+91 9892580744
gospelbroadcast@yahoo.com

Mar-27-41M-ദൈവിക കരങ്ങളെ കാണുന്നതാണ് വിശ്വാസം

Mar-27-41M-ദൈവിക കരങ്ങളെ കാണുന്നതാണ് വിശ്വാസം

LWGB Malayalam Podcast
LWGB Malayalam Podcast
Mar-27-41M-ദൈവിക കരങ്ങളെ കാണുന്നതാണ് വിശ്വാസം
Loading
/

41M_ദൈവിക കരങ്ങളെ കാണുന്നതാണ് വിശ്വാസം
ഉല്‍പ 48.8 യിസ്രായേൽ യോസേഫിന്‍റെ പുത്രന്മാരെ കണ്ടപ്പോൾ: ഇവർ ആരെന്നു ചോദിച്ചു.
9 ദൈവം ഇവിടെ എനിക്കു തന്നിട്ടുള്ള പുത്രന്മാർ എന്നു യോസേഫ് അപ്പനോടു പറഞ്ഞു. അവരെ എന്‍റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അവരെ അനുഗ്രഹിക്കും എന്ന് അവൻ പറഞ്ഞു.

എബ്രാ 11.21 വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്‍റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു.

ജീവനുള്ള ദൈവത്തില്‍ വിശ്വാസമുണ്ടായിരുന്ന എലിസബത്ത് രാജ്ഞിയുടെ അമ്മ – അവളുടെ ശവസംസ്കാര ശിശ്രൂഷയില്‍ വായിക്കുവാനായി തിരഞ്ഞെടുത്ത വരികളിതായിരുന്നു.

അനന്തതയുടെ കവാടത്തിൽ നിന്ന ആ മനുഷ്യനോട് ഞാനിങ്ങനെ ചോദിച്ചു.

“അറിയാത്ത ലോകത്തിലേക്ക് എനിക്ക് സുരക്ഷിതമായി കാല്‍ വെക്കുവാനൊരു വെളിച്ചം തരൂ

.”അവൻ ഇങ്ങനെ എന്നോട് മറുപടി പറഞ്ഞു:

“ഇരുട്ടിലേക്ക് പോകുക

നിൻ്റെ കൈ ദൈവത്തിൻ്റെ കരങ്ങളിൽ വെക്കുക.

അത് നിനക്ക്
വെളിച്ചത്തേക്കാൾ നല്ലതും

അറിയപ്പെടുന്ന വഴിയേക്കാൾ സുരക്ഷിതവും ആയിരിക്കും”

അങ്ങനെ ഞാൻ പുറപ്പെട്ടു

ദൈവിക കരങ്ങള്‍ കണ്ടെത്തി

രാത്രിയിൽ സന്തോഷത്തോടെ അവനോടൊപ്പം നടന്നകന്നു.

വയസ്സുചെന്ന് കാഴ്ച മങ്ങിയെങ്കിലും ദൈവിക കരങ്ങളെ മുറുകെപ്പിടിച്ചിരുന്നത് കൊണ്ട് ധൈര്യത്തോടെ ദൈവീക ആലോചനകള്‍ പറയുവാന്‍ യാക്കോബിന്ന് സാധിച്ചു.

അബ്രഹാമിനും അവൻ്റെ സന്തതികൾക്കും വാഗ്ദത്തം ചെയ്ത കനാന്‍ ദേശത്ത് അവൻ്റെ ഭൌമിക ശരീരം അടക്കം ചെയ്യുമെന്ന് ഉറപ്പുവരുത്താൻ, യാക്കോബ് യോസേഫിനെ തന്‍റെ മരണത്തിനുമുമ്പ് വിളിച്ചുവരുത്തി. ഈ മനുഷ്യൻ 17 വർഷങ്ങള്‍ക്ക് മുമ്പ്, ഫറവോൻ്റെ മുമ്പാകെ തൻ്റെ ജീവിതത്തെക്കുറിച്ച് നിരാശാജനകമായി സംസാരിച്ചതിങ്ങനെയായിരുന്നു
“എന്‍റെ പരദേശപ്രയാണത്തിന്‍റെ കാലം നൂറ്റിമുപ്പത് സംവത്സരം ആയിരിക്കുന്നു. എന്‍റെ ആയുഷ്കാലം ചുരുക്കവും കഷ്ടമുള്ളതും അത്രേ;.” (ഉല്പത്തി 47:9). അവൻ ഈ ലോകത്തോട് വിടപറയുമ്പോൾ, അവൻ ദൈവത്തിൽ സംതൃപ്തനും വിശ്വാസത്താൽ നിറഞ്ഞവനുമായിരുന്നു. ഈ ലോകം വിട്ടുപോകുവാന്‍ ഒരുങ്ങുമ്പോഴും ദൈവത്തിൻ്റെ വാഗ്ദത്തത്തിലുള്ള തൻ്റെ പ്രത്യാശ അവൻ മുറുകെപ്പിടിച്ചു. അവൻ അബ്രഹാമിനെയും യിസഹാക്കിനെയും പോലെ വിശ്വാസത്തിൽ മരിച്ചു.

പിതാവ് മരിക്കുന്നതിനുമുമ്പ്, യോസേഫ് തൻ്റെ രണ്ട് ആൺമക്കളെ യാക്കോബിൻ്റെ അടുക്കൽ കൊണ്ടുവന്നു. മനശ്ശെ എന്ന പേരിന്ന് മറവി എന്നാണർത്ഥം, എഫ്രയീം – അർത്ഥമാക്കുന്നത് ഫലസമൃദ്ധി എന്നാണ്. മനശ്ശെയുടെ പേര് യോസഫിനെ മിസ്രയീമിൽ അടിമയായും പിന്നീട് തടവുകാരനായും താന്‍ അനുഭവിച്ച പ്രയാസങ്ങളും, ബുദ്ധിമുട്ടുകളും ദൈവം മറക്കാൻ ദയാപുരസ്സരം സഹായിച്ചു എന്ന വസ്തുതയെ തന്നെ ഓര്‍മിപ്പിക്കുന്നു. മുഴുവൻ ജനതയെയും വിശ്വസ്തതയോടെയും നന്മയിലും സേവിക്കാൻ കഴിയുന്ന ഉയർന്ന സ്ഥാനം ദൈവം അവന്ന് നൽകി. ദൈവം അവനു ഭാര്യയും ഒരു കുഞ്ഞിനെയും നൽകി, അതിൽ അവൻ സന്തോഷിച്ചു.

എഫ്രയീമിൻ്റെ പേര്, ദൈവം അവനെ എല്ലാ വിധത്തിലും സന്താനപുഷ്ടിയുള്ളവനാക്കി, മക്കളെ ജനിപ്പിക്കുകയും അവൻ്റെ പരദേശിയായി പാര്‍ക്കുന്ന രാജ്യമായ മിസ്രായീമിനെയും അയൽരാജ്യങ്ങളെയും സംരക്ഷണ ചെയ്യുവാന്‍ ദൈവം സഹായിച്ചു എന്ന് അവനെ ഓർമ്മിപ്പിച്ചു. ദൈവം തനിക്ക് നൽകിയ ജ്ഞാനം ദൈവഹിതത്തിൽ ഉപയോഗിച്ചപ്പോള്‍ ക്ഷാമത്തിൻ്റെ നീണ്ട വർഷങ്ങളിൽ അവരെല്ലാവരെയും നാശത്തിൽ നിന്ന് രക്ഷിക്കുവാന്‍ അവന്ന് സാധിച്ചു.

യാക്കോബ് മിസ്രായീമിൽ വരുന്നതിനുമുമ്പേ ഈ കുട്ടികൾ ജനിച്ചിരുന്നു. അവർ യാക്കോബിനും മക്കൾക്കും ഏറെക്കുറെ അപരിചിതരായിരുന്നു. എന്നാൽ ആമുഖത്തിൽ, അവരുടെ പ്രിയപ്പെട്ട പിതാവിൻ്റെ പേരിൽ യാക്കോബ് അവരെ സ്വീകരിക്കുന്നു, രൂബനെയും ശിമയോനെയും പോലെ അവരും എൻ്റേത് ആയിരക്കട്ടെ എന്ന് യാക്കോബ് പറഞ്ഞു.
യോസേഫിനെ സഹോദരന്മാർ തള്ളിക്കളഞ്ഞു. എന്നാൽ ഇപ്പോൾ അവൻ ആദ്യജാതൻ്റെ അവകാശം നേടിയിരിക്കുന്നു. തൻ്റെ രണ്ട് ആൺമക്കൾ വഴി പിതാവിൻ്റെ അനന്തരാവകാശത്തിൻ്റെ ഇരട്ടി വിഹിതം അവന്ന് ലഭിക്കുന്നു. അവർ യോസേഫിൻ്റെ പുത്രന്മാർ എന്നതിലുപരി യാക്കോബിൻ്റെ മക്കളായി കണക്കാക്കപ്പെടുന്നു. അതുകൊണ്ട് യോസേഫ് എന്നൊരു ഗോത്രം നാം കാണുന്നില്ല. പകരം എഫ്രയീമിൻ്റെയും മനശ്ശെയുടെയും രണ്ട് ഗോത്രങ്ങളായി അവര്‍ നിലകൊണ്ടു.

കഷ്ടപ്പാടിലൂടെ അവൻ അനുസരണം പഠിച്ചു, തൻ്റെ പിതാവിൻ്റെ മുഴുവൻ കുടുംബത്തിന്‍റയും ദൈവിക രക്ഷയ്ക്ക് കാരണഭൂതനായിത്തീര്‍ന്നു. . ഒരിക്കൽ അവനെ നിരസിക്കുകയും ഉപദ്രവിക്കുകയും ചെയ്തവരും ഇപ്പോൾ അനുതപിക്കുകയും അവനെ അനുസരിക്കുകയും ചെയ്തവരും ഇതിൽ ഉൾപ്പെടുന്നു. അവൻ ഫറവോൻ്റെ വലംഭാഗത്തേക്ക് ഉയർത്തപ്പെട്ടു, മിസ്രായീമിൽ യോസേഫിൻ്റേതിനേക്കാൾ വലിയ ഒരു പേരുമില്ല. എഫ്രയീമിനും മനശ്ശെക്കും തങ്ങളുടെ അവകാശവും അനുഗ്രഹവും ലഭിച്ചത് യാക്കോബിന് യോസേഫിനോടുള്ള സ്നേഹത്തിലൂടെയാണ്. വലിയ പ്രതിബന്ധങ്ങൾക്കിടയിലും ദൈവത്തിൻ്റെ പദ്ധതികൾ ഒരിക്കലും പരാജയപ്പെടുന്നില്ല. നമ്മുടെ രക്ഷകനും, കര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ ഒരു മനോഹര നിഴല്‍ നാം യോസേഫില്‍ ദര്‍ശിക്കുന്നു.

അവനെ സഹോദരന്മാർ നിരസിച്ചു. എങ്കിലും അവൻ ആദ്യജാതനാണ്. അവൻ യഹൂദന്മാരെയും ജാതികളെയും അവന്‍റെ അവകാശമാക്കി എന്നു മാത്രമല്ല അവന്‍ ലോകത്തിൻ്റെ മുഴുവൻ അവകാശിയായി തീര്‍ന്നിരിക്കയാണ്. അവനിൽ നാം പിതാവിനാൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ പിതാവിൻ്റെ സമ്പത്തും, അനുഗ്രഹങ്ങളും അവനിലൂടെ നമുക്കുള്ളതാണ്.

സ്ഥാനക്കയറ്റവും വിജയവും ദൈവത്തിന് മാത്രം അവകാശപ്പെട്ടതാണ്. ആദ്യം ദൈവരാജ്യവും അവൻ്റെ നീതിയും അന്വേഷിപ്പിൻ; എന്നാൽ ഇവയെല്ലാം നിങ്ങൾക്കു ലഭിക്കും എന്ന് നാം വായിക്കുന്നു. സമ്പന്നരും, ശക്തരും, സമൃദ്ധിയുള്ളവരുമാകേണ്ടതിനല്ല നാം ദൈവത്തെ സേവിക്കേണ്ടത്. ഇവ നാം തേടിപ്പോയാല്‍ ദൈവരാജ്യത്തിനും നീതിക്കും പകരം അവ നമ്മുടെ വിഗ്രഹങ്ങളായി മാറും എന്നതില്‍ സംശയമില്ല. മറിച്ച്, ദൈവനീതിയാണ് നമുക്ക് യഥാര്‍ത്ഥമായി ആവശ്യമുള്ളത്. അത് നാം അന്വേഷിക്കണം. നമ്മുടെ പാപപങ്കിലമായ ഹൃദയങ്ങൾ നിമിത്തം നാം ദരിദ്രരും ദുർബലരുമാണ്. നാം അവൻ്റെ രാജ്യം അന്വേഷിക്കുമ്പോൾ അവൻ നമ്മുടെ ജീവിത്തിന്‍റെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നു. അപ്പോൾ ഈ ഭൂമിയിൽ നമുക്കാവശ്യമായതെല്ലാം അവൻ നമുക്ക് നൽകുന്നു.
അവസാന ഗോത്രപിതാവായ അവരുടെ വയസ്സുചെന്ന പിതാമഹനെ സന്ദർശിക്കാൻ വേണ്ടി യോസേഫ് തന്‍റെ രണ്ടു മക്കളെ കൂട്ടി കൊണ്ടുപോയി. ഈ സന്ദർശനത്തിൽ അവൻ അവർക്ക് തൻ്റെ അനുഗ്രഹവും അവകാശവും നൽകി. അവരുടെ ദൈവീക അനുഭവങ്ങളിലൂടെ ദൈവത്തെക്കുറിച്ചുള്ള അറിവ് ലഭിക്കാൻ നാം നമ്മുടെ കുഞ്ഞുങ്ങളെ ദൈവഭക്തരായ മാതാപിതാക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും അവര്‍ക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. യോസേഫിലൂടെ മിസ്രായീമിൻ്റെ സമ്പത്തും സമൃദ്ധിയും അവർക്കുണ്ടായെങ്കിലും, ദൈവത്തിൻ്റെ വാഗ്ദത്തം നൽകുവാൻ യാക്കോബിന് മാത്രമേ കഴികയൂ എന്ന തിരിച്ചറിവായിരുന്നു അവനെ അതിന്ന് പ്രേരിപ്പിച്ചത്.

15 പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്‍റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം,
16 എന്നെ സകല ദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്‍റെ പേരും എന്‍റെ പിതാക്കന്മാരായ അബ്രാഹാമിന്‍റെയും യിസ്ഹാക്കിന്‍റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർധിക്കട്ടെ എന്നു പറഞ്ഞു.

തൻ്റെ അനുഗ്രഹത്തിൽ, യാക്കോബ് ആദ്യം തനിക്കും അവൻ്റെ പിതാക്കന്മാര്‍ക്കും അനുഗ്രഹത്തിൻ്റെ ഉറവിടമായി തീര്‍ന്ന ദൈവത്തെ ഉയർത്തുകയാണ്. സ്വന്തം ഇടയനും രക്ഷകനുമാണെന്ന് അവൻ അവനെ വിളിക്കുന്നു. അവൻ ദൈവത്തിൻ്റെ വിശ്വസ്തതയ്ക്കും അബ്രഹാമിൻ്റെ സന്തതിയുടെ തുടർച്ചയായ കരുതലിനും സാക്ഷ്യം വഹിക്കുന്നു. അതിനാൽ ഈ ആൺകുട്ടികളും ദൈവത്തിൻ്റെ അനുഗ്രഹത്തിന്ന് പാത്രീഭൂതരാണ്. അബ്രഹാമിനെയും യിസഹാക്കിനെയും യാക്കോബിനെയും അനുഗ്രഹിച്ച ദൈവം അവരോടുകൂടെ ഉണ്ടായിരിക്കട്ടെ എന്ന് അവരെ അനുഗ്രഹിച്ചു.

അബ്രഹാമും യിസഹാക്കും ഇവിടെ വിവരിച്ചിരിക്കുന്നത് ദൈവത്തിനു മുമ്പിൽ നടന്നവർ എന്നാണ്. അനേകം തെറ്റുകളും ബലഹീനതകളും ഉണ്ടായിരുന്നിട്ടും, അവർക്കെല്ലാം ദൈവഹിതം ചെയ്യുക എന്ന ഒരേ ഒരു ഇഷ്ടമേ ഉണ്ടായിരുന്നുള്ളൂ, . ആമോസ് 3:3. …

എല്ലാ തിന്മകളിൽ നിന്നും അവനെ വീണ്ടെടുത്ത ദൂതനെ അവൻ ഇവിടെ പരാമർശിക്കുന്നു. മരണ നിഴലിൻ്റെ താഴ്‌വരയിലൂടെ നാം കടന്നുപോകുമ്പോഴും, ഒരു തിന്മയെയും നാം ഭയപ്പെടേണ്ടതില്ല, കാരണം എല്ലാ തിന്മകളിൽ നിന്നും നമ്മെ വീണ്ടെടുക്കുന്ന ദൂതൻ നമ്മോടൊപ്പമുണ്ട്.

ദൈവിക ശിക്ഷണത്തിൻ്റെ വർഷങ്ങൾ സമൃദ്ധമായ ഫലം യാക്കോബില്‍ കൊണ്ടുവന്നതായി നാമിവിടെ കാണുന്നു. യാക്കോബ് ഇപ്പോൾ ദൈവവുമായി പൊരുത്തപ്പെട്ടുക്കഴിഞ്ഞിരിക്കുന്നു. വയസ്സായിട്ടും, കണ്ണിന് മങ്ങലുണ്ടെങ്കിലും അവന്‍റെ ഉള്‍കണ്ണുകള്‍കൊണ്ട് വളരെ വ്യക്തമായി കാര്യങ്ങളെ കാണുവാന്‍ അവനെ സാധിക്കുന്നു. തൻ്റെ പിതാവായ യിസക്കിൻ്റെ കണ്ണുകൾ മങ്ങിയപ്പോൾ, അവൻ ഏശാവിന് വേണ്ടി ഉദ്ദേശിച്ച അനുഗ്രഹം അവനിൽ നിന്ന് താന്‍ തട്ടിയെടുത്തു. എന്നാൽ ഇവിടെ യാക്കോബ് തൻ്റെ എല്ലാ ആഗ്രഹങ്ങളും ദൈവത്തിന് സമർപ്പിക്കുകയും യോസേഫിന്‍റെ മക്കളെ അനുഗ്രഹിക്കാൻ തയ്യാറെടുക്കുമ്പോൾ ഇരുവര്‍ക്കും ഉചിതമായ അനുഗ്രഹം നല്‍കുവാന്‍ പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുകയും ചെയ്യുന്നു. ഇളയ പുത്രനായിരുന്നിട്ടും യാക്കോബ് എഫ്രയീമിൻ്റെ തലയിൽ വലതുകൈ വെച്ചത് ഒരു മോശം അടയാളമായി യോസേഫ് കരുതി. എന്നാൽ യാക്കോബ് അവനെ ആശ്വസിപ്പിക്കുന്നു, “എനിക്കറിയാം, മകനേ, എനിക്കറിയാം:” ദൈവത്തോടൊപ്പം നടക്കുന്നവന് ആരെ അനുഗ്രഹിക്കണമെന്ന് അറിയാം.

യിസ്രായേൽ യോസേഫിനോടു: ഇതാ, ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിന്നോടുകൂടെ ഇരുന്നു നിന്നെ നിൻ്റെ പിതാക്കന്മാരുടെ ദേശത്തേക്കു മടക്കിവരുത്തും എന്നു പറഞ്ഞു. ഈ വിശ്വാസ വചനം ദൈവം അബ്രഹാമിന് നൽകിയ വാഗ്ദത്തത്തെ പ്രതിധ്വനിപ്പിക്കുന്നു. വർഷങ്ങൾക്കുശേഷം സ്വന്തം മരണക്കിടക്കയിലായിരുക്കുമ്പോള്‍ യോസേഫ് തൻ്റെ സഹോദരങ്ങളോട് ഈ കാര്യം തന്നെ ആവർത്തിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദത്തത്തിൻ്റെ പൂർണമായ വിശ്വസ്തത അവർ തിരിച്ചറിഞ്ഞു. അവർ അത് ഏറ്റുപറഞ്ഞു. നൂറ്റാണ്ടുകള്‍ പിന്നിട്ടപ്പോഴും അതിനെ സംരക്ഷിക്കാനും നടപ്പിലാക്കാനുമുള്ള ദൈവിക ശക്തിയിൽ അവർ വിശ്വസിച്ചു.

യേശുവിൽ നമുക്കായി തുറന്നിരിക്കുന്ന കൃപയിൽ നമുക്ക് സന്തോഷിക്കാം. നമുക്ക് ദൈവത്തിന്‍റെ ശിക്ഷണത്തെ സ്വാഗതം ചെയ്യാം, അതിലൂടെ അവനുമായുള്ള കൂട്ടായ്മയിലേക്ക് നയിക്കപ്പെടാം. നമ്മുടെ ബാഹ്യസാഹചര്യങ്ങൾ എന്തുതന്നെ ആയാലും നമുക്ക് അവൻ്റെ വചനം മുറുകെ പിടിക്കാം. എല്ലാറ്റിനുമുപരിയായി അവൻ്റെ വാഗ്ദത്തത്തെ മാനിച്ചുകൊണ്ട് നമുക്ക് വിശ്വാസത്തിൽ അന്ത്യത്തോളം ജീവിക്കുകയും ചെയ്യാം.അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment