35M_ദൈവത്തിൻ്റെ തികഞ്ഞ സമയം
സങ്കീ 105.16 അവൻ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
17 അവർക്കു മുമ്പായി അവൻ ഒരാളെ അയച്ചു; യോസേഫിനെ അവർ ദാസനായി വിറ്റുവല്ലോ.
18 യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാൽ അവന്നു ശോധന വരികയും ചെയ്യുവോളം
19 അവർ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവൻ ഇരിമ്പു ചങ്ങലയിൽ കുടുങ്ങുകയും ചെയ്തു.
20 രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
21 അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊൾവാനും അവന്റെ മന്ത്രിമാർക്കു ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
22 തന്റെ ഭവനത്തിന്നു അവനെ കർത്താവായും തന്റെ സർവ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
18 നൂറ്റണ്ടിന്റെ ആരംഭത്തില്‍ സകോട് ലന്റില് ജീവിച്ചിരുന്ന ക്രിസ്തു വിശ്വാസിയായിരുന്നു അലാക്സാണ്ടര്‍ ക്രൂഡന്. തനിക്ക് ഭ്രാന്തനാണെന്ന ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ സ്ഥാപിത താത്പര്യക്കാര്‍ അനേക വര്‍ഷം അദ്ദേഹത്തെ അന്യായമായി ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീര്‍ഘ കാലത്തെ ഏകാന്ത വാസത്തില്‍ തളര്‍ന്ന് പോകാതെ പില്കാലത്ത് ലക്ഷകണക്കിന്ന് വിശ്വാസികള്‍ക്ക് വേദപുസ്ത പഠനത്തിന്ന് സഹായകരമായി തീര്‍ന്ന ക്രൂഡൻ്റെ ബൈബിള്‍ സമ്പൂർണ്ണ കോൺകോർഡൻസ് അവിടെ വെച്ച് എഴുതാവാനിടയായി.
പാനപാത്രവാഹകന്റെ നന്ദികേടിനാല്‍ യോസേഫിന്ന് രണ്ട് വര്‍ഷം കൂടു അന്യായമായി കാരാഗ്രഹത്തില്‍ തുടരേണ്ടതായി വന്നു.
ഈ രണ്ടു വർഷം ജോസഫിൻ്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ വർഷങ്ങളായിരുന്നിരിക്കാം. എന്നിട്ടും ദൈവം പ്രവർത്തിക്കുകയായിരുന്നു. അവൻ്റെ ജീവിതത്തിൽ മാത്രമല്ല, മിസ്രയേമിൻ്റെയും, ഇസ്രായേലിൻ്റെ മുഴുവൻ കുടുംബത്തിൻ്റെയും ജീവിതത്തിലും ദൈവിക പ്രവൃത്തനം നടക്കുകയായിരുന്നു. സങ്കീർത്തനം 105-ൽ പറയുന്നത് ദൈവമാണ് ഭൂമിയിൽ ക്ഷാമം ഉണ്ടാക്കിയതെന്ന്. യാക്കോബിന്റെ കുടുംബത്തെ മുഴുവൻ മിസ്രയീമിലേക്ക് കൊണ്ടുവരാൻ ദൈവം ഇത് ഉപയോഗിച്ചു. നമ്മുടെ ജീവിതത്തിലെ സംഭവങ്ങളിലൂടെ ദൈവം എപ്പോഴും പ്രവർത്തിക്കുന്നു എന്ന് നാം അറിയേണ്ടതാണ്. അവൻ തൻ്റെ മഹത്തായ ഉദ്ദേശ്യങ്ങൾ നമ്മില്‍ നിറവേറ്റുന്നു.
സ്വപ്നങ്ങൾ പ്രധാനമാണ്, എന്നാൽ അവ ദൈവത്തിൽ നിന്നുള്ളതാണെന്ന് നാം ഉറപ്പാക്കണം. നാം ദൈവത്തോടുകൂടെ താഴ്മയോടെ നടക്കുകയും നേരായി പ്രവർത്തിക്കുകയും ചെയ്യുമ്പോൾ, നമുക്ക് അവനിൽനിന്ന് ശ്രവിക്കുവാന് സാധിക്കും.
ഫറവോന്റെ പാനപാത്രവാഹകന്‍ ജോസഫിനെ മറന്നു കളഞ്ഞു, എന്നാലും ദൈവം അവനെ മറന്നില്ല. അവനെ ഫറവോൻ്റെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശരിയായ നിമിഷത്തിനായി ദൈവം കാത്തിരിക്കുകയായിരുന്നു. മറ്റുള്ളവരുടെ മറവിയോ, നന്ദികേടോ നമ്മെ അസ്വസ്ഥരാക്കേണ്ടതില്ല. ദൈവം പരമാധികാരിയാണ്, മറവി ഒരുക്കലും അവന്ന് ബാധകമല്ല.
യിസ്രായേലിന്റെ ആദ്യ രാജാവ ശൗൽ അഭിഷിക്തനായതിന്നു ശേഷം, താമസിയാതെ രാജ്യഭരണം ഏറ്റെടുത്തു. എന്നാല്‍ ദാവീദ് യൌവനത്തില്‍ തന്നെ അഭിഷേകം ചെയ്യപ്പെട്ടു എങ്കിലും വർഷങ്ങളോളം കഴിഞ്ഞതിന് ശേഷം മാത്രമാണ് യിസ്രായേലിന്റെ രാജാവായത്. ആദ്യം അവൻ താഴ്മയോടെ ശൗലിനെ വർഷങ്ങളോളം സേവിച്ചു, പിന്നെ ശൗലിൻ്റെ ശിഷ്ടജീവിതകാലം മുഴുവൻ അവനില്‍ നിന്ന് രക്ഷപ്പെടാനായി പലയിടങ്ങളിലായി പലായനം ചെയ്തു. എന്നാൽ ഈ സമയങ്ങളില്‍ ദൈവം അവനിൽ പ്രവർത്തിക്കുകയായിരുന്നു. തന്റെ കൂടെയുള്ളവരെ നയിക്കുവാന്‍ അവനീസമയത്ത് പഠിച്ചു. അവരുടെ താൽപ്പര്യങ്ങൾ നോക്കുവാനും, മറ്റുള്ളവരോട് നീതി പാലിക്കാനും കരുണ കാണിക്കാനും ദൈവം അവനെ പരിശീലിപ്പിച്ചു.
മറ്റുള്ളവര്‍ തന്നോട് ചെയ്ത അപരാധങ്ങളെ ക്ഷമിക്കുവാനും, അതില്‍ ദൈവീകകരങ്ങള് ദര്‍ശിക്കുവാനും ദാവീദിന് ഈ പരിശീലനം മുഖാന്തരം സാധിച്ചു. ശൗലിൻ്റെയും യോനാഥൻ്റെയും ശവസംസ്കാര ചടങ്ങില്‍ ഇത് തെളിഞ്ഞു കാണാവുന്നതാണ്. ആ സന്ദര്‍ഭത്തില്‍ ആലപിക്കുവാൻ അദ്ദേഹം ഒരു സ്മാരക ഗാനം രചിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് അവരുടെ സ്മരണയ്ക്കായി യിസ്രയേലിലുടനീളം ഇത് പ്രസിദ്ധമാക്കുകയും ചെയ്തു. അവരെക്കുറിച്ച് കയ്പേറിയതോ പരുഷമായതോ ആയ വാക്കുകളൊന്നും താന്‍ സംസാരിച്ചില്ല. കയ്പും പ്രതികാരവും മുഴുവുനായും തുടച്ചുനീക്കപ്പെട്ടു. അവൻ അവരെ പുകഴ്ത്തുകയും അവരെ ഓർത്ത് വിലപിക്കുകയും ചെയ്തതായി നാം കാണുന്നു. വർഷങ്ങളായി അവനെ രൂപപ്പെടുത്തുകയും ശുദ്ധീകരിക്കുകയും ചെയ്ത അവനിലുള്ള ദൈവത്തിൻ്റെ പ്രവൃത്തിയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ സംഭവം. കാത്തിരിപ്പുകാലങ്ങളിലെ ദൈവിക ശിക്ഷണം നാം ഒരിക്കലും തുച്ഛീകരിക്കരുത്. അവന്റെ സയത്തിന്നായി കാത്തിരിക്കുമ്പോൾ നാം തളര്‍ന്ന് പോകയുമരുത്.
യോസേഫിന് ജീവിതകഥയിലേക്ക് നമുക്ക് തിരിച്ചു വരാം. ദൈവത്തിന് ആരുമായും സംസാരിക്കാൻ കഴിയും. വരാനിരിക്കുന്ന ക്ഷാമം അവൻ ഇവിടെ വെളിപ്പെടുത്തുന്നത് യാക്കോബിനോടോ അവൻ്റെ കുടുംബത്തിലെ മറ്റാരോടോ അല്ല, മിസ്രായീം രാജാവായ ഫറവോനോടാണ്. അബ്രഹാമിനോട് അനേകകാലം മുമ്പ് ദൈവം വെളിപ്പെടുത്തിയ ഭാവി സംഭവങ്ങളുടെ പൂർത്തീകരണത്തിന്റെ ഭാഗയായിട്ടാണ് സര്‍വ്വ ഭൂമിയിലും ദൈവം ക്ഷാമം കൊണ്ടു വന്നത്. തൻ്റെ സന്തതികൾ 400 വർഷത്തേക്ക് അടിമകളായി മിസ്രയേമിൽ ആയിരിക്കുമെന്ന് ദൈവം അബ്രഹാമിനോട് പറഞ്ഞിരുന്നു. അതിന്റെ ശേഷം മാത്രമേ അവർ അബ്രഹാമിനോട് വാഗ്ദത്തം ചെയ്ത കനാൻ ദേശം കൈവശമാക്കൂ എന്ന് ദൈവം പറഞ്ഞു.
ഫറവോനുമായുള്ള സംഭാഷണത്തിൽ യോസേഫിൻ്റെ ആത്മാർത്ഥമായ വിനയം നാം കാണുന്നു. തനിക്ക് ലഭിച്ച ദൈവിക വരമാകട്ടെ, അതോ ജീവിത വിജയമാകട്ടെ അതെല്ലാം ദൈവത്തില്‍ നിന്നാണ് എന്ന തിരിച്ചറിവാണ് തന്റെ ജീവിത രഹസ്യം. അവൻ്റെ പ്രശ്നങ്ങള്‍ അവനെ തളര്‍ത്തുവാന്‍ അവന് അനുവദിച്ചില്ല, കാരണം അവെയ നന്മയ്ക്കുള്ള ദൈവത്തിൻ്റെ ആജ്ഞാനുവര്‍ത്തികളായി അവൻ കണ്ടു. അവൻ്റെ ശ്രദ്ധേയമായ വരങ്ങള്‍ അവനെ തെല്ലും ചീര്പ്പിച്ചില്ല, കാരണം അവയെ തന്നിലൂടെയുള്ള ദൈവിക ശക്തിയായി അവൻ തിരിച്ചറിഞ്ഞു ദൈവത്തിന്ന് മഹത്വം കൊടുത്തു.
ദൈവത്തിൻ്റെ പരമാധികാരവും, ശക്തിയും തിരിച്ചറിഞ്ഞ് അവൻ എപ്പോഴും വിനീതനായിരുന്നു. ദൈവം നൽകിയതെന്തും അവൻ സ്വീകരിച്ചു, ഈ നിമിഷം ദൈവം നൽകാത്തതൊന്നും അവൻ ആഗ്രഹിച്ചില്ല. പകരം, ഏതു സാഹചര്യത്തിലും മുറുമുറുപ്പില്ലാതെ കര്‍ത്താവിന്നു വേണ്ടി ജീവിക്കാൻ അവൻ തയ്യാറായിരുന്നു. അവൻ്റെ സംതൃപ്തി ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയത്തിൽ നിന്നും സന്തോഷകരമായ ഉത്സാഹത്തിൽ നിന്നും നിന്നുമാണ് ഉടലെടുത്തത് . ഇതാണ് വിനയം. താഴ്മയുള്ളവർക്ക് ദൈവം കൃപ നൽകുന്നു എന്നും, അവൻ എളിമയുള്ള മനുഷ്യനോടൊപ്പം വസിക്കുന്നു എന്ന് തിരുവെഴുത്തില്‍ നമുക്ക് കാണാവുന്നതാണ്.
ഫറവോന്റെ സ്വപ്നങ്ങള്‍ വ്യാഖ്യാനിച്ചപ്പോഴും, തനിക്കുവേണ്ടി ഉയർന്ന പദവി നേടാൻ യോസേഫ് ശ്രമിച്ചിരുന്നില്ല. ഫറവോൻ്റെ മുമ്പാകെയുള്ള അവൻ്റെ വാക്കുകൾ ഉപകാരപ്രദമായ ഒരു നടപടി നിർദേശിക്കുന്നതായിരുന്നു. അവൻ ഒരു യഥാർത്ഥ ഭരണാധികാരിയായിരുന്നു, സ്വന്തം ലാഭത്തേക്കാൾ ജനങ്ങളെ സഹായിക്കാൻ ഉത്സുകനായിരുന്നു. നാം മറ്റുള്ളവർക്ക് സഹായം നൽകുമ്പോൾ അത് നമ്മുടെ സ്വയലാഭത്തിന് വേണ്ടിയല്ല. മറിച്ച് അവർക്ക് സഹായം ആവശ്യമുള്ളതുകൊണ്ടാണ് എന്ന് മനസ്സിലാക്കി ചെയ്യുമ്പോള്‍ നമ്മുടെ ഉദ്ദേശം ശുദ്ധിയുള്ളതായിരിക്കും. ദൈവം അത് മാനിക്കും.
അനേക വര്‍ത്തെ കഷ്ടപ്പാടിലൂടെ യോസേഫ് തികഞ്ഞവനായിത്തീര്ന്നു. നമ്മുടെ കർത്താവും അതേ പാത തന്നെയാണ് പിന്തുടർന്നത്. നമ്മുടെ ജഡം പ്രകൃതിയാല്‍ മത്സരസ്വഭാവം ഉള്ളതാണ്. നമ്മെ ശിക്ഷണത്തില്‍ വളര്‍ത്തുവാന്‍ ദൈവം കഷ്ടതകൾ ഉപയോഗിക്കുന്നു. അനുസരണം പഠിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണിത്. 2 ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു. എന്ന് 1 പത്രോസ് 4.2ല്‍ നാം വായിക്കുന്നു.
ഈ കഷ്ടതയുടെ മാര്‍ഗ്ഗം അഥവാ നമ്മുടെ സ്വാഭാവിക ആഗ്രഹങ്ങളോടുള്ള മരണം, ക്രിസ്തുവിനായി ജീവിക്കേണ്ടതിന്ന്, പാപത്തിൻ്റെ ശക്തിയിൽ നിന്ന് നമ്മെ വിടുവിക്കുന്നു. സുഖസൌകര്യങ്ങള്‍, സുരക്ഷിതത്വം, സൗഹൃദം, സ്വസ്നേഹം, ആത്മാഭിമാനം, എന്നിങ്ങനെ ഇഷ്ടമുളള ജീവിതരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നാം ആഗ്രഹിക്കുന്നു. പകരം നാം ക്രിസ്തുവിൻ്റെ മരണം നമ്മുടെ ശരീരത്തിൽ വഹിക്കുവാന്‍ തിരഞ്ഞെടുക്കുമ്പോള്‍, അവൻ്റെ ജീവിതം നമ്മിൽ പ്രകടമാക്കപ്പെടും. ഇത് ദൈവമക്കള്‍ക്ക് മാത്രം അവകാശമായ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കും.
ദൈവത്തോടുള്ള ചെറുത്തുനിൽപ്പ് നാം മതിയാക്കി അവനോട് സഹകരിക്കുവാൻ തുടങ്ങുമ്പോൾ, യോസേഫിനെപ്പോലെ, അധികം താമസിയാതെ തന്നെ നാം ദൈവം ആഗ്രഹിക്കുന്ന പക്വതയിലേക്ക് കടന്നു വരും. യോസേഫിന് തൻ്റെ വലിയ ദൗത്യം ആരംഭിക്കുമ്പോൾ നമ്മുടെ കർത്താവിനെപ്പോലെ 30 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. നാം നമ്മുടെ സ്വന്തം ആഗ്രഹങ്ങള്‍ക്ക് പുറകേ പോകുന്നത് കൊണ്ട് വിലപ്പെട്ട അനേക വര്‍ങ്ങള്‍ നമുക്ക് നഷ്ടപ്പെടുന്നു എന്ന് മാത്രമല്ല, ദൈവത്തിന്ന് തന്റെ വേല നമ്മെ ഭരമേൽപ്പിക്കാൻ സാധിക്കാതെ പോകയും ചെയ്യുന്നു. ചെറിയ കാര്യങ്ങളിൽ പോലും നാം വിശ്വസ്തരല്ല. അതുകൊണ്ട് വലിയ കാര്യങ്ങളിൽ അവന് നമ്മെ വിശ്വസിച്ചേല്പിക്കുവാന് കഴിയുന്നില്ല.
ദൈവത്തിൻ്റെ കരുതലിന് കീഴടങ്ങാൻ നാം വിസമ്മതിക്കുന്നു. അവൻ നമ്മുടെ സാഹചര്യങ്ങൾ അനുവദിച്ചുവെന്ന് നമുക്കറിയാമെങ്കിലും, നാം അതോര്‍ത്ത് പരിതപിക്കയും, ദുഃഖിക്കയും പലപ്പോഴും ദൈവത്തോട് മത്സരിക്കയും ചെയ്യുന്നു.
ജോസഫിന് ജീവിത്തില്‍ നഷ്ടപ്പെട്ടതെല്ലാം ഒരു ദിവസം കൊണ്ട് ദൈവം തിരികെ നല്കി. അവന്ന് ജീവിതപങ്കാളിയെയും, താനാഗ്രഹിച്ച സ്നേഹവും ബഹുമാനവും സ്വാതന്ത്ര്യവും അധികാരവും ആശ്വാസവും ഒക്കെയും ലഭിച്ചു. എങ്കിലും മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി പ്രവൃത്തിച്ചതിലൂടെ അവരോടുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റുവാന്‍ അവന്ന് സാധിച്ചു. അടിമയായി വില്‍ക്കപ്പെട്ടതും, അകാരണമായ കാരാഗ്രഹവാസവും ഒക്കെ പോലെ തന്നെ ഇതും ദൈവഹിതമായിരുന്നു എന്ന് താന്‍ തിരിച്ചറിഞ്ഞു. ദൈവഹിതമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ ഏതു സാഹചര്യത്തിലും ഒരുപോലെ നിലനില്ക്കുവാന് നമുക്ക് സാധിക്കും. ബാഹ്യ ആകർഷണങ്ങളിലല്ല, നമ്മുടെ ഹൃദയം ദൈവത്തോടൊപ്പമായിരിക്കുന്നത്കൊണ്ട് ജീവിത്തിലെ ഏറ്റക്കുറച്ചിലുകളെ സന്ത്വലതയോടു കൂടി കൈകാര്യം ചെയ്യുവാന്‍ നമുക്ക് സാധിക്കും,
ഇതാണ് നമ്മുടെ കർത്താവായ ക്രിസ്തുവിൻ്റെ മാര്‍ഗ്ഗം. അവൻ മറ്റുള്ളവരാല്‍ തിരസ്കരിക്കപ്പെടുകയും, ക്രൂശിക്കപ്പെടുകയും ചെയ്തു. എന്നാൽ ദൈവം അവനെ ഉയിർത്തെഴുന്നേൽപ്പിക്കുകയും എല്ലാറ്റിനുമുപരിയായി ബഹുമാനവും ശക്തിയും നൽകുകയും ചെയ്തു. അവൻ അവനെ എല്ലാവരുടെയും കർത്താവും അവനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും നിത്യരക്ഷയുടെ ഉറവിടവുമായി. അവൻ സഭയുടെ തലയാണ്, അവൻ്റെ രാജ്യത്തില്‍ സകലത്തിന്റേയും ചുമതലക്കാരനുമാണ്. വിശക്കുന്നവർക്ക് അവൻ ഭക്ഷണം നൽകുന്നു.
യോസഫിന് ഈ കാലയളവില്‍ രണ്ട് കുട്ടികളുണ്ടായി. മനശ്ശെ എന്ന് പേരുള്ള ഒരാൾ, അതിനർത്ഥം മറക്കുവാന്‍ സഹായിക്കുന്നു എന്നാണ്. നാം അവനിൽ ആയിരിക്കുമ്പോൾ നമ്മുടെ എല്ലാ കഷ്ടതകളും, കൈയ്പേറിയ കഴിഞ്ഞകാലങ്ങളും നമുക്ക് മറക്കുവാന്‍ സാധിക്കും. രണ്ടാമത്തെ മകന്ന് അവന് എഫ്രയീം എന്ന് പേരിട്ടു – ആ പേരിന്റെ അര്‍ത്ഥം ഫലസമൃദ്ധി എന്നാണ്. അവനെ അനുസരിച്ച് ജീവിക്കുമ്പോള്‍ കർത്താവ് നമ്മുടെ ജീവിതത്തെ ആത്മാവിൻ്റെ ഫലത്താൽ സമ്പന്നമാക്കുന്നു. നമുക്ക് ദൈവത്തെ സ്നേഹിക്കാം, അവൻ നമ്മോടൊപ്പമുള്ളതുപോലെ അവനോടൊപ്പം നമുക്കും ആയിരിക്കാം. ദൈവം അനുഗ്രഹിക്കട്ടെ.



Post a comment