+91 9892580744
gospelbroadcast@yahoo.com

Mar-05-25M-നമ്മുടെ സ്വന്ത ഭവനത്തിന്നായി കരുതാം

Mar-05-25M-നമ്മുടെ സ്വന്ത ഭവനത്തിന്നായി കരുതാം

LWGB Malayalam Podcast
LWGB Malayalam Podcast
Mar-05-25M-നമ്മുടെ സ്വന്ത ഭവനത്തിന്നായി കരുതാം
Loading
/

25M_നമ്മുടെ സ്വന്ത ഭവനത്തിന്നായി കരുതാം

25 റാഹേൽ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോട്: ഞാൻ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം.
26 ഞാൻ നിന്നെ സേവിച്ചതിന്‍റെ പ്രതിഫലമായ എന്‍റെ ഭാര്യമാരെയും മക്കളെയും എനിക്കു തരേണം; ഞാൻ പോകട്ടെ; ഞാൻ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
27 ലാബാൻ അവനോട്: നിനക്ക് എന്നോടു ദയ ഉണ്ടെങ്കിൽ പോകരുതേ; നിന്‍റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്ന് എനിക്ക് ബോധ്യമായിരിക്കുന്നു.
28 നിനക്ക് എന്തു പ്രതിഫലം വേണം എന്നു പറക; ഞാൻ തരാം എന്നു പറഞ്ഞു.
29 അവൻ അവനോട്: ഞാൻ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്‍റെ ആട്ടിൻകൂട്ടം എന്‍റെ പക്കൽ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.
30 ഞാൻ വരുംമുമ്പേ നിനക്ക് അല്പമേ ഉണ്ടായിരുന്നുള്ളൂ; ഇപ്പോൾ അത് അത്യന്തം വർധിച്ചിരിക്കുന്നു; ഞാൻ കാൽ വച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്‍റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും എന്നും പറഞ്ഞു.

വടക്കേ ഇന്ത്യയില്‍ ജോലിക്കായി പോയ ഒരു യുവ കുടുംബം അവരുടെ നവജാതശിശുവുമായി അവധി ആഘോഷിക്കുവാന്‍ നാട്ടിലേക്ക് വന്നു. മാതാപിതാക്കളുെടയും, ബന്ധുക്കളുടെയും കൂടെ അവര്‍ തങ്ങളുടെ അവധിക്കാലം സന്തോഷത്തോടെ ആഘോഷിച്ചു. അവര്‍ക്ക് തിരിച്ചുപോകുവാനുള്ള ദിവസം ട്രൈനില്‍ യാത്ര അയക്കുവാന്‍ അവരുടെ പ്രിയപ്പെട്ടവര്‍ എല്ലാവരും തന്നെ സ്റ്റേഷനില്‍ എത്തിയിരുന്നു. അഞ്ചു മിനിറ്റ് മാത്രം നിറുത്തുമായിരുന്ന ഒരു ചെറിയ സ്റ്റേഷനില്‍ നിന്നായിരുന്നു അവര്‍ യാത്രപുറപ്പെട്ടത്. നാട്ടില്‍നിന്നുള്ള പലഹാരങ്ങളും, വിഭവങ്ങളും നിറച്ച പെട്ടികള്‍ ഉള്‍പ്പെട്ട അവരുടെ അനവധി യാത്രാസാധനങ്ങൾ പെട്ടെന്നു തന്നെ എല്ലാവരും ചേര്‍ന്ന് ട്രൈനില്‍ കയറ്റി അവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരോട് തിടുക്കത്തില്‍ യാത്ര പറഞ്ഞു. ട്രൈന്‍ വിട്ട് അല്പം ദൂരം കഴിഞ്ഞപ്പോഴാണ് അവരുടെ കുഞ്ഞിനെ എടുക്കാവാന്‍ മറന്നു പോയി എന്ന കാര്യം അവര്‍ക്ക് മനസ്സിലായത്. ജീവിതതിരക്കിനിടയില്‍ പലപ്പോഴും നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനമായ ചില കാര്യങ്ങള്‍ മറന്നു പോകാന്‍ സാധ്യതയുണ്ട്.

കാനാനിലെ തൻ്റെ വീട്ടിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ അകലെയുള്ള പദ്ദൻ-അരാമിൽ 14 വര്‍ഷത്തോളം താമസിച്ചതിന് ശേഷമാണ് യാക്കോബ് തന്‍റെ സ്വന്തം ഭവനത്തിന് വേണ്ടി കരുതേണ്ടതിന്‍റെ ആവശ്വകത മനസ്സിലാക്കുന്നത്. ഇത്രയും കാലമായി തന്‍റെ സ്വന്തം വീട്ടിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. തന്‍റെ പിതാവും, മാതാവും ഈ സമയത്ത് ജീവിച്ചിരിപ്പുണ്ടോ എന്ന് പോലും യാക്കോബിന് അറിയില്ലായിരുന്നു. ഇപ്പോൾ അവൻ തൻ്റെ പിതാവിൻ്റെ ഭവനത്തിലേക്ക് മടങ്ങുവാൻ അതിയായി വാഞ്ചിച്ചു.

ലാബാന്‍റെ രണ്ടു പെണ്‍മക്കളെ വിവാഹം കഴിച്ചതിന്‍റെ പ്രതിഫലമായി യാക്കോബ് അവനെ 14 വര്‍ഷം സേവിച്ചു. താന്‍ സ്നേഹിച്ച റാഹേലിനെ വിവാഹം കഴിക്കുവാന്‍ തൻ്റെ അമ്മായിയപ്പനെ 7 വര്‍ഷം സേവിക്കാൻ മാത്രമാണ് യാക്കോബ് വാഗ്ദാനം ചെയ്തത്. പിന്നെ അവളോടൊപ്പം തൻ്റെ അപ്പന്‍റെ വീട്ടിലേക്ക് മടങ്ങുവാനായിരുന്നു അവൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ വിവാഹ നാളില്‍ റാഹേലിനു പകരം തൻ്റെ മൂത്ത മകൾ ലേയയെ അവന്നു ഭാര്യയായി നല്‍കി ലാബാൻ അവനെ വഞ്ചിച്ചു. പിറ്റേന്ന് രാവിലെ വഞ്ചന കണ്ടെത്തിയപ്പോൾ, ലാബാൻ അത് അവരുടെ ദേശത്തിലെ ഒരു ആചാരമാണെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയും, മറ്റൊരു 7 വർഷത്തെ സേവനത്തിന് പകരമായി റാഹേലിനെ നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ ലേയയുമായുള്ള വിവാഹത്തിന് ശേഷം റാഹേലിനേയും യാക്കോബ് വിവാഹം കഴിച്ചു, അവന്‍റെ അമ്മായിഅപ്പന്‍ നിശ്ചയിച്ച കാലയളവിലേക്ക് ലാബാൻ്റെ അവന്‍റെ ആടുകളെ പരിപാലിക്കുന്നത് തുടരുകയും ചെയ്തു. തന്‍റെ അമ്മായപ്പനാല്‍ കബളിപ്പിക്കപ്പെട്ട ആ നാളുകളില്‍, വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ധനായ തന്‍റെ പിതാവിനെ താന്‍ വേട്ടയിറച്ചിക്ക് പകരം അമ്മ പാകം ചെയ്ത ആട്ടിറിച്ചി നല്‍കി ജേഷ്ടന്‍റെ അനുഗ്രഹം പിടിച്ചു പറ്റിയത് താന്‍ ഓര്‍ത്തിരിക്കണം. ഒരു പാത്രം പായസത്തിന്ന് പകരമായി തന്‍റെ ജേഷ്ടനായ യേശാവിന്‍റെ ജേഷ്ടാവകാശം തട്ടിയെടുത്തതും വേദനിക്കുന്ന ഓര്‍മ്മയായി മനസ്സില്‍ തെളിഞ്ഞിരിക്കണം. നാം വിതയ്ക്കുന്നതു തന്നെ കൊയ്യും എന്ന പ്രമാണം ജീവിതത്തില്‍ നിന്നും ആ വര്‍ഷങ്ങളില്‍ താന്‍ ഹൃദസ്തമാക്കി.

എന്നിരുന്നാലും ഈ കാലഘട്ടത്തിൽ യാക്കോബ് വിശ്വാസത്തിൽ ഉറച്ചുനിന്നു. ലേയയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചില്ലെങ്കിലും അവൻ അവളെ തള്ളിപ്പറയുകയോ വിവാഹമോചനം നേടുകയോ ചെയ്തില്ല. നമ്മുടെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ വഴിത്തിരിവുകളിൽ നിന്നും നന്മ കൊണ്ടുവരാൻ ദൈവത്തിന് കഴിയുമെന്ന് അവൻ തെളിവായി മനസ്സിലാക്കി. അനിഷ്ടയായ ലേയയിലൂടെ തനിക്ക് ഒരു മകൻ ജനിക്കുമെന്നും, ആ മകന്‍ ലോകരക്ഷകനായിത്തീരുമെന്നും ആ സമയത്ത് അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. നാം ക്ഷമയോടെ അവനെ അനുസരിക്കുന്നത് തുടരുകയാണെങ്കിൽ, നമ്മുടെ ജീവിതത്തിലെ എല്ലാ ദുരന്തങ്ങളെയും ഒരു അനുഗ്രഹമാക്കി മാറ്റുവാൻ ദൈവത്തിന് സാധിക്കും.

വീട്ടില്‍ നിന്ന് അകന്ന് കഴിഞ്ഞ ഈ 14 വർഷവും യാക്കോബ് ഒരിക്കല്‍ പോലും തൻ്റെ പിതാവിൻ്റെ ഭവനം മറന്ന് പോയില്ല. വര്‍ഷങ്ങളോളം നാട്ടിൽ നിന്നും മാറി ഇപ്പോൾ ഒരു വലിയ കുടുംബത്തിൽ കഴിയുന്ന ഒരു വ്യക്തി തൻ്റെ പൈതൃകം മറന്നു പോകാമെന്നത് സ്വാഭാവികം. എന്നാല്‍ യാക്കോബ് ലാബാനോട് ഇങ്ങനെയാണ് പറഞ്ഞ് ഞാൻ എന്‍റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാൻ എന്നെ അയയ്ക്കേണം.” യാക്കോബ് തൻ്റെ യഥാർത്ഥ സ്ഥലവും ദേശവും ഒരിക്കലും മറന്നു പോയില്ല. യാക്കോബിന്ന് കനാൻ തൻ്റെ പിതാവ് താമസിച്ച ഒരു സ്ഥലം മാത്രമായിരുന്നില്ല, അത് അബ്രഹാമിനോടുള്ള ദൈവത്തിൻ്റെ വാഗ്ദാനത്തിൻ്റെ ഭാഗമായിരുന്നു. ആ വാഗ്ദത്തത്തിൻ്റെ അവകാശി താനാണെന്ന് ദൈവം അവനെ അറിയിച്ചിരുന്നു. അതുകൊണ്ട് ദൈവം അബ്രഹാമിനോട് വാഗ്ദത്തം ചെയ്ത തന്‍റെ സ്വന്തം ദേശത്ത് ആയിരിക്കാൻ അവൻ ആഗ്രഹിച്ചു. നേരെമറിച്ച്, അവൻ്റെ സഹോദരൻ ഏശാവ് സേയീർ മലനാട്ടിൽ പോയി അവിടെ താമസമാക്കിയതായി നാം ഉല്‍പത്തി 36ല്‍ വായിക്കുന്നു. ഏശാവിൻ്റെ ജനത്തിൻ്റെ എല്ലാ തലവന്മാരുടെയും അവർ താമസിച്ചിരുന്ന സ്ഥലങ്ങളുടെയും പേരുകള്‍ നമുക്ക് അവിടെ കാണാവുന്നതാണ്. അവരാരും കാനാനിൽ താമസിച്ചിരുന്നില്ല.

നമ്മുടെ യഥാർത്ഥ വീട് എവിടെയാണ്? നാം നമ്മുടെ ഭവനത്തിൽനിന്നും, അഥവാ കർത്താവിൻ്റെ ഭവനമായ നമ്മുടെ നിത്യവാസസ്ഥലത്തുനിന്നും അകലെയാണ് ജീവിക്കുന്നത്. പലതരം അനീതികൾക്കും വഞ്ചനകൾക്കും പലപ്പോഴും വിധേയരായേക്കാവുന്ന ഒരു ലൗകിക വ്യവസ്ഥയിലാണ് നാം അധ്വാനിക്കുന്നത്. 14 വർഷങ്ങള്‍ക്ക് ശേഷം, തൻ്റെ അമ്മായിയപ്പൻ്റെ കുടുംബത്തേക്കാൾ സ്വന്തം കുടുംബത്തിന് വേണ്ടി സമ്പാദിക്കാൻ യാക്കോബ് ആഗ്രഹിക്കുന്നു. അവൻ തൻ്റെ ചിന്തകളെ സ്വന്തം വീട്ടിലേക്ക് തിരിക്കുന്നു. “ഇനി എന്‍റെ സ്വന്തഭവനത്തിനുവേണ്ടി ഞാൻ എപ്പോൾ കരുതും?” എന്ന ചോദ്യം അവൻ ചോദിക്കുന്നു. ഈ ലോകത്ത് ജീവിക്കാനുള്ള തിരക്കിലായിരിക്കുമ്പോഴും ഓരോ ദൈവപൈതലും ഈ ചോദ്യം നമ്മോട് തന്നെ നാം ചോദിക്കേണ്ടതാണ്.

ഫില 3.20 നമ്മുടെ പൌരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെ നിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

നമ്മുടെ പൗരത്വം സ്വർഗത്തിലായതിനാൽ, ഭൂമിയിലെ സംഭവങ്ങളെക്കുറിച്ചും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചും നാം ആകുലപ്പെടേണ്ടതില്ല. നമ്മുടെ ഹൃദയം നമ്മുടെ രക്ഷകൻ്റെയും കർത്താവിൻ്റെയും രാജ്യത്തിലും നീതിയിലും അധിഷ്ഠിതമായിരിക്കേണ്ടതാണ്. നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിശുദ്ധനായിരിക്കുന്നതുപോലെ നാമും വിശുദ്ധരായിരിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. അവൻ്റെ രാജ്യം ഭൂമിയിലെ എല്ലാ രാജ്യങ്ങളെയും നീതിയിലും സമാധാനത്തിലും ഭരിക്കും എന്നതാണ് നമ്മുടെ ഭാഗ്യകരമായ പ്രത്യാശ.

കൊലോ 3.1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിർത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്‍റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ. 2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
ഈ ഭൂമിയിൽ നിക്ഷേപങ്ങള്‍ സ്വരൂപിക്കുവാനും, സംരക്ഷിക്കുവാനും നാം കഠിനാധ്വാനം ചെയ്‌താൽ, അവയ്ക്ക് ശാശ്വതമായ ഒരു മൂല്യവും ഉണ്ടാകില്ല, കാരണം അവ കള്ളന്മാർ നശിപ്പിക്കുകയോ മോഷ്ടിക്കുകയോ തുരുമ്പോടുക്കുകയോ ചെയ്യും. കർത്താവിനോടുള്ള വിശ്വസ്തമായ അനുസരണം നിമിത്തം അവനിൽ നിന്ന് നമുക്ക് ലഭിക്കുന്ന നമ്മുടെ വിശ്വാസപ്രവൃത്തികളുടെ സ്നേഹവും സന്തോഷവും നിറഞ്ഞ അംഗീകാരമാണ് നമുക്ക് നിലനിൽക്കുന്ന ഏക ധനം.

മത്തായി 6.19 പുഴുവും തുരുമ്പും കെടുക്കയും കള്ളന്മാർ തുരന്നു മോഷ്ടിക്കയും ചെയ്യുന്ന ഈ ഭൂമിയിൽ നിങ്ങൾ നിക്ഷേപം സ്വരൂപിക്കരുതു.
20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.
21 നിന്‍റെ നിക്ഷേപം ഉള്ളേടത്തു നിന്‍റെ ഹൃദയവും ഇരിക്കും.

കഴിഞ്ഞ കാലങ്ങളില്‍ നമ്മുടെ ജീവിതത്തിൽ കർത്താവ് നമുക്ക് നൽകിയ സമയവും വിഭവങ്ങളും ദുരുപയോഗം ചെയ്തുപോയി എന്ന് വിലപിക്കുന്നത് അതില്‍ തുടരാനുള്ള ഒരു ഒഴികഴിവല്ല. ലൂക്കോസ് 16-ൽ, അവിശ്വസ്തനായ ഒരു കാര്യസ്തനെക്കുറിച്ചുള്ള ഒരു ഉപമ യേശു കര്‍ത്താവ് പറയുന്നുണ്ട്. യജമാനൻ്റെ വീട്ടിൽ അവൻ അവിശ്വസ്തനായിരുന്നതു കൊണ്ട് താനിനി കാര്യസ്തനായി തുടരുവാന്‍ പാടില്ല എന്ന് യജമാനന്‍ പറഞ്ഞു. ആ അനീതിയുള്ള കാര്യവിചാരകൻ ബുദ്ധിയോടെ തന്‍റെ മുമ്പുള്ള ശിഷ്ടം കാലയളവ് ഉപയോഗിച്ചു. ഈ സമയത്ത് തന്‍റെ യജമാനന്‍റെ കടക്കാര്‍ക്ക് അവരുടെ കടങ്ങള്‍ ഇളച്ചു കൊടുത്തതുമൂലം അവരുടെ സ്നേഹവും, സൗഹൃദവും പിടിച്ചുപറ്റി. ജോലിയില്‍ നിന്ന് പുറത്തായാൽ അവർ അവനെ അവരുടെ വീടുകളിൽ സ്വീകരിക്കും വിധം അവരുമായി സൌഹാര്‍തം സ്ഥാപിക്കുക എന്നതായിരുന്നു അവൻ്റെ ലക്ഷ്യം. യേശു ഈ ഉപമയെ ഇങ്ങനെയാണ് വ്യഖ്യാനിച്ചത്, 9 അനീതിയുള്ള മമ്മോനെക്കൊണ്ടു നിങ്ങൾക്കു സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു. അതു ഇല്ലാതെയാകുമ്പോൾ അവർ നിത്യകൂടാരങ്ങളിൽ നിങ്ങളെ ചേർത്തുകൊൾവാൻ ഇടയാകും.

കഠിനമായ അദ്ധ്വാനത്തിനിടയിലും യാക്കോബ് പിതാവിൻ്റെ വീടിനായി അതിയായി വാഞ്ചിച്ചു. ദൂരദേശത്ത് താമസിക്കുകയും അദ്ധ്വാനിക്കുകയും ചെയ്യുമ്പോൾ, അത് വാഗ്ദത്ത ദേശം അല്ലാത്തതിനാൽ അവിടെ സ്ഥിരമായി താമസിക്കാൻ കഴിയില്ലെന്ന് അവനറിയാമായിരുന്നു. വീണ്ടും, അബ്രഹാമിനെപ്പോലെ, കനാൻ ദേശം അവനു വാഗ്ദത്തം ചെയ്തിട്ടും അവൻ കൂടാരങ്ങളിൽ താമസിച്ചു ദൈവം ശില്‍പിയായി നിര്‍മ്മിച്ചതും അടിസ്ഥാനമുള്ളതുമായ നഗരത്തിന്നായി കാത്തിരുന്നു. നമ്മുടെ യഥാർത്ഥ ഭവനത്തിൽ യഥാർത്ഥ നിക്ഷേപങ്ങള്‍ ശേഖരിക്കുവാനായിരിക്കണം നമ്മുടെ വാഞ്ചയും, ആഗ്രഹവും. പിതാവിൻ്റെ വീട്ടിലേക്ക് മടങ്ങാൻ കഴിയുന്നതിന് മുമ്പ് ഏഴ് വർഷം കൂടി യാക്കോബിനവിടെ അധ്വാനിക്കേണ്ടതായി വന്നു. എന്നാൽ ഈ കാലഘട്ടത്തില്‍ തന്‍റെ സ്വന്തം ഭവനത്തിന്നായി കരുതുവാന്‍ ദൈവം അവനെ സഹായിച്ചു. “കർത്താവ് എന്നെ അനുഗ്രഹിച്ചിരിക്കുന്നു” എന്ന് യാക്കോബ് ആവർത്തിച്ച് പറയുന്നതായി നാം വായിക്കുന്നു.
നമ്മുടെ ഹൃദയം എവിടെയാണോ അവിടെയായിരിക്കും നമ്മുടെ നിക്ഷേപവും. യാക്കോബിനെപ്പോലെ, നമ്മുടെ സ്വർഗീയ പിതാവിൻ്റെ വാസസ്ഥലം കാംഷിച്ച് ജീവിക്കുവാനും അതിനായി ആഗ്രഹത്തോടെയും, പ്രത്യാശയോടെയും പ്രവർത്തിക്കാനും നമുക്ക് ശ്രമിക്കാം. നമ്മുടെ പിതാവിൻ്റെ അംഗീകാരം ആസ്വദിച്ച് നമ്മുടെ യജമാനൻ്റെ സന്തോഷത്തിലേക്ക് വീണ്ടും കടെക്കുന്നതുവരെ ഈ ലോകത്തില്‍ വിശ്വസ്തരായി ജീവിക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment