+91 9892580744
gospelbroadcast@yahoo.com

Feb-03-03M-തന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ ഉത്സാഹിക്ക

Feb-03-03M-തന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ ഉത്സാഹിക്ക

LWGB Malayalam Podcast
LWGB Malayalam Podcast
Feb-03-03M-തന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ ഉത്സാഹിക്ക
Loading
/

03M-തന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാന്‍ ഉത്സാഹിക്ക

ഉല്‍പത്തി 2.1 ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
2 താൻ ചെയ്ത പ്രവൃത്തിയൊക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനായി.
3 താൻ സൃഷ്‍ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയിൽനിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സഭാ പിതാക്കന്മാരിലൊരാളായ St.അഗസ്റ്റിന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് – യഹോവേ, നീ ഞങ്ങളെ നിനക്കായി സൃഷ്ടിച്ചിരിക്കുന്നു; നിന്നിൽ വസിക്കുന്നതുവരെ ഞങ്ങളുടെ ഹൃദയം അസ്വസ്ഥമായിരിക്കും.

ദൈവം മനുഷ്യനെ ആറാം ദിവസം സൃഷ്ടിച്ചു, ഏഴാം ദിവസം ദൈവം വിശ്രമിച്ചു. അതിനാൽ മനുഷ്യൻ സൃഷ്ടിക്കപ്പെട്ടത് ദൈവത്തിന് വേണ്ടി പ്രവർത്തിക്കാനല്ല, മറിച്ച് ദൈവത്തിന്‍റെ സ്വസ്ഥതയിലേക്ക് പ്രവേശിക്കാനാണ്. ദൈവം തന്‍റെ എല്ലാ പ്രവൃത്തികളിലും അനുഭവിച്ച സംതൃപ്‌തി അവർ ആസ്വദിച്ചു. അവർക്ക് ആ ദിവസത്തില്‍ ഒന്നും ചെയ്യുവാനില്ലായിരുന്നു.

ദൈവം ആറു ദിവസം കൊണ്ട് തന്‍റെ സൃഷ്ടിയെല്ലാം ഭംഗിയായി പൂര്‍ത്തീകരിക്കയും, എഴാം ദിവസം വിശ്രമിക്കുകയും ചെയ്തു. മനുഷ ചരിത്രത്തിന് ആവശ്യമായ സകലവും നിവൃത്തിയായി എന്ന സംതൃപ്തിയില്‍ ദൈവം ഏഴാം ദിവസത്തെ വിശുദ്ധീകരിക്കയും, അനുഗ്രഹിക്കയും ചെയ്തു. അതുകൊണ്ട് ദൈവം സകലപ്രവൃത്തിയില്‍ നിന്നും നിവൃത്തനായി എന്ന സംതൃപ്തിയോടും, ചാരിദാര്‍ത്യത്തോടും കൂടെയാണ് ആദാം ഏഴാംദിവസത്തിലേക്ക് പ്രവേശിച്ചത്. ആ ദിവസത്തില്‍ ചെയ്ത് തീര്‍ക്കുവാന്‍ ആവശ്യമായ ഒന്നും തന്നെ ഭാക്കിയില്ലായിരുന്നു. അതുകൊണ്ട് അവന്ന് വ്യാകുലപ്പെടുകയോ, വിഷമിക്കുകയോ ചെയ്യേണ്ടതില്ലായിരുന്നു. തന്‍റെ ദൈവത്തോടൊപ്പം സമാധാനത്തോടെ വിശ്രമിക്കാം. ദൈവം അനുഗ്രഹിച്ചതിലേക്ക് പ്രവേശിക്കുന്നത് എന്തൊരനുഗ്രഹമാണ്.

ദൈവം ആ ദിവസത്തെ വിശുദ്ധീകരിച്ചു, ആഴ്‌ചയിലെ മറ്റ് ആറ് ദിവസങ്ങളിൽ നിന്ന് അവൻ അതിനെ വേർതിരിച്ചു. അന്നുമുതൽ, എല്ലാ കാലത്തും, ദൈവത്തിന്‍റെ പ്രവൃത്തികളുടെ പൂർത്തീകരണത്തെ അനുസ്മരിക്കുന്ന ദിവസമായിരുന്നു ആ ദിവസം. ആ പൂർത്തീകരണത്തിൽ നിന്നുള്ള വിശ്രമവും, സംതൃപ്തിയും, ഉറപ്പും കര്‍ത്താവിലാശ്രയിക്കുന്നവര്‍ക്ക് ഇന്നും ലഭ്യമാണ്.

വിശ്രമത്തെക്കുറിച്ചുള്ള മനുഷ്യന്‍റെ ആശയം ജോലി അവസാനിപ്പിച്ച്, പകരം ഉറക്കം, വിനോദങ്ങള്‍, അവധിക്കാല ആഘോഷങ്ങള്‍, മീന്‍പിടുത്തം തുടങ്ങിയുള്ള പിരിമുറുക്കം കുറയ്ക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക എന്നതാണ്. ഇതിലൊന്നും ഒരു ദോഷവുമില്ല. എന്നാല്‍ ദൈവത്തിന്‍റെ സ്വസ്ഥത എന്ന മഹത്വകരവും, സകലത്തേയും നിയന്ത്രിക്കുന്ന സത്യം നാം അറിയുന്നില്ല എങ്കില്‍ ഈ കാര്യങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ നമ്മുടെ മനസ്സ് കലങ്ങിമറയുന്ന കടല്‍പോലെയായിരിക്കും.

യെശ 57.20 ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.

സ്ഥലം മാറിയാല്‍ നമുക്ക് വിശ്രമം ലഭിക്കും എന്നതാണ് മറ്റൊരു തെറ്റിദ്ധാരണ. യിസ്രായേല്യർ മിസ്രയേമില്‍ അടിമകളായിരുന്നപ്പോൾ, മിസ്രയേം വിട്ടുപോയാൽ അവർക്ക് വിശ്രമം ലഭിക്കുമെന്ന് അവർ കരുതി. എന്നാൽ അവർ 40 വർഷം മരുഭൂമിയിൽ അലഞ്ഞുഉഴന്നു. അപ്പോൾ അടുത്ത തലമുറ കരുതിയത് കനാനിൽ പ്രവേശിച്ചാൽ അവർക്ക് വിശ്രമം ലഭിക്കുമെന്നാണ്. എന്നാൽ കനാനിൽ അവർക്ക് വിശ്രമം നൽകുവാന്‍ യോശുവയ്ക്ക് കഴിഞ്ഞില്ല എന്ന് എബ്രായര്‍ക്കെഴുതിയ ലേഖനത്തില്‍ നാം കാണുന്നു. ഒരു ദൈവഭക്തന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്, “ദൈവത്തിന് യിസ്രയേല്‍മക്കളെ മിസ്രയേമില്‍ നിന്ന് കൊണ്ടുപോകുന്നത് താരതമ്യേന എളുപ്പമായിരുന്നു, എന്നാൽ മിസ്രയേമിനെ ഇസ്രായേല്‍മക്കളില്‍ നിന്ന് പുറത്തെടുക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.” ജീവിതത്തിൽ ഒരു പ്രതിസന്ധി ഉണ്ടായപ്പോൾ അവർ മനസ്സിൽ എപ്പോഴും മിസ്രയീമിലേക്ക് മടങ്ങുകയായിരുന്നു.

യിസ്രായേല്യരെ സംബന്ധിച്ചിടത്തോളം, ശബ്ബത്തു ദിനമോ, അടിമത്തത്തിൽ നിന്നുള്ള വിടുതലോ, വാഗ്ദത്ത ദേശത്തിലെത്തുന്നതോ ഇതൊന്നും വിശ്രമത്തിന് തുല്യമായിരുന്നില്ല. അപ്പോൾ എന്താണ് വിശ്രമം?
ലളിതമായ വിശ്വാസത്തിൽ നിന്നും ദൈവത്തോടുള്ള അനുസരണത്തിൽ നിന്നും ഉണ്ടാകുന്ന ഒരു അനുഭവമാണ് വിശ്രമം. മിസ്രയീം വിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ യിസ്രയേല്‍മക്കള്‍ കനാന്‍ അതിര്‍ത്തിയില്‍ എത്തിച്ചേര്‍ന്നു. അവിടെ വെച്ച് കനാൻ ദേശം ഒറ്റുനോക്കാൻ 12 ചാരന്മാരെ അയയ്ക്കാൻ ഇസ്രായേല്യർ മോശയെ പ്രേരിപ്പിച്ചു. അവരിൽ പത്തുപേർ ആ ദേശത്ത് മല്ലന്‍മാര്‍ ഉണ്ടെന്നും തങ്ങൾക്ക് അതിൽ കടപ്പാന്‍ കഴിയില്ലെന്നും പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി. എന്നാൽ പാലും തേനും ഒഴുകുന്ന ദേശത്തേക്ക് ദൈവം തങ്ങളെ കൊണ്ടുപോകുമെന്ന് വാഗ്ദത്തം ചെയ്‌തതായി യോശുവയും കാലേബും അവരെ ഓർമ്മിപ്പിച്ചു. ഈ രണ്ടുപേരും ദൈവത്തിൽ ആശ്രയിക്കുകയും മിസ്രയീമില്‍ യിസ്രായേല്‍ മക്കള്‍ എല്ലാവരും കണ്ട അവന്‍റെ ശക്തിയിൽ വിശ്രമിക്കുകയും ചെയ്തു. എന്നാല്‍ യിസ്രായേല്‍ മക്കള്‍ ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിൽ ആശ്രയിക്കുന്നതിനുപകരം, പത്തു ഒറ്റുകാരുടെ വാക്കുകള്‍ കേട്ടു കനാനിൽ പ്രവേശിക്കുന്നതില്‍നിന്നു പിന്തിരിഞ്ഞു. താൻ വാഗ്ദത്തം ചെയ്തതും നൽകാൻ ഉദ്ദേശിച്ചതുമായ ദേശത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ആ തലമുറയെ ദൈവം തള്ളികളഞ്ഞു. അതുകൊണ്ട് അവിശ്വാസം നിമിത്തം അവർക്ക് ദൈവത്തിന്‍റെ സ്വസ്ഥതയില്‍ പ്രവേശിക്കുവാൻ കഴിഞ്ഞില്ല.
തങ്ങളുടെ പ്രവൃത്തികളില്‍ നിന്ന് വിടുതല്‍ പ്രാപിച്ച്, ഒരു ദിവസത്തേക്ക് പൂര്‍ണ്ണമായും ദൈവത്തിന്‍റെ പരിപാലനവും, ഭുജബലവും അനുഭവിച്ചറിയുവാനും, ഒപ്പം മറ്റുള്ളവരെ സന്തോഷിപ്പിക്കയും, സഹായിക്കുകയും ചെയ്യേണം എന്ന ഉദ്ദേശത്തിലായിരുന്നു ദൈവം യിസ്രായേല്‍ മക്കളോട് ശബത്താചരിക്കുവാന്‍ കല്‍പിച്ചത്.

യെശ 58.13 നീ എന്‍റെ വിശുദ്ധദിവസത്തിൽ നിന്‍റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്‍റെ കാൽ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്‍റെ വേലെക്കു പോകയോ നിന്‍റെ കാര്യാദികളെ നോക്കുകയോ വ്യർ‍ത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;
14 ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറ്റി ഓടുമാറാക്കുകയും നിന്‍റെ പിതാവായ യാക്കോബിന്‍റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കയും ചെയ്യും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

ദൈവം നമ്മെ തന്‍റെ വിശ്രമത്തിലേക്കും സന്തോഷത്തിലേക്കും വിളിച്ചിരിക്കുന്നു. ഈ പാത ഇടുങ്ങിയതാണെങ്കിലും അത് നേരെയുള്ളതാണ്. നാം നമ്മുടെ മനസ്സ് അവനിൽ സുസ്ഥിരമായി ഉറപ്പിച്ചാൽ മാത്രം മതി. വെല്ലുവിളികളും പ്രതിബന്ധങ്ങളും നേരിടുമ്പോൾ, ലോകത്തിന്‍റെ ഉപദേശം തേടാനും ഭൂരിപക്ഷത്തിന്‍റെ അഭിപ്രായത്തിൽ പോകാനുമാണ് നമുക്കുള്ള പ്രലോഭനം. എന്നാൽ നാം അവനുവേണ്ടി കാത്തിരിക്കുമ്പോൾ അവന്‍റെ വാഗ്ദത്തങ്ങൾ ശാന്തമായും, അചഞ്ചലമായും മുറുകെ പിടിച്ച് വിശ്വാസത്തോടെ അവങ്കലേക്ക് തിരിയുന്നത് കാണുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

എബ്ര 6.12 അങ്ങനെ നിങ്ങൾ മന്ദതയുള്ളവരാകാതെ വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ അവകാശമാക്കുന്നവരുടെ അനുകാരികളായിത്തീരും.
അതുകൊണ്ട് നിങ്ങളുടെ കഴിവും സാഹചര്യവും നോക്കി തീരുമാനങ്ങൾ എടുക്കുകയല്ല വിശ്രമം. ദൈവം പറഞ്ഞതിൽ ആദ്യം വിശ്വാസത്തോടെ നോക്കുകയും അവന്‍റെ വാഗ്ദത്തം നിറവേറ്റാൻ അവനിൽ വിശ്വസിക്കുകയും ചെയ്യുക എന്നതാണ് യഥാര്‍ത്ഥ വിശ്രമം. അതിന്ന് ആദ്യമായി നമ്മുടെ ജഡത്തില്‍ നിന്ന് നാം വിടുവിക്കപ്പെടേണ്ടതുണ്ട്.

എബ്ര 10.36 ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.

വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ അനേക വര്‍ഷങ്ങള്‍ കടന്ന് പോയപ്പോഴും, സാറയില്‍ നിന്നൊരു സന്തതിയെ വാഗ്ദത്തം ചെയ്തവന്‍ അത് നിശ്ചയമായും നിവൃത്തിക്കും എന്ന് കാണുവാന്‍ വിശ്വാസവും, സഹിഷ്ണതയും അബ്രഹാമിന് ആവശ്യമായിരുന്നു. എന്നാല്‍ അല്‍പകാലം കഴിഞ്ഞപ്പോള്‍ ഇരുവരും അക്ഷമരാവുകയും ഹാഗാറിലൂടെ തങ്ങൾക്ക് ഒരു മകനെ ലഭിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇത് തങ്ങള്‍ക്ക് വളരെയധികം വൈഷമ്യത്തിനും, മനോവ്യസനത്തിനും കാരണമായി.

നാം സ്വയം തിരഞ്ഞെടുക്കുന്നതിനുപകരം, ദൈവത്തിന്‍റെ വാഗ്ദത്തങ്ങളില്‍ വിശ്വസിക്കുവാനും അവന്‍റെ സമയത്തിനായി കാത്തിരിക്കാനും അവനില്‍ വിശ്രമിക്കാനും നമുക്ക് സാധിക്കേണ്ടതാണ്. സ്വസ്ഥമായിരിക്കുക എന്നതിനർത്ഥം നിസ്സഹായരായും, നിഷ്ക്രിയരായും ഇരിക്കുക എന്നല്ല, മറിച്ച് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്നത് ചെയ്യാനുള്ള എന്‍റെ ജഡശക്തിയെക്കാൾ അവന്‍റെ ഇഷ്ടം ചെയ്യാനുള്ള ആത്മാവിന്‍റെ ശക്തിയിൽ വിശ്വസിക്കുക എന്നതാണ്.

ദൈവത്തിന്‍റെ നുകത്തിനു പുറത്ത് വിശ്രമമില്ല. ദൈവത്തിങ്കലേക്കു വരുന്നവൻ അവൻ ഉണ്ടെന്ന് മാത്രമല്ല, തന്നെ അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം.
അവന്‍റെ ജ്ഞാനത്തിലും, സർവശക്തിയിലും, സ്നേഹത്തിലും വിശ്വസിച്ച് അവന്‍റെ നുകത്തിന്‍ കീഴിലായിരിക്കുക എന്നതാണ് ദൈവസന്നിധിയില്‍ വരിക എന്നതിനര്‍ഥം . അങ്ങനെ ചെയ്യുന്നതിലൂടെ, അവരുടെ ആത്മാക്കള്‍ക്ക് ബലവും, ആശ്വാസവും ലഭിക്കുന്നത് കൂടാതെ, അവരുടെ ജീവിതകാലം മുഴുവൻ തങ്ങളുടെ ഭാരങ്ങളില്‍ നിന്ന് വിടുതല്‍ പ്രാപിക്കുന്നു. വിശ്വാസത്തിന്‍റെ പരമമായ പ്രകടനമാണ് സ്വസ്ഥത.

യേശു പറഞ്ഞു മത്തായി 11.28 അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്‍റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.
29 ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്‍റെ നുകം ഏറ്റുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടത്തും.
30 എന്‍റെ നുകം മൃദുവും എന്‍റെ ചുമടു ലഘുവും ആകുന്നു.”

Post a comment