+91 9892580744
gospelbroadcast@yahoo.com

Apr-02-45M-ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായ

Apr-02-45M-ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായ

LWGB Malayalam Podcast
LWGB Malayalam Podcast
Apr-02-45M-ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായ
Loading
/

45M_ബെന്യാമീന് കടിച്ചു കീറുന്ന ചെന്നായ

ഉല്‍പത്തി 49.27 ബെന്യാമീൻ കടിച്ചു കീറുന്ന ചെന്നായ്; രാവിലെ അവൻ ഇരപിടിച്ചു വിഴുങ്ങും; വൈകുന്നേരത്ത് അവൻ കവർച്ച പങ്കിടും.

സങ്കീര്‍ത്തനം 68.24 ദൈവമേ, അവർ നിന്‍റെ എഴുന്നെള്ളത്തുകണ്ടു; എന്‍റെ ദൈവവും രാജാവുമായവന്‍റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
25 സംഗീതക്കാർ മുമ്പിൽ നടന്നു; വീണക്കാർ പിമ്പിൽ നടന്നു; തപ്പുകൊട്ടുന്ന കന്യകമാർ ഇരുപുറവും നടന്നു.
26 യിസ്രായേലിന്‍റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ.
27 അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂൻ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
28 നിന്‍റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.

സുവിശേകനായ ഡി.എൽ മൂഢി ഒരിക്കല്‍ തന്‍റെ ഇംഗ്ലണ്ട് സന്ദര്‍ശനത്തിടെ സംഘടിപ്പിച്ച സുവിശേഷ യോഗങ്ങളെക്കുറിച്ച് എഴുതുവാൻ ഒരു പത്രപ്രവർത്തകനെ അദ്ദേഹത്തിൻ്റെ പത്രം അയച്ചു. ഇംഗ്ലണ്ടിലെ പ്രഭുക്കന്മാരിൽ നിന്നും സാധാരണക്കാരിൽ നിന്നുമുള്ള നിരവധി ആളുകളെ ക്രിസ്തുവിലേക്ക് കൊണ്ടുവരാനുള്ള അദ്ദേഹത്തിൻ്റെ കഴിവിന് പിന്നിലെ രഹസ്യം എന്താണെന്ന് കണ്ടെത്താനായിരുന്നു പ്രധാനമായും തന്‍റെ ഉദ്ദേശം. സൂക്ഷ്മമായ നിരീക്ഷണത്തിനു ശേഷം അദ്ദേഹം ഇങ്ങനെ എഴുതി “അദ്ദേഹത്തിൻ്റെ വിസ്മയിപ്പിക്കുന്ന പ്രവൃത്തി വിശദീകരിക്കാൻ കഴിയുന്ന ഒന്നും തന്നെ എനിക്ക് മൂഡിയിൽ കാണുവാൻ കഴിയുന്നില്ല.”

ആ റിപ്പോർട്ട് വായിച്ചപ്പോൾ മൂഡി ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഇതുതന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്ന സംഭവിച്ചിരിക്കുന്ന ആത്മീയ നവോത്ഥാനത്തിൻ്റെ രഹസ്യം. ദൈവത്തിൻ്റെ ശക്തി എന്നിൽ പ്രവർത്തിച്ചു. അത്രമാത്രം പ്രവൃത്തി ദൈവത്തിൻ്റേതാണ്, എൻ്റേതല്ല.’

“അദ്ദേഹത്തിന് ഒരിക്കലും ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. തൻ്റെ ഭാഷ വ്യാകരണ പിശകുകൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തിൻ്റെ ശാരീരിക രൂപം പ്രത്യേകിച്ച് ആകർഷണീയമായിരുന്നില്ല. തൻ്റെ ശബ്ദം ഉയർന്നതും, ശ്രവണമാധുര്യം ഇല്ലാത്തതുമായിരുന്നു. എന്നിരുന്നാലും, ഈ തടസ്സങ്ങളൊന്നും തന്നെ തന്നിലൂടെയുള്ള ദൈവപ്രവൃത്തിക്ക് തടസ്സമായിരുന്നില്ല. അവനെ ഉപയോഗിച്ച് രണ്ട് ഭൂഖണ്ഡങ്ങളെ ദൈവം ഇളക്കിമറിച്ചു.
നമ്മുടെ കുറവുകളും, ബലഹീനതകളും ദൈവകരങ്ങളില്‍ സമര്‍പ്പിക്കുമ്പോള്‍ അവന്ന് നമ്മിലൂടെ ചെയ്യുവാന്‍ സാധിക്കുന്നതിനതിന്‍റെ ഉത്തമ ഉദാഹരണമാണ് ബെന്യാമീന്‍ ഗോത്രം.

തൻ്റെ അമ്മയായിരുന്ന റാഹേൽ അവനെ പ്രസവിച്ച ഉടൻ തന്നെ മരണപ്പെട്ടു. അവളുടെ പ്രാണന്‍ പോകുന്ന സമയത്ത് അവള്‍ അവന്ന് “എൻ്റെ ദുഃഖത്തിൻ്റെ മകൻ” എന്നര്‍ത്ഥമുള്ള ബെനോനി എന്ന് പേരിട്ടു. എന്നിരുന്നാലും അവൻ്റെ പിതാവായ യാക്കോബ് അവന് “എൻ്റെ വലങ്കൈയുടെ മകൻ” എന്നര്‍ത്ഥമുള്ള ബെന്യാമിൻ എന്നു പേരിട്ടു. യാക്കോബിന്‍റെ ധാരണയിലെ ഈ വ്യത്യാസം എന്തുകൊണ്ടാണ് എന്ന് നോക്കാം. താൻ സ്വയം തിരഞ്ഞെടുത്തതും പ്രിയപ്പെട്ടവളുമായ തന്‍റെ ഭാര്യ റാഹേലിൻ്റെ മരണത്തിൽ യാക്കോബ് അതീവ ദുഃഖിതനായി. പക്ഷേ, അവളിലൂടെ ജനിച്ച തൻ്റെ പന്ത്രണ്ടാമത്തെ മകനെ, തന്‍റെ കുടുംബം പൂര്‍ത്തീകരിച്ചവനും, തന്‍റെ വാർദ്ധക്യത്തില്‍ തണലാകുന്ന ഒരുവനുമായി അവന്‍ നോക്കി കണ്ടു. തനിക്കില്ലാത്തതിലോ, നഷ്ടപ്പെട്ടതിലോ അല്ല ഉള്ളതിൽ സംതൃപ്തനായിരിക്കാനും സന്തോഷവാനായിരിക്കാനും അവൻ തീരുമാനിച്ചു . നമ്മുടെ ശക്തി ദൈവത്തിൻ്റെ വാഗ്ദാനത്തിലാണ്. എന്നാൽ ആ വാഗ്ദത്തം മുറുകേപിടിക്കുമ്പോൾ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായ നമ്മുടെ സ്വന്തം ഇച്ഛയും, തീരുമാനങ്ങളുമെല്ലാം നമുക്ക് നഷ്ടമായെന്ന് വന്നേക്കാം.

യാക്കോബിന് യോസേഫിനെ നഷ്ടപ്പെട്ടതിനുശേഷം, തൻ്റെ ഹൃദയം ബെന്യാമിനുമായി അഭേദ്യമായി അടുത്തിരുന്നു. “അവൻ മാത്രമാണ് അവൻ്റെ അമ്മയിൽ അവശേഷിക്കുന്നത്” എന്നാണ് തന്‍റെ സഹോദരന്മാര്‍ അവനെക്കുറിച്ച് പറഞ്ഞു. തന്‍റെ പിതാവായ യാക്കോബിൻ്റെ പ്രാണന്‍ “ബാലന്‍റെ പ്രാണനുമായി പറ്റിയിരിക്കുന്നു” എന്നാണ് യഹൂദ ബെന്യാമിനെപ്പറ്റി യോസേഫിന്‍റെ മുമ്പില്‍ വിശേഷിപ്പിച്ചത്. എന്നിരുന്നാലും തന്‍റെ മരണക്കിടക്കയിൽ യാക്കോബ് ബെന്യാമിനെ പ്രിയ മകനെന്ന പേരില്‍ പക്ഷപാതപരമായല്ല മറിച്ച് തികഞ്ഞ വിശ്വാസത്താലാണ് അനുഗ്രഹിച്ചത്. അവൻ ബെന്യാമീനെ തന്‍റെതല്ല മറിച്ച് ദൈവത്തിൻ്റെ വീക്ഷണകോണിൽ നിന്നാണ് നോക്കി കണ്ടത്. ക്രിസ്തുവിൻ്റെ സ്നേഹം ലഭിച്ച നാം നമ്മുടെ ജഡത്തേക്കാൾ എത്രയധികം ദൈവാത്മാവിനാലും അവൻ്റെ പ്രേരണകളാലും ജീവിതം മുന്നോട്ട് നയിക്കേണം. 2 കൊരി 5:14 14 ക്രിസ്തുവിന്‍റെ സ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു; എല്ലാവർക്കും വേണ്ടി ഒരുവൻ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
15 ജീവിക്കുന്നവർ ഇനി തങ്ങൾക്കായിട്ടല്ല തങ്ങൾക്കു വേണ്ടി മരിച്ചു ഉയിർത്തവന്നായിട്ടു തന്നേ ജീവിക്കേണ്ടതിന്നു അവൻ എല്ലാവർക്കും വേണ്ടി മരിച്ചു എന്നും ഞങ്ങൾ നിർണ്ണയിച്ചിരിക്കുന്നു.
16 ആകയാൽ ഞങ്ങൾ ഇന്നുമുതൽ ആരെയും ജഡപ്രകാരം അറിയുന്നില്ല; ക്രിസ്തുവിനെ ജഡപ്രകാരം അറിഞ്ഞു എങ്കിലും ഇനിമേൽ അങ്ങനെ അറിയുന്നില്ല.
17 ഒരുത്തൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു; പഴയതു കഴിഞ്ഞുപോയി, ഇതാ, അതു പുതുതായി തീർന്നിരിക്കുന്നു.

യാക്കോബ് പറഞ്ഞ അനുഗ്രഹങ്ങൾ ബെന്യാമീന്‍ എന്ന വ്യക്തിയെയല്ല മറിച്ച് ഗോത്രത്തിൻ്റെ സ്വഭാവത്തെയാണ് പ്രവചിക്കുന്നത്, . ഓരോ ഗോത്രത്തിനും അവരുടെ പൂർവ്വപിതാവിൻ്റെ സ്വാഭാവിക സ്വഭാവസവിശേഷതകൾ ഉണ്ടായിരുന്നു. ഈ പാരമ്പര്യ സ്വഭാവസവിശേഷതകൾ അവരുടെ പ്രവർത്തനങ്ങളെയും പ്രതികരണങ്ങളെയും ഒന്നുകില്‍ നന്മയിലേക്കോ അതോ തിന്മയിലേക്കോ സ്വാധീനിച്ചേക്കാം. ക്രിസ്തുവിൻ്റെ ജനമെന്ന നിലയിൽ പോലും, നമ്മുടെ സ്വാഭാവിക വ്യക്തിത്വത്തിൻ്റെ സ്വാധീനം ശക്തമാണ്. ഈ മേഖലയിലെ നമ്മുടെ അജ്ഞത ഒരു പക്ഷേ നമുക്ക് ദോഷകരമായി ഭവിച്ചേക്കാം. നമ്മുടെ നൈസർഗികമായ ബലഹീനതകളും, ശക്തികളും കർത്താവ് നമുക്ക് വെളിപ്പെടുത്തിത്തരുമ്പോൾ നാം അവ തിരിച്ചറിയുകയും, അതനുസരിച്ച് പ്രതികരിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്.. അവൻ നേരിട്ടോ നമ്മുടെ മാതാപിതാക്കളിലൂടെയോ സുഹൃത്തുക്കളിലൂടെയോ സഹോദരങ്ങളിലൂടെയോ അങ്ങനെ ചെയ്‌തേക്കാം. അപ്പോൾ മാത്രമേ നമുക്ക് ആ ബലഹീനതകളെ മനഃപൂർവ്വം എതിർക്കാനും ദൈവവചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ ദൈവഹിതവുമായി നമ്മുടെ ഇഷ്ടം ക്രമീകരിക്കുവാനും സാധിക്കയുള്ളൂ.

ഇല്ലെങ്കിൽ, ആ മേഖലകളില്‍ നാം ആവർത്തിച്ച് പാപത്തില്‍ വീണുപോയെന്നു വന്നേക്കാം. അവയിൽ ജഡാഭിലാഷം, മനസ്സില്ലായ്മ, കോപം, അഹങ്കാരം, വിവേചനമില്ലായ്മ, ഇന്ദ്രിയ മോഹങ്ങള്‍, ആസക്തികള്‍ എന്നിവ ഉൾപ്പെടുന്നു. നമ്മൾ എവിടെയാണ് ദുർബലരെന്ന് നാം മനസ്സിലാക്കേണം. പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ ഉണർന്നു പ്രാർത്ഥിക്കുവിൻ എന്നു കർത്താവ് നമ്മോട് അരുളിച്ചെയ്തു. ആത്മാവ് ശരിക്കും സന്നദ്ധമാണ്, എന്നാൽ ജഡം ബലഹീനമാണ്.

ബെന്യാമിൻ ഒരു ഇരതേടുന്ന ചെന്നായ അല്ലെങ്കിൽ കടിച്ചുകീറുന്ന ചെന്നായ എന്നായിരുന്നു യാക്കോബിന്‍റെ വീക്ഷണം. വിശന്നിരിക്കുന്ന ചെന്നായ അതിൻ്റെ ഇരയെ ആക്രമിക്കുന്നതിൽ യാതൊരു ദാക്ഷിണ്യവും കാണിക്കയില്ല. തീർച്ചയായും, ബെന്യാമിൻ ഗോത്രം ചരിത്രത്തിലുടനീളം അവരുടെ ഈ സ്വഭാവം കാണിച്ചതായി നമുക്ക് കാണാം. ഈ ഗോത്രത്തിലെ ഒരു ന്യായാധിപനായിരുന്നു ഏഹൂദ്. മോവാബ്യ രാജാവിൻ്റെ കൊലപാതകത്തിൽ, അവൻ തൻ്റെ കഠാര പൂർണ്ണമായും രാജാവിൻ്റെ വയറ്റിൽ കുത്തിക്കയറ്റി. അത്ര ക്രൂരമായിരുന്നു അവൻ്റെ മാരകമായ പ്രഹരം.
ഗിബെയാ നിവാസികൾ ലേവ്യന്‍റെ വെപ്പാട്ടിയോട് അരുതാത്തത് ചെയ്‌തു അവൾ മരണപ്പെട്ടപ്പോള്‍, അവരെ ന്യായവിധിക്ക് വിട്ടുകൊടുക്കേണ്ടതിന്നു പകരം, എല്ലാ ബെന്യാമിന്യരും അവരുടെ പിന്നിൽ അണിനിരന്ന് യിസ്രായേലിലെ ബാക്കി ഗോത്രങ്ങളോട് യുദ്ധം ചെയ്തതായി നാം വായിക്കുന്നു. നമുക്ക് ആശ്ചര്യം തോന്നുന്ന രീതിയില്‍ അവര്‍ കഠിന ഹൃദയത്തോടെ സ്വന്തം സഹോദരന്മാരോട് യുദ്ധം ചെയ്തു. ഇത് അവരെ അവരുടെ വംശനാശത്തിന്‍റെ വക്കിലേക്കു തന്നെ കൊണ്ടെത്തിച്ചു.

ബെന്യാമീനിൽ നിന്നുള്ള ആദ്യത്തെ രാജാവായ കീശിലെ ശൗലിൽ, അമ്മോന്യരായ നാഹാശിന് നേരെയുള്ള ആക്രമണത്തിലും ഇതേ സ്വഭാവവിശേഷങ്ങൾ പ്രകടിപ്പിച്ചതായി നമുക്ക് കാണാവുന്നതാണ്. , ദാവീദിനെ കൊല്ലുവാൻ രാവും പകലും അവനെ പിന്തുടരുന്നതിലൂടെ ഈ സ്വഭാവം താന്‍ രാജാവായിരുന്ന കാലമൊക്കെയും നിലനിന്നതായും കാണാം. എന്ത് വിലകൊടുത്തും തൻ്റെ രാജത്വം നിലനിർത്തുവാൻ അവൻ ആഗ്രഹിച്ചു. ദൈവം തന്നെ തള്ളിക്കളഞ്ഞ് തനിക്ക് പകരമായി ദാവീദിനെ തിരഞ്ഞെടുത്തത് അവൻ കാര്യമാക്കിയില്ല. സ്വയം അഭിവൃദ്ധി മാത്രമായിരുന്നു അവൻ്റെ ലക്ഷ്യം. ഈ മനോഭാവം തന്‍റെയും, തന്‍റെ കുടുംബത്തിന്‍റെയും നാശത്തിന്ന് കാരണമായിത്തീര്‍ന്നു.

“നിങ്ങളിൽ ശണ്ഠയും കലഹവും എവിടെ നിന്നു? നിങ്ങളുടെ അവയവങ്ങളിൽ പോരാടുന്ന ഭോഗേച്ഛകളിൽ നിന്നല്ലയോ?
2 നിങ്ങൾ മോഹിച്ചിട്ടും പ്രാപിക്കുന്നില്ല; നിങ്ങൾ കൊല്ലുകയും അസൂയപ്പെടുകയും ചെയ്തിട്ടും ഒന്നും സാധിക്കുന്നില്ല; നിങ്ങൾ കലഹിക്കയും ശണ്ഠയിടുകയും ചെയ്തിട്ടും യാചിക്കായ്കകൊണ്ടു കിട്ടുന്നില്ല. എന്ന് യാക്കോബ് തന്‍റെ ലേഖനത്തില്‍ പറയുന്നു. ജഡത്തെ അനുസരിച്ച് നടക്കുന്ന ബെന്യാമീനെയാണ് ശൌലിലൂടെയും, ആ ഗോത്രത്തിന്‍റെ വഴികളിലും നാം ദര്‍ശിക്കുന്നത്. ബെന്യാമീന്യർ വിദഗ്ധരായ വില്ലാളികളായിരുന്നു. മാനുഷികമായി, അവർക്ക് അവരുടെ സ്വന്തം യുദ്ധങ്ങൾ ചെയ്യുവാൻ കഴിയുമായിരുന്നു.

എന്നിരുന്നാലും, അവരുടെ അഹങ്കാരവും സ്വന്തം ആഗ്രഹങ്ങളിലുള്ള ശ്രദ്ധയും ഗിബെയയുടെ കാര്യത്തിലെന്നപോലെ മുഴുവൻ ഗോത്രത്തെയും നാശത്തിന്‍റെ വക്കിലെത്തിച്ചു. ഇസ്രായേലിൽ കലഹവും യുദ്ധവും ഉണ്ടാക്കുക അവരുടെ സ്ഥിരം പതിവായി മാറി. “അക്കാലത്ത് രാജാവില്ലായിരുന്നു … എല്ലാവരും അവർക്ക് തോന്നിയതുപോലെ ചെയ്തു” എന്ന് ന്യായാധിപന്മാരിൽ ആവർത്തിച്ചുള്ള വാക്കുകൾ അവരുടെ ജീവതശൈലിയായിത്തീര്‍ന്നു. അവരുടെ നിഗളം അവരുടെ അധോഗതിക്ക് കാരണമായി. അത് ശൗലിനെ ദൈവത്താൽ ത്യജിക്കപ്പെട്ട അവസ്ഥയിലേക്ക് നയിച്ചു. ശൗൽ മരിക്കുന്നതിനു മുമ്പുതന്നെ ദാവീദിനെ രാജാവായി തിരഞ്ഞെടുക്കാൻ ശമുവേലിനു ദൈവത്തില്‍ നിന്ന് നിർദേശം ലഭിച്ചു.

ബെന്യാമീന്‍ ഗോത്രത്തെക്കുറിച്ച് മേല്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമായിരുന്നു എങ്കിലും, വ്യത്യസ്ഥമായ രീതിയുലായിരുന്നു മോശെ തന്‍റെ ജീവാവസാനം അവരെ അനുഗ്രഹിച്ചത്

ആവർത്തനം 33:12 പറയുന്നു.
“12 ബെന്യാമിനെക്കുറിച്ചു അവൻ പറഞ്ഞതു: അവൻ യഹോവെക്കു പ്രിയൻ; തത്സന്നിധിയിൽ നിർഭയം വസിക്കും; താൻ അവനെ എല്ലായ്പോഴും മറെച്ചുകൊള്ളുന്നു; അവന്‍റെ ഗിരികളുടെ മദ്ധ്യേ അധിവസിക്കുന്നു.

ബെന്യാമീൻ്റെ പിതാവും, അവന്‍റെ സഹോദരനായ യഹൂദയും അവനോടു കാണിച്ച സ്നേഹത്തിൻ്റെ പ്രതിധ്വനിയാണ് നാമിവിടെ കാണുന്നത്. സ്വന്തം ജീവൻ ത്യജിച്ചാണ് റാഹേല്‍ അവന് ജന്മം നല്‍കിയത്. യാക്കോബിൻ്റെ ഹൃദയം അവനോട് പറ്റിയിരുന്നു. യോസേഫിന്‍റെ മുമ്പില്‍ തൻ്റെ ജീവിതവും, സ്വാതന്ത്ര്യവും ബെന്യാമിനു പകരമായി കൈമാറുവാൻ യഹൂദ തയ്യാറായി. കുടുംബത്തിൻ്റെ സ്‌നേഹനിർഭരമായ സംരക്ഷണത്താൽ അവൻ സുരക്ഷിതനായിരുന്നു, അവരുടെ സ്നേഹത്തിലും, ശക്തിയിലും അവന്‍ മുന്പോട്ട് നയിക്കപ്പെട്ടു.

ഇത് എല്ലാ ദൈവജനത്തിൻ്റെയും പദവിയാണ്. നമുക്കൊരു പിതാവുണ്ട്. നമുക്ക് ഒരു രക്ഷകനുണ്ട്. നമുക്കൊരു വീണ്ടെടുപ്പുകാരനും, ഇടയനും ഉണ്ട്. എന്തുകൊണ്ടാണ് നമുക്ക് ആ സുരക്ഷിതത്വത്തിൽ ജീവിക്കുവാന്‍ സാധിക്കാത്തത്? ദൈവം നമ്മുടെ കവചവും, കോട്ടയും ആണെന്ന് അറിഞ്ഞുകൊണ്ട് നാം എന്തുകൊണ്ടാണ് സ്വസ്ഥത അനുഭവിക്കാത്തത്? എന്തുകൊണ്ടാണ് നാം അവൻ്റെ ശക്തമായ ചുമലിൽ വിശ്രമം കണ്ടെത്താത്തത്? നമ്മുടെ തെറ്റുകള്‍ മനസ്സിലാക്കാതെ നമ്മുടെ അവകാശങ്ങള്‍ എന്ന് പേര്‍ വിളിക്കുന്ന ജഡാഭിലാഷങ്ങള്‍ക്ക് വേണ്ടി പോരടിക്കുന്നത് നമ്മുടെ ക്രിസ്തീയ ജീവിതത്തിന്‍റെ ദയനീയമായ പരാജയമാണ്.

നമ്മുടെ ജഡത്തെ അതിൻ്റെ ശക്തിയിലും, ബലഹീനതയിലും ക്രിസ്തുവിൻ്റെ കര്‍തൃത്വത്തിന്‍റെ കീഴില്‍ കൊണ്ടുവരാം. നമ്മുടെ കഴിവുകളും, ഊർജവും, നേതൃപാടവത്തിനുള്ള യോഗ്യതയും കർത്താവെന്ന നിലയിൽ അവന്നായി സമർപ്പിക്കാം. ഇല്ലെങ്കിൽ, നമ്മുടെ അഭിലാഷങ്ങളും മോഹങ്ങളും നേടിയെടുക്കാൻ പോരാടുമ്പോൾ അത് നമ്മെ നിഗളത്തിലേക്കും സ്വയം നാശത്തിലേക്കും നയിക്കും.

ടാർസസിലെ ശൗൽ കർത്താവിൻ്റെ ശിഷ്യനാകുന്നതിനു മുമ്പ്, അവൻ യഹൂദ മതത്തോടുള്ള കടുത്ത തീക്ഷ്ണതയുള്ളവനായിരുന്നു. അവൻ വിശ്വാസികളെ പീഡിപ്പിക്കുകയും, തടവിലിടുകയും, ചിതറിക്കുകയും ചെയ്തു. മറ്റ് യഹൂദന്മാരെക്കാൾ അവൻ ദൈവത്തിന്‍റെ ന്യായപ്രമാണത്തോട് തീക്ഷ്ണതയുള്ളവനായിരുന്നു. ഒരിക്കൽ അവൻ ക്രിസ്തുവിലേക്ക് തിരിഞ്ഞപ്പോൾ, അവൻ തൻ്റെ നിശ്ചയദാർഢ്യവും ഊർജ്ജവും കർത്താവിനായി സമർപ്പിച്ചു. അവൻ ക്രിസ്തുവിൻ്റെ ദാസനായപ്പോള്‍. ക്രിസ്തുവിൻ്റെ നാമം കേട്ടിട്ടില്ലാത്തിടത്ത് അത് പ്രസംഗിക്കണമെന്ന നിർബന്ധത്താൽ ഭാരപ്പെട്ടു. എന്നാൽ ദൈവം തന്നോട് കാണിച്ച സ്‌നേഹം അവനെ പ്രചോദിപ്പിച്ചു. തന്നെ വിളിച്ചവനെ സന്തോഷിപ്പിക്കാനായിരുന്നു അവൻ്റെ തീക്ഷ്ണത. കർത്താവ് ഏൽപ്പിച്ച ദൗത്യം നിറവേറ്റുക എന്നതായിരുന്നു അവൻ്റെ അതിയായ ആഗ്രഹം. “എങ്കിലും ഞാൻ എന്‍റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്‍റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കർത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.”

അഭിനന്ദനങ്ങള്‍ക്കോ, പ്രശസ്തിക്കോ വേണ്ടി താന്‍ ഒന്നും ചെയ്യുവാന്‍ ആഗ്രഹിച്ചില്ല. സഹപ്രവർത്തകരെ അവന്‍ മനസ്സോടെ ആദരിച്ചു. അവൻ കഷ്ടപ്പാടുകളും, അപവാദങ്ങളും സൗമ്യതയോടെ സഹിച്ചു. എങ്കിലും സുവിശേഷസത്യത്തിനായി അവൻ ഒരു സിംഹത്തെപ്പോലെ ധീരമായി നിന്നു. താന്‍ എന്ന വ്യക്തിയെയല്ല മറിച്ച് തന്നെയേല്‍പ്പിച്ച നിര്‍മ്മലമായ സന്ദേശത്തെ ശക്തമായി പ്രതിരോധിച്ചു. അവൻ ദൈവജനത്തോട് സൗമ്യവും ആർദ്രദയുമുള്ളവനായിരുന്നു. അത് ആത്മാവിൻ്റെ അനിഷേധ്യമായ ഫലമാണ്. “ഒരു അമ്മ തന്‍റെ കുഞ്ഞുങ്ങളെ പോറ്റുംപോലെ ഞങ്ങൾ നിങ്ങളുടെ ഇടയിൽ ആർദ്രതയുള്ളവരായിരുന്നു..” “ഞങ്ങൾ നിങ്ങളിൽ ഓരോരുത്തനെ അപ്പൻ മക്കളെ എന്നപോലെ പ്രബോധിപ്പിച്ചും ഉത്സാഹിപ്പിച്ചും സാക്ഷ്യം പറഞ്ഞും പോന്നു എന്നു നിങ്ങൾക്കു അറിയാമല്ലോ.”
1 തെസ്സ 2:7, 11.

ശൗൽ മരിച്ചപ്പോൾ, ബെന്യാമിൻ ഗോത്രം ദൈവത്തിൻ്റെ അഭിഷിക്തനായ ദാവീദിനോട് അചഞ്ചലമായ വിശ്വസ്തത കാണിച്ചു. രെഹയോബാമിൻ്റെ ഭരണകാലത്ത് രാജ്യം രണ്ടായി വിഭജിക്കപ്പെട്ടപ്പോൾ യഹൂദയോടൊപ്പം നിലകൊണ്ട ഒരേയൊരു ഗോത്രം ബെന്യാമീനാണ്. ബെന്യാമീന്യർ ഇസ്രായേലിൻ്റെ ഇടയനായ ദാവീദിൽ ദൈവത്തിൻ്റെ വാഗ്ദത്തം കാണുകയും അവൻ്റെ രാജ്യത്തിൻ്റെ ഭാഗമാകുവാൻ തീരുമാനിക്കുകയും ചെയ്തു. നമ്മുടെ ശരീരം നിർജ്ജീവമായിരിക്കുമ്പോൾ മാത്രമേ നമുക്ക് ദൈവരാജ്യത്തെ പൂർണ്ണഹൃദയത്തോടെ മുറുകെ പിടിക്കുവാൻ കഴികയുള്ളൂ. സിംഹാസനം കാംക്ഷിക്കുന്ന നമ്മുടെ ശൗൽ മരിക്കണം. അപ്പോൾ നമുക്ക് നമ്മുടെ യഥാർത്ഥ രാജാവിനോട് വിശ്വസ്തരും കൂറുള്ളവരും ആകുവാന്‍ സാധിക്കും.

ജഡത്തിലെ ശൂലം എന്ന് ശൌല്‍ വിശേഷിപ്പിച്ച തന്‍റെ ബലഹീനതയില്‍, “എൻ്റെ കൃപ നിനക്ക് മതി.” എന്ന് ദൈവം തനിക്ക് നല്‍കിയ ഉത്തരം മോശെ ബെന്യാമീന്ന് നല്‍കിയ അനുഗ്രഹവുമായി വളരെ സാമ്യമുള്ളതായി കാണാം. ഈ ബെന്യാമീൻ ദൈവത്തിൻ്റെ ചുമലിൽ സുരക്ഷിതനായിരുന്നു. അവൻ ബലഹീനനായിരുന്നു, എങ്കിലും അവൻ ക്രിസ്തുവിൻ്റെ ശക്തിയിൽ ഒരു ഭീമാകാരമായ പ്രവൃത്തി ചെയ്തു. ദൈവത്തിലുള്ള സ്നേഹത്തിൽ അവൻ സംതൃപ്തനായിരുന്നു. തന്നെപ്പോലുള്ള എല്ലാവരോടും, കർത്താവിൻ്റെ മടങ്ങിവരവ് ഇഷ്ടപ്പെടുന്നവരോട്, അവൻ പറയുന്നു, “ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു” തൻ്റെ കിരീടത്തിനായി പോരാടേണ്ട ആവശ്യമില്ല. കർത്താവ് അത് അവനുവേണ്ടി കരുതി വെച്ചിരുന്നു. അത് കൃപയുടെ ദാനമായിരുന്നു. നമുക്കുവേണ്ടി തന്നെത്തന്നെ സമർപ്പിച്ച നമ്മുടെ സ്‌നേഹനിധിയായ കർത്താവിലും അതേ കൃപ വെളിപ്പെട്ടു. നമുക്ക് അവൻ്റെ ഇഷ്ടത്തിന് കീഴടങ്ങാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment