+91 9892580744
gospelbroadcast@yahoo.com

Feb-24-18M-അബ്രഹാമിന്ന് രണ്ട് മക്കള് ഉണ്ടായിരുന്നു

Feb-24-18M-അബ്രഹാമിന്ന് രണ്ട് മക്കള് ഉണ്ടായിരുന്നു

LWGB Malayalam Podcast
LWGB Malayalam Podcast
Feb-24-18M-അബ്രഹാമിന്ന് രണ്ട് മക്കള് ഉണ്ടായിരുന്നു
Loading
/

18M_അബ്രഹാമിന്ന് രണ്ട് മക്കള് ഉണ്ടായിരുന്നു

ഉല്‍പത്തി 21.9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിനു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ട് അബ്രാഹാമിനോട്:
10 ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുത് എന്നു പറഞ്ഞു.
11 തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന് അനിഷ്ടമായി.
12 എന്നാൽ ദൈവം അബ്രാഹാമിനോട്: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്ക് അനിഷ്ടം തോന്നരുത്; സാറാ നിന്നോടു പറഞ്ഞതിലൊക്കെയും അവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നത്.
13 ദാസിയുടെ മകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്ന് അരുളിച്ചെയ്തു.
14 അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു.

ഗലാ 4.21 ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ?
22 എന്നോടു പറവിൻ. അബ്രാഹാമിന്നു രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; ഒരുവൻ ദാസി പ്രസവിച്ചവൻ, ഒരുവൻ സ്വതന്ത്ര പ്രസവിച്ചവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ.
23 ദാസിയുടെ മകൻ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
24 ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ.
25 ഹാഗർ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
26 മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
27 “പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
28 നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
29 എന്നാൽ അന്നു ജഡപ്രകാരം ജനിച്ചവൻ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
30 തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
31 അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

ആഭ്യന്തരയുദ്ധകാലത്ത് അമേരിക്കയുടെ പ്രസിഡൻ്റായിരുന്ന എബ്രഹാം ലിങ്കൺ ദക്ഷിണ സംസ്ഥാനങ്ങളില്‍ നിലനിന്നിരുന്ന അടിമത്തം നിർത്തലാക്കുന്നതിനായി ഒരു വിമോചന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ ആ സംസ്ഥാനങ്ങളിലെ അടിമകളുടെ ഉടമസ്ഥന്മാര്‍ ഈ പ്രഖ്യാപനത്തെക്കുറിച്ച് നിരക്ഷരരായ അടിമകളോട് വളരെക്കാലം പറഞ്ഞില്ല. അവരുടെ അറിവില്ലായ്മ കാരണം അനേകകാലം അവർ അടിമകളായി തുടരേണ്ടി വന്നു. പല വിശ്വാസികളുടെയും അവസ്ഥ ഇതാണ്. ക്രിസ്തു കുരിശിലെ വിജയം നമുക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നമ്മുടെ അജ്ഞതയും മത്സരവും കാരണം, അവൻ കുരിശിൽ നേടിയ ആ മഹത്തായ സ്വാതന്ത്ര്യത്തില്‍ ജീവിക്കുവാന്‍ നമുക്ക് സാധിക്കാതെ പോകുന്നു.

നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളും ലോകത്താലും, പിശാചിനാലും നിയന്ത്രിക്കപ്പെടുമ്പോള്‍ അതിനെ നമുക്ക് ജഡം എന്ന് വിളിക്കാം. യാക്കോബ് 1.15ാം വാക്യത്തില്‍ പാപത്തെ സ്വാര്‍ത്ഥ മോഹങ്ങളുടെ ഫലമായിട്ടാണ് നിര്‍വചിച്ചിട്ടുള്ളത്. ദൈവത്തിൻ്റെ വാഗ്ദാനത്തിനായി കാത്തിരിക്കാതെ അബ്രഹാമും, സാറയും സ്വന്തം താല്‍പര്യങ്ങള്‍ക്ക് വശംവദരായി എടുത്ത തീരുമാനത്തിന്‍റെ അനന്തരഫലമായാണ് ഇശ്മായേല്‍ ജനിച്ചത്. അബ്രഹാം സാറയുടെ ഉപദേശപ്രകാരം മിസ്രയേമ്യദാസിയായ ഹാഗാറിനെ ഭാര്യയായി എടുക്കയും ആ ബന്ധത്തില്‍ നിന്ന് ഇശ്മായേല്‍ ജനിക്കയും ചെയ്തു. ഇത് ദൈവികപദ്ധതി ആയിരുന്നില്ല. ആയതിനാല്‍ ഈ സന്തതി ദൈവികപദ്ധതി പ്രകാരം വാഗ്ദത്ത സന്തതിയായി ജനിച്ചവനും, ദൈവേഷ്ടത്താല്‍ നയിക്കപ്പെടുന്ന ആത്മാവിലുള്ള ജീവതത്തെ പ്രധിനിധീകരിക്കന്നവനുമായ, യിസഹാക്കിനെ എതിര്‍ത്തതായി നാം കാണുന്നു. ഇശ്മായേലിന്‍റെയും, യിസഹാക്കിന്‍റെയും ജീവിതം ജഡപ്രകാരമുള്ള ജീവിതവും, ആത്മപ്രകാരമുള്ള ജീവിതവും തമ്മിലുള്ള അന്തരത്ത കാണിക്കുന്നു. ദൈവേഷ്ടത്തിന് വിരുദ്ധമായി നില്‍ക്കുന്ന മനുഷ്യന്‍റെ താല്പര്യങ്ങളാണ് ജഡത്തിന്‍റെ ഇച്ഛ.

ജഡത്തിൽ നിന്ന് വരുന്നത് എല്ലായ്പ്പോഴും അടിമത്തത്തിൻ്റെ മക്കളാണ്. ആത്മീയ അടിമത്തം എന്താണെന്ന് മനസ്സിലാക്കുവാൻ യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. ഒരു കൂട്ടിൽ അടെച്ചിരിക്കുന്ന ഒരു പക്ഷി ബന്ധനത്തിലാണ്, അതിന് സ്വാതന്ത്ര്യമില്ല. പക്ഷേ, കൂട് തുറന്നാൽ പക്ഷിക്ക് പുറത്ത് പോകുവാൻ സ്വാതന്ത്ര്യമുണ്ട്. എന്നാലും അത് അനേകകാലം കൂട്ടില്‍ കിടന്ന് ശീലിച്ചതുകൊണ്ട് ഒറ്റയടിക്ക് പറക്കണമെന്നില്ല. ആരെങ്കിലും അതിനെ പറക്കാൻ പ്രേരിപ്പിച്ചാൽ, അത് പറന്നുപോകുന്നു.

ഇപ്പോൾ ഈ പക്ഷി സ്വതന്ത്രമാണ്. കൂട്ടില്‍ നിന്ന് പുതത്തുകടക്കുന്നതാണോ യഥാര്‍ത്ഥ സ്വാതന്ത്ര്യം? തുറന്ന ആകാശത്ത് തടസ്സങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ പറക്കുന്ന ഒരു പക്ഷിയാണ് യഥാർത്ഥത്തിൽ സ്വതന്ത്ര്യം അനുഭവിക്കുന്നത്. നമുക്ക് ഒരുപക്ഷേ സാമൂഹവും, കുടുംബവുമെല്ലാം വെച്ചിരുന്ന തെറ്റായ നിയന്ത്രണങ്ങളില്‍ നിന്ന് പുറത്തു വരാന്‍ സാധിക്കുമായിരിക്കും. എന്നാല്‍ അതല്ല യഥാർത്ഥ സ്വാതന്ത്ര്യം. യഥാർത്ഥത്തിൽ സ്വതന്ത്രനായിരിക്കുക എന്നത് നിങ്ങൾ ചെയ്യാൻ ദൈവം രൂപകൽപ്പന ചെയ്തിരിക്കുന്നത് ചെയ്യുക എന്നതാണ്.

അപ്പോൾ നമ്മെ സൃഷ്ടിക്കപ്പെട്ടതിൻ്റെ ഉദ്ദേശ്യം എന്തായിരുന്നു? അത് നാം ദൈവത്തിൻ്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെടവരാണ് എന്ന് മനസ്സിലാക്കുകയും അവനെ വിശ്വസിക്കയും, അനുസരിക്കയും ചെയ്യുന്നതിലൂടെ ദൈവത്തിന് മഹത്വം നൽകുക എന്നതാണ്. നമ്മുടെ ജഡത്തിന്‍റെ ബലഹീനതയാൽ നാം പാപത്തിൽ ജീവിക്കുമ്പോള്‍ ദൈവത്തിന്‍റെ ഈ ഉദ്ദേശ്യം നിറവേറപ്പെടുകയില്ല. നമ്മെ ദൈവത്തിന്‍റെ പദ്ധതിയിലേക്ക് തിരികെ കൊണ്ടുവരുവാനാണ് കർത്താവായ യേശുക്രിസ്തു ഈ ലോകത്തിലേക്ക് വന്നത്. അതുകൊണ്ട് അവൻ പറയുന്നു “പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ സാക്ഷാല്‍ സ്വതന്ത്രരാകും.”

യഥാർത്ഥ സ്വാതന്ത്ര്യം എന്താണെന്ന് മനസ്സിലാക്കിയാൽ, അടിമത്തം എന്താണെന്ന് മനസ്സിലാക്കുവാൻ എളുപ്പമാണ്. നമ്മുടെ സ്വാർത്ഥ ഇച്ഛകളിൽ നിന്നും ആഗ്രഹങ്ങളിൽ നിന്നും പുറത്തുവരുന്ന ഏതു തീരുമാനവും, നമ്മില്‍ പാപം മാത്രമേ ഉൽപ്പാദിപ്പിക്കുകയുള്ളൂ. ഗ്രീക്കിൽ പാപത്തിൻ്റെ അക്ഷരാർത്ഥം “ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിച്ചു പോവുക” എന്നാണ്. ദൈവത്തിൻ്റെ പ്രതിച്ഛായ ധരിക്കാൻ വിസമ്മതിച്ചു, അവന്‍റെ ഇഷ്ടം അറിഞ്ഞിട്ടും ചെയ്യാതിരിക്കുമ്പോൾ, നാം പാപം ചെയ്യുന്നു. അത്തരം പ്രവൃത്തികൾ നിർജീവമാണ്, കാരണം അവ ദൈവത്തിൽ നിന്ന് പുറപ്പെടുന്നതല്ല. എബ്രായർ 6:1-ൽ, ക്രിസ്തീയ ജീവിതത്തിൻ്റെ അടിത്തറയായി എഴുത്തുകാരൻ നിർജ്ജീവമായ പ്രവൃത്തികളിൽ നിന്നുള്ള മാനസാന്തരത്തെ പരാമർശിക്കുന്നു. പകരം, വിശ്വാസത്തിൻ്റെ അനുസരണത്താൽ ദൈവഹിതം ചെയ്യുവാന്‍ നമ്മെ ഉല്‍ബോധിപ്പിക്കുന്നു. അത്തരം പ്രവൃത്തികൾ നമ്മെ തന്നെ പ്രീതിപ്പെടുത്തുവാനായി ജഡത്തില്‍ നിന്നായിരിക്കയില്ല. അങ്ങനെയുള്ള പ്രവൃത്തികള്‍ വിശ്വാസത്തിൽ നിന്നും, ദൈവഹിതത്താൽ ചെയ്യുന്നതുമാണ്.

നമ്മുടെ ഇഷ്ടം ജഡത്തിന് വിധേയമായിരിക്കുന്നിടത്തോളം കാലം നാം ദൈവഹിതത്തോട് മത്സരിക്കുകയാണ്. കാരണം, ജഡം എപ്പോഴും ദൈവവുമായുള്ള ശത്രുതയിൽ സ്വയം തൃപ്തിപ്പെടാൻ ആഗ്രഹിക്കുന്നു.

തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല. ഈ രണ്ട് കുട്ടികളും ഒരുമിച്ച് തൻ്റെ അവകാശികളാകുവാൻ കഴിയില്ലെന്ന യാഥാര്‍ത്ഥ്യം അംഗികരിക്കുവാന്‍ അബ്രഹാമിന് ബുദ്ധിമുട്ടായിരുന്നു. കാരണം, ഇസ്മായേലും തന്നില്‍ നിന്ന് ഉത്ഭവിച്ചവനായിരുന്നു, പക്ഷേ അവൻ്റെ പദ്ധതി പ്രകാരം എന്ന് മാത്രം. തൻ്റെ ഈ ആദ്യ മകനോടും അദ്ദേഹത്തിന് വളരെ സ്നേഹമുണ്ടായിരുന്നു. എന്നിട്ടും അവൻ കർത്താവിൻ്റെ വാക്ക് അനുസരിച്ചു അവനെ അമ്മയോടൊപ്പം പുറത്താക്കി. നമ്മുടെ സ്വന്തം തീരുമാനങ്ങളോടും അവയുളവാക്കുന്ന ഫലങ്ങളോടും നാം പലപ്പോഴും മൃദുല സമീപനമാണ് എടുക്കാറുള്ളത്. എന്നാൽ അവ നമ്മുടെ ജഡത്തിൽ നിന്നുള്ളതാണെന്ന് തിരിച്ചറിയുമ്പോൾ, അവയെക്കുറിച്ചുള്ള ദൈവത്തിൻ്റെ കര്‍ക്കശ തീരുമാനങ്ങൾക്ക് നാം കീഴടങ്ങണം. ദൈവത്തിൻറെ വാഗ്ദത്തം നാം ഏകമനസ്സോടെ സ്വീകരിക്കണം, കാരണം അതില്‍ മാത്രമാണ് ദൈവീക അനുഗ്രഹമുള്ളത്.

ദൈവഹിതമനുസരിച്ച് എടുക്കുന്ന തീരുമാനങ്ങളെ ജഡം എപ്പോഴും എതിർക്കുകയും പരിഹസിക്കുകയും ചെയ്യും. കർത്താവ് നമ്മോട് പറയുന്ന കഠിനമായ നടപടികളെ എതിർക്കാനുള്ള നമ്മുടെ സ്വയത്തിന്‍റെ പ്രവണത നാം തിരിച്ചറിയേണം, കാരണം അവ നമ്മുടെ ജഡികസുഖത്തെ മുറിവേല്‍പ്പിക്കുന്നതാണ്. എന്നാൽ ഒരിക്കൽ നാം നമ്മുടെ ഇഷ്ടം ദൈവാത്മാവിനു കീഴ്പെടുത്തിയാൽ, ദൈവഹിതം ശുദ്ധിയോടും ശക്തിയോടും കൂടി ചെയ്യാൻ ആവശ്യമായ ധൈര്യവും ബലവും നമുക്ക് ദൈവം പ്രദാനം ചെയ്യും, ദൈവിക വാഗ്ദത്തം നമ്മില്‍ നിറവേറും. ക്രിസ്തു നമ്മിൽ വെളിപ്പെടും. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.

Post a comment