+91 9892580744
gospelbroadcast@yahoo.com

Mar-25-39M-ദൈവസാന്നിധ്യത്തിന് റെ ധൈര്യം

Mar-25-39M-ദൈവസാന്നിധ്യത്തിന് റെ ധൈര്യം

LWGB Malayalam Podcast
LWGB Malayalam Podcast
Mar-25-39M-ദൈവസാന്നിധ്യത്തിന് റെ ധൈര്യം
Loading
/

39M_ദൈവസാന്നിധ്യത്തിന്_റെ ധൈര്യം

ഉല്‍പത്തി 46.1 അനന്തരം യിസ്രായേൽ തനിക്കുള്ള സകലവുമായി യാത്ര പുറപ്പെട്ടു ബേർ-ശേബയിൽ എത്തി തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചു.
2 ദൈവം യിസ്രായേലിനോടു രാത്രിദർശനങ്ങളിൽ: യാക്കോബേ, യാക്കോബേ എന്നു വിളിച്ചതിനു ഞാൻ ഇതാ എന്ന് അവൻ പറഞ്ഞു.
3 അപ്പോൾ അവൻ: ഞാൻ ദൈവം ആകുന്നു; നിന്റെ പിതാവിന്റെ ദൈവം തന്നെ; മിസ്രയീമിലേക്കു പോകുവാൻ ഭയപ്പെടേണ്ടാ; അവിടെ ഞാൻ നിന്നെ വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു.
4 ഞാൻ നിന്നോടുകൂടെ മിസ്രയീമിലേക്കു പോരും; ഞാൻ നിന്നെ മടക്കി വരുത്തും; യോസേഫ് സ്വന്തകൈകൊണ്ട് നിന്റെ കണ്ണ് അടയ്ക്കും എന്നും അരുളിച്ചെയ്തു.
5 പിന്നെ യാക്കോബ് ബേർ-ശേബയിൽ നിന്നു പുറപ്പെട്ടു; യിസ്രായേലിന്റെ പുത്രന്മാർ അപ്പനായ യാക്കോബിനെ കയറ്റുവാൻ ഫറവോൻ അയച്ച രഥങ്ങളിൽ അവനെയും തങ്ങളുടെ മക്കളെയും ഭാര്യമാരെയും കയറ്റി കൊണ്ടുപോയി.
6 തങ്ങളുടെ ആടുമാടുകളെയും കനാൻദേശത്തുവച്ചു സമ്പാദിച്ച സമ്പത്തുകളെയും കൊണ്ടുപോയി; അങ്ങനെ യാക്കോബും സന്തതികളുമെല്ലാം മിസ്രയീമിൽ എത്തി.
7 അവൻ തന്റെ പുത്രീപുത്രന്മാരെയും പൗത്രീപൗത്രന്മാരെയും തന്റെ സന്തതികളെയൊക്കെയും കൂട്ടി മിസ്രയീമിലേക്കു കൊണ്ടുപോയി.

മൊറാവിയൻ സുവിശേഷപ്രസ്ഥാനത്തിൻ്റെ സ്ഥാപകനായ കൗണ്ട് സിൻസെൻഡോർഫ്, ഡസൽഡോർഫിലെ ഒരു ആർട്ട് ഗാലറിയിൽ വെച്ച് “ഞാൻ ഇത് നിനക്കായി ചെയ്തു. നീ എനിക്കായി എന്ത് ചെയ്തു?” എന്ന അടിക്കുറിപ്പോടെ കുരിശിൽ കിടക്കുന്ന ക്രിസ്തുവിന്‍റെ ഒരു ചിത്രം കണ്ട്, ആ വരികള്‍ ധ്യാനിക്കവേയാണ് രക്ഷയിലേക്ക് വന്നത്. മുന്നൂറ് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു കലാകാരനായിരുന്നു ഈ ചിത്രം വരച്ചത്.

വീണ്ടെടുപ്പുകാരൻ്റെ മുഖത്തിൻ്റെ ആദ്യ രേഖാചിത്രം പൂർത്തിയാക്കിയപ്പോൾ, ഈ കലാകാരൻ തൻ്റെ വീട്ടുടമസ്ഥയുടെ ചെറിയ മകളെ വിളിച്ച് ഈ ചിത്രത്തിലുള്ള വ്യക്തി ആരാണെന്ന് അവളോട് ചോദിച്ചു. പെൺകുട്ടി അത് നോക്കി പറഞ്ഞു, “ഇത് ഒരു നല്ല മനുഷ്യനാണ്.” താൻ പരാജയപ്പെട്ടുവെന്ന് ചിത്രകാരന് അറിയാമായിരുന്നു.

അവൻ ആദ്യത്തെ രേഖാചിത്രം നശിപ്പിച്ചു, കൂടുതൽ വൈദഗ്ധ്യത്തിനായി പ്രാർത്ഥിച്ച ശേഷം, രണ്ടാമത്തേ ശ്രമം പൂർത്തിയാക്കി. അവൻ വീണ്ടും ആ പെൺകുട്ടിയെ അകത്തേക്ക് വിളിച്ച് ആ മുഖം ആരെയാണ് പ്രതിനിധീകരിക്കുന്നതെന്ന് എന്ന്ചോദിച്ചു. ഇത്തവണ വലിയ കഷ്ടത്തിലൂടെ കടന്നു പോകുന്ന ഒരു മനുഷ്യനാണെന്ന് പെൺകുട്ടി പറഞ്ഞു. താൻ പരാജയപ്പെട്ടുവെന്ന് വീണ്ടും ചിത്രകാരൻ അറിഞ്ഞിട്ട്, അവൻ ഉണ്ടാക്കിയ രേഖാചിത്രം വീണ്ടും നശിപ്പിച്ചു.

ധ്യാനത്തിനും പ്രാർത്ഥനയ്ക്കും ശേഷം അദ്ദേഹം മൂന്നാമത്തെ രേഖാചിത്രം തയ്യാറാക്കി. അത് കഴിഞ്ഞപ്പോൾ മൂന്നാമതും പെൺകുട്ടിയെ വിളിച്ച് അത് ആരാണെന്ന് ചോദിച്ചു. ഇത്തവണ ഛായാചിത്രത്തിലേക്ക് നോക്കി, പോടുന്നനേ പെൺകുട്ടി ഉച്ചത്തില്‍ പറഞ്ഞു, “ഇത് കർത്താവാണ്!”

അതുമാത്രമാണ് ക്രിസ്തുവിൻ്റെ വരവ് ലോകത്തിന് അർത്ഥവത്തായിരിക്കുന്നത്–ഒരു നല്ല മനുഷ്യൻ വന്നു എന്നല്ല, ജ്ഞാനിയായ ഒരു അധ്യാപകൻ വന്നില്ല, ഒരു മഹാപീഡകൻ വന്നു എന്നല്ല, ദൈവം വന്നു–ഇമ്മാനുവേൽ, ദൈവം നമ്മോടൊപ്പം.

തൻ്റെ പ്രിയപ്പെട്ട മകൻ ജോസഫ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും, അവന്‍ മിസ്രയേമിന്‍റെ അധിപതിയാണെന്നും യാക്കോബിന്ന് അറിവു കിട്ടി. കൂടാതെ വരാനിരിക്കുന്ന ക്ഷാമത്തിൻ്റെ വർഷങ്ങളിൽ അവരെ ജീവനോടെ നിലനിർത്താൻ തൻ്റെ കുടുംബത്തെ മുഴുവനായും മിസ്രേമിമിലേക്ക് വിളിക്കുന്നതായും താന്‍ കേട്ടു. അവൻ ദീർഘയാത്രക്കായി ഒരുങ്ങുകയും തന്‍റെ കുടുംബത്തെമുഴുവനായും തന്നോടൊപ്പം പുറപ്പെടുവാന്‍ ഒരുക്കുകയും ചെയ്തു. എന്നിരുന്നാലും, തൻ്റെ കുടുംബത്തിൻ്റെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള സ്ഥലമായ ബര്‍ശേബയിൽ എത്തിയപ്പോള്‍ , അവൻ അവിടെ തന്റെ പിതാവായ യിസ്ഹാക്കിന്റെ ദൈവത്തിനു യാഗം കഴിച്ചതായി നാം വായിക്കുന്നു. ഉല്‍പത്തി 21.33ല്‍ അബ്രഹാം ഇവിടെ ഒരു ബലിപീഠം പണിതതായും, യിസഹാക്കിനെ ദൈവം സന്ദർശിച്ചു തന്നോടുള്ള ഉടമ്പടി ആവർത്തിച്ചതായും നാം വായിക്കുന്നു (26:23-25). “ദാൻ മുതൽ ബേർഷേബ വരെ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതുപോലെ ഈ സ്ഥലം കനാനിൻ്റെ തെക്കൻ അതിർത്തിയായാണ് കണക്കാക്കിയിരുന്നത്. യാക്കോബ് ഇവിടെ എത്തിയപ്പോൾ, അവൻ ദൈവത്തോട് ചോദിക്കാനായി സമയം കണ്ടെത്തി. ഇത് അദ്ദേഹത്തിൻ്റെ ആത്മീയ വളർച്ചയുടെ അടയാളമാണ്.

അബ്രഹാമും യിസഹാക്കും പട്ടിണിയിൽ നിന്ന് രക്ഷപ്പെടാൻ കുടുംബസമേതം കനാൻ വിട്ടുപോയിരുന്ന, അവരുടെ മാതൃകകൾ അവൻ്റെ മുമ്പിലുണ്ടായിരുന്നു. മിസ്രയീമിലേക്ക് മാറിയപ്പോൾ അബ്രഹാം കുഴപ്പത്തിലായതും, സാറയെക്കുറിച്ച് ഫറവോനോട് കള്ളം പറഞ്ഞതും, പിന്നീട് ആ കപടം തുറന്നുകാട്ടപ്പെട്ടതുമെല്ലാം താന്‍ ഓര്‍ത്തിരിക്കണം. മറ്റൊരു ക്ഷാമകാലത്ത് അബിമെലെക്ക് രാജാവിനെ കബളിപ്പിച്ച് ഗെരാറിലേക്ക് താമസം മാറ്റിയപ്പോഴും ഇതുതന്നെ സംഭവിച്ചു. മറ്റൊരു ക്ഷാമത്തിൽ നിന്ന് രക്ഷപ്പെടാൻ യിസ്ഹാക്കും ഗെരാറിലേക്ക് പോയി, അബീമേലെക്കിനോട് തൻ്റെ ഭാര്യ റിബെക്കയെക്കുറിച്ച് കള്ളം പറഞ്ഞു. എന്നാൽ നാലാമത്തെ ക്ഷാമകാലത്ത്, മിസ്രേമിലേക്ക് പോകരുതെന്ന് അവനോട് വ്യക്തമായി ദൈവം കൽപ്പിച്ചു. കർത്താവ് അവനോട് വാഗ്ദത്തം ചെയ്തു: “ഈ ദേശത്ത് താമസിക്ക; ഞാൻ നിന്നോടുകൂടെയിരുന്ന് നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശമൊക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.

എന്നാല്‍ ആ സമയം വരെ ഈ വാഗ്ദത്തം ഇതുവരെ നിറവേറ്റപ്പെട്ടിരുന്നില്ല.
തന്‍റെ കുടുംബത്തില്‍ 72 പേര്‍ മാത്രമുണ്ടായിരുന്നത്. എങ്കിലും ശേഖേമിലെ അനുഭവത്തിൽ നിന്ന് അവൻ ഒരു പാഠം പഠിച്ചു. നമ്മുടെ പദ്ധതികൾ ശരിയാണെന്ന് തോന്നുമ്പോൾ പോലും, അവ ആസൂത്രണം ചെയ്യുന്നതിനുമുമ്പ് ദൈവത്തോട് ചോദിക്കാൻ അവൻ പഠിച്ചു. വർഷങ്ങൾ നീണ്ട വേർപിരിയലിനുശേഷം കാണാൻ അതിയായി ആഗ്രഹിച്ചിരുന്ന തൻ്റെ പ്രിയപ്പെട്ട മകന്‍ യോസേഫിന് മുമ്പിലും ദൈവഹിതത്തിന് പ്രഥമസ്ഥാനം നൽകുവാൻ അവൻ പഠിച്ചു.

പ്രായത്തിനനുസരിച്ച് ദൈവിക ജ്ഞാനം വരണം, ദൈവഹിതം ചെയ്യുക എന്ന ഒരേയൊരു കാര്യം മാത്രമേ ജീവിതത്തില്‍ ആവശ്യമുള്ളൂ എന്നറിയാനുള്ള ജ്ഞാനം. യാക്കോബ് തനിക്കും തൻ്റെ ദൈവത്തിനുമിടയിൽ യാതൊന്നും വരാൻ അനുവദിച്ചില്ല, എല്ലായ്‌പ്പോഴും എന്നപോലെ തൻ്റെ ഏറ്റവും വലിയ നിധിയായിരിക്കുമെന്ന ദൈവത്തിക വാഗ്ദതത്തെ മുറുകെ പിടിച്ചു. ദൈവിക ദർശനവും ദൈവത്തിൻ്റെ വ്യക്തമായ മാർഗനിർദേശവും അദ്ദേഹത്തിന് പ്രതിഫലമായി ലഭിച്ചു.

ദൈവഹിതം അന്വേഷിക്കാനും അനുസരിക്കാനും നമ്മുടെ സ്വന്തം ഇഷ്ടം മാറ്റിവെക്കുമ്പോൾ, അവൻ തൻ്റെ ഇഷ്ടം നമുക്ക് കാണിച്ചുതരും. “മിസ്രേമിമിലേക്ക് പോകരുത്” എന്ന് യിസ്ഹാക്കിനോട് പറഞ്ഞ അതേ ദൈവം, “മിസ്രേമിമിലേക്ക് പോകുവാൻ ഭയപ്പെടരുത്” എന്ന് യാക്കോബിനോട് നിർദ്ദേശിച്ചു. എല്ലായ്‌പ്പോഴും ദൈവത്തിൽ നിന്ന് ഈ രണ്ടില്‍ ഏത് നിര്‍ദ്ദേശവും സ്വീകരിക്കാൻ നാം തയ്യാറായിരിക്കണം. സാഹചര്യങ്ങൾ മാറുന്നുണ്ടെങ്കിലും, ദൈവേഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവന് മാറ്റമില്ലാത്ത വാഗ്ദത്തമുണ്ട്. അവൻ എവിടെയായിരുന്നാലും, “ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കുകയും നിന്നെ അനുഗ്രഹിക്കുകയും ചെയ്യും” എന്ന് കർത്താവ് പറയുന്നു. “ഞാൻ നിന്നോടുകൂടെ മിസ്രേമിമിലേക്കു പോകാം” എന്ന് അവൻ യാക്കോബിനോട് വാഗ്ദത്തം ചെയ്തു. ഇത് ദൈവജനത്തിൻ്റെ ധൈര്യവും, വിശ്വാസവുമാണ്.

പാലും തേനും ഒഴുകുന്ന നാട്ടിലേക്കുള്ള യാത്ര തുടങ്ങിയപ്പോൾ മോശ ഒരു കാര്യം മാത്രം ചോദിച്ചു. Ex 33:14 അവൻ പറഞ്ഞു: “എൻ്റെ സാന്നിധ്യം നിന്നോടുകൂടെ പോരും, ഞാൻ നിനക്കു വിശ്രമം തരും.”

യെശ 63.9 9 അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു; അവന്റെ സമ്മുഖദൂതൻ അവരെ രക്ഷിച്ചു; തന്റെ സ്നേഹത്തിലും കനിവിലും അവൻ അവരെ വീണ്ടെടുത്തു; പുരാതനകാലത്തൊക്കെയും അവൻ അവരെ ചുമന്നുകൊണ്ടു നടന്നു.

നമ്മുടെ കർത്താവായ യേശു സ്വര്‍ഗ്ഗാരോഹണം ചെയ്യുന്നതിന്ന് മുമ്പ് “ഇതാ, ലോകാവസാനം വരെ എല്ലാനാളും ഞാൻ നിങ്ങളോടുകൂടെയുണ്ട്” എന്ന് വാഗ്ദത്തം ചെയ്തു.

ഹെൻറി ഫ്രാൻസിസ് ലൈറ്റ് 1847-ൽ ക്ഷയരോഗം ബാധിച്ച് മരിക്കുന്നതിനിടയില്‍ താനെഴുതിയ “എബിഡ് വിത്ത് മി” എന്ന ഗാനം ആലപിച്ചത്. വിശ്വപ്രശസ്തമായ ആ ഗാനം കേരളത്തില്‍ വന്ന ജര്‍മ്മന്‍ മിഷനറി വി.നാഗല്‍ മലയാളത്തിലേക്ക് ഇങ്ങനെ പരിഭാഷപ്പെടുത്തുകയുണ്ടായി

ശത്രുഭയമില്ല നീയുണ്ടെങ്കിൽ
ലോകക്കണ്ണീരിന്നില്ല കയ്പ്പൊട്ടും
പാതാളമേ, ജയമെവിടെ നിൻ
മൃത്യുമുൾപോയ് ജയം കൂടെ പാർക്ക

കണ്ണടഞ്ഞിടുമ്പോൾ നിൻക്രൂശിനെ
കാണിക്ക മേൽ ലോകമഹിമയും
ഭൂ മിത്ഥ്യ നിഴൽ ഗമിക്കുന്നിതാ
ഭാഗ്യോദയമായ് നീ കൂടെ പാർക്ക.

ദൈവഹിതം ചെയ്യാൻ ശ്രമിക്കുന്നിടത്തോളം കാലം ദൈവം നമ്മോടു കൂടെ ഇരിക്കും. അപ്പോള്‍ നമുക്ക് നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങൾ ആത്മവിശ്വാസത്തോടെ എടുക്കാൻ കഴിയും.

യാക്കോബിനോടും അവൻ്റെ പുത്രന്മാരോടുമൊപ്പം ഉണ്ടായിരിക്കും എന്ന് മാത്രമല്ല, മിസ്രയേമിൽ അവരെ വർദ്ധിപ്പിക്കുമെന്നും ദൈവം അവനോട് വാഗ്ദത്തം ചെയ്തു. തൻ്റെ ജനം അനേകമായി വര്‍ദ്ധിക്കുവാനും, ശത്രുക്കളിൽ നിന്ന് സുരക്ഷിതരും, ക്ഷാമകാലത്ത് സമൃദ്ധമായി പരിപോഷിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു സുരക്ഷിത സ്ഥലമായി ദൈവം മിസ്രേമിമിനെ തിരഞ്ഞെടുത്തു. പക്ഷേ അത് അവരുടെ സ്ഥിരം വീടായിരുന്നില്ല. ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ എണ്ണമറ്റ സന്തതികൾ ഉണ്ടായിരിക്കുമെന്ന് അബ്രഹാമിനോട് ആദ്യം ചെയ്ത വാഗ്ദത്തത്തിൻ്റെ പൂർത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ് മാത്രമായിരുന്നു ഇത്. പിന്നീട് മിസ്രയേമിലുള്ളവര്‍ അവരെ അടിമകളാക്കുമെന്ന് ദൈവത്തിന് അറിയാമായിരുന്നു. എന്നിട്ടും അവരെ 400-വർഷത്തിനൊടുവില്‍ അവരെ കനാനിലേക്ക് തിരികെ കൊണ്ടുപോകാനുമുള്ള സ്വന്തം പദ്ധതി ദൈവം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദൈവം അവൻ്റെ ഇഷ്ടം നിറവേറ്റും. എങ്ങനെയെന്ന് നമുക്ക് പ്രവചിക്കാൻ കഴിഞ്ഞേക്കില്ല. ദൈവം നമുക്ക് നല്ലതേ കൊണ്ടുവരികയുള്ളൂ എന്ന വിശ്വാസത്തോടെ മാത്രമേ നമുക്ക് അവൻ്റെ വാഗ്ദത്തങ്ങള്‍ സ്വീകരിക്കാൻ സാധിക്കയുള്ളൂ.

ഒടുവിൽ, ദൈവം യാക്കോബിനോടും അവനെ ഈ വാഗ്ദത്ത ദേശത്തേക്ക് തിരികെ കൊണ്ടുവരുമെന്ന് പറഞ്ഞു. നാല് നൂറ്റാണ്ടുകൾക്ക് ശേഷം ഒരു വലിയ കുടുംബത്തെ തിരികെ കൊണ്ടുവരിക എന്നത് മാനുഷികമായി നോക്കിയാല്‍ തീർച്ചയായും ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിട്ടും യാക്കോബും ജോസഫും അതു വിശ്വസിച്ചു. 18 വർഷത്തിനുശേഷം, തൻ്റെ മരണക്കിടക്കയിൽ, തൻ്റെ മൃതദേഹം തിരികെ കൊണ്ടുപോകാനും കനാനിലെ മക്‌പേലയിൽ സംസ്‌കരിക്കാനും യാക്കോബ് ജോസഫിനോടായി ആവശ്യപ്പെട്ടു. 400 വർഷമായപ്പോൾ, മിസ്രേമിമിൽ നിന്ന് എന്നെന്നേക്കുമായി വിട്ടുപോകുമ്പോൾ, തൻ്റെ അസ്ഥികൾ അവരോടൊപ്പം കൊണ്ടുപോകാൻ യോസേഫ് തൻ്റെ ജനത്തോട് നിർദ്ദേശിച്ചു. ആ കാലയളവിലെല്ലാം അവന്‍റെ അസ്ഥികൾ ഗോശെനിൽ എവിടെയോ കാത്ത് സൂക്ഷിച്ചിരുന്നു. ദൈവം തൻ്റെ വാഗ്ദാനങ്ങൾ പാലിക്കുന്നു എന്നുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലായിരുന്നു അത്. അവർ അടിമകളായിരിക്കുമ്പോഴും പീഡിപ്പിക്കപ്പെടുമ്പോഴും ഈ ദൈവിക വാഗ്ദത്തം അവരുടെ വ്യക്തിത്വവും വിധിയും നിർണ്ണയിച്ചു. നമ്മുടെ ജീവിതവും ഈ സത്യം പ്രതിഫലിക്കുന്നതായിരിക്കേണം. നാം ലോകത്തോട് അനുരൂപപ്പെടാതിരിക്കാൻ നാം ആരാണെന്നും നമ്മുടെ ശാശ്വത ലക്ഷ്യസ്ഥാനം ഏതാണെന്നതിനെക്കുറിച്ചും നാം എപ്പോഴും ബോധവാന്മാരായിരിക്കേണം.

ഒടുവിൽ യോസേഫ് തന്‍റെ പിതാവിനെ കണ്ടു. നീണ്ട 22 വർഷം മുമ്പ്, യോസേഫിൻ്റെ രക്തം പുരണ്ട അങ്കി കണ്ടപ്പോൾ യാക്കോബ് അതിയായി ദുഃഖിച്ചു. അവൻ പറഞ്ഞു: “ഞാൻ ദുഃഖത്തോടെ എന്റെ മകന്റെ അടുക്കൽ പാതാളത്തിൽ ഇറങ്ങുമെന്നു പറഞ്ഞു. ഇങ്ങനെ അവന്റെ അപ്പൻ അവനെക്കുറിച്ചു കരഞ്ഞുകൊണ്ടിരുന്നു.” (ഉല്പത്തി 37:35). ഇവിടെ അവൻ പറയുന്നു “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു.” (ഉല്പത്തി 46:30). എന്നിട്ടും ദൈവം അവനുവേണ്ടി 17 വർഷത്തെ അനുഗ്രഹം കാത്തുസൂക്ഷിച്ചിരുന്നു. വിലാപം സന്തോഷമായി മാറിയിരിക്കുന്നു—നിരാശ യഥാർത്ഥമായ ആശ്വാസമായി തീര്‍ന്നിരിക്കുന്നു. നാം ഈ ലോകത്തില്‍ നിന്ന് പുറപ്പെടേണ്ട സമയം ദൈവം തീരുമാനിക്കട്ടെ.

യോസേഫ് പിതാവിനെ ആർദ്രതയോടെ ആലിംഗനം ചെയ്യുന്ന രംഗമാണ് നാം കാണുന്നത്. മിസ്രേമിമിലെ അധികാരശ്രേണിയില്‍ രണ്ടാമനായിരിക്കുന്ന മനുഷ്യന്‍ ഇതാ ഇവിടെ പരസ്യമായി കരയുകയാണ്. വര്‍ഷങ്ങളായി ഉള്ളില്‍ അടച്ചൊതുക്കിയ വികാരങ്ങളെല്ലാം ഇപ്പോൾ അണപൊട്ടി ഒഴുകാന്‍ താന്‍ സമ്മതിച്ചിരിക്കയാണ്. കരയാൻ ഒരു സമയമുണ്ട്. ആലിംഗാബദ്ധരായ തങ്ങളുടെ കരങ്ങള്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈ കൂടികാഴ്ച ജീവിതത്തിലെ പല സംഭവങ്ങളുടെയും പരിസമാപ്തിയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു. അവര്‍ തൂകിയ കണ്ണുനീർ കയ്പിന്‍റെതല്ല മറിച്ച് അനേക വര്‍ഷങ്ങള്‍ അടച്ചുവെച്ച വികാരങ്ങളെ തുറന്നു വിട്ടതിന്‍റെ പ്രതീകമായി നമുക്ക് കാണാവുന്നതാണ്. ജോസഫ് ജീവിച്ചിരിക്കുന്നു, മരിച്ചിട്ടില്ല. അവൻ മിസ്രേമിമിൻ്റെ അധിപതിയാണ്, നിസ്സഹായനായ അടിമയല്ല. അവൻ യാക്കോബിൻ്റെ കുടുംബത്തിന് മിസ്രേമിമിലെ ഏറ്റവും മികച്ചത് നൽകുന്നു. അവരുടെ താമസത്തിനായി അവൻ ശ്രദ്ധാപൂർവം ആസൂത്രണം ചെയ്യുകയും തൻ്റെ അടുത്തുള്ളതും എന്നാൽ മിസ്രായീമുകാരിൽ നിന്ന് വേര്‍പെട്ടതുമായ ഗോശെൻ എന്ന പ്രദേശത്തെ ജ്ഞാനപൂർവം തിരഞ്ഞെടുത്തു. മിസ്രേമിലാണെങ്കിലും, വാസ്തവത്തില്‍ അവരില്‍ നിന്നും വേര്‍പെട്ടൊരു ജീവിതം.
തൻ്റെ മധ്യസ്ഥ പ്രാർത്ഥനയിൽ പറയുന്ന നമ്മുടെ കർത്താവിൻ്റെ ഒരു ചിത്രം ഇതാ: “14 ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
16 ഞാൻ ലൌകികനല്ലാത്തതുപോലെ അവരും ലൌകികന്മാരല്ല.
17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.

ഫറവോന്‍റെ അടുത്ത് മിസ്രേമിമിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു ജോസഫ്. അവൻ്റെ മുഴുവൻ കുടുംബവും ഇപ്പോൾ മിസ്രേമിമിൽ സ്ഥിരതാമസമാക്കാൻ മിസ്രായേമില്‍ വന്നിരിക്കയാണ് എങ്കിലും മിസ്രായീം തൻ്റെ വീടല്ലെന്ന് അവനറിയാമായിരുന്നു. ഈ ലോകത്ത് നാം എത്ര ഉയർന്നാലും കർത്താവിൻ്റെ ദാസന്മാരാണ്. അവൻ്റെ ഇഷ്ടമായിരിക്കണം നമ്മുടെ സന്തോഷം. അവൻ്റെ വാഗ്ദത്തമായിരിക്കണം നമ്മുടെ ലക്ഷ്യവും, ഭാഗധേയവും.
നാം ഈ ലോകത്ത് ജീവിക്കുമ്പോള്‍ കർത്താവ് നമുക്കും ഈ വ്യക്തത നൽകുമാറാകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.

Post a comment