+91 9892580744
gospelbroadcast@yahoo.com

Feb-12-10M-നമ്മുടെ അതിമഹത്തായ സമ്പത്ത്

Feb-12-10M-നമ്മുടെ അതിമഹത്തായ സമ്പത്ത്

LWGB Malayalam Podcast
LWGB Malayalam Podcast
Feb-12-10M-നമ്മുടെ അതിമഹത്തായ സമ്പത്ത്
Loading
/

10M_നമ്മുടെ അതിമഹത്തായ സമ്പത്ത്

ഉല്‍പത്തി 14.18 ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു.
19 അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ;
20 നിന്‍റെ ശത്രുക്കളെ നിന്‍റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു.
21 സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊൾക എന്നു പറഞ്ഞു.
22 അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ
23 സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.
24 ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.

15.1 അതിന്‍റെശേഷം അബ്രാമിനു ദർശനത്തിൽ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ കര്‍ത്താവിന്നായി ശുശ്രൂഷ ചെയ്‌ത സാമുവൽ മോറിസൺ എന്ന ഒരു മിഷനറി 19ാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ ജീവിച്ചിരുന്നു. ആഫ്രിക്കയില്‍ ഇരുപത്തിയഞ്ച് വർഷത്തെ ശുശ്രൂഷ തികച്ചശേഷം തന്‍റെ സ്വദേശമായ അമേരിക്കയിലേക്ക് മടങ്ങുവാന്‍ താന്‍ തീരുമാനിച്ചു. ആ സമയത്ത് ആഫ്രിക്കയില്‍ ശിക്കാരിനായി വന്ന അമേരിക്കന്‍ പ്രസിഡന്‍റ് ടെഡി റൂസ്‌വെൽറ്റിനെ തിരികെ കൊണ്ടുവരാന്‍ വേണ്ടി വന്ന അതേ കപ്പലിലായിരുന്നു അദ്ദേഹം അമേരിക്കയിലേക്ക് യാത്രതിരിച്ചത്. കപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്ത് നങ്കൂരമിട്ടപ്പോള്‍ പ്രസിഡന്‍റ് റൂസ്‌വെൽറ്റിനെ വരവേല്‍ക്കുവാന്‍ വാദ്യമേളങ്ങളും, തോരണങ്ങളുമായി ഒരു വമ്പിച്ച ജനക്കൂട്ടം അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ആള്‍കൂട്ടത്തെ നിയന്ത്രിക്കുവാനും, പ്രസിഡന്‍റിന് സുരക്ഷയൊരുക്കുവാനും വലിയൊരു പോലീസ് സേനയും അവിടെ സജ്ജമായി നിന്നിരുന്നു. അദ്ദേഹത്തിന് യാത്ര ചെയ്യുവാനും, അകമ്പടി പോകുവാനും അനേക വാഹനങ്ങളും അവിടെ കാത്ത് നിന്നിരുന്നു. എന്നാല്‍ അതേ കപ്പലിലുണ്ടായിരുന്ന മോറിസൺ കപ്പലിൽ നിന്ന് ഇറങ്ങി ആരാലും ശ്രദ്ധിക്കപ്പെടാതെ ഒറ്റയ്തക്ക് വീട്ടിലേക്ക് യാത്രയായി. അദ്ദേഹം അവിടെ ഉണ്ടെന്ന് പോലും ആരും അറിഞ്ഞില്ല. തിക്കിലും, തിരക്കിലും അയാൾക്ക് തന്‍റെ വീട്ടിലേക്ക് യാത്ര ചെയ്യുവാൻ ഒരു വാഹനം പോലും ലഭിച്ചില്ല.

അന്ന് രാത്രി മോറിസൺ തന്‍റെ ഹൃദയത്തിൽ ദൈവത്തോടായി ഇങ്ങനെ പരാതിപ്പെട്ടു. “എന്‍റെ രാജ്യത്തിന്‍റെ പ്രസിഡന്‍റ് മൂന്നാഴ്ചയോളം ആഫ്രിക്കന്‍ കാടുകളില്‍ വേട്ടയാടുകയായിരുന്നു, കായിക വിനോദത്തിനായി അദ്ദേഹം മൃഗങ്ങളെ വെടിവച്ചു കൊല്ലുകയും, അതില്‍ ആനന്ദം കണ്ടെത്തി മടങ്ങി വന്നപ്പോള്‍, ലോകം മുഴുവനും അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് സ്വാഗതം ചെയ്യുവാന്‍ വന്നു നില്‍ക്കുന്നു. ആഫ്രിക്കയിൽ എന്‍റെ ജീവിതത്തിന്‍റെ ഇരുപത്തിയഞ്ച് വർഷം ഞാൻ നിനക്കായി നൽകി, വിശ്വസ്തതയോടെ നിന്നെ സേവിച്ചു. ഞാന്‍ തിരിച്ച് വീട്ടിലേക്ക് മടങ്ങിയപ്പോള്‍ എന്നെ സ്വീകരിക്കുവാന്‍ ആരും വന്നില്ല. എന്നെ കണ്ടതായി പോലും ആരും നടിച്ചില്ല. ഇതെന്തൊരു അന്യായമാണ്”

അന്നു രാത്രി ഹൃദയത്തിൽ വേദനിക്കുന്ന ആ ചോദ്യചിഹ്നവുമായി കിടക്കാന്‍ പോയ മോറിസണ് ഉറക്കം വന്നില്ല. കുറച്ച് സമയം കഴിഞ്ഞപ്പോള്‍ ദൈവത്തിന്‍റെ സൗമ്യമായ, സ്നേഹനിർഭരമായ ശബ്ദം തന്‍റെ ആത്മാവിനോടായി ഇങ്ങനെ മന്ത്രിക്കുന്നത് അവൻ കേട്ടു. “എന്‍റെ മകനേ, നീ ഇതുവരെ നിന്‍റെ സ്വന്തം വീട്ടിലെത്തിയിട്ടില്ല!”

സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിച്ച അബ്രഹാമിന്‍റെ ജീവിതത്തിലെ ഒരു സുപ്രധാന സംഭവമാണ് ഇന്ന് നാം ചിന്തിക്കുന്നത്. യോർദാൻ താഴ്‌വരയിൽ ബൈബിളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആദ്യത്തെ യുദ്ധം നാം ഇവിടെ കാണുന്നു. ആ താഴ്‌വരയിൽ ഒരു ചെറിയ കൂട്ടം ജാതീയ രാജ്യങ്ങൾ ജീവിച്ചിരുന്നു – നാല് രാജാക്കന്മാരുടെ ഒരു സഖ്യം അഞ്ച് പേരുടെ ഒരു സഖ്യത്തെ ഭരിക്കുന്നു. പന്ത്രണ്ട് വർഷക്കാലം ഈ 5 രാജാക്കന്മാർ മറ്റ് നാലുപേർക്ക് കീഴിലായിരുന്നു. എന്നാൽ 13-ാം വർഷം അവർക്കെതിരെ മത്സരിച്ചതിന്‍റെ ഫലമായി, ആ 4 രാജാക്കന്മാർ വന്ന് മറ്റ് 5 പേരെ കീഴ്പ്പെടുത്തുകയും, അവരെയും അവരുടെ നഗരങ്ങളിലുള്ള എല്ലാവരെയും ബന്ദികളാക്കുകയും ചെയ്തു. പരാജയപ്പെട്ട ആ അഞ്ച് രാജാക്കന്മാരിൽ സോദോമിലെ രാജാവും ഉള്‍പ്പെട്ടിരുന്നു, അബ്രഹാമിന്‍റെ സഹോദര പുത്രനായ ലോത്തും അവരോടൊപ്പം ബന്ദിയാക്കപ്പെട്ടു. തന്‍റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്‍റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ അവരെ പിന്തുടർന്നു. അബ്രഹാം മുമ്പിലത്തെപ്പോലെ തന്നേ ലോത്തിനെ സ്നേഹിച്ചിരുന്നു. കാരണം ലോത്ത് യഥാര്‍ത്ഥമായി തനിക്ക് ന്യായമായി ലഭിക്കേണ്ട ഒന്നും തന്നെ കവര്‍ന്നെടുത്തതായി അവനു തോന്നിയിരുന്നില്ല. നമുക്ക് സംരക്ഷിക്കുവാന്‍ നമ്മുടേതായ അവകാശങ്ങളൊന്നും തന്നെയില്ലെങ്കില്‍, ദൈവത്തിന്‍റെ അളവറ്റ കൃപ ലഭിക്കുകയല്ലാതെ നമുക്ക് യാതൊന്നും നഷ്ടപ്പെടുവാനില്ല.
ലോത്ത് തന്നിൽ നിന്ന് വേർപിരിഞ്ഞതിൽ അബ്രഹാമിന് നീരസമൊന്നും തോന്നിയിരുന്നില്ല, കാരണം, നിരന്തരമായ വഴക്കുകളുടെ മദ്ധ്യത്തില്‍ ഒരുമിച്ച് ജീവിക്കുന്നതിനുപകരം അവർ സമാധാനത്തോടെ വേർപിരിഞ്ഞ് ജീവിക്കണമെന്നത് അബ്രഹാമിന്‍റെ നിർദ്ദേശമായിരുന്നു. ലോത്തിന് തെറ്റ് പറ്റിയത് വേർപിരിയുന്നതിലല്ല, പിന്നെയോ ദൈവജനത്തെക്കാൾ ദുഷ്ടന്മാരുമായി താദാത്മ്യം പ്രാപിച്ചതിലാണ്.

അബ്രഹാമിന് തന്‍റെ ആത്മാവില്‍ ഇവിടെ വീണ്ടുംമൊരു പരീക്ഷണം നേരിടേണ്ടി വരുന്നു. “സോദോമില്‍ പോകുവാനും, അവിടെ ജീവിക്കുവാനുമുള്ള തീരുമാനം ലോത്ത് തന്നെ എടുത്തതായിരുന്നു, ഇപ്പോള്‍ അവൻ വിഷമസന്ധിയിലായിരിക്കുന്നു. ഇതവനുണ്ടാക്കിയ പ്രശ്നമാണ്, എനിക്കതില്‍ പങ്കില്ല. അവന്‍ തന്നെ നോക്കികൊള്ളട്ടെ” എന്ന് അബ്രഹാമിന്ന് പറയാമായിരുന്നു. എന്നാൽ ലോത്തിനെ മാത്രമല്ല, തടവിലാക്കപ്പെട്ട സൊദോമിലെ എല്ലാവരെയും അവരുടെ സ്വത്തുക്കളെയും രക്ഷിക്കുവാനായി അബ്രഹാം സ്വയം സമർപ്പിച്ചു. അഞ്ച് രാജാക്കന്മാരുടെ സഖ്യത്തിന് എതിർത്തുനിൽക്കാൻ കഴിയാതിരുന്ന നാല് രാജാക്കന്മാരുടെ സഖ്യത്തെ പരാജയപ്പെടുത്താൻ കർത്താവ് അവനെ പ്രാപ്തനാക്കി.
ഈ മഹത്തായ വിജയത്തിന് ശേഷം തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന് രണ്ട് വ്യക്തികളെ അഭിമുഖീകരിക്കേണ്ടി വന്നു. ആദ്യത്തേത് “മൽക്കീസേദെക്ക്” ആയിരുന്നു, അതിന്‍റെ പേര് “നീതിയുടെ രാജാവ്” എന്നാണ്. അവൻ ദൈവത്തിന്‍റെ ഒരു പുരോഹിതൻ കൂടിയായിരുന്നു. ഈ മനുഷ്യൻ ക്രിസ്തുവിന്‍റെ ഒരു മാതൃകയെ പ്രതിനിധീകരിക്കുന്നു, കാരണം അവന്‍റെ ആരംഭത്തെക്കുറിച്ചോ അവസാനത്തെക്കുറിച്ചോ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. രണ്ടാമതായി, അവൻ നീതിയുടെ രാജാവാണ്. മൂന്നാമതായി, അവൻ സമാധാനത്തിന്‍റെ രാജാവാണ്. നാലാമതായി, അവൻ ജീവനുള്ള ദൈവത്തിന്‍റെ പുരോഹിതനായിരുന്നു, അക്കാലത്ത് ദൈവം തിരഞ്ഞെടുത്ത മനുഷ്യനായിരുന്ന അബ്രഹാമിനെ അവൻ അനുഗ്രഹിച്ചു.
മെല്‍ക്കീസദേക്കിനെ പഴയനിയമത്തില്‍ മനുഷ്യരൂപത്തിലുള്ള ദൈവത്തിന്‍റെ പ്രത്യക്ഷതയായി ചില വേദപണ്ഡിതന്മാര്‍ കരുതുന്നുണ്ട്.

സ്വർഗത്തിനും ഭൂമിക്കും നാഥനായവനും, തന്‍റെ ശത്രുക്കളെ തന്‍റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞുകൊണ്ട് മെല്‍ക്കിസദേക്ക് അബ്രഹാമിനെ അനുഗ്രഹിച്ചു.എബ്രഹാം അദ്ദേഹത്തിന് സകലത്തിലും ദശാംശം നൽകി ആദരിച്ചു. നാം കർത്താവിനായി നൽകുമ്പോൾ, നാം അവനെ ബഹുമാനിക്കുകയും നമ്മുടെ ഉപജീവനത്തിനായി സമ്പാദിക്കുന്നതില്‍ അവനാണ് നമ്മെ സഹായിക്കുന്നതെന്ന സത്യം അംഗീകരിക്കുകയും ചെയ്യുന്നു. ദൈവം തന്‍റെ ദാതാവും, സംരക്ഷകനുമാണെന്ന് അബ്രഹാം മനസ്സിലാക്കി.
രണ്ടാമതായി താന്‍ അഭിമുഖീകരിച്ച വ്യക്തി സോദോം രാജാവായിരുന്നു. ഈ രാജാവ് വാഗ്ദാനം ചെയ്ത വമ്പിച്ച പ്രതിഫലം അബ്രഹാം നിരാകരിക്കുകകയും അവരുടെ സംരക്ഷണത്തിന്‍ കീഴില്‍ വരുവാൻ വിസമ്മതിക്കുകയും ചെയ്തു.

“13 സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.” എന്ന് ഉല്പത്തി 13:13ല്‍ നാം കാണുന്നു. തന്‍റെ സമ്പത്തും വിജയവും അത്തരത്തിലുള്ള ഒരു ദുഷ്ടനില്‍ന്നാണ് വന്നതെന്ന് കരുതുവാന്‍ അവൻ ആഗ്രഹിച്ചിരുന്നില്ല. തനിക്കുണ്ടായിരുന്ന സമ്പത്ത് അത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പിന്‍റെയും, സംരക്ഷണത്തിന്‍റെയും, കരുതലിന്‍റെയും ഫലമാണെന്ന് അബ്രഹാമിന്ന് നന്നായി അറിയാമായിരുന്നു. ദൈവത്തിന് മാത്രം അര്‍ഹതപ്പെട്ട ആ സ്ഥാനവും, പുകഴ്ചയും സത്യ ദൈവത്തെ അറിയാത്ത ഒരു മനുഷ്യന് വിട്ട് കൊടുക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. സങ്കീർത്തനങ്ങൾ 119:57 ൽ നാം വായിക്കുന്നു “യഹോവേ, നീ എന്‍റെ ഓഹരിയാകുന്നു; ഞാൻ നിന്‍റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.

രണ്ടാമതായി, അവൻ മനുഷ്യരിൽ നിന്ന് പ്രതിഫലമോ, അഭിനന്ദനമോ ആഗ്രഹിച്ചിരുന്നില്ല. നമ്മൾ മാനുഷിക അംഗീകാരത്തെ ആശ്രയിക്കുകയാണെങ്കിൽ, അത് ലഭിച്ചില്ലെങ്കിൽ നാം നിരാശരാകും. നമ്മുടെ ഉദ്ദേശ്യങ്ങൾ സമ്മിശ്രമായിരിക്കും. ഉപയോഗശൂന്യമായ മാനുഷിക അംഗീകാരത്തെ നാം വിലമതിക്കുകയും, അമൂല്യമായ ദൈവിക അംഗീകാരത്തെ നാം അവഗണിക്കുകയും ചെയ്യും.

അധികാരത്തിനും സ്ഥാനത്തിനും സംരക്ഷണത്തിനും അന്തസ്സിനുമായി നാം ലൗകിക അധികാരികളെയും ഈ ലോകത്തിലുള്ള മഹാന്മാരെയും ആശ്രയിക്കുന്നു. നമ്മുടെ തീരുമാനങ്ങൾ അവരാല്‍ നയിക്കുപ്പെടുവാന്‍ നാം അനുവദിക്കുന്നു. അവരിൽ നിന്ന് നാം പഠിക്കുന്നു. നാം അവരെ നോക്കുകയും, അവരുടെ പ്രവൃത്തികളെ അഭിനന്ദിക്കുകയും ചെയ്യുന്നു. അവരെ നമ്മില്‍ നിന്നകറ്റാൻ നാം ഭയപ്പെടുന്നു. സ്വർഗത്തിനും ഭൂമിക്കും നാഥനായ ദൈവമാണ് നമ്മുടെ സഹായത്തിന്‍റെ യഥാര്‍ത്ഥ ഉറവിടം എന്ന് അബ്രഹാമിനുണ്ടായിരുന്ന വ്യക്തമായ കാഴ്ചപ്പാട് നമുക്കില്ലാത്തത് കൊണ്ടാണ് നാം ഈ മൂഢ ചിന്താഗതികള്‍ വെച്ച് പുലര്‍ത്തുന്നത്. സങ്കീർത്തനക്കാരൻ സങ്കീർത്തനങ്ങൾ 121:1-2 ൽ പറയുന്നു “ഞാൻ എന്‍റെ കണ്ണു പർവ്വതങ്ങളിലേക്കു ഉയർത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
2 എന്‍റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കൽനിന്നു വരുന്നു.”
ദൈവം അബ്രഹാമിന് ദര്‍ശനത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് “അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്‍റെ പരിചയും നിന്‍റെ അതിമഹത്തായ പ്രതിഫലവും ആകുന്നു. എന്നരുളിചെയ്തു.
ദൈവം അവന്‍റെ ഏകാഗ്രതയ്ക്കും, വിശ്വാസത്തിന്നും പ്രതിഫലം നൽകുകയായിരുന്നു.

മുന്‍ പറഞ്ഞ സാഹചര്യത്തില്‍ താനെടുത്ത തീരുമാനങ്ങള്‍ ശരിയായിരുന്നോ എന്ന് സംശയിക്കുവാന്‍ സാധ്യതയുള്ള സംഗതികളിൽ തന്നെ അബ്രഹാമിന് ദൈവത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചു. നാല് അതിശക്തരായ രാജാക്കന്മാരെ തോല്‍പിക്കവഴി അവൻ ശക്തരായ ചില ശത്രുക്കളെ സൃഷ്ടിച്ചിരിക്കുകയാണ്; എന്നാല്‍ താന്‍ തന്നെയാണ് തന്‍റെ പരിചയും, രക്ഷാധികാരിയും എന്ന് ദൈവം അബ്രഹാമിനെ ഓർമ്മിപ്പിക്കുന്നു. അല്‍പം മുമ്പ് സോദോം രാജാവില്‍ നിന്ന് താനൊരു വമ്പിച്ച പാരിതോഷികം നിരസിക്കുകയുണ്ടായി. താന്‍ തന്നെയാണ് അവന്‍റെ അതിമഹത്തായ പ്രതിഫലവം എന്ന് ദൈവം അവനെ ഓർമ്മിപ്പിക്കുന്നു. ഇത് തന്‍റെ വിശ്വാസം ഉണർത്തുവാൻ ദൈവം നൽകിയ കൈക്കൂലിയല്ല, മറിച്ച് അബ്രഹാം ഇതിനോടകം ജീവിച്ചു കാണിച്ച വിശ്വാസത്തിന്‍റെ അംഗീകാരമാണ്.

ഭൂമിയിലെ ഏറ്റവും വലിയ ശക്തിക്കെതിരെ ദൈവം നമ്മുടെ പരിചയാണ്. ഈ ലോകക്കാർ നമുക്ക് നൽകാൻ കഴിയുന്ന ഏതിൽ നിന്നും വ്യത്യസ്തമായി, ദൈവം നമ്മുടെ അതിമഹത്തായ പ്രതിഫലമാണ്.

ദൈവത്തെ നന്നായി അറിയാനുള്ള ഏറ്റവും നല്ല മാർഗം, നമുക്ക് ഇതിനകം ഉള്ള വിശ്വാസത്താൽ അവനെ അനുസരിക്കുക എന്നതാണ്. വിശ്വാസത്താൽ അബ്രഹാം സ്ഥിരമായി ദൈവത്തെ അനുസരിച്ചു, ആവര്‍ത്തിച്ചാവർത്തിച്ച് കർത്താവ് അവന് പ്രത്യക്ഷനായി. യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്കു ഉണ്ടാകും; അവൻ തന്‍റെ നിയമം അവരെ അറിയിക്കുന്നു. ദൈവത്തിന്ന് സ്തോത്രം.

Post a comment