനിച്ചപ്പോൾ അമ്രാമും, യോഖേബെദും ഈ വിശ്വാസം അവരുടെ ജീവിതത്തില്‍ പ്രകടമാക്കി. “നാം മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു” (പ്രവൃത്തികൾ 5:29) എന്ന് തിരുവെഴുത്ത് നമ്മോട് പറയുന്നു, അവർ ഈ തത്ത്വത്തിൽ പ്രവർത്തിച്ചതുമൂലം. മൂന്ന് മാസത്തോളം അവർ മോശെയെ ഒളിപ്പിച്ചുവെച്ചു, പക്ഷേ അവൻ വളർന്നപ്പോൾ അവർക്ക് അവനെ വീട്ടിൽ സംരക്ഷിക്കാൻ കഴിഞ്ഞില്ല. വിശ്വാസത്തിന്‍റെ അവസാന ശ്രമത്തിൽ, യോഖേബെദ് ഒരു ചെറിയ ഞാങ്ങണപ്പെട്ടകം വാങ്ങി, അതിന്നു പശയും കീലും തേച്ചു, പൈതലിനെ അതിൽ കിടത്തി, നദിയുടെ അരികിൽ ഞാങ്ങണയുടെ ഇടയിൽ വെച്ചു.

പരിമിതമായ മാർഗ്ഗങ്ങൾ മാത്രമുണ്ടായിരുന്നിട്ടും യേശുവിനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്ത ബെഥാനിയയിലെ മറിയയുടെ പ്രവൃത്തി പോലെയായിരുന്നു ഈ വിശ്വാസപ്രകടനം. (Mark 14:8). അതുപോലെ, തനിക്ക് ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്തതിന്ന് ശേഷം തന്നാല്‍ സാധിക്കാത്തത് ദൈവകരങ്ങളിൽ ഭരമേല്‍പിച്ചുകൊണ്ട് യോഖേബെദ് എല്ലാ മാതാപിതാക്കൾക്കും ഒരു മാതൃകയായി. നമുക്ക് കഴിയുന്നിടത്തോളം കാലം നമ്മുടെ കുഞ്ഞുങ്ങളെ നാം സംരക്ഷിക്കുകയും, തുടര്‍ന്നുള്ള അവരുടെ ഭാവി സുരക്ഷ വിശ്വസത്തോടെ ദൈവകൈകളിൽ ഭരമേല്‍പ്പിക്കുകയും വേണം. വിശ്വാസം എന്നത് സജീവവും അതേ സമയം വിശ്രമവുമാണ്-അത് നമ്മെ പ്രവർത്തിയിലേക്ക് നയിക്കുന്നു, എന്നാൽ നമുക്ക് കൂടുതൽ ഒന്നും ചെയ്യുവാൻ കഴിയാതിരിക്കുമ്പോൾ ആ വിശ്വാസം ദൈവത്തിന്‍റെ സംരക്ഷണ ശക്തിയില്‍ ശരണപ്പെടുന്നു.

യോഖേബെദിന്‍റെ വിശ്വാസത്തിന് മറുപടിയായി ദൈവം തുടര്‍ന്നുള്ള സംഭവങ്ങൾ മനോഹരമായി ക്രമീകരിച്ചതായി നമുക്ക് കാണാം. ഫറവോന്‍റെ പുത്രി തക്ക സമയത്താണ് നൈൽ നദിയിലെത്തിയത്. അവൾ മോശെയെ കണ്ടെത്തി, അവനെ ഒരു എബ്രായ കുട്ടിയായി തിരിച്ചറിഞ്ഞെങ്കിലും അനുകമ്പയോടെ അവനെ ഏറ്റെടുത്തു. ഇത് യാദൃശ്ചികമായിരുന്നില്ല; ദൈവികമായ ഇടപെടെല്‍ അതിന്ന് പിമ്പിലുണ്ടായിരുന്നു. രാജകുമാരി മോശെയെ ദത്തെടുക്കുകയും അവന്ന് രാജകീയ സംരക്ഷണം നൽകുകയും സ്വന്തം മകനെന്ന് അറിയാതെ അവനെ പരിപാലിക്കുവാൻ അമ്മയായ യോഖേബെദിനെ അനുവദിക്കുകയും ചെയ്തു. അങ്ങനെ ചെയ്യുവാൻ ഫറവോന്‍റെ പുത്രി അവള്‍ക്ക് കൂലി കൊടുക്കുകയും ചെയ്തു.

ഈ പരിപോഷണത്തിലൂടെ, ദൈവത്തെക്കുറിച്ചും തന്‍റെ എബ്രായ പാരമ്പര്യത്തെക്കുറിച്ചും പഠിച്ചുകൊണ്ട് തന്‍റെ അമ്മയുടെ പരിചരണത്തിൻ കീഴിൽ വളരുവാൻ മോശയ്ക്ക് സാധിച്ചു. യോഖേബെദിന്‍റെ വിശ്വസ്തതയും, സ്നേഹവും മോശെയുടെ ദൈവിക ഉദ്ദേശ്യത്തിന് അടിത്തറയിട്ടു. ദൈവത്തിന്‍റെ സംരക്ഷണത്തിനായി നാം നമ്മുടെ കുട്ടികളെ സമർപ്പിക്കുമ്പോൾ, അവൻ നമ്മുടെ വിശ്വസ്തതയ്ക്ക് പലപ്പോഴും അപ്രതീക്ഷിതങ്ങളായ രീതികളിൽ പ്രതിഫലം നൽകുന്നതായി അനുഭവത്തില്‍ നിന്നും പറയാവുന്നതാണ്.

മോശെ മിസ്രായീമ്യ കൊട്ടാരത്തിൽ വളർന്നു, മികച്ച വിദ്യാഭ്യാസം നേടി.നേതൃത്വത്തിന് തന്നെ തയ്യാറാക്കുന്ന ഗുണങ്ങൾ എന്ന് വിശേഷിക്കപ്പെടുന്ന വാക്കിലും പ്രവർത്തനത്തിലും അദ്ദേഹം വൈദഗ്ദ്ധ്യം നേടി, . എന്നിരുന്നാലും, യിസ്രാല്‍മക്കളെ രക്ഷിക്കുവാൻ ദൈവം അവനെ വിളിച്ചപ്പോൾ, ഒരിക്കൽ “വാക്കിലും പ്രവൃത്തിയിലും ശക്തൻ” എന്ന് വിശേഷിപ്പിക്കപ്പെട്ട മോശെ താന്‍ വാക്സാമർത്ഥ്യമുള്ളവനല്ല എന്നു പറഞ്ഞു. (Exodus 4:10). അദ്ദേഹത്തിന്‍റെ വാക്ചാതുര്യവും, മിസ്രായീമ്യ വിദ്യാഭ്യാസവും ഒന്നും തന്നെ യിസ്രായേല്‍ മക്കളെ അടിമത്തത്തിൽ നിന്ന് കരകയറ്റുവാൻ അവനെ യോഗ്യനാക്കിയില്ല. തന്‍റെ സ്വന്തം കഴിവല്ല, മറിച്ച് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പാണ് അദ്ദേഹത്തെ ഈ ദൌത്യത്തിന് യോഗ്യനാക്കിയത്.

ഇത് നമ്മെ സംബന്ധിച്ചിടത്തോളം ആഴത്തിലുള്ള ഒരു സത്യമാണ്. ആത്മീയ കാര്യങ്ങളില്‍ പലപ്പോഴും നാം മാനുഷിക ശക്തിയെയോ ബുദ്ധിയെയോ വൈദഗ്ധ്യത്തെയോ ആശ്രയിക്കാൻ നാം പ്രലോഭിപ്പിക്കപ്പെടുന്നു. മോശെ പഠിച്ചതുപോലെ, “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്‍റെ ആത്മാവിനാലത്രേ”(സെഖര്യ 4:6) എന്ന സത്യം നാം മനസ്സിലാക്കണം. യഥാർത്ഥ ആത്മീയ വിജയങ്ങൾ നേടുന്നത് മനുഷ്യരുടെ പരിശ്രമത്തിലൂടെയല്ല, മറിച്ച് ദൈവത്തിന്‍റെ ശക്തിയിലൂടെയാണ്.

മാനുഷ്യ ഉപകരണങ്ങൾ ഉപയോഗിച്ച് ആത്മീയ യുദ്ധങ്ങൾ നടത്തുവാനുള്ള പ്രലോഭനത്തെ നാമും ചെറുക്കണം. അപ്പൊസ്തലനായ പൌലോസ് നമ്മെ ഓർമ്മിപ്പിക്കുന്നു, “4 ഞങ്ങളുടെ പോരിന്‍റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.” (2 Corinthians 10:4). നമ്മുടെ വാക്ചാതുര്യത്തിലോ വിദ്യാഭ്യാസത്തിലോ ശക്തിയിലോ അല്ല, മറിച്ച് ദൈവാത്മാവിലാണ് നാം ആശ്രയിക്കേണ്ടത്.

ദൈവം നമുക്ക് നൽകുന്ന ആയുധങ്ങൾ പലതാണ്. അവന്‍റെ വചനത്തിന്‍റെ സത്യം, പ്രാർത്ഥനയുടെ ശക്തി, പരിശുദ്ധാത്മാവിന്‍റെ മാർഗനിർദേശം, യേശുക്രിസ്തുവിന്‍റെ സാക്ഷ്യം തുടങ്ങിയവ തന്നെ. നമ്മുടെ സ്വന്തം ശക്തിയെക്കാൾ ദൈവത്തിന്‍റെ ശക്തിയെ ആശ്രയിച്ച് സമഗ്രതയോടും താഴ്മയോടും കൂടി ജീവിക്കുമ്പോൾ, നാം ലോകത്തിൽ അവന്‍റെ പ്രവർത്തനത്തിനുള്ള പാത്രങ്ങളായി മാറുന്നു.

മോശെയുടെ ജീവിതം ആദിമുതൽ ദൈവകൃപയുടെയും ശക്തിയുടെയും സാക്ഷ്യമായിരുന്നു. അടിച്ചമർത്തലിന്‍റെയും അപകടത്തിന്‍റെയും കാലഘട്ടത്തിലാണ് ജനിച്ചതെങ്കിലും അദ്ദേഹം “ദൈവസന്നിധിയില്‍ സൌന്ദര്യമുള്ളവനായി”, തിരഞ്ഞെടുക്കപ്പെടുകയും ഒരു ദിവ്യ ഉദ്ദേശ്യത്തിനായി വേർതിരിക്കപ്പെടുകയും ചെയ്തു. അവന്‍റെ മാതാപിതാക്കളുടെ വിശ്വാസം അവന്‍റെ ജീവൻ നിലനിർത്തുകയും ദൈവം അവന് വേണ്ടി കരുതിവച്ചിരുന്ന മഹത്തായ പ്രവർത്തനത്തിന് അവനെ തയ്യാറാക്കുകയും ചെയ്തു.

അതുപോലെ, ഈ ഭൂമിയില്‍ ജനിക്കുന്ന ഓരോ കുഞ്ഞും ദൈവ ദൃഷ്ടിയില്‍ മനോഹരവും, ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നവരും, അവന്‍റെ പദ്ധതികൾക്കായി നിർണ്ണയിക്കപ്പെട്ടവരും ആകുന്നു. മാതാപിതാക്കളും വിശ്വാസികളും എന്ന നിലയിൽ, അവരെ വിശ്വാസത്തിൽ സംരക്ഷിക്കുവാനും, പരിപോഷിപ്പിക്കാനും നയിക്കാനും നാം വിളിക്കപ്പെട്ടിരിക്കുന്നു. നമുക്ക് ചെയ്യുവാന്‍ സാധിക്കാത്ത കാര്യങ്ങള്‍ ദൈവം തന്‍റെ പരിപോഷണത്തിലും, സര്‍വ്വാധികാരത്തിലും ചെയ്യുമെന്ന് നമുക്ക് വിശ്വസിക്കാം. അവനിൽ ആശ്രയിക്കുമ്പോൾ, മോശെയുടെ മാതാപിതാക്കളെപ്പോലെ നമ്മുടെ പരിശ്രമങ്ങളും ദൈവത്താൽ ആദരിക്കപ്പെടുമെന്നത് നിസ്സംശയമാണ്. ദൈവത്തിന്‍റെ ഇഷ്ടം നിറവേറ്റുന്നത് നമ്മുടേതല്ല, അവന്‍റെ ശക്തിയാണെന്ന് എല്ലായ്പ്പോഴും ഓർത്തുകൊണ്ട് ദൈവം നമ്മെ ഏൽപ്പിച്ചിരിക്കുന്ന മക്കളുടെയും, ചുമതലകളുടെയും വിശ്വസ്തരായ കാര്യസ്ഥരായിരിക്കാം.

ദൈവത്തിന്‍റെ ഉപയോഗത്തിനായി വേർതിരിച്ച നമ്മുടെ ജീവിതങ്ങൾ അവന്‍റെ ദൃഷ്ടിയിൽ മനോഹരവും, വിശേഷമേറിയതും, വിലപ്പെട്ടതുമായിരിക്കട്ടെ.

Post a comment