+91 9892580744
gospelbroadcast@yahoo.com

Feb-23-17M-വിശ്വാസവും ഭയവും ഇടകലരുകയില്ല

Feb-23-17M-വിശ്വാസവും ഭയവും ഇടകലരുകയില്ല

LWGB Malayalam Podcast
LWGB Malayalam Podcast
Feb-23-17M-വിശ്വാസവും ഭയവും ഇടകലരുകയില്ല
Loading
/

17M_വിശ്വാസവും ഭയവും ഇടകലരുകയില്ല

ഉല്‍പത്തി 20.1-13 അനന്തരം അബ്രാഹാം അവിടെനിന്നു തെക്കേദേശത്തേക്കു യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മധ്യേ കുടിയിരുന്ന് ഗെരാരിൽ പരദേശിയായി പാർത്തു.
2 അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർരാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി.
3 എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു.
4 എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ?
5 ഇവൾ എന്റെ പെങ്ങളാകുന്നു എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാർഥതയോടും കൈയുടെ നിർമ്മലതയോടുംകൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
6 അതിനു ദൈവം സ്വപ്നത്തിൽ അവനോട്: നീ ഇതു ഹൃദയപരമാർഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്.
7 ഇപ്പോൾ ആ പുരുഷന് അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകനാകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊൾക എന്ന് അരുളിച്ചെയ്തു.
8 അബീമേലെക് അതികാലത്ത് എഴുന്നേറ്റു തന്റെ സകല ഭൃത്യന്മാരെയും വരുത്തി ഈ കാര്യമൊക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു.
9 അബീമേലെക് അബ്രാഹാമിനെ വിളിപ്പിച്ച് അവനോട്: നീ ഞങ്ങളോടു ചെയ്തത് എന്ത്? നീ എന്റെമേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു.
10 നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത് എന്ന് അബീമേലെക് അബ്രാഹാമിനോടു ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്:
11 ഈ സ്ഥലത്തു ദൈവഭയമില്ല നിശ്ചയം; എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു.
12 വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകൾ അല്ലതാനും; അവൾ എനിക്കു ഭാര്യയായി.
13 എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: നീ എനിക്ക് ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ, അവൻ എന്റെ ആങ്ങള എന്ന് എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു.

സങ്കീ 56.3 ഞാൻ ഭയപ്പെടുന്ന നാളിൽ നിന്നിൽ ആശ്രയിക്കും.

1യോഹ 4.18 സ്നേഹത്തിൽ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാൽ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവൻ സ്നേഹത്തിൽ തികഞ്ഞവനല്ല.

സങ്കീ 34.4 ഞാൻ യഹോവയോടു അപേക്ഷിച്ചു; അവൻ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.

1999 ജനുവരി മാസം 22ാം തിയതി ഒഡീഷയില്‍ കുഷ്ടരോഗികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രഹാം സ്റ്റെയിന്‍സിനെയും, തന്‍റെ രണ്ട് പിഞ്ച് മക്കളെയും മനോഹര്‍പൂര്‍ എന്ന സ്ഥലത്ത് വെച്ച് സുവിശേഷവിരോധികള്‍ ചുട്ടെരിച്ചു. തന്‍റെ ഭര്‍ത്താവിന്‍റെ, രണ്ട് പിഞ്ചോമനകളുടെ കത്തികരിഞ്ഞ ശരീങ്ങള്‍ക്ക് മുമ്പില്‍ നിന്ന് കൊണ്ട് സ്റ്റെയിന്‍സിന്‍ വിധവയായ ഗ്ലാഡിസ് ഇങ്ങനെ പാടി

നമുക്കെല്ലാവർക്കും പലതരം ഭയങ്ങളുണ്ട്. ചിലർ തങ്ങളുടെ ജീവിതം, ഉപജീവനമാർഗം, സുരക്ഷിതത്വം, ആരോഗ്യം, പണം, കുടുംബം തുടങ്ങിയവയെക്കുറിച്ചോർത്ത് ഭയപ്പെടുന്നു. ഈ അദ്ധ്യായത്തിൽ, ഭയത്തിന് കീഴടങ്ങുകയും പിന്നീട് കള്ളം പറയുകയും ചെയ്ത ഒരു മനുഷ്യനെ നാം കാണുന്നു. നമുക്കെല്ലാവർക്കും അറിയുവാനായി ദൈവാത്മാവ് ആ നുണ ഇവിടെ രേഖപ്പെടുത്തി.

വേദപുസ്തകം ദൈവശ്വാസീയമാണ് എന്നതിന്ന് ഒരുത്തമ തെളിവാണ് ഈ അദ്ധ്യായം. ദൈവം ഉപയോഗിച്ച വ്യക്തികളുെടെ ജീവിചരിത്രം രേഖപ്പെടുത്തുമ്പോള്‍ അതിനെ ഉള്ളതുപോലെ, സത്യസന്ധതയോടു കൂടെ നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുവാനാണ് ദൈവാത്മാവ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. തന്‍റെ സ്നേഹിതനായ അബ്രഹാമിന്‍റെ ജീവ ചരിത്രത്തില്‍ നിന്ന് ഈ സംഭവം എടുത്തുമാറ്റുവാന്‍ ദൈവം ആഗ്രഹിച്ചില്ല.

വിജാതീയ രാജാവായ അബിമെലെക്ക്, ആ ദേശങ്ങളിലെ പതിവ് പോലെ,അബ്രഹാമിൻ്റെ ഭാര്യയായ സാറയെ തൻ്റെ അന്തഃപുരത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അബ്രഹാം സാറയുമായുള്ള തന്‍റെ ബന്ധത്തെക്കുറിച്ച് നുണ പറഞ്ഞതിനാൽ ഈ കാര്യം എളുപ്പമായിരുന്നു. 25 വർഷം മുമ്പ് മിസ്രയീമിൽ ചെയ്ത അതേ തെറ്റ് തന്നെ അബ്രഹാം ഇവിടെയും ആവർത്തിക്കുന്നതായി നമുക്ക് കാണാം. സാറയെ സംരക്ഷിക്കുന്ന ദൈവിക കരം ഇവിടെയും നാം കാണുന്നു. അവൻ്റെ കൃപ നമ്മുടെ എല്ലാ കുറവുകളേക്കാളും വളരെ വലുതാണ്. ഇവിടെയും ദൈവം തന്‍റെ ദാസനു വേണ്ടി ഒരു പുറജാതി രാജാവിനോട് ഇടപെടുന്നു. നമ്മുടെ ക്രിസ്തീയ ജീവതത്തിന്‍റെ ഏറ്റവും താഴ്ന്ന ഘട്ടങ്ങളിൽ പോലും നമ്മുടെ കർത്താവ് നമുക്കുവേണ്ടി വാദിക്കുന്നു എന്നറിയുന്നത് നമ്മെ ദൈവസന്നിധിയില്‍ വിനീതരാക്കേണ്ടതാണ്. ദൈവം അബിമെലെക്കിന് പ്രത്യക്ഷപ്പെടുകയും പാപം ചെയ്യുന്നതിൽ നിന്ന് അവനെ തടയുകയും അവനുവേണ്ടി പ്രാർത്ഥിക്കുന്നതിനായി അബ്രഹാമിൻ്റെ അടുക്കൽ പോകുവാൻ നിര്‍ദ്ദേശിക്കുകയും ചെയ്തു.
നാം പറഞ്ഞ ഒരു നുണയുടെ അടിസ്ഥാനത്തില്‍ പ്രയാസത്തിലകപ്പെട്ടു പോയ ഒരവിശ്വാസി പ്രാര്‍ത്ഥനക്കായി നമ്മുടെ അടുക്കല്‍ വരുന്നത് നമുക്ക് ചിന്തിക്കാന്‍ സാധിക്കുമോ?

എന്നാൽ ഇവിടെ അബ്രഹാം തൻ്റെ ഭയത്തിന് കീഴടങ്ങിയെങ്കിലും, ദൈവം അപ്പോഴും അബിമെലെക്കിൻ്റെ അല്ല, അബ്രഹാമിൻ്റെ ദൈവം എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

പലപ്പോഴും നമ്മുടെ നുണകൾ ഭയത്തിൽ നിന്നാണ് ജനിക്കുന്നത്. നമ്മുടെ ജീതത്തില്‍ വിശ്വാസവും ഭയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കയില്ല. നമ്മുടെ കർത്താവ് തൻ്റെ ശിഷ്യനോട് ഗനേസരെത്ത് തടാകത്തിൻ്റെ മറുകരയിലേക്ക് പോകാൻ ആവശ്യപ്പെട്ടതിൻ്റെ ഉദാഹരണം എടുക്കാം. ഒരു വലിയ കൊടുങ്കാറ്റ് കാരണം തടാകം കടക്കുവാൻ അവര്‍ പാടുപെടുമ്പോള്‍ കര്‍ത്താവ് പടകിൽ ഉറങ്ങുകയായിരുന്നു. ഭയചകിതരായ ശിഷ്യന്മാർ തങ്ങളുടെ പ്രാണഭയത്താൽ കർത്താവിനെ ഉണർത്തുകയും, അവൻ എഴുന്നേറ്റു കാറ്റിനെയും, കടലിനെയും ശാന്തമാക്കി അവരോടായി “നിങ്ങൾ ഇങ്ങനെ ഭീരുക്കൾ ആകുവാൻ എന്തു? നിങ്ങൾക്കു ഇപ്പോഴും വിശ്വാസമില്ലയോ” എന്നു പറഞ്ഞു. കൊടുങ്കാറ്റ് കാരണം ഭയം വന്നപ്പോൾ, “നാം അക്കരെക്കു പോക” എന്ന് കര്‍ത്താവ് പറഞ്ഞ വാക്കുകള്‍ അവർ ഓർക്കേണ്ടതായിരുന്നു. അങ്ങനെ വിശ്വസിച്ചിരുന്നു എങ്കില്‍, കൊടുങ്കാറ്റുണ്ടായിട്ടും അവർ മറുകരയിലെത്തുമായിരുന്നു. ഭയം നമ്മെ കീഴ്പ്പെടുത്താവന്‍ നോക്കുമ്പോള്‍ അതിന് വശംവദരാവാതെ കര്‍ത്താവ് നമുക്ക് നല്‍കിയി വാഗ്ദത്തങ്ങള്‍ നാം മുറുകെ പിടിക്കേണ്ടതാണ്. ഇതാണ് വിശ്വാസം. ദൈവഹിതത്തിൽ നമുക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ നാം പരാജയമായി കാണേണ്ടതില്ല.

എന്‍റെ അടിസ്ഥാനം അത് ക്രിസ്തുവില്‍ എന്ന് തുടങ്ങുന്ന നാഗല്‍ സായിപ്പ് എഴുതിയ പാട്ടിലുള്ള ഈരടികള്‍ ഓര്‍മ്മയിലേക്ക് വരുന്നു.
ഭയം സംശങ്ങള്‍ തീരെ നീങ്ങുവാന്‍ എത്ര വാഗ്ദത്തങ്ങള്‍ തന്നിട്ടുണ്ട് താന്‍
അതിലൊരു വള്ളി ഇല്ലാതാകുമോ പോകയില്ലോര്‍ പുള്ളി സാത്താനെ നീ പോ.

അടുത്ത വർഷം സാറയ്ക്ക് ഒരു മകനുണ്ടാകുമെന്നായിരുന്നു അബ്രഹാമിന് ദൈവം നൽകിയ വാഗ്ദത്തം. ഇവിടെയാണ് അബ്രഹാം തൻ്റെ വിശ്വാസം പ്രകടിപ്പിക്കേണ്ടിയിരുന്നത്. ആ വാഗ്‌ദത്തം മുറുകെ പിടിച്ചിരുന്നു എങ്കില്‍ മരണഭയമോ, രാജാവിനോടുള്ള ഭയമോ തന്നെ സ്വാധീനിക്കാതെ ദൈവത്തില്‍ ബലപ്പെടാമായിരുന്നു. എന്നാൽ ഇവിടെ അബ്രഹാം പരാജയപ്പെട്ടു.

മറുവശത്ത്, ദൈവത്തിൻ്റെ പ്രധിനിധിയായി ആ നാട്ടില്‍ ഉണ്ടായിരുന്ന ഏക വ്യക്തിയായിരുന്നു അബ്രഹാം. ദൈവം അവനുമായി ഒരു ഉടമ്പടിയും ഉണ്ടാക്കിയിരുന്നു. എന്നാല്‍ അവൻ്റെ ബലഹീനതയിലും ഭയത്തിലും ആ വ്യക്തി പരാജയപ്പെട്ടപ്പോൾ, താനുണ്ടാക്കിയ ഉടമ്പടിയോടുള്ള ദൈവത്തിൻ്റെ വിശ്വസ്തത നാം ഇവിടെ കാണുന്നു. മാത്രമല്ല, ദൈവം അബിമെലെക്കിനെക്കാൾ അബ്രഹാമിനെ സംരക്ഷിച്ചു, അബിമെലെക്കിന് ദൈവം സ്വപ്നത്തില്‍ വെളിപ്പെട്ടപ്പോള്‍ അബ്രഹാമിന്‍റെ കുറ്റങ്ങളൊന്നും തന്നോട് പറയുന്നതായി നാം അവിടെ വായിക്കുന്നില്ല. മറിച്ച് ദൈവം അവനൊരു പ്രവാചകനാണെന്നും, അവൻ്റെ മധ്യസ്ഥത പ്രാര്‍ത്ഥനയിലൂടെ തൻ്റെ കുടുംബത്തിന്മേൽ വന്നിരിക്കുന്ന ദൈവകോപാം നീക്കുവാൻ കഴിയുന്നവനാണെന്നും പറകയുണ്ടായി. ഇത് പക്ഷപാതമല്ല, മറിച്ച് ദൈവം തൻ്റെ വിശുദ്ധരെ ക്രിസ്തുയേശുവില്‍ യഥാർത്ഥത്തിൽ വിശുദ്ധരായി കാണുന്നു എന്നതിന്നുള്ള തെളിവാണ് . നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ മരണത്താൽ നമ്മുടെ അനീതി ഒരിക്കൽ എന്നെന്നേക്കുമായി അവന്‍ എടുത്തുമാറ്റിയിരിക്കുന്നു.

ദൈവത്തിൻ്റെ ഉടമ്പടിയും വാഗ്ദത്തവും നമ്മുടെ ജീവിതത്തിലും നിറവേറുന്നത്, ഒരു തരത്തിലും നാം അതിന് അർഹരായതുകൊണ്ടല്ല, മറിച്ച് അബ്രഹാമിന്‍റെ ജീവിതത്തില്‍ കണ്ടതുപോലെ, ദൈവത്തിന് തന്‍റെ വാഗ്ദത്തങ്ങളോടുള്ള വിശ്വസ്തത നിമിത്തം മാത്രമാണെന്ന് നമുക്ക് ഈ ഭാഗത്തില്‍ നിന്ന് ഗ്രഹിക്കാം. അബ്രഹാം ലോകത്തിൻ്റെ അവകാശിയായിത്തീർന്നത് അവൻ്റെ വിശ്വാസം ദൈവം തൻ്റെ നീതിയായി അംഗീകരിച്ചതുകൊണ്ടാണ്. ദൈവത്തിൻ്റെ വിശ്വസ്തതയും കൃപയും ഇവിടെ പൂർണ്ണമായി പ്രദർശിപ്പിച്ചിരിക്കുന്നതായി നമുക്ക് കാണാം. നമ്മുടെ രക്ഷയ്ക്കും നിത്യജീവൻ്റെ പ്രത്യാശക്കുമായി നാം അവൻ്റെ അചഞ്ചലമായ കരുണയിലും കൃപയിലും എത്ര പൂർണ്ണമായി ആശ്രയിക്കണം. ഈ തിരിച്ചറിവ് നമ്മെ വിനീതരാക്കുകയും, എളിമയുടെയും നന്ദിയുള്ള സ്നേഹത്തിൻ്റെയും ആഴങ്ങളിലേക്ക് നമ്മെ നയിക്കുകയും ചെയ്യും. ദൈവത്തിന് സ്തോത്രം.

Post a comment