+91 9892580744
gospelbroadcast@yahoo.com

Mar-09-27M-ദൈവവുമായുള്ള മല് പിടുത്തം

Mar-09-27M-ദൈവവുമായുള്ള മല് പിടുത്തം

LWGB Malayalam Podcast
LWGB Malayalam Podcast
Mar-09-27M-ദൈവവുമായുള്ള മല് പിടുത്തം
Loading
/

27M_ദൈവവുമായുള്ള മല് പിടുത്തം

ഉൽപത്തി 32:24-32
[24] അപ്പോൾ ഒരു പുരുഷൻ ഉഷസ്സാകുവോളം അവനോടു മല്ലുപിടിച്ചു. [25] അവനെ ജയിക്കയില്ല എന്നു കണ്ടപ്പോൾ അവൻ അവന്‍റെ തുടയുടെ തടം തൊട്ടു; ആകയാൽ അവനോടു മല്ലുപിടിക്കയിൽ യാക്കോബിന്‍റെ തുടയുടെ തടം ഉളുക്കിപ്പോയി. [26] എന്നെ വിടുക; ഉഷസ്സ് ഉദിക്കുന്നുവല്ലോ എന്ന് അവൻ പറഞ്ഞതിന്: നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല എന്ന് അവൻ പറഞ്ഞു. [27] നിന്‍റെ പേർ എന്ത് എന്ന് അവൻ അവനോടു ചോദിച്ചതിന്: യാക്കോബ് എന്ന് അവൻ പറഞ്ഞു. [28] നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്‍റെ പേർ ഇനി യാക്കോബ് എന്നല്ല യിസ്രായേൽ എന്നു വിളിക്കപ്പെടും എന്ന് അവൻ പറഞ്ഞു. [29] യാക്കോബ് അവനോട്: നിന്‍റെ പേർ എനിക്കു പറഞ്ഞുതരേണം എന്ന് അപേക്ഷിച്ചു: നീ എന്‍റെ പേർ ചോദിക്കുന്നത് എന്ത് എന്ന് അവൻ പറഞ്ഞു, അവിടെവച്ച് അവനെ അനുഗ്രഹിച്ചു. [30] ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വന്നില്ല എന്നു യാക്കോബ് പറഞ്ഞ്, ആ സ്ഥലത്തിനു പെനീയേൽ എന്നു പേരിട്ടു. [31] അവൻ പെനീയേൽ കടന്നുപോകുമ്പോൾ സൂര്യൻ ഉദിച്ചു; എന്നാൽ തുടയുടെ ഉളുക്കുനിമിത്തം അവൻ മുടന്തി നടന്നു. [32] അവൻ യാക്കോബിന്‍റെ തുടയുടെ തടത്തിലെ ഞരമ്പു തൊടുകകൊണ്ടു യിസ്രായേൽമക്കൾ ഇന്നുവരെയും തുടയുടെ തടത്തിലെ ഞരമ്പു തിന്നാറില്ല.

നാസി ജര്‍മനിയിലെ തടങ്കൽപ്പാളയത്തില്‍ അനേക വര്‍ഷം കഷ്ടമനുഭവിച്ചതിന്നു ശേഷം, മോചിതയായ ഡച്ച് വനിത കോറി ടെന്‍ ബൂം, അനേക രാജ്യങ്ങള്‍ സഞ്ചരിച്ച് ദൈവം തന്നിലൂടെ ചെയ്ത വന്‍കാര്യങ്ങള്‍ വിവരിച്ചു കൊണ്ടിരുന്നു. അങ്ങനെ തന്നെ ക്ഷണിച്ച ഒരു കൂടിവരവില്‍ താന്‍ സംസാരിക്കുവാന്‍ എഴുന്നേറ്റപ്പോള്‍ സദസ്സില്‍ പരിചിതമായ ഒരു മുഖം തന്‍റെ ശ്രദ്ധയില്‍പ്പെട്ടു. സൂക്ഷിച്ചു നോക്കിയപ്പോള്‍ തന്നോടൊപ്പം തടങ്കലിലായ തന്‍റെ സഹോദരിയുടെ മരണത്തിന് തൊട്ടുമുമ്പ് അവളോട് വളരെ ക്രൂരമായി പെരുമാറിയ ജയിൽ ഗാർഡായിരുന്നു അത്.
വികാരങ്ങളുടെ തിരമാലകള്‍ തന്‍റെ ഹൃദത്തില്‍ ആഞ്ഞടിക്കുകയും, ആ പ്ലാറ്റ്‌ഫോമിൽ വെച്ച് അവൾ ദൈവവുമായി മല്ലിടുകയും മല്ലിടുകയും ചെയ്തു. അവൾക്ക് എങ്ങനെ അവനോട് ക്ഷമിക്കാൻ കഴിയും? യേശുക്രിസ്തു തനിക്കുവേണ്ടി മരിച്ചതുപോലെ ഈ മുൻ നാസി ജയിൽ ഗാർഡിനായും മരിച്ചുവെന്ന് അവൾ മനസ്സിലാക്കി. അപ്പോൾ അവൾ എങ്ങനെ അവനോട് ക്ഷമിക്കാതിരിക്കും? എന്നിട്ടും വേദന വളരെ യഥാർത്ഥമായിരുന്നു. ആ നിമിഷം തന്‍റെ വേദന ദൈവത്തിന്നു കൈമാറി ആത്മാവിന്‍റെ ശക്തിയില്‍ തന്‍റെ സാക്ഷ്യം തുടരുകയും ചെയ്തു.ഇങ്ങനെ ദൈവവുമായി മല്ലുപിടിച്ച ഒരു വ്യക്തിയെപ്പറ്റിയാണ് നാമിന്ന് ചിന്തിക്കുന്നത്.

തന്‍റെ സ്വന്ത ഭവനത്തിലേക്കുള്ള മടക്ക യാത്രയില്‍ യാക്കോബ് ഭൌമികമായ യാതൊരു പരിരക്ഷയുമില്ലാതെ തനിച്ചായിരിക്കയാണ്. തൻ്റെ ജ്യേഷ്ഠനായ ഏശാവിന്‍റെ ദേശം മറികടന്നു പോവുക എന്നതായിരുന്നു തനിക്ക് തരണംചെയ്യേണ്ടിയിരുന്ന ആദ്യത്തെ പ്രതിസന്ധി. ദൈവത്തിൻ്റെ വാഗ്ദത്തം തനിക്ക് ലഭിച്ചിരുന്നു എങ്കിലും ഭീതിയുടെ കരാളഗ്രസ്ഥം തന്‍റെ ഹൃദയത്തെ പിടികൂടിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ദൈവം അവന് ബേഥേലില്‍ വെച്ച് പ്രത്യക്ഷപ്പെടുകയും അവനെ സകല അനര്‍ത്ഥങ്ങളില്‍ നിന്ന് സംരക്ഷക്ഷിക്കാമെന്നും, ജീവിതത്തില്‍ തനിക്കാവശ്യമുള്ളതെല്ലാം നല്‍കാമെന്നും വാഗ്ദത്തം ചെയ്തിരുന്നു. അവൻ ക്ഷേമത്തോടെ തൻ്റെ പിതൃഭവനത്തിൽ എത്തിച്ചരും എന്നും തനിക്ക് അന്ന് ഉറപ്പ് ലഭിച്ചിരുന്നു. പക്ഷേ താൻ ചെയ്യുന്ന വാഗ്ദത്തങ്ങൾ പൂര്‍ണ്ണമായി നിറവേറ്റുന്നവനായി ദൈവത്തെ കാണുവാനും ആശ്രയിക്കുവാനും തനിക്ക് അന്നുവരെ കഴിഞ്ഞിരുന്നില്ല. ഏശാവിൻ്റെ ക്രോധത്തിൽനിന്നും ജഡീകമായ ഏതെങ്കിലും തന്ത്രങ്ങളിൽ കൂടെ രക്ഷപെടാം എന്ന് അവൻ വിചാരിച്ചു. സംശയവും, ആശങ്കയും പോലെ തന്നെ ഭയവും വിശ്വാസത്തിൻ്റെ ബദ്ധ ശത്രുവാണ്.

ഈ യാത്രയിൽ വെച്ച് തൻ്റെ പിതാവായ അബ്രഹാമിന്‍റെയും, യിസഹാക്കിന്‍റെയും ദൈവത്തെ യാക്കോബ് വീണ്ടും കണ്ടുമുട്ടി. ഈ കൂടിക്കാഴ്ചയിൽ ശ്രദ്ധേയമായ ചില കാര്യങ്ങൾ നമുക്ക് ചിന്തിക്കാം.

തൻ്റെ സ്വന്തനാട്ടിൽ നിന്നും സ്വന്തജനത്തിൽ നിന്നും ദൂരെ ആയിരുന്ന 20 വർഷങ്ങൾ താൻ അനുഭവിച്ച അത്യധികമായ ദൈവകൃപ യാക്കോബ് മനസ്സിലാക്കിയിരുന്നു. ധാരാളം മക്കളും മൃഗസമ്പത്തുമുള്ള ഒരു വലിയ കുടുംബത്തെ നൽകി ദൈവം തന്നെ അഭിവൃദ്ധിയിലേക്ക് നയിച്ചിരിക്കുന്നു. ലാബാൻ്റെ കപടവും വഞ്ചനാപരവും ആയ തന്ത്രങ്ങളിൽ നിന്നെല്ലാം ദൈവം തന്നെ സംരക്ഷിച്ചിരുന്നു.

താൻ അനുഭവിച്ചുകൊണ്ടിരുന്ന ദൈവത്തിൻ്റെ നന്മ തൻ്റെ തന്നെ അയോഗ്യതയെക്കുറിച്ചുള്ള ബോധ്യത്തിലേക്ക് അവനെ നയിച്ചു. ദൈവസന്നിധിയില്‍ എല്ലാ ഉദ്ധാരണത്തിന്‍റെയും, നിരപ്പിന്‍റെയും അടിസ്ഥാനം എന്നുള്ളത് ദൈവം നമ്മോട് കാണിച്ച കൃപയും, സ്നേഹവുമാണ്. കുറ്റപ്പെടുത്തിയോ, തിരസ്കരിച്ചോ അല്ല , മറിച്ച് നമ്മെ ക്രിസ്തുവില്‍ അംഗീകരിച്ചും, നാം പൊടിയെന്ന് അവന്‍ മനസ്സിലാക്കിയുമാണ് അവന്‍ നമ്മെ തന്നോട് അടുപ്പിച്ചത്. ഇത് തന്നെ ആയിരിക്കണം മറ്റുള്ളവരുമായി ബന്ധങ്ങൾ സ്ഥാപിക്കുന്നതിന്നും വളർത്തുന്നതിനുമുള്ള നമ്മുടെ മാനദണ്ഡം.

ഇതുവരെ താൻ ആവശ്യപ്പെടാതെ തന്നെ തൻ്റെമേൽ അനുഗ്രഹങ്ങൾ ചൊരിഞ്ഞ കൃപാലുവായ ദൈവത്തോട് തന്‍റെ സഹോദരനായ ഏശാവിൽ നിന്ന് തന്നെ സംരക്ഷിക്കണം എന്നാവവശ്യപ്പെട്ട് കൊണ്ട് യാക്കോബ് നടത്തിയതായി രേഖപ്പടുത്തപ്പെട്ടിരിക്കുന്ന ആദ്യത്തെ പ്രാർത്ഥന ഇങ്ങനെയാണ്.

‭‭ഉൽപത്തി 32:9-12
9 പിന്നെ യാക്കോബ് പ്രാർഥിച്ചത്: എന്‍റെ പിതാവായ അബ്രാഹാമിന്‍റെ ദൈവവും എന്‍റെ പിതാവായ യിസ്ഹാക്കിന്‍റെ ദൈവവുമായുള്ളോവേ, നിന്‍റെ ദേശത്തേക്കും നിന്‍റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിനക്ക് നന്മ ചെയ്യുമെന്ന് എന്നോട് അരുളിച്ചെയ്ത യഹോവേ,
10 അടിയനോടു കാണിച്ചിരിക്കുന്ന സകല ദയയ്ക്കും സകല വിശ്വസ്തതയ്ക്കും ഞാൻ അപാത്രമത്രേ; ഒരു വടിയോടുകൂടി മാത്രമല്ലോ ഞാൻ ഈ യോർദ്ദാൻ കടന്നത്; ഇപ്പോഴോ ഞാൻ രണ്ടു കൂട്ടമായി തീർന്നിരിക്കുന്നു.
11 എന്‍റെ സഹോദരനായ ഏശാവിന്‍റെ കൈയിൽനിന്ന് എന്നെ രക്ഷിക്കേണമേ; പക്ഷേ അവൻ വന്ന് എന്നെയും മക്കളോടുകൂടെ തള്ളയെയും നശിപ്പിക്കും എന്നു ഞാൻ ഭയപ്പെടുന്നു.
12 നീയോ: ഞാൻ നിന്നോടു നന്മ ചെയ്യും; നിന്‍റെ സന്തതിയെ പെരുപ്പംകൊണ്ട് എണ്ണിക്കൂടാത്ത കടല്ക്കരയിലെ മണൽപോലെ ആക്കുമെന്ന് അരുളിച്ചെയ്തുവല്ലോ.

നാം അവനോടൊപ്പം തനിച്ചാകുന്ന അവസ്ഥയിലേക്ക് ദൈവം പലപ്പോഴും നമ്മെ നയിച്ചേക്കാം. ശാരീരികമായോ, ആത്മീകമായോ അല്ലെങ്കിൽ രണ്ടു രീതിയിലും ഒറ്റപ്പെട്ട അവസ്ഥകൾ നാം അഭിമുഖീകരിച്ചേക്കാം. നമ്മുടെ ജീവിതത്തില്‍ സംസാരിക്കുവാനോ സഹായിക്കുവാനോ ആരും ഇല്ലാതിരിക്കുന്ന ഏകാന്ത സമയങ്ങള്‍ ഒരു പക്ഷേ ദൈവത്തെ കൂടുതൽ അനുഭവിച്ചറിയുവാനായി അവൻ നൽകുന്ന അനുഗ്രഹത്തിൻ്റെ അവസരങ്ങൾ ആകാം.

ദൈവകൃപയുടെ അനുഗ്രഹത്തിന്നായുള്ള ദാഹമായിരിക്കണം നമ്മുടെ ഏറ്റവും വലിയ ആവശ്യവും, വാഞ്ചയും. ഭൌമിക അനുഗ്രഹങ്ങളായ ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്‍ടിയും അനവധി ധാന്യവും വീഞ്ഞും എന്ന് മാത്രമല്ല തന്‍റെ സഹോദരന്‍റെമേല്‍ അധികാരവും, സ്വാധീനവും യിസഹാക്കിൽ നിന്ന് രണ്ടു തവണയായി യാക്കോബിന്ന് ലഭിച്ചിരുന്നു. ദൈവീക അനുഗ്രങ്ങള്‍ കൗശലത്തിലൂടെയും ഉപായങ്ങളിലൂടെയും തട്ടിയെടുക്കുവാന്‍ ആര്‍ക്കും കഴികയില്ലെന്ന് അവന് ഈ കാലയളവില്‍ ശരിക്കും മനസ്സിലായി. ഏശാവിനെ കടന്നുപോകുവാനും തൻ്റെ സ്വന്ത സ്ഥലത്ത് തിരിച്ചു ചെല്ലുവാനും ദൈവം ഒരിക്കൽകൂടി കൃപ നൽകിയെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു. എന്നാൽ ദൈവാനുഗ്രഹം ലഭിക്കാൻ വഞ്ചന നിറഞ്ഞ തന്ത്രങ്ങൾ മെനയുന്ന തൻ്റെ പഴയ സ്വഭാവം അവനു ഉപേക്ഷിക്കേണ്ടത് ആവശ്യമായിരുന്നു.

ആ പ്രക്രിയില്‍ ഒരു പക്ഷേ അജ്ഞാതരായ എതിരാളികളോട് നാം അറിഞ്ഞു കൂടാത്ത കാരണത്തിന്നായി മല്‍പിടിത്തം നടത്തേണ്ട സാഹചര്യം ഉണ്ടായേക്കാം. അതുമൂലമുണ്ടാകുന്ന നമ്മുടെ വേദനയിലും അസ്വസ്ഥകളിലും നമുക്ക് ദൈവത്തോട് പറ്റിച്ചേർന്നു നിൽക്കാം. നമ്മുടെ വഞ്ചന നിറഞ്ഞതും സ്വായാശ്രയപറവും ആയ സ്വഭാവത്തെ കീഴ്പ്പെടുത്താൻ വേണ്ടി ദൈവം ഒരുപക്ഷേ നമ്മെ മുഴുവനായി ഉടച്ചുവാർത്തേക്കാം.

യാക്കോബിൻ്റെ പേര് അറിയാഞ്ഞിട്ടല്ല നിൻ്റെ പേര് എന്ത് എന്ന് ദൈവം അവനോടു ചോദിച്ചത്. ജനനം മുതൽ താൻ ഒരു വഞ്ചകൻ ആണ് എന്ന വസ്തുത യാക്കോബ് അഭിമുഖീകരിക്കുവാനും ആ സത്യം ഏറ്റുപറയാനും വേണ്ടിയാണ് ദൈവം അവനോട് ആ ചോദ്യം ചോദിച്ചത്. പല നാളുകൾക്ക് മുമ്പേ തന്‍റെ പിതാവായ യിസഹാക്കിനെ വഞ്ചിച്ച് ഏശാവിൻ്റെ അനുഗ്രഹം കൈവശമാക്കിയപ്പോൾ ഇതേ ചോദ്യമായിരുന്നു തന്‍റെ അപ്പന്‍ തന്നോട് ചോദിച്ചത്. ഇന്ന് താൻ എത്തിനിൽക്കുന്ന സാഹചര്യത്തിൻ്റെ വിത്തുകൾ താന്‍ തന്നെ പാകിയതാണെന്ന് യാക്കോബിന്ന് മനസ്സിലായി.
ഇന്ന് നമ്മൾ ആയിരിക്കുന്ന അവസ്ഥകളിൽ എത്തുവാൻ നാം ചെയ്ത കാര്യങ്ങളെ ദൈവം വെളിപ്പെടുത്തുമ്പോൾ അവയെ യാഥാർത്ഥ്യങ്ങളായി അംഗീകരിച്ചു നാം ഏറ്റുപറയേണ്ടതാണ്. നാം സത്യസന്ധരായിരിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു. യാക്കോബ് തന്‍റെ യഥാര്‍ത്ഥ പേര് ദൈവമുമ്പാകെ വെളിപ്പെടുത്തി.

കണ്ണുനീരോടെ കരുണക്കായി അപേക്ഷിച്ചുകൊണ്ട് യാക്കോബ് പ്രാർത്ഥിച്ചപ്പോൾ തന്നിൽ പ്രതിഫലിച്ച താഴ്മയാണ് യഥാർത്ഥത്തിൽ ദൂതനെ കീഴടക്കിയ മൽപ്പിടുത്തം. പിടിച്ചുപറിയും തട്ടിയെടുപ്പും നിറഞ്ഞതായിരുന്നു അത് വരെ ഉള്ള തൻ്റെ ജീവിതം. പക്ഷേ ഈ രാത്രിയില്‍ ദൈവശക്തി എന്തെന്ന് അവൻ തിരിച്ചറിഞ്ഞു. തന്നെ ബലഹീനനാക്കിയ ദൈവദൂത സ്പർശനത്തിന് മുമ്പിൽ കീഴടങ്ങാനും പെട്ടെന്ന് വന്നുചേർന്ന ദൗർബല്യത്തിൻ്റെ അവസ്ഥയിൽ അനുഗ്രഹത്തിനായി അപെക്ഷിച്ചുകൊണ്ട് ദൂതനെ മുറുകെ പിടിക്കാനും മാത്രമേ യാക്കോബിന് കഴിയുമായിരുന്നുള്ളൂ.

‭‭ഹോശേയ 12:3-4
3 അവൻ ഗർഭത്തിൽവെച്ചു തന്റെ സഹോദരന്റെ കുതികാൽ പിടിച്ചു; തന്റെ പുരുഷപ്രായത്തിൽ ദൈവത്തോടു പൊരുതി.
4 അവൻ ദൂതനോടു പൊരുതി ജയിച്ചു; അവൻ കരഞ്ഞു അവനോടു അപേക്ഷിച്ചു;

പിന്നീട് അവൻ ഇസ്രയേൽ ആയി മാറി. അവിശ്വാസം മൂലം ജഡത്തിന്ന് കഴിയാതിരുന്നതിനെ സ്വയശക്തിയെ ന്യായം വിധിച്ചതുമൂലം തകര്‍ന്നും, നുറുങ്ങിയതുമായ തന്‍റെ ആത്മാവിന്ന് പുതുജീവന്‍ പകര്‍ന്നുകൊണ്ട് ദൈവകൃപ അത് സാധ്യമാക്കി. അവന്‍ പൊടുന്നനേ ദൈവത്തിന്‍റെ പ്രഭുവായി മാറി. അവന്‍റെ സ്വയം താഴ്ത്തപ്പെട്ടതും, ദൈവമുഖം ദര്‍ശിച്ചതുമായ സ്ഥലമായ പെനിയേല്‍ കടന്നപ്പോള്‍ നീതി സൂര്യന്‍ തന്‍റമേല്‍ ഉദിക്കുകയായിരുന്നു.

ഗ്രിഫിന്‍ തോമസ് എന്ന ദൈവഭക്തന്‍ ഈ സംഭവത്തെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി – “ യാക്കോബിൻ്റെ എതിർപ്പ് ഇല്ലാതാക്കുന്നതിനും അവൻ്റെ സ്വയത്തിന് ഒരു അന്ത്യം വരുത്തുന്നതിനും അവനിൽ നിന്ന് സ്വന്തം കഴിവിലും കൗശലത്തിലുമുള്ള ദൃഡവിശ്വാസവും എടുത്തുകളയുവാനും, ചതിയിലും മുഖസ്തുതിയിലൂടെയുമല്ല, മറിച്ച് ദൈവകൃപയിലും ദൈവശക്തിയിലും കൂടെ മാത്രമേ ഏശാവിനെ ജയിക്കുവാനും കാനാൻ കൈവശമാക്കുവനും കഴികയുകയുള്ളൂ എന്ന് യാക്കോബിനെ ബോദ്ധ്യം വരുത്തുവാന്‍ വേണ്ടിയുള്ള ദൈവിക ശ്രമത്തിന്‍റെ ഭാഗമായിരുന്നു ഈ മൽപ്പിടുത്തം.

നമുക്കിങ്ങനെ പ്രാര്‍ത്ഥിക്കാം. ദൈവമേ, ഞങ്ങൾ നിന്നെ മാത്രം മുറുകെ പിടിക്കാൻ കാരണമാകേണ്ടത്തിന് ഞങ്ങളെ നുറുക്കണമെ. അപ്പോൾ ഞങൾ നിന്നോടൊപ്പം വാഴുകയും നിന്‍റെ ഹിതം ജഡത്തിൻ്റെ പ്രതിബന്ധങ്ങൾ ഇല്ലാതെ ഞങ്ങളിൽ നിറവേറപ്പെടുകയും ചെയ്യും.

കരുണാമയനായ ദൈവവും, പിതാവുമായവനെ നമ്മുടെ ജീവതത്തെ ക്രമപ്പെടുത്തുന്ന സ്വര്‍ഗ്ഗീയ രാജാവായി നാം അംഗീകരിക്കുമ്പോള്‍, ദൈവരാജ്യം നമ്മിലും, മറ്റുള്ളവരിലും സ്ഥാപിതമാകണം എന്ന ഏക ലക്ഷ്യം ഉള്ളവരായി നാമും അവനോടൊത്ത് വാഴുവാനിടയാകും. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment