LWGB Malayalam Podcast
LWGB Malayalam Podcast
Feb-05-05M-രണ്ട് വഴിപാടുകള്
Loading
/

05M_രണ്ട് വഴിപാടുകള്

ഉല്‍പത്തി 4.3 കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു.
4 ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു.
5 കയീനിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്‍റെ മുഖം വാടി.
6 എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്‍റെ മുഖം വാടുന്നതും എന്ത്?
7 നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു.
8 എന്നാറെ കയീൻ തന്‍റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു.

ഉല്‍പത്തി 4.16 അങ്ങനെ കയീൻ യഹോവയുടെ സന്നിധിയിൽനിന്നു പുറപ്പെട്ട് ഏദെനു കിഴക്കു നോദ്‍ദേശത്തു ചെന്നു പാർത്തു.

1 യോഹ 3.12 കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്‍റെ പ്രവൃത്തി ദോഷവും സഹോദരന്‍റേതു നീതിയുമുള്ളതാകകൊണ്ടത്രേ.

യൂദാ 11 അവർക്കു അയ്യോ കഷ്ടം! അവർ കയീന്‍റെ വഴിയിൽ നടക്കയും കൂലി കൊതിച്ചു ബിലെയാമിന്‍റെ വഞ്ചനയിൽ തങ്ങളേത്തന്നേ ഏല്പിക്കയും കോരഹിന്‍റെ മത്സരത്തിൽ നശിച്ചുപോകയും ചെയ്യുന്നു.

ഒരു ദൈവമനുഷ്യന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട് ….ചരിത്രത്തിലെ ആദ്യത്തെ കൊലപാതകത്തിന്‍റെയും, ഏറ്റവും നീചമായ കൊലപാതകത്തിന്‍റെയും പിന്നിലെ കാരണങ്ങള്‍ ഒന്നു തന്നെയായിരുന്നു . അസൂയയും, സ്വയം നീതിയും

​കയീനിന്‍റെയും ഹാബെലിന്‍റെയും ജീവിതകഥ അനിവാര്യമായും ഉയർത്തുന്ന ഒരു ചോദ്യമുണ്ട് : എന്തുകൊണ്ടാണ് ദൈവം കയീന്‍റെ വഴിപാട് നിരസിക്കുകയും ഹാബെലിന്‍റെ വഴിപാട് സ്വീകരിക്കുകയും ചെയ്തത്? ഇതിന്നുള്ള ഉത്തരം നമുക്ക് ചുരുക്കമായിട്ട് നോക്കാം.

തന്നെ അന്വേഷിക്കുന്നവർക്ക് ദൈവം പ്രതിഫലം നൽകുമെന്ന് വിശ്വസിച്ചതിനാലാണ് ഹാബെൽ വഴിപാട് കൊണ്ടുവന്നത് (എബ്രാ. 11:4). 4 വിശ്വാസത്താൽ ഹാബേൽ ദൈവത്തിന്നു കയീന്റേതിലും ഉത്തമമായ യാഗം കഴിച്ചു; അതിനാൽ അവന്നു നീതിമാൻ എന്ന സാക്ഷ്യം ലഭിച്ചു; ദൈവം അവന്റെ വഴിപാടിന്നു സാക്ഷ്യം കല്പിച്ചു. മരിച്ചശേഷവും അവൻ വിശ്വാസത്താൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ അവന്‍റെ വിശ്വാസം നിമിത്തം അവൻ അംഗീകരിക്കപ്പെട്ടു.

അവന്‍ ദൈവത്തെ പ്രസാദിപ്പിച്ചില്ല എന്ന വസ്‌തുതയില്‍ നിന്ന് അവന്ന് വിശ്വാസം ഇല്ലായിരിന്നു എന്ന് മനസ്സിലാക്കാം. കയീനിലും അവന്‍റെ വഴിപാടിലും യഹോവ പ്രസാദിച്ചില്ല എന്നാണ് നാം വായിക്കുന്നത് . വിശ്വാസമില്ലാതെ ആർക്കും ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴികയില്ല. ദൈവം ഉണ്ടെന്ന് കയീൻ വിശ്വസിച്ചു, എന്നാൽ അവനെക്കുറിച്ചുള്ള ദൈവത്തിന്‍റെ ചിന്തകൾക്ക് അവൻ കീഴ്പ്പെട്ടിരുന്നില്ല. അനുസരണത്തിലേക്ക് നയിക്കാത്ത വിശ്വാസം ദൈവവചനപ്രകാരമുള്ള വിശ്വാസമല്ല. ദൈവം ഏകനാണെന്ന് പിശാചുക്കൾ പോലും വിശ്വസിക്കുന്നു, പക്ഷേ അവർ അവനെതിരെ മത്സരിക്കുന്നു.

ദൈവം തന്നെയും, തന്‍റെ വഴിപാടിനെയും നിരസിച്ചതിന്‍റെ കാരണം സ്വന്തം തെറ്റാണെന്ന് സമ്മതിക്കുവാൻ കയീൻ വിസമ്മതിച്ചു. ദൈവഹിതപ്രകാരം ജീവിച്ച തന്‍റെ അനുജന്‍ ഹാബെൽ തന്നോട് തെറ്റ് ചെയ്തതുപോലെയാണ് അവൻ ഹാബെലിനോട് ദേഷ്യപ്പെട്ടത്. ദൈവത്തോടൊപ്പമുള്ള തന്‍റെ സഹോദരന്‍റെ ശരിയായ നടപ്പില്‍ അയാൾക്ക് അസൂയ തോന്നി, എന്നാൽ ദൈവത്തിന് താഴ്മയോടെ കീഴ്പ്പെടുന്ന ഒരു അവസ്ഥയിലേക്ക് പ്രവേശിക്കാൻ അവന്‍ തയ്യാറായിരുന്നില്ല. അതായത്, നല്ല കാര്യങ്ങൾ ചെയ്യാൻ ദൈവം അവനെ പ്രോത്സാഹിപ്പിച്ചപ്പോഴും അവൻ അത് ചെയ്യാൻ വിസമ്മതിക്കുകയും ദൈവത്തോടുള്ള കൂട്ടായ്മ നിരസിക്കുകയും ചെയ്തു. അതുകൊണ്ട് അവൻ ദൈവത്തോടും തന്‍റെ സഹോദരനോടും ശരിയായ ബന്ധത്തില്‍ ജീവിക്കുവാന്‍ സാധിച്ചില്ല. നാം അത്തരമൊരു അവസ്ഥയിൽ ജീവിക്കുമ്പോൾ, നമ്മുടെ ആരാധന വെറുമൊരു പ്രഹസനം മാത്രമാകുന്നു. യേശു തന്‍റെ ഗിരി പ്രഭാഷണത്തില്‍ ഇങ്ങനെ പറഞ്ഞു മത്തായി 6:23 പറഞ്ഞു, “23 ആകയാൽ നിന്‍റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്‍റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ 24 നിന്‍റെ വഴിപാടു അവിടെ യാഗപീഠത്തിന്‍റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്‍റെ വഴിപാടു കഴിക്ക.

ദൈവത്തിന്‍റെ മുന്നറിയിപ്പ് സ്വീകരിക്കാൻ കയീൻ വിസമ്മതിച്ചു. ദൈവം വളരെ കൃപയുള്ളവനാണ്, നാശത്തിന് മുമ്പ് എപ്പോഴും അവന്‍ മുന്നറിയിപ്പുകള്‍ നൽകുന്നു. നോഹയുടെ വെള്ളപ്പൊക്കം, സോദോമും ഗൊമോറയും, അശ്ശൂര്‍, ബാബിലോണ്‍ പ്രവാസം മുതലായ സംഭവങ്ങള്‍ ഈ സത്യം നമ്മോട് വിളിച്ചറിയിക്കുന്നു. പാപം വാതിൽക്കൽ കിടക്കുന്നുണ്ടെന്ന് ദൈവം ചൂണ്ടിക്കാണിച്ചപ്പോൾ, അത് അവനെ ആദ്യം കീഴടക്കാതിരിക്കാൻ അതിനെ ഉടന്‍ കീഴടക്കാനുള്ള മുന്നറിയിപ്പ് ദൈവം നൽകിയപ്പോൾ, ആ മുന്നറിയിപ്പ് കയ്യീന്‍ അവഗണിച്ചു എന്ന് മാത്രമല്ല പാപം കൂടുതൽ വളരുവാന്‍ അനുവദിക്കുകയും ചെയ്തു. സദൃ 29:1 കൂടെക്കൂടെ ശാസന കേട്ടിട്ടും ശാഠ്യം കാണിക്കുന്നവൻ നീക്കുപോക്കില്ലാതെ പെട്ടെന്നു നശിച്ചുപോകും.

ദൈവത്തിന്‍റെ വഴി പിന്തുടരാൻ യോഗ്യമായതാണെന്ന് കരുതാത്തതിനാൽ കയീൻ ദൈവത്തെ ആഗ്രഹിച്ചില്ല. അവൻ സ്വന്തം വഴി ആഗ്രഹിച്ചു. അവൻ ദൈവത്താൽ അംഗീകരിക്കപ്പെടാനും, അനുഗ്രഹിക്കപ്പെടുവാനും ആഗ്രഹിച്ചു, പക്ഷേ ദൈവത്തിന്‍റെ ശിക്ഷണത്തിനും, കര്‍തൃത്വത്തിനും കീഴ് പ്പെടുവാന്‍ തനിക്ക് മനസ്സില്ലായിരുന്നു. ഇതാണ് കയീന്‍റെ വഴി. ഞാൻ ഒരു വിശ്വാസി ആണെങ്കിൽ, ദൈവം എനിക്ക് പണം, വിജയം, നല്ല ജോലി, ഞാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളുള്ള ജീവിതപങ്കാളി, സംതൃപ്തമായ ദാമ്പത്യ ജീവിതം, നല്ല ആരോഗ്യം, ദീർഘായുസ്സ്, രോഗത്തിൽ നിന്നുള്ള സൗഖ്യം, കടത്തിൽ നിന്നുള്ള മോചനം, നന്നായി പഠിക്കുകയും നല്ല സ്വഭാവമുള്ള കുട്ടികൾ എന്നിവ നൽകും എന്ന് വിശ്വസിക്കുന്നു. ഞാൻ ദൈവത്തെ ആരാധക്കുന്ന വ്യക്തി ആയതിനാൽ കഷ്ടതകളെക്കുറിച്ചൊന്നും ഞാൻ വിഷമിക്കേണ്ടതില്ല. നമ്മുടെ പ്രാർത്ഥനാ ആവശ്യങ്ങളിൽ ഭൂരിഭാഗവും നമ്മുടെ ജോലി, ആരോഗ്യം അല്ലെങ്കിൽ സാമ്പത്തിക സ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടതാണ്. വളരെക്കുറച്ച് പേര്‍ മാത്രമാണ് ക്രിസ്തുവിനെപ്പോലെ കൂടുതൽ രൂപപ്പെടുവാൻ വേണ്ടി ആഗ്രഹിക്കയും പ്രാർത്ഥനക്കായി ചോദിക്കയും ചെയ്യുന്നത്. അതിന്ന് കാരണം ആ പ്രക്രിയയിൽ വേദനയും കഷ്ടവും ഉൾപ്പെടുന്നു. എബ്രായർ 5:8 ക്രിസ്തുവിനെക്കുറിച്ച് പറയുന്നു, “8 പുത്രൻ എങ്കിലും താൻ അനുഭവിച്ച കഷ്ടങ്ങളാൽ അനുസരണം പഠിച്ചു തികഞ്ഞവനായി 9 തന്നെ അനുസരിക്കുന്ന ഏവർക്കും നിത്യരക്ഷയുടെ കാരണഭൂതനായിത്തീർന്നു.

ദൈവത്തെ പ്രസാദിപ്പിച്ചുകൊണ്ട് ഹാബെൽ മരിച്ചു. അവൻ തന്‍റെ വിശ്വാസത്തിന് തന്‍റെ ജീവന്‍ വിലയായി നൽകേണ്ടിവന്നു. ദീർഘമായതോ സുഖപ്രദമായതോ ആയ ഭൗമികജീവിതം അദ്ദേഹത്തിനുണ്ടായിരുന്നില്ല. എങ്കിലും ദൈവത്തെ പ്രസാദിപ്പിച്ചതിന്‍റെ സാക്ഷ്യം നേടിയ ഒരാളെന്ന നിലയിൽ അവൻ തിരുവെഴുത്തിന്‍റെ താളുകളില്‍ ആദരിക്കപ്പെടുന്നു.

ലോകപ്രകാരം നോക്കിയാല്‍ വലിയ കുടുബവും, തന്‍റെ പേരിലുള്ള ഒരു നഗരവും ഒക്കെ ഉള്ള വനായിരുന്നു കയ്യീന്‍. എന്നാൽ ദൈവം അവനെ തിന്മയായി തള്ളിക്കളഞ്ഞു, കാരണം അവൻ കരുണ യാചിക്കുകയും അനുതപിക്കുകയും നന്മ ചെയ്യുകയും ചെയ്യുന്നതിനേക്കാൾ കർത്താവിന്‍റെ സന്നിധിയിൽ നിന്ന് പുറപ്പെട്ടു പോവുകയാണ് ചെയ്തത്. അഹങ്കാരികളെ ദൈവം എതിർക്കുന്നു. നമ്മുടെ കോപം, അസൂയ, ദ്രോഹം എന്നിവയിൽ നിന്ന് പിന്തിരിഞ്ഞ്, നമ്മുടെ ലൗകികതയും ജഡീകതയും ഏറ്റുപറയുന്നുവെങ്കിൽ, അവൻ നമ്മുടെ പാപങ്ങളെ ക്ഷമിക്കുകയും എല്ലാ അനീതികളിൽനിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യുവാന്‍ തക്കവണ്ണം അവന്‍ വിശ്വസ്തനും നീതിമാനുമായ ദൈവം ആകുന്നു. എളിമയുള്ളവര്‍. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ വിധി അംഗീകരിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും തങ്ങളുടെ പാപങ്ങളെ എറ്റപറഞ്ഞുപേക്ഷിക്കയും, ശരിയായ മാര്‍ഗ്ഗത്തില്‍ ജീവിക്കയും ചെയ്യുന്നു.

ഈ കഥ രണ്ട് ആരാധകരെ നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. ദൈവത്തിങ്കലേക്ക് തന്‍റെ നിബന്ധനകൾക്കും, താല്‍പര്യങ്ങള്‍ക്കും വിധേയമായി വരുന്ന ഒരാൾ, തന്‍റെ ഹൃദയത്തിൽ നിന്ന് താഴ്മയുള്ള ബഹുമാനത്തോടും അനുസരണത്തോടും കൂടി ദൈവത്തെ ആരാധിക്കാൻ വിശ്വാസത്തോടെ വരുന്നവൻ. മറ്റെയാള്‍ സ്വന്തം ഇഷ്ടപ്രകാരം ദൈവത്തെ അന്വഷിക്കുന്നവന്‍.

വിശ്വാസത്തിൽ വരുന്നവനെ എല്ലാ കാലങ്ങളിലും ദൈവം സ്വീകരിക്കുന്നു. ഇന്ന് നാം സുവിശേഷം പ്രസംഗിക്കുമ്പോൾ ഈ വിഭജനം കാണുന്നു. “ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു, എന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കൽ വരുന്നില്ല” എന്ന് യേശു പറഞ്ഞു. യേശുക്രിസ്തുവിലൂടെ ദൈവത്തെ കണ്ടാൽ മാത്രമേ ഒരു വ്യക്തിക്ക് അവനെ യഥാർത്ഥത്തിൽ സ്നേഹിക്കാനും അവനു കീഴ്പ്പെടാനും കഴിയൂ, അതാണ് സത്യാരാധനയുടെ അടിസ്ഥാനം.

“നിന്‍റെ ഇഷ്ടം തന്നെ ആകേണമേ.” എന്ന് കര്‍ത്താവിനോട് പറയുവാൻ നാം തയ്യാറാണോ? ഇതാണ് നമ്മുടെ ജീവിതത്തിൽ നാം എടുക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട തീരുമാനം. അത് ഒന്നുകിൽ ജീവിനിലേക്കോ മരണത്തിലേക്കോ നമ്മെ നയിച്ചേക്കാം. എന്‍റെ സ്വന്തം ഇഷ്ടാനുസാരമാണ് ഞാന്‍ ജീവിക്കുന്നതെങ്ങില്‍ ഞാന്‍ ചെയ്യുന്ന പ്രവൃത്തികളെല്ലാം നിര്‍ജ്ജീവ പ്രവൃത്തികളായിരിക്കും. ആദ്യമായി അതില്‍ നിന്നൊരു മാനസാന്തരം നമുക്കാവശ്യമാണ്. ദൈവം നമ്മെ സഹായിക്കട്ടെ.