26M_ദൈവനടത്തിപ്പ് മനസ്സിലാക്കാം
ഉല്പത്തി 31.1-3 എന്നാൽ ഞങ്ങളുടെ അപ്പനുള്ളതൊക്കെയും യാക്കോബ് എടുത്തുകളഞ്ഞു ഞങ്ങളുടെ അപ്പന്റെ വകകൊണ്ട് അവൻ ഈ ധനമൊക്കെയും സമ്പാദിച്ചു എന്നു ലാബാന്റെ പുത്രന്മാർ പറഞ്ഞ വാക്കുകളെ അവൻ കേട്ടു.
2 യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരേ മുമ്പേ ഇരുന്നതു പോലെയല്ല എന്നു കണ്ടു.
3 അപ്പോൾ യഹോവ യാക്കോബിനോട്: നിന്റെ പിതാക്കന്മാരുടെ ദേശത്തേക്കും നിന്റെ ചാർച്ചക്കാരുടെ അടുക്കലേക്കും മടങ്ങിപ്പോക; ഞാൻ നിന്നോടുകൂടെ ഇരിക്കും എന്ന് അരുളിച്ചെയ്തു.
ഒരിക്കല്‍, കപ്പലുകളെ സുരക്ഷിതമായി കരയിലേക്ക് നയിക്കുന്ന വെളിച്ചശ്രോതസ്സ് ഉത്സാഹത്തോടെ പരിപാലിക്കുന്ന ഒരു വിളക്കുമാടം സൂക്ഷിപ്പുകാരൻ ഉണ്ടായിരുന്നു. കൊടുങ്കാറ്റുള്ള ഒരു രാത്രിയിൽ, തിരമാലകൾ ശക്തമായി പാറകളിൽ പതിച്ചപ്പോൾ, ക്ഷീണിതനായ ഒരു നാവികൻ ഇരുട്ടിൽ സമുദ്രമദ്ധ്യേ വഴിതെറ്റുവാനിടയായി. അരാജകത്വങ്ങൾക്കിടയിലും അവൻ പ്രതീക്ഷയുടെ വെളിച്ചത്തിനായി തീവ്രമായി തിരഞ്ഞുകൊണ്ടിരുന്നു. മരണവുമായി മല്ലടിച്ച ആ രാത്രിയില്‍, അവൻ മാർഗനിർദേശത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. പൊടുന്നനെ, പെയ്യുന്ന മഴയിലൂടെ, കോടമഞ്ഞിനെ കീറിമുറിക്കുന്ന വിളക്കുമാടത്തിൻ്റെ മങ്ങിയതും എന്നാൽ സ്ഥിരതയുള്ളതുമായ വെളിച്ച രശ്മികള്‍ അവൻ കണ്ടു. അതിൻ്റെ വെളിച്ചത്തെ പിന്തുടർന്ന് അദ്ദേഹം തൻ്റെ കപ്പൽ സുരക്ഷിതമായി കരയിലേക്കെത്തിച്ചു. വിളക്കുമാടം സൂക്ഷിപ്പുകാരനെപ്പോലെ നാമും കൊടുങ്കാറ്റുകൾ നിറഞ്ഞ ലോകത്ത് ദൈവത്തിൻ്റെ പ്രകാശത്തിൻ്റെ വിളക്കുകളാകുവാൻ വിളിക്കപ്പെട്ടിരിക്കുന്നു. ഏറ്റവും പ്രക്ഷുബ്ധമായ സമയത്ത് പോലും ദൈവത്തിൻ്റെ മാർഗനിർദേശം പിന്തുടരുകവഴി, തന്റെ കുടുംബത്തെ സുരക്ഷിതത്വത്തിലേക്കും രക്ഷയിലേക്കും നയിച്ച ഒരു വ്യക്തിയെക്കുറിച്ചാണ് നാമിന്ന് ചിന്തിക്കുന്നത്.
ഏകദേശം 20 വർഷമായി ഇപ്പോള്‍ യാക്കോബ് ലാബാനോടൊപ്പം ജീവിക്കുന്നത്. ഈ കാലയളവില്‍ അദ്ദേഹത്തിന് 2 ഭാര്യമാരും 2 വെപ്പാട്ടികളും വഴി 11 കുട്ടികളുണ്ടായി. ദൈവത്തിൻ്റെ ഇടപെടലിലൂടെ അവൻ ധാരാളം കന്നുകാലികളെയും സമ്പാദിച്ചു. കഠിനാധ്വാനത്തിലൂടെയും, ദൈവിക അനുഗ്രഹത്തിലൂടെയും അവന് വലിയ ധനവാനായി മാറി. തന്റേതായ വാക്കുകളില്‍ 40 ഇങ്ങനെയായിരുന്നു എന്റെ വസ്തുത; പകൽ വെയിൽകൊണ്ടും രാത്രി ശീതംകൊണ്ടും ഞാൻ ക്ഷയിച്ചു; എന്റെ കണ്ണിന് ഉറക്കമില്ലാതെയായി.
41 ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു; പതിന്നാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറു സംവത്സരം നിന്റെ ആട്ടിൻകൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു; പത്തു പ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി.
വാസ്തവത്തില്‍ കഠിനമായ അധ്വാനം കൊണ്ടും, ദൈവത്തിൻ്റെ വ്യക്തമായ അനുഗ്രഹവുംകൊണ്ട് താനുണ്ടാക്കിയ സമ്പത്തിനെ, തങ്ങളുടെ പിതാവിനുള്ളതില്‍ നിന്ന് യാക്കോബ് കൌശലത്താല്‍ എടുത്തുകളഞ്ഞതായി ലാബാൻ്റെ മക്കൾ കരുതി. ഈ പ്രതികൂലമായ കുടുംബ സാഹചര്യം യാക്കോബിന് തൻ്റെ പിതാവിൻ്റെ നാട്ടിലേക്ക് മടങ്ങാനുള്ള സമയമായിരിക്കുന്നു എന്ന ദൈവനടത്തിപ്പിന്റെ സൂചനയായി താന്‍ കണക്കാക്കി. ദൈവം അവനോട് ഈ കാര്യം സ്ഥിരീകരിക്കുകയും അവൻ്റെ സാന്നിധ്യത്തെക്കുറിച്ച് ഉറപ്പ് നൽകുകയും ചെയ്യുന്നു.
ദൈവഹിതം മനസ്സിലാക്കുവാൻ ഏകീകൃതമായ ഒരു മാർഗ്ഗം നാം വചനത്തില്‍ കാണുന്നില്ല. ദൈവം അബ്രഹാമിന് ഒരു ദർശനത്തിൽ പലതവണ പ്രത്യക്ഷപ്പെട്ടു, ഒരിക്കൽ മനുഷ്യരൂപത്തിലും. അവൻ യാക്കോബിന് സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ടു. ദൈവം യാക്കോബുമായി എങ്ങനെയാണ് ആശയവിനിമയം ചെയ്തത് എന്നിവിടെ പരാമർശിച്ചിട്ടില്ല. ദൈവം എങ്ങനെ സംസാരിക്കുന്നു എന്നതല്ല, മറിച്ച് അവനില്‍ നിന്ന് കേൾക്കുവാൻ നാം ജാഗരൂകരായി ഇരിക്കുന്നുവോ എന്നതാണ് പ്രധാനമായി നാം ശ്രദ്ധിക്കേണ്ട കാര്യം.
ഒന്നിലധികം ഘടകങ്ങൾ ദൈവത്തെ അനുസരിക്കാതിരിക്കുവാന്‍ യാക്കോബിന്ന് ദൈവസന്നിധിയില്‍ പറയാമായിരുന്നിട്ടും കർത്താവിനെ അനുസരിക്കാൻ യാക്കോബ് മടിച്ചില്ല:
നമ്മുടെ ആശ്വാസ മേഖല വിട്ടുപോകേണ്ടിവരുമോ എന്ന ഭയം – കർത്താവിൻ്റെ അനുഗ്രഹത്താൽ അവൻ ലാബാന്റെ വീട്ടില്‍ വളരെയധികം അഭിവൃദ്ധി പ്രാപിച്ചു, എന്നാൽ അവൻ അവിടെ തന്നെ ആ സ്ഥിതിയില്‍ തുടരണമെന്നായിരുന്നില്ല ദൈവഹിതം. യോജിച്ചതോ സുഖപ്രദമായതോ ആയ സാഹചര്യങ്ങളില്‍ നാം ആയിരിക്കുമ്പോള്‍, അവിടെത്തന്നെ തുടരുന്നതാണ് ദൈവഹിതമെന്ന് സ്വയമേവ നാം അനുമാനിക്കുവാന്‍ പാടില്ല.
കുടുംബത്തില്‍ നിന്നും ഉണ്ടായേക്കാവുന്ന പ്രതികൂല സമീപനത്തെ കുറിച്ചുള്ള ഭയം നമ്മെ ദൈവത്തെ അനുസരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചേക്കാം. യാക്കോബിൻ്റെ കുടുംബം ഒരിക്കലും അബ്രഹാമിനെയോ, യിസഹാക്കിനെയോ കനാൻ ദേശത്തെയോ കണ്ടിട്ടില്ല. ഒരു വിധത്തിൽ, യാക്കോബിന് മാത്രം നൽകിയ കൽപ്പനയ്ക്ക് അനുസൃതമായി, അബ്രഹാമിനെപ്പോലെ, അവർക്കറിയാവുന്നതെല്ലാം അവർ ഉപേക്ഷിക്കേണ്ടതായി വരും. തന്റെ സ്വന്തം വീട്ടിലേക്ക് പോകുവാനുള്ള ഈ തീരുമാനത്തോട് തൻ്റെ കുടുംബം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയ്ക്ക് യാക്കോബ് അല്പം പോലും ഇടം കൊടുത്തില്ല.
ഒരു വലിയ കുടുംബവും തനിക്കുണ്ടായിരുന്ന അനേകം ആട്ടിൻകൂട്ടങ്ങളുമൊത്ത് കനാന്‍ ദേശത്തേക്കുള്ള വിഷമകരവും മടുപ്പിക്കുന്നതുമായ ഒരു യാത്രയുടെ പ്രതീക്ഷ അവനെ ദൈവത്തെ അനുസരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാമായിരുന്നു. കുഴപ്പങ്ങളെക്കുറിച്ചുള്ള ഭയം അവനെ നിരുത്സാഹപ്പെടുത്തിയില്ല.
പദ്ദന്‍ അരാമില്‍ വെച്ച് താൻ സമ്പാദിച്ച സമ്പത്തുമായി തന്റെ പിതാവിന്റ വീട്ടിലേക്ക് പോകുവാന്‍ ലാബാൻ തന്നെ സ്വമനസ്സാലേ അനുവദിക്കയില്ലെന്ന് യാക്കോബിനറിയാമായിരുന്നു. എന്നാൽ അവിശ്വാസികളുമായി ഏറ്റുമുട്ടേണ്ടി വരുമോ എന്ന ഭയം അവനെ ദൈവത്തെ അനുസരിക്കുന്നതില്‍ നിന്ന് തടഞ്ഞില്ല.
ദൈവത്താൽ നയിക്കപ്പെടുമ്പോൾ അത്തരം ഭയങ്ങൾ നമുക്കും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നാൽ യാക്കോബ് ഈ ഭയങ്ങള്‍ക്ക് കീഴടങ്ങാതെ, ധൈര്യത്തോടെ ദൈവത്തെ അനുസരിക്കുവാന്‍ തീരുമാനിച്ചു. ദൈവം അവൻ്റെ വിശ്വാസത്തില്‍ നിന്നുള്ള അനുസരണം മാനിക്കുകയും ലാബാനിൽ നിന്ന് അവനെ സംരക്ഷിക്കുകയും ചെയ്തു. ലാബാൻ തൻ്റെ സഹോദരന്മാരോടൊപ്പം 7 ദിവസം യാക്കോബിനെ പിന്തുടർന്നു. ഒരുപക്ഷേ അവൻ ബലം പ്രയോഗിക്കാൻ ഉദ്ദേശിച്ചിരിക്കാം അവനെ പിന്തുടര്ന്നത്. എന്നാൽ ദൈവം രാത്രി സ്വപ്നത്തിൽ അരാമ്യനായ ലാബാന്റെ അടുക്കൽ വന്ന് അവനോട്: നീ യാക്കോബിനോട് ഗുണമെങ്കിലും ദോഷമെങ്കിലും പറയാതിരിപ്പാൻ സൂക്ഷിച്ചുകൊൾക എന്നു കല്പിച്ചു.” “യാക്കോബിനോട് സംസാരിക്കുമ്പോൾ മുഖസ്തുതിയോ, ഭീഷണിയോ ഉപയോഗിക്കരുത്” എന്നായിരുന്നു ദൈവം അര്‍ത്ഥമാക്കിയത്. അവൻ യാക്കോബിനോടും പറഞ്ഞു, “ലാബാൻ നിന്നോടു ചെയ്യുന്നതൊക്കെയും ഞാൻ കണ്ടിരിക്കുന്നു.” വി. 12. അതുകൊണ്ട് ദൈവം നമ്മുടെ ഓരോ നീക്കവും നിരീക്ഷിക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പായി വിശ്വസിക്കാം.
പദൻ-അരാമിലേക്കുള്ള യാത്രാമധ്യേ ബെഥേലിൽ വെച്ച് യാക്കോബ് ദൈവത്തോട് ചെയ്ത നേർച്ചയുടെ ഓർമ്മപ്പെടുത്തലായിരുന്നു ഈ യാത്ര. ഉല്പത്തി 28:20 നാമത് വായിക്കുന്നുണ്ട്. 20 യാക്കോബ് ഒരു നേർച്ച നേർന്നു: ദൈവം എന്നോടുകൂടെ ഇരിക്കയും ഞാൻ പോകുന്ന ഈ യാത്രയിൽ എന്നെ കാക്കുകയും ഭക്ഷിപ്പാൻ ആഹാരവും ധരിപ്പാൻ വസ്ത്രവും എനിക്കു തരികയും
21 എന്നെ എന്റെ അപ്പന്റെ വീട്ടിലേക്ക് സൗഖ്യത്തോടെ മടക്കിവരുത്തുകയും ചെയ്യുമെങ്കിൽ യഹോവ എനിക്കു ദൈവമായിരിക്കും.
22 ഞാൻ തൂണായി നിർത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാൻ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
അവൻ ഉറങ്ങുമ്പോൾ ദൈവം അവനു പ്രത്യക്ഷപ്പെട്ടു, യേശാവിന്റെ കണ്ണില്‍ അവനൊരു വഞ്ചകനായി പ്രാണരക്ഷാര്‍ത്ഥം സ്വന്തഭവനത്തില്‍ നിന്ന് ഓടിപ്പോകേണ്ടി വന്നു എങ്കിലും, തന്റെ യാത്രാമദ്ധ്യേ ദൈവം തൻ്റെ ഹൃദയത്തിലുള്ള വാഗ്ദത്തങ്ങളെല്ലാം അവനു വെളിപ്പെടുത്തി. ഭാര്യമാർ, കുട്ടികൾ, പേരക്കുട്ടികൾ, കന്നുകാലികൾ, വേലക്കാർ എന്നിങ്ങനെ അവൻ ആഗ്രഹിച്ചതിലും, ചോദിച്ചതിലും വളരെ അധികമായി ഇപ്പോൾ അവന്ന് ലഭിച്ചു. നാം ആവശ്യപ്പെടുന്നതിലും കൂടുതൽ ചെയ്യാൻ ദൈവത്തിന് കഴിയും.ഏകദേശം 20 വർഷം മുമ്പ് ഒരു തൂണിനെ അഭിഷേകം ചെയ്തസ്ഥലമായ ബേഥേലിലെ ദൈവമാണെന്ന് താനെന്ന് ദൈവം അവനെ ഓർമ്മിപ്പിക്കുന്നു. നമ്മുടെ നേർച്ചകളും നാം അവനോട് ചെയ്ത പ്രതിജ്ഞകളും ദൈവം ഒരിക്കലും മറക്കില്ല. അവൻ നമ്മെ ഓർമ്മപ്പെടുത്തുമ്പോൾ നമുക്ക് ദൈവസന്നിധിയില്‍ നാമെടുത്ത ആ തീരുമാനങ്ങളെ ആദരിക്കയും നിവൃത്തിക്കയും ചെയ്യാം.
താൻ ദൈവത്തിൽ നിന്ന് കേട്ടതെങ്ങനെയെന്ന് അവൻ തൻ്റെ കുടുംബത്തോട് പറഞ്ഞു, തന്നോട് കൂടെ പുറപ്പെടുവാന്‍ ആജ്ഞാപിക്കുന്നതിനുപകരം അവന് അവരെ വിശ്വാസത്താല്‍ സ്വാധീനിക്കുവാന്‍ ശ്രമിച്ചു. അവർ മറുത്തുനില്ക്കാതെ സമ്മതിച്ചപ്പോൾ അത് ദൈവഹിതമാണെന്ന് അവന് ഉറപ്പിച്ചു. ഒന്നിലധികം ആളുകളെ സംബന്ധിക്കുന്ന ഒരു വിഷയത്തിൽ, ദൈവം ഉൾപ്പെട്ടിരിക്കുന്ന എല്ലാ വ്യക്തികളോടും സംസാരിക്കും എന്നതിന്റെ തെളിവാണിത്. ശൌലിനോടും അനന്യാസിനോടും, പത്രോസിനോടും കൊർന്നല്യോസിനോടും, അബ്രഹാമിനോടും സാറയോടും,യോസേഫിനോടും മറിയയോടും, മോശയോടും അഹരോനോടും എന്നിങ്ങനെ ദൈവം സംസാരിച്ച അനേക ഉദാഹരണങ്ങള്‍ വചനത്തില്‍ നമുക്ക് കാണാവുന്നതാണ്.
നമ്മുടെ വിളി ദൈവത്തിൽ നിന്നാണെന്ന് ഉറപ്പാക്കുക. നമ്മുടെ കുടുംബത്തോട് അത് വിശദീകരിക്കുകയും, അവരുമായി ചർച്ച ചെയ്യുകയും ചെയ്യുക.
ഉദ്യമത്തിൽ ദൈവിക സംരക്ഷണത്തിനായി അവനിൽ വിശ്വസിക്കുക. അവൻ നമ്മെ വിളിച്ചിട്ടുണ്ടെങ്കിൽ, അവൻ ഈ ഉദ്യമത്തില്‍ നമ്മെ സംരക്ഷിക്കുകയും, അതിന്നാവശ്യമായതെല്ലാം നല്‍കുകയും ചെയ്യും. അനുസരണയോടെയുള്ള നമ്മുടെ യാത്രയെ തടസ്സപ്പെടുത്തുവാൻ നമ്മുടെ ശത്രുക്കൾക്ക് കഴിയില്ല. അതാണ് വിശ്വാസം.
യാക്കോബിൻ്റെ പ്രവാസകാലം ശിക്ഷണത്തിൻ്റെയും ന്യായവിധിയുടെയും ശുദ്ധീകരണത്തിൻ്റെയും സമയമായിരുന്നു, അവിടെ അവൻ തൻ്റെ പാപത്തിൻ്റെ അനന്തരഫലങ്ങൾ അനുഭവിച്ചു എന്ന് മാത്രമല്ല 20 വർഷക്കാലം ദൈവത്തിൻ്റെ കൃപയും കരുണയും താനനുഭവിച്ചറിഞ്ഞു. ഒടുവിൽ, വാഗ്ദത്തദേശത്തേക്ക് മടങ്ങാനുള്ള ദൈവത്തിൻ്റെ സമയം വന്നപ്പോൾ, ലോത്തിൻ്റെ ഭാര്യയെപ്പോലെ അവൻ തിരിഞ്ഞുനോക്കുകയോ പ്രവാസസ്ഥലം തൻ്റെ സ്ഥിരമായ ഭവനമായി കണക്കാക്കുകയോ ചെയ്തില്ല. നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, നമ്മുടെ മനസ്സ് ലോകത്തിലെ കാര്യങ്ങൾ, അധികാരം, അന്തസ്സ്, സമ്പത്ത് എന്നിവയെക്കാൾ ഉയരത്തിലുള്ള കാര്യങ്ങളായ, നീതിയിലും സമാധാനത്തിലും പരിശുദ്ധാത്മാവിലുള്ള സന്തോഷത്തിലും കേന്ദ്രീകരിച്ചിരിക്കാം.
ഈ അവസരത്തിൽ റാഹേല്‍ പ്രതിബദ്ധതയില്ലാത്ത ഒരു വ്യക്തിയെ ചിത്രീകരിക്കുന്നു. അവൾ യാക്കോബിനൊപ്പം തന്റെ പിതാവിൻ്റെ വീട്ടിൽ നിന്ന് വാഗ്ദത്ത നാട്ടിലേക്ക് പോകാൻ തയ്യാറായി. എന്നാല്‍ എന്തിനാണ് അവൾ തന്റെ പിതാവിന്റെ ഗ്രഹ വിഗ്രഹങ്ങൾ എടുത്തത്? ദൈവം തൻ്റെ വാഗ്ദത്തം നിറവേറ്റിയില്ലെങ്കിൽ ഒരുപക്ഷേ ഈ വിഗ്രഹങ്ങളോട് ചോദിക്കാം എന്നതായിരിന്നോ അവള് ഉദ്ദേശിച്ചത്. ഒരുപക്ഷേ മാർഗനിർദേശത്തിനോ സംരക്ഷണത്തിനോ വേണ്ടി ലാബാന്‍ തന്റെ ഗ്രഹ വിഗ്രഹങ്ങളിലേക്ക് തിരിയുന്ന പതിവ് റാഹേല്‍ കണ്ടിരിക്കാം. യാക്കോബോ കൂടെയുള്ളവരോ തൻ്റെ ഗൃഹവിഗ്രഹം മോഷ്ടിച്ചതായി ലാബാന്‍ എങ്ങനെ മനസ്സിലാക്കുവാന്‍ സാധിച്ചു? മക്കളും മരുമകനും പോയതായി കണ്ടപ്പോൾ മാർഗനിർദേശത്തിനായി ആ വിഗ്രങ്ങളുമായി കൂടിയാലോചിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരിക്കണം.
യിസ്രായേല്യർക്കിടയിലെ സമ്മിശ്ര ജനക്കൂട്ടത്തെപ്പോലെ, റാഹേലും ദൈവജനത്തിന്റെ കൂട്ടായ്മയോടുകൂടി ലോകത്തിൻ്റെ ഏറ്റവും മികച്ചതും ലഭിക്കാൻ ആഗ്രഹിച്ചു. പകരം ദൈവവുമായി നമുക്ക് കൂട്ടായ്മ പാലിക്കണമെങ്കില്‍ ലോകവുമായുള്ള നമ്മുടെ ബന്ധം പൂർണ്ണമായും നാം വിച്ഛേദിക്കണം. യാക്കോബ് 4.4 വ്യഭിചാരിണികളായുള്ളോരേ, ലോകസ്നേഹം ദൈവത്തോടു ശത്രുത്വം ആകുന്നു എന്നു നിങ്ങൾ അറിയുന്നില്ലയോ? ആകയാൽ ലോകത്തിന്റെ സ്നേഹിതൻ ആകുവാൻ ഇച്ഛിക്കുന്നവനെല്ലാം ദൈവത്തിന്റെ ശത്രുവായിത്തീരുന്നു.
അനുസരണത്തെ തടസ്സപ്പെടുത്തുന്നതും, പാപത്തിൻ്റെ സുഖസൗകര്യങ്ങളാൽ നമ്മെ വലയ്ക്കുന്നതുമായ എല്ലാറ്റിനെയും നമുക്ക് ഉപേക്ഷിക്കാം. ദൈവത്തിൻ്റെ പ്രതിഫലം ലഭിക്കുവാൻ അവസാനം വരെ അവനെ നോക്കിക്കൊണ്ട്, നമുക്ക് ഓട്ടം സ്ഥിരതയോടെയും, ക്ഷമയോടെയും ഓടാം. ലോകത്തിന്റെ ജ്ഞാനത്തേക്കാൾ ഉയരത്തില്‍ നിന്നുള്ള അവൻ്റെ വാക്കുകള്‍ ശ്രവിക്കുവാന് കാതോര്‍ക്കാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.



Post a comment