36M_മാനസാന്തരവും വിശ്വാസവും
ഉല്പത്തി 41.56 ക്ഷാമം ഭൂതലത്തിലൊക്കെയും ഉണ്ടായി; യോസേഫ് പാണ്ടികശാലകളൊക്കെയും തുറന്നു, മിസ്രയീമ്യർക്കു ധാന്യം വിറ്റു; ക്ഷാമം മിസ്രയീംദേശത്തും കഠിനമായിത്തീർന്നു.
57 ഭൂമിയിൽ എങ്ങും ക്ഷാമം കഠിനമായിത്തീർന്നതുകൊണ്ട് സകല ദേശക്കാരും ധാന്യംകൊള്ളുവാൻ മിസ്രയീമിൽ യോസേഫിന്റെ അടുക്കൽ വന്നു.
മിസ്രയീമിൽ ധാന്യം ഉണ്ടെന്നു യാക്കോബ് അറിഞ്ഞപ്പോൾ തന്റെ പുത്രന്മാരോട്: നിങ്ങൾ തമ്മിൽ തമ്മിൽ നോക്കി നില്ക്കുന്നതെന്ത്?
2 മിസ്രയീമിൽ ധാന്യം ഉണ്ടെന്ന് ഞാൻ കേട്ടിരിക്കുന്നു; നാം മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് അവിടെ ചെന്ന് അവിടെനിന്നു നമുക്കു ധാന്യം കൊള്ളുവിൻ എന്നു പറഞ്ഞു.
3 യോസേഫിന്റെ സഹോദരന്മാർ പത്തു പേർ മിസ്രയീമിൽ ധാന്യം കൊള്ളുവാൻ പോയി.
പ്രസിദ്ധ സുവിശേഷകന് ഡി എല്‍ മൂഡി ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു – ദൈവത്തോട് പുറം തിരിഞ്ഞാണ് മനുഷ്യൻ ജനിക്കുന്നത്. യഥാര്‍ത്ഥമായി മാനസാന്തരപ്പെടുമ്പോൾ, അവൻ മുഴുവനായി തിരിഞ്ഞ് ദൈവത്തെ അഭിമുഖീകരിക്കുന്നു. മാനസാന്തരം മനസ്സിൻ്റെ മാറ്റമാണ്. വിശ്വാസമാകുന്ന കണ്ണിലെ കണ്ണുനീരാണ് മാനസാന്തരം.
നമ്മുടെ ഹൃദയത്തിലുള്ള പാപത്തെയും, അനുസരണമില്ലായ്മയെയും വെളിച്ചത്ത് കൊണ്ടുവരുവാന്‍ ഒരു പക്ഷേ നമ്മുടെ ജീവിതത്തിലെ ഉപരിപ്ലവമായ സമാധാനത്തെ എടുത്തു കളഞ്ഞു എന്ന് വന്നേക്കാം. സകല ദേശക്കാരും യോസഫിൽ നിന്ന് ധാന്യം വാങ്ങാൻ മിസ്രയീമിലേക്ക് വരികയും, അവര്‍ ധാന്യവുമായി മടങ്ങിയതായും നാം വായിക്കുന്നു. എന്നാൽ യോസേഫിൻ്റെ സഹോദരന്മാരെ അവിടെ തടഞ്ഞുവച്ചു. അവിശ്വാസികൾക്ക് എല്ലാം സുഗമമായി നടക്കുമ്പോൾ എന്തുകൊണ്ടാണ് നമുക്ക് കാര്യങ്ങൾ വൈഷമ്യമാകുന്നത് എന്ന് നാം ചിന്തിച്ചേക്കാം. ഒരു പക്ഷേ നാം നേരിടുന്ന പ്രധിസന്ധിയിലൂടെ ദൈവം നമ്മുടെ പാപങ്ങളെക്കുറിച്ച് നമ്മെ ഓർമ്മപ്പെടുത്തുകയായിരിക്കാം.
തന്നോട് തെറ്റ് ചെയ്തവരോട് പ്രതികാരം ചെയ്യുവാൻ ജോസഫിന് തെല്ലും താൽപ്പര്യമില്ലായിരുന്നുവെന്ന് വ്യക്തമായി നമുക്ക് മനസ്സിലാക്കാം. അങ്ങനെയായിരുന്നുവെങ്കിൽ, പോത്തിഫറിനോടും, തന്റെ ഭാര്യയോടും തന്നെ അന്യായമായി തടങ്കലിനാക്കിയതിന്ന് പകപോക്കാമായിരുന്നു, അവനെക്കുറിച്ച് ഫറവോനോട് പറയുവാൻ മറന്ന പാനപാത്രവാഹകനെ ശിക്ഷിക്കാമായിരുന്നു, അവൻ്റെ സഹോദരന്മാരെ ജീവപര്യന്തം തടവിലാക്കാമായിരുന്നു. എന്നാൽ അവൻ്റെ ലക്ഷ്യം തികച്ചും വ്യത്യസ്തമായിരുന്നു. അവരെ യഥാര്‍ത്ഥ മാനസാന്തരത്തിലേക്ക് കൊണ്ടുവരാനായിരുന്നു അവൻ ആഗ്രഹിച്ചത്.
ജോസഫിൻ്റെ സഹോദരന്മാർ മിസ്രായീമിലേക്ക് യാത്ര ചെയ്യുമ്പോൾ, അവർ അനേക വര്‍ങ്ങള്‍ക്ക് മുമ്പ് മിദ്യാന്യർക്ക് വിറ്റുകളഞ്ഞ തങ്ങളുടെ സഹോദരനെക്കുറിച്ചുള്ള ഓര്‍മ്മയോ, യാദൃച്ഛികമായി അവനെ കണ്ടുമുട്ടിയേക്കാം എന്ന ചിന്തയോ അവരിലാര്‍ക്കും തന്നെ ഉണ്ടായിരുന്നില്ല. ഏറ്റുപറയാത്ത പാപങ്ങൾ മൂലം നാം പലകാര്യങ്ങളും മറക്കുന്നു. എന്നാൽ ദൈവം തന്റെതായ മാര്‍ഗ്ഗങ്ങളില്‍ അവയെ നമ്മുടെ ഓർമ്മയിൽ കൊണ്ടുവരും. തൻ്റെ ലംഖനങ്ങളെ മറയ്ക്കുന്നവന് ശുഭം വരികയില്ല അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും എന്ന് സദൃശവാക്യങ്ങളില്‍ നാം കാണുന്നു.
യോസേഫ് അവര്‍ ഒറ്റുകാരാണെന്ന് ആരോപിച്ചപ്പോള്‍, തങ്ങൾ സത്യസന്ധരാണെന്ന് അവന്റെ സഹോദരന്മാർ അവകാശപ്പെട്ടു. അവർ തങ്ങളുടെ ഇളയ സഹോദരനെ അന്യര്‍ക്ക് അടിമയായി വിറ്റു എന്നതാണ് സത്യം. അവർ പിതാവിനെ വഞ്ചിക്കുകയും ഭോഷ്ക് പറയുകയും ചെയ്തു. മാത്രമാല്ല ഈ കാലയളവില്‍ അപ്പന്റെ ദുഃഖം അവർ കണ്ടിട്ടും മൌനം പാലിച്ചതിലൂടെ അവര്‍ കഠിനഹൃദയന്മാരായിരുന്നു എന്നത് വളരെ വ്യക്തമാണ്. അവരിൽ രണ്ടുപേർ ഒരാള്‍ ചെയ്ത പാപത്തിന്ന് പ്രതികാരമായി ഒരു നഗരത്തെ മുഴുവനായും കൂട്ടക്കൊല ചെയ്തു. ഒരുവന് ഒരു വേശ്യയെ സന്ദർശിക്കുന്നതിൽ തെറ്റൊന്നും കണ്ടില്ല. മറ്റൊരാൾ പിതാവിൻ്റെ വെപ്പാട്ടിയുമായി ശയിച്ചു തന്റെ അപ്പന്റെ കിടക്കയെ അശുദ്ധമാക്കി. നമ്മുടെ ജീവിതത്തില്‍ മുഴച്ചു നില്ക്കുന്ന പാപങ്ങള്‍ പോലും പലപ്പോഴും നാം കണ്ടെന്നു വരില്ല. നമ്മെ മാനസാന്തരത്തിലേക്ക് നയിക്കുവാന്‍ കർത്താവ് നമ്മുടെ കഠിനഹൃദയങ്ങളെ തകർക്കേണ്ടതായി വന്നേക്കാം. അങ്ങനെ നാം പാപബോധത്തിലേക്ക് നയിക്കപ്പെടും. കർത്താവിൻ്റെ രക്ഷ അനുഭവിക്കുന്നതിനു മുമ്പ് നാം നമ്മെക്കുറിച്ച് സത്യസന്ധരായിരിക്കേണ്ടത് ആവശ്യമാണ്.
ശമര്യസ്ത്രീയും കർത്താവും തമ്മിലുള്ള സംഭാഷണത്തിൽ അവൻ അവളോടു ഇങ്ങനെ പറഞ്ഞു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
ഈ ഘട്ടത്തിൽ, കർത്താവ് താന്‍ ജീവജലമാണെന്നോ, മിശിഹാ യാണെന്നോ അവളോട് വെളിപ്പെടുത്തിയില്ല. മറിച്ച് “പോയി നിൻ്റെ ഭർത്താവിനെ വിളിച്ചു കൊണ്ട് വരുവാന്‍ അവളോട് പറഞ്ഞു”. താൻ ആരാണെന്ന സത്യം അവൾ അംഗീകരിക്കുന്നതിന് മുമ്പ് അവളുടെ ഭൂതകാലത്തെ ക്രമീകരിക്കേണ്ടത് ആവശ്യമായിരുന്നു. സത്യത്തെ ഇരുളടഞ്ഞ മൂലകളിലേക്ക് തള്ളിവിട്ട് മുന്നോട്ട് പോകാനാണ് നാം പലപ്പോഴും ശ്രമിക്കുന്നത്. നാം അതിനെ മറവിയുടെ കുഴിമാടത്തില്‍ കുഴിച്ചുമൂടാനാഗ്രഹിക്കുന്നു. എന്നാൽ നാം നമ്മുടെ കുറ്റം ഏറ്റുപറകയും അവയെ ഉപേക്ഷിക്കുന്നതിലൂടെയും മാത്രമാണ് ദൈവവും മനുഷ്യനുമായുള്ള യഥാർത്ഥ കൂട്ടായ്മ പുനസ്ഥാപിക്കപ്പെടുന്നത്.
പലപ്പോഴും നമ്മുടെ കർത്താവ് നമ്മോട് സംസാരിക്കുന്നത് നമ്മുടെ സാഹചര്യങ്ങളിലൂടെയാണ്. എന്നാൽ യോസേഫിൻ്റെ സഹോദരന്മാരെപ്പോലെ നാം അവൻ്റെ പ്രവൃത്തി തിരിച്ചറിയുന്നില്ല. നാം പുറമെയുള്ള സാഹചര്യങ്ങളെ മാത്രം കാണുവാനാണ് ശ്രമിക്കുന്നത്, എന്നാൽ അതിന്ന് പിന്നില്‍ പ്രവര്‍ത്തിച്ച കർത്താവിൻ്റെ കരങ്ങളെ നാം കാണുന്നില്ല. രക്ഷാപ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിർത്തി ചിന്തിക്കുന്നതിനുപകരം സാഹചര്യങ്ങളെ നിയന്ത്രണത്തില്‍ കൊണ്ട് വരുവാനാണ് നാം പലപ്പോഴും ശ്രമിക്കുന്നത്. ഈ അനുഭവത്തിലൂടെ കർത്താവ് സംസാരിക്കുന്നത് നാം കേൾക്കുന്നില്ല. എനിക്ക് ഭവിച്ച സാഹചര്യങ്ങളിലൂടെ ദൈവം എന്നോട് എന്താണ് പറയുവാന്‍ ആഗ്രഹിക്കുന്നത് എന്ന കാര്യം വേറിട്ടിരുന്ന് ഒന്ന് ചിന്തിക്കുവാന്‍ നാം സമയം കണ്ടെത്തണ്ടത് വളരെ ആവശ്യമാണ്.
അവരുടെ അനുതാപമില്ലാത്ത ഹൃദയങ്ങൾ നിമിത്തം, യോസേഫ് അവരോട് ദയയോടെ പെരുമാറിയത് അവരുട ഉള്ളില്‍ ഭയം ജനിപ്പിച്ചതായി നാം കാണുന്നു.
റോമർ 2:4 അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീർഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
5 എന്നാൽ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
എന്നാൽ പഴയതും മറഞ്ഞിരിക്കുന്നതുമായ പാപത്തിൻ്റെ അനന്തരഫലങ്ങൾ തങ്ങൾ അനുഭവിക്കുന്നുണ്ടെന്ന് അവർ മനസ്സിലാക്കി. ധാന്യം വാങ്ങാൻ മിസ്രായീമിലേക്ക് പോയ രണ്ടു യാത്രകളെ കുറിച്ച് അവർ ജോസഫിനോട് പറഞ്ഞു. ഈ നിരാശാജനകമായ അവസ്ഥയിലേക്ക് അവരെ കൊണ്ടുവരാൻ ഉണ്ടായ കാരണങ്ങളെ അവർ വിവരിച്ചു. എന്നാൽ അവർ തങ്ങളുടെ പഴയ കുറ്റം അവന്റെ മുമ്പില്‍ മറച്ചുവച്ചു. അങ്ങനെ അവർ മാനസാന്തരത്തിൻ്റെ യഥാർത്ഥ ഫലം പ്രകടമാക്കുന്നതുവരെ യോസേഫ് അവരോട് ഇടപെട്ടുകൊണ്ടിരുന്നു. അവരെ ആദ്യം കണ്ടമാത്രയില്‍ യോസേഫ് അവരെ തിരിച്ചറിഞ്ഞിരുന്നു. ഞാന്‍ നിങ്ങള്‍ അനേക വര്‍ഷം മുമ്പ് വിറ്റു കളഞ്ഞ നിങ്ങളുടെ ഇളയ സഹോദരന് യോസേഫാണെന്ന് തനിക്ക് പറയാമായിരുന്നു. എന്നാല്‍ അവര്‍ ഒരിക്കലും മാനസാന്തരത്തിലേക്ക് വരികയില്ലായിരുന്നു. നമ്മെക്കുറിച്ചുള്ള സത്യം നാം ഉൾക്കൊള്ളുന്നതുവരെ കർത്താവ് നമ്മോട് ഇടപെടുന്നത് തുടര്‍ന്ന് കൊണ്ടിരിക്കും. ഫിലി 1.4 നിങ്ങളിൽ നല്ല പ്രവൃത്തിയെ ആരംഭിച്ചവൻ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
ഒടുവിൽ, ബെന്യാമീൻ്റെ സ്ഥാനത്ത് തടവിലാക്കപ്പെടാൻ യഹൂദ സ്വയം സന്നദ്ധനായി. യോസേഫിനെ മിദ്യാന്യർക്ക് വിൽക്കാൻ മറ്റുള്ളവരെ നയിച്ചത് അവനായിരുന്നു. എന്നാൽ ഇപ്പോൾ ബെന്യാമിന് ഇല്ലെന്ന് കാണുമ്പോള്‍ തൻ്റെ പിതാവിനുഭവിക്കുന്ന വേദനയും, ദുഃഖവും മുന്നില്‍ കണ്ടിട്ട് അവൻ നിസ്വാർത്ഥമായി ബെന്യാമീന്ന് പകരമായി താന്‍ തന്നെ അടിമയായിത്തീരുവാന്‍ തീരുമാനിച്ചു. മാനുഷികമായി സാധ്യമെങ്കിൽ ബെന്യാമിനെ വിടുവിക്കാൻ അവന് പ്രതിജ്ഞാബദ്ധനായിരുന്നു. ഈ ദയനീയ നുറുക്കത്തിന്ന് മുമ്പില്‍ നിര്‍വ്വികാരനായി നോക്കി നില്ക്കുവാന് യോസേഫിന്ന് കഴിഞ്ഞില്ല. അവന് തന്റെയടുക്കലുണ്ടായിരുന്ന എല്ലാവരെയും പുറത്താക്കിയിട്ട് വാവിട്ട് കരഞ്ഞു തന്നെതന്നെ അവര്‍ക്ക് വെളിപ്പെടുത്തി. ദൈവികമായ ദുഃഖത്തോടെ നാം യഥാർത്ഥമായി അനുതപിക്കുമ്പോൾ, കർത്താവ് തന്നെത്തന്നെ നമുക്ക് വെളിപ്പെടുത്തും.
സര്‍വ്വജ്ഞാനിയായ ദൈവത്തിൻ്റെ മുമ്പിൽ നമ്മുടെ പുറം ചട്ടകളെല്ലാം മാറ്റി തുറന്ന മനസ്സോടെ നമുക്ക് കടന്നു വരാം. അവൻ നമ്മുടെ പാപങ്ങൾ വെളിച്ചത്തു കൊണ്ടുവരട്ടെ, അങ്ങനെ നാം അവയെ ഏറ്റുപറയുകയും ഉപേക്ഷിക്കുകയും ചെയ്യാം. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ കഴിയും. അവൻ്റെ നാമം നിമിത്തം നമ്മോട് ക്ഷമിക്കയും സകല അനീതിയും പോക്ക് നമ്മെ നമ്മെ ശുദ്ധീകരിക്കയും ചെയ്യും. അങ്ങനെ ദൈവവുമായും മനുഷ്യരുമായും നല്ല സമാധാനത്തിലും കൂട്ടായ്മയിലും ജീവിക്കുവാന്‍ നമുക്കിടവരും. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment